UPDATES

‘ജാതി ക്രിസ്ത്യാനി’കളുടെ കേരളത്തില്‍ അദൃശ്യവല്‍ക്കരിക്കപ്പെടുന്ന ദളിത് ക്രൈസ്തവര്‍

മതപരിവര്‍ത്തനം നടത്തി ക്രൈസ്തവ സഭയിലെത്തിയ ബഹുഭൂരിപക്ഷവും ജാതീയ വിവേചനം അനുഭവിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ശ്രീഷ്മ

ശ്രീഷ്മ

ദളിതനായിരിക്കുകയെന്നത് മതാതീതമായി പരിഗണിക്കേണ്ട സാമുഹ്യ യാഥാർത്ഥ്യമാണെന്നത്  അംഗീകരിക്കണമെന്ന ആവശ്യം സുപ്രീം കോടതിയുടെ മുന്നിലെത്തിയിട്ട് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞു. ആദിവാസികളുടെ ഭൂമിയ്ക്കുവേണ്ടി നിയമപോരാട്ടം നടത്തി ചരിത്രത്തില്‍ ഇടം നേടിയ ഡോ. നല്ലതമ്പി തേരയാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. കേസ് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം മന്ത്രി കെ ടി ജലീല്‍ നിയമസഭയില്‍ വെച്ച റിപ്പോര്‍ട്ട് പ്രകാരം ക്രൈസ്തവ സഭകളിലടക്കം ദളിത് വിവേചനം രൂക്ഷമായി തുടരുന്നു എന്നാണ്. ദളിത് ക്രൈസ്തവര്‍ക്ക് സംവരണം അനുവദിക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കയാണ്.

സെന്റര്‍ ഫോര്‍ പബ്ലിക് ജസ്റ്റിസ് ലിറ്റിഗേഷനൊപ്പം ക്രൈസ്തവ സഭകളും പട്ടികജാതി സംഘടനകളുമാണ് സുപ്രീം കോടതിയിലുള്ള കേസില്‍ കക്ഷിചേര്‍ന്നിട്ടുള്ളത്. ക്രൈസ്തവര്‍ക്കിടയിലെ ദളിത് വിഭാഗങ്ങള്‍ക്ക് പട്ടികDalit Christiansജാതി പദവിയ്ക്ക് അര്‍ഹതയുണ്ടെന്നു കാണിച്ച്, വിവിധ കമ്മീഷന്‍ റിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ രാജ്യമെങ്ങുമുള്ള ദളിത് ക്രൈസ്തവ സംഘടനകള്‍ ഒന്നിച്ചുയര്‍ത്തുന്ന ഒരാവശ്യമാണ് ഈ കേസിനു പിന്നിലുമുള്ളത്. പതിറ്റാണ്ടുകള്‍ കഴിയുമ്പോഴും, പട്ടികജാതി പദവിയ്ക്കു പുറത്തു നിന്നുകൊണ്ട് ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു വേണ്ടി വാദിക്കുന്ന ദളിത് ക്രൈസ്തവര്‍ക്ക് ഏറെ നിര്‍ണായകമായ രണ്ടു റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്നിട്ടുള്ളത്. ദേശീയ-സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകളുടെ ഈ റിപ്പോര്‍ട്ടുകളിലെ പരാമര്‍ശങ്ങള്‍ ആഴത്തില്‍ത്തന്നെ പഠിച്ചു വിലയിരുത്തേണ്ടതുണ്ടെന്നാണ് സംഘടനാ ഭാരവാഹികളുടെയും ദളിത് അവകാശ പ്രവര്‍ത്തകരുടെയും വാദം.

മതപരിവര്‍ത്തനം നടത്തി ക്രിസ്തീയ സഭകളിലെത്തിയവരില്‍ 73.89 ശതമാനവും സഭയ്ക്കകത്ത് ജാതി വിവേചനം നേരിടുന്നുണ്ടെന്നാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി ജലീലിന് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളിലൊന്ന്. സി.എസ്.ഐ, പെന്തക്കോസ്ത് സഭകള്‍ അനുഭവിക്കുന്ന വിവേചനങ്ങളെക്കുറിച്ച് പഠിച്ച സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം അടങ്ങിയിരിക്കുന്നത്. സംസ്ഥാനത്ത് അടുത്തിടെയായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട സെമിത്തേരി തര്‍ക്കങ്ങളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളുടെയും പശ്ചാത്തലത്തില്‍ സി.എസ്.ഐ., പെന്തക്കോസ്ത് സഭകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കാനാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെങ്കിലും, സഭയ്ക്കകത്ത് ദളിത് ക്രൈസ്തവര്‍ അടക്കമുള്ളവര്‍ നേരിടുന്ന ജാതീയ വിവേചനം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് കമ്മീഷന്‍ അംഗമായ അഡ്വ. ബിന്ദു എം. തോമസ് അഴിമുഖത്തോട് പറഞ്ഞത്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിതരെ പട്ടികജാതിയില്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ സംവരണമോ മറ്റാനുകൂല്യങ്ങളോ ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പ്രാധാന്യത്തോടെ നിരീക്ഷിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം സി.എസ്.ഡി.എസ് സംസ്ഥാന സെക്രട്ടറി കെ.കെ. സുരേഷ് നടത്തിയ പ്രസ്താവനയും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. വിശ്വാസത്തിന്റെ പേരില്‍ സംവരണാവകാശം നിഷേധിക്കപ്പെടുന്ന ദളിത് ക്രൈസ്തവരുടെ പ്രതിസന്ധികള്‍ക്ക് പൗരോഹത്യ സമൂഹവും കാരണക്കാരാണ് എന്നായിരുന്നു കെ.കെ. സുരേഷിന്റെ നിലപാട്.

ക്രൈസ്തവരിലും വേണം ജാതി തിരിച്ചുള്ള കണക്കെടുപ്പ്

കാലങ്ങളായി സഭയും സര്‍ക്കാരും ആനുകൂല്യങ്ങളൊന്നും നല്‍കാതെ പരസ്പരം പഴിചാരുമ്പോള്‍, കാഴ്ചക്കാരായി നില്‍ക്കേണ്ടിവരികയാണ് കേരളത്തിലെ ദളിത് ക്രൈസ്തവര്‍. മറ്റു സംസ്ഥാനങ്ങളിലെ ദളിത് ക്രൈസ്തവര്‍ക്ക് കേരളത്തിലുള്ളവരേക്കാള്‍ സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നു തന്നെയാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെയും നിരീക്ഷണം. ദേശീയ തലത്തില്‍ ദളിത് ക്രിസ്ത്യന്‍ കൗണ്‍സില്‍ അടക്കമുള്ളവര്‍ പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആവര്‍ത്തിച്ചു വാദിക്കാന്‍ തുടങ്ങിയിട്ടും കാലമേറെയായി. പട്ടികജാതി പദവിയില്‍ നിന്നും ബുദ്ധമത വിശ്വാസികളെയും സിഖ് മതവിശ്വാസികളെയും ആദ്യകാലത്ത് പുറത്താക്കിയിരുന്നെങ്കിലും, എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലുമായി ഇരുമതവിഭാഗങ്ങളില്‍പ്പെട്ട ദളിതര്‍ക്കും പട്ടികജാതി പദവി വീണ്ടും നല്‍കിയിരുന്നു. ജാതി വ്യവസ്ഥ നിലവിലില്ലാത്ത മതവിഭാഗങ്ങളില്‍പ്പെട്ടവരായിട്ടും, ബുദ്ധ-സിഖ് മതവിശ്വാസികളായ ദളിതര്‍ക്ക് പട്ടികജാതി പദവിയില്‍ തുടരാമെന്ന തീരുമാനത്തെയാണ് തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്ന നീതിയുടെ തെളിവായി കേരളത്തിലെ ദളിത് ക്രൈസ്തവര്‍ ചൂണ്ടിക്കാട്ടുന്നത്. ബുദ്ധമതത്തെയും സിഖ് മതത്തെയും ഇന്ത്യന്‍ പശ്ചാത്തലമുള്ളതിനാല്‍ ഹൈന്ദവ ചിന്തയില്‍ ഉള്‍പ്പെടുത്തിയാണ് പട്ടികജാതി സംവരണം ബാധകമാക്കിയിരിക്കുന്നതെന്നും, ക്രിസ്തു മതം വൈദേശികമായതിനാല്‍ അതില്‍ ജാതി നിലനില്‍ക്കുന്നില്ലെന്ന വാദത്തിന്മേലാണ് ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങളെ കാലാകാലമായി നിരാകരിച്ചുകൊണ്ടിരിക്കുന്നതെന്നും ദളിത് അവകാശ പ്രവര്‍ത്തകനായ ഷിബി പീറ്റര്‍ പറയുന്നു.

ദളിത് ക്രൈസ്തവരുടെ പട്ടികജാതി പദവി എന്ന വിഷയം ഉന്നയിക്കുന്നതിനു തന്നെ തടസ്സമായി നില്‍ക്കുന്നത് ജനസംഖ്യയെക്കുറിച്ച് കൃത്യമായ കണക്കുകളില്ല എന്ന വസ്തുതയാണെന്നും ഷിബി പീറ്റര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ‘കേരളത്തിന്റെ ആകെ ജനസംഖ്യയില്‍ പതിനെട്ടും ഇരുപതും ശതമാനത്തിനിടയ്ക്ക് ക്രൈസ്തവരാണ്. അതില്‍ത്തന്നെ മുഖ്യധാരയിലുള്ളത് സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗമാണ്. ഇരുപതു ശതമാനത്തോളം ക്രൈസ്തവര്‍ കേരളത്തിലുണ്ടെന്നത് അറിയാമെന്നല്ലാതെ, ഈ വിഭാഗത്തിനിടയില്‍ ജാതി തിരിച്ചിട്ടുള്ള ഒരു കണക്കെടുപ്പ് ഇന്നേവരെ ഇവിടെ നടന്നിട്ടില്ല. സംഘടനകളും മറ്റും നടത്തിയിട്ടുള്ള അനൗദ്യോഗിക കണക്കെടുപ്പുകളുടെ ഫലങ്ങള്‍ ലഭ്യമാണ്. തെരഞ്ഞെടുപ്പു സമയത്തും മറ്റും നടത്തുന്ന അത്തരം സമാന്തര കണക്കെടുപ്പുകളില്‍ പക്ഷേ ക്രൈസ്തവരെ ഒന്നിച്ച് ഒരു വിഭാഗമായാണ് പരിഗണിക്കുന്നത്. ക്രിസ്ത്യാനികള്‍ക്കിടയിലുള്ള ഉള്‍പ്പിരിവുകളെക്കുറിച്ചോ ഉപ ജാതികളെക്കുറിച്ചോ സര്‍ക്കാര്‍ തലത്തില്‍ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്ന് സാരം. ജനസംഖ്യാപരമായ അവസ്ഥയെന്തെന്നറിയാതെ എങ്ങനെയാണ് സംവരണത്തെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കുക? കേരളത്തിലെ പട്ടികജാതിക്കാരുടെ ജനസംഖ്യ ഒമ്പതുശതമാനത്തിനടുത്താണ്. അതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ക്ക് അര്‍ഹമായ സംവരണവും പ്രാതിനിധ്യവും നല്‍കിയിരിക്കുന്നത്. കേരളത്തിലെ ദളിത് ക്രൈസ്തവരുടെ എണ്ണമെത്രയാണ്? ആര്‍ക്കെങ്കിലും കൃത്യമായ ഉത്തരമുണ്ടോ? ഏറ്റവും പ്രാഥമികമായ ഈ പ്രശ്നം ഒരു റിപ്പോര്‍ട്ടും ഒരു ചര്‍ച്ചയും അഭിസംബോധന ചെയ്യുന്നില്ല.’

ദൃശ്യതയില്ലാതെ പോകുന്ന കേരളത്തിലെ ദളിത് ക്രൈസ്തവര്‍

കേരളത്തില്‍ ക്രൈസ്തവ സമൂഹത്തിനുള്ളില്‍ സംവരണം ലഭിക്കുന്ന ലാറ്റിന്‍ കത്തോലിക്, നാടാര്‍, ആദിവാസി ക്രൈസ്തവര്‍ എന്നിവരെ ഒഴിച്ചു നിര്‍ത്തിയാല്‍, ബാക്കിവരുന്ന ബഹുഭൂരിഭാഗം ദളിത് ക്രൈസ്തവരെയും പ്രതിനിധാനം ചെയ്യുന്നത് സിറിയന്‍ കത്തോലിക്കരാണെന്നതാണ് അവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്ന മറ്റൊരു പ്രധാന വിഷയം. ധീവര സമുദായത്തില്‍ നിന്നും ലാറ്റിന്‍ കത്തോലിക്കാ സഭയിലേക്കെത്തിയവരും, എണ്ണത്തില്‍ വളരെക്കുറവായ നാടാര്‍ വിഭാഗത്തില്‍പ്പെട്ടവരും സംസ്ഥാനത്ത് നിര്‍ണ്ണായക ശക്തികളായി മാറിക്കഴിഞ്ഞിട്ടുള്ളതൊഴിച്ചാല്‍, മറ്റു പിന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ഇന്നും അതിജീവനത്തിനായി പാടുപെടുകയാണെന്നാണ് പൊതുവെയുള്ള നിരീക്ഷണം. പ്രത്യേകമായി ഒരു രൂപത തന്നെയുള്ള ലത്തീന്‍ കത്തോലിക്കരും, കേരളരാഷ്ട്രീയത്തില്‍ എല്ലായ്പ്പോഴും കൃത്യമായി പ്രതിനിധീകരിക്കപ്പെട്ടിട്ടുള്ള നാടാര്‍ വിഭാഗവും അത്തരത്തില്‍ മുന്നോട്ടു വന്നതിനു കാരണം ആ സമൂഹങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണെന്നാണ് ഷിബി പീറ്ററിന്റെ നിരീക്ഷണം. വോട്ടുബാങ്കുകളായി സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞിട്ടുള്ള ഈ കീഴാള സമൂഹങ്ങളുടെ സ്വയം നിര്‍ണയാവകാശം മറ്റു ദളിത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ആദിവാസി ക്രൈസ്തവരും ഭരണഘടനയുടെ പരിരക്ഷ ലഭിക്കുന്നവരാണ്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവര്‍ മതംമാറിയാലും ആദിവാസി പദവിയും എസ്.ടി സംവരണവും നഷ്ടപ്പെടാത്തതാണ് ഇതിനു കാരണം. തത്വത്തില്‍, കേരള ജനതയുടെ ഇരുപതു ശതമാനത്തോളം വരുന്ന ക്രൈസ്തവ സമൂഹത്തില്‍, അര്‍ഹമായ പ്രാതിനിധ്യവും ആനുകൂല്യങ്ങളും ലഭിക്കാതെ പോകുന്നത് ദളിത് ക്രൈസ്തവര്‍ക്കു മാത്രമാണെന്നു സാരം.

ലത്തീന്‍ കത്തോലിക്കരില്‍ നിന്നും നാടാര്‍ വിഭാഗത്തില്‍ നിന്നും വിഭിന്നമായി, പലയിടത്തായി ചിതറിക്കിടക്കുന്ന സമൂഹങ്ങളാണെന്നതാണ് ദളിത് ക്രൈസ്തവരുടെ പ്രധാന വെല്ലുവിളി. പലപ്പോഴും തെരഞ്ഞെടുപ്പു കാലത്ത് നിര്‍ണ്ണായക ശക്തിയായി മാറാറുണ്ടെങ്കിലും, അര്‍ഹിക്കുന്ന ദൃശ്യത രാഷ്ട്രീയ-സാമൂഹിക വ്യവഹാരങ്ങളില്‍ നേടാനാകാതെ പോകുകയാണ് ദളിത് ക്രൈസ്തവര്‍ക്ക്. സിറിയന്‍ കത്തോലിക്കാ സഭകളുടെ ഭാഗമാണിവര്‍ എന്നതും വിവേചനത്തിന്റെ തോത് പലപ്പോഴും കൂട്ടുന്നു. ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശത്തിന്റെ സാധുതയും അതുതന്നെ. ദളിത് ക്രൈസ്തവരുടെ പ്രാതിനിധ്യത്തില്‍ വരുന്ന പിഴവിനെക്കുറിച്ച് ഷിബി പീറ്ററിന്റെ നിരീക്ഷണം ഇങ്ങനെയാണ്. ‘ലത്തീന്‍ കത്തോലിക്കരേയും നാടാര്‍ വിഭാഗത്തെയും മാറ്റിനിര്‍ത്തിയാല്‍ ആകെ ക്രിസ്ത്യാനികളില്‍ പിന്നെയുള്ളത് കേരളത്തിലെ ജനസംഖ്യയുടെ പതിനാറു ശതമാനമാണ്. ഇവരില്‍ ഈഴവ സമുദായത്തില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തവരുണ്ട്. അപൂര്‍വമായി നായര്‍ വിഭാഗത്തില്‍ നിന്നും മാറിയെത്തിയവരുണ്ട്, ആദിവാസി വിഭാഗത്തിലെ ക്രൈസ്തവരുണ്ട്. ആദിവാസി ക്രൈസ്തവര്‍ ഒരു ശതമാനമായിക്കണ്ട് അവരെയും മാറ്റിനിര്‍ത്താം. അപ്പോള്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍ ബാക്കിയുള്ളത് കേരളത്തിലെ ജനസംഖ്യയുടെ പതിനഞ്ച് ശതമാനമാണ്. ഈ പതിനഞ്ച് ശതമാനമെന്നാല്‍ സിറിയന്‍ കത്തോലിക്കരും ദളിത് ക്രൈസ്തവരുമാണ്. പല അനൗദ്യോഗിക പഠനങ്ങളും സൂചിപ്പിച്ചിരിക്കുന്നത് ദളിത് ക്രൈസ്തവര്‍ ഇതില്‍ ഏഴോ എട്ടോ ശതമാനം വരും എന്നാണ്. അതായത് കേരളത്തിലെ ആകെ ജനസംഖ്യയില്‍ പട്ടികജാതി പദവിയുള്ള ദളിതരുടെ എണ്ണത്തിനൊപ്പം തന്നെ വരും ദളിത് ക്രൈസ്തവരുടെ എണ്ണവും. ഔദ്യോഗിക കണക്കുകള്‍ ഇല്ലാത്തതിനാല്‍ എട്ടു ശതമാനമാണ് ദളിത് ക്രൈസ്തവര്‍ എന്ന് ഏകദേശ കണക്കെടുക്കാം. അത്രതന്നെ വരുന്ന സുറിയാനി ക്രിസ്ത്യാനികളാണ് ഈ ദളിത് ക്രൈസ്തവര്‍ അടക്കമുള്ള സമൂഹത്തെ പ്രതിനിധീകരിക്കുന്നത്. അതായത് എട്ടു ശതമാനമുള്ള സിറിയന്‍ കത്തോലിക്കര്‍ പന്ത്രണ്ട് ശതമാനത്തോളം വരുന്ന മറ്റു വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നു. മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും പൊതുസമൂഹത്തിനും ക്രിസ്ത്യാനികളെന്നാല്‍ സുറിയാനി ക്രിസ്ത്യാനികളാണ് എന്ന ധാരണയാണുള്ളത്. ക്രിസ്ത്യന്‍ സമൂഹത്തെ ഒന്നിച്ചൊരു വിഭാഗമായി കണക്കാക്കരുതെന്നര്‍ത്ഥം. ഹിന്ദുമതത്തിനകത്തുള്ളതിനു സമാനമായി ജാതി ക്രിസ്ത്യാനികളാണ് ഇവിടെയുമുള്ളത്.’

സ്റ്റേറ്റിനോടും സഭയോടും ചെറുത്തുനില്‍ക്കേണ്ടവരുന്നവര്‍

ന്യൂനപക്ഷ പദവിയുടെ ആനുകൂല്യങ്ങള്‍ കൃത്യമായി കൈപ്പറ്റുന്നത് ഏറ്റവും ദൃശ്യതയുള്ള, ക്രിസ്ത്യന്‍ സമൂഹത്തെയാകെ പ്രതിനിധീകരിക്കുന്ന കത്തോലിക്കരാണെന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണ്. എല്ലാ ക്രിസ്ത്യാനികള്‍ക്കും ന്യൂനപക്ഷ പദവിയുണ്ടെങ്കിലും, മേല്‍ത്തട്ടിലുള്ള സിറിയന്‍ കത്തോലിക്കര്‍ക്കാണ് അതിന്റെ ഗുണഫലം അനുഭവിക്കാനാകുന്നത്. ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങളില്‍പ്പോലും ദളിത് ക്രൈസ്തവര്‍ക്ക് അയിത്തമുണ്ട്. സഭയും ദളിത് ക്രൈസ്തവരെ പാടേ തള്ളിക്കളയുകയാണെന്നതിന്റെ ഉദാഹരണം തന്നെയാണിത്. ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിക്കതിലും കത്തോലിക്കരാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും. ഈഴവ ക്രിസ്ത്യാനികള്‍ക്ക് പ്രാതിനിധ്യം കൊടുത്താല്‍പ്പോലും, ദളിത് ക്രൈസ്തവര്‍ ഇവിടങ്ങളിലും പടിക്കു പുറത്തു തന്നെയാണ്. ലഭിക്കുന്നത് പലപ്പോഴും ക്ലാസ് 4 തസ്തികകളിലുള്ള ജോലികളും. രണ്ടു വര്‍ഷം മുന്‍പുള്ള വിവരാവകാശ രേഖകള്‍ പ്രകാരം, കോട്ടയത്തെ സി.എം.എസ് കോളേജില്‍ 72 അധ്യാപക തസ്തികകളില്‍ അറുപതിലേറെയും സിറിയന്‍ കത്തോലിക്കരാണെന്ന് ഷിബി പീറ്റര്‍ പറയുന്നു. ദളിത് ക്രൈസ്തവരായി ആകെ രണ്ടു പേര്‍ മാത്രമാണുണ്ടായിരുന്നത്. ബിഷപ്പിനു പരിചയമുണ്ടായിരുന്നവര്‍ എന്ന നിലയ്ക്കാണ് ആ രണ്ട് ദളിതര്‍ക്ക് സഭയുടെ സ്ഥാപനത്തില്‍ ജോലി കിട്ടിയിരുന്നത്. സ്റ്റേറ്റും സഭയും ഒന്നിച്ച് കൈയൊഴിഞ്ഞ ഒരു വിഭാഗമായാണ് ദളിത് ക്രൈസ്തവരെ കാണേണ്ടതെന്നാണ് അവകാശ പ്രവര്‍ത്തകരുടെയും സംഘടനാ നേതാക്കളുടെയും വാദം.

അതേസമയം, സഭയില്‍ നിന്നും നേരിടുന്ന വിവേചനത്തെ കാര്യമായി പരിഗണിക്കാതെ, സര്‍ക്കാര്‍ തലത്തിലുള്ള കൈയൊഴിയലിന്റെ മാത്രം പരാമര്‍ശിച്ചുകൊണ്ടാണ് കെ.സി.ബി.സിയുടെ ദളിത് വിഭാഗമായ ഡി.സി.എം.എസ് സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവങ്കലിന്റെ പ്രതികരണം. ‘ബുദ്ധമതത്തിലോ സിഖ് മതത്തിലോ ജാതീയമായ വിവേചനം ഉണ്ടായതു കൊണ്ടാണോ പട്ടികജാതി സംവരണം അവര്‍ക്കു കൊടുത്തിരിക്കുന്നത്? അപ്പോള്‍പ്പിന്നെ സഭയ്ക്കകത്ത് വിവേചനമുണ്ടോ എന്ന ചോദ്യത്തില്‍ കാര്യമില്ലല്ലോ. കാക്ക കലേക്കര്‍ കമ്മീഷന്‍ മുതല്‍ രംഗനാഥമിശ്ര കമ്മീഷന്‍ വരെയുള്ളവര്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകളെല്ലാം ദളിത് ക്രൈസ്തവരെ പട്ടികജാതി ലിസ്റ്റിലുള്‍പ്പെടുത്തി സംവരണം ഉറപ്പാക്കണം എന്ന നിര്‍ദ്ദേശമാണ് മുന്നോട്ടു വയ്ക്കുന്നത്. 2004 മുതല്‍ സുപ്രീം കോടതിയില്‍ നടക്കുന്ന കേസും രംഗനാഥമിശ്ര കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ്. ദളിത് ക്രിസ്ത്യാനികളെ പരിധിയില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റില്‍ ബില്ലു പോലും വന്നിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം അത് അവതരിപ്പിക്കാന്‍ സാധിച്ചില്ല. ഒരു പൗരന് ഇന്ത്യന്‍ ഭരണഘടനപ്രകാരം ലഭിക്കേണ്ട അവകാശങ്ങളെക്കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. മതവിശ്വാസത്തിന്റെ പേരില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല.’

ദളിതര്‍ ഒന്നിക്കും, കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറും

ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യങ്ങളിലൊന്ന്, ദളിത് ക്രൈസ്തവരെ സാമ്പത്തിക സംവരണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നതാണ്. എന്നാല്‍, ഈ നിര്‍ദ്ദേശത്തെ നിരാകരിക്കുകയാണ് ദളിതരും അവകാശ പ്രവര്‍ത്തകരും. തങ്ങള്‍ക്കാവശ്യം സാമ്പത്തിക സംവരണമല്ല, മറിച്ച്, നൂറ്റാണ്ടുകളോളം തങ്ങളുടെ പൂര്‍വികര്‍ അനുഭവിച്ചു പോന്ന അയിത്തത്തെയും അടിമത്തത്തെയും അഭിസംബോധന ചെയ്യുന്ന തരത്തിലുള്ള പട്ടികജാതി സംവരണമാണെന്ന് ജയിംസ് ഇലവങ്കല്‍ പറയുന്നു. മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ അവകാശങ്ങള്‍ ഹനിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ജയിംസ് ചൂണ്ടിക്കാട്ടുന്നുണ്ട്. സഭയ്ക്കകത്ത് ചൂഷണം അനുഭവിക്കുന്ന ദളിത് ക്രൈസ്തവരോട് സഭ വിട്ടു പുറത്തു വന്നുകൂടേ എന്നു ചോദിക്കുന്നതും ഇതേ വിശ്വാസത്തെ ഹനിക്കുന്നതിനു തുല്യമാണെന്ന അഭിപ്രായവും അവകാശ പ്രവര്‍ത്തകര്‍ക്കുണ്ട്. ദളിത് ക്രൈസ്തവരുടെ വിശ്വാസപരമായ അവകാശങ്ങള്‍ കൂടിയാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും, മതവിശ്വാസത്തില്‍ നിന്നും പുറത്തു വന്നാലേ പട്ടികജാതി പദവി ലഭിക്കൂ എന്ന വാദം ഭരണഘടനാ വിരുദ്ധമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

‘ദളിത് ക്രൈസ്തവരുടെ സംവരണവിഷയം വലിയ രാഷ്ട്രീയ പ്രാധാന്യമുള്ള കാര്യം തന്നെയാണ്. കേരളത്തില്‍ ദളിത് ക്രൈസ്തവര്‍ക്ക് സംവരണം കിട്ടിയാല്‍ അത് പലതരത്തിലാണ് വിവിധ സമുദായങ്ങളെ സ്വാധീനിക്കുക. ഭൂരിഭാഗം ദളിതരും പട്ടികജാതി എന്ന പദവിയില്‍, ഹിന്ദുക്കളായിട്ടാണല്ലോ നില്‍ക്കുന്നത്. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വച്ച് അവരില്‍ വലിയൊരു വിഭാഗത്തിന് ഹിന്ദുമതത്തോട് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ക്രൈസ്തവ മതത്തിലെ ദളിതര്‍ക്കു കൂടി പട്ടികജാതി പദവി ലഭ്യമാക്കിയാല്‍ വലിയൊരു ഒഴുക്കു തന്നെ മതത്തിലേക്കുണ്ടാകും. പട്ടികജാതി പദവി മാത്രമാണ് മിക്കപ്പോഴും മതത്തെ തെരഞ്ഞെടുക്കാനുള്ള ദളിതരുടെ അവകാശത്തെ തടയുന്നത്. ഒന്നുകില്‍ ഓരോ സഭകളിലെയും ദളിതര്‍ക്ക് അതാത് സഭകള്‍ തന്നെ സംവരണം പ്രഖ്യാപിക്കുക. അപ്പോഴും ജാതി തിരിച്ചുള്ള സെന്‍സസ് ആദ്യം നടക്കണം. അങ്ങനെ സഭകള്‍ക്ക് പ്രത്യേകം സംവരണം നടപ്പാക്കാന്‍ സാധിച്ചാല്‍ സ്റ്റേറ്റിന്റെ പിന്‍ബലമില്ലാതെ തന്നെ ദളിത് ക്രൈസ്തവര്‍ക്ക് പിടിച്ചുനില്‍ക്കാനാകും. സ്റ്റേറ്റും സഭയും ചേര്‍ന്ന് അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കുകയാണ് ചെയ്യുന്നത്. ദളിത് ക്രൈസ്തവരുടെ സംവരണകാര്യത്തില്‍ ആര്‍.എസ്.എസിന്റെയും ക്രൈസ്തവ സഭകളുടെയും മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയുമെല്ലാം നിലപാട് ഒന്നുതന്നെയാണ്. അതുകൊണ്ടാണല്ലോ സഭകള്‍ സാമ്പത്തിക സംവരണത്തിനു വേണ്ടി വാദിക്കുന്നത്. ദളിതര്‍ക്ക് വേണ്ടത് സാമ്പത്തിക സംവരണമല്ല. അടിമത്തത്തില്‍ നിന്നും പുറത്തു കടക്കാന്‍ വേണ്ടിത്തന്നെയാണ് ദളിതര്‍ പരിവര്‍ത്തനപ്പെടുന്നത്. ദളിത് ക്രൈസ്തവരും ദളിത് ഹിന്ദുക്കളും കൂടിച്ചേര്‍ന്നാല്‍, അത് ഏകദേശം ജനസംഖ്യയുടെ പതിനഞ്ചോ പതിനാലോ ശതമാനത്തിനു മേലെ പോകും. പട്ടികജാതിയില്‍പ്പെട്ടവരും, ഇപ്പോഴത്തെ ദളിത് ക്രൈസ്തവരും മുസ്ലിങ്ങളുമെല്ലാം ചേര്‍ന്ന് ഒരു പ്ലാറ്റ്ഫോം ഉണ്ടാക്കിയാല്‍, ഇപ്പോഴത്തെ രാഷ്ട്രീയ സമവാക്യങ്ങള്‍ തന്നെ മാറ്റി മറിക്കപ്പെടും. രാഷ്ട്രീയപ്പാര്‍ട്ടികളും സംവരണത്തിനായി വാദിക്കാത്തത് അതുകൊണ്ടാണ്.’ ഷിബി പറയുന്നു.

കെ.സി.ബി.സി അടക്കമുള്ളവര്‍ സഭയ്ക്കകത്തെ വിവേചനത്തെ വേണ്ടവിധത്തില്‍ അഭിസംബോധന ചെയ്യാത്തതിന്റെ പശ്ചാത്തലത്തില്‍ത്തന്നെയാണ് അവകാശ പ്രവര്‍ത്തകന്‍ കെ.കെ സുരേഷിന്റെ പ്രസ്താവന പ്രധാനമാകുന്നത്. ‘ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ തങ്ങള്‍ക്കു ലഭിക്കേണ്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്നതിന്റെ ഉത്തരവാദികള്‍ സഭാ നേതൃത്വമാണെന്ന് വിശ്വാസികള്‍ മനസ്സിലാക്കണം. ആത്മീയതയുടെ മൂടുപടമണിഞ്ഞ് ഭൗതികതയുടെ സമസ്ത മേഖലയും കൈയടക്കി വലിയൊരു വിശ്വാസ സമൂഹത്തെ ഇരുട്ടിലൂടെ നടത്തി ക്രിസ്തുവിന്റെ വെളിച്ചം ദൂരെയാണെന്നു പറയുന്നതിലെ കാപട്യം ക്രൈസ്തവ വിശ്വാസത്തിന് അപമാനകരമാണ്’ എന്നാണ് കെ.കെ. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പിലെ പരാമര്‍ശം. ഇത്തരം പ്രതിരോധങ്ങള്‍ ഉണ്ടാകുകയും, സഭയും സ്റ്റേറ്റും ഒരുപോലെ ഉത്തരവാദികളായ ജാതിവിവേചനമാണ് ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്നത് എന്ന് വ്യക്തമാകുകയും ചെയ്യുന്നതിലൂടെയേ ഈ വിഷയത്തിന് പരിഹാരമുണ്ടാകുകയുള്ളൂ. ദേശീയ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകള്‍ ഈ വിഷയം പരിഗണിച്ചു തുടങ്ങിയെന്നത് ദളിത് ക്രൈസ്തവരുടെ വര്‍ഷങ്ങളായുള്ള പോരാട്ടത്തിന്റെ വിജയമായിത്തന്നെ കാണേണ്ടതുമുണ്ട്.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍