UPDATES

രാജലക്ഷ്മി ലളിതാംബിക

കാഴ്ചപ്പാട്

ചുവരുകള്‍

രാജലക്ഷ്മി ലളിതാംബിക

കാഴ്ചപ്പാട്

ഓമനയമ്മ: ജീവിതം മറന്നു പോയ സ്ത്രീ

ഒരു നേരം പോലും അടങ്ങിയിരിക്കാതെ ജോലി ചെയ്ത് ജീവിച്ച ഓമനയമ്മയ്ക്ക് വെറുതെയിരിപ്പ് തീരെ പറ്റുന്ന പണിയായിരുന്നില്ല

ഓമനയമ്മ നാട്ടില്‍ ഞങ്ങളുടെ വീട്ടില്‍ രാവിലെയും വൈകിട്ടും പാല് കൊണ്ടുവന്നിരുന്ന സ്ത്രീയാണ്. മെലിഞ്ഞ് മെലിഞ്ഞ് ഒരു വരമാത്രമായ രൂപം. അവരുടെ വരുമാന മാര്‍ഗങ്ങളില്‍ ഒന്ന് പശുവാണ്. പശുവിനെ കറക്കുന്നതും പാലില്‍ വെള്ളം ചേര്‍ക്കുന്നതും വീടുകളില്‍ കൊണ്ടത്തരുന്നതുമെല്ലാം ഓമനയമ്മ തന്നെ. ഒരു വരമാത്രമായ ശരീരം റോബര്‍ട്ടിനെ പോലെ തളരാതെ ജോലി ചെയ്യും. എത്രയോ ദിവസങ്ങളില്‍ ഞങ്ങളത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. രാവിലെ പാല് ഓരോ വീടുകളിലും എത്തിക്കുക, അതുകഴിഞ്ഞ് അടുത്തുള്ള രണ്ട് വീടുകളില്‍ പാത്രം കഴുകാനും തുണി അലക്കാനും പോകും. ഉച്ചക്ക് അടുത്ത വീട്ടിലെ കുട്ടികള്‍ക്കും അവരുടെ അച്ഛനമ്മമാര്‍ക്കും ചൊറുകൊണ്ടക്കൊടുക്കാന്‍ ഓഫീസിലും സ്‌കൂളിലും പോകും. അവിടെ അടുത്തുള്ള അമ്പലത്തിലെ കഴകപ്പണിയും ഇവര്‍ തന്നെയാണ്. അമ്പലമുറ്റം അടിച്ചുവാരുക, പാത്രം കഴുകുക എന്നിങ്ങനെ. വൈകിട്ടും ഇവര്‍ പാലും കൊണ്ട് ഒരു റൗണ്ട് കൂടി നടക്കും.

അങ്ങനെ ഓമനയമ്മ അടങ്ങിയിരിക്കുന്നത് എന്റെ കുട്ടിക്കാലത്തെങ്ങും ഞാന്‍ കണ്ടിട്ടില്ല. പോകുന്ന വഴിക്ക് കാണുന്ന വേലിയുടെ എല്ലാ തലപ്പത്തും വലിഞ്ഞുകേറി ചാഞ്ഞും ചരിഞ്ഞും നില്‍ക്കണ ചെടികളുടെ മുഴുവന്‍ പൂമൊട്ടുകളും പറിച്ചെടുക്കും. എന്നിട്ട് അതുമുഴുവന്‍ വീട്ടില്‍ കൊണ്ടുവന്ന് ഒരു വലിയ പാത്രത്തില്‍ വെള്ളം നിറച്ച് അതില്‍ ഇട്ട് വയ്ക്കും. പിറ്റേന്ന് വീട്ടിലെ വിളക്കിലും അതിന്റെ പുറകിലെ ദേവന്റെ കണ്ണാടിപ്പടത്തിലും ഈ പൂക്കള്‍ കൊണ്ട് അലങ്കരിക്കും. ബാക്കിയുള്ളത് അമ്പലത്തിലും കൊണ്ട് പോകും. ഓമനയമ്മ സ്ഥിരമായി പൂമൊട്ട് പറിക്കുന്ന ചെടികളില്‍ നിന്ന് ആ വീട്ടുകാര്‍ക്ക് പോലും ഒരു പൂമൊട്ട് പറിക്കാന്‍ കഴിയില്ല. ഉടനെ പരിഭവവും പരാതിയുമായി കക്ഷി എത്തും. ‘എന്നാലും കമലേടമ്മേ ഇതു ചെയ്യണ്ടായിരുന്നു. ഞാനല്ലേ അതെന്നും പിച്ചുന്നേ. ഇന്നലെ വരെ നിങ്ങക്ക് വേണ്ടായിരുന്നു. ഇന്നിപ്പോ എന്താ ആവശ്യം’, അങ്ങനെ പോകും പരിഭവം. അവരുടെ നാവിന് മുന്നില്‍ ജയിക്കുക എന്നത് മറ്റുള്ളവര്‍ക്ക് അസാധ്യമായിരുന്നു.

ഓമനയമ്മ വിവാഹിതയായിരുന്നില്ല. അവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. രണ്ട് മക്കളുടേയും അച്ഛനും രണ്ടാണ്. ഓമനയമ്മയ്ക്ക് കൂട്ട് കുറച്ച് പശുക്കളും ഈ ആണ്‍മക്കളുമാണ്. മൂത്ത മകന്റെ അച്ഛന്‍ തൊട്ടടുത്ത് തന്നെയാണ് താമസം. അയാള്‍ക്ക് വേറെ കുടുംബം ഒക്കെയുണ്ട്. വഴിയില്‍ വച്ചെങ്ങാനും അവര്‍ തമ്മില്‍ കണ്ടാല്‍ ആലുവാ മണപ്പുറത്ത് കണ്ട പരിചയം പോലും കാണിക്കുന്നത് കണ്ടിട്ടില്ല. രണ്ടാമത്തെ മകന്റെ അച്ഛനാരാണെന്ന് ഓമനയമ്മയ്ക്ക് മാത്രമേ അറിയൂ. പക്ഷെ അതൊന്നും ആ സഹോദരങ്ങള്‍ക്ക് വിഷയമായിരുന്നില്ല. അവര്‍ പരസ്പരം സ്‌നേഹത്തോടെ കൂട്ടുകാരെപ്പോലെതന്നെയാണ് വളര്‍ന്നു വന്നത്. അവര്‍ക്കിടയില്‍ ഒന്നിനെ പ്രതിയും ഒരിക്കലും ഒരു വഴക്കുണ്ടായിട്ടില്ല. അവര്‍ ആ അച്ഛനെ വഴിയില്‍ കണ്ടപ്പോഴൊന്നും ശ്രദ്ധിച്ചുമില്ല. ഇവരെക്കൂടാതെ ഓമനയമ്മയുടെ അമ്മയും ആ വീട്ടില്‍ ഉണ്ടായിരുന്നു. ഓമനയമ്മ ആ അമ്മയെ എപ്പോഴും മുറിയിലിട്ട് പൂട്ടിയിരുന്നു. ഓമനയമ്മയുടെ മുറ്റം വിശാലമായ പൂന്തോട്ടം എന്നൊക്കെ വേണമെങ്കില്‍ പറയാം. എവിടെ എന്ത് പൂക്കള്‍ കണ്ടാലും അതിന്റെ ഒരു ചെടി ഒപ്പിച്ച് ഓമനയമ്മ വീട്ടുമുറ്റത്ത് വച്ചിരിക്കും. പൂമൊട്ട് പറിക്കാന്‍ കണ്ടവന്റെ വീടിന്റെ വേലിചാടുമെങ്കിലും ഓമനയമ്മ ഒരിക്കലും സ്വന്തം വീട്ടിലെ പൂക്കള്‍ പറിച്ചിരുന്നില്ല. ആരെയും പിച്ചാന്‍ സമ്മതിച്ചുമില്ല. ആ അമ്മ വീട്ടുമുറ്റമെല്ലാം വൃത്തികേടാക്കും എന്ന് പറഞ്ഞാണ് ഓമനയമ്മ അവരെ മുറിയില്‍ അടച്ചിരുന്നത്.

പിശുക്കിന് ആള്‍രൂപം വച്ചാല്‍ അതിന് ഓമനയമ്മയുടെ ഛായയുണ്ടാവും. രാവിലെ പാലുകൊണ്ടുവരുന്ന കുപ്പി തിരിച്ചുകൊടുക്കാന്‍ ഉച്ചയ്ക്ക് ആ വീട്ടില്‍ പോയപ്പോഴൊക്കെ ഞാന്‍ കണ്ടത് ഒരു പപ്പടം നാലായി കീറി കാച്ചി അവര്‍ നാലുപേരും ആഹാരം കഴിക്കുന്നതാണ്. അതിന് കാരണം ഒരിക്കലും അവരുടെ ദാരിദ്ര്യം ആയിരുന്നില്ല; പിശുക്ക് മാത്രമായിരുന്നു.

ഓമനയമ്മ പണിയെടുത്ത വീടുകള്‍, പാല്‍ കൊണ്ടുകൊടുത്ത വീടുകള്‍, ചോറു കൊണ്ടുപോകുന്ന, കുട്ടികളെ സ്‌കൂളിലാക്കാന്‍ പോകുന്ന വീടുകള്‍ എല്ലാവരും അവരെ കയ്യയച്ചു സഹായിച്ചിരുന്നു. എല്ലാ വിശേഷാവസരങ്ങളിലും അവര്‍ക്ക് നല്ല നല്ല സാരികളും സെറ്റും മുണ്ടും ഒക്കെ വാങ്ങി നല്‍കി. പക്ഷെ ഓമനയമ്മ അതൊന്നും ഉടുത്ത് ഒരിക്കലും കണ്ടില്ല. നരച്ച ഒരു കൈലിമുണ്ടും ബ്ലൗസും ഏറെ കറയുള്ള ഒരു തോര്‍ത്തുമുണ്ടും – ഇതായിരുന്നു ഓമനയമ്മയുടെ സ്ഥിരം വേഷം. തോളത്ത് എപ്പോഴും ഒരു പ്ലാസ്റ്റിക് കൂടയുണ്ടാവും. വഴിയിലൂടെ പോകുമ്പോള്‍ കിട്ടുന്ന സകലമാന ആക്രികളും കുപ്പികളും ആ കൂടയ്ക്കുള്ളില്‍ പെറുക്കിയിടും. ആ ഒരു കാരണം കൊണ്ട് മാത്രം ഓമനയമ്മ വീട്ടില്‍ വരുമ്പോള്‍ ആണ്‍മക്കള്‍ ബഹളം തുടങ്ങും.

അമ്മയില്ലാത്ത സമയം നോക്കി ആണ്‍മക്കള്‍ അമ്മമ്മയെ മുറി തുറന്ന് പുറത്ത് കൊണ്ടുവരും. കുളിപ്പിക്കും, ഭക്ഷണം കൊടുക്കും, നാറുന്ന വസ്ത്രം മാറ്റി അലമാരിയില്‍ നിന്ന് പുതിയ മുണ്ടും നേര്യതും എടുത്ത് ഉടുപ്പിക്കും. വൈകുന്നേരം പണികഴിഞ്ഞു വരുന്ന ഓമനയമ്മ ഇതൊക്കെ കണ്ട് ബഹളം തുടങ്ങും. അവരുടെ അലമാര തുറന്നതിന്, പുതിയ തുണികള്‍ എടുത്തതിന് എല്ലാത്തിനും ബഹളമാണ്. ആ തുണി ഊരിയെടുത്ത് പഴയ നാറിയ തുണി ആ അമ്മയെ ഉടുപ്പിക്കുന്നത് വരെ അവര്‍ ബഹളം തുടരും.

ആയിടക്കാലത്താണ് ഓമനയമ്മയ്ക്ക് ഒരു പുതിയ പേര് ചാര്‍ത്തിക്കിട്ടിയത്. ‘കടന്നല്‍’ എന്നായിരുന്നു പേര്. വേലിത്തലപ്പത്ത് ചാടിക്കേറി പൂപറിക്കുന്ന സമയത്തെപ്പോഴോ അതിനടുത്തുണ്ടായിരുന്ന കടന്നല്‍ കൂട് ഇളകി ഓമനയമ്മയെ കുത്തി. ഒരു പ്രാവശ്യമല്ല, തുടര്‍ച്ചയായി ഏഴ് പ്രാവശ്യം. അതിന് ശേഷം ഓമനയമ്മ കടന്നലുകളാല്‍ ആക്രമിക്കപ്പെട്ടു. പലപ്പോഴും മരണത്തോളം എത്തപ്പെട്ടു. പിന്നീട് ആ നാട്ടില്‍ എവിടെയൊരു കടന്നല്‍ പറന്നാലും അത് ഓമനയമ്മയെ കാണാനുള്ള വരവാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഓമനയമ്മയുടെ അമ്മ ആ അടഞ്ഞ മുറിയില്‍ മലമൂത്രങ്ങളാല്‍ അഭിഷേകം ചെയ്യപ്പെട്ട് മരണത്തെ കാത്തു കിടന്ന ഒരു ദിവസം നാട്ടുകാര്‍ അവരെ പുറത്തെടുത്ത് വൃത്തിയാക്കി. ആ സമയം അവിടെയെത്തിയ ആണ്‍മക്കള്‍ അവര്‍ക്കുടുക്കാന്‍ വൃത്തിയുള്ള വസ്ത്രം നല്‍കി. ആ വസ്ത്രം ധരിച്ച് മണിക്കൂര്‍ ഒന്ന് കഴിഞ്ഞപ്പോള്‍ ആ അമ്മ മരിച്ചു. തിരിച്ചുവന്ന ഓമനയമ്മയ്ക്ക് ബഹളം വയ്ക്കാന്‍ വീണ്ടുമൊരു അവസരം കൊടുക്കാതെ ആ അമ്മ മരിച്ചു.

വര്‍ഷങ്ങള്‍ വീണ്ടുമൊരുപാട് കഴിഞ്ഞു. ഓമനയമ്മയുടെ മൂത്തമകന്‍ ഏതോ സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായി. അപ്പോള്‍ അതിന് പരിഹാരമെന്ന വണ്ണം അടുത്ത മാസം തന്നെ ഓമനയമ്മ അവനെക്കൊണ്ട് കല്യാണം കഴിപ്പിച്ചു. പത്ത് പതിനാറ് വയസ്സുള്ള, പാവാടയും ബ്ലൗസുമിട്ട മരുമകള്‍ ഓമനയമ്മ വീട്ടിലില്ലാത്ത സമയത്തൊക്കെ ഞങ്ങള്‍ കുട്ടികളോടൊപ്പം കളിക്കാന്‍ വന്നു. ഓമനയമ്മ പിശുക്കി മിച്ചം വച്ച കാശില്‍ അവര്‍ക്ക് സ്വര്‍ണം വാങ്ങിക്കൊടുത്തു. പക്ഷെ ആ പെണ്‍കുട്ടിക്ക് ഓമനയമ്മയെ ഒരിക്കലും ഇഷ്ടമായിരുന്നില്ല. ഓമനയമ്മയുടെ ഏറ്റവും വലിയ ദു:ഖം മരുമകള്‍ ഒരിക്കലും തന്നെ ‘അമ്മേ’ എന്ന് വിളിച്ചില്ല എന്നതായിരുന്നു. ഓമനയമ്മയ്ക്ക് രണ്ട് ചെറുമക്കള്‍ ഉണ്ടായി. അതില്‍ മൂത്തകുട്ടി ഞങ്ങളുടെ വീട്ടില്‍ തന്നെയായിരുന്നു വളര്‍ന്നത് എന്ന് പറയാം. ഞങ്ങടെ അടുക്കളയില്‍ ഒരു തൊട്ടില്‍ അവനുവേണ്ടി ഉണ്ടായിരുന്നു. എന്റെ അമ്മാമ്മ അടുക്കളയില്‍ ജോലി ചെയ്യുന്നതിനൊപ്പം അവനേയും ഉറക്കിയിരുന്നു. നാട്ടില്‍ വെക്കേഷന് പോകുമ്പോഴെല്ലാം അതെന്റെ ജോലിയായി മാറി.

വര്‍ഷങ്ങള്‍ കഴിഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഓമനയമ്മയുടെ ഇളയമകനും വിവാഹിതനായി. മക്കള്‍ക്ക് നല്ല ജോലിയായി. വീട് പുതുക്കി പണിതു. മരുമകള്‍ക്ക് പഞ്ചായത്തോഫീസ് സ്വീപ്പറായി ജോലി കിട്ടി. നാത്തൂനും നാത്തൂനുമായുള്ള തല്ല് കാരണം ഇളയമകനും ഭാര്യയും മാറിത്താമസിച്ചു. എല്ലാവരുടേയും ജീവിതരീതി മാറി. ഓമനയമ്മയുടേത് ഒഴികെ. പഴയപോലെ ഒരുപാട് ജോലിചെയ്യാനുള്ള ആരോഗ്യം കുറഞ്ഞതുകൊണ്ട് അവര്‍ ജോലി ചെയ്യുന്ന വീടിന്റെ എണ്ണം കുറച്ചു. മരുമകള്‍ക്ക് പശുവിനെ നോക്കാനുള്ള ബുദ്ധിമുട്ട് കാരണം മകന്‍ പശുവിനെ വിറ്റു. ഒത്തിരി ബഹളം വയ്ക്കാമെന്നല്ലാതെ ഓമനയമ്മയ്ക്ക് യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ഓമനയമ്മ പാല് കൊടുക്കുന്ന ജോലി നിര്‍ത്താന്‍ തയ്യാറായില്ല. കവര്‍ പാല് ഓരോ വീട്ടിലും കൊണ്ടുചെന്ന് എത്തിക്കുന്ന ജോലി ആയി പിന്നീട്. വളരെ നല്ല സമ്പാദ്യം ഓമനയമ്മയ്ക്ക് അന്നേ ഉണ്ടായിരുന്നു. എന്നാലും പപ്പടം നാലായി കീറി കാച്ചുന്ന സ്വഭാവം അവര്‍ കൈവിട്ടിരുന്നില്ല. അതുമാത്രമല്ല, നല്ല വസ്ത്രം ധരിച്ചില്ല, അവര്‍ അവര്‍ക്ക് വേണ്ടി വാങ്ങിയ ആഭരണങ്ങളെല്ലാം കള്ളന്മാര്‍ മോഷ്ടിക്കുമെന്ന് കരുതി വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ച് വച്ചു.

പത്താം ക്ലാസില്‍ ഇംഗ്ലീഷ് ക്ലാസിലെ മൈസര്‍ എന്ന പാഠം എപ്പോഴും ഓമനയമ്മയെ ഓര്‍മ്മിപ്പിച്ചു. വര്‍ഷങ്ങള്‍ കടക്കും തോറും ഓമനയമ്മയ്ക്ക് എല്ലാത്തിനോടും ഒരു തരം ആര്‍ത്തിയായിരുന്നു. കയ്യയച്ച് സഹായിച്ചിരുന്ന, ജോലിക്ക് നിന്ന വീടുകളില്‍ നിന്ന് ഓമനയമ്മയുടെ പ്ലാസ്റ്റിക് ബാഗില്‍ വക്കാവുന്ന തരം സാധനങ്ങളൊക്കെ അവര്‍ മോഷ്ടിച്ചു തുടങ്ങി. ആദ്യമൊക്കെ വീട്ടുകാര്‍ ശ്രദ്ധവക്കാതിരുന്നപ്പോള്‍ ഓമനയമ്മയുടെ മോഷണവും കൂടി. മോഷണം എന്ന് പറഞ്ഞാല്‍ തേങ്ങ, സോപ്പ് അങ്ങനെ അടുക്കളയില്‍ പെരുമാറുന്ന കയ്യിലൊതുങ്ങാവുന്ന വസ്തുക്കള്‍. അത് തുടര്‍ന്നപ്പോള്‍ പല വീട്ടുകാരും ഓമനയമ്മയെ പറഞ്ഞുവിട്ടു.

പിന്നെ അമ്പലത്തിലെ പണിയായി ബാക്കി. അവിടെയും മോഷണത്തിന് കുറവുണ്ടായിരുന്നില്ല. വിളക്കിലൊഴിക്കാന്‍ ഭക്തര്‍ വാങ്ങി ഓമനയമ്മയെ ഏല്‍പ്പിക്കുന്ന നെയ്യ്, എണ്ണ, വിളക്ക്, നിവേദ്യപായസത്തിനുള്ള അരി, പറമ്പിലെ തേങ്ങ ഇങ്ങനെ പലതും ഓമനയമ്മ ബാഗിലാക്കി കൊണ്ടുവരുമായിരുന്നു. ഒരു ദിവസം അമ്പലത്തിലെ എണ്ണയും നെയ്യും അരിയും മോഷ്ടിച്ചുതൊണ്ടു വരുമ്പോള്‍ നടയിലെ പടിക്കല്ലില്‍ തട്ടി ഓമനയമ്മ താഴെ വീണു. ബാഗില്‍ വച്ചിരുന്ന മോഷണ വസ്തുക്കള്‍ പുറത്ത് തെറിച്ചു. ഇതുകണ്ട് നിന്ന പൂജാരി അടക്കമുള്ളവര്‍ ഓമനയമ്മയെ കയ്യോടെ പിടികൂടി. കമ്മറ്റിക്കാര്‍ മകനെ വിളിച്ചു പറഞ്ഞു, ‘ഇനി നിങ്ങടെ അമ്മ മോഷ്ടിക്കാന്‍ ശ്രീകോവിലിലെ ദേവന്‍ മാത്രേ ബാക്കിയുള്ളൂ. അതുകൂടി കൊണ്ടോയാല്‍ നമ്മളെന്താ ചെയ്യ്യാ’. അതുകൊണ്ട് അമ്മയുടെ സേവനം ഇനി ആവശ്യമില്ലെന്ന് അവര്‍ അയാളെ അറിയിച്ചു. അതോടെ ഓമനയമ്മ ജോലിക്ക് പോകുന്നത് രണ്ട് മക്കളും തടഞ്ഞു.

ഒരു നേരം പോലും അടങ്ങിയിരിക്കാതെ ജോലി ചെയ്ത് ജീവിച്ച ഓമനയമ്മയ്ക്ക് വെറുതെയിരിപ്പ് തീരെ പറ്റുന്ന പണിയായിരുന്നില്ല. അവര്‍ അപ്പുറത്തും ഇപ്പുറത്തുമുള്ള വീടുകളില്‍ ദിവസം ഏഴെട്ടുതവണ സന്ദര്‍ശനം നടത്തി. അവരുടെ വീട്ടുമുറ്റത്തെ ചെരുപ്പുകളെല്ലാം പെറുക്കി വീട്ടില്‍ കൊണ്ടെയിട്ടു. വഴിയില്‍ വീഴുന്ന ഓലമടല്‍ അടക്കം എല്ലാം വഴിയില്‍ നിന്ന് പെറുക്കി വീട്ടില്‍ കൊണ്ടിട്ടു. ഓരോ വീടിന് മുറ്റത്തും സ്വന്തം വീട്ടിലെ ചവര്‍ കൊണ്ട് തട്ടി. അന്വേഷിച്ചവരോടൊക്കെ വഴക്കിന് പോയി.

ഓമനയമ്മയുടെ ചെറുമകനും ഗവണ്‍മെന്റ് ജോലിയായി. ചെറുമകളുടെ വിവാഹത്തിന് അവര്‍ ഒരിക്കലും ഉപയോഗിക്കാതെ സൂക്ഷിച്ചുവച്ച സ്വര്‍ണം മരുമകള്‍ എടുത്ത് മാറ്റി വാങ്ങി. ഓമനയമ്മയ്ക്ക് പല കാര്യങ്ങള്‍ക്കും ബോധം ഇല്ലാതായി. വീട്ടിലേക്കുള്ള വഴി മറന്നു. അങ്ങനെ പലതും അവര്‍ മറന്നു. ആ വീട് വീണ്ടും വലുതായി. ബൈക്ക് വന്നു, കാര്‍ വന്നു. ഓമനയമ്മ ഇപ്പോഴും വെള്ളത്തിലിട്ടാല്‍ നനയാത്ത വസ്ത്രം തന്നെയാണ് ഉടുത്തിരുന്നത്. അവര്‍ പോലുമറിയാതെ അവരുടെ വീട് അവരുടെ വിരലടയാളത്തോടെ ചെറുമകള്‍ക്ക് സ്ത്രീധനമായി നല്‍കപ്പെട്ടു.

ഇടയ്ക്ക് നാട്ടില്‍ വിളിക്കുമ്പോള്‍ അന്വേഷിക്കുന്ന ആളുകളില്‍ ഒന്ന് ഓമനയമ്മയാണ്. അയല്‍വാസികളുമായി തല്ലും വഴക്കും കൂടിയതിനാല്‍ മകന്‍ ഇടയ്ക്ക് പിടിച്ച് പൂട്ടിയിടും എന്നറിഞ്ഞു. കഴിഞ്ഞമാസം നാട്ടില്‍ പോയപ്പോള്‍ രാവിലെ ഉണര്‍ന്നത് തന്നെ ഓമനയമ്മയുടെ ബഹളം കേട്ടുകൊണ്ടാണ്. ‘സജീ എന്നെ തുറന്ന് വിടെടാ, എനിക്ക് പാല് കൊടുക്കാന്‍ പോകണം, അമ്പലത്തില്‍ ജോലിക്ക് പോകണം, കുട്ടികളെ സ്‌കൂളീന്ന് വിളിക്കാന്‍ പോകണം’; പഴയ ഓര്‍മ്മയില്‍ ഓമനയമ്മ ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു. ഇപ്പോ തീരെ പുറത്ത് വിടാറില്ല, പുറത്ത് വിട്ടാല്‍ അപ്പോ തല്ലുണ്ടാക്കും ആരെങ്കിലുമായി, തിരികെ വരാന്‍ വഴിയുമറിയില്ല എന്ന് വല്യമ്മ പറഞ്ഞു. ഓമനയമ്മയെ കാണണമെന്ന് കരുതി വീട്ടിലേക്ക് ചെന്നു. പൂട്ടിയിരുന്നതുകൊണ്ട് അകത്തുകയറാന്‍ കഴിഞ്ഞില്ല. പക്ഷെ ജനലിലൂടെ ഞാന്‍ കണ്ടു. എന്നെ മനസ്സിലായില്ല. പൂട്ടുതുറന്ന് തരുമോ എന്ന് നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. പക്ഷെ ഞാനവിടെ കണ്ടിരുന്നത് ഓമനയമ്മയെ ആയിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ കുഞ്ഞുന്നാളില്‍ കണ്ട ഓമനയമ്മയുടെ അമ്മ ആയിരുന്നു. ആ അമ്മയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഓമനയമ്മ എന്റെ മുന്നില്‍ നിന്നു.

ഓമനയമ്മ ജീവിതകാലം മുഴുവന്‍ അധ്വാനിച്ചു. ഒരിക്കലും നല്ല വസ്ത്രം ധരിച്ചില്ല. നല്ല ഭക്ഷണം കഴിച്ചില്ല. ഒരു യാത്രയും പോയില്ല. സമ്പാദിക്കുക മാത്രം ചെയ്തു. ജീവിച്ചില്ല. ഞാനിറങ്ങി നടന്നു. പുറകില്‍ ഓമനയമ്മയുടെ ബഹളം തുടര്‍ന്നുകൊണ്ടിരുന്നു.

രാജലക്ഷ്മി ലളിതാംബിക

രാജലക്ഷ്മി ലളിതാംബിക

അധ്യാപിക. ജീവിതത്തില്‍ കണ്ടുമുട്ടിയവരും ഓര്‍മ്മകളില്‍ നിലനില്‍ക്കുന്നവരും അവരുടെ ജീവിതവുമാണ് ചുവരുകള്‍ എന്ന കോളം.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍