UPDATES

ട്രെന്‍ഡിങ്ങ്

മഹാരാജാസിലെ കെഎസ്‌യുക്കാര്‍ ചോദിക്കുന്നു; ആ ചുവരിന് വേണ്ടിയായിരുന്നോ നിങ്ങളവനെ കൊന്നത്?

എസ്എഫ്ഐ ബുക്ക് ചെയ്ത ചുവരില്‍ എഴുതുന്നതിന്റെ അവകാശം പറഞ്ഞാണല്ലോ നിങ്ങള്‍ ഈ നീചപ്രവൃത്തി ചെയ്തത്. വര്‍ഷങ്ങളായി ഞങ്ങള്‍, കെഎസ്‌യു ചുവരെഴുത്തിനായി ഉപയോഗിച്ചിരുന്ന ഇടമായിരുന്നു ഇത്.

മഹാരാജാസ് കോളേജില്‍ നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി ചുരവരെഴുത്തു തയറാക്കുന്നതുമായ ബന്ധപ്പെട്ടാണ് ഞങ്ങളുടെ പ്രിയ കൂട്ടുകാരന്റെ ജീവന്‍ നിങ്ങളെടുത്തെങ്കില്‍, അതിന് ഇനി ന്യായീകരണം പറയാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ല”, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരോട് മഹാരാജാസിലെ കെഎസ്‌യു പ്രവര്‍ത്തകര്‍ പറയുന്നു.

“കേവലം ഒരു ചുവരെഴുത്തിന് വേണ്ടിയാണ് നിങ്ങള്‍ അത് ചെയ്തതെങ്കില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി കോളേജിലുണ്ടായിരുന്ന സമാധാന അന്തരീക്ഷത്തെയുമാണ് നിങ്ങള്‍ തല്ലിക്കെടുത്തിയത്”, മഹാരാജാസ് കോളേജ് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് തേജസ് എല്‍.എസ് അഴിമുഖത്തോട് പറഞ്ഞു.

“എസ്എഫ്ഐ ബുക്ക് ചെയ്ത ചുവരില്‍ എഴുതുന്നതിന്റെ അവകാശം പറഞ്ഞാണല്ലോ നിങ്ങള്‍ ഈ നീചപ്രവൃത്തി ചെയ്തത്. എന്നാല്‍ ഞങ്ങള്‍ പറയട്ടെ, വര്‍ഷങ്ങളായി ഞങ്ങള്‍ കെഎസ്‌യു ചുവരെഴുത്തിനായി ഉപയോഗിച്ചിരുന്ന ഇടമായിരുന്നു ഇത്. അല്‍പം വൈകിയതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഈ ചുവരുകള്‍ ലഭിക്കാതെ പോയത്. അവിടെ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്തു. എന്തേ നിങ്ങള്‍ക്ക് അതിന് സാധിച്ചില്ല?”, മഹാരാജാസിലെ കെഎസ്‌യു പ്രവര്‍ത്തകരുടെ ക്യാമ്പസ് ഫ്രണ്ടിനോടുള്ള ചോദ്യമാണിത്.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധമറിയിച്ചുള്ള കെഎസ്‌യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. മഹാരാജാസിലെ കെഎസ്‌യുവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ചിത്രം ഒരു എസ്എഫ്‌ഐക്കാരനായ അഭിമന്യുവിന് വേണ്ടി മാറ്റിവെച്ചെങ്കില്‍ കുറച്ചുകാലമായി ക്യാമ്പസില്‍ പ്രശ്‌നങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കെയായിരുന്നു എന്ന് മനസിലാക്കണം.

കഴിഞ്ഞ മാസം 27,28 തീയതികളില്‍ ക്യാമ്പസില്‍ കെഎസ്‌യു സംഘടിപ്പിച്ച ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യാനെത്തിയതും ഒരു എസ്എഫ്‌ഐക്കാരനായിരുന്നു; അത് അഭിമന്യുവായിരുന്നു. മത്സരത്തില്‍ അഭിമന്യുവിനെ കൂടാതെ കോളജിലെ മറ്റ് എസ്എഫ്‌ഐ പ്രവര്‍ത്തകരും പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നു. അത്രമാത്രം സൗഹൃദവും സന്തോഷത്തോടെയുമാണ് മഹാരാജാസിലെ വിദ്യാര്‍ഥി സംഘടനകള്‍ മുന്നോട്ട് പോയി കൊണ്ടിരുന്നതെന്ന് ക്യാമ്പസിലെ കെഎസ്‌യു വൈസ് പ്രസിഡന്റ് തംജിദ് പറയുന്നു.

അഭിമന്യുവിന്റെ മരണശേഷം കെഎസ്‌യുവിന്റെ ഫേസ്ബുക്കില്‍ പേജില്‍ തംജിദ് ഇങ്ങനെ എഴുതി: “ഒന്നര വര്‍ഷക്കാലമായി ഒരു ചെറിയ അടിപിടി പോലും കോളജില്‍ ഉണ്ടാകാതിരുന്നതിന് കാരണം അഭിമന്യുവിനെ പോലെയുള്ളവരായിരുന്നു. വര്‍ഗീയ വിഷവിത്തുകളുമായി വരുന്ന പ്രസ്ഥാനങ്ങളെ നമുക്ക് കീറി മുറിക്കാം. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും രാഷ്ട്രീയം മുന്നോട്ട് വയ്ക്കാം. പരസ്പരം തോളില്‍ കൈയിട്ടു തന്നെ നമുക്ക് നമ്മുടെ രാഷ്ട്രീയം പറയാം. ഈ ക്യാമ്പസ് ഉറങ്ങിക്കിടക്കാന്‍ പാടില്ല. അഭിമന്യുവിന് വേണ്ടി, അവന്റെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി നമുക്ക് മാറ്റാം മഹാരാജാസിനെ”.

അഭിമന്യുവിനെ തങ്ങളുടെ ഫേസ്ബുക്ക് പേജിന്റെ മുഖചിത്രമാക്കി മാറ്റിയതിലും കെഎസ്‌യുവിന്റെ പഠിപ്പ് മുടക്ക് മഹാരാജാസിലെ അഭിമന്യു അനുസ്മരണത്തെ  ബാധിക്കാതിരുന്നതിന്റെയും കാരണങ്ങള്‍ കെഎസ്‌യു പ്രവര്‍ത്തകള്‍ പറയുന്നത് ഇങ്ങനെയാണ്. “എസ്എഫ്‌ഐക്കാരനാണെങ്കിലും ക്യാമ്പസില്‍ എത്തിയാല്‍ അഭിമന്യു വിദ്യാര്‍ഥി സൗഹൃദങ്ങള്‍ക്ക് വില കൊടുക്കുന്ന വ്യക്തിയായിരുന്നു. എന്‍എസ്എസ് വോളന്റിയര്‍ സെക്രട്ടറിയായും ഹോസ്റ്റല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച അഭിമന്യു ബഹുഭൂരിപക്ഷം വരുന്ന വിദ്യാര്‍ഥികള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. കോളജിലെ എല്ലാ നല്ലകാര്യങ്ങള്‍ക്കും മുന്‍നിരയില്‍ അവനുണ്ടായിരുന്നു. ഫുട്ബോള്‍ നന്നായി അറിയില്ലെങ്കിലും ഒരു ആരാധകനെന്ന നിലയിലാണ് കെഎസ്‌യു സംഘടിപ്പിച്ച ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരത്തില്‍ അവന്‍ പങ്കെടുത്തത്. രണ്ടാം സ്ഥാനം അവന്റെ ടീം നേടി. എല്ലാത്തിലും പങ്കെടുക്കുക സാന്നിധ്യം അറിയിക്കുക, അതായിരുന്നു അവന്റെ മനോഭാവം. കലോത്സവ വേദികളിലും നിറസാന്നിധ്യമായിരുന്നു അവന്‍. കോളജ് കോല്‍ക്കളി ടീമില്‍ പകരക്കാരന്റെ വേഷമായിരുന്നു അവന്. ടീമിന് വേണ്ട സഹായങ്ങള്‍ ചെയ്ത് തരുന്നതിനും റിഹേഴ്‌സലിനിടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് തിരുത്തുന്നതിനും അവനുണ്ടായിരുന്നു. കോളജിന്റെ ഹോസ്റ്റല്‍ സെക്രട്ടറിയായ ശേഷം ഹോസ്റ്റല്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന കാര്യങ്ങള്‍ കോളേജ് പ്രിന്‍സിപ്പലിനോട് ആവശ്യപ്പെടുമായിരുന്നു. ഹോസ്റ്റലില്‍ ഒരു ടിവി ഉണ്ടായിരുന്നെങ്കിലും ലോകകപ്പ് മത്സരം കാണാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ഈ വര്‍ഷം ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ ലോകകപ്പ് മത്സരം കണ്ടത് അഭിമന്യുവിന്റെ കഴിവുകൊണ്ടാണ്. ഇങ്ങനെ താന്‍ ആയിരിക്കുന്ന സ്ഥാനങ്ങളില്‍ രാഷ്ട്രീയവും മതവും ഒന്നും നോക്കാതെ പ്രവര്‍ത്തിച്ച അഭിമന്യുവിനെ പോലെയുള്ള എസ്എഫ്‌ഐക്കാരന്റെ വിയോഗത്തില്‍ ഏറെ ദു:ഖമുണ്ട്”,  കെഎസ്‌യു പ്രവര്‍ത്തകര്‍ പറയുന്നു.

Also Read: രാജീവ് രവി/അഭിമുഖം: മലയാളി സമൂഹത്തോട് അവനൊരു വിശ്വാസമുണ്ടായിരുന്നു; അതാണ് നഷ്ടപ്പെട്ടിരിക്കുന്നത്

മഹാരാജാസില്‍ എസ്എഫ്ഐയെപ്പോലെ ശക്തരായ സംഘടനയാണ് കെഎസ്‌യുവും.

എല്ലാ ക്യാമ്പസുകളിലേയും പോലെ മഹാരാജാസിലും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ വോട്ടിന്മേല്‍ വിജയിച്ച് വരുന്ന ഒരു സംഘടനയാണ് എസ്എഫ്ഐ. 2010 ലും 2011-ലുമാണ് സമീപകാലത്ത് കാമ്പസില്‍ കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാര്‍ഥി വിജയിച്ചിട്ടുള്ളത്. എസ്എഫ്ഐക്കൊപ്പം മഹാരാജാസില്‍ സംഘടനാശക്തി കെഎസ്‌യുവിനും ഉണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

കോളേജ് ഇലക്ഷന്‍ സമയങ്ങളില്‍ മാത്രം കാണുന്ന ഒരു സംഘടനയായിരുന്നു ക്യാമ്പസ് ഫ്രണ്ട്. കോളജിലെ അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദായിരുന്നു ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും ക്യാമ്പസ് ഫ്രണ്ട് എന്ന സംഘടന ഇടപെട്ടിട്ടില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഹാദിയ വിഷയത്തില്‍ കാമ്പസില്‍ ചുരുക്കം ചില വിദ്യാര്‍ഥിനികളെ സംഘടിപ്പിച്ച് പ്രതിഷേധം അറിയിച്ചതല്ലാതെ ക്യാമ്പസ് ഫ്രണ്ട് എന്ന സംഘടനയെ പറ്റി അറിയില്ലെന്നും ചില വിദ്യാര്‍ഥികള്‍ പറയുന്നു. പുതിയ വിദ്യാര്‍ഥികളെ സംഘടനയിലേക്ക് അടുപ്പിക്കുന്നതിനും മറ്റ് സംഘടനകളില്‍ ചേരുന്നവരെ ഭയപ്പെടുത്താനും വേണ്ടിയായിരുന്നു അക്രമമെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

Read More: അന്യമതക്കാരന്റെ പിരടിനോക്കി വെട്ടാന്‍ പഠിപ്പിക്കുന്ന പിടി ക്ലാസ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ക്യാംപസ് ഫ്രണ്ട് മുന്‍ ജില്ലാ കമ്മറ്റി അംഗം

Also Read: ചില ക്യാമ്പസ് ഓര്‍മ്മകള്‍ അഥവാ എസ്എഫ്ഐ ഫാസിസം

Also Read: നിങ്ങൾ പേടിക്കണം; പറയാനുള്ളത് മുസ്ലിം ലീഗിനോടാണ്

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍