മുഖ്യമന്ത്രി പറഞ്ഞതുപോലെ പഴുതടച്ചുള്ള അന്വേഷണം നടത്തി ശക്തമായ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും നിരത്താന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ രണ്ടു വര്‍ഷത്തിനിടയിലെ തടവ് ശിക്ഷയും വാങ്ങിക്കൊടുക്കാം
ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ കെ എം ബഷീര്‍ അപകട മരണക്കേസില്‍ പഴുതടച്ചുള്ള അന്വേഷണമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. അന്വേഷണത്തിലും നിയമ നടപടിയിലും വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചിരിക്കുന്നു. അതേസമയം തന്നെ പ്രസ്തുത കേസിന്റെ ഇതുവരെയുള്ള നിയമ നടപടികള്‍ നിരീക്ഷിച്ചിട്ടുള്ളവര്‍ക്ക് മനസിലാകുന്ന കാര്യം ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് കാര്യമായ ഒരു ശിക്ഷയും ഏറ്റുവാങ്ങില്ലെന്നാണ്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശ്രീറാമിന് അനുവദിച്ച് ജാമ്യം റദ്ദ് ചെയ്യണമെന്ന ആവശ്യവുമായി ഹൈക്കോടതിയില്‍ ചെന്ന സര്‍ക്കാരിന് അവിടെ നിന്നും തിരിച്ചടി നേരിട്ടതിനും ശേഷമാണ് മുഖ്യമന്ത്രിയുടെ ഉറപ്പുകള്‍ വരുന്നത്. ഇത്രയും നടന്നതിനുശേഷവും പഴുതടച്ചുള്ള അന്വേഷണം കൊണ്ട് പിണറായി വിജയന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാകുന്നില്ല. വെള്ളം ചേര്‍ക്കാതെയുള്ള അന്വേഷണം നടക്കേണ്ടിയിരുന്ന സമയത്ത് അതിന് തയ്യാറാകാതിരുന്ന പൊലീസ്, കേസിലെ നിര്‍ണായകമായ തെളിവുകളെല്ലാം നഷ്ടപ്പെടുത്തിയശേഷം ഇനിയെന്ത് അത്ഭുതമാണ് കാണിക്കാന്‍ പോകുന്നതെന്നതിലും ആകാംക്ഷയുണ്ട്.
കേസന്വേഷണം പ്രാഥമികഘട്ടത്തിലായതുകൊണ്ട്, ആദ്യഘട്ടത്തില്‍ തന്നെ പ്രതിക്ക് ജാമ്യം കിട്ടുന്ന സാഹചര്യം ഉണ്ടായാല്‍ അന്വേഷണത്തെ ബാധിക്കും, ഡോക്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ പ്രതി വലിയ സ്വാധീനശക്തിയുള്ളയാളാണ് എന്നീ വാദങ്ങളായിരുന്നു ഇന്നലെ ഹൈക്കോടതിയില്‍ ശ്രീറാമിന്റെ ജാമ്യാപേക്ഷ റദ്ദ് ചെയ്യാന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ മുന്നോട്ടുവച്ചത്. ഈ വാദങ്ങളോട് വിമര്‍ശനാത്കമായാണ് കോടതി പ്രതികരിച്ചത്. പൊലീസ് എന്തുകൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്നും പ്രതിതന്നെ തെളിവ് നല്‍കുമെന്നാണോ കരുതിയതെന്നും കോടതി ചോദിച്ചപ്പോള്‍ പറയാന്‍ ഉത്തരമില്ലായിരുന്നു. ഗവര്‍ണര്‍ ഉള്‍പ്പെടെ പോവുന്ന, അതീവ സുരക്ഷ മേഖല കൂടിയായ ഒരു റോഡില്‍ എന്തുകൊണ്ട് സിസിടിവി ഇല്ലാത്തതെന്നു ചോദിച്ചപ്പോള്‍ പ്രോസിക്യൂട്ടര്‍ക്ക് വ്യക്തമായ മറുപടിയില്ലായിരുന്നു. ജാമ്യം അനുവദിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയും പ്രധാനഘടകമാക്കിയ രക്തപരിശോധന റിപ്പോര്‍ട്ടിനെ കുറിച്ചും ഹൈക്കോടതി ചോദിച്ചു. അതിനുള്ള മറുപടിയില്‍ തന്നെയുണ്ട് ഈ അന്വേഷണത്തില്‍ എപ്പോഴേ വെള്ളം ചേര്‍ന്നു കഴിഞ്ഞിരിക്കുന്നുവെന്ന്. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതിയെ പരിശോധിച്ചതില്‍ നിന്നും ആന്തരികക്ഷതം ഏറ്റെട്ടുണ്ടെന്ന സംശയത്തിന്റെ പുറത്ത് വിദഗ്ദ ചികിത്സയ്ക്കായി പ്രതിയെ മാറ്റിയതുകൊണ്ടാണ് രക്തപരിശോധന വൈകിയതത്രേ! ഇതൊരു മുട്ടാപ്പോക്ക് ന്യായം ആണെന്നു മനസിലാക്കി തന്നെയാകണം, കോടതി പറഞ്ഞത്, പ്രതി മദ്യപിച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധന നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്വം ആണെന്ന്. ആ ഉത്തരവാദിത്വം കാണിച്ചില്ലെന്നതാണ് ശ്രീറാം ജാമ്യം നേടി പുറത്തു നില്‍ക്കുന്നതിന്റെ പ്രധാന കാരണവും. മുഖ്യമന്ത്രി പറഞ്ഞതുപോലെ പഴുതടച്ചുള്ള അന്വേഷണം ഇനി നടന്നാല്‍ പോലും രക്തപരിശോധന റിപ്പോര്‍ട്ടില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ? ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് മദ്യത്തിന്റെ മണമടിച്ചായിരുന്നു, ഓട്ടോ ഡ്രൈവര്‍മാര്‍ ശ്രീറാമിനെ മദ്യപിച്ച നിലയില്‍ കണ്ടായിരുന്നു എന്നൊക്കെയുള്ള വാദവുമായിട്ടാണോ കേസിനെ നേരിടാന്‍ പോകുന്നത്? ആരു സാക്ഷി പറഞ്ഞാലും ഔദ്യോഗികമായി നല്‍കപ്പെട്ട റിപ്പോര്‍ട്ടില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിട്ടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. അത് തിരുത്തപ്പെടാന്‍ ഒരു സാധ്യതയും ഇല്ല.
എന്തായാലും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുള്ള, പഴുതടച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കി പൊലീസിന്റെ ഫൈനല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെടുന്നതുവരെ പ്രതീക്ഷ വയ്ക്കാം. ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോകുന്നതും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ തന്നെയാണ്(സിആര്‍പി 437 പ്രകാരം കൊലപാതകം അടക്കമുള്ള ഏതു കേസിലും ആദ്യം എഫ് ഐ ആര്‍ സമര്‍പ്പിക്കേണ്ടത് മജിസ്‌ട്രേറ്റ് കോടതിയിലാണ്). ഫൈനല്‍ റിപ്പോര്‍ട്ട് പരിശോധിച്ച് പ്രഥമദൃഷ്ട്യ കേസ് ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍ മജിസ്‌ട്രേറ്റിന് ജുഡീഷ്യല്‍ നോട്ടീസ് എടുക്കാം. വിചാരണ നടത്താനായി സെഷന്‍സ് കോടതിയിലേക്ക് കേസ് അയക്കാം. ഇവിടെ 304 ആണ് വകുപ്പ് ചേര്‍ത്തിരിക്കുന്നതിനാല്‍ വിചാരണ സെഷന്‍സ് കോടതിയില്‍ തന്നെ നടത്തുക വേണം. സാധാരണ ഗതിയില്‍ സെഷനിലേക്ക് കേസ് വിടുന്നതുവരെ ജാമ്യം നിഷേധിക്കാവുന്നതാണ് (നിശ്ചിത സമയത്തിനുള്ളില്‍-90 ദിവസം- കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് അവകാശമുണ്ട്). അതേസമയം തന്നെ പ്രതിക്കെതിരേ നിരത്തുന്ന തെളിവുകള്‍ ശക്തമല്ലാത്തതും പ്രതിക്ക് ജാമ്യം നിഷേധിക്കേണ്ടതായ സാഹചര്യം നിലനില്‍ക്കുന്നില്ലെങ്കിലും ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസുകളിലും 437 വകുപ്പ് പ്രകാരം പ്രതിക്ക് ജാമ്യം അനുവദിക്കാനുള്ള അവകാശവും മജിസ്‌ട്രേറ്റിനുണ്ട്. ഒന്നാമതായി 304(പാര്‍ട്ട് 2)-കുറ്റകരമായ നരഹത്യ- ഇട്ട കേസില്‍ പ്രതി ബോധപൂര്‍വമാണോ അപകടം ഉണ്ടാക്കി ബഷീറിനെ കൊലപ്പെടുത്തിയതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയില്ല. തന്റെ പ്രവര്‍ത്തിമൂലം ഒരാള്‍ക്ക് അപകടം ഉണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്യുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആ പ്രവര്‍ത്തി ചെയ്ത് അപകടം ഉണ്ടാക്കുകയും അതുമൂലം മരണം സംഭവിക്കുകയും ചെയ്ത കേസിലും 304(പാര്‍ട്ട് 2) പ്രസക്തമാകും. ശ്രീറം മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച് അപകടമുണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ അപകടം ഉണ്ടാക്കുകയും ബഷീര്‍ മരണപ്പെടുകയും ചെയ്‌തെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ വൈദ്യ പരിശോധനയില്‍ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് വന്ന സ്ഥിതിക്ക് പൊലീസിന്റെ വാദം നിലനില്‍ക്കാതെ പോയി. ഇക്കാര്യം കോടതി അംഗീകരിക്കുകയായിരുന്നു.
സെക്ഷന്‍ 114 (b) അനുസരിച്ച് എല്ലാ ജുഡീഷ്യല്‍ പ്രവര്‍ത്തികളും അഡ്മിനിസ്‌ട്രേറ്റീവ് പ്രവര്‍ത്തികളും ഔദ്യോഗിക പ്രവര്‍ത്തികളും ക്രമമായി നടത്തപ്പെടുന്നതായാണ് കരുതുക. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഇല്ലായിരുന്നുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് തെറ്റാണെന്നു പറയാന്‍ കോടതിക്ക് ആകില്ല. പ്രതി സ്വാധീനം ചെലുത്തിയാണ് അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടാക്കിയതെന്നും പറയാന്‍ കഴിയില്ല. കാരണം, ഈ സമയത്തെല്ലാം പ്രതി പൊലീസ് കസ്റ്റഡിയിലാണ്. കസ്റ്റഡിയില്‍ ഇരുന്നുകൊണ്ട് സ്വാധീനം ചെലുത്തിയെന്നു പറഞ്ഞാല്‍ അവിടെ പൊലീസും കുറ്റക്കാരാണല്ലോ! മാത്രമല്ല, ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഈ സമയത്തെല്ലാം അനങ്ങാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു പ്രതി. ഇത്രയൊക്കെ സാഹചര്യങ്ങള്‍ മജിസ്‌ട്രേറ്റിന് ബോധ്യപ്പെടുമ്പോള്‍ ജാമ്യം അനുവദിക്കുന്നതില്‍ എന്താണ് തെറ്റ്? തെറ്റ് ചെയ്തത് പൊലീസാണ്.
ഒരാള്‍ക്ക് ജാമ്യം നിഷേധിക്കുന്നതോ നല്‍കുന്നതോ അയാളുടെ കുറ്റത്തിനുള്ള ശിക്ഷയുടെ ഭാഗമാകുന്നില്ല. ജാമ്യം നിഷേധിക്കുന്നത് ശിക്ഷാവിധിയുമല്ല. കസ്‌റ്റോഡിയല്‍ ഇന്‍ററോഗേഷന്‍ ആവശ്യമാണെങ്കില്‍, പ്രതിയില്‍ നിന്നു തന്നെ തെളിവെടുക്കേണ്ടതുണ്ടെങ്കില്‍, പ്രതി സാക്ഷികളെ സ്വാധീനിക്കുമെങ്കില്‍, തെളിവുകള്‍ നശിപ്പിക്കുമെങ്കില്‍ ഒക്കെയാണ് സാധാരണ ജാമ്യം നിഷേധിക്കുന്നത്. ഇക്കാര്യങ്ങളൊക്കെയാണ് ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ പറഞ്ഞു നോക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല. ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ പോലും കഴിയാത്ത സ്ഥിതിക്ക് ഇനിയെന്ത് തെളിവെടുപ്പിനാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വേണ്ടതെന്നു കോടതി ചോദിച്ചാലും ഉത്തരമില്ല.
ഇനി ഈ കേസിന്റെ കുറ്റപത്രത്തിലാണ് ശ്രദ്ധിക്കേണ്ടത്. 304 നില്‍ക്കാന്‍ സാധ്യതയില്ല. 304 നിലനില്‍ക്കുന്നില്ലെന്ന തോന്നിയാല്‍ 304 എ ഇടാനുള്ള വകുപ്പ് ഉണ്ട്. പൊലീസ് ഈ വിവരം കോടതിയെ ബോധിപ്പിച്ചാല്‍ മതി. 173(2) അനുസരിച്ച് കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞാണ് മജിസ്‌ട്രേറ്റ് കോടതി ജുഡീഷ്യല്‍ നോട്ടീസ് എടുക്കുന്നത്. സ്വഭാവികമായി കേസ് സെഷന്‍സിലേക്ക വിടണം. അവിടെ നിന്നും പ്രതിക്ക് സമന്‍സ് അയക്കുകയാണ് പതിവ്. ഇവിടെ മുന്‍പേര്‍ തന്നെ ശ്രീറാം ജാമ്യം നേടിയിട്ടുണ്ട്. സെഷന്‍സില്‍ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രതിക്ക് കൊടുക്കും. പ്രോസിക്യൂഷനോട് കേസിലെ തെളിവുകള്‍ ഹാജരാക്കാന്‍ പറയുന്നതിനു മുമ്പായി ചാര്‍ജ് ഫ്രെയിം ചെയ്യാന്‍ കോടതി ആവിശ്യപ്പെടാറുണ്ട്. ഈ സമയത്ത് സെക്ഷന്‍ 227 അനുസരിച്ച് ഡിസ്ചാര്‍ജ് പോസ്റ്റിംഗും കോടതി നടത്തും. കേസ് ഡിസ്ചാര്‍ജ് ചെയ്യാന്‍ വേണ്ടി പ്രതിക്ക് ഈ സമയം ഉപയോഗിക്കാം. പൊലീസ് പറയുന്നതുപോലെയുള്ള കുറ്റം താന്‍ ചെയ്തിട്ടില്ലെന്നു തെളിയിച്ചാല്‍ മതി. തനിക്കെതിരേ ചാര്‍ജ് ഫ്രെയിം ചെയ്യാന്‍ വകുപ്പുകള്‍ ഇല്ലെന്നും പ്രതിക്ക് വാദിക്കാം. മദ്യപിച്ചാണ് വണ്ടിയോടിച്ചെന്നു പറയാന്‍, ഒരു തുള്ളി മദ്യം പോലും തന്റെ രക്തത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു തെളിവ് സഹിതം ശ്രീറാമിന് വാദിക്കാന്‍ കഴിയും. ആ തെളിവ് വച്ചുകൊണ്ട് തന്നെ നടന്നതൊരു സാധാരണ അപകടം മാത്രമായിരുന്നുവെന്നും ബഷീര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പെട്ടെന്നു കാറിനു മുന്നിലേക്ക് വന്നതാണെന്നും കാര്‍ വെട്ടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതുകൊണ്ടാണ് അപകടം ഉണ്ടായതെന്നും അപകടം നടന്നയുടനെ ബഷീറിനെ രക്ഷിക്കാന്‍ താന്‍ ശ്രമിച്ചെന്നും ശ്രീറാമിന് വാദിക്കാം. അപകടത്തില്‍ തനിക്കും സാരമായ പരിക്കേറ്റെന്നു തെളിയിക്കാം. ഇതെല്ലാം ബോധ്യപ്പെട്ടാല്‍ ഒരുപക്ഷേ അപ്പോള്‍ തന്നെ കോടതി കേസ് വിടും. അതല്ലെങ്കില്‍ 304 നിലനില്‍ക്കാതിരിക്കുകയും 304 എ ഉണ്ടെന്നു ബോധ്യപ്പെടുകയും ചെയ്താല്‍ 304 റദ്ദ് ചെയ്ത് ചാര്‍ജ് തിരിച്ച് മജിസ്‌ട്രേറ്റ് കോടതിയിലേക്ക് അയക്കും. 304 എ കേസിന്റെ വിചാരണ മജിസ്‌ട്രേറ്റ് കോടതിയില്‍ ആണ് നടക്കേണ്ടത്. അവിടെ ശ്രീറാം അപകടമുണ്ടാക്കിയത് അശ്രദ്ധമൂലമായിരുന്നുവെന്നെങ്കിലും തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞാല്‍ ശ്രീറാമിന് പിഴ ശിക്ഷയെങ്കിലും കിട്ടും. മുഖ്യമന്ത്രി പറഞ്ഞതുപോലെ പഴുതടച്ചുള്ള അന്വേഷണം നടത്തി ശക്തമായ സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും നിരത്താന്‍ കഴിഞ്ഞാല്‍ ഒരുപക്ഷേ രണ്ടു വര്‍ഷത്തിനിടയിലെ തടവ് ശിക്ഷയും വാങ്ങിക്കൊടുക്കാം. അങ്ങനെയെന്തെങ്കിലും നടക്കുമോ എന്നത് ഒരു പ്രതീക്ഷ മാത്രമാണ്.