UPDATES

കുട്ടികളെ നോവിക്കുമ്പോള്‍ ഏത് ഭഗവതിയാണ് സന്തോഷിക്കുക? കുത്തിയോട്ട വിവാദ നിഴലില്‍ ആറ്റുകാല്‍ പൊങ്കാല

കുട്ടികളുടെ ശരീരത്തില്‍ പച്ചയ്ക്ക് മുറിവുണ്ടാക്കി രക്തം ഭഗവതിക്ക് കൊടുക്കുന്ന ആചാരത്തിനെതിരെ കോടതിയും ബാലാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ടെങ്കിലും ചൂരല്‍മുറി എന്ന ആചാരം ആറ്റുകാലും ചെട്ടിക്കുളങ്ങരയിലും ഇന്നും നടന്നുവരുന്നു

ഇന്ന് ആറ്റുകാല്‍ പൊങ്കാല. സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിന്റെ വിളിപ്പേര്. ഓരോ വര്‍ഷവും പങ്കെടുക്കുന്ന ഭക്തരുടെ എണ്ണം കൂടുന്നു എന്ന അവകാശവാദമാണ് ക്ഷേത്രം ഭാരവാഹികള്‍ക്ക്. മുഖ്യധാര മാധ്യമങ്ങള്‍ അതിനനുസരിച്ച് പ്രചണ്ഡമായ പ്രചരണം നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ആചാരത്തിന്റെ പേരില്‍ കാലങ്ങളായി ആണ്‍കുട്ടികളെ മാനസികമായും ശാരീരികമായും പീഢിപ്പിക്കുന്ന കുത്തിയോട്ടത്തെക്കുറിച്ച് സര്‍വ്വ ഐശ്വര്യത്തിനും വേണ്ടി ആറ്റുകാലില്‍ പ്രാര്‍ത്ഥിച്ചു മടങ്ങുന്ന എത്രപേര്‍ സംസാരിക്കും? കാലങ്ങളായി നടന്നുവരുന്ന ഈ അനാചാരം നിര്‍ത്തേണ്ടുന്ന കാലമായെന്നും, കുട്ടികളുടെ സമ്മതത്തോടെയല്ലാതെയാണ് ഇത്തരം പീഢനങ്ങള്‍ അവര്‍ക്കുനേരെ നടക്കുന്നതെന്നും കഴിഞ്ഞദിവസം ഡി.ജി.പി ആര്‍ ശ്രീലേഖ തന്റെ ബ്ലോഗില്‍ എഴുതിയതോടെ കുത്തിയോട്ടം ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ്.

കുട്ടികളുടെ ശരീരത്തില്‍ പച്ചയ്ക്ക് മുറിവുണ്ടാക്കി രക്തം ഭഗവതിക്ക് കൊടുക്കുന്ന ഈ ആചാരത്തിനെതിരെ കോടതിയും ബാലാവകാശ കമ്മീഷനും ഇടപെട്ടിട്ടുണ്ടെങ്കിലും ചൂരല്‍മുറി എന്ന ആചാരം ആറ്റുകാല്‍ക്ഷേത്രത്തിലും ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലും ഇന്നും നടന്നുവരുന്നു. അതായത് ഭക്തിയുടെ പേരില്‍ പരസ്യമായ നിയമലംഘനം നടക്കുന്നു എന്നര്‍ത്ഥം. കുത്തിയോട്ടം എന്ന അനുഷ്ഠാനത്തിലെ ചൂരല്‍മുറി എന്ന പേരില്‍ ക്ഷേത്രങ്ങളില്‍ നടക്കുന്നത് പുതിയ രീതിയിലുള്ള കുരുതി തന്നെയാണ്. കുട്ടികളെ കുരുതിക്ക് അണിയിച്ചൊരുക്കിയതിന് ശേഷം കുട്ടിയുടെ ശരീരം മുറിച്ച് രക്തം ഭഗവതിക്ക് സമര്‍പ്പിക്കുകയുമാണ് ചെയ്യുന്നത്.

എന്താണ് കുത്തിയോട്ടം?

ദക്ഷിണകേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളില്‍ ഹൈന്ദവ ആചാരത്തിന്റെ ഭാഗമായി നടത്തുന്ന വഴിപാടാണ് കുത്തിയോട്ടം. ദക്ഷിണകേരളത്തില്‍ പ്രധാനമായും ചെട്ടിക്കുളങ്ങര, ആറ്റുകാല്‍ എന്നീ ക്ഷേത്രങ്ങളിലാണ് ഈ ആചാരം ഇന്ന് നിലവിലുള്ളത്. ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന കുത്തിയോട്ടം എന്ന ചടങ്ങില്‍ എട്ടിനും പന്ത്രണ്ടിനും ഇടയിലുള്ള ആണ്‍കുട്ടികളെയാണ് പങ്കെടുപ്പിക്കുന്നത്. എന്നാല്‍ ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലും ആറ്റുകാലും നടത്തുന്ന കുത്തിയോട്ടത്തില്‍ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ കുത്തിയോട്ടത്തിനായി വഴിപാടുള്ളയാള്‍ കുട്ടികളെ പണം നല്‍കി കണ്ടെത്തുകയാണ് ചെയ്യുന്നതെന്നാല്‍ ആറ്റുകാലില്‍ സ്വന്തം കുട്ടികളെയാണ് കുത്തിയോട്ടത്തിനായി ഉപയോഗിക്കുന്നത്. ഒരു കുത്തിയോട്ട വഴിപാടിന് ലക്ഷങ്ങളാണ് ചിലവ് വരുന്നത്.

ഒരാഴ്ചക്കാലം വ്രതമനുഷ്ഠിക്കുന്ന ബാലന്മാര്‍ക്ക് ദിവസേന നല്‍കുന്നത് അല്പമാത്രമായ ഭക്ഷണമാണ്. ദിവസവും തണുത്തവെള്ളത്തില്‍ മൂന്നുനേരം കുളിക്കല്‍, വെറും നിലത്ത് കിടത്തല്‍ മുതലായവയും ഇതിന്റെ ഭാഗമായി നടക്കുന്നു. ഏഴു ദിവസത്തിനുശേഷം കുട്ടിയെ ദേഹമാസകലം കളഭം പൂശി, തലയില്‍ തൊപ്പിവച്ച്, തറ്റുടുപ്പിച്ച്, അരമണികെട്ടി, ഇരുകൈകളും ശിരസിനുമുകളില്‍വച്ച് കയ്യില്‍ പഴുക്കാപാക്ക് തറച്ച കത്തി പിടിപ്പിക്കുന്നു. അരയില്‍ സ്വര്‍ണ്ണമോ, വെള്ളിയോ കൊണ്ടുനിര്‍മ്മിച്ച നൂല്‍ ചുറ്റുന്നു. ഈ നൂല്‍ചുറ്റുന്ന പ്രക്രിയയെയാണ് ചൂരല്‍മുറി എന്നാണ് പറയുന്നത്. സാധാരണഗതിയില്‍ ചൂരല്‍മുറിയില്‍ കെട്ടുന്ന നൂലില്‍ രക്തം പുരളണമെന്നാണ് വിശ്വാസം. ആയതിനാല്‍ നൂല്‍ കെട്ടുന്നതിനുപകരം നൂല്‍ ശരീരത്തിലൂടെ കുത്തിക്കയറ്റുകയാണ് ചെയ്യുക.

വെഞ്ചാമരവും മറ്റ് അലങ്കാരത്തോടെയും അമ്പലത്തിലെത്തിക്കുന്ന കുട്ടികളുടെ ദേഹത്തുനിന്ന് ലോഹനൂല്‍ ഊരിയെടുത്ത് ദേവിക്ക് സമര്‍പ്പിക്കുന്നതോടെയാണ് വഴിപാട് അവസാനിക്കുന്നത്. സാധാരണയായി ഒരു ആശാന്റെ കീഴിലാണ് കുത്തിയോട്ടം എന്ന വഴിപാട് നടത്തുന്നത്. ഇതിനായിത്തന്നെ അമ്പലത്തിന്റെ പരിസരപ്രദേശങ്ങളിലായി നിരവധി ആശാന്മാരും കുത്തിയോട്ടസംഘങ്ങളുമുണ്ട്.

മഹിഷാസുര യുദ്ധത്തില്‍ ഭഗവതിക്കുവേണ്ടി പടവെട്ടിവരുന്ന ഭടന്മാരായാണ് ഒരുകൂട്ടമാളുകള്‍ ബാലന്മാരെ സങ്കല്‍പ്പിക്കുന്നതെങ്കില്‍, മറ്റൊരു ഐതിഹ്യത്തില്‍ ബാലന്മാരെ കാളിക്ക് കുരുതിയ്ക്കായി കൊണ്ടുവരുന്നവരാണെന്നും, ആധുനിക സമൂഹത്തില്‍ കുരുതി നിഷിദ്ധമായതിനാലാണ് കുരുതിക്ക് പകരമായി കുട്ടികളുടെ രക്തം ഭഗവതിക്ക് നല്‍കുന്നതെന്നുമാണ് വിശ്വാസം.

ഇത്തവണ ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ മാത്രം മുപ്പത്തിനാലോളം കുട്ടികളെയാണ് ചൂരല്‍മുറിക്ക് വിധേയരാക്കിയതെന്നാണ് അനൗദ്യോഗികമായ കണക്ക്. ആറ്റുകാലില്‍ ആയിരക്കണക്കിന് കുട്ടികളാണ് ചൂരല്‍മുറിക്ക് വിധേയരാകുന്നത്. ചെട്ടിക്കുളങ്ങര ഭരണിക്ക് നടക്കുന്ന ചൂരല്‍മുറി എന്നത് സാമൂഹികമായും, സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ വഴിപാട് നടത്തുന്നവര്‍ പണംകൊടുത്തുവാങ്ങി അനുഷ്ഠാനത്തിന്റെ ഭാഗമാക്കുന്നതാണ്. കുത്തിയോട്ടത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക്, ശരീരം മുറിക്കണം എന്നത് മാതാപിതാക്കള്‍ നേരത്തെ പറഞ്ഞുകൊടുക്കാറില്ല. ശരീരത്തില്‍ ലോഹനൂല്‍ കുത്തിക്കയറ്റുമ്പോള്‍ കുട്ടികള്‍ ആര്‍ത്തുകരയുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്.

എനിക്കും എന്റെ മകനുമില്ലാത്ത വിഷമം ജിതേഷ് ദാമോദറിനെന്തിനാണ്?

സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിലപാട്

ഡിജിപി ശ്രീലേഖയുടെ ബ്ലോഗ് വിവാദമായതിന് പിന്നാലെ കുത്തിയോട്ടത്തിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. 2016-ല്‍ ഇതേ കുറിച്ച് പ്രതികരിച്ചതിന് ശേഷം ഇപ്പോഴാണ് ബാലാവകാശ കമ്മീഷന്‍ നടപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. 2016 നവംബറില്‍ ബാലാവകാശ കമ്മീഷന്‍ കുത്തിയോട്ടം നടത്താന്‍ പാടില്ലായെന്നു വ്യക്തമാക്കി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ശ്രീദേവിവിലാസം ഹിന്ദുമത കണ്‍വെന്‍ഷന്‍ എന്ന ഹിന്ദു ആചാരസൂക്ഷിപ്പുസംഘടന ബാലാവകാശകമ്മീഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ പോവുകയും അവിടെയും അനുകൂലമല്ലാത്ത ഉത്തരവ് കിട്ടുകയും ചെയ്തിട്ടും, ഇന്നും കുത്തിയോട്ടം പരസ്യമായിതന്നെ നടക്കുന്നു. ചൂരല്‍മുറി എന്ന ആചാരം നിര്‍ത്തണമെന്നുതന്നെയാണ് ബാലാവകാശകമ്മീഷന്റെ നിലപാട്. സെക്ഷന്‍ 89, 319, 320, 349, 350, 351 പ്രകാരം കുത്തിയോട്ടം ശിക്ഷാര്‍ഹമാണെന്ന് ശ്രീലേഖ എഴുതിയിരുന്നു.

ശ്രീലേഖയുടെ ബ്ലോഗ് വായിക്കാം: Time to Stop this Yearly Crime in the Name of Faith!

കോടതിയുടെ ഇടപെടല്‍

2016ല്‍ ചൂരല്‍മുറിക്കെതിരെ കോടതി നിലപാടെടുത്തിരുന്നു. ചൂരല്‍മുറി നടത്തുന്നുണ്ടെന്ന് അറിയിപ്പു കിട്ടിയാല്‍ നടത്തിപ്പുകാര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി പറഞ്ഞത്. എന്നാലും കോടതിയുടെ ഇടപെടലും ആചാരത്തിന് വിലങ്ങാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കോടതിയിലേക്ക് പെറ്റീഷനുമായി നീങ്ങാനാണ് അഭിഭാഷക കൂട്ടായ്മയുടെ തീരുമാനമെന്ന് സാമൂഹ്യ പ്രവര്‍ത്തകയായ അഡ്വ. സന്ധ്യ എസ്.എന്‍ പറയുന്നു.

കോടതിയുടെ ഇടപെടലുകൊണ്ടു മാത്രം മാറ്റിയെടുക്കാന്‍ കഴിയുന്നതല്ല ചൂരല്‍മുറി. ബോധവല്‍ക്കരണമാണ് വേണ്ടത്. ഈ നൂറ്റാണ്ടിലും ആളുകള്‍ ഇത്തരത്തിലുള്ള ആചാരങ്ങള്‍ക്ക് പാത്രമാകുന്നുണ്ടെന്നത് സങ്കടജനകമാണ്. ബാലാവകാശകമ്മീഷന്റെ തണുപ്പന്‍ പ്രതികരണവും അന്വേഷിക്കണം. കുട്ടികളെ നോവിക്കുമ്പോള്‍ ഏത് ഭഗവതിക്കാണ് സന്തോഷം വരുന്നതെന്നറിയില്ല. കുട്ടികള്‍ ദൈവത്തിന്റെ തനിരൂപമാണെന്ന് പറഞ്ഞിട്ടാണ് അവരെത്തന്നെ ഉപദ്രവിക്കുന്നത്. ഒരു കോടതി ഉത്തരവ് എന്നതിനപ്പുറം മനുഷ്യരുടെ ചിന്താഗതിയാണ് മാറേണ്ടത്.” അഡ്വ. സന്ധ്യ പറഞ്ഞു.

‘നല്ല നായന്മാര്‍ക്കും ബ്രാഹ്മണന്മാര്‍ക്കും ഇടയിലേക്ക് ഒരു ചോകോനോ’? ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനായ ശാന്തിക്കാരന് അയിത്തം

നിരോധിക്കപ്പെടേണ്ടതാണെന്ന നിലപാടുണ്ടെങ്കിലും ബാലാവകാശ കമ്മീഷനും മറ്റു നിയമസംവിധാനങ്ങളും വിശ്വാസം എന്നതിന്റെ പേരിലാണ് നിയമനടപടിക്ക് മുതിരാത്തത്. വിശ്വാസത്തിന്റെ പേരില്‍ മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന കാട്ടിക്കൂട്ടലുകളെ നിശിതമായി വിമര്‍ശിക്കുന്ന കേരളീയരാണ് തങ്ങളുടെ നാട്ടിലെ ദുരാചാരങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നത് എന്നതോര്‍ക്കണം. എന്നാല്‍ വിശ്വാസത്തിനെതിരെ സംസാരിക്കാന്‍ ആരും മുതിരാത്തതും, കുട്ടികളെ അവരുടെ മാതാപിതാക്കള്‍ സ്വന്തം ഇഷ്ടത്തോടെ വിടുന്നതാണെന്നതുമാണ് കുത്തിയോട്ടത്തെ ചോദ്യം ചെയ്യാന്‍ പലരും തയ്യാറാകാത്തത്. കുട്ടികളുടെ സംരക്ഷണത്തിനായി വളരെയേറെ നിയമങ്ങളുള്ള നാട്ടിലാണ് കുട്ടികളോട് ഇത്രവലിയ ക്രൂരത കാണിക്കുന്നത്.

മൂത്തുമൂത്തു മൂസ്സതാവരുതേ കടകംപള്ളി സഖാവേ…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍