UPDATES

ട്രെന്‍ഡിങ്ങ്

“ഈ രാത്രി ആരും ഒറ്റയ്ക്കിരിക്കരുത്”; പ്രളയകാലത്ത് അഭയമായ പള്ളിയില്‍ കുത്തിയതോടുകാരുടെ ക്രിസ്തുമസ്

ആഘോഷങ്ങളില്ലെങ്കില്‍ എന്താ, ഈ ഒത്തൊരുമ തന്നെയല്ലേ ഏറ്റവും വലിയ ക്രൈസ്തവ ദര്‍ശനം

മഹാപ്രളയത്തില്‍ നേഹയുടെ പെട്ടകം പോലെ കുത്തിയതോടെ ജനങ്ങള്‍ക്ക് അഭയമായ ആരാധനാലയമായിരുന്നു കുത്തിയതോട് സെന്റ്. ഫ്രാന്‍സീസ് സേവ്യേഴ്‌സ് പള്ളി. പ്രിയപ്പെട്ടവരില്‍ ചിലരെ എന്നന്നേക്കുമായി നഷ്ടപ്പെട്ടെങ്കിലും, വിലപ്പെട്ടതെല്ലാം കൈവിട്ടുപോയെങ്കിലും, ബാക്കിയുള്ള ജീവിത്തിന്റെ യാത്ര കുത്തിയതോടെ ജനങ്ങള്‍ പുനരാരംഭിച്ചതും ആ ക്രിസ്തീയ ദേവാലയത്തില്‍ നിന്നായിരുന്നു. ആ യാത്രയില്‍ തങ്ങള്‍ ആരുമാരും ഒറ്റയ്ക്കല്ലെന്ന് ആ മനുഷ്യരെ ഒരിക്കല്‍ ബോധ്യപ്പെടുത്തിയെന്നതാണ് മറ്റേത് ക്രിസ്തുമസ് ആഘോഷങ്ങളെക്കാളും കുത്തിയതോട് സെന്റ്. ഫ്രാന്‍സിസ് ദേവലായത്തിലെ ഇന്നലത്തെ ക്രിസ്തുമസ് രാത്രിയുടെ പ്രത്യേകത. ആഘോഷങ്ങളെന്നു പറയാന്‍ ഒന്നുമില്ലായിരുന്നെങ്കിലും സഹജീവി സ്‌നേഹത്തിന്റെ മാതൃകയായതിലൂടെയാണ് ഈ ദേവാലയവും അവിടുത്തെ ക്രിസ്തുമസ് ആചരണവും ശ്രദ്ധേയമാകുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തിലും പേമാരിയിലും വന്‍നാശമാണ് എറണാകുളം പറവൂരിലെ നോര്‍ത്ത് കുത്തിയതോടും സംഭവിച്ചത്. കുന്നുകര പഞ്ചായത്തിലെ ഈ താഴ്ന്ന പ്രദേശത്തെ പൂര്‍ണമായും വീടുകള്‍ വെള്ളത്തിലായി എന്നു പറയാം. ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിയെങ്കിലും അവിടെയും വെള്ളം കയറി. പോകാന്‍ മറ്റൊരിടമില്ലാതായതോടെ ജാതിമതഭേദമന്യേ ജനങ്ങള്‍ അഭയം തേടിയെത്തിയത് പടിഞ്ഞാറെ പള്ളി എന്നറിയപ്പെടുന്ന സെന്റ്. സേവ്യേഴ്‌സ് പള്ളിയിലായിരുന്നു. പള്ളിയുടെ പാരിഷ് ഹാള്‍, പള്ളിമേട, പാരിഷ് ഹാളിനോട് ചേര്‍ന്നുള്ള ഇരുനില വീടുകള്‍, പള്ളിയോട് ചേര്‍ന്നുള്ള മഠം എന്നിവിടങ്ങളിലായി ആയിരത്തിയഞ്ഞൂറോളം പേരാണ് അഭയം തേടിയത്. പക്ഷേ, ദുരന്തം അവിടെയും കാത്തിരിപ്പുണ്ടായിരുന്നു. ആളുകളില്‍ കുറെയധികം പേര്‍ പള്ളി ഹാളിലും ബാക്കിയുള്ളവര്‍ പള്ളി മേടയിലുമായിരുന്നു കഴിഞ്ഞത്. ദുരന്തം വന്നത് പള്ളിമേടയിലായിരുന്നു. രണ്ടു ദിവസത്തോളം ഭക്ഷണമോ വെള്ളമോ കിട്ടാനില്ലാതെ വലഞ്ഞ അഭയാര്‍ത്ഥികള്‍ക്ക് നാവിക സേനയുടെ ഹെലികോപ്റ്ററിലാണ് ഭക്ഷണമെത്തിച്ചത്. ആഹാരസാധനങ്ങള്‍ വാങ്ങാനായി കൂടുതല്‍ പേര്‍ പള്ളിമേടയുടെ ഒന്നാം നിലയില്‍ കൂടിയതോടെ കാലപ്പഴക്കം ഉണ്ടായിരുന്ന മേടയുടെ ഒരുവശം ഇടിഞ്ഞു വീണു. മേടയുടെ ചുറ്റും ഒരാള്‍പൊക്കത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്ന നേരത്തായിരുന്നു കെട്ടിടം ഇടിഞ്ഞു വീഴുന്നത്. അപകടം ഉണ്ടായ ഉടനെ ക്യാമ്പുകളില്‍ ഉണ്ടായിരുന്നവര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയെങ്കിലും എല്ലാവരേയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ആറു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. മൂന്നു ദിവസത്തോളം മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. പ്രിയപ്പെട്ടവര്‍ ജീവനറ്റ് കിടക്കുമ്പോള്‍ നിസ്സഹായരായി അപ്പുറത്ത് കഴിയേണ്ടി വന്നു കുത്തിയതോടുകാര്‍ക്ക്.

നോമ്പ്, പാതിരാക്കുര്‍ബാന, അപ്പം, ഇറച്ചി, അരയ്ക്കല്‍, വറക്കല്‍, പുല്‍ക്കൂട്ടിലെ ഉണ്ണീശോകള്‍; മ്യൂസ് മേരിയുടെ കാഞ്ഞിരപ്പള്ളി ക്രിസ്തുമസ്

പെരിയാറും ചാലക്കുടി പുഴയും മാഞ്ഞാലി കായലും ചുറ്റിപ്പോകുന്ന ഈ താഴ്ന്ന പ്രദേശം അതുവരെ കണ്ടിട്ടില്ലാത്ത മഹാദുരന്തമായിരുന്നു വളരെ അപ്രതീക്ഷിതമായി കടന്നു വന്നത്. മാസങ്ങള്‍ പിന്നിടുമ്പോഴും അവരിപ്പോഴും ആ ഞെട്ടലില്‍ നിന്നും വേദനയില്‍ നിന്നും മുക്തരായിട്ടില്ല. അതറിയാവുന്നതുകൊണ്ടാണ് സെന്റ്. സേവ്യേഴ്‌സ് പള്ളി വികാരി ഫാ. കുര്യന്‍ കട്ടക്കയവും ഭരണസമിതിക്കാരും ചേര്‍ന്ന് ഇടവകാംഗങ്ങളെ എല്ലാവരേയും ക്രിസ്തുമസ് രാത്രിയില്‍ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വലിയ ആഘോഷമൊന്നും ഒരുക്കിയിരുന്നില്ലെങ്കിലും ഈ രാത്രി ആരും ഒറ്റയ്ക്കിരിക്കരുത്. കഴിഞ്ഞ സംഭവങ്ങളോര്‍ത്ത് ദുഃഖിക്കരുത്. അതിനായിരുന്നു പള്ളിയില്‍ ആ കൂട്ടായ്മയൊരുക്കിയത്. ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍, കിട്ടപ്പാടം നഷ്ടപ്പെട്ടവര്‍, അദ്ധ്വാനിച്ച് കൂട്ടിവച്ചവയൊക്കെയും പോയവര്‍; സാധാരണക്കാരായ ആ മനുഷ്യര്‍ക്ക് അവരുടെ ജീവിതത്തില്‍ ആദ്യമായിട്ട് ഒരു ക്രിസ്തുമസ് ആഘോഷിക്കണോ എന്നറിയാത്ത അവസ്ഥയായിരുന്നു. ആ അവസ്ഥയില്‍ നിന്നാണ് എല്ലാവരുടെയും മനസ് ശാന്തമാക്കാനും സന്തോഷം പകരാനും പടിഞ്ഞാറെ പള്ളിയധികൃതര്‍ മുന്നിട്ടറങ്ങിയത്. വൈകുന്നേരം ആറുമണിയോടെ എല്ലാവരും പള്ളിയില്‍ ഒത്തുചേര്‍ന്നു. പുല്‍ക്കൂടൊരുക്കി, പട്ട് മത്സരം നടത്തി, അങ്ങനെ ചെറിയ ചെറിയ സന്തോഷങ്ങള്‍. രാത്രി എട്ടുമണിയോടെ എല്ലാവരും വീടുകളിലേക്ക് പോയെങ്കിലും പതിനൊന്നു മണിയോടെ വീണ്ടും പള്ളിയില്‍ തിരിച്ചെത്തി. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ ജോസ് പുത്തന്‍വീട്ടില്‍ കുര്‍ബാന അര്‍പ്പിക്കാനെത്തി. ഉണ്ണിയേശുവിന്റെ തിരുപ്പിറവി അവര്‍ ഒരുമിച്ചിരുന്ന് ആഘോഷിച്ചു. പാട്ടും പ്രാര്‍ത്ഥനകളുമായി പുലര്‍ച്ചെ മൂന്നുവരെ. പിന്നെ വീണ്ടും വീടുകളിലേക്ക്.

അവരുടെ നഷ്ടങ്ങളുടെ വേദന ഒരിക്കലും മാറുന്നില്ല. എന്നാലും അവര്‍ ജീവിതത്തിലേക്ക് തിരികെ വരികയാണ്. ആ തിരിച്ചുവരവ് അവര്‍ ഒരുമിച്ച് നിന്നാണ്. പ്രളയകാലത്തെ പരസപരം കൈകോര്‍ത്ത് അതിജീവിച്ചപോലെ. ഈ ക്രിസ്തുമസ് അവരെ വീണ്ടും അടുപ്പിക്കുകയായിരുന്നു. ആരുമാരും ഒറ്റയ്ക്കല്ലെന്ന അവര്‍ ഒരിക്കല്‍ കൂടി മനസിലാക്കിയ ഒരു ക്രിസ്തുമസ് രാത്രി. ആഘോഷങ്ങളില്ലെങ്കില്‍ എന്താ, ഈ ഒത്തൊരുമ തന്നെയല്ലേ ഏറ്റവും വലിയ ക്രൈസ്തവ ദര്‍ശനം.

മെത്രാന്മാരെ, അവൻ നിങ്ങളുടെ ബലി സ്വീകരിക്കില്ല; ഈ ക്രിസ്തുമസിന് ക്രിസ്തു കുറവിലങ്ങാട് മഠത്തിൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍