UPDATES

PHOTO ESSAY: ‘ഉണ്ണീ ഓടിക്കോടാ’ എന്ന അപ്പാപ്പന്റെ നിലവിളിയാണ് മെറില്‍ ഒടുവില്‍ കേട്ടത്; ഉരുള്‍പൊട്ടല്‍ ഇല്ലാതാക്കിയ ഒരു നാട്

19 പേരുടെ ജീവനെടുത്തുകൊണ്ടാണ് തൃശൂര്‍ ജില്ലയിലെ കുറാഞ്ചേരിയില്‍ വെള്ളപ്പാറ പൊട്ടിയൊലിച്ചത്

19 പേരുടെ ജീവനെടുത്തുകൊണ്ടാണ് കുറാഞ്ചേരിയില്‍ വെള്ളപ്പാറ പൊട്ടിയൊലിച്ചത്. അതിശക്തമായ മഴയോടനുബന്ധിച്ചുണ്ടായ വലിയ ഉരുള്‍പൊട്ടലുകളില്‍ ഒന്നായിരുന്നു തൃശൂര്‍ ജില്ലയിലെ കുറാഞ്ചേരിയില്‍ ഉണ്ടായത്. രാവിലെ ആറേമുക്കാലോടെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇവിടെ ഉരുള്‍പൊട്ടലിന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കാനോ നഷ്ടങ്ങളെക്കുറിച്ച് ഓര്‍ത്ത് ദു:ഖിക്കാനോ പോലും അധികമാരും അവശേഷിക്കുന്നില്ല. മണ്ണുമാന്തി യന്ത്രങ്ങള്‍ വന്ന് നീക്കിയ അവശിഷ്ടങ്ങളില്‍ ശേഷിക്കുന്നവ മാത്രമാണ് മനുഷ്യരുടെ ആയുഷ്‌ക്കാലത്തെ സമ്പാദ്യങ്ങളും ജീവിതങ്ങള്‍ തന്നെയും തുടച്ചുനീക്കിയതിന്റെ കഥകള്‍ പറയാന്‍ ബാക്കിയായുള്ളത്.

ഓഗസ്റ്റ് 16-ന് കേരളമൊട്ടുക്കുമെന്നപോലെ കുറാഞ്ചേരിയിലും അതിശക്തമായ മഴയായിരുന്നു. സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിരുന്നതിനാല്‍ പതിവായി പുലര്‍ച്ചെ തന്നെ സജീവമാവുന്ന വീടുകളില്‍ ആരും തന്നെ ഉറക്കമുണര്‍ന്ന് എഴുന്നേറ്റിരുന്നില്ല. വളരെ പെട്ടെന്നാണ് അത് സംഭവിച്ചത്. മല പൊട്ടിയൊലിച്ചു. ശബ്ദം കേള്‍ക്കാനുള്ള സാവകാശം പോലും നല്‍കാതെ വീടുകള്‍ക്ക് മേലെ വലിയ പാറക്കല്ലുകളും മണ്ണും വന്ന് പതിച്ചു.

മലയ്ക്ക് തൊട്ടുതാഴെയായിരുന്നു മൂന്ന് വീടുകള്‍. മൂന്നും നോക്കിനിക്കുന്ന നേരത്തിനുള്ളില്‍ തകര്‍ന്നടിഞ്ഞുവീണു. വീടുകള്‍ക്ക് മുകളില്‍ മണ്‍കൂമ്പാരമായി. അതിശക്തിയായി വന്ന മലവെള്ളത്തിനൊപ്പം പാറയും മണ്ണും വീടുകളും ദൂരേക്ക് ഒലിച്ചുപോയി. മൂന്ന് വീടുകള്‍ക്ക് അരികിലായി റോഡാണ്. പൊട്ടിയിറങ്ങിവന്ന മണ്ണും കല്ലും വെള്ളവും റോഡ് ഭേദിച്ച് അഞ്ഞൂറ് മീറ്റര്‍ അകലെ ദേശീയപാതയോരത്തെ ഒരു വീട് കൂടി തകര്‍ത്തുകൊണ്ട് ഒലിച്ചിറങ്ങിപ്പോയി. ആ കുത്തിയൊലിപ്പില്‍ മനുഷ്യരും അവരുടെ സമ്പാദ്യങ്ങളും മുഴുവനായും ഇല്ലാതായി.

കൊല്ലംകുന്നേല്‍ മത്തായിയുടെ വീട്ടില്‍ മത്തായിയും ഭാര്യ റോസിയും മാത്രമായിരുന്നു താമസിച്ചിരുന്നത്. മകള്‍ സൗമ്യയും കുഞ്ഞുങ്ങളും പീച്ചിയില്‍ ഭര്‍തൃവീട്ടിലായിരുന്നു. എന്നാല്‍ 15-ന് പീച്ചിയില്‍ വെള്ളംപൊങ്ങിയതോടെ കയ്യില്‍ കിട്ടിയതെല്ലാം വാരിക്കെട്ടി സൗമ്യയും മക്കളും കുറാഞ്ചേരിയിലെ വീട്ടിലെത്തിയതാണ്. രാത്രി പത്ത് മണിയായപ്പോള്‍ സൗമ്യയുടെ ഭര്‍ത്താവാണ് അവരെ വീട്ടില്‍ കൊണ്ടുവന്നാക്കിയത്. മല പൊട്ടി ആദ്യം എത്തിയത് മത്തായിയുടെ വീട്ടിലേക്കാണ്.

മല പൊട്ടിവരുന്നത് മത്തായി കണ്ടോ എന്ന് ആര്‍ക്കുമറിയില്ല. ആ സമയം രാവിലെ മൂത്രമൊഴിക്കാനായി എഴുന്നേറ്റ ആറ് വയസ്സുകാരന്‍ മെറില്‍ ഹാളിലുള്ള സോഫാസെറ്റിയില്‍ കിടക്കുകയായിരുന്നു. ‘ഉണ്ണീ ഓടിക്കോടാ’ എന്ന അപ്പാപ്പന്റെ നിലവിളിയാണ് മെറില്‍ അവസാനമായി കേട്ടത്. മെറില്‍ ഓടി. ഓടുന്നതിനിടെ തിരിഞ്ഞ് നോക്കുമ്പോള്‍ വീടില്ല. അവന്റെ പ്രിയപ്പെട്ടവരുമില്ലായിരുന്നു. മത്തായി, ഭാര്യ റോസി, സൗമ്യ, സൗമ്യയുടെ 12 വയസ്സുള്ള കുഞ്ഞ് മെറിനും, നാല് വയസ്സുകാരി മില്‍നയും മണ്ണിനടിയില്‍ പെട്ടു. വീട്ടില്‍ നിന്ന് പുറത്തിറങ്ങി ഒരു തെങ്ങില്‍ ചുറ്റിപ്പിടിച്ച് നിന്ന മെറില്‍ മാത്രം രക്ഷപെട്ടു. ആ നടുക്കം സമ്മാനിച്ച പനി ഇന്നും അവനെ വിട്ടുമാറിയിട്ടില്ല. ആ വീടിരുന്നിടത്ത് ഇപ്പോള്‍ അവശേഷിക്കുന്നത് തകര്‍ന്ന കുറച്ച് വീട്ടുസാധനങ്ങളും കുഞ്ഞുങ്ങളുടെ പുസ്തകങ്ങളും സ്ലേറ്റും ബാഗും മാത്രം.

മുണ്ടംപ്ലാക്കേല്‍ വീടിന്റെ അവശിഷ്ടങ്ങള്‍ പോലുമില്ല. മുമ്പുണ്ടായിരുന്നതിനേക്കാള്‍ നിരപ്പാണ് ഇപ്പോള്‍ ആ സ്ഥലം. വെള്ളം കുത്തിയൊലിച്ച് കടന്നുപോയത് ആ വഴിയാണ്. എട്ടുപേര്‍ ഒന്നിച്ച് ലോകത്ത് നിന്ന് പോയി. ജെന്‍സണ്‍, ഭാര്യ സുമിത, മൂന്നും അഞ്ചും എട്ടും വയസ്സുള്ള മക്കള്‍ യാഫേക്ക്, ഹറോക്ക്,മോസസ്, സുമിതയുടെ സഹോദരന്‍ ഷാജി, സുമിതയുടെ അച്ഛനും അമ്മയുമായിരുന്നു ഉരുള്‍പൊട്ടല്‍ സമയം വീട്ടിലുണ്ടായിരുന്നത്. ആര്‍ക്കും രക്ഷപെടാനായില്ല. ഷാജിക്ക് അപകടം സംഭവിച്ച് കാലിനും നട്ടെല്ലിനും പരിക്ക് പറ്റി കിടപ്പിലായിരുന്നു. അയാളെ പരിചരിക്കാനായി സ്വന്തം വീട്ടില്‍ നിന്ന് സുമിതയുടെ അച്ഛനും അമ്മയും കുറാഞ്ചേരിയിലെത്തിയിട്ട് രണ്ട് ദിവസമേ ആയിരുന്നുള്ളൂ. വീട്ടിലെ മൂന്ന് കുഞ്ഞുങ്ങളുടേയും മൃതദേഹം ദേശീയപാതയ്ക്കും അപ്പുറത്തുള്ള താഴ്ചയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്.

മരണത്തില്‍ നിന്ന് ഇഞ്ചുകള്‍ക്ക് രക്ഷപെട്ടവര്‍ പാറേക്കാട്ടില്‍ സജിയും ഭാര്യ ജോളിയും മക്കളായ ജേഷ്വലും കാതറിനും മാത്രമാണ്. വീട് പൂര്‍ണമായും തകര്‍ന്നെങ്കിലും വീട്ടുപകരണങ്ങള്‍ക്കിടയില്‍ പെട്ടു കിടന്ന ഇവരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു. എന്നാല്‍ ഇവരുടെ ഇളയ മകള്‍ എയ്ഞ്ചലും ജോളിയുടെ അമ്മ റോസിയും മരണപ്പെട്ടു.

റോഡ് കടന്നെത്തിയ മല പിന്നീടില്ലാതാക്കിയത് താഴേനിലത്തില്‍ മോഹനനെയും കുടുംബത്തെയുമാണ്. മോഹനന്‍, ഭാര്യ ആശ, മക്കളായ നിഖില്‍, അമല്‍ എല്ലാവരും മണ്ണിനടിയില്‍ പെട്ടു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മൃതദേഹങ്ങള്‍ മാത്രം കണ്ടെടുത്തു. പലചരക്ക് കടനടത്തുന്ന മോഹനന്‍ സാധനങ്ങളെടുക്കാനായി ലോറിയില്‍ കയറിയതാണ്. പക്ഷെ വലിയ ശബ്ദം കേട്ട് മക്കളേയും ഭാര്യയേയും വിളിച്ചുണര്‍ത്താന്‍ വീടിനകത്ത് കയറിയതും വീട് തകര്‍ന്നു വീണു എന്ന് ദൃക്സാക്ഷികളായ നാട്ടുകാര്‍ പറയുന്നു.

മലപൊട്ടിയൊലിച്ച് വീടുകളെ തകര്‍ത്ത് വരുന്നത് നേരില്‍ കണ്ടയാളാണ് കൂട്ടാട്ടില്‍ ഗോവിന്ദന്‍. മലയ്ക്ക് എതിര്‍വശത്തായി മോഹനന്റെ വീടിന് സമീപം താമസിക്കുന്നയാളാണ് ഗോവിന്ദന്‍. ഗോവിന്ദന്‍ – “മല ഇങ്ങ്ട് ഉരുണ്ടുരുണ്ട് പോര്വാണ്. ഞാനന്നരം ഈ സോഫമ്മേ പേപ്പറും വായിച്ച് ഇരിക്കണണ്ട്. വലിയ ശബ്ദം കേട്ട് നോക്കിയപ്പഴേക്കും വലിയപാറക്കല്ലും മണ്ണും എല്ലാംകൂടി വരുന്നു. നോക്കിനിക്കുമ്പഴേക്കും മൂന്ന് വീടുകള്‍ തകര്‍ന്നു. എന്റെ പെണ്ണൊരുത്തി എഴുന്നേറ്റിട്ട്ണ്ടായിരുന്നില്ല. അവളേം വിളിച്ച് ഞങ്ങള് മോളിലേക്ക് ഓടിപ്പോയി. ആ സമയം കൊണ്ട് ഞങ്ങടെ മുറ്റം വരെ വെള്ളം വന്നു. തൊട്ടുപറ്റെയുള്ള മോഹനന്റെ വീടും തകര്‍ന്നു. നേരെയാ വന്നേച്ചാ ഞങ്ങളും തീര്‍ന്നേനെ. ഇത് ഇവിടെത്തിയപ്പോ തിരിഞ്ഞങ്ങ് ഒഴുകി.

ഗോവിന്ദന്റെ ഭാര്യ ലീല- “ന്റമ്മോ, ഞങ്ങളെ ദൈവം രക്ഷിച്ചൂന്ന് പറഞ്ഞാ മതീല്ലോ. അങ്ങനെ പറഞ്ഞുംകൂട. കുഞ്ഞുമക്കളെയെല്ലാം മണ്ണീന്ന് പൊക്കിയെടുക്കണത് സഹിക്കാന്‍ പറ്റീല്ല. ഇപ്പഴും വേദനയാണ്. ഇവിടക്കെ കളിച്ച് നടന്നീരുന്ന മക്കളല്ലേ. എല്ലാരും പോയി. ആരും ഇനി ബാക്കീല്ലല്ലോ. സങ്കടം പറയാന്‍ പോലും. ഉരുള് പൊട്ടലെന്ന് കേട്ടിട്ടേള്ളൂ. ഇവിടിങ്ങനെ ഒണ്ടാവുംന്ന് സ്വപ്നത്തിപ്പോലും വിചാരിക്കണില്ലല്ലോ. ന്താപ്പോ, നാട് ഇല്ലാതാക്കാന്‍ വേണ്ടി ഒരു മലയിങ്ങ് പൊട്ടി.”

കുത്തുപാറ, നായരങ്ങാടി, അഞ്ചിട്ടി പ്രദേശങ്ങളിലായി ഉള്ള വലിയ ക്വാറികളാണ് ഉരുള്‍പൊട്ടാന്‍ കാരണമായതെന്ന് നാട്ടുകാരില്‍ ചിലരെങ്കിലും വിശ്വസിക്കുന്നു. അതിന്റെ സാധ്യതകള്‍ ജിയോളജിസ്റ്റുകളും തള്ളിക്കളയുന്നില്ല.

ദിവസങ്ങള്‍ക്ക് മുമ്പ് മലയിടിഞ്ഞതിന് മുമ്പിലുള്ള റോഡിലും ദേശീയപാതയിലുമെല്ലാം കൂനകണക്കിന് മണ്ണായിരുന്നു. ദിവസങ്ങളായുള്ള പരിശ്രമത്തിലൂടെ റോഡിലെ മണ്ണ് നീക്കി. എന്നാല്‍ പ്രദേശം പൂര്‍വസ്ഥിതിയിലായിട്ടില്ല. ഇനിയും കാലങ്ങളെടുത്താലും മലപൊട്ടിയയിടം നേരെയാവുമെന്ന പ്രതീക്ഷയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

ചിത്രങ്ങള്‍: നീതു മാളു

ഒരു ജനത കുടിയിറങ്ങേണ്ടി വരുമോ? പാരിസ്ഥിതിക ദുരന്ത ഭീഷണിയില്‍ വയനാട്

ഇതാണ് പ്രളയാനന്തര ഇടുക്കി; തകര്‍ന്ന ഗ്രാമങ്ങള്‍, ജീവിതം- ചിത്രങ്ങളിലൂടെ

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍