UPDATES

ഓഫ് ബീറ്റ്

അലി അപ്പുവിന്റെ ദുരുഹ അന്ത്യം: കുഞ്ഞിപ്പളളി തേങ്ങുകയാണ്

അതെ, ഉദണ്ഡനും അലി അപ്പുവുമൊക്കെ അടയാളപ്പെടുത്തലുകളാണ്. പള്ളിപ്പുറവും കുഞ്ഞിപ്പള്ളിയും കേരളത്തെ പഠിപ്പിക്കുകയാണ് – സഹജീവി സ്നേഹത്തിന്റെ പുതിയ കഥകള്‍.

അതിരാവിലെ മദ്രസയിലേക്കിറങ്ങിയതാണ് എട്ടു വയസുകാരനായ ഇര്‍ഷാദ്. തന്റെ കൂട്ടുകാരോടൊപ്പമുള്ള നടത്തത്തിനിടയില്‍ അവന്‍ തിരിഞ്ഞു നോക്കി.. ഇല്ല. അവന്‍ പിറകിലില്ല. അവനെവിടെപ്പോയി.. ? ഇത്രയും കാലം തങ്ങളോടൊപ്പം കൂട്ടുവന്നിരുന്ന അലി അപ്പു എന്ന കുഞ്ഞിപ്പളളിയുടെ കാവല്‍ക്കാരന്‍. അതെ അവന്‍ കൊല്ലപ്പെട്ടിരിക്കുന്നു. ആ സത്യം ആ കുഞ്ഞുമനസിനും അംഗീകരിക്കന്‍ പറ്റിയിട്ടില്ല. വഴിയരികില്‍ അലി അപ്പുവിന്റെ കൊലപാതകത്തില്‍ ദു:ഖം രേഖപ്പെടുത്തുന്ന ബോര്‍ഡ് കണ്ടപ്പോള്‍ അവന്റെ കണ്ണ് അറിയാതെ നിറഞ്ഞു. അവന്‍ തല താഴ്ത്തി മുന്നോട്ട് നടന്നു.

തെരുവുനായകളെ കൊല്ലാന്‍ ഞാനും നിങ്ങളുമടങ്ങുന്ന സമൂഹം അലമുറയിടുന്ന അതേ കാലത്താണ് ഒരു തെരുവുനായ കൊല്ലപ്പെട്ടതിന്റെ പേരില്‍ കുഞ്ഞിപ്പള്ളി എന്ന ഗ്രാമം വിലപിക്കുന്നത്. നമ്മുടെ വാദത്തിനു നമുക്ക് ഒരുപാട് കാരണങ്ങളുള്ളതുപോലെ അവരുടെ വിലാപത്തിനു പിന്നിലും ഒരു വലിയ കാരണമുണ്ട്. സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും നന്മയുടെയും നിറമുള്ള ആ വിലാപത്തിലെ കഥാനായകന്‍ അലി അപ്പു എന്ന തെരുവുനായയാണ്. ഒരു നാടിന്റെയാകെ ഹൃദയമായി മാറിയ കാവല്‍ നായ. അലി അപ്പു ഇക്കഴിഞ്ഞ സെപ്തംബര്‍ 8 നാണ് ഈ ലോകത്തോടും കുഞ്ഞിപ്പള്ളിക്കാരോടും വിടപറഞ്ഞത്. ഇരുളിന്റെ മറവില്‍ അവനെ വെട്ടിവീഴ്ത്തിയത് ഒരുപറ്റം സാമൂഹ്യദ്രോഹികളും. വിരഹത്തിന്റെ വീര്‍പ്പുമുട്ടലില്‍ ഓരോ കുഞ്ഞിപ്പള്ളിക്കാരന്റെയും മനസില്‍ നിന്നു പ്രതിഷേധത്തിന്റെ തീവാക്കുകളിലേക്ക് പടരുന്നുണ്ട്.

“നമ്മുടെ നാടിന്റെ സംരക്ഷകനും കാവലാളും സന്തസഹചാരിയുമായ അലി അപ്പു സാമൂഹ്യദ്രോഹികളാല്‍ വെട്ടേറ്റുമരിച്ചു. ഇരുളിന്റെ മറവില്‍ ഭീകരവാദികളെ നിങ്ങള്‍ വെട്ടിയത് അലി അപ്പുവിനെയല്ല, നാടിന്റെ സമാധാനത്തിനെയാണ്. ഇതിന് പകല്‍ വെളിച്ചത്തില്‍ പകരം ചോദിക്കും”. അലി അപ്പുവിനു ആദരാജ്ഞലി അര്‍പ്പിച്ച് കുഞ്ഞിപ്പളിയിലുയര്‍ന്ന ബോര്‍ഡുകളിലെ വരികളാണിവ. തെരുവുകളില്‍ കറുത്ത കൊടികെട്ടിയും ആദരാജ്ഞലി ബോര്‍ഡുകള്‍ സ്ഥാപിച്ചും പ്രതിഷേധ കൂട്ടായ്മള്‍ സംഘടിപ്പിച്ചും അലി അപ്പും തങ്ങള്‍ക്കും എത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നെന്ന് കുഞ്ഞിപ്പള്ളിക്കാര്‍ പറയാതെ പറയുന്നു.


ഇക്കഴിഞ്ഞ സെപ്തംബര്‍ 5 നു രാവിലെയാണ് കഴുത്തിനു വെട്ടേറ്റ നിലയില്‍ അലി അപ്പുവിനെ മൃഗാശുപത്രയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മുറിവുകള്‍ ആഴത്തിലുള്ളതായതുകൊണ്ടു തന്നെ ഡോക്ടടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചിട്ടും അലി അപ്പുവിനെ രക്ഷിക്കാനായില്ല. സെപ്തംബര്‍ 8 ന് കുഞ്ഞിപ്പള്ളിക്കാരെ കണ്ണീരിലാഴ്ത്തി അവന്‍ മരണത്തിനു കീഴടങ്ങി. അന്നേ ദിവസം അലി അപ്പുവിന് അന്ത്യയാത്ര നല്‍കാന്‍ കുഞ്ഞിപ്പള്ളി ഒന്നടങ്കം ഒഴുകിയെത്തി. ഗ്രാമവാസികളെ സാക്ഷിയാക്കി നാടിന്റെ കാവല്‍ക്കാരന്‍ മണ്ണിലേക്കു മടങ്ങി. അലി അപ്പുവിനെ വെട്ടികൊന്നത് ആരാണ്. ? അതാണ് ഇന്നു കുഞ്ഞിപ്പള്ളിക്കാരെ അലട്ടുന്ന ചോദ്യം.
‘ എട്ടുവര്‍ഷമായി അലി അപ്പു ഇവിടെയുണ്ട്. എവിടെ നിന്നാണ് അവനെത്തിയതെന്ന് ഞങ്ങള്‍ക്കറിയില്ല. ഒരു ദിവസം രാവിലെ അവന്‍ കുഞ്ഞിപ്പള്ളിയിലുണ്ടായിരുന്നു. അവനു ഞങ്ങള്‍ അലി അപ്പു എന്നു പേരു നല്‍കി. അലി അപ്പു അങ്ങനെ ഞങ്ങളുടെ നാടിന്റെ കാവല്‍ക്കാരനായി. മരണമായാലും വിവാഹമായാലും ഗ്രാമത്തിലെ എല്ലാ ചടങ്ങിലും അവന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇതുവരെ ഗ്രാമത്തിലെ ആരെയും അവന്‍ ഉപദ്രവിച്ചിട്ടില്ല. സെപ്തംബര്‍ 5 നാണ് അവനെ ക്രൂരമായി ആക്രമിക്ക നിലയില്‍ കാണപ്പെട്ടത്. മൂന്നു ദിവസത്തെ ചികിത്സയ്ക്കു ശേഷം എട്ടാം തീയതി അവന്‍ മരണത്തിനു കീഴടങ്ങി. ഞങ്ങളുടെ ഗ്രാമത്തിലെ ഓരോ ആളുകളുടെയും ഹൃദയത്തില്‍ അവന്‍ ഇപ്പോഴും മരിക്കാതെ ജീവിക്കുന്നു. അവനെ കൊല്ലപ്പെടുത്തിയവര്‍ ആരായാലും അവര്‍ക്കു ദൈവം അര്‍ഹമായ ശിക്ഷ നല്‍കുക തന്നെ ചെയ്യും. ‘
എന്ന് കുഞ്ഞിപ്പള്ളി സ്വദേശി ശ്യാംചന്ദ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു. ഇത് ശ്യാമിന്റെ മാത്രം വാക്കുകളല്ല. സോഷ്യല്‍ മീഡിയയിലും അല്ലാതെയും ഓരോ കുഞ്ഞിപ്പള്ളിക്കാരനും പങ്കുവെക്കുന്നത് ഇതേ വാക്കുകളാണ്. അലി അപ്പു നമുക്ക് ഒരു തെരുവുനായ മാത്രമാണെങ്കില്‍ കുഞ്ഞിപ്പള്ളിക്കാര്‍ക്കു അവന്‍ അവരിലൊരാളായിരുന്നു. അവരുടെ പ്രിയപ്പെട്ട സഹജീവി. അതിരാവിലെ മദ്രസയിലേക്ക് പോകുന്ന കുട്ടികള്‍ക്ക് കൂട്ടായി അവനുണ്ടായിരുന്നു. ഗ്രാമത്തില്‍ അപരിചിതരാരെങ്കിലും എത്തിയാല്‍ ഉടന്‍ നാട്ടുകാര്‍ക്കു അലി അപ്പു മുന്നറിയിപ്പ് നല്‍കും. എല്ലാതരത്തിലും അവന്‍ കാവല്‍ നില്‍ക്കുകയായിരുന്ന കുഞ്ഞിപ്പള്ളി ഗ്രാമത്തിന്റെ മനസിന്.

അലി അപ്പുവിന്റെ കൊലപാതകം കുഞ്ഞിപ്പള്ളിക്കാരെ ഭയപ്പെടുത്തുന്നുണ്ട്. തങ്ങളുടെ ഗ്രാമത്തിലേക്ക് കടന്നുവന്ന സാമൂഹ്യദ്രോഹികളെ തടഞ്ഞപ്പോഴാണ് അവനു വെട്ടേറ്റതെന്ന് അതുകൊണ്ടു തന്നെ അവര്‍ ഉറപ്പിച്ചു പറയുന്നു. ‘ അലി അപ്പുവിന്റെ മരണം നിസാരമായി കാണേണ്ട ഒന്നല്ല. മദ്യ-മയക്കുമരുന്നു-ക്വാട്ടേഷന്‍ മാഫിയകള്‍ നമ്മുടെ ഗ്രാമത്തിലും പ്രവേശിക്കാന്‍ ശ്രമിക്കുന്നു എന്ന് നാം മനസിലാക്കണം. ഇന്നവര്‍ക്ക് അളി അപ്പു തടസമായപ്പോള്‍ അവനെ വെട്ടിമാറ്റി. നാളെ അവര്‍ക്ക് നമ്മളും തടസമായാല്‍ അവര്‍ നമ്മളെയും വെട്ടിമാറ്റും’ കുഞ്ഞിപ്പള്ളി സ്വദേശി ഫൈസല്‍ കെ.പി. ഫേസ്ബുക്കില്‍ കുറിക്കുന്നു. അലി അപ്പു ഒരു നാടിന്റെ മതനിരപേക്ഷതയുടെയും ഒരുമയുടെ അടയാളമായിരുന്നു. അതിനെ വെട്ടിമാറ്റയിവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നാണ് ജനപക്ഷം. അല്ലെങ്കില്‍ അലി അപ്പുവിന്റെ കൊലപാതകികള്‍ക്കുള്ള ശിക്ഷ ഞങ്ങള്‍ തന്നെ നടപ്പിലാക്കുമെന്നു ഓരോ കുഞ്ഞിപ്പള്ളിക്കാരനും നെഞ്ചില്‍ കൈവച്ച് ഒരേ സ്വരത്തില്‍ പറയുന്നു.

ഉദ്ദണ്ഡന്‍ ഇന്നു പള്ളിപ്പുറത്തുണ്ട്

തെരുവുനായയ്ക്ക് ബസ് സ്റ്റോപ്പ് പണിത കേരളത്തിലെ ആദ്യ ഗ്രാമം കോഴിക്കോട് ഒളവണ്ണയിലെ പള്ളിപ്പുറമാണ്. സഹജീവി സ്നേഹത്തിന്റെ നന്മ നിറഞ്ഞ കഥ ഒരു വര്‍ഷം മുന്നേയാണ് പള്ളിപ്പുറം ഗ്രാമം മലയാളികള്‍ക്ക് കാണിച്ചു തന്നത്. അലി അപ്പുവിന്റെ സമാന കഥയാണ് ഉദണ്ഡനും പറയാനുള്ളത്.
പള്ളിപ്പുറത്തിന്റെ കാവല്‍ക്കാരനായിരുന്നു ഉദണ്ഡന്‍. ഓരോ വീട്ടുകാരും വീട്ടിലെ ഒരംഗത്തെപ്പോലെയാണ് അവനെ പരിഗണിച്ചത്. നാട്ടിലെ എല്ലാ ചടങ്ങിലും അവനും സാന്നിധ്യം രേഖപ്പെടുത്തി. പ്രായഭേദമന്യേ എല്ലാവര്‍ക്കും അവന്‍ കൂട്ടുകാരനായി.


എന്നാല്‍ ഒരു വര്‍ഷം മുന്നേ ഉദ്ദണ്ഡന്‍ മരണത്തിനു കീഴടങ്ങി.മരണകാരണം ഇന്നും നിഗൂഢമാണ്. വാഹനമിടിച്ചതാകാം എന്നാണ് വിലയിരുത്തല്‍. വഴിയരികില്‍ മരിച്ചു കിടന്ന ഉദണ്ഡന്റെ മൃതദേഹം പള്ളിപ്പുറത്തെ യുവാക്കള്‍ പട്ടില്‍ പൊതിഞ്ഞു എല്ലാ കര്‍മ്മങ്ങളോടെയും സംസ്‌ക്കരിച്ചു. മരണശേഷം 41 അടക്കമുള്ള ചടങ്ങുകളും നടത്തി. അവന്റെ ഓര്‍മ്മദിനത്തില്‍ കഴിഞ്ഞ ജൂണ്‍ 4 ന് പായസവിതരണവും ഉണ്ടായിരുന്നു. ഒട്ടും വൈകാതെ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് ഉദ്ദണ്ഡന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലത്ത് ഉദ്ദണ്ഡന്‍ സ്മാരക ബസ് വെയ്റ്റിങ് ഷെല്‍ട്ടറും പണിതു.

‘ ഇതെല്ലാം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കെല്ലാം വെറും കൗതുകമായി തോന്നിയേക്കാം. എന്നാല്‍ ഉദണ്ഡന്‍ ഇവിടത്തുകാര്‍ക്ക് കൗതുകമായിരുന്നില്ല. ഞങ്ങളില്‍ ഒരുവനായിരുന്നു. അതാണ് അവന്റെ ഓര്‍മ്മയ്ക്ക് ബസ് സ്റ്റോപ് പണിതത്. അവന്‍ ഇപ്പോഴും ഇവിടെയൊക്കെ തന്നെയുണ്ട്. ‘എന്ന് ഒളവണ്ണ സ്വദേശി ബിന്‍സി പറഞ്ഞു. അതെ,, ഉദണ്ഡനും അലി അപ്പുവുമൊക്കെ അടയാളപ്പെടുത്തലുകളാണ്. പള്ളിപ്പുറവും കുഞ്ഞിപ്പള്ളിയും കേരളത്തെ പഠിപ്പിക്കുകയാണ് സഹജീവി സ്നേഹത്തിന്റെ പുതിയ കഥകള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍