UPDATES

ട്രെന്‍ഡിങ്ങ്

ദുരന്തമേഖലയില്‍ ആശ്വാസവുമായി ലിംഗന്യൂനപക്ഷങ്ങളും; 24×7 ഹെല്‍പ് ലൈനുമായി ക്വീയറിഥം

ഇന്നലെയും ഇന്നുമായി സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് വരുന്ന ഫോണ്‍കോളുകള്‍ ബന്ധപ്പെട്ട ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റുമായി ഏകോപിപ്പിച്ചു കൊണ്ടുള്ള ഇവരുടെ പ്രവര്‍ത്തനം തുടരുകയാണ്

ദുരന്തമേഖലയില്‍ ആശ്വാസവുമായി ലിംഗന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍. എല്‍ജിബിടിഐക്യൂ സംഘടനകളും അംഗങ്ങളും ദുരിതാശ്വാസ ക്യാംപുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള ലിംഗന്യൂനപക്ഷങ്ങള്‍ സഹായവാഗ്ദാങ്ങളുമായി എത്തുന്നുണ്ട്. തിരുവനന്തപുരത്തെ എല്‍ജിബിടിഐക്യൂ സംഘടനയായ ക്വീയറിഥം 24×7 ഹെല്‍പ് ലൈന്‍ പൊതുജനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നലെയും ഇന്നുമായി സഹായമഭ്യര്‍ത്ഥിച്ചു കൊണ്ട് വരുന്ന ഫോണ്‍കോളുകള്‍ ബന്ധപ്പെട്ട ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റുമായി ഏകോപിപ്പിച്ചു കൊണ്ടുള്ള ഇവരുടെ പ്രവര്‍ത്തനം തുടരുകയാണ്. തിരുവനന്തപുരത്തുള്ള കളക്ഷന്‍ പോയിന്റുകളില്‍ നാപ്കിന്‍സ്, ബെഡ്ഷീറ്റ് എന്നിവ വാങ്ങി നല്‍കുകയും വോളണ്ടിയറുകളായും ട്രാന്‍സ്ജന്‍ഡേഴ്‌സുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.

തൃശ്ശൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന സഹയാത്രിക എന്ന സംഘടനയില്‍ കമ്മ്യൂണിറ്റി അംഗങ്ങളടക്കം 18 പേര് ക്യാംപ് ചെയ്യുന്നുണ്ട്. അവര്‍ക്ക് വേണ്ടിയുള്ള സഹായങ്ങളും എത്തിച്ചു കൊടുക്കുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുന്നവര്‍ക്കായി ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് അവരുടെ വീടുകളില്‍ താമസിപ്പിക്കുന്നുണ്ട്.

ഇന്ത്യയില്‍ മറ്റ് പല ഭാഗങ്ങളില്‍ നിന്നുമുള്ള ട്രാന്‍സജെന്‍ഡേഴ്‌സും എല്‍ജിബിടിഐക്യൂ സംഘടനകളും സഹായമെത്തിക്കാമെന്ന് ക്വീയറിഥത്തോട് അറിയിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഇടുക്കി മേഖലയില്‍ സാമ്പത്തിക സഹായമടക്കം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്നുള്ള ശ്രീജിത്ത് സുന്ദരത്തിന്റെ നേതൃത്വത്തില്‍ നിന്നുള്ള ടീം ആവശ്യ സാധനങ്ങള്‍ 20ാം തീയതിയോട് കൂടി എത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ചെന്നൈ ദോസ്ത് എന്ന സംഘടനയില്‍ നിന്നും ആവശ്യ വസ്തുക്കള്‍ നാളെ തിരുവനന്തപുരത്തുള്ള കളക്ഷന്‍ പോയിന്റില്‍ എത്തിക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

‘എറണാകുളത്തുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സുകളില്‍ ഭൂരിഭാഗവും ലോഡ്ജുകളിലും ഹോട്ടല്‍ മുറികളിലുമാണ് താമസിക്കുന്നത്. അവര്‍ കുടുങ്ങിക്കിടക്കുകയാണ്. എറണാകുളത്ത് ഉള്ള മറ്റ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ ക്യാംപുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അറിയാന്‍ സാധിക്കുന്നത്.’എല്‍ജിബിടിഐക്യൂ സംഘടനയായ ക്വീയറിഥം ഫൗണ്ടര്‍ പ്രിജിത് പറഞ്ഞു.

‘എറണാകുളത്തിലുള്ള മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു. സെന്റ് ആല്‍ബെര്‍ട്‌സ് കോളേജില്‍ 2000 പേരോളം ഉണ്ട്. തൊട്ടടുത്തുള്ള സെന്റ് ആന്റണീസ് ഗേള്‍സ് ഹയര്ഡസെക്കണ്ടറി സ്‌കൂളില്‍ 210 പേര് ഉണ്ടായിരുന്നു. പല ക്യാംപുകളില്‍ നിന്നും ബന്ധുക്കള്‍ ആളുകളെ വീട്ടിലേക്ക് കൊണ്ട് പോകുന്നുണ്ട്. അവിടെ ആവശ്യമുള്ള സാധനങ്ങള്‍ എത്തുന്നുണ്ട്. കടവന്ത്രയിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പോയിരുന്നു. അവിടെ ആവശ്യസാധനങ്ങള്‍ കൂടുതല്‍ ലഭിച്ചതുകൊണ്ട് ബാക്കിയുള്ളത് മറ്റ് ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്’ എറണാകുളത്ത് നിന്നുള്ള കമ്മ്യൂണിറ്റി അംഗമായ ടി.ജി അന്നാമ്മ അറിയിച്ചു. ഇത് കൂടാതെ നാട്ടുകാരില്‍ നിന്നും പണം ശേഖരിച്ച് ക്യാപുകളിലേക്ക് ഭക്ഷണം, ബെഡ്ഷീറ്റ്, നാപ്കിന്‍സ് തുടങ്ങിയ ആവശ്യസാധനങ്ങള്‍ എത്തിക്കുകയും ഇവര്‍ ചെയ്യുന്നുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് ആഗസ്റ്റ് 16, 17ന് തൃശ്ശൂരില്‍ നടക്കാനിരുന്ന എല്‍ജിബിടിഐക്യൂവിന്റെ പ്രൈഡ് ഫെസ്റ്റിവല്‍ മാറ്റിവെച്ചിരുന്നു.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍