UPDATES

ഇന്ദിര ഗാന്ധിയെ കരിങ്കൊടി കാണിച്ച, പൊലീസിനെ തിരിച്ചു തല്ലിയ സഖാവ് കൂടിയായിരുന്നു ‘ചാച്ചന്‍’

മനുഷ്യന്റെ പ്രശ്‌നം തീരാന്‍ കമ്യൂണിസം കൊണ്ടു മാത്രം കഴിയില്ലെന്നും അവന്റെ പ്രശ്‌നം അവനായിട്ടു തന്നെ ഉണ്ടാക്കുന്നതാണെന്നു കൂടി തിരിച്ചറിഞ്ഞ സഖാവ്

കെ എല്‍ ആന്റണി; ആ പേര് ‘ചാച്ചന്‍’ എന്ന മൂന്നക്ഷരത്തില്‍ ലയിച്ചു ചേര്‍ന്നെങ്കിലും, ജീവിതം ജീവിച്ചു തന്നെ തീര്‍ത്തിട്ടു പോയ ആ മനുഷ്യന് ഒരു വിശേഷണം കൂടി ഉതകും: സഖാവ്! ഏതെങ്കിലും പാര്‍ട്ടിയുടെ ബ്രാക്കറ്റില്‍ കയറ്റി നിര്‍ത്തി പറയുന്നതല്ല, ആന്റണിയുടെ ജീവിതം മനസിലാക്കുന്ന ഏതൊരാളും പറയും, ഈ മനുഷ്യന്‍ ഒരു നല്ല കമ്യൂണിസ്റ്റ് ആണെന്ന്. തന്റേടമുള്ള കമ്യൂണിസ്റ്റ്.

അടിയന്തരാവസ്ഥക്കാലം. പിടിച്ചാല്‍ അവരെന്നെ പിന്നെ പുറം ലോകം കാണിക്കില്ലെന്നറിയാം. പക്ഷേ, ഞാനൊരു കമ്യൂണിസ്റ്റുകാരനാണ്, കലാകാരനും. ആ ഇരുണ്ട കാലത്തെ വെല്ലുവിളിച്ചതിനെ കുറിച്ച് കെ എല്‍ ആന്റണി. അടിയന്തരാവസ്ഥ വരുമെന്നോ ഒന്നും അറിയില്ല, പക്ഷേ, അപകടകരമായ എന്തോ നാട്ടില്‍ നടക്കാന്‍ പോകുന്നുവെന്ന് സൂചന പരന്നിരുന്നു. ആദ്യം ജാഗരൂഗനായത് ആന്റണിയിലെ കലാകാരനായിരുന്നു. ചങ്ങല; ഇന്ദിരയുടെ കൈകള്‍ ജനാധിപത്യത്തിനുമേല്‍ ചങ്ങലക്കെട്ടുകള്‍ ബന്ധിക്കുന്നതിനു മുന്നെ ആന്റണിയിലെ കലാകാരന്‍ ആ ഭവിഷ്യത്തുകള്‍ കണ്ടെഴുതിയ നാടകം. കാലത്തിന്റെ ഗതിയെ മുന്‍കൂട്ടി കാണാന്‍ കഴിവുള്ളവനാണ് കലാകാരന്‍ എന്നതിന് ആന്റണി കൂടി ഉദാഹരണമായ സംഭവം.

ഭയന്നതെന്തോ അത് സംഭവിച്ചു. ഞങ്ങളന്ന് തട്ടിന്‍പുറത്തുള്ളൊരു പാര്‍ട്ടിയോഫീസില്‍ യോഗം കൂടിക്കൊണ്ടിരിക്കുമ്പോഴാണ് താഴെ ആരോ ഉറക്കെ സംസാരിക്കുന്നത്. പൊലീസാണ്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വിവരം മൈക്ക് വച്ച് വിളിച്ചു പറയുകയാണ്.

അടിയന്തരാവസ്ഥയെ എതിര്‍ക്കുന്നവരെ ഏതു വിധേനയും നിശബ്ദരാക്കുകയാണ്. അതുകൊണ്ട് പലരും സ്വയം മിണ്ടാതിരുന്നു. എനിക്കതിനായില്ല. ഇന്ദിര ഗാന്ധിയുടെ നടപടി ശരിയല്ല എന്നു തന്നെയായിരുന്നു എനിക്ക്. കൂടെയുണ്ടായിരുന്ന സഖാക്കളില്‍ പലരും പിന്‍വാങ്ങി നിന്നെങ്കിലും പ്രവര്‍ത്തനവുമായി ഞാന്‍ മുന്നോട്ടു പോയി. പൊലിസിന്റെ നോട്ടപുള്ളിയും.

പകലിറങ്ങി തന്നെ പ്രവര്‍ത്തിച്ചു. എല്ലാം കഴിഞ്ഞ് രാത്രിയില്‍ കിടക്കാന്‍ പാര്‍ട്ടിയോഫീസില്‍ എത്തും. പൊലീസിന്റെ കൈയില്‍ പെടാതെയും നോക്കേണ്ടതുണ്ട്. അതുകൊണ്ട് ആന്റണി പാര്‍ട്ടിയോഫീസിന് അകത്തു കയറിയാല്‍ ഉടന്‍ പാര്‍ട്ടി ഓഫിസിനു താഴെ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയുടെ ഉടമ പുറത്തു നിന്നും പൂട്ടും. ആരു വന്നുനോക്കിയാലും അകത്ത് ആളുണ്ടെന്ന് തോന്നില്ല. മിക്ക ദിവസങ്ങളും വിശന്ന് വലഞ്ഞായിരിക്കും ആന്റണി വന്നു കിടക്കുക. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാന്‍ പോലുമോ സാഹചര്യമില്ലാത്ത അവസ്ഥ. പക്ഷേ, ആന്റണി തളര്‍ന്നില്ല.

പൊലീസ് ആന്റണിയെ തിരക്കി നടക്കുകയാണ്. അവരുടെ കൈയില്‍ കിട്ടിയാല്‍ എന്താ സംഭവിക്കുകയെന്ന് ആന്റണിക്ക് ബോധ്യമുണ്ട്. പിടിക്കപ്പെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു. എന്നിട്ടും പൊലീസിന് വിവരം കിട്ടി. രാത്രിയില്‍ പാര്‍ട്ടിയോഫീസില്‍ ആന്റണി എത്താറുണ്ടെന്ന്. ഒരു രാത്രിയില്‍ പൊലീസ് പട അവിടെയെത്തി. അകത്ത് ആരോ ഉണ്ടെന്നു മനസിലായെങ്കിലും ഉറപ്പിക്കാന്‍ പറ്റുന്നില്ല. പുറത്തു നിന്നും പൂട്ടിയിരിക്കുകയാണല്ലോ! അകത്ത് ആന്റണി ശ്വാസം അടക്കി പിടിച്ചിരുന്നു. എന്തുവേണമെങ്കിലും സംഭവിക്കാം. പൊലീസ് എത്തിയ വിവരം ഇതിനിടയില്‍ റേഷന്‍ കടക്കാരന്‍ അറിഞ്ഞു. ആയാളോടി സ്ഥലത്തെത്തി. അകത്താളുണ്ടോയെന്ന പൊലീസ് ആവുംവിധമെല്ലാം ചോദിച്ചിട്ടും കടക്കാരന്‍ ആരുമില്ലെന്ന ഒരേ ഉത്തരത്തില്‍ നിന്നും. അയാളുടെ കൗശലവും നയപരമായ സംസാരവും പൊലിസിനെ മടക്കി അയച്ചു. ആന്റണി അന്നങ്ങനെ രക്ഷപ്പെട്ടു.

വയറു നിറച്ച് ഊട്ടിയ…ജീവിതം പറഞ്ഞ് കണ്ണ് നിറച്ച പ്രിയപ്പെട്ട ചാച്ചൻ…

തലനാരിഴയ്ക്ക് രക്ഷപ്പെട്ടെങ്കിലും ഇനിയുമിവിടെ നില്‍ക്കുന്നത് അപകടമാണെന്ന് എല്ലാവരും പറഞ്ഞതനുസരിച്ചാണ് മദിരാശിക്ക് പോയത്. അവിടെ ചേട്ടനുണ്ട്. മദിരാശില്‍ വച്ചാണ് സിലോണ്‍ റേഡിയോയിലുണ്ടായിരുന്ന ജെ എം രാജുവിനെ പരിചയപ്പെടുന്നത്. അങ്ങനെയാണ് സിനിമയില്‍ ചെറിയ ശ്രമം നടത്തി നോക്കാന്‍ തയ്യാറാകുന്നത്. എഴുതാനായിരുന്നു താത്പര്യം. ഒന്നു രണ്ടു നിര്‍മാതാക്കളെയും സംവിധായകരെയും കാണാന്‍ പോയി. ഒന്നിരിക്കാന്‍ പറയാനുള്ള മര്യാദപോലും കാണിക്കാത്ത സിനിമാക്കാരുടെ അഹങ്കാരം ആന്റണിക്കു സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. പിന്നെയാവഴിക്കു പോയില്ല. എന്നാല്‍ നാടകമെഴുതാന്‍ രാജു പറഞ്ഞു. പക്ഷേ അവിടെ അതിലും വലിയ പ്രശ്‌നം. കമ്യൂണിസ്റ്റ് വിരുദ്ധ നാടകങ്ങള്‍ എഴുതണമത്രേ! രണ്ടാമതൊന്നാലോചിക്കാതെ സലാം പറഞ്ഞു. തിരിച്ചു കേരളത്തിലേക്ക്. അത്രയ്ക്ക് തീവ്രമായിരുന്നു ആന്റണിയിലെ കമ്യൂണിസം. തിരികെ കേരളത്തില്‍ എത്തിയപ്പോഴും ആ കലാകാരന്‍ കൂടുതല്‍ കലാപകാരിയായതേയുള്ളൂ. അല്ലാതെ, നിശബ്ദനാവുകയല്ലായിരുന്നു. രാജന്റെ തിരോധാനം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയം പിജെ ആന്റണിയുടെ’കാളരാത്രി’ തട്ടുകളില്‍ പ്രകമ്പനങ്ങള്‍ മുഴക്കുമ്പോള്‍ ആന്റണിയും എഴുതി ഒരു നാടകം; ‘ഇരുട്ടറ’. രണ്ടിന്റെയും പ്രമേയം ഒന്നു തന്നെ. കാളരാത്രിയെ കടന്നു ഇരുട്ടറ കത്തിക്കയറി. കാളരാത്രി ബുക്ക് ചെയ്യാന്‍ വരുന്നവരോട് തന്റെ നാടകത്തെക്കാള്‍ നല്ലത് ആന്റണി എന്ന പയ്യനെഴുതിയ ‘ഇരുട്ടറ’യാണെന്നു സാക്ഷാല്‍ പി ജെ ആന്റണി തന്നെ പറഞ്ഞു.

കെ എല്‍ ആന്റണിയെന്ന സാഹസികനായ കമ്യൂണിസ്റ്റുകാരനെ വരച്ചിടുന്ന സംഭവങ്ങള്‍ ഇനിയുമുണ്ട്. അടിയന്തരാവസ്ഥയ്ക്കുശേഷം ഇന്ദിര ഗാന്ധി കേരളത്തില്‍ എത്തുന്നു. ഇന്ദിരയെ കരിങ്കൊടി കാണിക്കാന്‍ ആന്റണിയും കൂട്ടരും തീരുമാനിച്ചു. ഷിപ്പ് യാര്‍ഡിന്റെ മുന്നില്‍വച്ച് ഇന്ദിരയെ കരിങ്കൊടി കാണിക്കുകയും ചെയ്തു. പൊലീസ് വളഞ്ഞിട്ടു പൊതിരെ തല്ലി. കൂട്ടത്തിലുണ്ടായിരുന്ന കാലുവയ്യാത്തൊരു സഖാവിന് ക്രൂരമര്‍ദ്ദനമേറ്റൂ. എല്ലാരും ചിതറിയോടിയിട്ടും ആന്റണി തന്റെ സഹപ്രവര്‍ത്തകനെ പൊലീസിന്റെ ലാത്തിയില്‍ നിന്നും രക്ഷപ്പെടുത്തി. കുറെ ദൂരം അയാളെ താങ്ങിയെടുത്ത് ഓടി. പിന്നെ കിട്ടിയ ബസില്‍ കയറി. ഒടുവില്‍ തേവരയിലെത്തിയാണ് ആവശ്യമായ ചികിത്സ തരപ്പെടുത്തി കൊടുക്കാനായത്.

“സാര്‍, ഞാന്‍ നിങ്ങളെ ‘അവിടെ’ വച്ച് കാണും”: മഹേഷ് പറയുന്നു, ചാച്ചനെപ്പറ്റി

മറ്റൊരിക്കല്‍ ഇതുപോലെ കാണിച്ച ആവേശം മരണത്തിന് അടുത്തുവരെ ആന്റണിയെ കൊണ്ടു ചെന്നു. സര്‍ക്കാരിനെതിരെയുള്ള സമരമാണ്. കളക്‌ട്രേറ്റ് വളയല്‍. പരസ്പരം കൈകള്‍കോര്‍ത്തു നിലത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍. പൊലീസ് പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല. ഒടുവില്‍ എസ് ഐ ആന്റണിയുടെ പള്ളയ്ക്ക് കൈകുത്തിയിറക്കി. വേദനകൊണ്ടു പുളഞ്ഞുപോയി ആന്റണി. ആ തക്കം പൊലീസ് വിനിയോഗിച്ചു. ആന്റണിയെ കൈയ്ക്കും കാലിനും പിടിച്ചു വാനിലേക്ക് എറിഞ്ഞു. വാതില്‍ തട്ടി താഴെ വീണു. അങ്ങനെ മൂന്നുവട്ടം ആന്റണിയെ അവര്‍ തൂക്കിയെറിഞ്ഞു. നാലാംവട്ടമാണ് വാനിനകത്ത് ചെന്നുവീണത്. അതിനകത്തു തന്നെ പിടിച്ചുയര്‍ത്തിയ പൊലീസുകാരനിട്ട് എല്ലാ ദേഷ്യവും തീര്‍ത്ത് ഒരെണ്ണം പൊട്ടിച്ചു. അതോടെ പൊലീസുകാരിളകി. പൊരിഞ്ഞയടിയായി. ആ സമയത്ത് എം എം ലോറന്‍സ് അവിടെയെത്തി. അതോടെ പൊലീസുകാര്‍ക്കും തിരിച്ചടികിട്ടി. അവിടെ നിന്നും ഒരുവിധത്തില്‍ ആന്റണിയെ അവര്‍ രക്ഷപെടുത്തി. പാര്‍ട്ടിയോഫീസിലാണ് എത്തിയത്. മുതുകത്ത് മുഴുവന്‍ അടിയുടെ പാടുകളാണ്. പക്ഷേ ആശുപത്രിയിലൊന്നും പോയില്ല. ഒടുവില്‍ ശരീരത്തിലേക്ക് നീരിറങ്ങി. പിന്നെ എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥ. നല്ല ചുമ. ന്യുമോണിയ ആണോയെന്നു സംശയം. കിടന്ന കിടപ്പാണ്. എന്തു ചെയ്യുമെന്നറിയാതെ പാര്‍ട്ടിക്കാര്‍. പെട്ടെന്നാണ് കുറച്ചുമാറി താമസിക്കുന്ന ഒരു ഡോക്ടറെക്കുറിച്ച് ഓര്‍മവന്നത്. ഉടനെ അങ്ങോട്ടോടി. വിവരമെല്ലാം പറഞ്ഞു. ഡോക്ടര്‍ എങ്ങനെ പെരുമാറുമെന്നൊന്നും അറിയാതെയാണ്. ഒന്നിരിട്ടി കഴിയുമ്പോള്‍ ഞാന്‍ അങ്ങോട്ട് വന്നോളാമെന്നു ഡോക്ടര്‍. അതു കേട്ടപ്പോള്‍ ആശ്വാസമായി. പറഞ്ഞപോലെ ഡോക്ടര്‍ വന്നു. ന്യൂമോണിയ തന്നെ. നില ഗുരുതരമാണ്. പക്ഷേ ഡോക്ടര്‍ ആന്റണിയെ രക്ഷിച്ചെടുത്തു. നന്ദി പറയുമ്പോഴും ആന്റണിക്കൊരു സംശയമുണ്ടായിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനെ എന്തുകൊണ്ട് രക്ഷിച്ചു. ആ ഡോക്ടര്‍ ഒട്ടും ഗൗരവും ചോരാതെ പറഞ്ഞു, ഇം എം എസും, എ കെ ജി യുമൊക്കെ എന്റെ വീട്ടിലും ഒളിച്ചുതാമസിച്ചിട്ടുണ്ട്.

സംഘാടകനായി, നേതാവായി ലോക്കല്‍/ ഏരിയ കമ്മറ്റി സെക്രട്ടറിയായി ഒക്കെ പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട് കെ എല്‍ ആന്റണി. പാര്‍ട്ടി ആന്റണിക്ക് ജീവനായിരുന്നു. കമ്യൂണിസ്റ്റുകാര്‍ ക്രൂരമായി വേട്ടയാടിയിരുന്ന കാലത്താണ് ആന്റണി തന്റെ നാട്ടില്‍ പാര്‍ട്ടിയെ നയിച്ചത്. പിന്നെ ആന്റണി പതുക്കെ ആ വഴിയില്‍ നിന്നു പിന്‍വാങ്ങി. ചില തിരിച്ചറിവുകള്‍, അതില്‍ നിന്നുണ്ടാക്കിയ മാറ്റങ്ങള്‍. അനുഭവങ്ങള്‍ പലതും പഠിപ്പിച്ചു. മനുഷ്യന്റെ പ്രശ്‌നം തീരാന്‍ കമ്യൂണിസം കൊണ്ടു മാത്രം കഴിയില്ല. അവന്റെ പ്രശ്‌നം അവനായിട്ടു തന്നെ ഉണ്ടാക്കുന്നതാണെന്നു ആന്റണി തിരിച്ചറിഞ്ഞു. സ്വയം നന്നാകാന്‍ മനുഷ്യന്‍ ശീലിക്കുന്നിടത്ത് പാര്‍ട്ടികളും നേതാക്കന്മാരുമൊക്കെ ആവശ്യമില്ലാതെ വരുമെന്നും. ജനങ്ങളുടെ ആന്തരിക വികാരങ്ങളെ സ്വാധീനിക്കാന്‍ കഴിയുകയാണ് വേണ്ടതെന്നു മനസിലാക്കിയിടത്ത് ആന്റണിയിലെ കലാകാരന്‍ തന്റെ നടത്തം വീണ്ടും തുടര്‍ന്നു… ആ യാത്രയാണ് ഇന്നലെ അവസാനിപ്പിച്ചത്. മരിക്കുവോളം ആന്റണി ജീവിച്ചത് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് ആയും കലാകാരനുമായി തന്നെയാണ്. അതുകൊണ്ടാണ് ആ മനുഷ്യന്‍, ചാച്ചന്‍ നമുക്കെല്ലാം ഇത്രമേല്‍ പ്രിയപ്പെട്ടതാകുന്നതും.

ചാച്ചന്‍ യാത്ര പറയുമ്പോള്‍; കെ എല്‍ ആന്റണിയുടെ നാടകീയ ജീവിതം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍