UPDATES

അക്ഷരം പഠിച്ചത് സാക്ഷരതാ ക്ലാസില്‍ നിന്ന്; ആദിവാസി യുവതി എഴുതിയത് അഞ്ഞൂറോളം കവിതകള്‍

2009ല്‍ ഇന്ത്യന്‍ പ്രസിഡണ്ട് യുവ പ്രതിഭകള്‍ക്ക് നല്‍കിയ വിരുന്നില്‍ പങ്കെടുത്തു

വയനാട് മേപ്പാടി കല്ലുമല റാട്ടക്കൊല്ലി ആദിവാസി കോളനിയിലെ ബിന്ദു എന്ന വീട്ടമ്മ സ്കൂളിന്റെ പടി കണ്ടിട്ടില്ല. പക്ഷേ മലയാളത്തിലും ആദിവാസി ഭാഷകളിലുമായി എഴുതിയത് അഞ്ഞൂറോളം കവിതകള്‍. 2009ല്‍ ഇന്ത്യന്‍ പ്രസിഡണ്ട് പ്രതിഭ പാട്ടില്‍ യുവ പ്രതിഭകള്‍ക്ക് നല്‍കിയ വിരുന്നിലും ഈ ആദിവാസി യുവതി പങ്കെടുത്തിട്ടുണ്ട്.

സ്കൂളില്‍ പോകാതെ ബിന്ദു എങ്ങിനെയാണ് അക്ഷരങ്ങള്‍ പഠിച്ചതെന്നല്ലേ. സംസ്ഥാന സര്‍ക്കാര്‍ സാക്ഷരതാ പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് ബിന്ദുവിന്റെ അമ്മ അക്ഷരം പഠിക്കാന്‍ പോകുമായിരുന്നു. വനം വകുപ്പിന്റെ കാപ്പി തോട്ടത്തില്‍ ജോലിക്കു പോകുന്ന ആദിവാസികള്‍ക്ക് ശമ്പളം വാങ്ങുമ്പോള്‍ പേരെഴുതി ഒപ്പിടാന്‍ അറിയില്ലായിരുന്നു. സാക്ഷരതാ പ്രവര്‍ത്തകര്‍ ആദിവാസികളെ പേരെഴുതാന്‍ പഠിപ്പിക്കുമ്പോള്‍ ബിന്ദു അവരില്‍ ഒരാളായി അക്ഷരം പഠിച്ചു. ബിന്ദുവിന് അന്ന് ഒന്നാം ക്ളാസ്സില്‍ ചേരേണ്ട പ്രായമായിരുന്നു.

സാക്ഷരതാ ക്ളാസ്സില്‍ നിന്ന് അക്ഷരം പഠിച്ച ബിന്ദു അവിടെ നിര്‍ത്തിയില്ല. സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ തുടര്‍ വിദ്യാഭ്യാസ പദ്ധതികളിലെല്ലാം ബിന്ദു ആവേശത്തോടെ പങ്കെടുത്തു. അക്ഷരം പഠിക്കണം എന്ന അദമ്യമായ ആഗ്രഹമായിരുന്നു അതിനു പിന്നില്‍.ഒന്‍പതാം വയസ്സില്‍ അമ്മയോടൊപ്പം കൂലിപ്പണിക്ക് പോകാന്‍ തുടങ്ങിയ ബിന്ദു തന്‍റെ വൈകുന്നേരങ്ങള്‍ അക്ഷരങ്ങള്‍ക്കായി മാറ്റി വെച്ചു. അങ്ങനെയാണ് ബിന്ദു കവിതകളും പാട്ടുകളും എഴുതാന്‍ തുടങ്ങുന്നത്.

സാക്ഷരതയിലൂടെ അക്ഷരം പഠിച്ചു മുന്നേറിയ മൂന്നു പേരെ പ്രസിഡന്റിന്റെ വിരുന്നില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നു തിരഞ്ഞെടുത്തതില്‍ ബിന്ദുവും ഉണ്ടായിരുന്നു. സാക്ഷരതാ ജില്ലാ കലോത്സവത്തില്‍ ബിന്ദു കലാതിലകമായിട്ടുണ്ട്. ‘കമ്പളനാട്ടി’ എന്ന പേരില്‍ ബിന്ദുവിന്‍റെ ഗോത്ര കവിതകള്‍ പുസ്തകമാക്കിയിട്ടുണ്ട്. മീനങ്ങാടിയിലെ രാഗദീപം മ്യൂസിക്സ് ബിന്ദുവിന്‍റെ കവിതകള്‍ ‘എന്‍റെ വയനാട്’ എന്ന പേരില്‍ മ്യൂസിക് ആല്‍ബമാക്കിയിട്ടുണ്ട്.

ചാത്തി കല്യാണി ദമ്പതികളുടെ ഏകമകളാണ് ബിന്ദു. ബിന്ദു ജനിച്ചത് കരാപ്പുഴയിലായിരുന്നു. കരാപ്പുഴ ഡാം പണി തുടങ്ങിയപ്പോള്‍ ചാത്തിയും കല്യാണിയും മൂന്നു വയസ്സുകാരി മകളേയും കൊണ്ട് മേപ്പാടി കല്ലുമല റാട്ടക്കൊല്ലിയിലേക്ക് കുടിയേറുകയായിരുന്നു. ഏതൊരു ആദിവാസി കുടുംബത്തെയും പോലെ കഷ്ടപ്പാടിലൂടെയാണ് ബിന്ദുവിന്‍റെ കുടുംബവും കടന്നുപോയത്. ഒരു നേരത്തെ അന്നത്തിന് വേണ്ടി പാട് പെടുന്നതിനിടയില്‍ സ്കൂളില്‍ പോകുന്നതിനെ കുറിച്ചൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. എന്നിട്ടും ബിന്ദുവിന്‍റെ അച്ഛന്‍ മകളെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ട് പോയി. ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണം പറഞ്ഞു അന്ന് ഹെഡ്മാസ്റ്റര്‍ ബിന്ദുവിനെ സ്കൂളില്‍ ചേര്‍ത്തില്ല. ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എവിടെയാണ് പോകേണ്ടതെന്ന് പോലും ബിന്ദുവിന്‍റെ അച്ഛന് അറിയുമായിരുന്നില്ല. എങ്കിലും നിശ്ചയദാര്‍ഡ്യം ഒന്നുകൊണ്ട് മാത്രം ബിന്ദു അക്ഷരങ്ങള്‍ പഠിച്ചു. കവിതകള്‍ എഴുതി.

ബിന്ദുവിന്റെ അച്ഛന്‍ ചാത്തി

“1987 ല്‍ അമ്മമാര്‍ക്ക് പേരെഴുതാനും വായിക്കാനും പഠിക്കാന്‍ വേണ്ടി സാക്ഷരത തുടങ്ങിയപ്പോഴാണ് ഞാന്‍ അക്ഷരം പഠിക്കുന്നത്. ഫോറെസ്റ്റ് ഏരിയയില്‍ ഒക്കെ പണിക്ക് പോകുമ്പോള്‍ പേരെഴുതി ഒപ്പിടാന്‍ പഠിക്കണം. ആര്‍ക്കും അക്ഷരം അറിയില്ലായിരുന്നു. അത് പഠിപ്പിക്കാനായിട്ട് ഒരു സാക്ഷരതാ പരിപാടി വന്നു. അമ്മമാരെ അക്ഷരം പഠിപ്പിക്കണം അതിനു വേണ്ടി വൈകുന്നേരം സമയം കണ്ടെത്തണം. അങ്ങനെയാണ് ഇത് തുടങ്ങുന്നത്. വീട്ടില്‍ നിന്നു അമ്മ പോകുമ്പോള്‍ അമ്മയുടെ കൂടെ ഞാനും പോകുമായിരുന്നു. അന്നെനിക്ക് എട്ട് വയസ്സൊക്കെ ഉണ്ടെന്ന് തോന്നുന്നു. ഒന്നാം ക്ലാസ്സൊക്കെ കഴിയേണ്ട പ്രായം ആയിരുന്നു. അങ്ങനെ ഞാന്‍ അമ്മയുടെ കൂടെ പോയി അക്ഷരം പഠിച്ചു. പിന്നെ അത് തുടര്‍ന്നു കൊണ്ടേയിരുന്നു. പിന്നെ കുറെ വയോജന ക്ലാസ്സുകള്‍ ഉണ്ടായിരുന്നു. ഞാന്‍ അതിനൊക്കെ പോകുമായിരുന്നു. അങ്ങനെയാണ് ഞാന്‍ എഴുതാനും വായിക്കാനും നന്നായി പഠിച്ചത്.

അന്ന് സ്കൂളില്‍ പോയി പഠിക്കണം എന്നൊന്നും ആരും പറഞ്ഞു തന്നിരുന്നില്ല. സ്കൂളില്‍ പഠിക്കണം എന്ന നിര്‍ബ്ബന്ധമൊന്നും അന്ന് ഞങ്ങളുടെ ഇടയില്‍ ഉണ്ടായിരുന്നില്ല. ആദിവാസിയുടെ കുട്ടി പഠിക്കണം വിദ്യാഭ്യാസം നേടണം എന്നൊന്നും ആരും പറഞ്ഞു തന്നില്ല. ആര്‍ക്കും അങ്ങനെ ഒരു താത്പര്യവും ഇല്ലായിരുന്നു. അതുകൊണ്ടാണ് സ്കൂളില്‍ പഠിക്കാന്‍ കഴിയാതെ പോയത്. ഒരു തവണ അച്ഛന്‍ എന്നെ കോടനാട് സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ട് പോയിരുന്നു. അന്ന് ഹെഡ്മാഷ് ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത് എനിക്കു ഓര്‍മ്മയുണ്ട്. അന്ന് ഞങ്ങള്‍ ഇവിടെ കുടിയേറി വന്നതാണ്. കരാപ്പുഴയില്‍ നിന്നാണ് ഞങ്ങള്‍ ഇവിടെക്ക് കുടിയേറിയത്. അവിടെ പോയിട്ട് ജനന സര്‍ട്ടിഫിക്കറ്റ് കൊണ്ട് വരാന്‍ ഹെഡ്മാഷ് പറഞ്ഞു. അച്ഛന് ഒന്നും അറിയില്ലായിരുന്നു. അതുകൊണ്ട് എനിക്കു സ്കൂളില്‍ പോകാന്‍ പറ്റിയില്ല.

അക്ഷരങ്ങള്‍ പഠിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ കവിതകള്‍ എഴുതാന്‍ തുടങ്ങിയിരുന്നു. മനസ്സില്‍ എഴുതാന്‍ തോന്നിയാല്‍ അപ്പോള്‍ എഴുതും. തനി മലയാളത്തിലും ആദിവാസി ഭാഷയിലും എഴുതാറുണ്ട്. ഞാന്‍ ആദ്യത്തെ കവിത എഴുതിയത് സാക്ഷരതയുടെ പരിപാടിക്ക് വേണ്ടിയിട്ടാണ്. ഞങ്ങളുടെ കോളനിയില്‍ സാക്ഷരത പഠിപ്പിക്കാന്‍ വേണ്ടി ഒരു ടീച്ചര്‍ വന്നിരുന്നു. അതിന്‍റെ വാര്‍ഷികത്തിന് പാട്ടുകളും ലളിതഗാനവും ഒക്കെ വേണം എന്നൊക്കെ ഒരു തീരുമാനം വന്നു. ലളിതഗാനം എന്താണെന്ന് അറിയാം. പക്ഷേ അത് കിട്ടാനോ കാസറ്റ് വാങ്ങാനോ ഒന്നും സാഹചര്യം ഇല്ലായിരുന്നു. പിന്നെ വേറെ ആരെങ്കിലും എഴുതിതന്നിട്ട് ട്യൂണ്‍ ചെയ്തു തരാനോ ആരും ഇല്ലായിരുന്നു. ടീച്ചര്‍ എന്നോടു നീ ഒരു ലളിത ഗാനം എങ്ങനെ ആയാലും പാടണം എന്നു പറഞ്ഞു. അക്ഷരം പഠിക്കുന്നതിന് മുന്‍പ് തന്നെ ഞാന്‍ പാടുമായിരുന്നു. ആദിവാസികള്‍ക്ക് വേണ്ടി ഒരു അങ്കന്‍വാടി ഇവിടെ ഉണ്ടായിരുന്നു. അംഗന്‍വാടിയില്‍ ടീച്ചര്‍ പാട്ടൊക്കെ പഠിപ്പിക്കുമായിരുന്നു. എന്താണ് ചെയ്യുക എന്നു കുറെ ആലോചിച്ചപ്പോള്‍ ഞാന്‍ തന്നെ ഒരെണ്ണം എഴുതിയാലോ എന്ന് എനിക്കു തോന്നി. അങ്ങനെ ഞാന്‍ ഒരെണ്ണം എഴുതി പിറ്റേദിവസം ക്ലാസ്സില്‍ പോയപ്പോള്‍ അവരെ കാണിച്ചു. അപ്പോള്‍ അവരാണ് പറഞ്ഞു തന്നത് ലളിത ഗാനമായാലും പാട്ടായാലും അഞ്ചു മിനിട്ടെങ്കിലും വേണം എന്ന്. ഇത് അഞ്ചു മിനിറ്റ് ഇല്ല, ഇതില്‍ കുറച്ചു വരികള്‍ കൂടി ചേര്‍ക്കണം എന്ന് അവര് പറഞ്ഞു. പിന്നെ കുറച്ചു വരികള്‍ കൂടി എഴുതി ട്യൂണ്‍ ചെയ്തിട്ട് ഞാന്‍ അവരുടെ മുന്നില്‍ പാടി. അപ്പോള്‍ കുഴപ്പമില്ല. നമ്മള്‍ക്ക് ഇത് ചെയ്യാം എന്ന് അവര്‍ പറഞ്ഞു. അന്ന് ആ പാട്ടിന് ഫസ്റ്റ് കിട്ടി. ആ വര്‍ഷം ഞങ്ങള്‍ അവതരിപ്പിച്ച എല്ലാ പരിപാടിക്കും ഫസ്റ്റ് ഉണ്ടായിരുന്നു. അത്തവണത്തെ സാക്ഷരതയുടെ കലാതിലകവും ഞാനായിരുന്നു. ആദ്യം എഴുതിയതൊക്കെ കുറെ കളഞ്ഞുപോയി. സൂക്ഷിച്ചു വെക്കാനൊന്നും അറിയില്ലായിരുന്നു. നോട്ട് ബുക്കില്‍ ഒരു പേജ് പോലും എഴുതാന്‍ ബാക്കിയില്ലാതെ എഴുതിയിരുന്നു. അതൊക്കെ നശിച്ചുപോയി. ഭര്‍ത്താവ് പറഞ്ഞതിന് ശേഷമാണ് ഞാന്‍ കവിതകള്‍ സൂക്ഷിച്ച് വെക്കാന്‍ തുടങ്ങിയത്.”

“ഒന്‍പത് വയസ്സു മുതല്‍ ഞാന്‍ കൂലിപ്പണിക്ക് പോകുന്നുണ്ട്. അച്ഛനും അമ്മയും പണ്ട് മുതലേ കൂലിപ്പണിയായിരുന്നു. ഞാന്‍ ഒറ്റ മോളായിരുന്നു. പണിക്ക് പോകുമ്പോള്‍ അമ്മ എപ്പോഴും എന്നെയും കൊണ്ട് പോകുമായിരുന്നു. കോളനിയില്‍ ആരും ഉണ്ടാവില്ല. എല്ലാരും പണിക്ക് പോകും. ആദ്യമൊക്കെ പണിയെടുക്കുന്ന അടുത്ത വീട്ടിലൊക്കെ നിര്‍ത്തുമായിരുന്നു. അന്നൊക്കെ കൂടുതലും വയല്‍ പണിയായിരുന്നു. പിന്നെ കുറച്ചു വലുതായപ്പോള്‍ ഞാനും അവരുടെ കൂടെ കൂടാന്‍ തുടങ്ങി. ഞാറു പറിക്കാനായാലും നടാനായാലും കൊയ്ത്തിനായാലും പിന്നെ എല്ലാറ്റിനും ഞാനും കൂടി. അങ്ങനെ കൂലിപ്പണി എനിക്കു വശമായി. കൂടുതല്‍ സമയവും മാണിവയല്‍ സെന്ററില്‍ തന്നെയായിരുന്നു വയല്‍ പണി. അതിന്‍റെ തൊട്ടടുത്ത് ഒരു വായനശാല ഉണ്ടായിരുന്നു. ഞാന്‍ കൂടുതല്‍ സമയവും അതിനുള്ളില്‍ തന്നെയായിരുന്നു. പകലൊന്നും അവിടെ ആരും അങ്ങനെ ഉണ്ടാവില്ല. വൈകുന്നേരം വല്യ വല്യ ആള്‍ക്കാരൊക്കെ വരാന്‍ തുടങ്ങി. തൊട്ടടുത്ത് ഒരു പലചരക്ക് കടയുണ്ട്. അവിടെ നിന്നാണ് അച്ഛനും അമ്മയും കടമായി സാധനങ്ങള്‍ വാങ്ങുന്നത്. ആഴ്ചയിലൊരിക്കല്‍ കൂലി കിട്ടുമ്പോഴാണ് അവിടെ പൈസ കൊടുക്കുക. അതുകൊണ്ട് അവര്‍ക്കൊക്കെ ഞങ്ങളെ അറിയാം. അതുകൊണ്ട് പേടിക്കാനൊന്നും ഇല്ല. വായനശാലയില്‍ എല്ലാ പത്രങ്ങളും ഉണ്ടാകും. ഞാന്‍ അതൊക്കെ നോക്കും. എല്ലാ അക്ഷരങ്ങളൊന്നും അറിയില്ല. അറിയുന്ന അക്ഷരങ്ങള്‍ ഞാന്‍ അവിടുന്നു കണ്ടെത്തും. അറിയാത്ത അക്ഷരം ഞാന്‍ മനസ്സില്‍ വരച്ചു വെച്ചു വൈകുന്നേരം ക്ളാസ്സില്‍ ടീച്ചറെ വരച്ചു കാണിക്കും. അപ്പോള്‍ ടീച്ചര്‍ എനിക്കു പറഞ്ഞു തരും. അങ്ങനെ കൂടുതല്‍ മനസ്സിലാക്കും. ഇപ്പോള്‍ മലയാളത്തില്‍ എന്തും ഞാന്‍ വായിക്കും. കിട്ടുന്നത് എല്ലാം വായിക്കും.”

ചുരമിറങ്ങി എവിടേയും പോയിട്ടില്ലാത്ത ബിന്ദുവിന് ആലോചിക്കാന്‍ പോലും പറ്റാത്ത കാര്യമാണ് രാജ്യത്തിന്‍റെ തലസ്ഥാനത്ത് പോയി പ്രസിഡന്‍റിന്റെ വിരുന്നില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു എന്നത്. ബിന്ദുവിനെ സംബന്ധിച്ച് ഡെല്‍ഹി യാത്ര ഇപ്പൊഴും ഒരു സ്വപ്നം പോലെ അവിശ്വസനീയമാണ്. അക്ഷരജ്ഞാനം നേടിയതുകൊണ്ട് മാത്രമാണ് തനിക്ക് ഈ ഭാഗ്യം ലഭിച്ചതെന്ന് ബിന്ദു കരുതുന്നു.

“സാക്ഷരതയിലൂടെ ഉന്നത നിലവാരത്തിലേക്കെത്തിയവരെയാണ് പ്രസിഡന്റിന്റെ വിരുന്നിലേക്ക് കൊണ്ട് പോകാന്‍ തീരുമാനിച്ചത്. കേരളത്തില്‍ നിന്നു മൂന്നു പേരെയാണ് സെലക്ട് ചെയ്തത്. പ്രായം കൂടിയ ഒരു വിദ്യാര്‍ഥി ഖദീസുമ്മ, പിന്നെ പഞ്ചായത്ത് മെമ്പറായിട്ടുള്ള ഒരാള് പിന്നെ ഞാന്‍ അങ്ങനെ മൂന്നു പേരാണ് പോയത്. ആ സമയത്ത് ഞാന്‍ സ്വന്തമായി പാട്ടെഴുതി ആകാശവാണിയില്‍ മാറ്റൊലി എന്ന പരിപാടിയില്‍ അവതരിപ്പിക്കുമായിരുന്നു. അങ്ങനെ സ്കൂളിലൊന്നും പോകാതെ സാക്ഷരതയിലൂടെ പഠിച്ചു ആകാശവാണിയില്‍ പാട്ടെഴുതിയ ആളാണ് എന്ന് പറഞ്ഞിട്ടാണ് എന്നെ കൊണ്ട് പോയത്. നല്ല അനുഭവമായിരുന്നു ആ യാത്ര.ഡെല്‍ഹിയില്‍ ഞങ്ങള്‍ എട്ട് ദിവസം ഉണ്ടായിരുന്നു. രണ്ട് ദിവസം പ്രാക്ടീസ് ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ ആള്‍ക്കാര്‍ വന്നു ഞങ്ങളുടെ കലാരൂപങ്ങള്‍ ഒക്കെ കണ്ടു. അതിലെ പോരായ്മകള്‍ എല്ലാം ശരിയാക്കിയതിന് ശേഷമാണ് ഞങ്ങളെ രാഷ്ട്രപതി ഭവനിലേക്ക് കൊണ്ട് പോയത്. പഞ്ചായത്ത് മെമ്പര്‍ക്ക് ഒരു പ്രസംഗത്തിനും എനിക്കു ഒരു കവിത അവതരിപ്പിക്കാനുമാണ് അവസരം കിട്ടിയത്. അങ്ങനെ ഒരു യാത്ര ഞാന്‍ എന്റെ ജീവിതത്തില്‍ കരുതിയിട്ടില്ല. കുറച്ചു ക്ഷേത്രങ്ങളില്‍ ഒക്കെ അച്ഛന്‍ കൊണ്ട് പോയിരുന്നു എന്നല്ലാതെ കോളനി വിട്ടു മറ്റെവിടെയും ഞാന്‍ പോയിട്ടില്ലായിരുന്നു. ചുരത്തിന് താഴെ ഇറങ്ങുമെന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. ഇങ്ങനെ ഒരവസരം കിട്ടിയപ്പോള്‍ എനിക്കു പോണം എന്ന് തന്നെയായിരുന്നു. എന്റെ ഇളയ മകള്‍ക്ക് അന്ന് മൂന്നു വയസ്സായിരുന്നു. പിന്നെ ഭര്‍ത്താവ് പൂര്‍ണ്ണ പിന്തുണയായിരുന്നു. അതിനു ശേഷം എഴുതാനുള്ള ആത്മവിശ്വാസം കൂടി. ഇപ്പോള്‍ എനിക്കു കഥകളും എഴുതണം എന്നുണ്ട്. കഥ എഴുതിയാല്‍ കവിതയേക്കാള്‍ നന്നായിട്ടുണ്ടാകും എന്നും അറിയാം. ചെറിയ കഥകള്‍ ഒക്കെ എഴുതുന്നുണ്ട്. നാടകം ഒക്കെ ചെയ്യുന്നുണ്ട്. പിന്നെ ശ്രീ മുത്തപ്പന്‍ എന്ന ഒരു സീരിയലില്‍ അഭിനയിക്കാന്‍ പോയിരുന്നു. എന്റെ പാട്ടുകള്‍ സ്വന്തം ട്യൂണില്‍ ആല്‍ബമായിട്ടുണ്ട്. ജോയ് എന്നൊരാളാണ് ആല്‍ബം ചെയ്തത്. ജോര്‍ജ്ജ് കോരയാണ് ആല്‍ബം സംവിധാനം ചെയ്തത്. ഇപ്പോള്‍ രണ്ടാമത് ഒരു പാട്ടും കൂടെ അവര് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്.”

ബിന്ദുവും ഭര്‍ത്താവ് ദാമോദരനും നാടന്‍ കലാപരിപാടിക്കിടയില്‍

ബിന്ദു ഇപ്പോള്‍ പങ്കെടുക്കാന്‍ പറ്റുന്ന കവിതാ ക്യാമ്പുകളില്‍ ഒക്കെ പങ്കെടുക്കാറുണ്ട്. കോഴിക്കോട് വെച്ചു നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ബിന്ദു പങ്കെടുത്തിരുന്നു. വായന ബിന്ദുവിന് ഏറെ ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ കൂലിപ്പണിക്കാരിയായ ബിന്ദുവിന് പുസ്തകങ്ങള്‍ പൈസ കൊടുത്ത് വാങ്ങാന്‍ സാഹചര്യം ഇല്ല. പത്തു വര്‍ഷമായി അച്ഛന്‍ ചാത്തി കിടപ്പിലാണ്. അമ്മയ്ക്കും സുഖമില്ല. ബിന്ദുവിനും ഭര്‍ത്താവിനും കിട്ടുന്ന വരുമാനം കൊണ്ട് ബിന്ദുവും ഭര്‍ത്താവും മൂന്നു മക്കളും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം മുന്നോട്ട് കൊണ്ടുപോകണം. അതിനിടയില്‍ പുസ്തകങ്ങള്‍ വാങ്ങുക എന്നത് ബിന്ദുവിനെ സംബന്ധിച്ചു വെറും സ്വപ്നം മാത്രമാണ്. തനിക്ക് നേടാന്‍ കഴിയാതെ പോയ വിദ്യാഭ്യാസം മക്കള്‍ക്കെങ്കിലും ലഭിക്കണം എന്നു ബിന്ദുവിന് നിര്‍ബ്ബന്ധമുണ്ട്. ബിന്ദുവിന്‍റെ ഒരു മകനും മകളും പ്ലസ് വണ്ണിലും ഇളയ മകള്‍ ഒന്‍പതാം ക്ലാസ്സിലുമാണ് പഠിക്കുന്നത്.

“അക്കാലത്ത് മനോരമ വീക്കിലി ഏതൊരു സാധാരണക്കാരന്‍റെയും വീട്ടിലെ അംഗമായിരുന്നു. വായിക്കാന്‍ പഠിച്ചത് മുതല്‍ മനോരമ വീക്കിലി വായിക്കുമായിരുന്നു. എന്നെ എഴുതാന്‍ ഏറ്റവും കൂടുതല്‍ സഹായിച്ചത് മനോരമയാണ്. കാരണം അതാണ് ഞാന്‍ കൂടുതലും വായിച്ചത്. പിന്നെ ബാലരമ, ബാലഭൂമി പോലുള്ള ചെറിയ കഥ പുസ്തകങ്ങളിലെ കഥകളാണ് ഞാന്‍ ഏറ്റവും കൂടുതല്‍ വായിച്ചിട്ടുള്ളത്. മലയാളത്തിലെ പ്രധാനപ്പെട്ട എഴുത്തുകാരുടെ അധികം പുസ്തകങ്ങള്‍ ഒന്നും എനിക്കു കിട്ടിയിട്ടില്ല. എന്നാലും വായിച്ചതില്‍ എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറാണ്. പാത്തുമ്മയുടെ ആടും ന്റ്റുപ്പൂപ്പാക്കൊരു ആനയുണ്ടായിരുന്നു എന്ന നോവലും എനിക്കു ഏറെ പ്രിയപ്പെട്ട പുസ്തകങ്ങളാണ്. കവിതയൊന്നും എനിക്കു അധികം കിട്ടിയിട്ടില്ല. ഇപ്പോള്‍ ഓരോ കാര്യങ്ങള്‍ക്ക് ആള്‍ക്കാര് വിളിക്കുമ്പോള്‍ എന്താണ് വേണ്ടതെന്ന് അവര്‍ ചോദിക്കും. അപ്പോള്‍ അവരോടു എനിക്കു കിട്ടാത്ത പുസ്തകങ്ങളാണ് ഞാന്‍ ആവശ്യപ്പെടാറ്. അങ്ങനെ ഇപ്പോള്‍ എനിക്കു രണ്ട് പുസ്തകങ്ങള്‍ കിട്ടി. സുഗതകുമാരിയുടെ സമ്പൂര്‍ണ്ണ കവിതാസമാഹാരവും സുഭാഷ് ചന്ദ്രന്റെ മനുഷ്യനു ഒരാമുഖം എന്ന പുസ്തകവും കിട്ടി. പിന്നെ എന്നെ അറിയുന്നവര്‍ കൊച്ചുകൊച്ചു പുസ്തകങ്ങള്‍ തരും.”

ബിന്ദു സ്വന്തം ഭാഷയില്‍ എഴുതുന്ന കവിതകളില്‍ ഗോത്രാരാചാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന കമ്പളപ്പാട്ട്, ഏരുപാട്ട്, കമ്പളനാട്ടി, താരാട്ട് പാട്ട്, കാവ് പാട്ട്, പ്രണയപ്പാട്ട് തുടങ്ങി ഗോത്രക്കരുത്ത് തെളിയിക്കുന്ന നിരവധി കവിതകകളുണ്ട്. മലയാളത്തില്‍ എഴുതുമ്പോള്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പീഡനം, ആദിവാസി ചൂഷണം, തുടങ്ങിയ വിഷയങ്ങളൊക്കെ കടന്നു വരുന്നുണ്ടെങ്കിലും പ്രകൃതിയും പ്രകൃതി സംരക്ഷണവും ഒക്കെയാണ് ബിന്ദുവിന്‍റെ കവിതകളില്‍ കൂടുതലും കാണുന്നത്. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബിന്ദു പറഞ്ഞു.

“കവിതയില്‍ എനിക്കു ഏറ്റവും കൂടുതല്‍ എഴുതാന്‍ താത്പര്യം പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. പ്രകൃതിയുമായിട്ടാണ് ഞാന്‍ കൂടുതല്‍ ഇണങ്ങുന്നത്. പ്രകൃതിയെ കുറിച്ചാണ് എനിക്കു കൂടുതല്‍ അറിയുന്നത്. വല്യ വിഷയങ്ങള്‍ എഴുതാനുള്ള അറിവുകളൊന്നും എനിക്കില്ല. എന്തായാലും പ്രകൃതി സംരക്ഷണത്തെ കുറിച്ച് എഴുതിയിട്ടേ ബാക്കി എന്തിനെ കുറിച്ചും എഴുതിയിട്ട് കാര്യമുള്ളൂ. പ്രകൃതി ഇല്ലെങ്കില്‍ മനുഷ്യരില്ലല്ലോ. പ്രകൃതിയെ കുറിച്ച് എഴുതുന്നവരോട് ഇഷ്ടമാണ്. അതിനെ കുറിച്ച് അറിയുന്നവരോട് എനിക്കു അറിയാത്ത കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നതും അതിനെ കുറിച്ച് സംസാരിക്കുന്നതു കേള്‍ക്കാനും ഇഷ്ടമാണ്. എന്റെ കവിതകളില്‍ എല്ലാം കൂടുതല്‍ വന്നിട്ടുള്ളത് പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. കൂടുതല്‍ എഴുതിയത് എന്റെ ഭാഷയിലാണ്. ഇതുവരെ പുസ്തക രൂപത്തില്‍ ഒന്നും വന്നില്ല. ഇതിന് മുമ്പേ വന്ന ട്രൈബല്‍ ഓഫീസര്‍ പുസ്തകമാക്കാം എന്നൊക്കെ പറഞ്ഞിരുന്നു. അയാള്‍ മാറ്റം പോയതിന് ശേഷം അങ്ങനെ ആരും വന്നിട്ടില്ല. പിന്നെ മലര്‍വാടി എന്നൊരു സംഘം ഉണ്ട്. അവര് ചോദിച്ചിരുന്നു. പുസ്തകമാക്കാന്‍ വേണ്ടിയിട്ടു. പിന്നെ പാര്‍ട്ടിയുടെ ആള്‍ക്കാര് അറിഞ്ഞു അവരും ചോദിച്ചിരുന്നു. ഇതുവരെ ഒന്നും കൊടുത്തിട്ടില്ല. ഓരോ പാട്ടുകള്‍ എടുത്തിട്ട് രണ്ട് മൂന്നു ആല്‍ബം ചെയ്തു. വനിതാ ദിനത്തിനൊക്കെ എഴുതിക്കൊടുക്കാന്‍ ചിലര്‍ ആവശ്യപ്പെടാറുണ്ട്. ആരെങ്കിലും ആവശ്യപ്പെടുമ്പോഴാണ് എഴുതാന്‍ ഒരു മൂഡ് വരുന്നത്. അങ്ങനെ ആവശ്യപ്പെടുമ്പോള്‍ ഞാന്‍ എഴുതിക്കൊടുക്കാറുണ്ട്.”

ബിന്ദുവും ഭര്‍ത്താവ് ദാമോദരനും

ഓട്ടന്‍തുള്ളല്‍ ഒരു തവണയെ കണ്ടിട്ടുള്ളൂ എങ്കിലും കുടകില്‍ പോയിവരുന്ന ആദിവാസികളുടെ അവസ്ഥയെ കുറിച്ച് ബിന്ദു ഓട്ടന്‍തുള്ളല്‍ രൂപത്തില്‍ ഒരു കവിത എഴുതിയിട്ടുണ്ട്.

“കുടകിലുപോയൊരു കേമന്‍വന്നു
വണ്ടിയിറങ്കിയ രംഗം കണ്ടല
പായുമ്പെളച്ച പാച്ചലപോലും
ഏന്തെല്ലാനിഞ്ചു കാലു പുടിക്കും
കുടകില്‍ പോയൊരു കേമന്‍
വന്താനോ പള്ള നിറച്ച
കോളറേം കൊണ്ടു
പള്ളനിറച്ച കോളറ പോരാതെ
സഞ്ചി നിറച്ചും കുപ്പിയും കൊണ്ട്..”  എന്നു തുടങ്ങുന്ന കവിതയെ കുറിച്ച് ബിന്ദു പറയുന്നു.

“ഒരു ടി വി പരിപാടിയില്‍ ഓട്ടന്‍ തുള്ളല്‍ കണ്ടപ്പോള്‍ ഞങ്ങളുടെ ഭാഷയില്‍ അതുപോലെ ഒന്നു ചെയ്താലോ എന്ന് എനിക്കു തോന്നി. രംഗത്ത് ഇതുവരെ ചെയ്തിട്ടില്ല. ചെയ്യണം എന്നുണ്ട്. ഞാന്‍ ഓരോ പരിപാടിക്ക് പോകുമ്പോള്‍ അവര് ആവശ്യപ്പെടുമ്പോള്‍ ഇത് പാടും. അവര്‍ക്കൊക്കെ ഇത് ഇഷ്ടപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ആളുകള്‍ കുടകില്‍ പോയി വരുന്നവരുമായി ബന്ധപ്പെട്ട കവിതയാണത്. ഞങ്ങളുടെ ആളുകള്‍ക്ക് അഞ്ചു രൂപ കിട്ടിയാല്‍ അതിനു അമ്പതു രൂപ ചിലവാക്കും. അമ്പതു രൂപ കിട്ടിയാല്‍ അതിനു അഞ്ഞൂറു രൂപ ചിലവാക്കും. എങ്ങിനെ ധൂര്‍ത്തടിക്കാം എന്നാണ് ആലോചിക്കുന്നത്. വീട്ടില്‍ പ്രായമായ അച്ഛനും അമ്മയും കുഞ്ഞുങ്ങളും ഉണ്ടെന്നോ രോഗിയായ ആളുകള്‍ ഉണ്ടെന്നോ അവര്‍ക്ക് എന്തെങ്കിലും വാങ്ങിക്കൊടുക്കണം എന്നോ ഒന്നും ആലോചിക്കില്ല. മദ്യത്തിന് വേണ്ടിയിട്ടാണ് ഞങ്ങളുടെ ആള്‍ക്കാര് കൂടുതലും പൈസ ചിലവഴിക്കുന്നത്. കുടകില്‍ പണിക്ക് പോകുന്നത് തന്നെ അതിനു വേണ്ടിയിട്ടാണ്. അവിടെ ഇവര്‍ക്ക് രാവിലെയും വൈകീട്ടും ഒക്കെ മദ്യം കിട്ടും എന്നാണ് കേട്ടത്. അവിടുന്നു വരുമ്പോഴും കയ്യില്‍ കുപ്പി ഉണ്ടാകും. അത് കൂടാതെ ഇവിടെ ആര്‍ക്കും അങ്ങനെ വല്യ അസുഖങ്ങള്‍ ഒന്നും വരാറില്ല. ഒരിടക്ക് ഇവിടെ കോളറ പടര്‍ന്ന് പിടിച്ചിരുന്നു. പരിശോധിച്ചപ്പോള്‍ അത് കുടകില്‍ പോയവരില്‍ നിന്നാണ് പടര്‍ന്നത് എന്നാണ് മനസ്സിലായത്. ഒരു വര്‍ഷം മഞ്ഞപ്പിത്തമായിരുന്നു. അതും അന്വേഷിച്ചപ്പോള്‍ കുടകില്‍ പോയവര്‍ വഴിയാണ് പടര്‍ന്നതെന്ന് മനസ്സിലായത്. അച്ഛനും അമ്മയും കുടകില്‍ പോകുമ്പോള്‍ കുട്ടികളെ അടക്കം കൊണ്ട് പോകുമായിരുന്നു. തിരിച്ചു വരുമ്പോള്‍ കുട്ടികള്‍ക്കെല്ലാം മഞ്ഞപ്പിത്തമായിരുന്നു. അങ്ങനെ ഓരോരോ രോഗങ്ങള്‍ വരുമായിരുന്നു.

ജീവിതത്തിനെ കുറിച്ച് വലിയ വിലയൊന്നും കല്‍പ്പിക്കാത്ത സ്ത്രീകളുണ്ട് ഞങ്ങളുടെ കൂട്ടത്തില്‍ ആദ്യം ഒരാളെ വിവാഹം കഴിക്കും എന്നിട്ട്കുറച്ചു ദിവസം കഴിയുമ്പോള്‍ അയാളെ വിട്ടു വേറൊരാളുടെ കൂടെ പോകും. അതും ഞാന്‍ കവിതയില്‍ കൊണ്ട് വന്നിട്ടുണ്ട്. പിന്നെ കുട്ടികളുടെ വിദ്യാഭ്യാസം ഇല്ലാത്ത അവസ്ഥ ഇതെല്ലാം ഞാന്‍ ഇതില്‍ ഞാന്‍ കൊണ്ട് വന്നിട്ടുണ്ട്. അങ്ങനെ ഒരു കവിതയാണ് അത്.” ബിന്ദു പറഞ്ഞു നിര്‍ത്തുന്നു.

ചേമ്പ്രയ്ക്കടുത്ത് ചൂരല്‍ മലയിലെ ഏലത്തോട്ടത്തിലാണ് ബിന്ദു ഇപ്പോള്‍ പണിക്ക് പോകുന്നത്. രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്നിറങ്ങിയാല്‍ വൈകീട്ട് എഴുമണിയൊക്കെ ആകും വീട്ടില്‍ തിരിച്ചെത്താന്‍. ഈ ഓട്ടത്തിനിടയിലും ബിന്ദു എഴുതാനും വായിക്കാനും സമയം കണ്ടെത്തുന്നു. ബിന്ദുവും ഭര്‍ത്താവ് ദാമോദരനും ചേര്‍ന്ന് ഒരു നാടന്‍ കലാ സംഘവും നടത്തുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്.

ബിന്ദുവിന് പുസ്തകങ്ങള്‍ അയച്ചുകൊടുക്കാന്‍ താത്പര്യമുള്ളവര്‍ കല്ലുമല, റാട്ടക്കൊല്ലി, കോട്ടനാട്, പി‌ഓ മേപ്പാടി വയനാട്, 673577എന്ന വിലാസത്തില്‍ അയച്ചുകൊടുക്കാവുന്നതാണ്

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍