UPDATES

രാജലക്ഷ്മി ലളിതാംബിക

കാഴ്ചപ്പാട്

ചുവരുകള്‍

രാജലക്ഷ്മി ലളിതാംബിക

കാഴ്ചപ്പാട്

ഒരിക്കലും തിരിച്ചു നടക്കാന്‍ കഴിയാത്ത വഴികള്‍

പ്രശ്‌നങ്ങള്‍ അത്ര പെട്ടെന്ന് അവസാനിക്കുന്നതല്ലെന്ന് ഏതൊരു കൊച്ചു കുട്ടിക്കും മനസിലാവുമായിരുന്നു, സൗമ്യക്ക് ഒഴിച്ച്.

ചരിത്രത്തെ എ.ഡി എന്നും ബി.സി എന്നും തരംതിരിക്കുന്നതു പോലെ ചില മനുഷ്യരുടെയെങ്കിലും ജീവിതത്തെ, ചിലരെ കണ്ടുമുട്ടുന്നതിനു മുമ്പും കണ്ടു മുട്ടിയ ശേഷം എന്നിങ്ങനെ തിരിക്കേണ്ടി വരും. ചിലരുടെ കടന്നുവരവ് ഒരാളുടെ ജീവിതത്തെ അത്രമേല്‍ വഴിതിരിച്ചുവിട്ടു കളയും. താന്‍ എന്തായിരുന്നോ ആ അവസ്ഥയിലേക്ക് ഒരിക്കലും തിരിച്ചു ചെന്നെത്താന്‍ കഴിയാത്ത കഴിയാത്ത വിധത്തില്‍. അങ്ങനെ വഴിതിരിഞ്ഞു പോയ ഒരാളുടെ ജീവിതത്തെക്കുറിച്ചാണ് എനിക്കു പറയാനുള്ളത്.

സൗമ്യയെ ഞാന്‍ കാണുമ്പോള്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും 10 വയസാണ്. എന്റെ വീടിനടുത്ത് പുതുതായി താമസം മാറി വന്ന അന്നുമുതല്‍ ഇന്നു വരെ ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്. എല്ലാ വൈകുന്നേരങ്ങളിലും സ്‌കൂളുവിട്ടു വന്നു കഴിഞ്ഞാല്‍ സന്ധ്യയ്ക്ക് വിളക്കു വയ്ക്കും വരെ തകര്‍ത്തു കളിക്കുന്ന ഒരുകൂട്ടം കുട്ടി ഗ്രൂപ്പിലേക്ക് അവളും വേഗം എത്തപ്പെട്ടു. എല്ലാ കളികളിലും ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഞങ്ങള്‍ പങ്കെടുത്തിരുന്നു. ഒരേ സ്‌കൂളില്‍ തന്നെയായിരുന്നു ഞങ്ങള്‍ പഠിച്ചിരുന്നതും. വീടുതൊട്ട് സ്‌കൂള്‍ വരെ ഒരിക്കലും തീരാത്ത വിഷയങ്ങള്‍ സംസാരിച്ചു കൊണ്ട് റോഡില്‍ പോകുന്ന മനുഷ്യരെല്ലാം തിരിഞ്ഞു നോക്കി പോകും വിധം പൊട്ടിച്ചിരിച്ചു കൊണ്ട് ഞങ്ങള്‍ സ്‌കൂളില്‍ പോയി വന്നു. ലോകത്ത് എനിക്കൊരിക്കലും പിടിതരാത്ത വിഷയം കണക്കായിരുന്നു. സൗമ്യ ഏറ്റവും കൂടുതല്‍ കണക്കു വാങ്ങിയിരുന്നതും കണക്കിലായിരുന്നു. അതുകൊണ്ട് എനിക്കെന്നും മുടങ്ങാതെ കണക്ക് ഹോം വര്‍ക്ക് ചെയ്യാന്‍ പറ്റി. അതാവട്ടെ, ഒരിക്കലും തെറ്റിയുമില്ല.

പത്താം ക്ലാസ് വരെ ഒരേ സ്‌കൂളില്‍ ഒരേ ക്ലാസില്‍ പഠിച്ച ഞങ്ങളെ പിരിച്ചത് പത്താം ക്ലാസിലെ പബ്ലിക് പരീക്ഷയായിരുന്നു. എന്നേക്കാള്‍ എത്രയോ കുടുതല്‍ മാര്‍ക്ക് വാങ്ങിയ സൗമ്യ സയന്‍സ് ഗ്രൂപ്പെടുത്ത് വേറെ സ്‌കൂളിലും ഞാന്‍ കൊമേഴ്‌സെടുത്ത് മറ്റൊരു സ്‌കൂളിലും ചേര്‍ന്നു. രാവിലെ രണ്ടു പേരും രണ്ടുവഴി പോയി വന്നു. വൈകുന്നേരം ട്യൂഷന്‍ കഴിഞ്ഞ് വിളക്ക് വയ്ക്കുന്ന നേരത്തായിരുന്നു രണ്ടു പേരും തിരിച്ചെത്തിയത്. വൈകുന്നേരങ്ങളിലെ കളികള്‍ തീര്‍ന്നു. അങ്ങനെ എന്റെ സുഹൃത്തിനെ ഭാഗികമായി എനിക്ക് നഷ്ടപ്പെട്ടു.

എങ്കിലും കിട്ടുന്ന സമയങ്ങളില്‍ സ്‌കൂള്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. അങ്ങനെ ഒരു വൈകുന്നേരമാണ് അവള്‍ ആദ്യമായി ഡേവിഡിനെക്കുറിച്ച് പറഞ്ഞത്. ക്ലാസിലെ ഏറ്റവും മിടുക്കന്‍. ഒത്തിരി ആരാധികമാരൊക്കയുണ്ട്. അവനറിയാത്ത ഒരു കാര്യവും ലോകത്തില്ല. ഈ രീതിയിലാണ് കഥകള്‍ വന്നുകൊണ്ടിരുന്നത്. പിന്നീട് സ്‌കൂള്‍, ക്ലാസ് എന്നിവയൊക്കെ കഥകളില്‍ നിന്ന് അപ്രത്യക്ഷമായി. പകരം കഥകളില്‍ ഡേവിഡ് മാത്രം നിറഞ്ഞു നിന്നു. കുറച്ചു ദിവസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ അവളെന്നോട് പറഞ്ഞു, ഡേവിഡ് അവളോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെന്ന്. അതു പറയുന്ന സമയത്ത് അവള്‍ എന്റെ ഡേവിഡ് എന്ന വാക്കായിരുന്നു കൂുടതല്‍ ഉപയോഗിച്ചത്.

പ്രണയവും പഠനവും ഒരുപോലെ മുന്നോട്ടു പോയി. അവളുടെ ലോകം ഡേവിഡിലേക്ക് ചുരുങ്ങി. വാക്കുകളും വാര്‍ത്തകളും മുഴുവന്‍ അവനെക്കുറിച്ചായി. പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി ആയപ്പോഴും ഡേവിഡ് സൗമ്യയ്ക്ക് ഒപ്പം തന്നെയുണ്ടായിരുന്നു. ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ ക്ലാസ് കട്ടു ചെയ്ത് ഡേവിഡിനൊപ്പം സിനിമയ്ക്ക് പോയി തിരിച്ചു വരുമ്പോഴാണ് സൗമ്യയുടെ പ്രണയം ആദ്യമായി വീട്ടിലറിയുന്നത്. നാട്ടിലെ ഒരു ചേട്ടന്‍ സഹായിച്ചതാണ്. നായര്‍ തറവാട്ടിലെ പ്രമാണിയും നാട്ടിലെ അത്യാവശ്യം അറിയപ്പെടുന്ന ആളുമായ സൗമ്യയുടെ അച്ഛന് മകള്‍ക്ക് ഒരു ക്രിസ്ത്യാനി ചെറുക്കനുമായുണ്ടായ സ്‌നേഹബന്ധത്തെ അത്ര നിസാരമായി നോക്കിക്കാണാന്‍ കഴിഞ്ഞില്ല. അന്ന് സൗമ്യക്ക് എത്ര അടികൊണ്ടെന്ന് അവള്‍ക്ക് തന്നെ ഒരു പിടിയുമുണ്ടായില്ല. അവളുടെ ഇത്തരം ദുര്‍നടപ്പുകള്‍ കാരണം അവളുടെ ചേച്ചിയുടെ ജീവിതം കൂടി തകരുമെന്ന പതിവ് ഭീഷണികള്‍. അമ്മ കരച്ചിലും പട്ടിണിയുമായി വേറെ ഒരറ്റത്ത് ബഹളം. ആവശ്യം ഒന്നേയുള്ളൂ. സൗമ്യ ആ ക്രിസ്ത്യാനി ചെറുക്കനുമായുള്ള ബന്ധം മറക്കണം.

എന്നാല്‍ ഒരുതരത്തിലുള്ള മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി ഡേവിഡിനെ ഉപേക്ഷിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. പറ്റില്ലെന്ന് അവള്‍ വീട്ടില്‍ തുറന്നു പറഞ്ഞു. പിന്നെ ഞാനടക്കമുള്ള സകല സുഹൃത്തുക്കളോടും അവളെ ഈ ബന്ധത്തില്‍ നിന്ന് വെളിയില്‍ കൊണ്ടു വരാന്‍ അവളുടെ അച്ഛന്‍ പറഞ്ഞു, അതു ചെയ്യാന്‍ ഞങ്ങള്‍ക്കൊട്ടു കഴിഞ്ഞുമില്ല.

അച്ഛന്റെയും അമ്മയുടേയും മനസു മാറാനാണ് സൗമ്യ ആദ്യമായി വ്രതമെടുത്തു തുടങ്ങിയത്. എന്നും അമ്പലത്തില്‍ പോകും, എന്തൊക്കെയോ വ്രതങ്ങളെടുക്കും, പ്രാര്‍ത്ഥിക്കും. എന്നിട്ടും അവരുടെ മനസ് മാറിയില്ല. പക്ഷേ കുടുംബാന്തരീക്ഷം മാറി. അവള്‍ ഡിഗ്രി ഫൈനല്‍ ഇയറായപ്പോഴാണ് അവളൂടെ അമ്മയ്ക്ക് ക്യാന്‍സര്‍ ബാധിക്കുന്നത്. രോഗിയായ അമ്മയുടെ അപേക്ഷ അവള്‍ തള്ളിക്കളയില്ലെന്ന് വിശ്വാസത്തില്‍ വീട്ടുകാരും ബന്ധുക്കളും അവളോട് ഡേവിഡിനെ ഉപേക്ഷിക്കാന്‍ പലവുരു പറഞ്ഞു. അവിടെയും അവളുടെ തീരുമാനത്തെ മാറ്റാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പകരം അവള്‍ കൂടുതല്‍ കൂടുതല്‍ വ്രതമെടുത്തു കൊണ്ടിരുന്നു.

ഒരു രാത്രി, അമ്മയ്ക്ക് വേദന വല്ലാതെ കൂടിയ സമയം അവള്‍ അമ്മയുടെ ഒപ്പമുണ്ടായിരുന്നു. വേദന കൂടി ബോധം മറയുന്ന സമയത്തും അമ്മ അവളോട് പിന്മാറാന്‍ പറഞ്ഞുകൊണ്ടിരുന്നു. ഒരു മനുഷ്യന് അവന്റെ രണ്ടു കൈയും പ്രധാനമായിരിക്കെ അയാള്‍ അതിനെ ഏതിനെയാണ് പറിച്ചെറിയുക? അതുപോലെ വീട്ടുകാരുടെ ഇഷ്ടക്കേടു കൊണ്ട് മാത്രം ഡേവിഡിനെ ഉപേക്ഷിക്കാന്‍ അവള്‍ക്കും കഴിഞ്ഞില്ല. അത്രമേല്‍ അവനും അവളെ സ്‌നേഹിച്ചിരുന്നു എന്നതാണ് സത്യം.

ആ വേദന നിറഞ്ഞ രാത്രിയില്‍ ബോധത്തിന്റേയും അബോധത്തിന്റേയും ഇടയില്‍ സൗമ്യയുടെ പേര് വിളിച്ച് വിളിച്ച് അവളുടെ അമ്മ മരിച്ചു. അമ്മയുടെ മരണാവസ്ഥയില്‍ പോലും ഡേവിഡിനെ ഉപേക്ഷിക്കാം എന്നു പറയാത്ത സൗമ്യയെ അവളുടെ അമ്മ വീട്ടുകാരൂം അച്ഛനും സഹോദരങ്ങളും വെറുത്തു. ബന്ധുക്കള്‍ അമ്മയുടെ ശരീരത്തിനടുത്തിരുന്ന് അവള്‍ കരയുന്നത് അഭിനയമാണെന്ന് പറഞ്ഞു. പിന്നീട് ആരും തന്നെ അവളോട് മിണ്ടാതായി. വീട്ടില്‍ അങ്ങനെയൊരു വ്യക്തി ഉള്ളതായി അച്ഛന്‍ ഏറെക്കാലം പരിഗണിച്ചില്ല. സഹോദരിക്കും അവളോട് ഡേവിഡിന്റെ കാര്യത്തില്‍ വലിയ ദേഷ്യമായിരുന്നു.

പി.ജിക്ക് ഒന്നാം വര്‍ഷം പഠിക്കുമ്പോഴായിരുന്നു അമ്മയുടെ മരണം. രണ്ടാം വര്‍ഷം കഴിഞ്ഞപ്പോള്‍ ചേച്ചിയുടെ വിവാഹമായി. വിവാഹ വീട്ടില്‍ ബന്ധുക്കള്‍ തിരക്കു കൂട്ടിയപ്പോള്‍ അവിടെങ്ങും ഞാന്‍ കാണാത്ത ഏക വ്യക്തി സൗമ്യയായിരുന്നു. ബന്ധുക്കളുടെ മുഴുവന്‍ ശത്രുവായതിനാല്‍ ചേച്ചിയുടെ വിവാഹത്തലേന്ന് സ്വന്തം മുറിയുടെ വാതിലടച്ച് കുറ്റിയിട്ട് അതിനുള്ളില്‍ കഴിച്ചു കുട്ടി. പിറ്റേന്ന് കല്യാണ ദിവസം ഏറ്റവും പിറകിലുത്തെ കസേരയില്‍ ഒറ്റയ്ക്കിരുന്ന് അവള്‍ കല്യാണം കണ്ടു.

ഒരു സമയത്ത് അവളുടെ പൊട്ടിച്ചിരി കേട്ട് റോഡില്‍ കൂടി പോയ ആളുകള്‍ തിരിഞ്ഞു നോക്കിയിരുന്നു. അതേ ആള്, ചിരിച്ചു പോയിട്ട്, സംസാരം കൂടി നിലച്ചു പോയ അവസ്ഥയിലെത്തി. ചേച്ചിയുടെ വിവാഹം കഴിഞ്ഞു പോയതോടു കൂടി വീട്ടില്‍ അച്ഛനും സൗമ്യയും മാത്രമായി. അച്ഛന്‍ സൗമ്യയോട് നേരെ സംസാരിക്കുക കൂടിയുണ്ടായിരുന്നില്ല.

ഡേവിഡ് നിസഹായനായിരുന്നു. പറയത്തക്ക ജോലിയൊന്നുമില്ലാതെ ആ 22-കാരന് സൗമ്യയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോവുക എന്നത് നടക്കില്ലായിരുന്നു. മാത്രമല്ല, ഡേവിഡിന്റെ അച്ഛന്‍ ആയിടയ്ക്ക് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ് ലക്ഷങ്ങളുടെ കടബാധ്യതയും ആ കുടുംബത്തിന് നേരിടേണ്ടി വന്നു. ഒരു നല്ല ജോലി നേടിയ ശേഷം സൗമ്യയുടെ അച്ഛനോട് നേരില്‍ വന്ന് സംസാരിക്കാന്‍ ഡേവിഡ് ഒരുങ്ങിയിരുന്നു. ആയിടയ്ക്കാണ് വിദേശത്ത് ഡേവിഡിന് ഒരു ജോലി ശരിയായത്. അയാള്‍ അവിടേക്ക് പോകാന്‍ തീരുമാനിച്ചു. ജോലി കിട്ടിയ ശേഷവും വീട്ടുകാര്‍ ഡേവിഡുമായുള്ള ബന്ധത്തെ എതിര്‍ത്താല്‍ അയാള്‍ക്കൊപ്പം പോകാന്‍ അവള്‍ തയാറായിരുന്നു. അതിനു വേണ്ടി അയാള്‍ പോയി ഒരു വര്‍ഷം കഴിഞ്ഞപ്പോഴേ അവള്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചു. എന്നാല്‍ അത് അവളുടെ അച്ഛന്‍ നശിപ്പിച്ചു. അവള്‍ രണ്ടാമതും അപേക്ഷിച്ചു. ഐ.ഇ.എല്‍.റ്റി.എസ് പാസായി. പക്ഷേ അയാളടെ കുടുംബത്തിന്റെ കടബാധ്യത കാരണം ഡേവിഡിന് നാട്ടില്‍ വരാനോ അവള്‍ക്ക് അയാളുടെ അടുത്തു പോകാനോ കഴിഞ്ഞില്ല.

ആ സമയത്ത് അവള്‍ ബി.എഡും സെറ്റും നെറ്റും ഒക്കെ പാസായി. ആദ്യം ഗവണ്‍മെന്റ് സ്‌കൂളിലും പിന്നീട് ഗവ. കോളേജിലും ജോലി കിട്ടി. ഗവണ്‍മെന്റ് ജോലിയും വിദ്യാഭ്യാസവും വീട്ടിലിത്തിരി കാശുമുള്ള പെമ്പിള്ളേര്‍ക്ക് കല്യാണ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റ് ആണെല്ലോ. അതുകൊണ്ടു തന്നെ വിവാഹാലോചനകളുടെ പ്രവാഹമായിരുന്നു അവളുടെ വീട്ടിലേക്ക്. പക്ഷേ, എത്ര അടിച്ചിട്ടും ഭീഷണിപ്പെടുത്തിയിട്ടും അവളെ മാറ്റാന്‍ ആ വീട്ടുകാര്‍ക്ക് ഒരിക്കലും കഴിഞ്ഞില്ല.

ഡേവിഡിന്റെ വീട്ടുകാര്‍ക്ക് സൗമ്യയോട് എന്നും വാത്സല്യമായിരുന്നു. അയാളുടെ ഭാര്യയായി അവര്‍ ആദ്യമേ അവളെ കരുതുകയും ചെയ്തിരുന്നു. എല്ലാ വിശേഷാവസരങ്ങളിലും വീട്ടിലുള്ളവര്‍ക്ക് ഡ്രസുകള്‍ വാങ്ങുമ്പോള്‍ അവര്‍ അവള്‍ക്കും വാങ്ങിയിരുന്നു. വീട്ടില്‍ ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോഴും അവിടെ വന്നു നില്‍ക്കാന്‍ അവര്‍ അവളോട് ആവശ്യപ്പെട്ടു. എന്നാല്‍ ഡേവിഡിന്റെ ഭാര്യയായി മാത്രമേ ആ വീട്ടിലേക്ക് ചെല്ലൂ എന്നായിരുന്നു അവളുടെ തീരുമാനം. അവളുടെ ശമ്പളത്തിലെ നല്ലൊരു തുക ആ വീട്ടിലെ കടങ്ങള്‍ വീട്ടാന്‍ കൊടുത്തിരുന്നു.

ഡേവിഡ് പോയി ഒരു എട്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ വിസയുടെ ആവശ്യത്തിന് സഹായം ആവശ്യമായി വന്നപ്പോള്‍ അയാള്‍ അവിടെയുള്ള ഒരു സ്ത്രീ സുഹൃത്തിന്റെ സഹായം തേടി. അവര്‍ വിസയ്ക്ക് വേണ്ടി സഹായിക്കാം എന്നും പറഞ്ഞിരുന്നു. അങ്ങനെ സഹായിച്ച് സഹായിച്ച് ഒടുവില്‍ അവര്‍ക്ക് ഡേവിഡിനെ വേണമെന്ന അവസ്ഥയിലെത്തി കാര്യങ്ങള്‍.

സൗമ്യയുമായുള്ള ബന്ധം ഡേവിഡ് അവരോട് പറഞ്ഞു. എന്നാല്‍ അവര്‍ക്ക് ഡേവിഡില്ലാതെ കഴിയില്ല എന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി. അവര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. മാത്രമല്ല, സൗമ്യയെ വിളിച്ച് അവര്‍ തമ്മില്‍ പ്രണയത്തിലാണെന്നും അതിനിടയില്‍ തടസമായി നില്‍ക്കാതെ സൗമ്യ പിന്മാറണമെന്നും ആ സ്ത്രീ ആവശ്യപ്പെട്ടു. ഇവിടെ സൗമ്യ ആകെ വലഞ്ഞു. താന്‍ അവളുടെ കൂടെയുണ്ടെന്ന് ഡേവിഡ് ദിവസവും ഫോണ്‍ ചെയ്തു പറയുന്നുണ്ടെങ്കിലും അവള്‍ ഭയന്നു തുടങ്ങി.

കാര്യങ്ങള്‍ മാറുകയായിരുന്നു. അവളെ വീട്ടില്‍ കൊണ്ടു വന്നു നിര്‍ത്തിയാല്‍ നോക്കിക്കൊള്ളാം എന്നു പറഞ്ഞ, അവളുടെ ശമ്പളത്തിലെ ഭീമമായ ഒരു തുക കൈപ്പറ്റിക്കൊണ്ടിരുന്ന ഡേവിഡിന്റെ മാതാപിതാക്കള്‍ ഒരു ദിവസം രാവിലെ മകനും വിദേശത്തുള്ള വനിതയും തമ്മിലുള്ള ബന്ധം അറിഞ്ഞപ്പോള്‍ വിദേശിയാണ് സ്വദേശിയേക്കാള്‍ നല്ലത് എന്നങ്ങ് തീരുമാനിച്ചു.

അപ്പോഴും ഡേവിഡ് അവളെ മാത്രം മതിയെന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അവിടെ ചില ഫോര്‍മാലിറ്റി ഉള്ളതുകൊണ്ട് ആ സ്ത്രീയെ പിണക്കുന്നത് താന്‍ ചെകുത്താനും കടലിനുമിടയ്ക്കാണെന്ന് അയാള്‍ പറഞ്ഞുകൊണ്ടിരുന്നു.

സൗമ്യ മാസത്തില്‍ 30 ദിവസവും വ്രതം നോക്കി. മണ്ഡല വ്രതം, ഈസ്റ്റര്‍ നോമ്പ് അങ്ങനെ പള്ളിയിലും അമ്പലത്തിലും ദൈവങ്ങളായ ദൈവങ്ങളെ മുഴുവന്‍ പ്രത്യക്ഷപ്പെടുത്തുന്ന തരം പ്രാര്‍ത്ഥനയും വ്രതവുമായി ജീവിക്കുന്നു. ഡേവിഡ് ഇന്നല്ലെങ്കില്‍ നാളെ വരും, അപ്പോള്‍ എന്റെ പ്രശ്‌നമെല്ലാം അവസാനിക്കും ലക്ഷ്മി എന്ന് എന്നെക്കാണുമ്പോഴൊക്കെ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ആ പ്രശ്‌നങ്ങള്‍ അത്ര പെട്ടെന്ന് അവസാനിക്കുന്നതല്ലെന്ന് ഏതൊരു കൊച്ചു കുട്ടിക്കും മനസിലാവുമായിരുന്നു, സൗമ്യക്ക് ഒഴിച്ച്.

ഇപ്പോള്‍ ഡേവിഡ് പോയിട്ട് വര്‍ഷം 10 ആയി. ആ വിദേശി കഴിഞ്ഞ വര്‍ഷം ഒരു കുഞ്ഞിനെ പ്രസവിച്ചു. അത് ഡേവിഡിന്റെ കുഞ്ഞാണെന്ന് അവര്‍ അവകാശപ്പെടുന്നു. അയാളുടെ വീട്ടുകാര്‍ ആ കുഞ്ഞിനെ തങ്ങളുടെ പേരക്കുട്ടിയായി ഏറ്റെടുക്കുന്നു. സൗമ്യയെ വഴിയില്‍ കാണുന്നതു പോലും നികൃഷ്ട ജന്തുവിനെ പോലെ അവര്‍ വഴി മാറിപ്പോകുന്നു.

വീട്ടുകാരെയും നാട്ടുകാരേയും അഭിമുഖീകരിക്കാന്‍ കഴിയാതെ സൗമ്യ സ്വന്തം വീട്ടിലെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നു. അയാള്‍ എന്നും വിളിച്ച് സമാധാനിപ്പിക്കുന്നു. പുതിയ പുതിയ കാരണങ്ങള്‍ പറയുന്നു. ഇന്നല്ലെങ്കില്‍ നാളെ അയാള്‍ വന്ന് എല്ലാ പ്രശ്‌നവും മാറി ജീവിക്കുമെന്ന് കരുതി അവള്‍ ജോലിക്കു പോകുന്നു. തിരിച്ചെത്തി മുറിക്കുള്ളില്‍ കയറി കതകടയ്ക്കുന്നു. ഇത് ആവര്‍ത്തിക്കുന്നു. ആരോടും മിണ്ടാറില്ല, ആര്‍ക്കും മുഖം കൊടുക്കാറുമില്ല.

പുറത്തു നിന്ന് നോക്കുമ്പോള്‍ അവള്‍ക്ക് വട്ടാണെന്ന് നമുക്ക് പറയാം, വേറെ പണിയില്ല എന്നു പറയാം. പക്ഷേ അവളുടെ ജീവിതത്തില്‍ നിന്ന് കടന്നു പോയ 16 വര്‍ഷങ്ങള്‍ ഒരു ചെറിയ കാര്യമല്ല. ഒരാള്‍ക്കു വേണ്ടി മറ്റെല്ലാം ഉപേക്ഷിച്ച ഒരാളിന് ഒരിക്കലും വേറെ ഒരാളിലേക്ക് കടന്നു ചെല്ലുക എളുപ്പമല്ല. അവളെ കേള്‍ക്കാന്‍ ചെവി കൊടുക്കുക എന്നല്ലാതെ ഉപദേശിക്കാനോ മാറ്റാനോ കഴിയില്ല.

അവള്‍ പറയുന്നതെല്ലാം സമ്മതിച്ചു കൊടുക്കുമ്പോഴും അവള്‍ പറയുന്നതില്‍ എനിക്ക് മനസിലാകാത്ത ചില കാര്യങ്ങളുണ്ട്. ഇത്രമേല്‍ സ്‌നേഹിക്കുന്ന മനുഷ്യന്‍ ഈ പത്ത് വര്‍ഷത്തിനിടയില്‍ എന്തുകൊണ്ട് ഒരു തവണ പോലും അവളുടെ അടുക്കലേക്ക് വന്നില്ല. കുഞ്ഞ് അയാളുടേതല്ലെങ്കില്‍ തെളിയിക്കാന്‍ മാര്‍ഗമുണ്ടായിരിക്കെ, എന്തുകൊണ്ട് അതൊന്നും ചെയ്യുന്നില്ല. ഇതൊക്കെ അവളോട് ചോദിക്കണമെന്നുണ്ട്. പക്ഷേ, അവള്‍ കൂടുതല്‍ കൂടുതല്‍ വീഴുന്നത് കാണാന്‍ വയ്യാത്തതുകൊണ്ട് ഞാനിതൊന്നും അവളോട് ചോദിക്കുന്നില്ല. ഒരുപക്ഷേ, ഇതൊന്നും ഒരാളുടേയും ജീവിതത്തില്‍ സംഭവിക്കാത്ത കാര്യങ്ങളല്ലല്ലോ…

രാജലക്ഷ്മി ലളിതാംബിക

രാജലക്ഷ്മി ലളിതാംബിക

അധ്യാപിക. ജീവിതത്തില്‍ കണ്ടുമുട്ടിയവരും ഓര്‍മ്മകളില്‍ നിലനില്‍ക്കുന്നവരും അവരുടെ ജീവിതവുമാണ് ചുവരുകള്‍ എന്ന കോളം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍