UPDATES

ട്രെന്‍ഡിങ്ങ്

ലീലേച്ചി; ആ വലിയ പൊട്ടു മാഞ്ഞു പോയി എന്നല്ല, സഫലമീയാത്ര എന്ന് പറയാനാണ് ഇഷ്ടം

ഡൽഹി വിട്ടു ഡെസ്കിൽ എത്തിയ അവർ അവിടെ അടങ്ങിയൊതുങ്ങി ഇരിക്കാൻ തയ്യാറായിരുന്നില്ല. ഇടയ്ക്കിടെ കേരളമാകെ ഓടി നടന്നു സ്ത്രീകളെയും കുട്ടികളെയും മാത്രമല്ല, പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗം ജനങ്ങളെയും കുറിച്ച് അവർ എഴുതിക്കൊണ്ടേയിരുന്നു

കെ എ ആന്റണി

കെ എ ആന്റണി

അറിയാൻ വൈകി. അടുത്ത കുറച്ചുകാലമായി അല്ലെങ്കിലും പല കാര്യങ്ങളും അങ്ങിനെയാണ്. അറിയേണ്ട കാര്യങ്ങൾ അറിയാതെ പോവുക. വില്ലനായി പലതുണ്ടാകാം. കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ പഠിക്കുമ്പോഴാണ് ഏറെ ഇഷ്ടപ്പെട്ടിരുന്ന അമ്മച്ചിയമ്മ (അമ്മയുടെ അമ്മ) മരിച്ചത്. പാലാ നസ്രാണികളുടെ കണ്ണൂർ പേരാവൂരിലേക്കുള്ള കുടിയേറ്റ കഥ കുട്ടിക്കാലം മുതൽ എനിക്ക് പറഞ്ഞു തന്ന അമ്മച്ചിയമ്മയുടെ ചെറുമകൻ എന്തുകൊണ്ടോ അറിഞ്ഞില്ല. നാട് തെണ്ടി നടക്കുന്ന ഒരാളെ എളുപ്പത്തിൽ ബന്ധപ്പെടുന്നതിലെ ബുദ്ധിമുട്ടു ആലോച്ചിട്ടോ അതോ ചിത്രത്തിൽ ഇല്ലാത്തവർ തറവാട്ടിലും ഇല്ലെന്നു കരുതിയോ എന്നറിയില്ല. പിന്നീട് ചോദിച്ചപ്പോൾ ‘അമ്മ പറഞ്ഞു നീ അറിഞ്ഞിട്ടുണ്ടാവുമെന്നു കരുതി. അമ്മാവന്മാരും സഹോദരങ്ങളും പറഞ്ഞു, ‘തിരക്കിനിടയിൽ അറിയിക്കാൻ വിട്ടു പോയി’. അവരുടെ ന്യായം ശരിയാണ്. എവിടെയോ കിടക്കുന്ന ഒരാളെ എന്തിനു ഒരു പടുകിളവി മരിച്ച വിവരം അറിയിക്കണം!

ഇതേ പോലൊരു സംഭവം തന്നെയാണ് ഇന്നലെ ഏറെ ഇഷ്ടപ്പെടുന്ന ലീലേച്ചി എന്ന ലീല മേനോൻ മരിച്ചപ്പോഴും ഉണ്ടായത്. ഏക വ്യത്യാസം ഇക്കാര്യത്തിൽ ആരെയും പഴിച്ചിട്ടു കാര്യമില്ല എന്നതുതന്നെ. ചത്തുപോയ എന്റെ ഫോണിനെയും കനത്ത മഴയും കാറ്റിനെയും തുടർന്ന് ഉണ്ടായ കറന്റ് കട്ടിനെയുമല്ലാതെ. മഴക്കാലം ആരംഭിച്ചാൽ പത്രം മാത്രമാണ് കണ്ണൂർ നഗരത്തിൽ നിന്നും കേവലം എട്ടു കിലോമീറ്റർ അകലെ താമസിക്കുന്ന എന്നെപ്പോലുള്ളവർക്കു വിധിച്ചിട്ടുള്ളത്. എയർപോർട്ട് റോഡ്, ജേര്‍ണലിസ്റ്റ് നഗർ എന്നൊക്കെ വെറുതെ പറയാന്‍ കൊള്ളാം എന്ന് മാത്രം. എന്തായാലും രാവിലെ പത്രം എത്തും മുൻപ് ഏഴുമണിക്ക് കേബിൾ വന്നു. സ്ക്രോൾ ചെയ്യുന്ന വാർത്തകളിൽ ഒന്ന് ലീലേച്ചിയുടെ മരണത്തെക്കുറിച്ചുള്ളതായിരുന്നു. ഫോൺ അപ്പോഴും ജീവൻ വെച്ചിരുന്നില്ല.

ലീലേച്ചിയുടെ നെറ്റിയിലെ ആ വലിയ പൊട്ടിനെക്കുറിച്ചു ഇക്കഴിഞ്ഞ ആഴ്ചയും ഭാര്യ പറഞ്ഞത് പെട്ടെന്ന് ഓര്‍മ്മ വന്നു. ആ പൊട്ടു മാഞ്ഞുപോയിരിക്കുന്നു. എന്നെക്കാൾ ഭാര്യ ഡെയ്സിക്കായിരുന്നു ലീലേച്ചിയോടു കൂടുതൽ ഇഷ്ടം. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഞങ്ങളുടെ വിവാഹം കഴിഞ്ഞ നാൾ മുതൽ അവൾ ലീലേച്ചിയെക്കുറിച്ചും അവരുടെ നെറ്റിയിലെ ആ വലിയ പൊട്ടിനെക്കുറിച്ചും വാചാലയാകുമായിരുന്നു. വനിതാ മാഗസനിൽ ഒരിക്കൽ ലീലേച്ചിയെക്കുറിച്ചു വന്ന ഒരു ലേഖനം അവൾ ഏറെക്കാലം സൂക്ഷിച്ചു വെച്ചിരുന്നു. സത്യത്തിൽ 1992ൽ ഇന്ത്യൻ എക്സ്പ്രെസ്സിൽ ചേരുന്ന സമയത്തു പോലും ഞാനും ലീലേച്ചിയെ നേരിൽ കണ്ടിരുന്നില്ല. ഇന്ത്യൻ എക്സ്പ്രസ് കോഴിക്കോട് എഡിഷന്‍റെ ഭാഗമായി മലപ്പുറത്ത് ജോലി ചെയ്യുന്ന കാലത്തു ഒരിക്കൽ തികച്ചും അവിചാരിതമായി ലീലേച്ചി ഫോണിൽ വിളിച്ചു. ‘ആന്റണി, എനിക്ക് വരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. വേണ്ടെന്നു ദാസ് സർ പറഞ്ഞു. ആന്റണി അവിടെയുണ്ടല്ലോ പിന്നെതിനാ ലീല പോകുന്നെതെന്നും ചോദിച്ചു. ഒരു പാട് സങ്കടമുണ്ട്. എന്നാലും ആന്റണി അവിടെയുണ്ടല്ലോ.’

ഉത്തരം മുട്ടിപ്പോയ നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. വല്ലാത്തൊരു കുറ്റബോധം. ദാസ് സാറിനെ വിളിച്ചു. ‘കുഴപ്പമില്ല ആന്റണി. അതൊരു പി ഐ ബി ടീമിന്റെ സന്ദർശനം മാത്രമാണ്. അല്ലെങ്കിലും താൻ എഴുതിയ കുറെ വാർത്തകളുടെ പേരിൽ തന്നെയാ അവർ വരുന്നത്. ഇയാൾ മതി. ലീലയ്ക്ക് ഇവിടെ പിടിപ്പതു ജോലിയുണ്ട്’.

എന്തോ മനസ്സ് വല്ലാതെ ആശങ്കാകുലമായിരുന്നു പി ഐ ബി ടീം എത്തുകയും അവർക്കൊപ്പം അന്ന് മലപ്പുറം കളക്ടർ ആയിരുന്ന രാജീവ് സദാനന്ദനെ കാണുന്നതും വരെ. മലപ്പുറത്തെ ബാലിക വിവാഹങ്ങളെയും അവിടുത്തെ പുറം ലോകത്തിനു അത്രയേറെ പരിചിതരല്ലാത്ത മലമുത്തൻ, ആലർ തുടങ്ങിയ ഗോത്ര വര്‍ഗ്ഗങ്ങളെക്കുറിച്ചും ആയിടെ ഞാൻ എഴുതിയ ചില ലേഖനങ്ങളുടെ വെളിച്ചത്തിൽ ഒരു പഠന യാത്ര പി ഐ ബി നടത്തുകയല്ലേയെന്നു അന്ന് കളക്ടർ ചോദിച്ചപ്പോഴാണ് ഒന്നും നന്നാക്കാൻ വേണ്ടിയുള്ള പടപുറപ്പാടല്ല പി ഐ ബിയുടേതെന്നു മനസ്സിലായത്. അതൊക്കെ എന്തും ആകട്ടെ. പക്ഷെ ലീലേച്ചിയോടുള്ള സ്നേഹവും ബഹുമാനവും അതേപടി നിലനിന്നു. അതിനുള്ള പ്രധാന കാരണം ഭാര്യയെ ആകര്‍ഷിച്ച ആ വലിയ പൊട്ടായിരുന്നില്ല. ഒരു പത്ര പ്രവർത്തക എന്ന നിലയിൽ അവർ നടത്തിയ ശക്തമായ ഇടപെടലുകളെക്കുറിച്ചു വായിച്ചും പറഞ്ഞും കേട്ട അറിവിൽ നിന്നുള്ളതായിരുന്നു. ഇന്ത്യൻ എക്സ്പ്രസ്സിന്റെ മലപ്പുറത്തെ ആദ്യത്തെ ഔദ്യോഗിക ലേഖകൻ ഞാൻ ആയിരുന്നു. അതിനും മുൻപ് നിലമ്പൂരിനടുത്ത അരുവാക്കോട് എന്ന കുശവ ഗ്രാമത്തിന്റെ കഥ പുറം ലോകത്തെ അറിയിച്ചത് ലീലേച്ചിയായിരുന്നു.

ഡൽഹി വിട്ടു ഡെസ്കിൽ എത്തിയ അവർ അവിടെ അടങ്ങിയൊതുങ്ങി ഇരിക്കാൻ തയ്യാറായിരുന്നില്ല. ഇടയ്ക്കിടെ കേരളമാകെ ഓടി നടന്നു സ്ത്രീകളെയും കുട്ടികളെയും മാത്രമല്ല, പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗം ജനങ്ങളെയും കുറിച്ച് അവർ എഴുതിക്കൊണ്ടേയിരുന്നു. ഏറെ അറിയപ്പെടുന്ന സൂര്യനെല്ലി വർത്തയൊക്കെ അവയിൽ ചിലതു മാത്രം.

ഒരിക്കൽ കോഴിക്കോട് യൂണിറ്റിലെ ഒരു മീറ്റിംഗിനിടയിൽ ദാസ് സാർ പറഞ്ഞു. ‘ഇത്രയും കമ്മിറ്റഡ് ആയ ഒരു സ്ത്രീ ജേര്‍ണലിസ്റ്റിനെ ഞാൻ കണ്ടിട്ടില്ല’. അത് ശരിയായിരുന്നു. വാർത്ത എഴുതി വെറും ഒരു പൊങ്ങച്ചിക്കാരി ആയി നടക്കുന്ന ഒരാളായിരുന്നില്ല അവർ. കൂടെ ജോലി ചെയ്യുന്നവർക്ക് അവർ എന്നും ഒരു ചാലക ശക്തി കൂടിയായിരുന്നു.

ലീലേച്ചി ജന്മഭൂമിയുടെ റസിഡന്റ് എഡിറ്റർ ആയി ചാര്‍ജെടുത്തു ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞാണ് അവരെ അവസാനമായി കണ്ടത്. കണ്ണൂർ കൊയിലി ആശുപത്രിയിൽ വെച്ച്. ജന്മഭൂമി പത്രത്തിന്റെ കണ്ണൂരിലെ ഒരു ചടങ്ങില്‍ പങ്കെടുത്തു കൊച്ചിയിലേക്ക് മടങ്ങാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ അവർക്കു വീണു കാലിനു പരിക്കേറ്റു. സുഹൃത്ത് ഏഷ്യാനെറ്റിലെ രത്നാകരന്‍ ആണ് വിളിച്ചറിയിച്ചത്. രത്നാകരന്റെ വാഹനത്തിൽ തന്നെയാണ് ആശുപത്രിയിലെത്തി അവരെ കണ്ടതും. ‘ഞാൻ ആന്റണിയെ തിരക്കിയിരുന്നു. കണ്ടത് നന്നായി’ കണ്ട ഉടൻ ചേച്ചി പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു.

ഒടുവിൽ ലീലേച്ചി യാത്രയായിരിക്കുന്നു. ക്യാൻസറിനെ പൊരുതി തോൽപ്പിച്ച ധീര വനിത. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ മാധ്യമ പ്രവർത്തകരായ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും റോൾ മോഡൽ ആയിരുന്നു ലീലേച്ചി. അവരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തുമ്പോഴും ആ വലിയ പൊട്ടു മാഞ്ഞു പോയി എന്നല്ല, സഫലമീ യാത്ര എന്ന് പറയാനാണ് ഇഷ്ടം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ലീലാ മേനോന്‍; അവര്‍ വാര്‍ത്തകളെ അസ്വസ്ഥതയാക്കി മനുഷ്യരുടെ ഹൃദയങ്ങളില്‍ പകര്‍ത്തി

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍