കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആതിര ഒന്നേകാല്‍ വയസുള്ള മകള്‍ ആദിഷയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുന്നത്.
ഒന്നേകാല്‍ വയസുകാരിയായ സ്വന്തം കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ പ്രതിയായ ആതിര, ചേര്‍ത്തല പാണാവള്ളി പഞ്ചായത്തിലെ അരയന്‍കാവ് സ്വദേശിയാണ്. രണ്ടുവര്‍ഷം മുമ്പു വരെ ആതിരയുടെ കുടുംബം താമസിച്ചിരുന്നത് അരയന്‍കാവ് ക്ഷേത്രത്തിനു സമീപത്തായിരുന്നു. ഇവിടെ നിന്നാണ് പണാവള്ളി നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തിനടുത്തേക്ക് താമസം മാറ്റുന്നത്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്നതാണ് ആതിരയുടെ കുടുംബം. നാല്‍പ്പത്തെണ്ണീശ്വരത്തേക്ക് താമസം മാറിയതിനുശേഷമായിരുന്നു ആതിര ഷാരോണുമായി കണ്ടുമുട്ടുന്നതും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതും. നാല്‍പ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആനയുടെ രണ്ടാം പാപ്പാനായി എത്തിയതായിരുന്നു ഷാരോണ്‍. ഏഴു ദിവസങ്ങള്‍ നീണ്ട ഉത്സവം കഴിഞ്ഞുപോകുമ്പോള്‍ ആതിരയും ഷാരോണിനൊപ്പം ചേര്‍ത്തല പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാര്‍ഡിലെ പുതിയകാവ് കൊല്ലംവെളി കോളനിയിലെ വീട്ടിലേക്ക് പോയി.
ഒരു കുട്ടി ദുരൂഹസാഹചര്യത്തില്‍ മരിച്ചെന്ന വാര്‍ത്ത ആദ്യം മാധ്യമങ്ങളില്‍ വന്നപ്പോള്‍ അരയന്‍കാവിലും പാണാവള്ളിയിലും ഉള്ളവര്‍ക്ക് ആതിരയെ മനസിലായിരുന്നില്ല. എന്നാല്‍ ചിത്രം പത്രങ്ങളിലും മറ്റും കണ്ടതോടെ എല്ലാവര്‍ക്കും മനസിലായി. “അമ്മയാണ് കൊന്നതെന്ന് പോലീസ് കണ്ടെത്തുന്നതിനും മുന്നേ തന്നെ ഞങ്ങളൊക്കെ ഉറപ്പിച്ചതാണ്, ഇതവള്‍ (ആതിര) തന്നെ കൊന്നതാണെന്ന്. അവളുടെ സ്വഭാവം അറിയാവുന്ന ആര്‍ക്കും അക്കാര്യത്തില്‍ സംശയമുണ്ടാകില്ല. എന്നാലും ഒരു ഞെട്ടലായിരുന്നു. ഇങ്ങനെയൊരു ക്രൂരത ചെയ്തു കളഞ്ഞല്ലോ!”, അരയന്‍കാവ് സ്വദേശിയായ ഷിബുവിന്റെ പ്രതികരണമാണ്. അരയന്‍കാവ്-പാണവള്ളി പ്രദേശങ്ങളിലെ മിക്കയാള്‍ക്കാരും സമാനമായ പ്രതികരണമാണ് നടത്തിയത്. ആതിരയുടെ ജീവിത പശ്ചാത്തലവും കുടുംബസാഹചര്യങ്ങളും വ്യക്തമാക്കിയാണ് പലരും ഇത്തരത്തില്‍ അഴിമുഖത്തോട് പ്രതികരിച്ചത്.
ദാരിദ്ര്യവും അരക്ഷിതാവസ്ഥയും നിറഞ്ഞ ജീവിതം
അരയന്‍കാവ് സ്വദേശിയാണ് ആതിരയുടെ അച്ഛന്‍ രാജശേഖരന്‍ എന്ന രാജുകുഞ്ഞ്. ഇടക്കൊച്ചി സ്വദേശിയാണ് അമ്മ ഓമന. രണ്ടു മക്കളില്‍ മൂത്തയാളാണ് ആതിര. വലകെട്ടലായിരുന്നു രാജന് ജോലി. തീര്‍ത്തും ദാരിദ്ര്യം നിറഞ്ഞതായിരുന്നു ഇവരുടെ ജീവിതം. മുന്‍ പഞ്ചായത്തംഗം ഷിബു ഇക്കാര്യങ്ങളെക്കുറിച്ച് പറയുന്നത് ഇങ്ങനെ, “കുടില്‍ എന്നുപോലും പറയാന്‍ പറ്റാത്തൊരിടത്തായിരുന്നു രാജു കുഞ്ഞും ഭാര്യയും രണ്ടും മക്കളും താമസിച്ചിരുന്നത്. ഷീറ്റ് കൊണ്ട് മറച്ച ഒരു ഷെഡ് എന്നു വേണമെങ്കില്‍ പറയാം. അതും അടച്ചുറപ്പൊന്നുമില്ല. മുകളില്‍ എന്തോ തകരകൊണ്ട് മറച്ചിട്ടുണ്ട്. താഴെ വെറും മണ്ണായിരുന്നു. ആകെ ഒറ്റമുറിയായിരുന്നു. അടുക്കളയും കിടപ്പു മുറിയും എല്ലാം ഒന്നിച്ച്. താഴെ മണ്ണ് മാറ്റി കുഴിപോലെയുണ്ടാക്കിയായിരുന്നു രാജുകുഞ്ഞും ഓമനയും കിടക്കുന്നത്. ഒരു തട്ടുപോലെയുണ്ടാക്കി അതിലായിരുന്നു ആതിരയും സഹോദരനും കിടന്നിരുന്നത്. കക്കൂസ് പോലും ഇല്ലായിരുന്നു. പറമ്പില്‍ കുഴികുത്തിയൊക്കെയായിരുന്നു കക്കൂസ്.
വീട്ടില്‍ ആഹാരം വയ്ക്കുന്ന പതിവൊന്നും ഇല്ലായിരുന്നു. വെളുപ്പിനെ നാലുപേരും കൂടി ചായക്കടയില്‍ വന്നു ചായ കുടിച്ചുപോകും. പിന്നെയുള്ള ഭക്ഷണത്തിനും ചായക്കടയില്‍ തന്നെയാണ് വരുന്നത്. രാജുകുഞ്ഞ് മാത്രമായിരുന്നു ജോലിക്കു പോയിരുന്നത്. അയാളൊരു മദ്യപാനിയും കൂടിയായിരുന്നു. ഒരിക്കല്‍ കായലില്‍ വല കെട്ടുന്നതിനിടയില്‍ കഴുക്കോല്‍ ഒടിഞ്ഞ് രാജുകുഞ്ഞിന്റെ കണ്ണില്‍ കുത്തിക്കയറി ആ കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. ഓമനയ്ക്കും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുകയും അവരുടെ രണ്ടു കണ്ണിന്റെയും കാഴ്ച്ച പോവുകയും ചെയ്തു. അതോടെയാണ് ആ കുടുംബം കൂടതല്‍ ദുരിതത്തിലേക്ക് വീണത്. മിക്കവാറും വഴക്കും പ്രശ്‌നങ്ങളും തന്നെയായിരുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അരയന്‍കാവില്‍ നിന്നും ഇവര്‍ നാല്‍പ്പത്തെണ്ണീശ്വരത്തേക്ക് പോയി. അവിടെ ചുടുകട്ട കൊണ്ട് ഭിത്തി കെട്ടി മുകളില്‍ ഷീറ്റ് ഇട്ട് ഒരു വീടുണ്ടാക്കി. അവിടെ താമസിക്കുമ്പോഴാണ് ആന പാപ്പാനായി വന്ന ഷാരോണിനൊപ്പം ആതിര പോകുന്നത്.
മോഷണവും അക്രമവും
കുട്ടിക്കാലം മുതല്‍ ആതിര അക്രമവാസനയും മോഷണശീലവുമുള്ള ആളായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പരിസരത്തെ വീടുകളില്‍ നിന്നെല്ലാം ചെറു മോഷണങ്ങള്‍ നടത്തുക പതിവായിരുന്നു. ഇതേ തുടര്‍ന്ന് ആരും ആതിരയെ തങ്ങളുടെ വീടുകളില്‍ കയറ്റാതായെന്നും അഴിമുഖത്തോട് പ്രതികരിച്ചവര്‍ പറയുന്നു. “കണ്ണില്‍ കാണുന്നതൊക്കെ എടുത്തുകൊണ്ടു പോകും. ചെരുപ്പ്, കുഞ്ഞുങ്ങളുടെ പാദസരം, മൊബൈല്‍ ഫോണ്‍ തുടങ്ങി പലതും കട്ടെടുത്തിട്ടുണ്ട്. മോഷണം പിടിച്ചാല്‍ എതിര്‍ത്തു നില്‍ക്കും. എടുത്തിട്ടില്ലെന്നേ പറയൂ. മോഷ്ടിച്ച പലതും സ്‌കൂളില്‍ കൊണ്ടു പോയിരുന്ന ബാഗിനകത്തായിരിക്കും വയ്ക്കുക”. ആതിരയുടെ അയല്‍വാസികളിലൊരാള്‍ തന്റെ അനുഭവം കൂടി ചേര്‍ത്തു പറയുകയാണ്. “ഞാനൊരു ദിവസം അമ്പലത്തില്‍ പോയി തിരിച്ചിറങ്ങിയപ്പോള്‍ ചെരുപ്പ് കാണുന്നില്ല. ആതിരയാണ് അതെടുത്തതെന്നു കണ്ടവരുണ്ട്. പക്ഷേ, അവളോട് ചോദിച്ചപ്പോള്‍ എടുത്തിട്ടില്ലെന്നു പറഞ്ഞു. ആതിര പഠിക്കുന്ന സ്‌കൂളില്‍ തന്നെയായിരുന്നു എന്റെ ബന്ധുവിന്റെ മകനും പഠിച്ചിരുന്നത്. അവനും ഇക്കാര്യം അറിഞ്ഞായിരുന്നു. സ്‌കൂളില്‍ ചെന്നപ്പോള്‍ ആതിര ബാഗില്‍ നിന്നും എന്റെ ചെരുപ്പ് എടുത്ത് കാലില്‍ ഇട്ടു നടക്കുന്നത് അവന്‍ കണ്ടു. ഇക്കാര്യം അവന്‍ എന്നോടു പറഞ്ഞു. ഞാനും സഹോദരനും കൂടി വൈകിട്ട് ആതിര സ്‌കൂള്‍ വിട്ട് വന്ന സമയത്ത് അവളുടെ വീട്ടില്‍ ചെന്നു. ചെരുപ്പ് എടുത്തോ എന്ന് ഒരിക്കല്‍ കൂടി ചോദിച്ചപ്പോഴും ഞാന്‍ എടുത്തിട്ടില്ലെന്നു തന്നെയാണ് പറഞ്ഞത്. ഉടനെ എന്റെ സഹോദരന്‍ ആതിരയുടെ ബാഗ് തുറന്നു നോക്കിയപ്പോള്‍ ചെരിപ്പ് അതിനകത്തുണ്ട്”.
“കൊച്ചു കുട്ടികളുടെ കാലില്‍ നിന്നും പാദസരം അഴിച്ചെടുക്കാനും മാലയൂരിയെടുക്കാനുമൊക്കെ ശ്രമിച്ചിട്ടുണ്ട്. മോഷണം നടത്തുമെന്നതുകൊണ്ട് ആരും വീട്ടില്‍ കയറ്റത്തില്ലായിരുന്നു. മോഷണം നടത്തുന്ന കാര്യം ആതിരയുടെ അച്ഛനോടോ അമ്മയോടോ പറഞ്ഞാല്‍ ക്രൂരമായി മര്‍ദ്ദനമായിരിക്കും. മരത്തില്‍ കെട്ടിയിട്ടൊക്കെ അടിക്കും. പക്ഷേ, എത്ര തല്ലുകൊണ്ടാലും അതൊന്നും ആതിരയ്ക്ക് പ്രശ്‌നമില്ലായിരുന്നു. പിന്നെയും മോഷണങ്ങള്‍ നടത്തും”, നാട്ടുകാര്‍ പറയുന്നു.
കുട്ടിക്കാലം മുതല്‍ അക്രമവാസന കാണിച്ചിരുന്നു ആതിരയെന്നും നാട്ടുകാര്‍ സ്വന്തം അനുഭവങ്ങള്‍ മുന്‍നിര്‍ത്തി പറയുന്നുണ്ട്. “സംസാരിക്കുന്നതിനിടയില്‍ തന്നെ ആതിരയുടെ സ്വഭാവം മാറും. ശാന്തമായി ഇരിക്കുന്നയാള്‍ പെട്ടെന്ന് വയലന്റ് ആകും. കൊച്ചു കുട്ടികളെ പോലും ഉപദ്രവിക്കുന്നതിന് ആതിരയ്ക്ക് മടിയില്ലായിരുന്നു. സ്വന്തം അമ്മയെ ഒരിക്കല്‍ അടിച്ച് മുഖം പൊട്ടിച്ചിട്ടുണ്ട്. സ്‌കൂളിലെ അധ്യാപകരെയും തല്ലിയ സംഭവം ഉണ്ടായിട്ടുണ്ട്. കുട്ടികളെ തല്ലുമെന്നുള്ളതുകൊണ്ട് ആരും തന്നെ ആതിരയുടെ അടുക്കല്‍ കുഞ്ഞുങ്ങളെ കൊണ്ടു പോകില്ലായിരുന്നു. മോഷണവും അക്രമവും കൊണ്ടു തന്നെയാണ് ഞങ്ങളാരും അവളെ വീട്ടില്‍ കയറ്റാതിരുന്നത്. വിവാഹശേഷം ഭര്‍ത്താവുമായി വീട്ടില്‍ വരുമ്പോഴും ആതിര അക്രമസ്വഭാവം കാണിച്ചിട്ടുണ്ട്. ഒരു ദിവസം ആതിരയും ഭര്‍ത്താവും ചേര്‍ന്ന് ആതിരയുടെ അമ്മയെ തല്ലിയെന്നു കേട്ടു. ഭര്‍ത്താവിന്റെ വീട്ടിലും ഇതേപോലെ അക്രമം കാണിച്ചിട്ടുണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഭര്‍ത്താവിന്റെ അമ്മയേയും അച്ഛനെയും തല്ലിയിട്ടുണ്ടെന്നും അതിന്റെ പേരില്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നുമല്ലേ വാര്‍ത്തകള്‍”.
നിയന്ത്രണമില്ലാത്ത ജീവിതം
ആരും തന്നെ നിയന്ത്രിക്കാനില്ലാത്ത ജീവിതമായിരുന്നു കുട്ടിക്കാലം തൊട്ട് ആതിരയുടെതെന്നാണ് നാട്ടുകാരും സമീപവാസികളായിരുന്നവരും പറയുന്നത്. “ഒരു പെണ്‍കുട്ടിയാണെന്ന കരുതല്‍ പോലും വീട്ടില്‍ നിന്നും കൊടുത്തിരുന്നില്ല. എപ്പോഴും വഴക്കും ബഹളങ്ങളും നിറഞ്ഞ അന്തരീക്ഷമായിരുന്നു വീട്ടില്‍. ആരെങ്കിലും പരാതിയുമായി ചെല്ലുമ്പോള്‍ ക്രൂരമായി തല്ലുമെന്നല്ലാതെ ആതിരയുടെ മറ്റ് കാര്യങ്ങളിലൊന്നും അച്ഛനോ അമ്മയോ ശ്രദ്ധ ചെലുത്തിയിരുന്നില്ല. സഹോദരനും മാനസികമായ ഉള്‍വലിഞ്ഞൊരു പ്രകൃതമാണ്. അമ്മയ്ക്ക് കാഴ്ച്ചശക്തിയില്ലാതായതും ആതിരയുടെ കാര്യങ്ങളില്‍ ശ്രദ്ധകൊടുക്കാന്‍ കഴിയാതെ പോയതിനൊരു കാരണമാണ്. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കാതെ പുറത്തു നിന്നാണ് എപ്പോഴും കഴിക്കുന്നതെന്നതുകൊണ്ട് എല്ലാ കടകളിലും കയറിയിറങ്ങി നടക്കുന്നൊരു ശീലം ആതിരയ്ക്ക് ഉണ്ടായിരുന്നു. പ്രായത്തെക്കാള്‍ കവിഞ്ഞ ശാരീരിക വളര്‍ച്ചയുള്ള പെണ്‍കുട്ടിയാണ്. വീട്ടില്‍ നിന്നും കിലോമീറ്ററുകള്‍ അപ്പുറത്തൊക്കെ ആതിരയെ കണ്ടവരുണ്ട്. പലപ്പോഴും നടന്നാണ് ഇവിടെയൊക്കെ പോകുന്നത്. ഇങ്ങനെ പോകുന്നതിലൊന്നും വീട്ടുകാര്‍ കാര്യമായ നിയന്ത്രണമോ ഒന്നും ചെലുത്തിയിരുന്നില്ല. മുതിര്‍ന്ന പെണ്‍കുട്ടിയായ ശേഷവും ആതിര ഇതേ സ്വഭാവം തുടര്‍ന്നു.”
പെരുമാറ്റ വൈകല്യം
ആതിര കുട്ടിക്കാലം തൊട്ട് മാനസിക പ്രശ്‌നങ്ങള്‍ കാണിച്ചിരുന്നുവെന്നാണ് മുന്‍ പഞ്ചായത്തംഗമായ ഷിബു പറയുന്നത്. ആതിര അക്രമവാസന കാണിക്കുന്നതിന് കാരണവും അതായിരുന്നു. “സ്‌കൂളിലെ കുട്ടികളെയൊക്കെ അക്രമിക്കുമായിരുന്നു. ആതിര ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ പഠിക്കുന്ന സമയത്താണ്, സ്‌കൂളിലെ ടീച്ചര്‍മാരെ തല്ലി. ഇതേ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും പഞ്ചായത്തും പ്രാഥാമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരും എല്ലാവരും ചേര്‍ന്ന് തിരുവനന്തപുരത്ത് 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കായുള്ള ഒരു സ്ഥാപനത്തില്‍ കൊണ്ടു പോയി ചേര്‍ത്തു. അവിടെ ഇത്തരം മാനസിക പ്രശ്‌നമുള്ള കുട്ടികളെയാണ് കൊണ്ടു വരുന്നത്. ആതിരയുടെ മാതാപിതാക്കളോട് സമ്മതം വാങ്ങിച്ചാണ് കൊണ്ടു പോയതും. എന്നാല്‍ അവിടെ ചെന്നിട്ടും ആതിര അക്രമസ്വഭാവം തുടര്‍ന്നു. തന്നെക്കാള്‍ പ്രായം കുറഞ്ഞ കുട്ടികളെ ഉപദ്രവിക്കുക പതിവായിരുന്നു. ആറുമാസം വരെ അവിടെ നിന്നുള്ളൂ. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ആതിരയെ തിരുവനന്തപുരത്ത് കൊണ്ടുപോകുന്നതിന് ആദ്യം അച്ഛനും അമ്മയും സമ്മതിച്ചെങ്കിലും പിന്നീടവര്‍ ഭയങ്കര വിഷയം ഉണ്ടാക്കി. എന്റെ വീട്ടിലൊക്കെ വന്ന് അസഭ്യം പറയുകയൊക്കെ ചെയ്തു. ഞങ്ങളെല്ലാവരും കൂടി അവരുടെ കുട്ടിയെ കൊണ്ടുപോയെന്നായിരുന്നു പരാതി. ഒടുവില്‍ ഗത്യന്തരം ഇല്ലാതെ തിരുവനന്തപുരത്തെ സ്ഥാപനത്തിന്റെ വിലാസം ആതിരയുടെ അച്ഛനു കൊടുത്തു. അയാള്‍ അവിടെ ചെന്ന് കുട്ടിയെ വിളിച്ചുകൊണ്ടു പോരുകയായിരുന്നു. ആതിര മറ്റു കുട്ടികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നൊരാളായതുകൊണ്ട് സ്ഥാപനത്തിന്റെ അധികൃതരും എതിര്‍പ്പ് പറഞ്ഞില്ല. തിരിച്ചു വീട്ടില്‍ വന്നശേഷവും ആതിര പഴയ സ്വഭാവം തന്നെ തുടര്‍ന്നു”.
സംരക്ഷണമില്ലാതെ വളര്‍ന്നതിന്റെ പ്രശ്‌നം
ആതിരയുടെ കാര്യത്തില്‍ സംഭവിച്ചത് സംരക്ഷണവും കരുതലും കിട്ടാതെ പോയതാണെന്നാണ് അരയന്‍കാവ് സ്വദേശിയായ കൗണ്‍സിലിംഗ് വിദഗ്ദ അഭിപ്രായപ്പെടുന്നത്. “ഒരു സാധാരണ വ്യക്തിക്ക് ഉള്ള ഐക്യു ലെവല്‍ ആതിരയ്ക്ക് ഇല്ലായിരുന്നുവെന്ന് ആ പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ ഇടയായ സന്ദര്‍ഭത്തിലൊക്കെ മനസിലായ കാര്യമാണ്. ആതിരയെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് അവളുടെ അമ്മയ്ക്ക് കൂടിയ തോതില്‍ തൈറോയിഡിന്റെ പ്രശ്‌നം ഉണ്ടായിരുന്നു. തൈറോയിഡ് കൂടിയ സ്ത്രീകള്‍ പ്രസവിക്കുന്ന കുട്ടിക്ക് മാനസികമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ആതിരയുടെ കാര്യത്തിലും സംഭവിച്ചത് അതാണ്. എന്നാല്‍ ആ പെണ്‍കുട്ടിക്ക് അതിനാവശ്യമായ ചികിത്സകളോ കൗണ്‍സിലിംഗോ കൊടുക്കാന്‍ വീട്ടുകാര്‍ക്കായില്ല. ആതിര പഠിച്ച സ്‌കൂളിലെ അധ്യാപകരും പഞ്ചായത്ത് അധികൃതരുമെല്ലാം ചേര്‍ന്ന് തിരുവനന്തപുരത്തുള്ള ഒരു സെപ്ഷ്യല്‍ സ്‌കൂളില്‍ ആതിരയെ ചേര്‍ത്തെങ്കിലും ഏകദേശം ആറുമാസക്കാലം മാത്രമാണ് ആ കുട്ടി അവിടെ നിന്നത്. വേണ്ട രീതിയിലുള്ള സംരക്ഷണവും കരുതലും കിട്ടിയിരുന്നെങ്കില്‍ ആതിരയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം കൊണ്ടുവരാന്‍ കഴിയുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചില്ല. ബിഹേവിയര്‍ പ്രോബ്ലം ആയിരുന്നു ആതിരയ്ക്ക്. അതിന് ആഘാതം കൂട്ടുന്ന ജീവിത പശ്ചാത്തലവും കൂടിയായപ്പോഴാണ് ആതിരയില്‍ അക്രമവാസനയും മോഷണസ്വഭാവവുമെല്ലാം കൂടിയത്. കുട്ടികളെ അക്രമിക്കുന്ന സ്വഭാവം ആതിരയ്ക്ക് മുന്‍പേ തന്നെയുണ്ടായിരുന്നു. അത്തരം നിരവധി ഉദാഹരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ആതിരയുടെ മകളുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ ഇവിടെയുള്ളവര്‍ അത് ആതിര കൊന്നതായിരിക്കുമെന്ന് ഉറപ്പിച്ചത്. വിവാഹം കഴിഞ്ഞപ്പോള്‍ ആതിരയില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നുമാണ് എല്ലാവരും കരുതിയത്. ഒരുപക്ഷേ ഇവിടെയുള്ള അതേ ജീവിതപശ്ചാത്തലത്തിലേക്കു തന്നെയാകാം ആതിര വീണ്ടും എത്തപ്പെട്ടതും.”
കുട്ടിക്കാലത്ത് ആതിര ചില മോശം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ടെന്നും നാട്ടുകാരില്‍ ചിലര്‍ പറയുന്നുണ്ട്. അടുത്ത ബന്ധുക്കളില്‍ നിന്നുതന്നെയാണ് അത്തരം അനുഭവങ്ങള്‍ ഉണ്ടായതെന്നാണ് പറയുന്നത്. ഇത് മറ്റൊരു തരത്തിലേക്ക് ആതിരയുടെ മനോനില എത്തിച്ചെന്നും പറയുന്നു. സ്വൈര്യജീവിതത്തിന് തടസമായതുകൊണ്ടാണ് കുഞ്ഞിനെ കൊന്നതെന്നാണ് ആതിര ഇപ്പോള്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആതിര ഒന്നേകാല്‍ വയസുള്ള മകള്‍ ആദിഷയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുന്നത്. കുഞ്ഞിന് അനക്കമില്ലെന്നു പറഞ്ഞായിരുന്നു ആതിര ആദിഷയേയും തോളത്തിട്ട് അയല്‍ വീട്ടില്‍ ചെല്ലുന്നത്. ഉടന്‍ തന്നെ നാട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. മരണത്തില്‍ സംശയം തോന്നിയതോടെയാണ് ആതിരയെ ചോദ്യം ചെയ്തത്. ആദ്യം നിഷേധിച്ചെങ്കിലും ഒടുവില്‍ ആതിര കുറ്റം സമ്മതിച്ചു. കുഞ്ഞ് ഉറങ്ങാതെ കരഞ്ഞപ്പോള്‍ ഉണ്ടായ ദേഷ്യത്തിന്റെ പുറത്ത് ആദ്യം കുഞ്ഞിനെ താന്‍ അടിച്ചെന്നും വീണ്ടും കരഞ്ഞപ്പോള്‍ കുട്ടിയുടെ വായും മുക്കും പൊത്തിപ്പിടിക്കുകയായിരുന്നുവെന്നും ആതിരയുടെ മൊഴിയില്‍ പറയുന്നു. കുഞ്ഞ് കാലിട്ടടിച്ചപ്പോള്‍ ഇടതു കൈകൊണ്ട് കാലു രണ്ടും കൂട്ടിപിടിച്ചു. കുഞ്ഞിന്റെ ചലനം പൂര്‍ണമായി നിലയ്ക്കും വരെ ആതിര കൈകള്‍ എടുത്തില്ലെന്നും പോലീസ് പറയുന്നു. കുഞ്ഞിനെ കരുതിക്കൂട്ടി തന്നെ കൊലപ്പെടുത്തുകയാണ് ആതിര ചെയ്തതെന്നാണ് പോലീസ് വിലയിരുത്തുന്നത്.