UPDATES

‘കോപ്പിയടി വീരാ’ ദേവികുളം സബ് കളക്ടറെ…! രാജേന്ദ്രനും സംഘവും പണി തുടങ്ങിക്കഴിഞ്ഞു

ജോയ്സ് ജോര്‍ജ്ജ് എം പിയുടെ 20 ഏക്കര്‍ ഭൂമിയുടെ പട്ടയം റദ്ദാക്കിയ പ്രേംകുമാര്‍ ഐഎഎസിനും മലയിറക്കത്തിനു സമയമായോ?

എന്നും കോട മൂടി കിടക്കുന്ന പതിവില്ല മൂന്നാറിന്, വെയിലു പരന്ന് കോട മാറി നില്‍ക്കാറുമുണ്ട്. മൂന്നാറിലെ കയ്യേറ്റങ്ങളെ സംബന്ധിച്ചും ഇങ്ങനെയാണ്. കയ്യേറ്റക്കാരുടെ സ്വര്‍ഗമായി മാറിയ മൂന്നാറില്‍ ഇടയ്ക്കിടെ ചില ഒഴിപ്പിക്കലുകളും പട്ടയം റദ്ദാക്കലുകളുമൊക്കെ നടക്കും. മല കയറി വരുന്ന ചില പൂച്ചകളുടെ മിടുക്ക്. പക്ഷേ വെയിലിന്റെ കാര്യം പറഞ്ഞപോലെയാണ്, പെട്ടെന്നൊരു ദിവസം ഈ പൂച്ചകളും മലയിറങ്ങി പോകും. ഇപ്പോള്‍ വീണ്ടുമൊരു വെയിലടിയുടെ ലക്ഷണം മൂന്നാറിനു മേല്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. കൊട്ടക്കാമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് എംപിയുടെ 20 ഏക്കര്‍ ഭൂമി കെട്ടിച്ചമച്ച രേഖകളുടെ അടിസ്ഥാനത്തില്‍ തട്ടിയെടുത്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍ പട്ടയം റദ്ദ് ചെയ്തതോടെയാണ് ഒരിടവേളയ്ക്കു ശേഷം മൂന്നാര്‍ വാര്‍ത്തകളില്‍ നിറയുന്നത്.

മൂന്നാറില്‍ ആരൊക്കെയാണ് കയ്യേറ്റക്കാര്‍ എന്നു തരം തിരിച്ചു പറയുക അസാധ്യമാണ്. രാഷ്ട്രീയക്കാരുണ്ട്, ബിസിനസുകാരുണ്ട്, വക്കീലന്മാരും സിനിമാതാരങ്ങളുമുണ്ട്, അങ്ങനെ പലരും. എന്നാല്‍ കയ്യേറ്റമൊഴിപ്പിക്കല്‍ പോലുള്ള സര്‍ക്കാര്‍ നടപടികള്‍ ഏതെങ്കിലും അതിരില്‍ നിന്നു തുടങ്ങിയെന്നറിഞ്ഞാല്‍ കയ്യേറ്റക്കാരെല്ലാം ഒറ്റക്കൈയാകും. അവര്‍ നേരിട്ടിറങ്ങിയൊരു ഏറ്റമുട്ടലിനൊന്നും നില്‍ക്കില്ല. എതിരാളിയെ തകര്‍ക്കാന്‍ ഒരു ചക്രവ്യൂഹം ചമയ്ക്കും. കേരളത്തില്‍ ഏതെങ്കിലും ഇടത്ത് ഒരു കാര്യത്തിനു മാത്രമായി രാഷ്ട്രീയക്കാര്‍ ഒന്നിക്കുന്നുണ്ടെങ്കില്‍ അത് മൂന്നാറിലെ കയ്യേറ്റങ്ങള്‍ സംരക്ഷിക്കാനാണ്. കയ്യേറ്റങ്ങളെന്ന വാക്ക് അവരൊരിക്കലും ഉപയോഗിക്കില്ല, കുടിയേറ്റമാണ് അവരുടെ ഭാഷയില്‍. ‘കുടിയേറ്റം’, ‘നിയമപരമായി’ വാങ്ങിയ ഭൂമി ഇവയൊക്കെ സംരക്ഷിക്കാന്‍ അരയും തലയും മുറുക്കി രാഷ്ട്രീയക്കാര്‍ ഇറങ്ങും. വേണമെങ്കില്‍ നാടു ഭരിക്കുന്ന മന്ത്രി വരെ. രാഷ്ട്രീയക്കാരുടെ പ്രതിഷേധം കൊണ്ടു മാത്രം കാര്യമില്ലെന്ന് അറിയാവുന്നതു കൊണ്ട് അതാത് സമയത്ത് സമരമുന്നണിയെന്നോ, ജനകീയ മുന്നണിയെന്നോ, സേവ് മൂന്നാര്‍ ഫോറമെന്നോ ഒക്കെ പേരിട്ട് ഒരാള്‍ക്കൂട്ടത്തെ തയ്യാറാക്കും. പിന്നെ ഗാന്ധി പ്രതിമയ്ക്കു മുന്നിലില്‍ നിന്നും മൂന്നാര്‍ നഗരം ചുറ്റി ഒരു ജാഥ. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തുടങ്ങിയാല്‍ അത് വേഗം തന്നെ നഗരത്തിലേക്കും വരുമെന്നും അങ്ങനെ വരുമ്പോള്‍ ഇപ്പോഴുള്ള പല സ്ഥാപനങ്ങളും കടകളുമൊക്കെ ജെസിബി കൈകള്‍ക്ക് ഇരകളാകുമെന്നും പ്രചാരണം അഴിച്ചു വിടും. തലയില്‍ പൂടയിരിപ്പുണ്ടെന്ന് അറിയാവുന്നതുകൊണ്ട് സമരത്തിനും പ്രതിഷേധത്തിനുമൊക്കെ എല്ലാവരും തയ്യാറാക്കും. ഈ പ്രതിഷേധങ്ങള്‍ക്ക് ജനകീയ പ്രതിഷേധമെന്നൊരു പേരും നല്‍കി സര്‍ക്കാരിനു മുന്നില്‍ അവതരിപ്പിക്കും. ജനങ്ങളെ ബുദ്ധിമുട്ടിച്ച് ഒന്നും വേണ്ടായെന്ന് തീരുമാനിക്കുന്ന ജനാധിപത്യ ഭരണകൂടം അതോടെ ഒഴിപ്പിക്കാനിറങ്ങിയവരെ മൂന്നാറില്‍ നിന്നും ഒഴിപ്പിക്കും!

എസ്. രാജേന്ദ്രന്‍ ഭൂമാഫിയയുടെ ആളെന്ന് വിഎസ്; മൂന്നാറില്‍ കയ്യേറ്റം കൂടിയത് യുഡിഎഫ് കാലത്ത്

ഇടുക്കിയുടെ ജനപ്രതിനിധിയുടെ തന്നെ പട്ടയം റദ്ദാക്കിയതിലൂടെ ഹൈറേഞ്ചില്‍ നിന്നുള്ള മടക്കയാത്രയ്ക്ക് പേരെഴുതി കൊടുത്തു കഴിഞ്ഞ ദേവികുളത്തെ പുതിയ സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാറിന്, ആ യാത്ര എത്രയും നേരത്തെയാക്കി കൊടുക്കാന്‍ പതിവു കലാപരിപാടികള്‍ മൂന്നാറില്‍ തുടങ്ങി കഴിഞ്ഞു. ഉത്സാഹ കമ്മറ്റിയിലെ പ്രധാന അംഗമായ ദേവികുളം എംഎല്‍എ എസ്‌ രാജേന്ദ്രനു തന്നെയാണ് പ്രേംകുമാറിന്റെ കാര്യത്തിലും കൂടുതല്‍ ആവേശം. ജോയ്‌സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയത് മര്യാദ കേട് എന്നതുമാത്രമല്ല, അതു ചെയ്ത പ്രേം കുമാര്‍ പേരിനു പിന്നില്‍ വച്ചുകൊണ്ടു നടക്കുന്ന ഐഎഎസ് കോപ്പിയടിച്ച് നേടിയതാണെന്നും രാജേന്ദ്രന്‍ കണ്ടെത്തിയിരിക്കുകയാണ്. സബ് കളക്ടറുടെ പ്രവര്‍ത്തികളില്‍ വേറെ ചില സംശയങ്ങളും രാജേന്ദ്രന് ഉണ്ട്. മറ്റാരുടെയോ നിയന്ത്രണത്തിലാണ് പ്രേംകുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് എംഎല്‍എ മനസിലാക്കുന്നത്. എന്തായാലും റവന്യു വകുപ്പും വനം വകുപ്പും ചേര്‍ന്ന് മൂന്നാറിലെ സ്ഥിതി വീണ്ടും വഷളാക്കിയിരിക്കുകയാണ്. സര്‍ക്കാരിനെതിരേ സമരം ചെയ്യേണ്ട സ്ഥിതി വന്നിരിക്കുകയാണെന്നും രാജേന്ദ്രന്‍ തുറന്നടിച്ചു. ആര്‍ക്കാണ് സമരം ചെയ്യേണ്ടതായി വന്നിരിക്കുന്നതെന്നു പക്ഷേ പറഞ്ഞില്ല. പകരം പതിവ് നാടകസംഘം രൂപീകരിച്ചു. ഇത്തവണയതിന്റെ പേര് മൂന്നാര്‍ സംരക്ഷണ സമിതി എന്നാണ്. ശ്രീരാം വെങ്കിട്ടരാമന്റെ സമയത്ത് മൂന്നാര്‍ ജനകീയ സമിതിയെന്നോ മറ്റോ ആയിരുന്നു. വിവിധ രാഷ്ട്രീയ കക്ഷികള്‍, വ്യാപാരികള്‍, ഹൈറേഞ്ച് സംരക്ഷണ സമിതി തുടങ്ങി മൂന്നാറില്‍ ‘ സംരക്ഷണം’ വേണ്ടവര്‍ക്കെല്ലാം പുതിയ സമിതിയില്‍ അംഗത്വം കൊടുത്തു. പക്ഷേ സിപിഐയ്ക്ക് സ്ഥാനമില്ല. അവരിപ്പോള്‍ പൂര്‍ണമായും ശത്രുപക്ഷത്താണ്. സമിതി രൂപീകരിച്ചു, ഉദ്യോഗസ്ഥനെ ഭള്ള് പറഞ്ഞു(പ്രേം കുമാറിനു നിലവില്‍ കോപ്പിയടിക്കാരെന്ന വിശേഷണമേ ചാര്‍ത്തിയിട്ടുള്ളു, ശ്രീറാം വെങ്കിട്ടരാമനു കിട്ടിയതു പോലെ, ചെറ്റ, തലയ്ക്കു സുഖമില്ലാത്തവന്‍, കാമറയ്ക്കു മുന്നില്‍ ഷോ കാണിക്കുന്നവന്‍ തുടങ്ങിയ പട്ടങ്ങളൊക്കെ അടുത്ത ഘട്ടത്തിലായിരിക്കും. ഇതിപ്പോള്‍ രാജേന്ദ്രനല്ലേ ആയിട്ടുള്ളൂ, ഇനിയുമുണ്ടല്ലോ കോണ്‍ഗ്രസിലും സിപിഎമ്മിലുമൊക്കെയായി ഒരേ പേരുള്ള നേതാക്കന്മാര്‍. അവര്‍ കൂടി രംഗത്തു വന്നോട്ടെ), അടുത്തത് ഹര്‍ത്താലാണ് (അതാണതിന്റെയൊരു പതിവ് ക്രമം). 21 നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതു കൂടി കഴിയുന്നതോടെ ഏകദേശം പ്രവചിക്കാന്‍ കഴിയും പ്രേംകുമാര്‍ ഐഎഎസിന് അധികകാലം മഞ്ഞുകൊള്ളേണ്ടി വരുമോയെന്ന്…

"</p

ഒരു കാര്യം ഉറപ്പാണ്, തോമസ് ചാണ്ടിയെ രാജിവയ്പ്പിക്കാന്‍ കാണിച്ച ആത്മാര്‍ത്ഥയൊന്നും ദേവികുളത്തെ സബ് കളക്ടറെ സംരക്ഷിക്കാന്‍ സിപിഐക്ക് ഉണ്ടാവില്ല. ചാണ്ടിയുടെ കാര്യത്തില്‍ സിപിഐക്ക് എന്ത് നഷ്ടപ്പെടാന്‍? അതുപോലല്ലോ മൂന്നാറില്‍, സഖാവ് പികെ വാസുദേവന്‍ നായര്‍ക്കും ഭാര്യക്കും കൂടി കാര്‍ഷികഭൂമിയായി പതിച്ചു കിട്ടിയ നാലു സെന്റില്‍ ഇപ്പോഴുള്ള പാര്‍ട്ടി ഓഫിസ് പൊളിച്ചു മാറ്റി പികെവിയുടെ പ്രതിമ സ്ഥാപിക്കേണ്ടി വരുമെന്നതുള്‍പ്പെടെ പലതിനെക്കുറിച്ചും ഓര്‍ക്കണം. പിന്നെ, കഴിയുന്നത്രയൊക്കെ ചെയ്യാന്‍ പറയാം, വി എസ് ചെയ്യിപ്പിച്ചപോലെ. ഐഎഎസുകാര്‍ക്ക് ഇരിക്കാന്‍ പറ്റിയ കസേര ദേവികുളത്ത് മാത്രമല്ലല്ലോ ഉള്ളത്. അതുകൊണ്ട് വി ആര്‍ പ്രേംകുമാര്‍ ഐഎഎസ്സിനു വേണ്ടി ഒരു ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ തയ്യാറാക്കി വച്ചേക്കൂ.

മാധ്യമങ്ങള്‍ക്ക് ‘കയ്യേറാന്‍’ കഴിയാത്ത ദേവികുളം സബ് കളക്ടര്‍ വി ആര്‍ പ്രേം കുമാര്‍ ഐഎഎസ്‌

പറഞ്ഞു നിര്‍ത്തുന്നതിനു മുമ്പ് രജേന്ദ്രന്‍ എംഎല്‍എയെക്കുറിച്ച് കുറച്ചുകൂടി പറയേണ്ടതില്ലേയെന്നു തോന്നുന്നു… നീ പറിക്കുന്നതെല്ലാം ആവശ്യമില്ലാത്ത ആണിയായിരിക്കുമെന്നു പറയുന്നതുപോലെയാണ്, സബ് കളക്ടര്‍മാര്‍ കയ്യേറ്റമാണെന്നു ചൂണ്ടിക്കാണിക്കുന്ന ഭൂമിയെല്ലാം നിയമപരമാണെന്ന് രാജേന്ദ്രന്‍ സമര്‍ത്ഥിക്കുന്നത്. സ്വന്തം ഭൂമിയുടെ കാര്യത്തില്‍ മാത്രമല്ല എംഎല്‍എയ്ക്ക് ഈ തീര്‍ച്ചയുള്ളത്. രാജേന്ദ്രന്‍ തുടര്‍ച്ചയായി എംഎല്‍എ ആകുന്നതൊക്കെ ജനങ്ങളുടെ മാത്രം താത്പര്യം കൊണ്ടല്ലല്ലോ! കയ്യേറ്റമൊഴിപ്പിക്കലെന്നോ മറ്റോ കേട്ടാല്‍ അതിലിടപെടുന്നതിനു രാജേന്ദ്രന്‍ കാണിക്കുന്ന ടൈംമിഗ് അപാരമാണ്. തെല്ലിട വൈകില്ല. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് മൂന്നാറിലെ തേയില കമ്പനിക്കു മുന്നില്‍ കുറെ സ്ത്രീകള്‍ സമരം കിടന്നപ്പോള്‍ പക്ഷേ രാജേന്ദ്രന് ഈ ടൈമിംഗ് പാലിക്കാന്‍ പറ്റിയില്ല. നേരം കണ്ടെത്തി ചെന്നപ്പോഴാകട്ടെ, പെണ്ണുങ്ങള്‍ ചെരുപ്പൂരി… പിന്നെ മറ്റൊരു സമര പന്തല്‍ കെട്ടി, തിരുവനന്തപുരത്തു നിന്നും മറ്റും നേതാക്കളെ കൊണ്ട് വന്ന് അടുത്തിരുത്തിയൊക്കെയാണ് മുഖമൊന്നു വെളിപ്പിച്ചത്. ഈ സംഭവമൊക്കെ ഉണ്ടായതുകൊണ്ട് അടുത്ത തെരഞ്ഞെടുപ്പില്‍ രാജേന്ദ്രന്‍ മത്സരിച്ചാല്‍ ജയിക്കില്ലെന്നും രാജേന്ദ്രനെ മത്സരിപ്പിക്കാന്‍ സിപിഎം തയ്യാറാകില്ലെന്നുമൊക്കെ കേട്ടിരുന്നു. പക്ഷേ പെമ്പുളൈ ഒരുമൈക്കാരുടെ സമരമല്ല, ആ സമരത്തില്‍ പങ്കെടുക്കാന്‍ രാജേന്ദ്രന്‍ വൈകിയതെന്തുകൊണ്ടാണെന്ന ലോജിക്ക് മനസിലാക്കിയവര്‍ക്കറിയാമായിരുന്നു അടുത്ത തവണയും അദ്ദേഹം നിയമസഭയിലെത്തുമെന്ന്. രാജേന്ദ്രനെന്നാ സുമ്മാവാ!!!

എസ് രാജേന്ദ്രന്‍ എംഎല്‍എയുടേത് വ്യാജപട്ടയം; സഭയില്‍ സമ്മതിച്ച് റവന്യു മന്ത്രി

കയ്യേറ്റമെന്ന് കേട്ടാല്‍ രാജേന്ദ്രന് കലി വരുന്നത് എന്തുകൊണ്ടാണെന്നും ചിലര്‍ പറഞ്ഞിട്ടുണ്ട്. എസ് രാജേന്ദ്രന്‍ എംഎല്‍എ ഭൂമാഫിയയുടെ ആളാണെന്ന കാര്യത്തില്‍ സംശയമില്ലെന്നു പറഞ്ഞത് സാക്ഷാല്‍ വി എസ് ആണ്. മൂന്നാറിലെ കയ്യേറ്റങ്ങളെക്കുറിച്ചും അതാരുടെയൊക്കെയാണെന്നതിനെ കുറിച്ചും സഖാവിന് ഭേഷായി അറിയാവുന്നതാണ്. അദ്ദേഹത്തിന്റെ പൂച്ചകളുടെ കാലുവെട്ടും വാലുവെട്ടുമെന്നൊക്കെ പറഞ്ഞ് ആളെക്കൂട്ടിയിറങ്ങിയവര്‍ രാജേന്ദ്രനും എംഎം മണിയുമൊക്കെയായിരുന്നല്ലോ. വി എസ് പറയുന്നത് ആരോപണം മാത്രമാണെന്നു സമതിച്ചാല്‍ തന്നെ മറ്റു ചില തെളിവുകളുണ്ടല്ലോ. ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ വീടിരിക്കുന്ന മൂന്നാറിലെ ഭൂമി വ്യാജപട്ടയം ഉപയോഗിച്ചു സ്വന്തമാക്കിയതാണെന്ന് പതിനാലാം കേരള നിയമസഭയില്‍ റവന്യു മന്ത്രി രേഖാമൂലം അറിയിച്ചിട്ടുണ്ട്. 2000-03 കാലയളവില്‍ കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്ന എ കെ മണി അധ്യക്ഷനായ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റിയാണ് തനിക്കു പട്ടയം നല്‍കിയെന്നായിരുന്നു രാജേന്ദ്രന്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാജേന്ദ്രന്റെ വാദം പൊള്ളയാണെന്ന് പുറത്തുവന്ന വിവരാവകാശ രേഖകളില്‍ നിന്നു നേരത്തെ തന്നെ വ്യക്തമായിരുന്നതാണ്. രാജേന്ദ്രന്‍ പറയുന്ന കാലയളവില്‍ ലാന്‍ഡ് അസൈന്‍മെന്റ് കമ്മിറ്റി കൂടിയിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ രാജേന്ദ്രന്റെ ഭൂമി കയ്യേറ്റഭൂമിയാണെന്ന ആരേപണവും ശക്തമായിരുന്നു. റവന്യു മന്ത്രിയുടെ മറുപടിയോടെ ആ ആരോപണത്തില്‍ സ്ഥിരീകരണവും ഉണ്ടായിരിക്കുകയാണ്.

"</p

മൂന്നാര്‍ ദൗത്യവുമായി വി എസ് പറഞ്ഞയച്ച സംഘത്തിലുണ്ടായിരുന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതുകൂടി കേള്‍ക്കാം; ഞങ്ങള്‍ മൂന്നാറില്‍ എത്തിയതിന്റെ രണ്ടാം ദിവസം ടി രാജേന്ദ്രന്‍ കുറെയാള്‍ക്കാരെയും കൂട്ടിവന്നു. ആ കൂട്ടത്തില്‍ നാലുപേര്‍ അവിടുത്തെ കൊച്ചുപെട്ടിക്കടക്കാരായിരുന്നു. വ്യാപാരി വ്യവസായി സംഘടനയുടെ അവിടുത്തെ ലോക്കല്‍ നേതാക്കള്‍ ആണെന്നും പറഞ്ഞു. നിങ്ങളുടെ കൊച്ചുപെട്ടിക്കടകളോ കുടിലുകളോ ഒന്നും ഞാന്‍ മാറ്റില്ല, വി എസ് ആ ഉറപ്പ് നിങ്ങള്‍ക്കു തന്നെ നേരിട്ട് തന്നിട്ടുള്ളതുമാണ്. ഞങ്ങള്‍ മുകളില്‍ തൊട്ടാണു തുടങ്ങുന്നത്; ഞാന്‍ ഇങ്ങനെ പറഞ്ഞതോടെ അവര്‍ പിന്നിലോട്ട് മാറി നിന്നു. ബാക്കിയുള്ളവര്‍ വന്‍ റിസോര്‍ട്ട് ഉടമസ്ഥരായിരുന്നു രാജേന്ദ്രന്റെ കൂടെ വന്നത്. ദേശീയപാതയിലെ കയ്യേറ്റമാണ്. അവര്‍ക്കു നോട്ടീസ് കൊടുത്തിട്ടുള്ളതുമാണ്. ആ കാര്യത്തില്‍ ഒരുതരത്തിലും പിന്നോട്ടു പോകില്ലെന്നു ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. കയ്യേറിയ ഭാഗത്ത് നിര്‍മാണം നിങ്ങള്‍ തന്നെ പൊളിച്ചു കളയുന്നതാണു നല്ലത്, ഞങ്ങള്‍ പൊളിക്കാന്‍ വന്നാല്‍ അതിനോടു ചേര്‍ന്നുള്ള ഭാഗം കൂടി ചിലപ്പോള്‍ പോയെന്നു വരാം. അവരും അതുകേട്ട് മടങ്ങി. പിന്നെ രാജേന്ദ്രന്‍ മാത്രമായി. രാജേന്ദ്രന്‍ ഗസ്റ്റ് ഹൗസിന്റെ ഡോര്‍ അടച്ചിട്ട് ജനലിന്റെ കര്‍ട്ടന്‍ മാറ്റി റോഡിന്റെ അപ്പുറത്തേക്ക് കൈചൂണ്ടി കാണിച്ചിട്ടു പറഞ്ഞു, സാറേ ആ കാണുന്ന കൊച്ചുകുടില്‍ ഞാന്‍ കയ്യേറിയതാണ് അതുപൊളിക്കരുതെന്ന്. ഞാന്‍ പറഞ്ഞു, ഇതു പൊളിക്കാനല്ല ഞാന്‍ വന്നത്, പക്ഷേ അതിനടുത്ത് എത്തുകയാണെങ്കില്‍ അതും ഞാന്‍ പൊളിച്ചിരിക്കും. പക്ഷേ അവിടംവരെയൊന്നും നിങ്ങള്‍ എത്തിക്കില്ലല്ലോ എന്നു തമാശയായി പറഞ്ഞു രാജേന്ദ്രനെ മടക്കിയയച്ചു. ഈ കാര്യങ്ങള്‍ അപ്പോള്‍ തന്നെ വി എസ്സിനെ വിളിച്ചു പറയുകയും ചെയ്തു. അടുത്ത ദിവസം തൊട്ട് മൂന്നു കെട്ടിടങ്ങള്‍ വീതം 92 കെട്ടിടങ്ങള്‍ ഞങ്ങള്‍ ഇടിച്ചിട്ടു. രാജേന്ദ്രന് പിന്നെ എന്നെ വിളിക്കാനോ എന്നെ കാണാനോ പറ്റിയിട്ടില്ല. പാവപ്പെട്ട ജനങ്ങളെ മുന്നില്‍ നിര്‍ത്തിയാണ് ഇവര്‍ എപ്പോഴും കളിക്കുന്നത്.

വി എസിന്റെ മൂന്നാര്‍ ദൗത്യസംഘം, ശ്രീറാം വെങ്കിട്ടരാമന്‍, ഇങ്ങനെയിങ്ങനെ എത്രയെത്ര പേര്‍ പലതും പറയുന്നു…നാളെയൊരിക്കല്‍ വി ആര്‍ പ്രേംകുമാര്‍ ഐഎഎസിനും എന്തെങ്കിലുമൊക്കെ പറയാന്‍ കാണുമായിരിക്കും; കയ്യേറ്റക്കാരുടെ സ്വന്തം മൂന്നാറിനെ കുറിച്ച് പറയാന്‍…

കൊട്ടക്കാമ്പൂര്‍ ഭൂമിതട്ടിപ്പ്; ഈ ‘ഇടതു സ്വതന്ത്രന്‍’ സിപിഎമ്മിന് ഭാരം

ഇതാ, അതിവിടെയാണ്; ജനാധിപത്യത്തിന്റെ സുന്ദര സുരഭില കാലം!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍