UPDATES

ട്രെന്‍ഡിങ്ങ്

സ്വവര്‍ഗ്ഗലൈഗികത; ഇനിയും നേരം പുലരാത്ത മത വൈതാളികര്‍ തെരുവിലിറങ്ങും വിദ്വേഷ പ്രചരണവുമായി

മതമേലധ്യക്ഷന്മാരും, സംഘപരിവാറും, മുസ്ലിം സംഘടനകളും എന്നും എൽ ജി ബി ടി കമ്മ്യുണിറ്റിയെ പൊതു സമൂഹത്തിൽ നിന്നും അകറ്റി നിർത്താൻ അഹോരാത്രം പണി എടുത്തിട്ടുള്ളവർ ആണ്

Avatar

ഗിരീഷ്‌ പി

“ചരിത്രത്തിനു എൽ ജി ബി ടി സമൂഹത്തോട് മാപ്പു പറയേണ്ടതായുണ്ട്. സ്വവർഗാനുരാഗം സ്വാഭാവികമായ ഒരു ചോദനയാണെന്നുള്ളതിനെ കുറിച്ചുള്ള അറിവില്ലായ്മയുടെ പേരിൽ, അവരിത് വരെ സമൂഹത്തിൽ നിന്നനുഭവിച്ച മാറ്റി നിർത്തലുകൾക്കളുടെയും, പീഡനങ്ങളുടെയും പേരിൽ. സ്വവർഗരതിയെ നിയമപരമായി കുറ്റകൃത്യമായി കണക്കാക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്.”– ജസ്റ്റിസ് ഇന്ദു മൽഹോത്ര

സ്വവർഗലൈംഗികത കുറ്റകരമല്ലെന്ന് സുപ്രീംകോടതിയുടെ വിധിപ്രസ്താവം ഇന്ന് പുറത്തു വന്നു. ഇന്ത്യൻ ശിക്ഷാനിയമം 377ാം വകുപ്പ് പ്രകാരമുള്ള ഈ നിയമം കാലാനുസൃതമായ മാറ്റത്തിന് വിധേയമാകണമെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വിധിച്ചിരിക്കുന്നത്. വിധി പ്രസ്താവത്തിലെ ഒരു പ്രധാന ഭാഗം ആണ് മുകളിൽ ഉദ്ധരിച്ചിരിക്കുന്നത്. അപരനെ കുറിച്ചുള്ള കരുതൽ ആണ് ജനാധിപത്യത്തിന്റെ കാതൽ എന്നതുകൊണ്ട് തന്നെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉൾപ്പെടുന്നത് വൈകിയാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന വിശേഷണത്തോട് നീതി പുലർത്തൽ ആണ്. നേരത്തെ 25 രാജ്യങ്ങള്‍ ഇത്തരം വിവാഹങ്ങളെ അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയും അംഗീകരിച്ചിരിക്കുന്നു.

ചരിത്രപരമായ വിധി മാധ്യമ പ്രവർത്തകരും, ആക്റ്റിവിസ്റ്റുകളും, പുരോഗമന പ്രസ്ഥാനങ്ങളും ഒരു പോലെ സ്വീകരിക്കുന്ന കാഴ്ചയാണ് നവമാധ്യമങ്ങളിൽ ദർശിക്കാൻ ആയത്. നോവലിസ്റ്റ് അഭിലാഷ് മേലേതിൽ വിധി വന്നയുടൻ ഫെയ്‌സ്‌ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്രകാരം “ഒരു ചെറിയ കമ്പനിയിൽ ജോലി ചെയ്യുമ്പോൾ കമ്പനിയുടെ അഡ്വെർട്ടൈസിംഗ് ടീം ഞങ്ങൾക്കുവേണ്ടി (ഇന്ത്യക്കാരും വിദേശികളുമുണ്ട്) എന്തോ ഒരു ഡെമോ നടത്തി. ഓഫിസ് ഒക്കെ വളരെ കാഷ്വൽ ആണ്. ഭംഗിയായി വസ്ത്രം ചെയ്തെത്തുന്നതിൽ പേരെടുത്തു കഴിഞ്ഞിരുന്ന പുതിയ ആഡ് മാനേജർ പ്രെസെന്റേഷനിടെ എന്തോ പറഞ്ഞപ്പോൾ എന്റെ കൊളീഗ്‌ ഉറക്കെ വിളിച്ചുപറഞ്ഞു – ദിസ് ഈസ് ഫക്കിങ് ഗേ (മോശം, ബ്രെയിൻലെസ്സ്, ചീപ്പ് എന്നൊക്കെ അർത്ഥത്തിൽ). ഞങ്ങളെല്ലാവരും വലിയവായിൽ ചിരിച്ചു. അപ്പോൾ ആ മാനേജർ പറഞ്ഞു – ഐ ആം ഗേ. കോൺഫറൻസ് റൂമിൽ അങ്ങുമിങ്ങും ഓ ഷിറ്റ്, ഓ ഫക്ക് എന്നൊക്കെ ചിന്ന നിലവിളികൾ. കൊളീഗ് തല മേശക്കടിയിൽ പൂഴ്ത്തി. അന്നാണ് ആദ്യമായി ഒരു ഗേ എന്ന് സ്വയം വിളിയ്ക്കുന്ന ആളെ കാണുന്നത്. അതിനുശേഷം എത്ര സുഹൃത്തുക്കൾ, സഹപ്രവർത്തകർ, രഹസ്യത്തിൽ ബന്ധുക്കൾ വരെ. കോടതി വിധിയിൽ സന്തോഷം. അപ്പോഴും ആ മുറിയിലെ ഞെട്ടൽ, നാണക്കേട് അതൊക്കെയാണ് ഞാൻ ഓർക്കുന്നത്. ഒരു സമൂഹമെന്ന നിലയിൽ ആ പരിഹാസം മോശമാണ് എന്ന നിലയിലേയ്ക്കും ഇത്തരം ബന്ധങ്ങൾ സ്വാഭാവികമാണെന്നുമുള്ള നിലവാരത്തിലേയ്ക്കുമൊക്കെ നമ്മൾ വളരേണ്ടതുണ്ട്. എന്തായാലും എല്ലാവർക്കും ആശംസകൾ. ബിജെപി ഇതിനെ ഉൾക്കൊള്ളില്ല എന്നുറപ്പാണ്. എസ് ഡി പി ഐ യും പള്ളിയും എതിർക്കും. അവർക്കൊക്കെ ലിഞ്ചിങ് മോബ്‌സ്‌ വിവിധ തലങ്ങളിൽ ഉള്ളതുകൊണ്ട് പോരാട്ടം ഇനിയും തുടരേണ്ടി വരും. ഈ വിധിയെ നമ്മൾ എന്ത് വിലകൊടുത്തും സംരക്ഷിയ്ക്കണം. സ്വകാര്യത എന്ന വിശാലമായ ഒരു വിഷയത്തിലേയ്ക്ക് കൂടി നീളുന്ന ഒന്നാകയാൽ പ്രത്യേകിച്ചും”.

അഭിലാഷ് എഴുതി തീരുന്നതിനു മുൻപ് തന്നെ വിധിക്കെതിരെ മതത്തിന്റെ എതിര്‍പ്പുമായി ചിലര്‍ രംഗത്തെത്തി. “എൽജിബിടി സമൂഹം മറ്റുള്ളവര്‍ക്കുള്ള എല്ലാ അവകാശങ്ങളും ഉള്ളവരാണെന്നും, സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റം അല്ലെന്നും സുപ്രീം കോടതി വിധി പ്രസ്താവിച്ചിരിക്കുന്നു. ഒരു പ്രതിപക്ഷം എന്ന നിലയിൽ ഞങ്ങൾക്കും ചില അവകാശങ്ങൾ ഉണ്ട്. അവരുടെ അവകാശങ്ങൾ അവർ ആഘോഷിക്കുന്നത് പോലെ ഞങ്ങളുടേത് ഞങ്ങളും ആഘോഷിക്കും. എൽ ജി ബി ടി യെ പ്രമോട് ചെയ്യുന്ന ഏതു നടപടിയും അനുവദിച്ചു തരില്ല”. തസ്‌ലീം അഹ്മദ് റഹ്മാൻ എന്ന മുസ്ലിം പൊളിറ്റിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്ഥാപക പ്രസിഡന്റിന്റെ ട്വീറ്റ് ആണിത്.

തീർച്ചയായതും ഒരത്ഭുതവും ഇല്ല, ഇനിയും വിധിക്കെതിരായ പ്രസ്താവനകൾ പ്രതീക്ഷിക്കുന്നുണ്ട്. മതമേലധ്യക്ഷന്മാരും, സംഘപരിവാറും, മുസ്ലിം സംഘടനകളും എന്നും എൽ ജി ബി ടി കമ്മ്യുണിറ്റിയെ പൊതു സമൂഹത്തിൽ നിന്നും അകറ്റി നിർത്താൻ അഹോരാത്രം പണി എടുത്തിട്ടുള്ളവർ ആണ്. ആന്റി എൽ ജി ബി ടി ട്വീറ്റ് ചെയ്ത ഈ മഹാൻ ലോക്സഭയിലേക്ക് മത്സരിച്ചു തോറ്റ വ്യക്തി കൂടി ആണ്. ജനങ്ങളുടെ ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ!!

“ഒരു രാജ്യത്തിന്റെ മഹത്വം അളക്കപ്പെടുന്നത് അത് കൂട്ടിവയ്ക്കുന്ന ഭൌതികസമ്പത്തിന്റെയോ സാംസ്കാരിക പൈതൃകത്തിന്റെയോ പേരിലല്ല, മറിച്ച് സമൂഹത്തിലെ അവശരെ അതെങ്ങനെ സംരക്ഷിക്കുന്നു എന്നതിലാണ്.” ഇത് സാമൂഹിക വൈദ്യപാഠപുസ്തകത്തില്‍ പൊതുജനാരോഗ്യത്തെ സംബന്ധിച്ച അധ്യായത്തിന്റെ തുടക്കത്തില്‍ കൊടുത്തിരുന്ന ഒരു വരിയാണ്. ആരെഴുതിയെന്നൊന്നും അറിയില്ല. പക്ഷേ ഉള്‍ക്കൊള്ളലിന്റെ ജനാധിപത്യരീതികളെ വാനോളം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സുപ്രീം കോടതി ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദീര്‍ഘകാലത്തെ പോരാട്ടത്തിന് നല്‍കിയ പച്ചക്കൊടി ഈ തത്വത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു.

സ്വവര്‍ഗ്ഗാനുരാഗത്തെയും സ്വവര്‍ഗ്ഗ രതിയേയും സംബന്ധിച്ച് അബദ്ധധാരണകളുടെ ഒരു മലവെള്ളപ്പാച്ചില്‍ ഇനി അങ്ങോട്ട് ഉണ്ടാകും എന്നത് മൂന്നര തരം. തങ്ങളുടെ തുരുമ്പിച്ച മതപ്രത്യയശാസ്ത്രങ്ങള്‍ക്ക് ന്യായീകരണം ചമയ്ക്കാന്‍ പാതിരിമാരും മൊല്ലാക്കമാരും ആര്‍ഷഭാരതസംസ്കൃതിയുടെ കാവലാളുകളും കച്ചകെട്ടിയിറങ്ങുമ്പോള്‍ പ്രത്യേകിച്ചും. കുടുംബബന്ധങ്ങളെ ശിഥിലമാക്കുമെന്നു തുടങ്ങി എയിഡ്സ് വ്യാപനത്തിനു വരെ കാരണമാകുമെന്നൊക്കെയാണ് കാറ്റില്‍ പറക്കുന്ന വാദങ്ങള്‍. പുറകെ വരുന്നത് ഈ വിഭാഗങ്ങൾ ഉള്ള സമൂഹം നരകത്തിന്റെ തീയിൽ പെടും തുടങ്ങി, പതിവ് റിലീജിയസ് നോൺസെൻസുകൾ ആണ്.

ശാസ്ത്രീയമായ പഠനവും, അപഗ്രഥനവും ഇക്കൂട്ടർക്കെല്ലാം അയിത്തമായത് കൊണ്ട് എൽ ജി ബി ടി കമ്മ്യുണിറ്റിയെ കുറിച്ചു നിലനിൽക്കുന്ന അശാസ്ത്രീയമായ വാദങ്ങളെ ഖണ്ഡിച്ചത് കൊണ്ട് മാത്രം പ്രയോജനം ഇല്ല. എൽ ജി ബി ടി കമ്മ്യുണിറ്റിക്കു നിയമപരമായ പരിരക്ഷ നൽകിയത് പോലെ സാമൂഹ്യ ചൂഷണത്തിൽ നിന്നും സദാചാര പോലീസിൽ നിന്നും ഇനി ഇവർക്ക് മോചനം കിട്ടേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനു ആദ്യം ഇത്തരം ദുരന്ത ജന്മങ്ങളെ മുളയിലേ നുള്ളണം. ആമുഖത്തിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വാക്കുകള്‍ ആവർത്തിച്ചാൽ എൽ ജി ബി ടി കമ്മ്യുണിറ്റി ഇത് വരെ സമൂഹത്തിൽ നിന്നനുഭവിച്ച മാറ്റി നിർത്തലുകൾക്കളുടെയും ,പീഡനങ്ങളുടെയും പേരിൽ അവരെ ഇനി ചേർത്ത് നിർത്തേണ്ടതും, അവർക്കെതിരെയുള്ള ഏതു നീക്കവും തടയിടേണ്ടതും ഒരു പുരോഗമന സമൂഹത്തിന്റെ ഉത്തരവാദിത്തം ആണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Explainer: സെക്ഷൻ 377: ലൈംഗിക സ്വകാര്യതയിലെ ഭരണകൂട ഇടപെടൽ അവസാനിക്കുമ്പോൾ‌

‘ഞങ്ങള്‍ സ്വതന്ത്രരായി’; ആഹ്‌ളാദ നൃത്തം ചവിട്ടി അവര്‍ ഒത്തുകൂടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍