UPDATES

കല്യാശ്ശേരിയില്‍ നിന്നും ആലുവയിലെത്തിയ 2000 ചൂലുകള്‍; പ്രളയക്കെടുതിയില്‍ കുടുംബശ്രീ താങ്ങാവുന്നത് ഇങ്ങനെയും കൂടിയാണ്

ത്രിതല സംഘടനാ സംവിധാനത്തിലെ 2.75 ലക്ഷത്തിലേറെ വരുന്ന അയല്‍ക്കൂട്ടങ്ങളിലെ 43 ലക്ഷം അംഗങ്ങള്‍ ഒരാഴ്ചയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

2000 ചൂലുകള്‍. പ്രളയക്കെടുതിയില്‍ നിന്ന് ജീവിതം തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്ന മധ്യ കേരളത്തിലേക്ക് കണ്ണൂരില്‍ നിന്നും എത്തിയതാണ്. ചൂലില്‍ എന്തിരിക്കുന്നു എന്നു പറയാന്‍ വരട്ടെ. പ്രളയ ജലം കയറി ഒഴുകിപ്പോയ വീടുകളെ വാസയോഗ്യമാക്കാന്‍ ഈര്‍ക്കിലി കൊണ്ടുണ്ടാക്കിയ ചൂലുകള്‍ അത്യാവശ്യം. എന്നാല്‍ പലയിടത്തും അത് പോലും കിട്ടാനില്ല. ഈ അവസ്ഥയെ കുറിച്ചു ചിന്തിച്ചപ്പോഴാണ് കണ്ണൂരിലെ കല്യാശ്ശേരിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ ഒരാശയം ഉദിച്ചത്.

കണ്ണൂരിലെ കല്യാശ്ശേരി ബ്ളോക്ക് പഞ്ചാത്തിലെ കുടുംബശ്രീ യൂണിറ്റുകള്‍ 2000 ചൂലുകളാണ് ആലുവയില്‍ വൃത്തിയാക്കാനായി സൗജന്യമായി എത്തിച്ചിരിക്കുന്നത്. ചെറുതാഴം, കല്യാശ്ശേരി, മാടായി, ചെറുകുന്ന്, ഏഴം, കണ്ണപുരം, നാറാത്ത് തുടങ്ങി ഏഴു പഞ്ചായത്തുകളാണ് ചൂലുകള്‍ നിര്‍മിച്ചു നല്‍കിയത്.

‘എറണാകുളത്തുണ്ടായിരുന്ന മാധ്യമസുഹൃത്ത് വഴിയാണ് ചൂലുകള്‍ ആവശ്യമുണ്ടെന്ന് അറിഞ്ഞത്. അങ്ങനെ പഞ്ചായത്ത് തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം അടുത്തുള്ള കുടുംബശ്രീകളെ അറിയിക്കുകയായിരുന്നു. ചുരുങ്ങിയ ദിവസം കൊണ്ടാണ് ഇത്രയും ചൂലുകള്‍ ശേഖരിക്കാനായത്. ഇരിക്കൂര്‍ പഞ്ചായത്തും ഇതിന് സഹകരിച്ചിരുന്നു.’ കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി പ്രീത അഭിപ്രായപ്പെട്ടു.

കല്യാശ്ശേരിയിലേക്ക് ചൂലുകള്‍ ആവശ്യപ്പെട്ടു കൊണ്ട് വീണ്ടും അന്വേഷണങ്ങള്‍ എത്തുന്നുണ്ട്. ഇനിയും ഒരു ലോഡ് ചൂലുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമേ ബ്ലോക്ക് പഞ്ചായത്ത് വഴി ധനസഹായവും മറ്റും ചെയ്തിട്ടുമുണ്ട്.

പ്രളയക്കെടുതിയില്‍ മാതൃകാപരമായ ഇടപെടലുകളാണ് കുടുംബശ്രീ യൂണിറ്റുകളില്‍ നടക്കുന്നത്. കനത്ത മഴ, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ അതിരൂക്ഷമായ ദുരിതബാധിതമേഖലയില്‍ പരസ്പരം കൈത്താങ്ങുകയാണ് കുടുംബശ്രീ. ക്യാംപുകളിലും മറ്റും ഭക്ഷണം തയാറാക്കുക, ആവശ്യ സാധനങ്ങള്‍ എത്തിക്കുക, വീടുകള്‍ പുനസ്ഥാപിക്കുക തുടങ്ങിയ സഹായങ്ങളും കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്തില്‍ സംസ്ഥാനത്ത് ഉടനീളം നടക്കുന്നുന്നുണ്ട്. ദുരന്തബാധിതരായ കുടുംബശ്രീ യൂണിറ്റുകളും ഇതിനിടയിലുണ്ട്. അവരെല്ലാം ഒരുമിച്ചാണ് വീടുകളുടെ പുനരുദ്ധാരണങ്ങള്‍ക്ക് കൈകോര്‍ക്കുന്നത്.

കുട്ടനാട്, ചെങ്ങന്നൂര്‍ മേഖലകളില്‍ പ്രളയജലമിറങ്ങിത്തുടങ്ങിയതോടെ വീടുകള്‍ വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്ന വനിതകളില്‍ ഭൂരിഭാഗവും ആറാട്ടുപുഴ 6, 7, 8, 13 വാര്‍ഡുകളിലെ മല്‍സ്യതൊഴിലാളികളുടെ ഭാര്യമാരാണ്. മതിയായ ആരോഗ്യ ബോധവത്കരണവും ബൂട്ട്‌സും മറ്റ് ആവശ്യമായ സാമഗ്രികള്‍ അടക്കം നല്‍കിയാണ് കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്‍ ഇവരെ രംഗത്തിറക്കിയിരിക്കുന്നത്. പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇവിടെയുള്ള മല്‍സ്യത്തൊഴിലാളികളും ഇറങ്ങിയിരുന്നു. ഇവരില്‍ പലരും തങ്ങളുടെ വീടുകളില്‍ സ്വന്തം ചിലവില്‍ ഗര്‍ഭിണികളടക്കം നിരവധിയാളുകള്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്.

ത്രിതല സംഘടനാ സംവിധാനത്തിലെ 2.75 ലക്ഷത്തിലേറെ വരുന്ന അയല്‍ക്കൂട്ടങ്ങളിലെ 43 ലക്ഷം അംഗങ്ങള്‍ ഒരാഴ്ചയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നുവെന്ന് കുടുംബശ്രീ സംസ്ഥാനതല എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ധനസമാഹരണം ഊര്‍ജിതമാക്കാനുള്ള നിര്‍ദ്ദേശം എല്ലാ ജില്ലാമിഷന്‍ അധികൃതര്‍, സിഡിഎസ് ചെയര്‍പെഴ്സണ്‍മാര്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറിമാര്‍ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ടായിരുന്നു.

‘പ്രളയത്തില്‍ അകപ്പെട്ട ജില്ലകളില്‍ ദുരിതം അനുഭവിക്കുന്ന മുഴുവന്‍ പ്രദേശങ്ങളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ സഹായവുമായി എത്തുന്നുണ്ട്. ക്യാമ്പുകളിലും, മറ്റു വീടുകളിലും താല്‍കാലിക അഭയം തേടിയിട്ടുള്ളവര്‍ക്ക് ഭക്ഷണം, വസ്ത്രം, തുടങ്ങി അത്യാവശ്യ സാധനങ്ങള്‍ എത്തിച്ച് നല്‍കുവാനുള്ള കൂട്ടായ ശ്രമങ്ങളും നടക്കുന്നുണ്ട്. വീടുകള്‍ പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരാനുള്ള ശ്രമദാനങ്ങളും കുടുംബശ്രീയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്.’ കുടുംബശ്രീയുടെ പി ആര്‍ കോര്‍ഡിനേറ്റര്‍ ജയന്തി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് പാക്കിംഗ് ക്യാമ്പിലേക്ക് എത്തി, പ്രളയ ബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച അവശ്യ സാധനങ്ങൾ പായ്ക്ക് ചെയ്യുന്ന തിരക്കിലാണ് നെടുമുടി പഞ്ചായത്തിൽ നിന്നെത്തിയ കുടുംബശ്രീ പ്രവർത്തക വസുമതിയമ്മ. കളർകോട് ഗവൺമെന്റ് എൽ പി എസ് സ്ക്കൂളിലാണ് വസുമതിയമ്മയും രോഗിയായ ഭർത്താവും അഭയം പ്രാപിച്ചിരിക്കുന്നത്. അവിടെ നിന്നുമാണ് അവശ്യക്കിറ്റ് പായ്ക്ക് ചെയ്യാനും മറ്റുമായി 68 കാരിയായ വസുമതിയമ്മ ആലപ്പുഴ എസ് ഡി കോളേജിൽ സജ്ജീകരിച്ചിരിക്കുന്ന പായ്ക്കിംഗ് ക്യാമ്പിൽ എത്തിയത്.

വസുമതിയമ്മയെ പോലെ തന്നെയുളള നിരവധി പേരുണ്ട് ഈ പായ്ക്കിംഗ് ക്യാമ്പിൽ. കുടുംബശ്രീയിലുള്ള ഇരുനൂറോളം പേരാണ് അവശ്യ സാധനങ്ങൾ അടങ്ങിയ കിറ്റ് പായ്ക്ക് ചെയ്യാൻ എത്തിയിരിക്കുന്നത്. അരി, പഞ്ചസാര, ഉപ്പ്, സോപ്പ്, തുവര പരിപ്പ്‌, മല്ലി, മുളക് ബിസ്കറ്റ്, സോപ്പ്, ബ്രഷ് , മസാല പൊടികൾ, തുണികൾ, ബക്കറ്റ് തുടങ്ങി 22 ഇനം അവശ്യവസ്തുക്കളാണ് കുടുംബശ്രീ വനിതകൾ പായ്ക്ക് ചെയ്യുന്നത്.

നെടുമുടി പഞ്ചായത്തിലെ തങ്ങളുടെ വീട്ടിൽ കുടുങ്ങിയ അവരെ മത്സ്യത്തൊഴിലാളികളാണ് രക്ഷിച്ചത്. തിരികെ വീട്ടിൽ ചെല്ലുമ്പോൾ എന്താവും തങ്ങളുടെ വീടിന്റെ അവസ്ഥ എന്ന് ആശങ്കപ്പെടുമ്പോഴും,
ശുഭാപ്തി വിശ്വാസവും ആത്മവിശ്വാസവും കുടുംബശ്രീയിലുള്ള പ്രതീക്ഷയുമാണ് തങ്ങൾക്ക് ആകെ കൈമുതലായുള്ളതെന്ന് വസുമതിയമ്മയും കൂട്ടരും സാക്ഷ്യപ്പെടുത്തുന്നു.

‘വാസയോഗ്യമല്ലാതായിത്തീര്‍ന്ന വീടുകള്‍ ശുചിയാക്കുന്നതിനും അവയെ പൂര്‍വസ്ഥിതിയല്‍ കൊണ്ട് വരുന്നതിനും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേന അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ മാത്രം ഏകദേശം പതിനായിരത്തോളം കുടുംബശ്രീ അംഗങ്ങളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. അയല്‍ക്കൂട്ടങ്ങളുടെയും എ.ഡി.എസ്, സി.ഡി.എസ് സംവിധാനങ്ങളുടെയും നേതൃത്വത്തില്‍ ഇവര്‍ക്ക് വിവിധ സാധനസാമഗ്രികള്‍ എത്തിച്ച് നല്‍കുന്നുണ്ട്,’ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ പി. സാജിത അറിയിച്ചു.

ആദ്യഘട്ടത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വൈത്തിരി, പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ, വെങ്ങപ്പള്ളി എന്നീ പഞ്ചായത്തുകളില്‍ ഈ ആഴ്ച്ചയില്‍ തന്നെ ശൂചീകരണം നടത്തും. കൂടാതെ എല്ലാ പഞ്ചായത്തുകളിലുമുള്ള കമ്മ്യൂണിറ്റി വോളണ്ടിയര്‍മാര്‍, എ.ഡി.എസ്സ് എന്നിവരുടെയും പങ്കാളിത്തം ഉറപ്പാക്കും. ഇതിനകം നൂറോളം വീടുകള്‍ കുടുംബശ്രീ അയല്‍കൂട്ടങ്ങളുടെ നേതൃത്വത്തില്‍ ശുചീകരിച്ചിട്ടുണ്ട്. മറ്റു ജില്ലകളില്‍ നിന്നും കുടുംബശ്രീ പ്രവര്‍ത്തകര്‍ സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും പി. സാജിത അറിയിച്ചു.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍