UPDATES

അടിയന്തിരാവസ്ഥ കാലത്ത് മുട്ടിലിഴയാന്‍ വിസമ്മതിച്ച കുൽദീപ് നയ്യാർ; ഒരു ഓര്‍മ്മപ്പെടുത്തല്‍

അൻജാമിലെ ചെറുപ്പക്കാരനായ പത്രപ്രവർത്തകനിൽ നിന്നും UNI എന്ന വാർത്ത ഏജൻസിയുടെ തലപ്പത്തുവരെ അദ്ദേഹമെത്തി

മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ കുൽദീപ് നയ്യാർ ഇന്നലെ രാവിലെ ഡൽഹിയിൽ അന്തരിച്ചു. ഇപ്പോൾ പാകിസ്ഥാനിലുള്ള സിയാൽക്കോട്ടിൽ ജനിച്ച കുൽദീപ് നയ്യാർ വിഭജനത്തിൽ ഇന്ത്യയിലേക്ക് മാറും മുമ്പ് ലാഹോറിൽ നിന്നും നിയമബിരുദമെടുത്തു. 1990-ൽ ബ്രിട്ടനിൽ നയതന്ത്രപ്രതിനിധിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തെ രാജ്യസഭയിലേക്കും നാമനിർദ്ദേശം ചെയ്തു. നയ്യാറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

വിഭജനത്തിനു ശേഷം സമുദായങ്ങൾ തമ്മിലുള്ള വിശ്വാസം എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നും പഞ്ചാബിലെ രക്തം തളംകെട്ടിയ പാടങ്ങളിലൂടെ താനെങ്ങനെയാണ് ഡൽഹിയിലേക്ക് പലായനം ചെയ്തതെന്നും 2012-ൽ പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയിൽ അദ്ദേഹം പറയുന്നുണ്ട്.

“ഒരു പുതിയ രാജ്യത്തേക്കുള്ള അപകടംപിടിച്ച യാത്രയും ഒരു ഉറുദു പത്രത്തിലെ യുവ മാധ്യമപ്രവർത്തകനായുള്ള ആദ്യജോലിയുമെല്ലാമടങ്ങുന്ന നയ്യാരുടെ വിവരണം, ഇന്ത്യയുടെ കൂടി കഥയാണ്,” പുസ്തകത്തിന്റെ ആമുഖത്തിൽ പറയുന്നു.

അൻജാമിലെ ചെറുപ്പക്കാരനായ പത്രപ്രവർത്തകനിൽ നിന്നും UNI എന്ന വാർത്ത ഏജൻസിയുടെ തലപ്പത്തുവരെ അദ്ദേഹമെത്തി. അദ്ദേഹത്തിന്റെ ‘Between the Lines’ എന്ന പംക്തി മാധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഉറച്ച നിലപാടുകൊണ്ട് ശ്രദ്ധേയമായി.

1971-ൽ ബംഗ്ളാദേശിന്റെ വിമോചനത്തിനായി പാകിസ്ഥാനുമായി നടത്തിയ യുദ്ധവും 1975-ലെ അടിയന്തരാവസ്ഥയും അടക്കം നിരവധി ചരിത്രപ്രധാനമായ സംഭവങ്ങൾ അദ്ദേഹം എഴുത്തിൽ പകർത്തി.

ചരിത്രകാരനായ രാമചന്ദ്ര ഗുഹ പറയുന്നു, “…പണത്തിന്റെയും പ്രശസ്തിയുടെയും വ്യാമോഹങ്ങളിൽ കുരുങ്ങാതെ മനഃസാക്ഷിയുടെ തീരുമാനങ്ങളെ പിന്തുടർന്ന ഒരു പത്രപ്രവർത്തകനായിരുന്നു അദ്ദേഹം. നയ്യാർ ഒരു ശൈലീ വല്ലഭനായിരുന്നില്ല, ഗൂഢാലോചന സിദ്ധാത്തത്തിൽ പെടാറുമുണ്ട്. എങ്കിലും പരസ്പര ഐക്യത്തിനോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത, തൊഴിൽ പ്രതിബദ്ധത, സ്വഭാവദൃഢത, അടിയന്തരാവസ്ഥക്കാലത്തെ അചഞ്ചലമായ ധൈര്യം എന്നിവ അദ്ദേഹത്തെ വലിയ തിളക്കത്തിൽ നിർത്തുന്നു.”

പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമായി നല്ല ബന്ധമുണ്ടായിരുന്നിട്ടും കുൽദീപ് നയ്യാർ അടിയന്തരാവസ്ഥക്കാലത്ത് കുനിയാണോ മുട്ടിലിഴയാനോ വിസമ്മതിച്ചു. അടിയന്തരവസ്ഥക്കാലത്ത് മാധ്യമങ്ങളെ വിശേഷിപ്പിക്കാൻ എൽ കെ അദ്വാനി ഉപയോഗിച്ച വിശേഷണങ്ങൾ പക്ഷെ അന്ന് എക്പ്രസ് ന്യൂസ് സർവീസിന്റെ തലപ്പത്തുണ്ടായിരുന്ന നയ്യാർക്ക് പാകമായിരുന്നില്ല.

അടിയന്തരാവസ്ഥയെക്കുറിച്ചും സമഗ്രാധിപത്യത്തിന്റെ ഇരുണ്ട നാളുകളെക്കുറിച്ചും മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതിനെക്കുറിച്ചുമെല്ലാം നയ്യാർ ധാരാളമായി പറഞ്ഞിട്ടുണ്ട്. “എന്നെയും മറ്റു ചിലരേയും പരാമർശിച്ചുകൊണ്ട് ഇന്ദിരാഗാന്ധി ഇങ്ങനെ ചോദിച്ചതായി ആരോ എന്നോട് പറഞ്ഞു, ‘എവിടെയാണ് എന്നെ ധീരമായി വിമർശിക്കുന്ന ആ ആളുകൾ, എനിക്കെതിരെ തലക്കെട്ടുകൾ എഴുതുന്നവർ, എവിടെയാണവർ? ഒരു പട്ടിപോലും കുരച്ചില്ല.’ ഞാനിതിനെക്കുറിച്ച് ആലോചിച്ചു. അതുകൊണ്ട് ഞാൻ ടൈംസ് ഓഫ് ഇന്ത്യ, എന്റെ പത്രമായ ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയവയിലെല്ലാം പോയി. ഞാനവരോട് പറഞ്ഞു, “നാളെ, 10 മണിക്ക്, പ്രസ് ക്ലബ്,” അദ്ദേഹം ഒരിക്കൽ പറഞ്ഞു.

പക്ഷെ അന്ന് രാത്രി അദ്ദേഹം തടവിലായി.

അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ, “അർദ്ധരാത്രി എന്റെ വാതിലിൽ ഒരു മുട്ടുകേട്ടു. ഒരു പരിശോധനക്കായാണ് അവർ വന്നതെന്നാണ് ഞാൻ കരുതിയത്. അതുകൊണ്ട് ഞാൻ പറഞ്ഞു, “എല്ലാ സ്ഥലത്തും നോക്കിക്കോളൂ.” പക്ഷെ അപ്പോളാണവർ വ്യക്തമാക്കിയത് അവരെന്നെ പിടികൂടാനാണ് വന്നതെന്ന്.

അപ്പോൾ ഞാൻ നേരെ ഫ്രിഡ്ജിനടുത്തേക്ക് പോയി. രണ്ടു മാങ്ങയെടുത്ത് തിന്നു. എനിക്കവ വലിയ ഇഷ്ടമായിരുന്നു, അത് അടുത്തൊന്നും ഇനി എനിക്ക് കിട്ടാൻ പോകുന്നില്ലെന്നും. ഞാൻ കുടുംബത്തോട് യാത്ര പറഞ്ഞു. എന്നെ തുഗ്ലക്ക് റോഡ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പോലീസ് സ്റ്റേഷനിൽവെച്ച് ഒരു ഐ പി എസ് ഉദ്യോഗസ്ഥൻ എന്റെ കാലുതൊട്ട് വന്ദിച്ചു. എന്റെ ‘Distant Neighbours’ എന്ന പുസ്തകം വായിച്ചിട്ടുണ്ടെന്നും എന്നെ ഗുരുവായാണ് കണക്കാക്കുന്നതെന്നും പറഞ്ഞു. “സർ, താങ്കള്‍ക്ക് പ്രഭാതഭക്ഷണത്തിന് അവകാശമുണ്ട്. ഞാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നും എത്തിക്കാം.” ഹോട്ടൽ അശോക അടുത്തായിരുന്നു. ഞാൻ പറഞ്ഞു, “എന്നാൽ കൊണ്ടുവന്നോളു.”

തീഹാറിലേക്കു കൊണ്ടുപോകുമ്പോൾ പോലീസ് വണ്ടി കേടായി. അതിന്റെ ബാറ്ററി പ്രവർത്തിച്ചില്ല. അപ്പോൾ എന്നെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥൻ പറഞ്ഞു, “സർ,ഞങ്ങളോടൊപ്പം വാൻ തള്ളുന്നതിൽ വിരോധമുണ്ടോ?”

അങ്ങനെ വാനും തള്ളി ഞാൻ തിഹാർ തടവറയിലെത്തി. ഭക്ഷണവും താമസവുമായിരുന്നു എന്റെ വലിയ ആകുലത. ഞങ്ങൾക്ക് കിട്ടിയ ഭക്ഷണം പരിപ്പായിരുന്നു. അതിൽ നിറയെ ഈച്ചകളും. ഈച്ച നിറഞ്ഞ പരിപ്പ് കഴിക്കാൻ എനിക്കാവില്ലെന്ന് ഞാനവരോട് പറഞ്ഞു. മറ്റൊന്നുമില്ലെന്നു അവർ മറുപടി നൽകി.

ഒരു ജനസംഘ പ്രവർത്തകനായിരുന്നു എനിക്കൊപ്പം തടവുമുറിയിൽ. അയാൾ പറഞ്ഞു, “നിങ്ങൾ പരിപ്പ് കഴിച്ചോളൂ, അച്ചാർ ഞാൻ തരാം.”

കുറച്ചുദിവസങ്ങൾ കഴിഞ്ഞപ്പോൾ ഈച്ചകൾ എനിക്കൊരു പ്രശ്നമല്ലാതായി. ഞാനവയെ സാധാരണപോലെ എടുത്തുമാറ്റി കഴിക്കാൻ തുടങ്ങി.”

എല്ലാ മാധ്യമപ്രവർത്തകരുടെയും സുഹൃത്തായിരുന്നു ആദ്യത്തെ റിപ്പോർട്ടർ എഡിറ്ററായ നയ്യാർ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍