UPDATES

വായന/സംസ്കാരം

സമയമെത്തി, പ്രിയസഖി മടങ്ങിയെത്തി; ചന്ദ്രകളഭത്തില്‍ ഇനി ഗന്ധര്‍വ കവിക്ക് അരികിലുണ്ടാകും ചന്ദ്രമതിയമ്മ

വയലാര്‍ രാമവര്‍മയുടെ ആദ്യ പത്‌നി അന്തരിച്ച ചന്ദ്രമതിയമ്മയെ കുറിച്ച്‌

ശിവ സദ

ശിവ സദ

‘ഞങ്ങള്‍ എത്രയോ നാളുകളായി വിളിക്കുന്നു അമ്മയെ! ഇവിടെ വന്ന് ഞങ്ങളോടൊപ്പം താമസിക്കുവാന്‍! വിളിക്കുമ്പോഴെല്ലാം ‘സമയമാകട്ടെ വരും ഞാന്‍’ എന്നാണ് സ്ഥിരമായി അമ്മ പറയാറ്. ഇപ്പോഴാണ് ആ സമയം എന്നറിയുന്നു. അമ്മയുടെ മനസിലെ മടങ്ങി വരവിന്റെ സമയം ഇതായിരുന്നു.’

വയലാര്‍ ശരത്ചന്ദ്രവര്‍മ്മ രാഘവപ്പറമ്പിലെ പൂമുഖത്തിരുന്നു പറഞ്ഞു. സഹോദരി യമുനയും അത് ശരിവച്ചു. ഒരിക്കല്‍ പോലും വരില്ലെന്ന് പറഞ്ഞില്ല. സമയമാകട്ടെ എന്ന് മാത്രമായിരുന്നു പല്ലവി.

കവി വയലാര്‍ രാമവര്‍മ്മയുടെ സഹധര്‍മ്മിണി ചന്ദ്രമതിയമ്മയെക്കുറിച്ചായിരുന്നു ആ സംസാരം. പലവട്ടം വിളിച്ചിട്ടും ‘സമയമാകട്ടെ’ എന്നു പറഞ്ഞൊഴിഞ്ഞ ചന്ദ്രമതിയമ്മ ഒടുവില്‍ രാഘപറമ്പിലെ വീട്ടിലേക്ക് എത്തി. 1950ല്‍ കവിയുടെ കൈപിടിച്ച് അഷ്ടമംഗലത്തോടെ വലംകാല്‍ വച്ച തറവാട്ടിലേക്ക് നീണ്ട 67 വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടുമെത്തി, ചന്ദ്രകളഭത്തില്‍ അന്ത്യവിശ്രമത്തിനായി.

ചന്ദ്രമതിയമ്മ; കവിയുടെ ഇഷ്ടപ്രാണേശ്വരി. വേര്‍പിരിഞ്ഞ ശേഷവും അവര്‍ അനുരാഗികളായിരുന്നു. ഒമ്പത് വര്‍ഷത്തെ മക്കളില്ലാത്ത കണ്ണീര്‍ക്കാലത്തിനുശേഷം കവിയുടെ തറവാട്ടില്‍ നിന്നും ആ സ്വാധി സ്വന്തം വീട്ടിലേക്ക് മടങ്ങി പോയെങ്കിലും. 1958ല്‍ രാഘവപറമ്പില്‍ നിന്നും മടങ്ങിപ്പോയ ചന്ദ്രമതിയമ്മ പിന്നീടുവന്നതൊക്കെ കുടുംബത്തിലെ ചടങ്ങുകള്‍ക്ക് മാത്രം.

ജീവിത സഖിയായി ഭാരതീയമ്മയെത്തിയപ്പോഴും കവിയുടെ പ്രിയസഖി ചന്ദ്രമതിയമ്മയായിരുന്നു! നല്ല തികഞ്ഞ ആസ്വാദകയുമായിരുന്നു അവര്‍. കവി അവരെ ജീവിതത്തില്‍ നിന്നും മാറ്റിയില്ല, ഹൃദയത്തിലും എഴുതിയ കാവ്യങ്ങളിലും ഗാനങ്ങളിലും അവര്‍ സദാ പൂത്തു നിന്നു. ആകാശ സുമമായി അവര്‍ ജീവിച്ചു. അനുരാഗിണിയായി, കാവ്യ ഗാനങ്ങളിലെ നായികയായി!

"</p

കവി പിന്നെയുമെത്രവട്ടം ചന്ദ്രമതിയമ്മയെ ജീവിത’ത്തിലേക്ക് ക്ഷണിച്ചു. അവരോ, സ്വയം തീര്‍ത്ത ഉറപ്പുള്ള മാനസിക അറയില്‍ സന്യാസിനിയായി ജീവിച്ചു! തന്റെ ക്ഷണം നിരസിച്ച ആത്മാലാപം വയലാര്‍ പ്രസിദ്ധമായ ഒരു ഗാനത്തില്‍ 1969ല്‍ വരച്ചിട്ടു. മഞ്ഞിലാസിന്റെ ‘അടിമകളില്‍’

മാനസേശ്വരി മാപ്പ് തരു
മറക്കാന്‍ നിനക്ക് കഴിയില്ലെങ്കില്‍
മാപ്പ് തരൂ, മാപ്പ് തരു!

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരവും മറ്റൊരു ചന്ദ്രമതിയമ്മ സ്മരണ തന്നെ! ജീവിതസുഖങ്ങള്‍ക്കിടയിലും അത് മതിവരാത്ത വൈകാരികതയുടെ മനോതലം ആ ഗാനത്തിലുണ്ട്.

പ്രണയാര്‍ദ്ര വിരഹഗാനങ്ങളില്‍ മലയാളത്തില്‍ ‘വയലാറിന്റെ സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍ സന്ധ്യാ പുഷ്പവുമായ് വന്നു എന്നതിനൊപ്പം മറ്റൊരു ഗാനവുമില്ല.

ഒരിക്കല്‍ വീണ്ടും കവി തന്റെ പ്രിയ സഖിയെ കണ്ടു വീട്ടിലേക്ക് തന്റെ മക്കള്‍ക്കും അവരുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം വന്നു പാര്‍ക്കാന്‍ നിര്‍ബ്ബന്ധിച്ചു ക്ഷണിച്ചു. ഒരിക്കല്‍ ചില പ്രസിദ്ധരായ സിനിമ സാമൂഹിക പ്രവര്‍ത്തകര്‍ രാഘവപ്പറമ്പില്‍ സന്ദര്‍ശകരായി വന്നപ്പോള്‍ ചന്ദ്രമതിയമ്മയും അവിടെയുണ്ടായി യാദൃശ്ചികമായി. കവി അവരെ തന്റെ അമ്മയുടെ അടുത്ത് നിന്ന് വിളിച്ചു കൊണ്ടുപോയി എല്ലാവരേയും പരിചയപ്പെടുത്തി.

എന്റെ ഭാര്യ ചന്ദ്രമതി!

ആ സന്ദര്‍ഭത്തിനു ശേഷം കവിക്ക് ഭാരതിയമ്മയില്‍ മക്കളൊക്കെയായശേഷം അദ്ദേഹം ചന്ദ്രമതിയമ്മയെ കൂട്ടിക്കൊണ്ടുവരാന്‍ പോയി. സ്വയം ഒഴിഞ്ഞ് അനുരാഗത്തിന്റെ സന്യാസം സ്വീകരിച്ച ചന്ദ്രമതിയമ്മ ഒരിക്കലുമത് സമ്മതിച്ചില്ല. അനുജത്തിയുടേയും മക്കളുടേയും ജീവിതത്തില്‍ സഹജീവനത്തിന് തയ്യാറാകാതെ പ്രിയപ്പെട്ട അതിഥിയായി.

കവിയുടെ ജീവിതത്തില്‍ പ്രവേശിക്കാതെ കവിതയിലും ഗാനത്തിലും മാത്രമായ് മാറി നിന്നു. ഒടുവിലിപ്പോള്‍ അത് അന്വര്‍ത്ഥമായി.

നിന്റെയേകാന്തമാം
ഓര്‍മ്മ തന്‍ വീഥിയില്‍
എന്നെ എന്നെങ്കിലും കാണും
ഒരിക്കല്‍ നീ
എന്റെ കാല്പാടുകള്‍ കാണും
അന്നുമെന്നാത്മാവ് നിന്നോട് മന്ത്രിക്കും
നിന്നെ ഞാന്‍ സ്‌നേഹിച്ചിരുന്നു”

ഒടുവില്‍ കവിയുടെ കാല്‍പാടുകള്‍ നിറഞ്ഞ രാഘവപ്പറമ്പിലെ വീട്ടകത്ത് അവര്‍ മങ്ങാത്ത മുഖത്തോടെ യാത്ര ചോദിക്കാന്‍ വന്നിരിക്കുന്നു! ചന്ദ്രകളഭത്തിന്റെ തെക്കേ മുറ്റത്ത് തന്റെ ഗന്ധര്‍വന്റെ ചാരെ നിത്യവിശ്രമത്തിന്. കാവ്യ ഗന്ധര്‍വ്വന്റെ പ്രണയിനിയും സഖിയുമായവര്‍ ചന്ദ്രമതിയമ്മയും ഭാരതിയമ്മയും.

ഒരനുരാഗഗാനത്തിന്റെ മായാകല്പനകള്‍ പോലെ ഒരു കവിജന്മജീവിതം! അതിലെ നിത്യപ്രണയിനിയുടെ അപ്രാപ്യമായ വൈകാരിക ബിംബമാണ് ചന്ദ്രകളഭ മുറ്റത്ത് നിത്യവിശ്രമത്തിലേക്ക് പോവുന്നത്. ജീവിത സാഹചര്യവും വീക്ഷണങ്ങളും കവിയില്‍ നിന്നും വിട്ടു പോകാനാണ് ചന്ദ്രമതിയമ്മയെ നിര്‍ബ്ബന്ധിതയാക്കിയത്. അവര്‍ പക്ഷേ സദാ വയലാറിന്റെ പ്രണയിനിയും കാവ്യ നായികയുമായി തന്നെ കവിക്കു ശേഷവും ജീവിച്ചു. സ്‌നേഹാദരങ്ങള്‍ കവിയോടെന്ന പോലെ വാത്സല്യം മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും പകര്‍ന്നു രാഘവപ്പറമ്പില്‍ 57 ആണ്ട് അതിഥിയായിരുന്ന അമ്മ സ്ഥിരതാമസത്തിന് എത്തുകയാണ്. കവിയുടെ നിത്യവിശ്രമസ്ഥലിയായ ചന്ദ്രകളഭത്തില്‍ ഇനി ചന്ദ്രമതിയമ്മയ്ക്കും ഒരു കുടീരം ഉയരും…

 

ശിവ സദ

ശിവ സദ

എഴുത്തുകാരന്‍, സാമൂഹിക-രാഷ്ട്രീയ നിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍