UPDATES

ഇടതുപക്ഷത്തിന് എന്ത് പുതിയ അജണ്ടയാണുള്ളത്? ശബരിമല-നവോത്ഥാനത്തില്‍ മുഖ്യമന്ത്രിയെ വരെ അവര്‍ തോല്‍പ്പിച്ചു: സണ്ണി എം. കപിക്കാട് സംസാരിക്കുന്നു

ഇടതുപക്ഷം ലോകം മാറിയത് കാണുന്നില്ല. ഒന്നും മാറില്ലെന്നു കരുതി ഒരു അജണ്ടയും സെറ്റ് ചെയ്യാതെ തെറ്റായ കണക്കുകൂട്ടലുമായി ഇരിക്കുകയായിരുന്നു അവര്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ കനത്ത തോല്‍വിക്ക് കാരണം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ച നവോത്ഥാന മുന്നേറ്റങ്ങളായിരുന്നോ? അതൊരു പരാജയപ്പെട്ട പരീക്ഷണമായി പോയോ? തെരഞ്ഞെടുപ്പാനന്തര കേരളത്തില്‍ ഏറ്റവും സജീവമായൊരു ചര്‍ച്ച ഈ വിഷയത്തിലാണ്. പ്രസ്തുത വിഷയത്തില്‍ സമൂഹിക നിരീക്ഷകനും ദളിത് ചിന്തകനുമായ സണ്ണി എം. കപിക്കാട് അഴിമുഖവുമായി സംസാരിക്കുന്നു.

ശബരിമലയില്‍ തുടങ്ങിയ നവോത്ഥാന മുന്നേറ്റം പരാജയപ്പെട്ട പരീക്ഷണമായിരുന്നില്ല, എന്നാല്‍ ആ മുന്നേറ്റത്തെ ഇടതുപക്ഷം പരാജയപ്പെടുത്തുകയുണ്ടായി. അതാണവര്‍ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായത്. നവോത്ഥാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഒരു നിലപാട് എടുത്തു. മുഖ്യമന്ത്രിയാണത് പറഞ്ഞുവച്ചത്. ഇത് (ശബരിമല യുവതി പ്രവേശനം) ഭരണഘടനാ പ്രശ്‌നമാണ്. ഈ വിധി നടപ്പിലാക്കണം. സ്ത്രീകളുടെ സമത്വം നിഷേധിക്കാന്‍ പാടില്ല. നിരവധി ആചാരങ്ങള്‍ വേണ്ടെന്നു വച്ചിട്ടാണ് കേരള സമൂഹം ഉണ്ടായത്; തുടങ്ങി പ്രധാനപ്പെട്ട പല കാര്യങ്ങളും മുഖ്യമന്ത്രി പറഞ്ഞുവച്ചു. ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ കേരളീയസമൂഹം ചര്‍ച്ച ചെയ്യേണ്ട ഒരു പ്രധാനപ്പെട്ട അജണ്ട മുഖ്യമന്ത്രി സെറ്റ് ചെയ്തിരുന്നു. എന്നാലത് കേരളത്തിലെ ഇടതുപക്ഷം അടക്കം ആരും ഏറ്റെടുത്തില്ല. അതേ തുടര്‍ന്ന് ആ വിഷയം ഒരു വനിത മതില്‍ തീര്‍ക്കുന്നതിലേക്ക് ഒതുക്കപ്പെടുകയും ആ വനിത മതിലിനെ ശബരിമലയുമായി ബന്ധമില്ലാത്തതെന്ന തരത്തിലേക്ക് കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ അട്ടിമറിക്കുകയും ചെയ്തു.

യഥാര്‍ത്ഥത്തില്‍ ശബരിമല എന്നത് വലുതപക്ഷത്തിന് മാത്രം സാധ്യത ഉണ്ടായിരുന്നൊരു കാര്യമായിരുന്നില്ല. ജനാധിപത്യവാദികള്‍ക്കും ഭരണഘടനാവാഴ്ച്ച ആഗ്രഹിക്കുന്നവര്‍ക്കും ഇടതുപക്ഷത്തിനുമൊക്കെ സാധ്യതയുള്ള സന്ദര്‍ഭമായിരുന്നു ശബരിമല. ആ സാധ്യത ഒട്ടും വിനിയോഗിക്കാതെ ഇപ്പോള്‍ കൈകാലിട്ടടിച്ചിട്ട് കാര്യമില്ല. ശബരിമലയില്‍ നിന്നും പിറകോട്ട് പോയതാണ് യഥാര്‍ത്ഥത്തില്‍ ഇടതിനുണ്ടായ പരാജയം. മുഖ്യമന്ത്രി തുടങ്ങി വച്ച വഴിയില്‍ മുന്നോട്ടു പോയാല്‍ എന്തോ വലിയ തകര്‍ച്ച നേരിടുമെന്ന് ഇടതുപക്ഷത്തിലെ യാഥാസ്ഥിതികര്‍ വാദിക്കുകയും മുഖ്യമന്ത്രിക്ക് തന്നെ അത് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ വരികയും ചെയ്തു. ഇടതുപക്ഷത്തിന്റെ പോഷക സംഘടനകളില്‍ ഒന്നുപോലും ശബരിമല വിഷയം ഏറ്റെടുത്തില്ല. വ്യാപകമായി ഏറ്റെടുക്കണമായിരുന്നു. കേരളത്തിന്റെ തെരുവുകളില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയും ജനങ്ങളെ ഇതുമായി ബന്ധപ്പെട്ട അവരുടെ ബോധ്യങ്ങളില്‍ മാറ്റം ഉണ്ടാക്കാന്‍ കഴിയുന്ന തരത്തില്‍ വ്യാപകമായ ഇടപെടലിന് സംഘടിത പ്രസ്ഥാനങ്ങള്‍ തയ്യാറാവുകയും വേണമായിരുന്നു. അവരത് ചെയ്തില്ല. അസംഘടിതരായ ചെറിയ വിഭാഗങ്ങളും വ്യക്തികളും മാത്രമാണ് ഈ വിഷയം കേരളം മുഴുവന്‍ പറഞ്ഞു നടക്കാനും ചര്‍ച്ചകള്‍ ഉണ്ടാക്കുകയും ചെയ്തത്. ഈ വിഷയം മുഖ്യമന്ത്രി പറഞ്ഞ നവോത്ഥാനത്തിന്റെ പശ്ചാത്തലത്തിലും ഭരണഘടനാ വാഴ്ച്ചയുടെ അനിവാര്യതയിലും മുന്‍നിര്‍ത്തി രാഷ്ട്രീയമായൊരു പോരാട്ടം സംഘപരിവാറുമായി മുഖാമുഖം നടത്തുന്നതിന് ഇടതുപക്ഷം പരാജയപ്പെട്ടു. പരാജയപ്പെടുത്തിയതാണെന്നു തന്നെ പറയണം.

സിപിഎം ഇപ്പോള്‍ കണ്ടെത്തിയൊരു കാരണം തെരഞ്ഞെടുപ്പില്‍ ശബരിമല തിരിച്ചടിക്ക് കാരണമായെന്നാണ്. അങ്ങനെ പറഞ്ഞുകൊണ്ട് കേരളത്തില്‍ ഇടതുപക്ഷം എന്നൊരു പക്ഷം തന്നെ പൂര്‍ണമായി ഇല്ലാതാവുകയാണെന്നാണവര്‍ സ്ഥാപിക്കുന്നത്. എല്ലാവരും ശബരിമലയുടെ ആള്‍ക്കാരായി മാറുകയാണ്. കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും ബിജെപിയും എല്ലാവരും ശബരിമലയുടെയും ശ്രീകൃഷ്ണന്റെയും ശ്രീരാമന്റെയും ഭഗവത്ഗീതയുടെയുമൊക്കെ ആള്‍ക്കാരായി മാറുകയാണ്.

ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഭരണ സംവിധാനം, മുഖ്യമന്ത്രി എടുത്തത് ഒരു തെറ്റായ പരീക്ഷണമായിരുന്നില്ല, അത് ഇടതുപക്ഷം അകത്തു നിന്നു തന്നെ പരാജയപ്പെടുത്തിയൊരു പരീക്ഷണമായിരുന്നുവെന്നു വേണം പറയാന്‍. മുഖ്യമന്ത്രിയുടെ ശബ്ദം വരെ അവര്‍ അടച്ചു. മുഖ്യമന്ത്രിയെവരെ അവര്‍ പരാജയപ്പെടുത്തി. അപ്പോഴാണ് വേറെ വഴിയില്ലാതെ അദ്ദേഹത്തിനും കൈയൊഴിയേണ്ടി വന്നത്. വളരെ ഉറപ്പോടെയാണ് ആദ്യഘട്ടത്തില്‍ അദ്ദേഹം തന്റെ നിലപാടുകള്‍ പറഞ്ഞത്. രണ്ടാമത് വിദേശ യാത്ര കഴിഞ്ഞ് വന്നപ്പോഴും ആ പ്രചാരണം അദ്ദേഹം പലസ്ഥലങ്ങളിലും നടത്തി. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ ഇത്രയും കാര്യങ്ങള്‍ അദ്ദേഹം മുന്നോട്ട് നീക്കിയിട്ടും അദ്ദേഹത്തിന്റെ പാര്‍ട്ടിയോ മുന്നണിയോ ആ വിഷയം ഏറ്റെടുത്ത് മുന്നോട്ടു കൊണ്ടുപോകാന്‍ താത്പര്യം കാണിച്ചില്ലെന്നു മാത്രമല്ല, അത് നിരുത്സാഹപ്പെടുത്തുകയുമാണ് ചെയ്തത്. ദേവസ്വം മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും അടക്കം അത് മുന്നോട്ടു കൊണ്ടു പോകാനല്ല ശ്രമിച്ചത്, മറിച്ച് അതിന്റെ അപകടം നിരന്തരം ചൂണ്ടിക്കാണിച്ചുകൊണ്ടും, കേരളത്തിലെ സവര്‍ണ സമുദായത്തെ പ്രീണിപ്പിക്കേണ്ടതിന്റെ ആവശ്യം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ട് (എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നിരന്തരം ആക്ഷേപിച്ചിട്ടും ഇങ്ങോട്ട് ഇതും പറഞ്ഞ് വരേണ്ടെന്നു തീര്‍ത്തു പറഞ്ഞിട്ടും നിര്‍ത്താതെ) മുന്നോട്ടു പോവുകയാണ് ചെയ്തത്. മുഖ്യമന്ത്രി തുടങ്ങിവച്ച, ഒരുപക്ഷേ കേരളീയ സമൂഹത്തിന്റെ ജനാധിപത്യവത്കരണത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്ന ഒരു നീക്കത്തെ അകത്തു നിന്നും പരാജയപ്പെടുത്തുകയാണ് ഇതിലൂടെ ഇടതുപക്ഷം ചെയ്തത്. എന്നിട്ടിപ്പോള്‍ വോട്ട് കുറഞ്ഞൂ എന്നു പറഞ്ഞ് നിലവിളിക്കുന്നതില്‍ കഥയില്ല.

ശബരിമലയെ കുറിച്ച് ഒന്നും മിണ്ടേണ്ടെന്നാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തീരുമാനിച്ചിരുന്നത്. ശബരിമലയെ കുറിച്ച് പറയേണ്ട, പക്ഷേ ബിജെപി വച്ച കെണിയില്‍ വീഴരുതായിരുന്നു. മറിച്ച് അവരൊരു അജണ്ട സെറ്റ് ചെയ്യണമായിരുന്നു. ഇടതുപക്ഷത്തിന് അതിന് സാധ്യതയുണ്ടായിരുന്നു കേരളത്തില്‍. ശബരിമലയിലെ സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ഒരു അജണ്ട സെറ്റ് ചെയ്യുകയും അതൊരു ബഹുജന പ്രവര്‍ത്തനമാക്കി മാറ്റാനും കഴിഞ്ഞിരുന്നുവെങ്കില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമായിരുന്നു. ഈ പുതിയ സാഹചര്യത്തില്‍ അതിനേ സാധ്യതയുള്ളായിരുന്നു. അല്ലാതെ പരമ്പരാഗത വോട്ട് പോയെന്ന വിലാപത്തിലൊന്നും കാര്യമില്ല. അതിനിയും പോകും. പുതിയ വോട്ട് ബാങ്ക് നിര്‍മിക്കാനുള്ള പദ്ധതി ഇവര്‍ക്കില്ലെങ്കില്‍ ഇനിയും പോകും. ബിജെപിയെ നോക്കൂ, അവരൊരു വോട്ട് ബാങ്ക് ഇവിടെ നിര്‍മിച്ചു കഴിഞ്ഞു. ഇടതുപക്ഷം ഇവിടെയാണ് അത്തരത്തിലൊരു പുതിയ വോട്ട് ബാങ്ക് നിര്‍മിച്ചിരിക്കുന്നത്. ഇടതിന് ഏതെങ്കിലുമൊരു അജണ്ടയുണ്ടോ? തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് അവര്‍ എന്ത് പ്രാതിനിധ്യം കൊടുത്തു? ദളിതര്‍ക്ക് എന്ത് പ്രാതിനിധ്യം കൊടുത്തു? ഇങ്ങനെയൊക്കെയാണല്ലോ പുതിയ അജണ്ട സെറ്റ് ചെയ്യുന്നതും പുതിയ വോട്ട് ബാങ്ക് നിര്‍മിക്കുന്നതും. കേരളത്തിലെ ഹിന്ദു വികാരം ആളിക്കത്തിച്ചുകൊണ്ട് നായന്മാരെയും ഈഴവരിലൊരു വിഭാഗത്തേയും പിടിച്ചെടുക്കാനായിട്ട് ബിജെപിക്ക് കഴിഞ്ഞു. അതാണ് ഇപ്പോള്‍ കണ്ട ഇളക്കത്തിനു കാരണം. അതേസമയം ഇടത് ഏതു വിഭാഗത്തേയാണ് കൂടെ നിര്‍ത്തിയത്? തൊഴിലാളികളെ പിടിച്ചോ? അസംഘടിത വിഭാഗങ്ങളെ പിടിച്ചോ? ആദിവാസികളെയോ ദളിതരെയോ പിടിച്ചോ? ഇതൊന്നും ഇടതുപക്ഷം ചെയ്തിട്ടില്ല.

Also Read: വിശ്വാസി സമൂഹം അകന്നു, മതന്യൂനപക്ഷങ്ങള്‍ കൈവിട്ടു: സിപിഎം കേരള ഘടകം; എന്തുകൊണ്ട് നേരത്തെ തിരിച്ചറിഞ്ഞില്ലെന്നു പിബിയില്‍ വിമര്‍ശനം

കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് ഇത്തവണ, അവര്‍ക്ക് വേറെ വഴിയൊന്നും ഇല്ലായിരുന്നു. ബിജെപി അധികാരത്തില്‍ വരരുതെന്ന ശക്തമായ ആഗ്രഹം കേരളത്തിലെ ജനങ്ങളില്‍ ഉണ്ടായിരുന്നു. അതിനവരുടെ മുന്നില്‍ ആകെയുണ്ടായിരുന്ന വഴി കോണ്‍ഗ്രസിന് വോട്ട് ചെയ്യുക മാത്രമായിരുന്നു. മറ്റൊരു രക്ഷയുമവര്‍ക്കു മുന്നില്‍ ഉണ്ടായിരുന്നില്ലെന്നതുകൊണ്ട് കൂട്ടത്തോടെ കോണ്‍ഗ്രസിന് വോട്ട് ചെയ്തു.

ശബരിമല പരീക്ഷണം നടത്തിയതുകൊണ്ടല്ല, ജനം ഇടതുപക്ഷത്തിന് വോട്ട് ചെയ്യാതിരുന്നത്. ഇടതിനു വോട്ട് ചെയ്യാതിരുന്നതിന് വേറെ കാരണങ്ങളുണ്ട്. അതിലൊന്ന്, നവോത്ഥാനം എന്നൊക്കെ പറഞ്ഞത് വെറും തട്ടിപ്പ് ആയിരുന്നുവെന്ന്, നവോത്ഥാന മുദ്രാവാക്യം മുന്നോട്ടു വച്ചപ്പോള്‍ അതിനെ പിന്തുണച്ച് രംഗത്തു വന്ന വിഭാഗങ്ങള്‍ മനസിലാക്കിയതാണ്. രണ്ട് സന്ദര്‍ഭങ്ങളിലാണ് ഇക്കാര്യം മനസിലായത്. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചാരണ വിഷയങ്ങള്‍ തീരുമാനിച്ചപ്പോഴും. പിന്നെന്തിനാ നവോത്ഥാനത്തെക്കുറിച്ച് ഇവര്‍ പറഞ്ഞതെന്നൊരു ചോദ്യം അപ്പോള്‍ ഇടതിനെതിരേ ഉയര്‍ന്നു, വലിയൊരു രാഷ്ടീയ ചോദ്യമായിരുന്നു അത്. അതിനിവര്‍ മറുപടി പറഞ്ഞില്ല. നവോത്ഥാനം വെറുംവാക്ക് ആകാതിരിക്കണമെങ്കില്‍ അതുമായി ബന്ധപ്പെട്ടൊരു പ്രതിഫലനം തെരഞ്ഞെടുപ്പില്‍ കാണണമായിരുന്നു. അതുണ്ടായില്ല. സാമ്പത്തിക സംവരണ ബില്ലിന് അനുകൂലമായി നിലപാട് എടുത്തതോടെ സംവരണ വിഭാഗത്തിന് കടുത്ത അമര്‍ഷം ഇവര്‍ക്കെതിരേ രൂപപ്പെട്ടു. അത് കോണ്‍ഗ്രസിനോടും ഉള്ളതാണ്. എന്താണ് ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസമെന്നാണ് ജനങ്ങള്‍ അപ്പോള്‍ ചോദിച്ചത്.

ഇനി മൂന്നാമതൊരു കാരണമുണ്ട്. തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ സമയത്താണ് കേരളത്തില്‍ രണ്ടു യുവാക്കളെ ഇവര്‍ കൊന്നത്. ഇത് വലിയ തിരിച്ചടി മലബാര്‍ മേഖലയില്‍ ഉണ്ടാക്കിയെന്ന കാര്യം ഒരു തര്‍ക്കവുമില്ലാത്തതാണ്. കൊലപാതകം നടത്തിയത് മാത്രമല്ല, പി. ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കി കേരളത്തെ വെല്ലുവിളിക്കാനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തയ്യാറായി. അതോടെ ഇടതുപക്ഷത്തെ പരാജയപ്പെടുത്തുകയെന്നത് കേരളീയ മന:സാക്ഷിയുടെ ആവശ്യമായി മാറി. ഇന്നസെന്റിനെ നിര്‍ത്തരുതെന്ന് കേരളത്തിലെ ഉദ്ബുദ്ധരായ സ്ത്രീകള്‍ ആവശ്യപ്പെട്ടതാണ്, കേട്ടില്ല. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിര എ. വിജയരാഘവന്‍ നടത്തിയ ആക്ഷേപം. ഇതൊക്കെ ഇടതുപക്ഷത്തിന്റെ തോല്‍വിയുടെ കാരണങ്ങളാണ്. തങ്ങള്‍ക്ക് തെറ്റുപറ്റില്ലെന്ന മനോഭവമാണ് കേരളത്തിലെ ഇടതുപക്ഷ നേതാക്കള്‍ക്ക്. അത് വെറും തെറ്റിദ്ധാരണയാണെന്നു കൂടി തെളിയിച്ചു കൊടുക്കുന്ന പരാജയമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്.

ഇടതുപക്ഷം ലോകം മാറിയത് കാണുന്നില്ല. ഒന്നും മാറില്ലെന്നു കരുതി ഒരു അജണ്ടയും സെറ്റ് ചെയ്യാതെ തെറ്റായ കണക്കുകൂട്ടലുമായി ഇരിക്കുകയായിരുന്നു അവര്‍. ബിജെപി കുറെ വോട്ടുകള്‍ പിടിക്കും, ആ വോട്ടുകള്‍ യുഡിഎഫിന്റെതായിരിക്കും, അതിനിടയിലൂടെ എല്‍ഡിഎഫ് രക്ഷപ്പെട്ടുവരും, സംഘടിത സമുദായങ്ങളെ പ്രീണിപ്പിച്ചു നിന്നാല്‍, ശബരിമലയോ, നവോത്ഥാനമോ ദളിതരുടെ കാര്യമോ, സ്ത്രീകളുടെ കാര്യമോ ഒന്നും പറയാതെ യാഥാസ്ഥിതികരായി നിന്നു കഴിഞ്ഞാല്‍ വോട്ടുകള്‍ വന്നു ജയിച്ചോളും എന്ന തെറ്റായ കണക്കുകൂട്ടലിലായിരുന്നു അവര്‍. ഇത് പാളിപ്പോയി. ദേശീയ തലത്തിലും ഇടതുപക്ഷം വലിയ തിരിച്ചടി നേരിടുന്നുവെന്ന യാഥാര്‍ത്ഥ്യവും കൂടി അംഗീകരിക്കാന്‍ തയ്യാറാകണം. അവര്‍ ഇപ്പോഴും പറയുന്നത് താത്കാലികമായ തിരിച്ചടിയെന്നാണ്. തിരിച്ചു വരുമെന്ന് പറയുമ്പോള്‍, അങ്ങനെയൊരു വരവിന് ഇവര്‍ക്ക് എന്തു പുതിയ അജണ്ടയാണ് ഉള്ളത്? കേരളത്തിലും ദേശീയതലത്തിലും പുതിയ പുതിയ ആളുകളെ പിടിക്കാന്‍ ബിജെപിക്ക് അജണ്ടയുണ്ട്. ഇടതുപക്ഷത്തിന് എന്ത് അജണ്ടയാണ് ആ തരത്തിലുള്ളത്?

(ദീര്‍ഘ സംഭാഷണത്തിന്റെ രണ്ടാം ഭാഗം നാളെ)

Also Read: പാർലമെന്റിലെ ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം, ശതമാന കണക്കുകളുടെ പേരിൽ പ്രതിപക്ഷ നേതാവ് സ്ഥാനം നിഷേധിക്കുന്നത് നിയമ വിരുദ്ധം: പിഡിടി ആചാരി/ അഭിമുഖം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍