UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിയുടെ സവര്‍ണ്ണ സംവരണ രാഷ്ട്രീയ ഗിമ്മിക്കുകളില്‍ വീഴരുത്; എന്തായിരിക്കണം ഇടതു സമീപനം?

ഇന്ത്യ ഇപ്പോഴും ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം ആളുകളുടെ സാമൂഹ്യ-സാമ്പത്തിക പദവിയും സമൂഹത്തിലെ സ്വാധീനവും നിര്‍ണ്ണയിക്കപ്പെടുന്ന ഒരു സമൂഹമാണ് എന്ന് ഇടതുപക്ഷക്കാര്‍ അംഗീകരിക്കുന്നില്ല

നിലവില്‍ സംവരണത്തിനു പുറത്ത് നില്‍ക്കുന്ന വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാന്‍ ഉള്ള മോദി സര്‍ക്കാരിന്റെ തീരുമാനം രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണല്ലോ. നിലവിലെ ഭരണഘടനാ വ്യവസ്ഥകള്‍ അനുസരിച്ചു അത്തരം ഒരു സംവരണത്തിനു നിലനില്പ് ഉണ്ടാകില്ല എന്നതിനാല്‍ ഭരണഘടന തന്നെ ഭേദഗതി ചെയ്തുകൊണ്ട് തീരുമാനം നടപ്പിലാക്കാന്‍ തങ്ങള്‍ തയ്യാര്‍ ആകുകയാണ് എന്ന് ബി.ജെ.പി അവകാശപ്പെടുന്നു. ബി.ജെ.പി യും അതിനെ നിയന്ത്രിക്കുന്ന ആര്‍.എസ്.എസും അടിസ്ഥാനപരമായി സാമൂഹ്യ നീതിക്ക് വേണ്ടി സംവരണം നടപ്പിലാക്കുക എന്ന ആശയത്തിന് എതിരാണ്. അത് വിവിധ സമയങ്ങളില്‍ അവര്‍ തുറന്നു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവരുടെ രാഷ്ട്രീയത്തോടു നേരെ എതിര് നില്‍ക്കുന്ന ഇടതുപക്ഷ-പുരോഗമന ശക്തികള്‍ ആകട്ടെ സംവരണം ചരിത്രപരമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഉന്നതിക്ക് ആവശ്യമാണെന്ന നിലപാടാണ് കൈക്കൊണ്ട് വന്നിട്ടുള്ളത്. എന്നാല്‍ സംവരണ തത്വങ്ങളെ സ്ഥായിയായതും മാറ്റം വരുത്തി കൂടാത്തതും ആയ ‘വിശുദ്ധ പശു’ ആയി ഇടതുപക്ഷം കാണുന്നും ഇല്ല. കാലാനുസൃതമായ മാറ്റങ്ങള്‍ സംവരണ തത്വങ്ങളില്‍ വരേണ്ടതുണ്ട് എന്നാണ് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട്. സംവരണം ദേശീയ തലത്തില്‍ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് (OBC) ലഭിക്കാതിരുന്ന കാലത്തും ഇടതുപക്ഷം അതിനു വേണ്ടി നിലകൊള്ളുകയും കേരളത്തില്‍ അതിന്റെ കാര്യക്ഷമമായ നടത്തിപ്പിന് മുന്‍കൈ എടുക്കുകയും ചെയ്തിട്ടുണ്ട്. സംവരണം സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുക, മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കൂടി സംവരണത്തിന്റെ പരിധിയില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങളും, സംവരണ തത്വങ്ങളുടെ കാലാനുസൃത ഭേദഗതി സംബന്ധിച്ച ഇടതുപക്ഷ ആവശ്യങ്ങളില്‍ ഉള്‍പ്പെടും. ഇതിലെ ഒരു ആവശ്യം, മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം എന്ന ആവശ്യം, ഒരു സുപ്രഭാതത്തില്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ വൈരികളായ ബി.ജെ.പി നേതൃത്വം അംഗീകരിച്ചിരിക്കുന്നു. (ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, മുന്നോക്കക്കാരിലെ ദരിദ്രര്‍ക്കും സംവരണം എന്ന ഇടതു നിലപാടും നിലവില്‍ ബി.ജെ.പി പ്രഖ്യാപിച്ചിട്ടുള്ള മുന്നോക്ക വിഭാഗങ്ങളിലെ സമ്പന്ന മേല്‍ത്തട്ട് ഒഴിച്ചു എല്ലാവര്‍ക്കും ഉള്ള സംവരണം എന്ന നിലപാടും തമ്മില്‍ പ്രകടമായ പൊരുത്തക്കേടുണ്ട് എന്നതാണ്. എങ്കിലും അത്തരം ഒരു പൊരുത്തക്കേടിനെ സംബന്ധിച്ച ചര്‍ച്ച സാമ്പത്തിക ശ്രേണീകരണം സംബന്ധിച്ച കൂടുതല്‍ സങ്കീര്‍ണമായ ചര്‍ച്ചകളോട് ബന്ധപ്പെടുത്തേണ്ടി വരും എന്നതുകൊണ്ട് അതിന്റെ വിശദാംശങ്ങളിലേക്ക് തല്‍ക്കാലം കടക്കുന്നില്ല). ഒന്നുകില്‍ ഇടതു പക്ഷത്തിനു ഈ നിലപാടിനെ സര്‍വ്വാത്മന സ്വാഗതം ചെയ്യുകയും മുന്നോക്കസമുദായങ്ങളിലെ ദരിദ്രരെ സംബന്ധിച്ച് തങ്ങള്‍ ഉന്നയിച്ച വാദങ്ങള്‍ ഇന്ത്യന്‍ ഭരണ വര്‍ഗ്ഗങ്ങളെ കൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞു എന്ന് അവകാശപ്പെടുകയും ചെയ്യാം. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ജനങ്ങളെ ജാതീയമായി വിഭജിക്കാന്‍ ഉള്ള ബി.ജെ.പി തന്ത്രമായി കണ്ടു പുതിയ നയത്തെ തന്നെ അടച്ച് ആക്ഷേപിക്കാം. ഈ രണ്ടു നിലപാടുകളില്‍ നിന്നും മാറി, മുന്നോക്ക സംവരണത്തെ സംബന്ധിച്ച സര്‍ഗ്ഗാത്മകവും തത്വാധിഷ്ടിതവും യാഥാര്‍ഥ്യബോധത്തോടെ ഉള്ളതുമായ ഒരു നിലപാട് വികസിപ്പിച്ച് എടുത്ത് അത് ജനങ്ങളെ ബോധിപ്പിക്കാന്‍ ഉള്ള ഒരു അവസരമായി ഇതിനെ എടുക്കണം എന്നാണ് ഈ ലേഖനത്തില്‍ വാദിക്കാന്‍ ശ്രമിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണത്തെ വിഭാവനം ചെയ്തിട്ടുള്ളത് പുരോഗമനാത്മക വിവേചനം (positive discrimination) എന്ന നിലയ്ക്കാണ്. അതായത് പൊതുവില്‍ വിവേചനത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കുമ്പോഴും ചില അപവാദങ്ങള്‍ ഭരണഘടന അനുവദിക്കുന്നു. പട്ടികജാതി, പട്ടികവര്‍ഗ്ഗങ്ങള്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും നിയമനങ്ങളിലും വിദ്യാഭ്യാസ രംഗത്തും പ്രത്യേക പരിഗണന നല്‍കാം എന്നുള്ളത് അത്തരത്തില്‍ ഭരണഘടന സാധുത നല്‍കുന്ന ഒരു അപവാദമാണ്. ചരിത്രപരമായി സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ മുന്നോട്ടു കൊണ്ടുവന്നു സാമൂഹ്യനീതി നടപ്പിലാക്കാന്‍ വേണ്ടിയാണ് ഈ അപവാദം അനുവദിച്ചിരിക്കുന്നത്. അപ്പോള്‍, ഈ പിന്നോക്കാവസ്ഥ അളക്കുന്നതിന് ഉള്ള മാനദണ്ഡം എന്താണ് എന്ന ചോദ്യം ഉയര്‍ന്നു വരുന്നു. ചിലര്‍ വാദിക്കുന്നത് മാനദണ്ഡം കേവലം ജാതി ആയിരിക്കണം എന്നതാണ്. ജാതിവ്യവസ്ഥയിലെ ശ്രേണീകരണത്തില്‍ വിവിധ സമുദായങ്ങള്‍ ഏതു സ്ഥാനത്ത് നിന്നിരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കണം പുരോഗമനാത്മക വിവേചനത്തിന്റെ പരിധിയില്‍ അവരെ കൊണ്ടുവരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എന്ന് അവര്‍ വാദിക്കുന്നു. ഇതിനോട് ചരിത്രത്തില്‍ ഉടനീളം ഇടതുപക്ഷം വിയോജിച്ചിട്ടുണ്ട്. ഇന്ത്യ ഇപ്പോഴും ജാതിയുടെ അടിസ്ഥാനത്തില്‍ മാത്രം ആളുകളുടെ സാമൂഹ്യ-സാമ്പത്തിക പദവിയും സമൂഹത്തിലെ സ്വാധീനവും നിര്‍ണ്ണയിക്കപ്പെടുന്ന ഒരു സമൂഹമാണ് എന്ന് ഇടതുപക്ഷക്കാര്‍ അംഗീകരിക്കുന്നില്ല. ജാതി കേന്ദ്രീകൃതമായ പരമ്പരാഗത സമൂഹത്തിനു മേല്‍ ആധുനികീകരണത്തിന്റെ ഭാഗമായി സ്ഥാപിക്കപ്പെട്ട മുതലാളിത്ത സാമൂഹ്യ-സാമ്പത്തിക ബന്ധവ്യവസ്ഥ സമൂഹത്തെ മാറ്റിയിട്ടുണ്ട് എന്ന് അവര്‍ ശരിയായി വിലയിരുത്തുന്നു. ഇത് ജാതി പോലുള്ള പ്രാങ്ങ്-ആധുനിക (pre-modern) സ്ഥാപനങ്ങളെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്തുകൊണ്ടല്ല വളര്‍ന്നു വന്നത് എന്നത് ഒരു വസ്തുതയാണ്. എന്നാല്‍ ജാതിയുടെ സ്വാധീനം മുന്‍കാലങ്ങളെ അപേക്ഷിച്ച് ക്ഷയിച്ചിരിക്കുന്നു എന്നതും ഒരു വസ്തുതയാണ്. സാമൂഹ്യ ജീവിതത്തില്‍ ഒരാളുടെ വര്‍ഗ്ഗപരമായ (class) സ്ഥാനം പ്രധാനമാകുന്ന ഒരു ബൂര്‍ഷ്വാ സമൂഹം (ജാതി അടക്കമുള്ള പ്രാങ്ങ്-മുതലാളിത്ത സ്ഥാപനങ്ങളെ ഇല്ലായ്മ ചെയ്യുക എന്ന ബൂര്‍ഷ്വാ വിപ്ലവത്തിന്റെ കടമ പൂര്‍ത്തീകരിക്കാതെ അതിനോട് സന്ധി ചെയ്തു കൊണ്ടാണ് അത് വളരുന്നത് എങ്കിലും) ഉയര്‍ന്നു വന്നു കൊണ്ടിരിക്കുന്നു. ജാതി ശ്രേണിയിലെ ഒരാളുടെ നില ഏറെക്കുറെ അയാളുടെ സാമ്പത്തിക-സാമൂഹ്യ നിലയുമായും ഒത്തുപോകുന്ന സ്ഥിതിയെ ഇത് തകിടം മറിക്കുന്നു. താഴ്ന്ന ജാതിക്കാര്‍ക്ക് ഇടയില്‍ സമ്പന്നരും (അതുകൊണ്ട് സമൂഹത്തില്‍ സ്വാധീനമുള്ളവരും) ഉയര്‍ന്ന ജാതിക്കാര്‍ക്ക് ഇടയില്‍ ദരിദ്രരും (അതുകൊണ്ട് സാമൂഹ്യമായും ശക്തിഹീനര്‍ ആക്കപ്പെട്ടു കഴിഞ്ഞവരും) സമൂഹത്തിലെ ഒരു യാഥാര്‍ത്യമായി ഉയര്‍ന്നു വരുന്നു.

ഇത്തരത്തില്‍ ഇന്ത്യന്‍ സമൂഹത്തെ ഒരു മാര്‍ക്സിസ്റ്റ്‌ വിശകലനത്തിനു വിധേയമാക്കിയ ശേഷമാണ് സ:ഇ.എം.എസ് സംവരണത്തെ സംബന്ധിച്ച തന്റെ നിലപാട് രൂപപ്പെടുത്തിയെടുത്തത് (Namboodiripad,1979; 1981). പട്ടികവിഭാഗങ്ങളിലും മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ലിസ്റ്റിലും പെടാത്ത ദരിദ്രരിലേക്ക് കൂടി സംവരണം വ്യാപിപ്പിക്കണം എന്ന ആശയത്തെ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സി.പി.എം ഇത് ഒരു ആവശ്യമായി ഉന്നയിക്കുകയും, ഇതിനു വേണ്ടി നിലകൊള്ളുകയും തങ്ങള്‍ക്കു ആകും വിധം ഇത് നടപ്പിലാക്കുകയും ചെയ്തു വന്നിട്ടുണ്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിലെ അഞ്ചു ദേവസ്വം ബോര്‍ഡുകളും ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡും നടത്തുന്ന നിയമനങ്ങളില്‍ മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാന്‍ തീരുമാനിച്ചത്. ഇ.എം.എസ് രൂപപ്പെടുത്തിയ സൈദ്ധാന്തിക അടിത്തറയില്‍ നിന്ന് കൊണ്ടാണ് ഇങ്ങനെ ഒരു നയം എല്‍.ഡി.എഫ് രൂപപ്പെടുത്തിയത്. ജാതി-കേന്ദ്രികൃത സമൂഹം ക്ഷയിച്ചു വരികയും ബൂര്‍ഷ്വാ സമൂഹം ഉയര്‍ന്നു വരികയും ചെയ്യുന്ന തോതില്‍ പുരോഗമനാത്മക വിവേചനത്തിനു ജാതി ആധാരമാക്കുന്നത് കുറച്ചു കൊണ്ട് വരണം എന്ന് അദ്ദേഹം വിഭാവനം ചെയ്തു. മാറ്റത്തിന്റെ ഈ തോത് അഭിലഷണീയമായ നിലയില്‍ അല്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ജാതി വിവേചനം ഉടന്‍ അവസാനിപ്പിച്ച് സാമ്പത്തിക സംവരണം കൊണ്ടുവരിക എന്ന വാദഗതിയെ സി.പി.എം ശക്തമായി എതിര്‍ത്തു പോരുന്നു. എന്നാല്‍ മാറ്റമേ വന്നിട്ടില്ല എന്നും ജാതി മാത്രമാണ് പിന്നോക്കാവസ്ഥയുടെ മാനദണ്ഡം ആയി തുടരുന്നത് എന്നും സാമ്പത്തിക പരിഗണനകള്‍ കടന്നു വരാനേ പാടില്ല എന്നും മറ്റുമുള്ള ജാതിമാത്രവാദികളുടെ (caste reductionists) വാദങ്ങളെയും സി.പി.എം സൈദ്ധാന്തികമായി തുറന്നു എതിര്‍ത്തു. ഈ രണ്ടു പരിഗണനകളുടെയും അടിസ്ഥാനത്തില്‍ താഴെ പറയുന്ന ഫോര്‍മുല ഇ.എം.എസ് മുന്നോട്ടു വെച്ചു . (1) പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിലവില്‍ നല്‍കി വരുന്ന സംവരണം നിരുപാധികം തുടരണം (2) മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്ക് അവര്‍ക്കിടയിലെ മേല്‍ത്തട്ടിനെ (creamy layer) നീക്കിയ ശേഷം ബാക്കിയുള്ളവര്‍ക്ക് സംവരണം നല്‍കണം (3) ഇതില്‍ രണ്ടിലും പെടാത്ത സമുദായങ്ങളിലെ ദരിദ്രര്‍ക്ക് ഒരു ചെറിയ ശതമാനം സംവരണം ഏര്‍പ്പാട് ചെയ്യണം. മേൽപ്പറഞ്ഞതാണ് സംവരണം സംബന്ധിച്ച സി പി എം നിലപാടിന്റെ രത്നചുരുക്കം. ഇതിൽ അവസാനത്തെ ഭാഗം മാത്രമെടുത്ത് ഇതിനെ സാമ്പത്തിക സംവരണ വാദം എന്ന് വിളിക്കുന്നത് അടിസ്ഥാനപരമായി തെറ്റാണ്. ഇവിടെ ചെയ്യുന്നത് നിലവിലെ പുരോഗമനാത്മന വിവേചനത്തിന് പുറത്തുള്ള ചിലരെ കൂടി പിന്നാക്ക വിഭാഗം ആയി തിരിച്ചറിയുക എന്നതാണ്. അത് കാലാകാലത്ത് ഇടതുപക്ഷം ചെയ്യാന്‍ നിര്‍ബന്ധിതമായ ഒരു കാര്യമാണ്. ഭരണഘടന നിര്‍മ്മിക്കുന്ന കാലത്ത് പിന്നാക്ക വിഭാഗങ്ങള്‍ ആയി തിരിച്ചറിയപ്പെട്ടവരെ മാത്രം എല്ലാ കാലത്തും പുരോഗമനാത്മക വിവേചനത്തിനു അര്‍ഹരാക്കുക എന്ന വാദം അത്യന്തം അപകടകരമാണ്. അത് ഒരു തരത്തിൽ പറഞ്ഞാൽ ഭരണഘടനാനിര്‍മ്മാതാക്കളുടെ തന്നെ അടിസ്ഥാന താല്പര്യത്തിന് (original intent) എതിരാണ്. ഭേദഗതികള്‍ക്ക് വഴങ്ങാത്ത ഭരണഘടനയല്ല, വ്യക്തവും ഏറെക്കുറെ വിശാലമായ രാഷ്ട്രീയ സമവായം ഉറപ്പു വരുത്തുന്നതുമായ നടപടികളിലൂടെ ഭേദഗതി ചെയ്യാവുന്ന ഭരണഘടനയാണ് അവര്‍ മുന്നോട്ട് വെച്ചത്. എന്ന് മാത്രമല്ല ഭരണഘടനാ നിര്‍മ്മാണ വേളയില്‍ പരിഗണിക്കപ്പെടാതെ പോയ പല പിന്നോക്ക അവസ്ഥകളെയും പിന്നീട് നാം തിരിച്ചറിയുകയും പുരോഗമനാത്മക വിവേചനത്തിന്റെ പരിഗണനയില്‍ കൊണ്ട് വരികയും ചെയ്തിട്ടുണ്ട്. സ്ത്രീ സംവരണത്തിനു നിലവില്‍ ഭരണഘടനാ സാധുതയില്ല. പക്ഷെ ജനപ്രതിനിധി സഭകളില്‍ അത് ഉള്‍പ്പെടുത്താന്‍ നാം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഭാവിയില്‍ സ്ത്രീ പക്ഷ മുന്നേറ്റങ്ങളുടെ ഭാഗമായി ജോലികളിലേക്കും വിദ്യാഭ്യാസ രംഗത്തേക്കും അത് വ്യാപിപ്പിക്കുന്ന സ്ഥിതി ഉണ്ടായേക്കാം. ട്രാന്‍സ്ജണ്ടര്‍ വിഭാഗത്തില്‍ പെടുന്നവരെ മറ്റു പിന്നോക്ക വിഭാഗങ്ങളിൽ (other backward classes) ഉൾപ്പെടുത്തുന്നത് പരിഗണിക്കാന്‍ ജുഡിഷ്യറിയുടെ ഭാഗത്ത് നിന്ന് ഒരിക്കല്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഭാവിയില്‍ ആ സാധ്യത പരിഗണിക്കപ്പെട്ടെക്കാം. പട്ടികജാതി എന്ന നിലയ്ക്ക് ഉള്ള പരിഗണന അര്‍ഹിക്കുന്നത് ഹിന്ദു മതവിശ്വാസികള്‍ക്ക് മാത്രമാണ് എന്ന അവസ്ഥയില്‍ നിന്നും ദളിതരായ സിക്ക്കാരെയും ദളിതരായ നിയോ-ബുദ്ധിസ്റ്റുകളെയും പുരോഗനാത്മക വിവേചനത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്ന സ്ഥിതി ഉണ്ടായത് അവര്‍ നടത്തിയ സമരങ്ങളിലൂടെയാണ്. ദളിത്‌ മുസ്ലീങ്ങളും ദളിത്‌ ക്രൈസ്തവരും ഇന്നും പുറത്താണ്. പക്ഷെ ഒരു രാഷ്ട്രീയ ആവശ്യം എന്ന നിലയ്ക്ക് അവരുടെ പിന്നോക്ക അവസ്ഥയുടെ അംഗീകാരം ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നു. പറഞ്ഞു വന്നത് എന്തെന്നാല്‍,ഭരണഘടനയെ കെട്ടിപ്പിടിച്ച് പുരോഗമനാത്മക വിവേചനത്തെ സംബന്ധിച്ച പുനര്‍വിചിന്തനങ്ങളെ നിഷേധിക്കാന്‍ സാധ്യമല്ല. ആ നിലയ്ക്ക് സംവരണ അര്‍ഹര്‍ അല്ലാത്ത വിഭാഗങ്ങളിലെ പാവപ്പെട്ടവരെ കൂടി പുരോഗമനാത്മക വിവേചനത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതാണ് ഞങ്ങളുടെ നിലപാട് എന്ന് സി പി എം പറയുന്നത് രാഷ്ട്രീയപരമായി ഒരു പ്രധാനപ്പെട്ട നിലപാടാണ്. ജാതികൾക്ക് അപ്പുറം വർഗ്ഗപരമായ ഐക്യം കെട്ടിപ്പടുക്കുക എന്ന നിലപാടിന്റെ ഭാഗമാണത്. ബി.ജെ.പി ഇപ്പോള്‍ സമാനമായ ഒരു നിലപാട് എടുക്കുന്നോ ഇല്ലയോ എന്നതിന് അനുസരിച്ചു ഇടതുപക്ഷത്തിന്റെ അടിസ്ഥാനപരമായ സാമൂഹ്യശാസ്ത്രധാരണകളും രാഷ്ട്രീയ നിലപാടും മാറേണ്ടതില്ല. അതുകൊണ്ട് തന്നെ മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കക്കാര്‍ക്ക് സംവരണം എന്ന ആശയത്തിന് ഒപ്പമാണ് തങ്ങള്‍ എന്ന് തന്നെ ഇടതുപക്ഷം പറയണം. ആ ആശയത്തെ തന്നെ അന്ധമായി എതിര്‍ക്കുന്നവരില്‍ നിന്നും ഇടതുപക്ഷം അകലം പാലിക്കുകയും വേണം. വര്‍ഗ്ഗപരമായ സ്ഥാനം സമൂഹത്തില്‍ പ്രസക്തവും നിര്‍ണ്ണായകവും ആയി തീര്‍ന്നു കൊണ്ടിരിക്കുന്നുണ്ട് എന്ന യാഥാര്‍ത്ഥ്യത്തോട് അന്ധത പാലിക്കുന്ന ഒരു നിലപാടിലേക്കും ഇടതുപക്ഷം വഴുതി വീണു കൂടാ. ജാതിയില്‍ ഉയര്‍ന്നവര്‍ക്ക് ഇടയിലും ദരിദ്ര-ചൂഷിത വിഭാഗങ്ങള്‍ രൂപം കൊണ്ട് കഴിഞ്ഞിട്ടുണ്ട് എന്ന് കാണുകയും അവരുടെ ജീവിതപ്രശ്നങ്ങളെ കൂടി സമൂഹത്തില്‍ പൊതുവേ നടക്കുന്ന വര്‍ഗ്ഗസമരവുമായി സംയോജിപ്പിക്കുകയും ചെയ്യണം. അവുടെ ആവശ്യങ്ങളെ കൂടി മാനിച്ചുകൊണ്ട് അവരെ വര്‍ഗ്ഗസമരത്തിന്റെ കൊടിക്കൂറയ്ക്ക് കീഴില്‍ അണിനിരത്താന്‍ ഇടതുപക്ഷം പരിശ്രമിക്കണം. അതേസമയം ഇപ്പോള്‍ ബി.ജെ.പി കാണിക്കുന്ന രാഷ്ട്രീയ ഗിമ്മിക്കിന്റെ പൊള്ളത്തരവും അപകടവും തുറന്നു കാട്ടുകയും ചെയ്യണം. ഇവിടെ ഇടതുപക്ഷം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, സംവരണതത്വങ്ങളിലെ കാലാനുസൃതമായ ഭേദഗതികളെ സംബന്ധിച്ച് ഉയര്‍ന്നു വന്നിട്ടുള്ള ആവശ്യങ്ങളെ അവയുടെ സമഗ്രതയില്‍ കാണാനും അവയുടെ വ്യത്യസ്തങ്ങളായ അടിയന്തര പ്രാധാന്യം കണക്കില്‍ എടുത്ത് കൊണ്ട് ശരിയായ ഒരു മുന്‍ഗണനാ ക്രമം നിശ്ചയിക്കാനും ബി.ജെ.പി തയ്യാര്‍ അല്ല എന്നുള്ള വസ്തുതയിലാണ്.

ബി.ജെ.പി യുടെ ഇപ്പോഴത്തെ നീക്കം സാമൂഹ്യമായ അവരുടെ പക്ഷപാതങ്ങളെ കുറിച്ച് വ്യക്തമായ ചിത്രം നല്‍കുന്നതാണ്. സംവരണ തത്വങ്ങളുടെ കാലാനുസൃതമായ ഭേദഗതി സംബന്ധിച്ചു വിവിധ വിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുള്ള ആവശ്യങ്ങള്‍ ഇന്ന് നമ്മുടെ പൊതുമണ്ഡലത്തില്‍ സജീവമായി നിലകൊള്ളുന്നുണ്ട്. ഉദാഹരണത്തിന്, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം മൂലം ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യവത്കരണ നയങ്ങളുടെ ഭാഗമായി വലിയ തോതില്‍ കുറഞ്ഞിരിക്കുന്നു. സ്വകാര്യവത്കരണം മൂലം വികസിച്ച് ഗ്ലാമര്‍ മേഖലകളായി തിളങ്ങി നില്‍ക്കുന്നു എന്ന് പറയുന്ന തൊഴില്‍ മേഖലകളില്‍ എല്ലാം ഇവരുടെ പ്രാതിനിധ്യം പരിതാപകരമായ നിലയിലാണ് എന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനു പരിഹാരമായി സംവരണം സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കണം എന്ന ആവശ്യം ബി.ജെ.പി ചെവിക്കൊള്ളുന്നെ ഇല്ല. അതുപോലെ തന്നെ, നിലവില്‍ ഉള്ള സംവരണം പോലുള്ള ഉപാധികളെ എത്രത്തോളം ദളിതര്‍ക്ക് ആശ്രയിക്കാന്‍ കഴിയും എന്നത് പോലും സമൂഹത്തില്‍ അവര്‍ അനുഭവിക്കുന്ന അടിസ്ഥാന സുരക്ഷയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. പട്ടികജാതി-പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം, അതിന്റെ എല്ലാ പരിമിതികളും ഉള്ളപ്പോള്‍ തന്നെ, ഈ അടിസ്ഥാന സുരക്ഷ ഉറപ്പു വരുത്താന്‍ സഹായിക്കുന്ന നിയമം ആയിരുന്നു.അത് ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന്റെ എല്ലാവിധ ആശീര്‍വാദങ്ങളോടും കൂടെ ദുര്‍ബലമാക്കപ്പെട്ടിരിക്കുന്നു. അതുപോലെ രണ്ടായിരത്തി പതിനൊന്നിലെ ജാതി സെന്‍സസ് വിവരങ്ങള്‍ പുറത്ത് വിടണം എന്നും അതിന്റെ അടിസ്ഥാനത്തില്‍ ഓ.ബി.സി സംവരണത്തിന്റെ ശതമാനം പുനര്‍നിര്‍ണ്ണയിക്കണം എന്നും ഓ.ബി.സി വിഭാഗങ്ങളില്‍ നിന്നും ശക്തമായ ആവശ്യമുണ്ട്. ഓ.ബി.സി സംവരണത്തിനു ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ള ഇരുപത്തിയേഴു ശതമാനം എന്ന പരിധി ജനസംഖ്യയിലെ ജാതികളുടെ പങ്കിനെ സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമല്ല എന്ന ന്യായത്തിന് പുറത്ത് പ്രത്യേകിച്ച് അടിസ്ഥാനം ഒന്നും ഇല്ലാതെയാണ് വെച്ചിരിക്കുന്നത് എന്ന് തിരിച്ചറിയുമ്പോള്‍ ആണ് ഈ ആവശ്യത്തിനെ പ്രസക്തി ബോധ്യപ്പെടുക. അവര്‍ണ്ണ-ദളിത്‌-ആദിവാസി സമൂഹങ്ങളുടെ ഇത്തരം അടിയന്തരപ്രാധാന്യം ഉള്ള ആവശ്യങ്ങളെ എല്ലാം തള്ളിക്കളഞ്ഞു കൊണ്ട് ബി.ജെ.പി സവര്‍ണ്ണ സംവരണത്തിനു വേണ്ടി ചാടിപ്പുറപ്പെട്ടിരിക്കുന്നു എന്നത് സവര്‍ണ്ണ പക്ഷപാതവും അത് തുറന്നു പ്രഖ്യാപിച്ചു കൊണ്ടുള്ള വോട്ടു സമാഹരണവും മാത്രമാണ് ലക്‌ഷ്യം എന്ന് വ്യക്തമാക്കുന്നു. സവര്‍ണ്ണ പ്രീണനത്തിന്റെ ഈ നെറികെട്ട രാഷ്ട്രീയത്തെ പ്രശ്നവത്കരിക്കാന്‍ ഇടതുപക്ഷത്തിന് കഴിയണം. ഇപ്പോള്‍ ബി.ജെ.പി നടത്തുന്ന മാതിരിയുള്ള രാഷ്ട്രീയ ഗിമ്മിക്കുകളും ആഴത്തില്‍ ഉള്ള സാമൂഹ്യശാസ്ത്രബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംവരണത്തെ സംബന്ധിച്ച് കൈ കൊള്ളുന്ന നിലപാടുകളും തമ്മില്‍ ഉള്ള വ്യത്യാസത്തെ ഇടതുപക്ഷം ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കണം. സംവരണ തത്വങ്ങള്‍ ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് ഇടയില്‍ നിന്നും ഉയരുന്ന വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഒരേ അടിയന്തരപ്രാധാന്യം അല്ല ഉള്ളതെന്ന സത്യത്തെ ഉള്‍ക്കൊണ്ട് സര്‍ഗ്ഗാത്മകവും തത്വാധിഷ്ടിതവുമായ ഒരു ഇടതുപക്ഷ നിലപാട് വികസിപ്പിച്ചു എടുക്കണം. ഈ ഒരു അവസ്ഥയില്‍ സാമൂഹ്യമായി ഏറ്റവും അടിച്ചമര്‍ത്തപ്പെട്ടവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഒരു നിലപാട് രൂപപ്പെടുത്തി എടുക്കുക എന്നുള്ളത് തന്നെ സാമൂഹ്യ നീതിയെ സംബന്ധിച്ച പ്രശ്നങ്ങളോട് കൂടുതല്‍ സംവേദനക്ഷമത ഉണ്ടാക്കിയെടുക്കുന്ന ദിശയില്‍ ഈടുറ്റ ഒരു ചുവടുവെയ്പ്പ് ആയിരിക്കും. സംവരണ തത്വങ്ങളില്‍ മാറ്റം വരുത്താന്‍ ഉള്ള ഏതൊരു ആലോചനയും, സംവരണം പ്രാഥമികമായി ലക്‌ഷ്യം വെച്ചത് ഏതു വിഭാഗങ്ങളെയാണോ അവര്‍ക്ക് പോലും വേണ്ട വിധം ഉപയോഗപ്പെട്ടിട്ടില്ല എന്ന് അംഗീകരിച്ചു കൊണ്ടും, അതിന്റെ കാര്യക്ഷമമായ നടത്തിപ്പിനെ സംബന്ധിച്ച് അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്കിക്കൊണ്ടുള്ളതും ആയിരിക്കണം. ഈ സത്യത്തോടുള്ള ആഴമേറിയ സംവേദനക്ഷമത, പരമ്പരാഗതമായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ ഉയര്‍ത്തി കൊണ്ട് വരുന്നതിനുള്ള കാര്യക്ഷമത ഒരു ഉപാധി എന്ന നിലയ്ക്ക് സംവരണത്തെ മാറ്റിയെടുക്കാന്‍ വേണ്ടി സമരം ചെയ്യാന്‍ ഉള്ള പ്രതിബദ്ധത, ഇവ രണ്ടിനോടും കൂടെ മുന്നോക്ക സമുദായങ്ങളിലെ ദരിദ്രരുടെ പ്രശ്നങ്ങളെ ഏറ്റെടുത്ത് സംയോജിപ്പിക്കള്‍ എന്നിവയായിരിക്കണം ഇടതു സമീപനത്തിന്റെ മുഖമുദ്ര. ബി.ജെ.പി എന്ന സവര്‍ണ്ണ ശക്തിയുടെ മുന്‍ഗണനാക്രമം ഈ നാട്ടിലെ അവര്‍ണ്ണരെയും ദളിതരെയും ആദിവാസികളെയും വഞ്ചിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഇടതുപക്ഷം മുന്നോട്ട് വരണം. അങ്ങനെ, സംവരണം സംബന്ധിച്ച രാഷ്ട്രീയ ഗിമ്മിക്കുകളെ ഉപേക്ഷിക്കാനും സംവരണത്തെ സംബന്ധിച്ചു സര്‍ഗ്ഗാത്മകവും തത്വാധിഷ്ടിതവുമായ ഒരു നിലപാട് സ്വീകരിക്കാനും ഇന്ത്യന്‍ ഭരണവര്‍ഗ്ഗങ്ങളെ നിര്‍ബന്ധിതര്‍ ആക്കാന്‍ ഇടതുപക്ഷത്തിന് കഴിയണം.

അവലംബം
Namboodiripad, EMS (1979), “Caste Conflicts vs Growing Unity of Popular Democratic Forces “, Economic and Political Weekly , Vol. 14, No. 7/8, Annual Number: Class and Caste in India (Feb., 1979), pp. 329-331+333-336
Namboodiripad, EMS(1981), “Once Again on Castes and Classes”, Social Scientist, Volume9, Issue 12

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശരത് ചന്ദ്രിക ശശികുമാര്‍

ശരത് ചന്ദ്രിക ശശികുമാര്‍

ഗവേഷക വിദ്യാര്‍ത്ഥി, ജെ എന്‍ യു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍