UPDATES

ഇരു കണ്ണുകളില്‍ ഇരുട്ടുമായി ജീവിക്കുന്ന കാര്‍ത്ത്യായിനി; പ്രളയം ബാക്കി വെച്ച വേദനകള്‍

നാലു വര്‍ഷം മുമ്പ് കാര്‍ത്ത്യായിനിയുടെ ഭര്‍ത്താവ് മരിച്ചു. ആ വേദന മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണ്ടും വീണ്ടും കാര്‍ത്ത്യായിനിയെ തളര്‍ത്തിക്കൊണ്ട് രണ്ട് ആണ്‍മക്കള്‍ കൂടി മരിച്ചു

കുത്തിയൊലിച്ചു പാഞ്ഞിരുന്ന രൂപത്തില്‍ നിന്നും പാറക്കെട്ടുകള്‍ക്കിടയിലുടെ ശോഷിച്ച ശരീരത്തില്‍ നിശബ്ദമായി ഒഴുകുകയാണിപ്പോള്‍ പെരിയാര്‍. പ്രളയകാലത്തെ സംഹാരത്തില്‍ തകര്‍ത്തെറിഞ്ഞ റോഡും പുഴയോരങ്ങളും മനസ് മരവിപ്പിക്കുന്ന ചിത്രങ്ങളായി ബാക്കിയുണ്ട്. എന്നാല്‍ തന്റെ തൊട്ടു മുന്നിലെ ഈ കാഴ്ച്ചകളൊന്നും തന്നെ കാര്‍ത്ത്യായിനി കാണുന്നില്ല. വെള്ളം വെറുതെ വിട്ട ഓടുമേഞ്ഞ ആ ചെറു വീടിന്റെ ഉമ്മറത്ത് പ്ലാസ്റ്റിക് കസേരയില്‍ കരിമ്പടം പുതച്ചിരിക്കുന്ന ആ വൃദ്ധ ശരീരത്തിന് തന്റെ ചുറ്റുമുള്ളതൊന്നും കാണാനാകാതെ ആയിട്ട് വര്‍ഷമൊന്നു കഴിഞ്ഞു. ഇരു കണ്ണുകളിലും ഇരുട്ടുമായി ജീവിക്കുന്ന കാര്‍ത്ത്യായിനിയും ദുരന്തകാലത്തിലെ ഇടുക്കിയുടെ വേദനാചിത്രമാണ്.

"</p

മരിയാപുരം പഞ്ചായത്തില്‍ വിമലഗിരിയില്‍ പെരിയാറിനോട് ചേര്‍ന്നുള്ള മകളുടെ വീട്ടിലാണ് ഇപ്പോള്‍ കാര്‍ത്ത്യായിനി. ഇവിടെ നിന്നും കുറച്ചു മാറിയായിരുന്നു സ്വന്തം വീട്. അവിടെയിനി താമസിക്കുക എന്നത് ദുഷ്‌കരം. അടുക്കള ഭാഗം തകര്‍ന്നു പോയ വീട് ഇനി താമസയോഗ്യമാണോ എന്നത് സംശയം. അങ്ങനെ വന്നാല്‍ ഈ വൃദ്ധയ്ക്കും അവരുടെ ഇളയ മകനും കിടപ്പാടമില്ലാതെയാകും.

ഇടുക്കി ഡാം തുറക്കുന്നതോടനുബന്ധിച്ച് വെള്ളം കയറുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതിനാല്‍ കാര്‍ത്ത്യായിനി മകളുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. മകനും വീട്ടില്‍ ഇല്ലായിരുന്ന സമയത്താണ് അപകടം നടന്നതെന്നതിനാല്‍ ഇരുവര്‍ക്കും ആപത്തൊന്നും പറ്റിയില്ലെന്നു മാത്രം. പഞ്ചായത്തില്‍ നിന്നും അനുവദിച്ചു കിട്ടിയ വീട് കയറിക്കിടക്കാന്‍ പാകത്തിലൊന്ന് ആക്കിയെടുത്തതു മാത്രമാണ്. പെരയ്ക്കകത്ത് കുറച്ച് സിമന്റ് ഇട്ടിട്ടുണ്ടെന്നല്ലാതെ പുറത്തൊന്നും ചെയ്തിട്ടില്ല, കട്ട വച്ച് കെട്ടിയിട്ടുണ്ടെന്നു മാത്രം; കാര്‍ത്ത്യായിനി ആ വീടിനെക്കുറിച്ച് പറയുന്നതങ്ങനെയാണ്. എങ്കിലും കയറിക്കിടക്കാന്‍ ഒരു കൂര എന്ന സമാധാനമുണ്ടായിരുന്നു. അതാണിപ്പോള്‍ ഈ അവസ്ഥയിലായത്. പ്രളയം ഈ വൃദ്ധയ്ക്ക് നല്‍കിയ തിരിച്ചടി ഇതാണ്.

"</p "</p

നാലു വര്‍ഷം മുമ്പ് കാര്‍ത്ത്യായിനിയുടെ ഭര്‍ത്താവ് മരിച്ചു. ആ വേദന മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണ്ടും വീണ്ടും കാര്‍ത്ത്യായിനിയെ തളര്‍ത്തിക്കൊണ്ട് രണ്ട് ആണ്‍മക്കള്‍ കൂടി മരിച്ചു. അതുകൊണ്ട് തീരാത്തവണ്ണം ദുരിതം പിന്നെയും കാര്‍ത്ത്യായിനിയെ ആക്രമിച്ചത് രണ്ടു കണ്ണുകളിലേയും കാഴ്ച്ച നഷ്ടപ്പെടുത്തിക്കൊണ്ടായിരുന്നു. ഒന്നൊന്നര വര്‍ഷമായി മക്കളെ കണ്ണിലെ വെട്ടം പോയിട്ട്…എന്താ പറ്റിയെന്നുപോലും അറിയത്തില്ല; തൊലി ചുളിഞ്ഞ വിരലുകള്‍ കൊണ്ട് കണ്ണുകള്‍ തഴുകിയടച്ച് കാര്‍ത്ത്യായിനി തന്റെ അവസ്ഥ പറഞ്ഞു.

കാഴ്ച്ച പോകുന്നതുവരെ പണിയെടുത്ത് ജീവിച്ചിരുന്നു. കണ്ടത്തിലെ കള പറിക്കാനും പള്ള വീശാനും ആരെങ്കിലും വിളിച്ചാല്‍ നെല്ലു കുത്തിക്കൊടുക്കാനും… അങ്ങനെ എന്ത് ജോലിക്കും പോകുമായിരുന്നു. ഇപ്പോള്‍ മുറ്റത്തേക്ക് ഒന്നിറങ്ങണമെങ്കില്‍ പോലും ആരെങ്കിലും കൈ പിടിച്ചാലോ പറ്റൂ; ഇരുള്‍മൂടിയ ആ കണ്ണുകളിലൂടെ നീരൊഴുകി വീണു.

ഏറ്റവും ഇളയ കൊച്ചും ഞാനും മാത്രമാണ് വീട്ടില്‍. മുപ്പത് വയസായി ചെറുക്കന്. ഇതുവരെ ഒരു കുടുംബം പോലും ആയിട്ടില്ല. സ്ഥിരായിട്ട് ഒരു പണി പോലുമില്ല. വല്ലപ്പോഴും ആരെങ്കിലും വിളിച്ച് കൊടുക്കുന്നത് മാത്രാണ്. മരത്തി കയറി ചില്ല വെട്ടാനോ ചവറ് വാരാനോ അങ്ങനെയെന്തെങ്കിലുമൊക്കെ കിട്ടിയാലായി. എനിക്ക് പെന്‍ഷന്‍ കിട്ടും. നാലു മാസം കൂടുമ്പോള്‍ കിട്ടണ പെന്‍ഷന്‍ കാശുകൊണ്ടാണ് ഞങ്ങളുടെ കാര്യങ്ങളൊക്കെ കുറച്ചെങ്കിലും നടക്കണത്. പിന്നെ മകളും ബാക്കിയുള്ളവരുമൊക്കെ സഹായിക്കുന്നതുകൊണ്ട് ഞാനും കൊച്ചും കഞ്ഞി കുടിച്ച് കഴിഞ്ഞു പോണൂ. ഇപ്പോള്‍ വീടും പോയി.

താമസിച്ചിരുന്ന വീട്ടിലേക്ക് ഒന്നു പോണമെന്നാണ് കാര്‍ത്ത്യായിനിയുടെ ഇപ്പോഴത്തെ ആഗ്രഹം. എങ്ങനാണെന്നൊന്ന് അറയണ്ടേ…പക്ഷേ, ഇവര് വിടണില്ല… കണ്ണു കാണാത്ത എന്നെ ഒറ്റയ്ക്ക് വിടാന്‍ ഇവര്‍ക്ക് പേടിയാണ്. എവിടെയെങ്കിലും വീണാലോ എന്നൊക്കെയോര്‍ത്താണ് പേടി. എന്നാലും ഒന്നു പോയാല്‍ കൊള്ളാന്നാണ് എന്റെ മനസില്‍…കാണുന്നവര്‍ക്ക് വേദന നല്‍കുന്നൊരു ചിരിയോടെ കാര്‍ത്ത്യായിനി പറഞ്ഞു.

"</p

പ്രളയം ബാക്കിയാക്കിയിരിക്കുന്നത് ഇതുപോലുള്ള കാര്‍ത്ത്യായിനിമാരെയാണ്. ഇടുക്കിയില്‍ തന്നെ ഇനിയും ഇതുപോലുള്ള കാര്‍ത്ത്യായിനിമാരുണ്ട്. ജീവിതത്തില്‍ അത്രകാലവും അനുഭവിച്ചു പോന്നിരുന്ന വേദനകള്‍ക്കും നഷ്ടങ്ങള്‍ക്കും പുറത്തേക്ക് വീണ്ടും ദുരിതം വന്നു പതിച്ചവര്‍. ഇനിയെന്ത് ? എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകാതെ കണ്ണീരൊഴുക്കുന്നവര്‍…

ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല സാര്‍, എല്ലാവര്‍ക്കും കൊടുത്തെന്നു പറയുന്ന ആ പതിനായിരം രൂപ

“ഡാം പൊട്ടി വരണതാ…നമ്മളെങ്ങോട്ട് ഓടീട്ടും കാര്യമില്ല…”

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍