പോലീസും വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപണം
തൃശ്ശൂരിലെ കെ.എസ്.യു ജില്ലാ നേതൃത്വത്തിനെതിരെ ജാതിയധിക്ഷേപം ആരോപിച്ച് ജില്ലാ സെക്രട്ടറി. ജില്ലാ പ്രസിഡന്റും മറ്റു ചിലരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ജാതിപ്പേരു വിളിച്ച് ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് കെ.എസ്.യു തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി നിതീഷ് എം.ടിയുടെ പരാതി. വര്‍ഷങ്ങളായി തുടരുന്ന ഈ വിവേചനത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ പതിമൂന്നാം തീയതി ജില്ലാ കമ്മറ്റി യോഗത്തിനു ശേഷമുണ്ടായതെന്നും, പരാതി നല്‍കിയ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും സസ്പെന്റു ചെയ്യുകയാണുണ്ടായതെന്നും നിതീഷ് ആരോപിച്ചു. പനമ്പള്ളി കോളേജില്‍ എം എ പൊളിറ്റിക്കല്‍ സയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നിതീഷ്.
ഒരു ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയിലാണ് നിതീഷിന്റെ സസ്പെന്‍ഷനു വഴി വച്ച സംഭവമുണ്ടായത്. തൃശ്ശൂര്‍ ജില്ലയിലെ കെ.എസ്.യു പ്രവര്‍ത്തകരിലൊരാളുടെ പോസ്റ്റിന് മറുപടിയായി താന്‍ സ്മൈലി അയച്ചു എന്നതാണ് പ്രശ്നങ്ങളുടെ ആരംഭമെന്ന് നിതീഷ് പറയുന്നു. ഇതിനു മറുപടിയെന്നോണം പോസ്റ്റിട്ട വിഷ്ണു ചന്ദ്രന്‍ തന്നോട് മോശപ്പെട്ട ഭാഷയില്‍ സംസാരിച്ചുവെന്നും, ജൂണ്‍ പതിമൂന്നിനു നടന്ന ജില്ലാ കമ്മറ്റി യോഗത്തിനു ശേഷം ഇക്കാര്യം പ്രസിഡന്റിന്റെ ശ്രദ്ധിയില്‍പ്പെടുത്തുന്നതിനിടെയാണ് തനിക്ക് മര്‍ദ്ദനവും അധിക്ഷേപവും നേരിട്ടതെന്നും നിതീഷിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് നിതീഷ് വിശദീകരിക്കുന്നതിങ്ങനെ:
“ഒരു ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടതാണ് ഇപ്പോഴുണ്ടായിരിക്കുന്ന പ്രശ്നം. എന്റെ കൈയില്‍ ഫോണില്ലാത്തതു കൊണ്ട് കോണ്‍ഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റാണ് എനിക്ക് ഇലക്ഷന്റെ സമയത്ത് ഒരു ഫോണ്‍ തരുന്നത്. എന്തോ കംപ്ലയിന്റുള്ള ഫോണായിരുന്നു അത്. വിളിച്ചാല്‍ കിട്ടും എന്നുള്ളതുകൊണ്ട് ഞാനത് ഉപയോഗിക്കുകയും ചെയ്തു. ആ സമയത്താണ് ഞാന്‍ പോലും അറിയാതെ വിഷ്ണു ചന്ദ്രന്‍ എന്ന കെ.എസ്.യു പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിനു കീഴില്‍ ചിരിക്കുന്ന സ്മൈലി ഈ ഫോണില്‍ നിന്നും വീണു പോകുന്നത്. അതാണ് വലിയ പ്രശ്നമായത്. തിരിച്ച് എനിക്ക് മെസേജായി വന്നത് ഒരു തെറിയാണ്. ‘ഹഹ എന്നു ചിരിക്കാന്‍ നിന്റെ അപ്പന്‍ ചത്തോ’ എന്നായിരുന്നു തെറി കൂട്ടി ചോദിച്ചത്. എന്താണ് കാര്യം എന്ന് എനിക്കപ്പോള്‍ മനസ്സിലായില്ല. പിന്നീട് എടുത്തു നോക്കിയപ്പോഴാണ് സ്മൈലി പോയിരിക്കുന്നത് കണ്ടത്. ഈ സംഭവത്തിനു ശേഷം ഒരു മാസത്തോളം കഴിഞ്ഞാണ് ഞാന്‍ പിന്നീട് ഇയാളെ നേരിട്ടു കാണുന്നത്. ഇതു ഞാന്‍ കാര്യമാക്കിയെടുത്തില്ല എന്നതാണ് സത്യം.
പക്ഷേ ഇതേ വിഷയത്തില്‍ എനിക്ക് പിന്നീട് ഭീഷണി ഫോണ്‍കോളും വന്നു. ഇതിനു ശേഷമാണ് ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കെ.എസ്.യുവിന്റെ ജില്ലാ കമ്മറ്റി ചേരുന്നത്. കമ്മറ്റി കഴിഞ്ഞ് ഇറങ്ങി വരുമ്പോള്‍ വിഷ്ണു ചന്ദ്രന്‍ അവിടെയിരിക്കുന്നുണ്ട്. കെ.എസ്.യു ജില്ലാ പ്രസിഡന്റെ മിഥുന്‍ മോഹനുമുണ്ട്. പ്രസിഡന്റിനോട് ഞാന്‍ ചെന്നു കാര്യം പറഞ്ഞു. കമ്മറ്റിയംഗത്തിന് ഒരു പ്രശ്നമുണ്ടായാല്‍ പ്രസിഡന്റിനോടാണല്ലോ പറയേണ്ടത്. ഇങ്ങനെ ഒരു സംഭവമുണ്ടായി, അതെന്നെ വല്ലാതെ വിഷമിപ്പിച്ചു എന്നു പ്രസിഡന്റിനോടു പറഞ്ഞപ്പോള്‍, ‘അങ്ങനെ തന്നെ പറയും, നീയെന്തു ചെയ്യും’ എന്നാണ് പ്രസിഡന്റ് തിരിച്ചു ചോദിച്ചത്. അപ്പോഴേക്കും വിഷ്ണു ചന്ദ്രനുമടക്കം ഒമ്പതോളം പേര്‍ ചേര്‍ന്ന് ഉന്തും തള്ളുമായി. അതിനിടെ പ്രസിഡന്റ് എന്റെ കവിളത്തടിക്കുകയും കൂടെയുള്ളവര്‍ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ സംഭവമല്ല. പട്ടികജാതി വകുപ്പിനു കീഴില്‍ വരുന്ന ചൂലൂര്‍ ഐ.ടി.ഐയില്‍ നിന്നും ഡെലിഗേറ്റായിട്ടുള്ളയാളാണ് ഞാന്‍. അവിടെ നിന്നും വരുന്നു എന്നതുകൊണ്ട് അക്കാലത്തു തന്നെ എനിക്ക് ഇത്തരം കളിയാക്കലുകളും അധിക്ഷേപങ്ങളും പല തവണ ഇവരില്‍നിന്നും നേരിടേണ്ടി വന്നിട്ടുണ്ട്.
കാലങ്ങളായുള്ള ഇവരുടെ ഒരു ശൈലിയാണ്, ജാതി പറഞ്ഞ് തളര്‍ത്തുക എന്നത്. ഇടക്കാലത്ത് എനിക്കുണ്ടയിരുന്ന ഒരു ജോലി നഷ്ടപ്പെട്ടതും ഇവര്‍ നടത്തിയ കുപ്രചരണം കാരണമാണ്. ഡിസിസി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ അടക്കമുള്ളവര്‍ ഇടപെട്ടാണ് പിന്നീട് ജോലി ശരിയാക്കിത്തന്നത്. അന്ന് സോഷ്യല്‍ മീഡിയയിലൊക്കെ വലിയ ക്യാംപയിനുണ്ടായിരുന്നു. ദളിതര്‍ക്ക് വൈറ്റ് കോളര്‍ ജോലികള്‍ ലഭിക്കുന്നത് സഹിക്കാത്തവരാണ് എന്നെ ജോലിയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നത് എന്ന അര്‍ത്ഥത്തില്‍.”
തൃശ്ശൂര്‍ വലപ്പാട് പഞ്ചായത്തിലെ തീരദേശമേഖലയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളി കുടുംബാംഗമാണ് നിതീഷ്.
ജാതിയധിക്ഷേപം നേരിട്ടതിനു ശേഷം താനനുഭവിച്ച എല്ലാ ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി തെളിവുകള്‍ സഹിതം നിതീഷ് സംസ്ഥാന കമ്മറ്റിക്ക് പരാതി കൊടുത്തിരുന്നു. എന്നാല്‍, നിതീഷ് പരാതി നല്‍കുന്നതിനു മുന്നേ, ജില്ലാ പ്രസിഡന്റ് മിഥുന്‍ അടക്കമുള്ളവര്‍ നിതീഷ് തങ്ങളെ കൈയേറ്റം ചെയ്തതെന്ന പരാതിയുമായി സംസ്ഥാന കമ്മറ്റിയെ സമീപിച്ചിരുന്നു. സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെയുള്ള തെളിവുകള്‍ ഹാജരാക്കിയിട്ടും സംസ്ഥാന കമ്മിറ്റി തന്നെ മാത്രമാണ് സസ്പെന്റ് ചെയ്തിരിക്കുന്നതെന്ന് നിതീഷ് പറയുന്നു. സംസ്ഥാന കമ്മിറ്റിക്ക് അയച്ച പരാതി കൈപ്പറ്റിയെന്നറിയിക്കാന്‍ യാതൊരു വിധത്തിലുള്ള മറുപടിയും നിതീഷിനു ലഭിച്ചിട്ടില്ല. സസ്പെന്‍ഷന്‍ ലഭിച്ച കാര്യം പോലും ഔദ്യോഗികമായി ആരും അറിയിച്ചിട്ടില്ലെന്ന് നിതീഷ് പറയുന്നു. ഗ്രൂപ്പു പോരിന്റെ പേരില്‍ നടന്ന തര്‍ക്കമായി മാത്രം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍, സംഘടനാ നേതാക്കളില്‍ നിന്നും തനിക്കു നേരിട്ട ജാതീയമായ വിവേചനത്തെക്കുറിച്ച് സംസാരിക്കാത്തതെന്താണെന്നും നിതീഷ് ചോദിക്കുന്നുണ്ട്.
സംഘടനയില്‍ പരാതി നല്‍കിയിട്ടും കാര്യമില്ലാതായപ്പോള്‍, നിതീഷ് നിയമപരമായി നീങ്ങാനും തീരുമാനിച്ചു. എസ്.സി/ എസ്.ടി ആക്ട് പ്രകാരം എസിപിക്ക് നിതീഷ് പരാതി കൈമാറിയിട്ടുണ്ട്.
അതിനിടെ, സസ്പെന്റ് ചെയ്തതിന് ശേഷം വിഷയത്തില്‍ സംസ്ഥാന കമ്മറ്റി എന്‍ക്വയറി കമ്മീഷനെ നിയോഗിച്ചിട്ടുമുണ്ട്. പോലീസും വിഷയത്തില്‍ കാര്യമായ നടപടികള്‍ക്ക് മുതിര്‍ന്നിട്ടില്ലെന്ന് ആരോപണമുണ്ട്. പോലീസുദ്യോഗസ്ഥര്‍ക്കു മേല്‍ വലിയ സമ്മര്‍ദ്ദമുള്ളതായും നിതീഷ് ആരോപിക്കുന്നുണ്ട്.
എന്നാല്‍, നിതീഷിന്റെ ആരോപണങ്ങള്‍ പാടേ തെറ്റാണെന്നും ജാതിയധിക്ഷേപം ഒരിക്കലും സംഘടനാ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നുമാണ് കെ.എസ്.യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് മിഥുന്‍ മോഹന്റെ പ്രതികരണം. ഗ്രൂപ്പുവഴക്കിന്റെ പേരില്‍ സംഘടനയെത്തന്നെ കരിവാരിത്തേക്കാനുള്ള ശ്രമം മാത്രമാണ് നിതീഷിന്റെ വിഷയത്തിലുണ്ടായിട്ടുള്ളതെന്നാണ് മിഥുന്റെ പക്ഷം. “ഫേസ്ബുക്ക് പോസ്റ്റിന്റെ കാര്യത്തില്‍ പിള്ളേര്‍ തമ്മില്‍ ആദ്യമേ എന്തോ പ്രശ്നമുണ്ടായിരുന്നു. ഒരു പ്രകോപനവുമില്ലാതെയാണ് ഈ വ്യക്തി ഇങ്ങോട്ടു വന്ന് ചൂടാവുകയും തള്ളുകയുമൊക്കെ ചെയ്തത്. പതിമൂന്നു പേരാണ് അന്ന് കമ്മറ്റിയില്‍ പങ്കെടുത്തത്. അതില്‍ പതിനൊന്നു പേരും ഇയാള്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ട്. അതില്‍ എല്ലാ ഗ്രൂപ്പുകാരുമുണ്ട്. അങ്ങിനെയാണ് സസ്പെന്റ് ചെയ്യുന്നത്. സസ്പെന്‍ഷന്‍ കിട്ടി അഞ്ചു ദിവസം കഴിഞ്ഞിട്ടാണ് പോലീസില്‍ പരാതിപ്പെടുന്നത്. നിതീഷിനെ ജാതീയമായി അധിക്ഷേപിച്ചു എന്നു പറയുന്ന വിഷ്ണു ചന്ദ്രന്‍ ഇതേ ജാതിയില്‍പ്പെട്ടയാളാണ്. അതുകൊണ്ട് കേസ് നില്‍ക്കില്ലെന്ന് പോലീസിനും മനസ്സിലായി” എന്ന് മിഥുന്‍ മോഹന്‍ പറയുന്നു.