UPDATES

ഒരു മനുഷ്യനാണെന്ന പരിഗണന കിട്ടാന്‍ നാല്‍പത് കൊല്ലം പണിയെടുക്കേണ്ടി വന്നു, എന്നിട്ട് അവരൊക്കെയാണ് എന്നെ ചീത്ത വിളിക്കുന്നത്- സണ്ണി എം. കപിക്കാട് സംസാരിക്കുന്നു- ഭാഗം 2

ഞങ്ങള്‍ തോറ്റെന്നു കരുതി വീട്ടില്‍ ഇരിക്കുന്നവരല്ലെന്നു വീമ്പു പറഞ്ഞ് നടക്കാതെ, കഴിഞ്ഞ പത്തുമുപ്പത് വര്‍ഷമായി കേരളത്തില്‍ നടക്കുന്ന ഹിന്ദുത്വവത്കരണത്തിന്റെ മൂര്‍ധന്യാവസ്ഥയാണ് ഇപ്പോള്‍ സംഭവിക്കുന്നത് എന്ന് മനസിലാക്കുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കനത്ത തോല്‍വിക്ക് കാരണം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ച നവോത്ഥാന മുന്നേറ്റങ്ങളായിരുന്നോ? അതൊരു പരാജയപ്പെട്ട പരീക്ഷണമായി പോയോ? തെരഞ്ഞെടുപ്പാനന്തര കേരളത്തില്‍ ഏറ്റവും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നാണിത്. ഒപ്പം, സിപിഎം, കോണ്‍ഗ്രസ്, ബിജെപി രാഷ്ട്രീയ അജണ്ടകള്‍, മൂല്യവത്തായ ജനാധിപത്യ സമൂഹത്തിന്റെ നിര്‍മിതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും സമൂഹിക നിരീക്ഷകനും ദളിത് ചിന്തകനുമായ സണ്ണി എം. കപിക്കാടുമായുള്ള ദീര്‍ഘ സംഭാഷണത്തിന്റെ രണ്ടാം ഭാഗം. 

ആദ്യഭാഗം ഇവിടെ വായിക്കാം: ഇടതുപക്ഷത്തിന് എന്ത് പുതിയ അജണ്ടയാണുള്ളത്? ശബരിമല-നവോത്ഥാനത്തില്‍ മുഖ്യമന്ത്രിയെ വരെ അവര്‍ തോല്‍പ്പിച്ചു: സണ്ണി എം. കപിക്കാട് സംസാരിക്കുന്നു

ബിജെിപിക്ക് കേരളത്തില്‍ പുതിയ അജണ്ടയുണ്ട്. കോണ്‍ഗ്രസിനോ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കോ ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ ഒരു അജണ്ടയുമില്ല. ബിജെപിക്ക് പുതിയ ആളുകളെയും വിഭാഗങ്ങളെയും പിടിക്കാന്‍ പദ്ധതിയുണ്ട്. പണം മുടക്കിയാണെങ്കില്‍ അങ്ങനെ, സംഘടനകളെ വിലയ്‌ക്കെടുത്താണെങ്കില്‍ അങ്ങനെ, വലിയ പോസ്റ്റുകള്‍ നല്‍കിയാണെങ്കില്‍ ആ വഴി… അങ്ങനെ പലതരത്തില്‍. സമൂഹത്തിലെ വലിയ മാന്യമാരെ ആകര്‍ഷിക്കാനൊക്കെ ഇതിലൂടെ അവര്‍ക്കു പറ്റും. കോണ്‍ഗ്രസിനൊന്നും അത് സാധിക്കില്ല. അതിനകത്തുള്ളവര്‍ക്ക് പോലും കൊടുക്കാന്‍ അവര്‍ക്കാകില്ല. അത്രയേറെ ചെങ്കീരികള്‍ അതിനകത്തുണ്ട്. അവരെ തൃപ്തിപ്പെടുത്തിയിട്ട് ഒന്നും നടക്കില്ല. എ.കെ ആന്റണിയെ പോലുള്ളവരാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. എന്ത് രാഷ്ട്രീയ അജണ്ടയുള്ളയാളാണ് ആന്റണി? രാഷ്ട്രീയ വിവേകം എന്നത് ജിവിതത്തില്‍ ഒരിക്കല്‍ പോലും തെളിയിക്കാത്തയാളാണ് എ കെ ആന്റണി. അങ്ങനെയുള്ളൊരാളാണ് കോണ്‍ഗ്രസിലെ രണ്ടാമന്‍. പിന്നെങ്ങനെ ആ പ്രസ്ഥാനം രക്ഷപ്പെടാനാണ്?

പിണറായി വിജയന്റെ കാലം കഴിഞ്ഞാല്‍ കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ ആരേറ്റെടുക്കും? കോടിയേരി ബാലകൃഷ്ണനോ? എന്ത് രാഷ്ട്രീയ വിവേകമാണ് കോടിയേരിക്കുള്ളത്? എന്തെങ്കിലും തെളിയിച്ചിട്ടുണ്ടോ? ഒരു വിഷയം ഉണ്ടാകുമ്പോള്‍ എങ്കിലും അതിലൊരു തീരുമാനം എടുത്ത് അതില്‍ കേരളത്തെ പിടിച്ചു നിര്‍ത്താന്‍ കോടിയേരിക്ക് കഴിഞ്ഞിട്ടുണ്ടോ? അതുകൊണ്ട് സംശയിമില്ലാതെ പറയാം, ഇത് മുങ്ങിക്കൊണ്ടിരിക്കുന്നൊരു കപ്പലാണ്.

ഈ തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ച ഒരേയൊരു കക്ഷി ബിജെപി മാത്രമാണ്. കോണ്‍ഗ്രസും വോട്ട് പിടിച്ചില്ല, മാര്‍ക്‌സിസ്റ്റുകാരും വോട്ട് പിടിച്ചില്ല. കോണ്‍ഗ്രസിന് സീറ്റ് കിട്ടിയത് രണ്ട് തരത്തിലാണ്. യുപിഎ അധികാരത്തില്‍ വരും എന്ന പ്രതീതി തെരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്നു. ബിജെപിക്ക് തിരിച്ചടി ഉണ്ടാകുമെന്നും കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടുകക്ഷി മന്ത്രിസഭയെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷ ശക്തമായിരുന്നു. അതുകൊണ്ട് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നൊരു തോന്നല്‍ ഉണ്ടായി. അതോടൊപ്പം തന്നെയാണ് രണ്ടോ അതിലധികമോ ബിജെപി സ്ഥാനാര്‍ത്ഥികള്‍ കേരളത്തില്‍ ജയിക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്ത പ്രചരിച്ചത്. ഇതുരണ്ടും കോണ്‍ഗ്രസിനും യുഡിഎഫിനും ഗുണം ചെയ്തു. അല്ലാതെ കോണ്‍ഗ്രസിന്റെ സംഘടന സംവിധാനം കൊണ്ടോ രാഷ്ട്രീയസംവിധാനം കൊണ്ടോ സമാഹരിച്ചതല്ല ഈ വോട്ടുകള്‍. അതിനുദാഹരണമാണ് ശശി തരൂരിന്റെ വിജയം. തരൂരിന്റെ തെരഞ്ഞെടുപ്പ് സംവിധാനം മുഴുവന്‍ അവതാളത്തിലായെന്നാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂര്‍ദ്ധന്യഘട്ടത്തില്‍ കേരളം അറിഞ്ഞ വിവരം. അത് പരിഹരിക്കാന്‍ ഡല്‍ഹിയില്‍ നിന്നും വന്ന ദൂതന്‍, തനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നു പറഞ്ഞ് അന്നു രാത്രി തന്നെ തിരിച്ചുപോയി. അത്രയും അനാഥമായി പോയി കാര്യങ്ങള്‍. പിന്നെങ്ങനെ ശശി തരൂര്‍ അവിടെ ജയിച്ചു? കാസറഗോഡെ സ്ഥാനാര്‍ത്ഥിയായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ വന്നയാള്‍ അഞ്ചുലക്ഷം രൂപ അടിച്ചോണ്ടു പോയെന്നും അവനെ ഫോണ്‍ ചെയ്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ്. ഇതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്.

കേരളത്തിലെ ന്യൂനപക്ഷം വടക്കേയിന്ത്യയിലെ പോലെയല്ല. കേരളത്തിലേത് സംഘടിതമായ ന്യൂനപക്ഷമാണ്. എണ്ണത്തിലും കൂടുതലാണ്. 40 ശതമാനം അടുത്ത് വരും. അതൊരു എന്‍ ബ്ലോക് ആണ്. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് അനുകൂലമായി നിന്നു. എസ്ഡിപിഐ ചിലയിടങ്ങളില്‍ മത്സരിച്ചെങ്കിലും നാമമാത്രമായ വോട്ടാണ് പിടിച്ചത്. അതിനര്‍ത്ഥം ഇത്തവണ മുസ്സിങ്ങള്‍ എന്‍ ബ്ലോക്കായി യുഡിഎഫിന് വോട്ട് ചെയ്‌തെന്നാണ്. മൊത്തത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം വോട്ടുകള്‍ എന്‍ ബ്ലോക്ക് ആയി തന്നെ യുഡിഎഫിന് വന്നു. അത് യുഡിഎഫ് നെയ്‌തെടുത്തതല്ല. ബിജെപി വിരുദ്ധതയില്‍ കിട്ടിയതാണ്. ബിജെപിക്ക് ആണെങ്കില്‍ നായന്മാര്‍ക്കിടയിലും ഈഴവരില്‍ ഒരു വിഭാഗത്തിനിടയിലും മാത്രമാണ് കയറിചെല്ലാന്‍ കഴിഞ്ഞത്. ബാക്കിയുള്ള വിഭാഗങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ല. തൃശൂര്‍ മുതല്‍ തെക്കോട്ടാണ് ബിജെപി വോട്ട് പിടിച്ചത്. മലബാര്‍ മേഖലയില്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ദളിത് വിഭാഗങ്ങളുടെ വോട്ട് ബിജെപിക്ക് പോയില്ല. അവര്‍ ഇടതുപക്ഷത്തിനോ കോണ്‍ഗ്രസിനോ ആണ് വോട്ട് ചെയ്തത്.

കോണ്‍ഗ്രസിന് ഇപ്പോള്‍ കിട്ടിയ വോട്ടുകള്‍ നാളെ ഒഴുകി പോകും. അതിലൊരു സംശയവുമില്ല. കാരണം, ഈ വോട്ടുകള്‍ പിടിച്ചു നിര്‍ത്താന്‍ സംഘടനാപരമായി യാതൊരു കഴിവും അവര്‍ക്കില്ല. അതിനുള്ള അജണ്ടയുമില്ല. ശബരിമലയില്‍ കുഴപ്പമാണെന്നു പറഞ്ഞ് ഇനിയും വോട്ട് പിടിക്കാന്‍ പറ്റില്ല. അങ്ങനെയൊരു ചിന്തയുണ്ടെങ്കില്‍ അത് തെറ്റിദ്ധാരണയാണ്. ഇപ്പോഴത്തെ സ്ഥിതിയില്‍ ശബരിമലയുടെ പേരില്‍ ആര്‍ക്കെങ്കിലും വോട്ട് കിട്ടുകയാണെങ്കില്‍ അത് ബിജെപിക്ക് മാത്രമേ കിട്ടൂ. കാരണം, ആ അജണ്ട അവരാണ് സെറ്റ് ചെയ്തത്. ബാക്കിയുള്ളവര്‍ക്കത് കഴിഞ്ഞില്ല. പിണറായി വിജയന്‍ ശ്രമിച്ചെങ്കിലും അത് സ്വന്തം പാര്‍ട്ടി തന്നെ പരാജയപ്പെടുത്തി. ഇനിയവര്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടെങ്കില്‍ അതായിരിക്കും അവരുടെ ഭാവി തീരുമാനിക്കുക. കഴിഞ്ഞ തവണ അരലക്ഷം വോട്ട് പിടിച്ചടുത്ത് ഇത്തവണ മൂന്നുലക്ഷത്തോളം വോട്ടാണ് ബിജെപി പിടിച്ചത്. രണ്ടരലക്ഷത്തോളം വോട്ടാണ് അധികം പിടിച്ചത്. അതവര്‍ക്ക് പുതിയ അജണ്ടയുള്ളതുകൊണ്ടാണ്. അത് ദേശീയതലത്തിലായാലും സംസ്ഥാന തലത്തിലായാലും. ഫലം വരുന്നതിന് മൂന്നു ദിവസം മുമ്പ് ചന്ദ്രബാബു നായിഡു, ഡല്‍ഹിയിലും കൊല്‍ക്കൊത്തയിലും ലക്‌നൗവിലുമൊക്കെ പോയി തിരിച്ചു വരുമ്പോള്‍ ആന്ധ്രയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്ല! ഇതാണ് പ്രതിപക്ഷത്തിന്റെ അവസ്ഥ. അതിനു കാരണം അവര്‍ക്കൊരു രാഷ്ട്രീയ അജണ്ട നിര്‍മിക്കാന്‍ കഴിഞ്ഞില്ല എന്നതാണ്.

ഇനി ഇന്ത്യക്കാര്‍ നേരിടേണ്ട പ്രധാനപ്പെട്ട വെല്ലുവിളിയും ഈ രാഷ്ട്രീയ അജണ്ടയാണ്. സംഘപരിവാര്‍ ഉയര്‍ത്തിക്കൊണ്ടു വരുന്ന തീവ്രദേശീയതുടെയും മനുഷ്യവിദ്വേഷത്തിന്റെയും പുതിയൊരു രാഷ്ട്രീയ അജണ്ടയ്‌ക്കെതിരേ ഒരു ജനാധിപത്യ സമൂഹത്തിനാവശ്യമായ ഒരു രാഷ്ട്രീയ അജണ്ട നിര്‍മിക്കാന്‍ കഴിയുക എന്നതു തന്നെയാണ് നമ്മള്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അതിന് ഇടതുപക്ഷത്തിന് കഴിയില്ല. ശബരിമലയില്‍ തെറ്റുപറ്റിപ്പോയെന്നും പറഞ്ഞ് നടന്നാല്‍ അവരിനിയും കൂടുതല്‍ തകരുകയേയുള്ളൂ. ഒരു അജണ്ട റീസെറ്റ് ചെയ്യാനുള്ള വഴിയാണ് അവര്‍ നോക്കേണ്ടത്. ഇത്തവണ കേരളത്തിലെ തെരഞ്ഞെടുപ്പ് അജണ്ട തീരുമാനിച്ചത്, ഇടതുപക്ഷമല്ല, ബിജെപിയാണ്. ഒരു മൂന്നാം കക്ഷിയായ ബിജെപിക്ക് മറുപടി പറഞ്ഞു നടക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ജനം കൂടെയുണ്ടായിട്ടും കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക അജണ്ട തീരുമാനിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല എന്നത് യാഥാര്‍ത്ഥ്യം തന്നെയാണ്. അത് മനസിലാക്കാനുള്ള തിരിച്ചറിവ് ഇടതിന് ഇനിയെങ്കിലും ഉണ്ടാകണം. അതിന് ആദ്യം, ആ പാര്‍ട്ടിയുടെ ധാര്‍ഷ്ട്യം കളയണം. മനുഷ്യനെ അപമാനിക്കുന്ന തരത്തിലാണ് നേതാക്കന്മാരുടെ പെരുമാറ്റം. വേറെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കന്മാരും ഇത്തരത്തില്‍ പെരുമാറില്ല. തങ്ങള്‍ തെറ്റു പറ്റാത്തവരാണെന്ന ധാരണയാണ്. ആത്മാര്‍ത്ഥ, കമ്യൂണിസ്റ്റുകാര്‍ക്ക് ജനിച്ചപ്പോഴേ ഉണ്ടായിരുന്നതാണെന്നാണ് നേതാക്കന്മാര്‍ പറഞ്ഞു നടക്കുന്നത്. കമ്യൂണിസ്റ്റുകാര്‍ ആത്മാര്‍ത്ഥയുള്ളവരാണെന്നു പറഞ്ഞാല്‍ ജനം മുഖവിലയ്‌ക്കെടുക്കുമോ? ഞങ്ങള്‍ തോറ്റെന്നു കരുതി വീട്ടില്‍ ഇരിക്കുന്നവരല്ലെന്നു വീമ്പു പറഞ്ഞ് നടക്കാതെ, കഴിഞ്ഞ പത്തുമുപ്പത് വര്‍ഷമായി കേരളത്തില്‍ നടക്കുന്ന ഹിന്ദുത്വവത്കരണത്തിന്റെ എക്‌സ്‌പ്ലോഷന്‍ ആണ് ഇപ്പോള്‍ സംഭവിക്കുന്നത് എന്ന് മനസിലാക്കുകയാണ് വേണ്ടത്. അത് ഡിവൈഎഫ്ഐക്കാരന്റെ വീട്ടില്‍ വരെ നടക്കുന്നുണ്ട്. ഇത് ബിജെപിയുടെ ഗുണ്ടകള്‍ മാത്രം ചെയ്യുന്ന പണിയല്ല. വീട്ടിലൊരു പെണ്‍കുഞ്ഞ് ഉണ്ടാകുമ്പോള്‍ ദേവനന്ദയെന്നൊക്കെ പേരിടുമ്പോള്‍ ഓര്‍ക്കണമായിരുന്നു. ഹിന്ദുത്വം കടന്നു വരുന്ന വഴികളാണിതൊക്കെ. ഒരു പേര് എന്നു പറഞ്ഞ് ഒഴിഞ്ഞുമാറരുത്. കാശിയെന്നും അയ്യപ്പനെന്നുമൊക്കെ പേരുകള്‍ ഇട്ട് കുട്ടികളെ വളര്‍ത്തുമ്പോള്‍, ഇത്തരത്തില്‍ വളരെ സൂക്ഷ്മമായിട്ടു തന്നെ ഹിന്ദുത്വവത്കരണം നമ്മുടെ വീടുകള്‍ കടന്നു കയറുന്നുണ്ടെന്നു കൂടി മനസിലാക്കണം. ശബരിമല എന്നത് രാഷ്ട്രീയമായി ഉപയോഗിക്കപ്പെടേണ്ട ഒന്നല്ല, അതൊരു വിശ്വാസത്തിന്റെ കാര്യമാണ്, അതാ നിലയ്ക്ക് നടക്കട്ടെ, അതിന്റെ പേരില്‍ ഇവിടെ നീതി നിഷേധിക്കാന്‍ പാടില്ല എന്നത് ഒരു ജനാധിപത്യ സമൂഹത്തിന്റെ മുഖമുദ്രയായിരിക്കണം എന്നു കേരളത്തെ പഠിപ്പിക്കാന്‍ അവര്‍ക്കായില്ല. അവിടെയാണ് പ്രശ്‌നം.

വിശ്വാസികളോട് സംസാരിക്കാന്‍ ഒരു ഭാഷ കമ്യൂണിസ്റ്റുകാര്‍ക്കില്ല. ഇന്ത്യന്‍ ഭരണഘടന വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം മാത്രമല്ല, ആരാധനയ്ക്കുള്ള സ്വാതന്ത്ര്യവും ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നുണ്ട്. ആരാധന നടത്തുന്ന മനുഷ്യരോട് സംസാരിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ക്കൊരു ഭാഷയുണ്ടോ? അത് വികസിപ്പിച്ചെടുക്കാന്‍ അവര്‍ ശ്രമിക്കണം. ഇന്ത്യയെന്നു പറയുന്നത് വിശ്വാസികളുടെ നാട് കൂടിയാണ്. ആ വിശ്വാസികളോട് സംസാരിക്കാനുള്ള രാഷ്ട്രീയ ഭാഷ ഇപ്പോള്‍ ബിജെപിക്ക് മാത്രമേയുള്ളൂ. ഈ ഭാഷ കമ്യൂണിസ്റ്റുകള്‍ കടം എടുക്കണോ? അതിനാണ് ശ്രീകൃഷ്ണ ജയന്തിയൊക്കെ നടത്തി അവര്‍ ശ്രമിക്കുന്നത്. അതുകൊണ്ട് കാര്യമില്ല. അത് ബിജെപിക്ക് തന്നെയാണ് ഗുണം ചെയ്യുന്നത്. അമ്പല കമ്മിറ്റി പിടിച്ചെടുത്തിട്ടും കാര്യമില്ല. 1925 മുതല്‍ അമ്പലത്തിനു മുന്നില്‍ വടിവാള്‍ കറക്കി ഒരു സംസ്‌കാരം ഉണ്ടാക്കിയെടുത്തവരുടെ മുമ്പില്‍ ഇപ്പോള്‍ ചെന്ന് അമ്പലം പിടിച്ചെടുക്കാന്‍ നോക്കിയിട്ട് കാര്യമില്ല. ആര്‍എസ്എസ് എന്നത് ഒരു നിസ്സാര നെറ്റ്വര്‍ക്ക് അല്ലെന്നു മനസിലാക്കണം. അതുകൊണ്ട് പുതിയൊരു രാഷ്ട്രീയ അജണ്ട സെറ്റ് ചെയ്യാതെ ഇടതുപക്ഷം ഇനിയിവിടെ രക്ഷപ്പെടില്ല. താത്കാലിക തിരിച്ചടിയാണെന്നൊക്കെ അവര്‍ പറയുന്നത് ശുദ്ധ ഭോഷ്‌ക് ആണ്.

ഇനി വരുന്ന ആറു നിയമസഭ മണ്ഡലങ്ങളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വലിയ ഭീഷണിയായിരിക്കും ബിജെപി ഉണ്ടാക്കാന്‍ പോകുന്നത്. അത് തടയണണെങ്കില്‍ ഇടതുപക്ഷം ഇപ്പോള്‍ അണിഞ്ഞിരിക്കുന്ന കാപട്യത്തിന്റെ വേഷം അഴിച്ചു വയ്ക്കണം. എന്നിട്ട് ഒരു ജനാധിപത്യ പ്രസ്ഥാനത്തിന്റെ കടമ ചെയ്യണം. കേരളത്തിലെ ദളിതരെയൊക്കെ ഒരു വിഭാഗമായി അംഗീകരിക്കാന്‍ അവര്‍ തയ്യാറാകണം. ദളിതര്‍ ഒരു വിഭാഗമാണ്, അവര്‍ പ്രത്യേകമായ പ്രതിസന്ധികള്‍ നേരിടുന്നവരാണ്, അവര്‍ക്ക് സവിശേഷമായ രാഷ്ട്രീയാവകാശം കൊടുക്കേണ്ടതുണ്ട് എന്നു പറയാന്‍ തയ്യാറാകണം. അതു പറയാതെ എങ്ങനെ ഈ ജനവിഭാഗത്തെ അവര്‍ ഉള്‍ക്കൊള്ളും? ഇത് ചെയ്യാതിരിക്കുമ്പോഴാണ് പട്ടികജാതിക്കാരെ നിങ്ങള്‍ ഹിന്ദുക്കളാണെന്നും പറഞ്ഞ് സംഘപരിവാര്‍ പിടിച്ചുകൊണ്ടു പോകുന്നത്. നമ്മളെല്ലാം ഹിന്ദുക്കളാണ്, നമ്മള്‍ സഹോദരങ്ങളാണ് എന്നാണ് ബിജെപിക്കാരന്‍ പട്ടികജാതിക്കാരന്റെ മുഖത്തു നോക്കി പറയുന്നത്. ഇടതുപക്ഷം പറയുന്നത്, ദളിതരെല്ലാം കുഴപ്പക്കാരാണെന്നും. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇല്ലാത്ത ദളിതരെല്ലാം കുഴപ്പക്കാരാണെന്നാണ് അവര്‍ പറയുന്നത്. അതുപോലെ, സ്ത്രീകളുടെ സമത്വം. സ്ത്രീ സമത്വത്തെ കുറിച്ച് കമ്യൂണിസ്റ്റുകാര്‍ക്ക് മാത്രമാണ് സങ്കല്‍പ്പം ഉള്ളതെന്നാണ് പറയുന്നത്. എന്ത് സങ്കല്‍പ്പമാണ് ഇവര്‍ക്കുള്ളത്? ഷൊര്‍ണൂരിലെ എംഎല്‍എ ശശി ഒരു പെണ്‍കുട്ടിയെ അപമാനിച്ചിട്ട് എന്താണവര്‍ ചെയ്തത്? തന്നെ അപമാനിച്ചെന്നു പറഞ്ഞ് ഒരു പെണ്‍കുട്ടി പരാതി കൊടുത്തപ്പോള്‍, ആ പരാതി മുക്കിയവര്‍ക്ക് ജനം വോട്ട് ചെയ്തില്ലെന്നു പരാതി പറഞ്ഞിട്ട് എന്തു കാര്യം? അങ്ങനെയുള്ളവര്‍ക്ക് വോട്ട് ചെയ്യില്ല, ചെയ്യരുത്. രമ്യ ഹരിദാസിന്റെ വിജയത്തില്‍ നിന്ന് കമ്യൂണിസ്റ്റുകാര്‍ പാഠം പഠിക്കണം. മര്യാദയ്ക്ക് സംസാരിക്കണം എന്ന പാഠം. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം. അതിനൊന്നും തയ്യാറാകാതെ, പഴയ ധാര്‍ഷ്ഠ്യവുമായി ഇറങ്ങിയാല്‍ ഇനിയും തോല്‍ക്കും.

പുതിയ രാഷ്ട്രീയ അജണ്ട നിര്‍മിക്കാന്‍ ഇടതുപക്ഷത്തിന് ഇനി കെല്‍പ്പില്ല, അവരെ വിശ്വസിച്ച് ജനത്തിന് ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല. ശബരിമല തിരിച്ചടിയായെന്നു പറയുമ്പോള്‍, അവരും സ്ത്രീ പ്രവേശനത്തിന് എതിരാണെന്നു തന്നെയാണല്ലോ അതിനര്‍ത്ഥം. സ്ത്രീകള്‍ പ്രവേശിക്കണമെന്നു പറഞ്ഞു വാദിച്ചതും നവോതഥാനത്തിന്റെ പാരമ്പര്യത്തെ കുറിച്ച് പറഞ്ഞതും അബദ്ധമായി പോയി എന്നാണല്ലോ അവരിപ്പോള്‍ പറയുന്നത്. ഇനി സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കേണ്ടെന്നു തന്നെയാണവര്‍ പറഞ്ഞുവയ്ക്കുന്നത്. അങ്ങനെയുള്ളവരെ ഇനിയും വിശ്വസിക്കുന്നത് എന്തിനാണ്? ഇടതും പറയുന്നത് ഫാസിസം തന്നെയാണ്. മാര്‍ക്‌സിസം അടിസ്ഥാനപരമായി ഫാസിസം തന്നെയാണ്. ലിബറലിസവും ഹ്യൂമനിസവുമൊക്കെ വെറുംവാക്ക് പറയുന്നതാണ്. ലോകത്ത് കമ്യൂണിസം ഭരണകൂടം ഉണ്ടാക്കിയിടത്തൊക്കെ സ്വന്തം ജനതയെ വ്യാപകമായി കൊന്നൊടുക്കിയിട്ടുണ്ട്. ഇതൊക്കെ തുറന്നു പറഞ്ഞുകൊണ്ട് തങ്ങള്‍ ഇത്രയും നാള്‍ വിപ്ലവം നടത്തുകയായിരുന്നു എന്ന ക്ലീഷേ അവസാനിപ്പിച്ച് ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ കമ്യൂണിസ്റ്റുകാര്‍ തയ്യാറാവുകയാണ് വേണ്ടത്. അതിന് തയ്യാറാകാത്തിടത്തോളം ഇവരെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ല. ബംഗാളില്‍ മമതയെ പാഠം പഠിപ്പിക്കാന്‍ വേണ്ടി ബിജെപിക്ക് വോട്ട് ചെയ്തവരാണവര്‍. അവര്‍ക്കെങ്ങനെയാണ് സംഘപരിവാറിനെതിരേ രാഷ്ട്രീയ അജണ്ട നിര്‍മിക്കാന്‍ കഴിയുക?

ബിജെപിക്കെതിരേ നമുക്ക് ഇപ്പോള്‍ ഒരു രാഷ്ട്രീയ പ്രതിപക്ഷം ഇല്ല. ഇത് ഇപ്പോള്‍ ഉള്ളവരില്‍ നിന്നും രൂപപ്പെട്ടു വരില്ല. അത് സംഭവിക്കുക ഈ മുന്നണികള്‍ക്ക് വെളിയിലായിരിക്കും. ഒവൈസിയെപോലുള്ള നേതാക്കള്‍ ദേശീയ രാഷ്ട്രീയത്തില്‍ വരണം. തങ്ങള്‍ ന്യൂനപക്ഷത്തിനൊപ്പമാണെന്നു പറയുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടാകണം. തങ്ങള്‍ ദളിതര്‍ക്കൊപ്പമാണെന്നു പറയുന്ന, ഭരണഘടനയ്‌ക്കൊപ്പമാണെന്നു പറയുന്ന രാഷ്ട്രീയം ഇന്ത്യയില്‍ ഉണ്ടായി വരണം. മുസ്ലിങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ട്, ഞങ്ങള്‍ നല്ല മുസ്ലിങ്ങള്‍ക്കൊപ്പമാണെന്നു പറയുന്നവരല്ല വേണ്ടത്. മുസ്ലിങ്ങളെല്ലാം പാകിസ്താനില്‍ പോകണമെന്നു പറയുന്നവര്‍ രാജ്യം ഭരിക്കുന്ന ഘട്ടത്തില്‍ ഞങ്ങള്‍ മുസ്ലിങ്ങളുടെ കൂടെയാണെന്നു പറയാന്‍ ധൈര്യം കാണിക്കണം. ദളിതര്‍ കൂട്ടത്തോടെ ആക്രമിക്കപ്പെടുമ്പോള്‍, അതു ചൂണ്ടിക്കാണിക്കുന്നവരെ സ്വത്വവാദിയെന്നു പറഞ്ഞാക്ഷേപിക്കുകയല്ല വേണ്ടത്. ഞങ്ങള്‍ ദളിതരുടെ കൂടെയാണെന്നു തന്നെ പറയണം. വ്യത്യസ്തരായ ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, ഭരണഘടനാ മുല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നൊരു ജനാധിപത്യ രാഷ്ട്രീയത്തെ വ്യാപകമാക്കുക എന്നൊരു പരിശ്രമമാണ് നമ്മുടെ മുന്നില്‍ ഉള്ളത്.

അടുത്ത തവണയും മോദി അധികാരത്തില്‍ വരാനാണ് സാധ്യത. കാരണം, വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ പറയുന്ന പദ്ധതി വിജയിച്ചു കൊള്ളണമെന്നില്ല. നിലവിലെ പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്നു നാം കണ്ടതാണ്. മായാവതിയൊക്കെ പ്രധാനമന്ത്രിയാകാന്‍ നീക്കം നടത്തുകയായിരുന്നു. ഗ്രൗണ്ടില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെയായിരുന്നു കളികളൊക്കെ. ഗ്രൗണ്ട് റിയാലിറ്റി എന്താണെന്നു കോണ്‍ഗ്രസിന് അറിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഡല്‍ഹിയിലും പഞ്ചാബിലും ഹരിയാനയിലും ആം ആദ്മി പാര്‍ട്ടിയുമായി അവര്‍ ധാരണയുണ്ടാക്കുമായിരുന്നു. പക്ഷേ, കോണ്‍ഗ്രസിനകത്തെ ചെങ്കീരികള്‍ അത് തടഞ്ഞു. ഈ ചെങ്കീരികള്‍ നാളെ ബിജെപിയിലേക്ക് പോകുമെന്ന കാര്യത്തിലും സംശയമില്ല. കോണ്‍ഗ്രസ് നേതാക്കളിലെ വലിയൊരു വിഭാഗം ബിജെപിയില്‍ ചേരും. യുപിയില്‍ പ്രിയങ്കയെ ഇറക്കി വോട്ട് വിഘടിപ്പിച്ച് ബിജെപിക്ക് സീറ്റ് നേടിക്കൊടുക്കുകയാണ് ചെയ്തത്. ഇതിനൊക്കെ പിറകില്‍ കോണ്‍ഗ്രസിനകത്ത് മരിക്കാതെ കിടക്കുന്ന കുറെ ചെങ്കീരികളാണ്. ജനാധിപത്യ മുന്നണിയുടെ സാധ്യത കോണ്‍ഗ്രസ് തന്നെ അടച്ചു കളയുകയാണ്. ഒരു സംവിധാനവുമില്ല, ഒരജണ്ടയുമില്ല. മോദി അമ്പത് അമ്പലത്തില്‍ പോയാല്‍, രാഹുല്‍ ഇരുപത്തിയഞ്ച് അമ്പലത്തില്‍ പോകും. അതാണവരുടെ അജണ്ട. എന്നാല്‍ കൂടുതല്‍ അമ്പലത്തില്‍ പോയ മോദിക്ക് വോട്ടു കൊടുത്തേക്കാമെന്നു ജനം വിചാരിക്കും.

ബിജെപിയുടെ അജണ്ടയ്ക്ക് ബദലായി അജണ്ട കൊണ്ടുവരാന്‍ നിലവില്‍ കഴിവുള്ളതെന്നു  കരുതുന്നവര്‍ ഒവൈസി, പ്രകാശ് അംബേദ്കര്‍, ജിഗ്നേഷ് മേവാനി, ചന്ദ്രശേഖര്‍ ആസാദ് എന്നിവരെ പോലുള്ളവരെയാണ്. മായാവതിയില്‍ പോലും ഒരു എതിര്‍ രാഷ്ട്രീയത്തിനുള്ള സാധ്യതകള്‍ അവശേഷിക്കുന്നില്ല. അങ്ങനെയൊരു മറു രാഷ്ട്രീയം ദേശീയതലത്തില്‍ ഇപ്പോള്‍ തന്നെ തുടങ്ങേണ്ടതുമുണ്ട്. അത് രാജ്യവ്യാപകമായി പ്രവര്‍ത്തിപ്പിക്കുകയും  വേണം. ഒരു മുന്നണികളിലുമില്ലാത്ത പൊതുപ്രവര്‍ത്തകര്‍ അത്തരം പ്രവര്‍ത്തനങ്ങളോട് സഹകരിച്ച് നില്‍ക്കണം. കേരളത്തിലും അത് നടപ്പാകണം. മുന്നണികള്‍ക്ക് പുറത്ത് നില്‍ക്കുന്ന വലിയൊരു വിഭാഗമുണ്ട്. അവരൊക്കെ ഗാന്ധിസമാണോ മാര്‍ക്‌സിസമാണോ വലുത്, അതോ അംബേദ്കറിസമാണോ വലുത് എന്നുള്ള ചീഞ്ഞ ചര്‍ച്ചകളൊക്കെ മാറ്റിവച്ച്, ജനാധിപത്യ സമൂഹവും ജനാധിപത്യ രാഷ്ട്രവുമെന്ന കൃത്യമായൊരു ആദര്‍ശത്തിലേക്ക് ജനങ്ങളെ എത്തിക്കാന്‍ ശ്രമിക്കണം. മൂല്യങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കണം. സിദ്ധാന്തങ്ങളിലേക്കല്ല.

കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ ലോകത്ത് എവിടെയെങ്കിലും ഒരു മൂവ്‌മെന്റ് നടന്നിട്ടുണ്ടെങ്കില്‍ അതൊരു മൂല്യത്തിനു വേണ്ടിയാണ്, സിദ്ധാന്തത്തിനു വേണ്ടിയല്ല. അതുകൊണ്ട് ഗാന്ധിസമാണോ ശരി , അംബേദ്കറിസമാണോ ശരി എന്നു പറഞ്ഞ് തര്‍ക്കിക്കേണ്ട ഘട്ടമല്ലിത്. നമ്മള്‍ മുന്നോട്ടു വയ്‌ക്കേണ്ടത് മൂല്യമാണ്. അംബേദ്കര്‍ ശരിയാണ്. എന്തുകൊണ്ടെന്നാല്‍ ഒരു സമൂഹ്യജനാധിപത്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. അതാണ് അംബേദ്കറിസത്തിലെ ശരി. സാമൂഹ്യ ജനാധിപത്യം എന്ന മൂല്യം സ്ഥാപിക്കാന്‍ വേണ്ടിയാണ് അംബേദ്കര്‍ നമുക്ക് തുണയാകുന്നത്. അല്ലാതെ അംബേദ്കര്‍ പറഞ്ഞത് ആദ്യാവസാനം ശരിയാണ്, അംബേദ്കറിലൂടെ മാത്രമെ മനുഷ്യന്‍ സഞ്ചരിക്കാവൂ എന്നു പറയുന്നതിലൊന്നും വലിയ കഥയില്ല. അതുപോലെ, ഗാന്ധി പറഞ്ഞതെല്ലാം ശരിയല്ല. ഗ്രാമസ്വരാജ് വലിയ സംഭവമാണെന്നാണ് ഈ ആഗോളവത്കരണത്തിന്റെ കാലത്തും ഗാന്ധിയന്മാര്‍ വിവരക്കേടു പറഞ്ഞു നടക്കുന്നത്. സ്വയംപര്യാപ്തത എന്നൊരു കാര്യം ഗാന്ധി പറഞ്ഞിട്ടുണ്ട്. അതൊരു വലിയ മൂല്യമായി എടുക്കണം. വ്യക്തിയുടെ കാര്യത്തിലായാലും സ്വയംപര്യാപ്തത എന്നത് പ്രധാനപ്പെട്ട ഒന്നാണ്. നിങ്ങള്‍ പെണ്‍മക്കളെ കല്യാണം കഴിച്ചു വിടുന്നതിനെ കുറിച്ചല്ല, അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ റാം മനോഹര്‍ ലോഹ്യ പറഞ്ഞതില്‍ ഒരു മൂല്യമുണ്ട്. ഇങ്ങനെ പലതരത്തില്‍ മനുഷ്യവംശത്തിന് മുന്നോട്ടു പോകാനുള്ള ആദര്‍ശങ്ങളും ആശയങ്ങളും നമ്മുടെ മുന്നിലുണ്ട്. പക്ഷേ, നമ്മള്‍ ആ വഴിക്കല്ല പോകുന്നത്. നമ്മുടെ ആലോചന അംബേദ്കറൈറ്റ് ആണെങ്കില്‍ അംബേദ്കര്‍ ആണ് എല്ലാം. ലോകത്തുള്ളവരെ മുഴുവന്‍ തെറിവിളിച്ചിട്ട് അവസാനം രണ്ട് ജയ് ഭീം പറയും. ആന്റി-ബിജെപി വികാരമാണുള്ളത്, അതുകൊണ്ട് ബിഎസ്പി അടക്കമുള്ള ചെറുകിട പാര്‍ട്ടികള്‍ക്കൊന്നും വലിയ വോട്ടൊന്നും കിട്ടാന്‍ സാധ്യതയില്ല എന്നൊരു അഭിപ്രായം പറഞ്ഞതിന്, ബിഎസ്പിക്ക് വോട്ടു കുറയുമെന്നു ഞാന്‍ പറഞ്ഞെന്നും പറഞ്ഞ് തെളിവിളിയായിരുന്നു. ഞാന്‍ തമ്പുരാക്കന്മാര്‍ക്ക് വേണ്ടി വാദിക്കുന്നുവെന്നായിരുന്നു പരിഹാസം. ദളിത് പ്രവര്‍ത്തകര്‍ എന്നു പറയുന്നവരുടെ തലയ്ക്കകത്ത് പോലും സംശയബോധമാണ്. ഇവരൊക്കെ ജയ് ഭീമിന്റെ ആള്‍ക്കാരുമാണ്!

ഞാനൊക്കെ പത്തുനാല്‍പ്പത് കൊല്ലക്കാലമായി ഇവിടെ നില്‍ക്കാന്‍ തുടങ്ങിയിട്ട്. അതിന്റെ ആദ്യത്തെ ഇരുപത് കൊല്ലവും ഈ സമൂഹത്തിന്റെ മുഴുവന്‍ തെറിയും ചീത്തയും കേട്ടാണ് നിന്നത്. ഇരുപത് കൊല്ലം കഴിഞ്ഞപ്പോഴാണ് എന്റെയൊക്കെ ശബ്ദം മറ്റുള്ളവരൊന്നു ശ്രദ്ധിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ അഞ്ചോ ആറോ കൊല്ലമേ ആയിട്ടുള്ളൂ ഒരു മനുഷ്യനാണെന്ന പരിഗണന പൊതുസമൂഹം തന്നിട്ട്. അത് കിട്ടാന്‍ നാല്‍പ്പത് കൊല്ലത്തെ പണിയെടുക്കേണ്ടി വന്നു. അങ്ങനെയുള്ളവരെയൊക്കെ വന്നാണ് വെറുതെയങ്ങ് ചീത്ത വിളിക്കുന്നത്. വടയമ്പാടി സമരത്തിന് പോയപ്പോള്‍, ആര്‍എസ്എസുകാര്‍ അപ്പുറത്ത് മാറി നിന്ന് വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കുന്നതിനൊപ്പം ഞങ്ങളെ പച്ചത്തെറിയും വിളിക്കുകയായിരുന്നു. അതേ സംസ്‌കാരമാണ് ഇപ്പുറത്ത് ബിഎസ്പിക്കാരനും കാണിക്കുന്നത്. ജയ് ഭീമും തെറിവിളിയും ഒപ്പത്തിനൊപ്പം. ഇതില്‍ നിന്നൊക്കെ പുറത്തു വരണം. സിദ്ധാന്തത്തിന്റെ ശാഠ്യമൊക്കെ കളഞ്ഞ് ഒരു സ്വതന്ത്രമായ മുഴു സമൂഹമാണെന്ന ബോധ്യത്തോടെ, അതിനുയോജ്യമായ ഒരു ജനാധിപത്യ സമൂഹമായും ജനാധിപത്യ രാഷ്ട്രമായും മാറുന്നതിന് ഒരു മൂല്യത്തില്‍  അധിഷ്ഠിതമായ രാഷ്ട്രീയം ഉണ്ടാക്കണം. ആദര്‍ശാത്മകമായ രാഷ്ട്രീയം എന്നല്ല, പക്ഷേ, ജനങ്ങള്‍ക്ക് എത്തിപ്പിടിക്കാന്‍ പറ്റുന്ന ഒരു മൂല്യം മുന്നോട്ടുവയ്ക്കാന്‍ കഴിയണം.

മൂലധന ശക്തികള്‍ക്ക് എന്തുമാകാന്‍ കഴിയുന്ന, എന്തും ചെയ്യാന്‍ കഴിയുന്ന, മൂല്യമില്ലാത്ത ഒരു സ്ഥലത്താണ് നമ്മള്‍ ജീവിക്കുന്നത്. കീഴാള മനുഷ്യര്‍ എപ്പോള്‍ വേണമെങ്കിലും അക്രമിക്കപ്പെടാനും കൊല്ലപ്പെടാനും കഴിയുന്നൊരിടത്ത്. സ്ത്രീകളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന ചോദ്യത്തിന് മൂല്യവത്തായൊരു ഉത്തരമില്ലാത്തൊരിടത്ത്. കുട്ടികളോട് എങ്ങനെ പെരുമാറണമെന്നറിയാത്ത, കുട്ടികളെ നിലത്തടിച്ചു കൊല്ലുന്ന അമ്മാരുള്ള ഒരു സ്ഥലത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇതൊക്കെ വ്യത്യസ്ത സംഭവങ്ങളായിട്ടല്ല കാണേണ്ടത്. മൂല്യരഹിതമായൊരു സമൂഹത്തില്‍ സംഭവിക്കുന്ന കാര്യങ്ങളായിട്ട് വേണം ഇതിനെയെല്ലാം കാണേണ്ടത്. ഒരു ജനാധിപത്യ സംസ്‌കാരം ഇത്തരം മൂല്യങ്ങള്‍ ഉണ്ടാക്കിക്കൊണ്ടു വേണം യാഥാര്‍ത്ഥ്യമാക്കാന്‍.

ഈ പറഞ്ഞ കാര്യങ്ങള്‍ സമുദായ സംഘടനകള്‍ക്ക് ഏറ്റെടുക്കാനും നടപ്പാക്കാനും കഴിയുമെന്നു തോന്നുന്നില്ല. മുന്‍ പറഞ്ഞ കാര്യങ്ങള്‍വച്ച് ഒരു വലിയ പ്ലാറ്റ്‌ഫോം ഇവിടെ തുറന്നാല്‍ സമുദായ സംഘടനകള്‍ അതിന്റെ ഭാഗമായി മാറുമെന്നു മാത്രം. അല്ലാതെ അവരുടെ മുന്‍കൈയില്‍ അത് നടക്കില്ല. ലോകത്തെ മനസിലാക്കിയും മനുഷ്യന്റെ വിശാലമായ സ്വതന്ത്ര്യത്തെ കുറിച്ചും അവന്റെ അഭിവാഞ്ചകളെക്കുറിച്ചും മനസിലാക്കുന്ന ഒരു ദര്‍ശനത്തിന് മാത്രമെ കഴിയൂ. സമുദായ സംഘടനകള്‍ക്ക് അതിനാകില്ല, അതിന്റെ വെളിയിലേ അത് സംഭവിക്കൂ. അത് സംഭവിക്കാന്‍ വേണ്ട ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍