UPDATES

എ അഴകന്‍, 87 വയസ്സ്; ബ്രിട്ടിഷ് ഇന്ത്യയിലെ ഒരു കോല്‍ക്കാരന്റെ ജീവിതം

നികുതി പിരിക്കുക, വസ്തു അളക്കുന്നിടത്ത് പോകുക, ആരെങ്കിലും വെള്ളത്തില്‍ വീണു മരിച്ചാലോ തൂങ്ങിയാലോ, കൊല്ലപ്പെട്ടാലോ റിപ്പോര്‍ട്ട് ചെയ്യുക ഇതൊക്കെയാണ് കോല്‍ക്കാരന്റെ ജോലി.

ആരാണ് കോല്‍ക്കാരന്‍? തകഴിയുടെയും എസ് കെ പൊറ്റെക്കാടിന്റെയും ഉറൂബിന്‍റെയുമൊക്കെ കഥകളിലൂടെ നമുക്ക് പരിചിതമായ ഒരു പദം. ഇന്നത്തെ വില്ലേജ് അസിസ്റ്റന്‍റാണ് ബ്രിട്ടിഷ് ഭരണകാലത്തെ റവന്യൂ ഉദ്യോഗസ്ഥനായ കോല്‍ക്കാരന്‍. അങ്ങനെയുള്ള ഒരു കോല്‍ക്കാരന്റെ കഥയാണ് ഇത്. ബ്രിട്ടീഷ് ഭരണകാലത്ത് അധികാരിയുടെ കോല്‍ക്കാരനായി പതിനാറ് വയസ്സില്‍ ജോലിയില്‍ പ്രവേശിച്ചയാളാണ് പാലക്കാട് ജില്ലയിലെ എലപ്പുള്ളി വേങ്ങോടിയിലെ അഴകപ്പന്‍. തന്റെ പഴയ കാല ജീവിതത്തെ കുറിച്ച് പറയുകയാണ് വൃദ്ധനായ ബ്യൂറോക്രാറ്റ്.

എ അഴകന്‍, ശാന്തമ്പുള്ളി, വേങ്ങോടി. അതാണ് എന്‍റെ അഡ്രസ്. എനിക്കു എണ്‍പത്തിയേഴ് വയസ്സായി. പെന്‍ഷന്‍ പറ്റിയിട്ടു ഇപ്പോള്‍ 25 കൊല്ലത്തില്‍ അധികമായി. അന്നൊക്കെ അറുപത് വയസ്സിലാണ് പെന്‍ഷന്‍ പറ്റുക. പതിനാറാം വയസ്സിലാണ് ജോലി കിട്ടിയത്. അഞ്ചാം ക്ലാസ്സ് വരയെ പഠിച്ചിട്ടുള്ളൂ. വില്ലേജ് അധികാരിയുടെ കീഴിലായിരുന്നു ജോലി. അന്ന് ആ ജോലിക്കു വലിയ വിദ്യാഭ്യാസം ഒന്നും വേണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണം അവസാനിക്കുന്നതിന് തൊട്ട് മുമ്പായിരുന്നു അത്. അതിനു ശേഷവും അതേ ജോലി തന്നെയാണ് ഞാന്‍ ചെയ്തത്. തുടക്കത്തില്‍ പതിനഞ്ച് രൂപയായിരുന്നു ശമ്പളം. അത് അന്ന് വലിയ കാര്യമാണ്. പിന്നെ അത് ഇരുപതു രൂപയായി. അന്ന് ശമ്പളം പാലക്കാട് കോര്‍ട്ടില്‍ പോയിട്ടാണ് വാങ്ങുക.

നികുതി പിരിക്കാന്‍ വീടുകളില്‍ ഒക്കെ ചുറ്റി നടക്കണം. നികുതി പിരിച്ച് 20,000 രൂപയൊക്കെ ആകുമ്പോള്‍ ട്രഷറിയില്‍ കൊണ്ടുപോയി അടക്കുമായിരുന്നു. നികുതി അടക്കാത്തവരെ ജപ്തി ചെയ്യുമായിരുന്നു. അന്നത്തെ അധികാരിക്ക് തടി കാരണം നടക്കാന്‍ ഒന്നും പറ്റില്ല. അധികാരി ഒന്നും ചെയ്യില്ല. അധികാരി എപ്പോഴും വീട്ടില്‍ ഇരിക്കും. ഞങ്ങള്‍ പോയി നികുതി പിരിക്കും. അധികാരിയുടെ കീഴില്‍ ഒരു മേനോനും ഞങ്ങള്‍ രണ്ട് കോല്‍ക്കാരും ആയിരുന്നു ഉണ്ടായിരുന്നത്. മേനോനാണ് എല്ലാം നോക്കി നടത്തുക. നികുതി പിരിക്കുന്നതും മറ്റും തീരുമാനിക്കുന്നത് അയാളാണ്. അന്ന് ഒരേക്കര്‍ സ്ഥലത്തിന് രണ്ട് രൂപയാണ് നികുതി. കോല്‍ക്കാരന്‍ എന്നു പറഞ്ഞാല്‍ ശിപായിയാണ്. നികുതി പിരിക്കുക, വസ്തു അളക്കുന്നിടത്ത് പോകുക, ആരെങ്കിലും വെള്ളത്തില്‍ വീണു മരിച്ചാലോ തൂങ്ങിയാലോ, കൊല്ലപ്പെട്ടാലോ റിപ്പോര്‍ട്ട് ചെയ്യുക ഇതൊക്കെയാണ് കോല്‍ക്കാരന്റെ ജോലി. അന്ന് ആളുകള്‍ തമ്മില്‍ വഴക്കുണ്ടായാല്‍ പോലീസിലൊന്നും പോകില്ല. അധികാരിയുടെ അടുത്തു പോയി അവിടെ വെച്ചു തീര്‍പ്പാക്കും. അധികാരി നല്ല അടി കൊടുക്കും.

വേങ്ങോടി അംശവും രാമശ്ശേരി ദേശവുമാണ് അന്ന് ആദ്യം ഉണ്ടായിരുന്നത്. അത് ഒരു അധികാരിയുടെ കീഴിലായിരുന്നു. വില്ലേജ് ആപ്പീസറാണ് അധികാരി. വില്ലേജ് അസിസ്റ്റന്‍റ് മേനോന്‍ ഞങ്ങളുടെ ബന്ധുവായിരുന്നു. മേനോന്‍ എന്നു പറയുന്നതു ഉദ്യോഗപ്പേരാണ്. വസ്തു അളക്കുമ്പോഴൊക്കെ ഞങ്ങള്‍ തന്നെയാണ് പോകുന്നത്. ആ സമയത്തൊക്കെ കൂടെയുള്ളവര്‍ രണ്ടും മൂന്നും ഉറുപ്പികയൊക്കെ വാങ്ങും. ഞാന്‍ ഒരു രൂപ പോലും വാങ്ങാറില്ല. അന്ന് വീട്ടില്‍ കൃഷിയുണ്ട്. കൃഷി ഉള്ളത് കൊണ്ട് എനിക്ക് അധികം കഷ്ടപ്പാടൊന്നും ഇല്ല. എന്‍റെ അച്ഛന്‍ അപ്പാവു എലപ്പുള്ളി അംശത്തിലും അമ്മ കണ്ണകി വേണോലി അംശത്തിലുമാണ്. അച്ഛന്‍ കല്യാണം കഴിച്ചു എലപ്പുള്ളിയില്‍ കൊണ്ട് വന്നതാണ്.

Representation Image

എലപ്പുള്ളി അംശം വേറെ അധികാരിയുടെ കീഴിലായിരുന്നു. ഞാന്‍ വെങ്ങോടി അംശത്തിലാണ് ജോലി ചെയ്തിരുന്നത്. വെങ്ങോടി അംശവും രാമശ്ശേരി അംശവും കൂടെ ഒരു അധികാരിയുടെ കീഴിലാണ്. അധികാരിയാണ് നികുതിയുടെ മൊത്തം ചുമതലകള്‍ വഹിക്കുന്നത്. പിന്നെ എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അധികാരിയുടെ അടുത്താണ് പരാതികള്‍ കൊടുക്കേണ്ടത്. എന്തെങ്കിലും അടിപിടികള്‍ ഉണ്ടെങ്കില്‍ അധികാരിയാണ് അതില്‍ ഇടപെടുക. ഒരു അധികാരിക്ക് വയസ്സാകുമ്പോള്‍ അയാളുടെ മകനെയാണ് പിന്നെ അധികാരിയാക്കുക. അധികാരി എന്നത് പാരമ്പര്യമായി കൈമാറി വരുന്നതാണ്. മേനോന്‍ പദവിയും അങ്ങനെ തന്നെയാണ്. ഞാന്‍ വില്ലേജ് അസിസ്റ്റന്‍റ് അതായത് വില്ലേജ് ശിപായിയായിട്ടാണ് ഉദ്യോഗത്തില്‍ കയറിയത്. ഞങ്ങളെ അന്ന് കോല്‍ക്കാരന്‍ എന്നാണ് പറഞ്ഞിരുന്നത്. എന്റെ കൂടെ വേറെ രണ്ട് കോല്‍ക്കാരന്‍മാരും കൂടെ ഉണ്ടായിരുന്നു. കുറെക്കാലം കോല്‍ക്കാരനായിട്ടു പിന്നെ മേനോന്‍ ആകാറുണ്ട്.

എനിക്കു മുന്‍പ് വേറെ കോല്‍ക്കാരന്‍മാരുണ്ടായിരുന്നു. നായന്മാരായിരുന്നു അന്നുണ്ടായിരുന്നത്. അവരുടെ സ്വഭാവം ശരിയല്ലാഞ്ഞിട്ട് അധികാരി ചീത്ത പറഞ്ഞു. അങ്ങനെ ആ നായര്‍ ചെക്കന്‍ പൊയ്ക്കളഞ്ഞു. അതിനു മുന്‍പുള്ളവരൊക്കെ വയസ്സായപ്പോള്‍ പുതിയ ആളുകള്‍ വന്നു. അതിനു ശേഷമാണ് ഞാന്‍ കയറുന്നത്. ഒരു അധികാരിയുടെ കീഴില്‍ ഒരു മേനോനും മൂന്നു കോല്‍ക്കാരന്‍മാരും ഉണ്ടായിരുന്നു. രാഘവന്‍ നായര്‍ എന്നൊരാളായിരുന്നു അന്ന് അധികാരി. മേനോന്‍ ഞങ്ങളുടെ കുടുംബത്തിലെ ആളായിരുന്നു, ഇട്ടിത്തെയ്യന്‍ എന്നായിരുന്നു പേര്. എന്റെ ഒരു ജേഷ്ടനായിട്ട് വരും. അന്ന് ആധാരമൊക്കെ രജിസ്റ്റര്‍ ചെയ്തിരുന്നത് പാലക്കാട് രജിസ്റ്റര്‍ ഓഫീസിലാണ്. 1944ലാണ് ഞാന്‍ ജോലിക്കു കയറുന്നത്. പറമ്പിനും  പാടത്തിനും നികുതിയുണ്ടായിരുന്നു. നിങ്ങളുടെ കയ്യില്‍ പത്തേക്കര്‍ നിലം ഉണ്ടായിരുന്നു എന്നു വെക്കുക. ഞാന്‍ അത് നിങ്ങളില്‍ നിന്ന് പാട്ടത്തിന് എടുത്തു എന്നു വെക്കുക. നൂറോ ഇരുനൂറോ പറ നെല്ല് ഞാന്‍ വര്‍ഷാവര്‍ഷം പാട്ടം അളക്കണം. ഈ ഭൂമിയുടെ നികുതി അടക്കേണ്ടത് ജന്‍മിയാണ്. ഞങ്ങള്‍ അത് നേരിട്ടു പോയി വാങ്ങുകയാണ് ചെയ്യുക. പണമായിട്ടാണ് നികുതി കൊടുക്കുക. കേനാത്ത് തറവാട്ടുകാരും അക്കണത് തറവാട്ടുകാരുമാണ് അന്ന് ഏറ്റവും കൂടുതല്‍ നികുതി അടച്ചിരുന്നത്. അവരൊക്കെ വല്യ നായര്‍ ജന്മിമാരായിരുന്നു. ഏറ്റവും കൂടുതല്‍ ഭൂമി ഉള്ളവരായിരുന്നു ഏറ്റവും കൂടുതല്‍ നികുതി അടച്ചിരുന്നത്. അംശം മേനോനാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നത്. ഈഴവരിലും ജന്മിമാര്‍ ഉണ്ടായിരുന്നു. ഈഴവര്‍ക്ക് വേറെ നികുതി നായര്‍ക്ക് വേറെ നികുതി അങ്ങനെ ഒന്നും ഇല്ല. ഭൂമി കൂടുതല്‍ ഉള്ളവര്‍ക്ക് നികുതി ഉണ്ടായിരുന്നു. ഞങ്ങളും ഭൂ നികുതി കൊടുക്കുന്ന കുടുംബമായിരുന്നു. അന്ന് താഴ്ന്ന ജാതിക്കാരും ഭൂമിയുള്ളവര്‍ ഉണ്ടായിരുന്നു. അവരും ഭൂനികുതി അടച്ചിരുന്നു.

അടിപിടിക്കേസൊക്കെ അധികാരിയുടെ മുന്നില്‍ എത്തിയാല്‍ തെറ്റ് ചെയ്തവനെ രണ്ടു പൊട്ടിക്കുമായിരുന്നു അധികാരി. അതിനുള്ള അധികാരം അധികാരിക്ക് ഉണ്ടായിരുന്നു. കൊടുക്കാനുള്ള പൈസ കൊടുക്കാതിരുന്നാലും അധികാരി ഇടപെടുമായിരുന്നു. എന്‍റെ പറമ്പില്‍ മറ്റൊരാള്‍ മാടിനെ കൊണ്ട് കെട്ടിയാല്‍ അതിനെ അഴിച്ചു അധികാരിയുടെ അടുത്തു കൊണ്ട് പോകും. അപ്പോള്‍ അധികാരി പത്തു രൂപയൊക്കെ പിഴ ഇടുമായിരുന്നു. ഒരാളുടെ മാടുകള്‍ മറ്റുള്ളവരുടെ പാടത്ത് ഇറങ്ങി നെല്ല് തിന്നാല്‍ മാടുകളെ അധികാരിയുടെ അടുത്തു കൊണ്ടുപോയി കെട്ടും. മാടുകളെ വിട്ടുകിട്ടാന്‍ ഉടമകള്‍ പിഴ അടക്കണം. എന്തു പ്രശ്നം ഉണ്ടായാലും അധികാരിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടത് നമ്മളാണ്. ആദ്യത്തെ റിപ്പോര്‍ട് തയ്യാറാക്കുന്നത് അധികാരിയായിരിക്കും. ഭൂമി കൈയേറിയ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അധികാരിയുടെ ശ്രദ്ധയില്‍പ്പെടുത്തും. സംശയം തോന്നിയ ആളുകളെ പിടിച്ച് അധികാരിയുടെ മുന്നില്‍ എത്തിക്കും. തമിഴ്നാട്ടില്‍ നിന്നു സാധനങ്ങള്‍ കൊണ്ട് വരുന്നതിന് ചൌക്കയില്‍ നികുതി കൊടുക്കണമായിരുന്നു. അത് ഐറ്റത്തിന്‍റെ വിലപോലെ അഞ്ഞൂറോ മുന്നൂറോ ഒക്കെ ആയിരിക്കും. പൊള്ളാച്ചിയില്‍ കെട്ടിയാല്‍ പിന്നെ പാലക്കാട് നിന്നു പിടിക്കാന്‍ പാടില്ല. അവിടെ കെട്ടിയിട്ട് ആ രസീത് കാണിച്ചാല്‍ മതി. അന്ന് കൂടുതലും കാളവണ്ടിയായിരുന്നു.

പ്രധാനമായും നികുതി വരുമാനം ഭൂനികുതിയില്‍ നിന്നായിരുന്നു. നെല്‍കൃഷിയാണ് അന്ന് ഏറ്റവും കൂടുതല്‍ ഉണ്ടായിരുന്നത്. ഇരിപ്പൂ ചെമ്പന്‍, ചിറ്റേനി, കയമ, തവല്‍ക്കണ്ണന്‍ , ചെമ്പന്‍, വലിയ ചെമ്പന്‍, മസൂറി, ചെന്നി നായകം, മട്ട, വൃശ്ചിക പാണ്ടി തുടങ്ങി നിരവധി നെല്ലിനങ്ങള്‍ അന്ന് കൃഷി ചെയ്തിരുന്നു. വരമ്പില്‍ ഉഴുന്നും പയറും ഒക്കെ കൃഷി ചെയ്തിരുന്നു. നെല്‍കൃഷിയുടെ ഇടവേളയില്‍ പച്ചക്കറിയും കൃഷി ചെയ്യാറുണ്ട്.

ഞങ്ങള്‍ക്ക് കുടുംബ ക്ഷേത്രം ഉണ്ട്. മഹാദേവനാണ് പ്രതിഷ്ഠ. മഞ്ഞപ്പൊടി കൊണ്ട് കളമൊക്കെ എഴുതുമായിരുന്നു. പുള്ളുവന്‍മാര്‍ വന്നു പാട്ടോക്കെ പാടുമായിരുന്നു. ഞങ്ങടെ വീട്ടിലെ ആള്‍ക്കാരുടെ മേല്‍ ദൈവം വരും. പാട്ട് പാടി പാട്ട് പാടി കളമൊക്കെ മായ്ക്കുമായിരുന്നു. രണ്ട് പെണ്ണുങ്ങള്‍ക്കും ഒരാണിനും ആണ് ദൈവം വരുന്നത്. മൂന്ന് പേരുടെ മേത്താണ് ദൈവം വരിക. പുള്ളുവന്‍മാര്‍ വന്ന് കുടം പൊട്ടിക്കും. ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ്. ഇവിടെ ഒരു ദൈവപ്പുരയുണ്ട്. ഒരുപാട് കുടുംബങ്ങള്‍ ഉണ്ട്. എല്ലാവരും പൂജ കഴിക്കും. രണ്ട് പൂജാരികളും ഉണ്ടായിരുന്നു. എന്‍റെ കുട്ടിക്കാലം മുതല്‍ ഞാന്‍ ഇതൊക്കെ കാണുന്നതാണ്. പക്ഷേ ഇപ്പോള്‍ ഇതൊക്കെ വളരെ കമ്മിയാണ്. പണ്ട് എട്ട് പത്തു ദിവസം കളമെഴുത്തും പാട്ടും ഒക്കെ ഉണ്ടാകുമായിരുന്നു. ദൈവം കയറുന്ന രണ്ട് സ്ത്രീകള്‍ മുടിയൊക്കെ അഴിച്ചിട്ട് ഉറയുമായിരുന്നു. ആണുങ്ങള്‍ കിടന്നു പിടക്കും. നാഗര്, വെളത്തമ്മാര്, മുനീപ്പന്‍ അങ്ങനെ നമ്മുടെ വീട്ടില്‍ അഞ്ചു ദൈവങ്ങള്‍ ഉണ്ട്.

ഈഴവര്‍ ഇവിടെ പണ്ട് എന്‍റെ അപ്പനപ്പൂപ്പന്‍ മാരുടെ കാലത്തെ  ഉണ്ട്. അന്ന് ഇവിടെ ഈഴവര്‍ പനകയറി കള്ളുണ്ടാക്കി വില്‍ക്കുമായിരുന്നു. ഇപ്പോഴും അത് ചെയ്യുന്നവരുണ്ട്. ശര്‍ക്കരക്കള്ള് വേറെ വെള്ളക്കള്ള് വേറെ. മധുരക്കള്ളില്‍ നിന്നാണ് ശര്‍ക്കര ഉണ്ടാക്കുക. വെള്ളക്കള്ള് കുടിച്ചാല്‍ നല്ല സ്ട്രോംഗ് ആകും. മുട്ടിപ്പാനിയിലേക്ക് പനങ്കുല ഇങ്ങനെ ഇട്ടു വെക്കും. അപ്പോള്‍ കള്ളങ്ങനെ ഉറ്റി ഉറ്റി വരും. മുട്ടിപ്പാനിയില്‍ ചുണ്ണാമ്പ് തേച്ച് വെച്ചാല്‍  മധുരക്കള്ളിന് നിറവ്യത്യാസം വരും. അത് ഉരുക്കിയിട്ടാണ് ചക്കര ഉണ്ടാക്കുക. വെള്ളക്കള്ളില്‍ മുട്ടിയില്‍ ചുണ്ണാമ്പ് തേക്കില്ല. മുട്ടി എന്നു പറഞ്ഞാല്‍ മണ്‍ പാത്രം. വെള്ളക്കള്ളില്‍ തന്നെ ഇളം കള്ള്, മൂത്ത കള്ള് എന്നിങ്ങനെയുണ്ട്. ഇളം കള്ളിന് ഡോസ് കുറവാണ്. വെള്ളക്കള്ള് വൈകീട്ടും രാവിലെയും ഇറക്കും. മധുരക്കള്ള്  ഒരേ ഒരു തവണയെ എടുക്കൂ. ചില പനകളില്‍ ഉള്ള കള്ളിന് വീര്യം കൂടും. അത് ചെത്തുന്നവര്‍ക്ക് മനസ്സിലാകും.

വീട്ടുകാര്‍ പാരമ്പര്യ കൃഷിക്കാരായിരുന്നു. എന്‍റെ അച്ഛന്‍ പാട്ടത്തിന് കൃഷി ചെയ്തിരുന്നു. അന്ന് അച്ഛന്‍ പനയും കയറുമായിരുന്നു. എനിക്കു പനകയറാനൊന്നും അറിയില്ലായിരുന്നു. അച്ഛന്‍ ഷാപ്പെടുത്തു നടത്തിയിരുന്നു. അന്ന് ഷാപ്പില്‍ കള്ളും കറികളും ഒക്കെ ഉണ്ടായിരുന്നു. ഇറച്ചിയും മീനും ഒക്കെ കൂട്ടാന്‍ വെച്ചിട്ട് ഷാപ്പില്‍ കൊണ്ടുവന്നു വില്‍ക്കുമായിരുന്നു. അതിനെ ചാക്കണ എന്നാണ് പറയുന്നത്. അന്ന് ചാരായ ഷാപ്പ് നടത്തിയിരുന്നതും ഈഴവരായിരുന്നു. ചാരായ ഷാപ്പിനൊക്കെ അന്ന് നികുതി ഉണ്ടായിരുന്നു. ഷാപ്പിനുള്ള ലൈസന്‍സ് ഒക്കെ കൊടുക്കുന്നത് അധികാരിയാണ്. അഞ്ഞൂറും മുന്നൂറും ഒക്കെ കെട്ടേണ്ടി വരും. കള്ള് ഷാപ്പ് വേറെ ചാരായ ഷാപ്പ് വേറെ. കള്ള് ചെത്തുകാര്‍ കള്ള് കൊണ്ടുപോകുമ്പോള്‍ അതില്‍ ചിലപ്പോള്‍ വെള്ളം ചേര്‍ക്കും. അപ്പോ ഡോസ് കിട്ടുന്നില്ല എന്ന പരാതി കിട്ടിയാല്‍ അവരെ വിളിച്ച് ചീത്ത പറയും. അത്തരം കേസുകള്‍ ഒന്നും അധികാരിയുടെ അടുത്തു എത്തില്ല. അതൊക്കെ അതാത് സ്ഥലങ്ങളില്‍ വെച്ചു തന്നെ പരിഹരിക്കും. ഷാപ്പ് വഴി അല്ലാതെ കള്ള് വില്‍ക്കാന്‍ പറ്റില്ല. മാസാമാസം ഷാപ്പിന് ഇത്ര രൂപ കിസ്ത് അടക്കണം. ഷാപ്പുകള്‍ക്ക് ദൂര പരിധി ഉണ്ടായിരുന്നു. എലപ്പുള്ളി അംശത്തില്‍ ഒന്നോ രണ്ടോ ഷാപ്പെ ഉണ്ടായിരുന്നുള്ളൂ. വല്യ അംശമാണെങ്കില്‍ കുറച്ചു കൂടുതല്‍ കാണും. വേങ്ങോടിയില്‍ ഒരു ഷാപ്പ് രാമശ്ശേരിയില്‍ ഒരു ഷാപ്പ്. രണ്ടു ഷാപ്പെ നമ്മുടെ അംശത്തില്‍ ഉണ്ടായിരുന്നുള്ളൂ. അച്ഛന്‍റെ ഷാപ്പ് വേങ്ങോടിയില്‍ ആയിരുന്നു.

ഞാന്‍ കള്ളൊന്നും കുടിക്കാറില്ല. പാടത്ത് പണിയെടുത്ത് ക്ഷീണിച്ചു വരുന്നവരാണ് കള്ള് കുടിക്കുക. സ്ത്രീകളൊന്നും കള്ള് കുടിക്കില്ല. അന്ന് ഒരു കുപ്പി കള്ളിന് രണ്ടണയൊക്കെ ആയിരുന്നു. അന്ന് പതിനാറ് അണയാണ് ഒരു ഉറുപ്പിക. പന്ത്രണ്ടു പൈസ ഒരുറുപ്പിക. നാല് കാലണ ഒരണ. മൂന്നു പൈസ ഒരു മുക്കാല്. അന്ന് ഷാപ്പില്‍ അടിപിയൊക്കെ ഉണ്ടാകും. അതൊക്കെ ഷാപ്പ് കാര് പരഞ്ഞൊതുക്കും. ചാക്കണക്കാരന്‍ കപ്പയും ഇറച്ചിയും മീനും ഒക്കെ ഉണ്ടാക്കി ഷാപ്പില്‍ കൊണ്ട് വരും. കള്ള് വില്‍ക്കുന്ന ആളല്ല കറി വില്‍ക്കുക. പന്നി ഇറച്ചി ഉണ്ടാകും. കോഴിയിറച്ചി ഉണ്ടാകും. ആട്ടിറച്ചിയും മാട്ടിറച്ചിയും താറാവും ഒക്കെ ഉണ്ടാകും. കള്ള് കുടിക്കുന്നവര്‍ എന്തും തിന്നുമല്ലോ. മീനും ഉണ്ടാകും.

ഞാന്‍ ഇരുപത്തി മൂന്നു വയസ്സില്‍ കല്യാണം കഴിച്ചു. ഭാര്യ ലക്ഷ്മി. എന്‍റെ ഒരു പെങ്ങള്‍ ടീച്ചറാണ്. എനിക്കു മൂന്നു മക്കള്‍ ഉണ്ടായിരുന്നു. ഒരു മകള്‍ മരിച്ചുപോയി. പേരക്കുട്ടികളില്‍ രണ്ട് പേര്‍ ഡോക്ടറാവാന്‍ പഠിക്കുന്നു. ഒരു പേരക്കുട്ടി എഞ്ചിനീയറിംഗിന് പഠിക്കുന്നു. കാശുകൊടുത്തിട്ടൊന്നുമല്ല അവര്‍ പഠിക്കുന്നത്. 95% മാര്‍ക്കൊക്കെ  വാങ്ങി അഡ്മിഷന്‍ കിട്ടിയതാണ്. നമ്മള്‍ക്കൊന്നും പഠിക്കാന്‍ കഴിഞ്ഞില്ല. മക്കളെ പഠിപ്പിച്ചു. രണ്ട് പെണ്‍മക്കളും ടീച്ചര്‍മാരായിരുന്നു. മകന്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു.

അഴകന്‍ ചിത്രങ്ങള്‍: രാഖി സാവിത്രി

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍