UPDATES

മലബാറികളായി തന്നെ ജീവിക്കുന്നു, നാട് അവര്‍ക്ക് ദ്വീപാണ്; അന്തമാനിലെ മാപ്പിളമാര്‍ക്ക് കേരളം സന്തോഷമുള്ളൊരു ബന്ധുവീട്

അമ്പതോളം വരുന്ന അന്തമാന്‍ സ്വദേശികളായ മലയാളികള്‍ കഴിഞ്ഞ രണ്ടു ദിവസമായി മലപ്പുറത്ത് മഞ്ചേരിയില്‍ എസ്.കെ.എസ്.എസ്.എഫ് കാരക്കുന്ന് യൂണിറ്റിന്റെ അതിഥികളായി താമസിക്കുകയാണ്

ശ്രീഷ്മ

ശ്രീഷ്മ

ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളുടെ ആദ്യ വര്‍ഷങ്ങളില്‍, കേട്ടറിവു മാത്രമുള്ള അന്തമാന്‍ എന്ന ദ്വീപിലേക്ക് ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കൊപ്പം കാലെടുത്തുവയ്ക്കുമ്പോള്‍, നൂറ്റാണ്ടു നീണ്ടു നില്‍ക്കാനുള്ള ചരിത്രമാണ് താന്‍ സൃഷ്ടിക്കുന്നതെന്ന് തൂതക്കാരന്‍ ചക്കുപുരയ്ക്കല്‍ കുട്ടിഹസ്സന്‍ കരുതിയിരിക്കില്ല. അന്ന് ഇരുപത്തിയൊന്നുകാരനായിരുന്ന കുട്ടിഹസ്സനും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് അന്തമാനില്‍ പിന്നീട് രൂപപ്പെടുത്തിയെടുത്തത് ഒരു സമാന്തര സംസ്‌കാരമായിരുന്നു. 1921ലെ മലബാര്‍ കലാപത്തിലും മാപ്പിള ലഹളയിലും പങ്കെടുത്തതിന്റെ പേരില്‍ തടവുകാരായി അന്തമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലെത്തിയ ആദ്യ മാപ്പിളമാരിലൊരാളായിരുന്നു കുട്ടിഹസ്സന്‍. ചങ്ങലയില്‍ ബന്ധിച്ചും, കൊടിയ മര്‍ദ്ദനത്തിനിരയാക്കിയും പട്ടിണിക്കിട്ടുമെല്ലാം പലവിധത്തില്‍ ബ്രിട്ടീഷുകാര്‍ ഉപദ്രവിച്ചെങ്കിലും, എല്ലാം അതിജീവിച്ച് കടന്നുവന്ന ചുരുക്കം ചിലരിലൊരാള്‍. പിന്നീട് അന്തമാനിലെ മാപ്പിള സമൂഹമായി വളര്‍ന്നു വന്ന, ഒട്ടും ചെറുതല്ലാത്ത ഒരു ജനതയുടെ ആദ്യതലമുറക്കാരന്‍.

കുട്ടിഹസ്സന്റെ മകന്‍, എഴുപതുകള്‍ കടന്ന മൊയ്തീന്‍കുട്ടി ഇപ്പോള്‍ കേരളത്തിലുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം, തങ്ങളുടെ വേരുകളുറങ്ങുന്ന മലബാറിന്റെ മണ്ണിലെത്തിയ സന്തോഷത്തിലാണ് മൊയ്തീന്‍കുട്ടി. മൊയ്തീനടക്കം അമ്പതോളം വരുന്ന അന്തമാന്‍ സ്വദേശികളായ മലയാളികള്‍ കഴിഞ്ഞ രണ്ടു ദിവസമായി മലപ്പുറത്ത് മഞ്ചേരിയില്‍ എസ്.കെ.എസ്.എസ്.എഫ് കാരക്കുന്ന് യൂണിറ്റിന്റെ അതിഥികളായി താമസിക്കുകയാണ്. പതിറ്റാണ്ടുകള്‍ സൃഷ്ടിച്ച വിടവ് ഭാഷയിലോ സംസ്‌കാരത്തിലോ ഇല്ലാതെ തങ്ങളുടെ ഭൂതകാലത്തെക്കുറിച്ച് സംസാരിക്കുകയാണിവര്‍. അന്തമാനില്‍ നിന്നും കേരളം ആദ്യമായി കാണാനെത്തിയ വിദേശികളായി തങ്ങളെ കാണേണ്ടതില്ലെന്നു വിശദീകരിച്ചുകൊണ്ടാണ് കൂട്ടത്തിലെ ഇളമുറക്കാരനായ ഇസ്മായില്‍ സംസാരിച്ചു തുടങ്ങിയത്. ‘അന്തമാനില്‍ നിന്നും ആദ്യമായി കേരളം കാണാനെത്തിയതാണ് എന്നൊന്നും വിചാരിക്കല്ലേ. ഇത് ഞങ്ങളുടെ ആരുടേയും ആദ്യത്തെ വരവല്ല. വര്‍ഷങ്ങളായി അന്തമാനിലാണ് താമസിക്കുന്നതെങ്കിലും കേരളവുമായുള്ള ബന്ധം ആരും വിട്ടിട്ടില്ല. പലര്‍ക്കും ഇവിടെ അടുത്ത ബന്ധുക്കളുണ്ട്. വര്‍ഷത്തില്‍ രണ്ടു തവണയൊക്കെ ഇങ്ങോട്ട് വരുന്നവരുണ്ട്. എന്തിന്, മാസത്തിലൊരിക്കല്‍ കേരളത്തില്‍ വരുന്നവര്‍ പോലുമുണ്ട്. എന്റെ കാര്യമെടുത്താല്‍, ഞാന്‍ പത്തുവര്‍ഷക്കാലത്തോളം പഠിച്ചത് ഇവിടെയാണ്. ഉമ്മയുടെ സഹോദരങ്ങളടക്കം ധാരാളം ബന്ധുക്കളുമുണ്ട്.’

മലബാര്‍ കലാപം എന്ന വംശഹത്യയും മാപ്പിളമാരുടെ ജയില്‍ ദിനങ്ങളും

മൊയ്തീന്‍ കുട്ടിയുടെ ബാപ്പയും, ഇസ്മായിലിന്റെ വല്യുപ്പയും, അലിയുടെ വല്യുപ്പയുടെ ബാപ്പയുമെല്ലാം 1921ലെ മലബാര്‍ കലാപം എന്നറിയപ്പെടുന്ന സമരപരമ്പരയുടെ ഭാഗമായി ബ്രിട്ടീഷുകാരുടെ കൈയില്‍ അകപ്പെട്ടവരാണ്. വീടുകളില്‍ച്ചെന്ന് കസ്റ്റഡിയിലെടുത്തും, പാടത്ത് പണിയെടുക്കുന്നതിനിടെ വന്ന് കൂട്ടിക്കൊണ്ടുപോയും, ഹാജര്‍ വയ്ക്കാന്‍ എന്ന പേരില്‍ കച്ചേരികളിലേക്ക് വിളിപ്പിച്ചുമെല്ലാം ഇവരെ അന്ന് ബ്രിട്ടീഷുകാര്‍ അറസ്റ്റു ചെയ്തു കൂട്ടത്തോടെ മാറ്റി. മലപ്പുറത്തെയും പാലക്കാട്ടെയും കോഴിക്കോട്ടെയും ആരോഗ്യവാന്മാരായ മുസ്ലിം യുവാക്കളയെല്ലാം, സമരവുമായി ബന്ധമുണ്ടോ ഇല്ലയോ എന്നു പോലും നോക്കാതെ ഒന്നടങ്കമാണ് ബ്രിട്ടീഷ് പട്ടാളക്കാര്‍ കൈയാമം വച്ചത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടീഷ് ഭരണത്തിന് ഏറ്റവും വലിയ വെല്ലുവിളിയുയര്‍ത്തിയ സമരം എന്ന നിലയില്‍, മലബാര്‍ ‘കലാപ’ത്തെയും അതിന്റെ ചുവടുപിടിച്ച് ഉണ്ടാകാന്‍ സാധ്യതയുണ്ടായിരുന്ന മറ്റെല്ലാ പ്രതിരോധങ്ങളെയും ഇല്ലായ്മ ചെയ്യുക എന്നതു തന്നെയായിരുന്നു ലക്ഷ്യം. ചരിത്രകാരന്മാര്‍ ഇന്ന് വംശഹത്യയ്ക്കു സമാനമായ അതിക്രമമായിത്തന്നെ കണക്കാക്കുന്ന ഈ നീക്കത്തില്‍, മാപ്പിള യുവാക്കളെല്ലാം ഒന്നടങ്കം ബ്രിട്ടീഷുകാരുടെ തടവുപുള്ളികളായി മാറുകയായിരുന്നു.

പലയിടങ്ങളില്‍ നിന്നായി തടവിലാക്കിയ മലബാറുകാരെ ചങ്ങലയ്ക്കിട്ട് കൊണ്ടുവന്നത് അന്തമാനിലെ കുപ്രസിദ്ധമായ സെല്ലുലാര്‍ ജയിലിലേക്കായിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിന്റെ ആദ്യ കാലം മുതല്‍ക്കുതന്നെ, കോളനികളില്‍ നിന്നുള്ള കുറ്റവാളികളെ നാടുകടത്തിയിരുന്ന അന്തമാന്‍ ദ്വീപിലേക്ക് അങ്ങനെയാണ് തങ്ങളുടെ പൂര്‍വപിതാക്കള്‍ എത്തിപ്പെട്ടതെന്ന് ഇവര്‍ പറയുന്നു. കൂട്ടത്തില്‍ മുതിര്‍ന്നയാളായ മൊയ്തീന്‍ കുട്ടി പോലും ജനിച്ചത് അന്തമാനിലാണ്. ഇവരുടെ ഓര്‍മകളെല്ലാം അന്തമാനുമായി ബന്ധപ്പെട്ടതും. എങ്കിലും, ബാപ്പയും വല്യുപ്പയും നേരിട്ട യാതനകളുടെ കഥകള്‍ തലമുറകള്‍ മാറിമാറി പറഞ്ഞുകേട്ടു തന്നെയാണ് ഇവര്‍ വളര്‍ന്നിട്ടുള്ളത്. ‘ബാപ്പ, ബാപ്പയുടെ ജ്യേഷ്ഠന്‍, അനുജന്‍ എന്നിവരെ ഹാജരിനു വിളിക്കുകയാണ് എന്നുപറഞ്ഞാണ് തൂതയിലെ വീട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുപോയത്. ആ ഹാജര്‍ പിന്നെ വച്ചത് അന്തമാനിലാണെന്നു മാത്രം. ആളുകളെ പിടികൂടാനുള്ള അടവായിരുന്നു അതെല്ലാം. പോകുന്ന വഴിയില്‍ വച്ച് ബാപ്പയുടെ അനുജന്‍ മരിച്ചു. ബാക്കിയുള്ളവരെയെല്ലാം അന്തമാനില്‍ കുറച്ചുകാലം ജയിലിലിട്ടു. പിന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ പുറത്തുവിടുകയും ചെയ്തു. കൈതി(തടവുകാരന്‍) തന്നെ, പക്ഷേ, പുറത്തുള്ള ജോലികള്‍ ചെയ്യാം. പുറത്തുവിട്ടാലും എവിടേയ്ക്കും പോകാന്‍ പറ്റില്ലല്ലോ. ചുറ്റും കടലല്ലേ. ഇരുപതു കൊല്ലം ശിക്ഷയായിരുന്നു വിധിച്ചത്. പക്ഷേ അത്രയ്‌ക്കൊന്നും കിടന്നിട്ടില്ല.’ മൊയ്തീന്‍കുട്ടി പറയുന്നു.

ഫ്രീ പ്രിസണര്‍ എന്ന നിലയ്ക്കായിരുന്നു സെല്ലുലാര്‍ ജയിലിലെ തടവുകാരെ പുറത്തുവിട്ടിരുന്നത്. തടവുപുള്ളിയാണെന്നു സൂചിപ്പിക്കുന്ന ഒരു നമ്പര്‍ കഴുത്തില്‍ കെട്ടിത്തൂക്കി, ജയിലിനു പുറത്തുള്ള ജോലികള്‍ ചെയ്ത് ഭാഗികമായ സ്വാതന്ത്ര്യത്തില്‍ ജീവിക്കാം. പുറത്തുവന്നാലും ചെയ്യേണ്ടത് ബ്രിട്ടീഷ് പട്ടാളത്തിനും ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള ജോലിയാണെന്നു മാത്രം. അന്തമാനിലെ കൃഷിയിടങ്ങള്‍ തയ്യാറാക്കാനും, നഗരം കെട്ടിപ്പടുക്കാനും, റോസ് ഐലന്റ് എന്ന സുഖവാസദ്വീപ് പണിതീര്‍ക്കാനും, അപകടകാരികളായ ജറവ ഗോത്രവിഭാഗക്കാരോട് എതിരിട്ട് വനപ്രദേശങ്ങള്‍ കൈയേറാനുമെല്ലാം സെല്ലുലാര്‍ ജയിലിലെ മാപ്പിള തടവുകാരും വിയര്‍പ്പൊഴുക്കിയിട്ടുണ്ട്. സ്വാതന്ത്ര്യമോ ഇന്ത്യയിലേക്ക് മടങ്ങിപ്പോക്കോ എന്ന രണ്ട് ഉപാധികള്‍ വച്ചാല്‍, തടവുകാരെല്ലാം ആദ്യത്തേതേ തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ളൂ എന്നും, ഇവരെ അന്തമാനില്‍ത്തന്നെ നിലനിര്‍ത്തി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടക്കമുള്ളവയ്ക്കായി ഉപയോഗപ്പെടുത്താനാകുമെന്നും 1931ല്‍ അന്തമാനില്‍ നടത്തിയ സെന്‍സസിന്റെ റിപ്പോര്‍ട്ടിലെ നാലാമത്തെ അധ്യായത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അന്തമാനില്‍ മാപ്പിള സമൂഹങ്ങള്‍ രൂപപ്പെട്ടുവരാനുള്ള കാരണമായി കാലിക്കറ്റ് സര്‍വകലാശാലയിലെ ചരിത്രാധ്യാപകനും മലബാര്‍ കലാപത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നയാളുമായ പി. ശിവദാസന്‍ ചൂണ്ടിക്കാട്ടുന്നതും ഇതേ സെന്‍സസ് റിപ്പോര്‍ട്ട് തന്നെ.

‘1931ല്‍ അന്തമാനിലെ സെന്‍സസ് നടന്നപ്പോള്‍, അതിന്റെയൊപ്പം ഒരു സൈക്കോളജിക്കല്‍ സര്‍വേയും നടന്നിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ പേരില്‍ നാടുകടത്തപ്പെട്ട ജനവിഭാഗത്തിന്റെ ജീവിതവും, അവര്‍ക്കുണ്ടായിരിക്കുന്ന മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചുമെല്ലാം അതില്‍ പരാമര്‍ശമുണ്ടായിരുന്നു. പുരുഷന്മാരെയാണല്ലോ പ്രധാനമായും നാടു കടത്തി കൊണ്ടുവന്നത്. അവര്‍ക്കിടയില്‍ സ്ത്രീ എന്നത് ഒരു അപൂര്‍വ വിഭാഗമായി മാറി. വീട്ടില്‍ പെണ്‍കുട്ടി ജനിച്ചാല്‍ അതില്‍ അത്യാഹ്ലാദമുണ്ടാകുമായിരുന്നു. പെണ്‍കുട്ടി ജനിച്ചാല്‍ പിന്നെ ആ വീട്ടിലെ പുരുഷന്‍ ജോലിക്കു പോലും പോകേണ്ടതില്ലായിരുന്നു. കുട്ടി വളര്‍ന്നു പ്രായമെത്തുമ്പോഴേക്കും വലിയ മഹര്‍ നല്‍കി വിവാഹം ചെയ്യാന്‍ ആളുകള്‍ വരുമായിരുന്നു. ഇത്തരമൊരു സന്തുലിതമല്ലാത്ത അവസ്ഥ തടവുകാരില്‍ മാനസികപ്രശ്‌നങ്ങളുണ്ടാക്കുന്നതായായിരുന്നു കണ്ടെത്തല്‍. അക്കാലയളവില്‍ത്തന്നെ, ബ്രിട്ടീഷ് കോളനികളിലുള്ള ഇത്തരം ജയിലുകളെക്കുറിച്ചും, അവിടങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചകളും ഉയര്‍ന്നുതുടങ്ങി. ലേബര്‍പാര്‍ട്ടിക്കാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ത്തന്നെ എതിരഭിപ്രായങ്ങളുയര്‍ത്തി. അഭിമാനവും സല്‍പ്പേരും സംരക്ഷിക്കുക എന്നത് ബ്രിട്ടന് അത്യാവശ്യമായി വന്നു. അങ്ങിനെയാണ് 1930കള്‍ക്കു ശേഷം തടവുകാർക്ക് കുടുംബങ്ങളെ കൂടെ കൊണ്ടുപോകാനുള്ള വഴിയൊരുങ്ങുന്നത്. പട്ടാളത്തിന്റെ ചെലവില്‍ത്തന്നെ തടവുകാരെ നാട്ടില്‍ കൊണ്ടുവന്ന് വീട്ടുകാരെ കണ്ട് സംസാരിച്ച്, കൂടെ ചെല്ലാന്‍ ഭാര്യമാരും കുട്ടികളും തയ്യാറാണെങ്കില്‍ അപ്പോള്‍ത്തന്നെ കൊണ്ടുപോകാനും സൗകര്യം ചെയ്തിരുന്നു.’

പുഴുക്കളെ ഭക്ഷിച്ചും ജറവകളെ എതിരിട്ടും മലബാര്‍ മാപ്പിളമാര്‍ നടന്ന വഴികള്‍

പതിയെപ്പതിയെ ഇങ്ങനെ കൂടുതല്‍ കുടുംബങ്ങള്‍ മലബാറില്‍ നിന്നും അന്തമാനിലെത്തിത്തുടങ്ങി. പല ഭാര്യമാരും ദ്വീപിലെ കഷ്ടതകളെക്കുറിച്ച് അറിവുള്ളതിനാല്‍ ഒപ്പം പോകാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍, കുടുംബത്തോടൊപ്പം അന്തമാനിലെത്തിയവര്‍ പതിയെ അവിടെ പലയിടത്തായി താമസമാക്കി. അങ്ങിനെ അന്തമാനിലെത്തിയ കുടുംബത്തില്‍ നിന്നുമുള്ള ഒരു പെണ്‍കുട്ടിയെ മൊയ്തീന്‍കുട്ടിയുടെ ബാപ്പ കുട്ടിഹസ്സന്‍ വിവാഹവും ചെയ്തു. ‘ബാപ്പ പിന്നീട് കുറച്ചുകാലത്തേക്ക് നാട്ടിലേക്ക് പോന്നിരുന്നു. എന്റെ മൂത്ത സഹോദരനൊക്കെ ഇവിടെയാണ് ജനിച്ചത്. തൂതപ്പാലത്തിന്റെ പണി നടക്കുന്ന കാലത്താണത്. പാലം പണിയ്ക്ക് ബാപ്പയും പോയിരുന്നു, ജോലിക്കാരനായിട്ട്. പിന്നെയും കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഇവിടെ നിന്നും എന്നെന്നേക്കുമായി അന്തമാനിലേക്കു തന്നെ തിരിച്ചുപോകുകയാണ് ചെയ്തത്. ഞാന്‍ ജനിച്ചത് അന്തമാനിലാണ്.‘ മൊയ്തീന്‍കുട്ടിയുടെ ബാപ്പ മാത്രമല്ല, ഫ്രീ പ്രിസണ്‍ കാലം കഴിഞ്ഞ പലരും നാട്ടിലേക്ക് തിരികെച്ചെല്ലാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അന്തമാനിലാണ് കൂടുതല്‍ മെച്ചപ്പെട്ട ജീവിതം എന്നു തിരിച്ചറിഞ്ഞിട്ടോ മറ്റോ, മിക്ക പേരും അങ്ങോട്ടുതന്നെ സ്വയം പറിച്ചു നടുകയാണ് ചെയ്തത്. ജയിലില്‍ മര്‍ദ്ദനം സഹിച്ചു ജീവിച്ച നാളുകളുടെ ഇടവേളയ്ക്കുള്ളില്‍ വീടും വീട്ടുകാരും നഷ്ടപ്പെട്ടുപോയവരായിരുന്നു അന്തമാനില്‍ത്തന്നെ തുടര്‍ന്നവരില്‍ പലരും. തിരികെ നാട്ടിലെത്തിയപ്പോള്‍ സ്വത്തുക്കള്‍ സഹോദരങ്ങള്‍ കൈക്കലാക്കിയത് കണ്ടവരും, ബന്ധങ്ങള്‍ മുറിഞ്ഞുപോയവരുമെല്ലാം വീണ്ടും വീണ്ടും അന്തമാനിലേക്കു തന്നെ കപ്പല്‍ കയറി.

ഫ്രീ പ്രിസണിലെ തടവുകാര്‍ക്കും, നിശ്ചിത കാലത്തെ സെല്ലുലാര്‍ പീഡനങ്ങള്‍ അനുഭവിച്ചവര്‍ക്കുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ പീനല്‍ സെറ്റില്‍മെന്റുകള്‍ ഒരുക്കിയിരുന്നു. നാലും അഞ്ചും ഏക്കര്‍ വരെ ഇങ്ങനെ മലബാറിലെ മാപ്പിളമാര്‍ക്ക് അന്തമാനില്‍ പതിച്ചു കിട്ടി. അവിടങ്ങളില്‍ ചെറിയ വീടുകള്‍ വച്ച് അവര്‍ സമൂഹജീവിതവും ആരംഭിച്ചു. പീനല്‍ സെറ്റില്‍മെന്റുകളായി ചില വില്ലേജുകള്‍ തന്നെ എഴുതിക്കൊടുത്ത ബ്രിട്ടീഷുകാര്‍, മാപ്പിളമാരുടെ മതപരമായ ആവശ്യങ്ങള്‍ക്കായി ഇവിടങ്ങളില്‍ പള്ളികളും സ്വന്തം ചെലവില്‍ പണിതു കൊടുത്തു. കേരളത്തിലെയും മറ്റും ബ്രിട്ടീഷുദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടാണ് ഇതു ചെയ്തതെന്ന് ഇവര്‍ പറയുന്നുണ്ട്. എന്നാല്‍, സെറ്റില്‍മെന്റുകളില്‍ തടവുപുള്ളികളെ പിടിച്ചുനിര്‍ത്താനും, കാലാകാലത്തോളം ഈ സമൂഹത്തെ അന്തമാനിലെ ജോലികള്‍ ചെയ്തു ജീവിക്കുന്നവരായി മാറ്റാമെന്നുമുള്ള നിരീക്ഷണങ്ങളാണ് ബ്രിട്ടീഷ് ഭരണകൂടം പല രേഖകളിലും മുന്നോട്ടുവച്ചിട്ടുള്ളത്. സെല്ലുലാര്‍ ജയിലിലെ കൊടിയ അനുഭവങ്ങള്‍ പതിയെ മറന്നുവരുന്നതിനിടെയാണ് ഇവരെത്തേടി ദ്വീപിന്റെ ജപ്പാനീസ് അധിനിവേശ കാലം എത്തുന്നത്. പാതി അരിയും പാതി പുഴുവുമുള്ള ചോറ്, പുഴുവിനെയടക്കം കഴിച്ച് വിശപ്പകറ്റേണ്ടിവന്നിട്ടും അതിജീവിച്ചവരെ പക്ഷേ, ജപ്പാനീസ് സൈന്യം കണക്കില്‍ക്കവിഞ്ഞ് ഉപദ്രവിക്കുകയായിരുന്നുവെന്ന് അലി പറയുന്നു.

‘ജപ്പാനീസ് ഭരണത്തില്‍ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്. വിവാഹം കഴിക്കാത്ത ചോരത്തിളപ്പുള്ള ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോകുമായിരുന്നു. അതില്ലാതിരിക്കാന്‍ ചെറുപ്പക്കാരെയെല്ലാം പെട്ടെന്ന് വിവാഹം കഴിപ്പിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. കുടുംബമുള്ളവരാണെങ്കില്‍ അവര്‍ കൊണ്ടുപോകില്ല. കൊണ്ടുപോയാല്‍പ്പിന്നെ എല്ലുമുറിയുന്നവരെ ജോലി ചെയ്യിക്കും. പറയുന്ന ജോലിയൊക്കെ ചെയ്യണം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമാണ് വീണ്ടും ബ്രിട്ടീഷുകാര്‍ വരുന്നത്. അവര്‍ തന്നെ പൈസ തന്നിട്ടാണ് പള്ളിയൊക്കെ വയ്ക്കുന്നത്.’ പലരും സ്വമേധയാ ഐ.എന്‍.എയുടെ ഭടന്മാരായി പോകുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യത്തിലേക്കുള്ള വഴി തന്നെയായിരുന്നു അടിസ്ഥാനപരമായി അവരുടെ ആവശ്യം. ഇത്രയേറെ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലായിരുന്നു ജറവ ഗോത്രവിഭാഗക്കാരുമായുള്ള ഏറ്റുമുട്ടലുകള്‍. അടുത്തകാലം വരെ വിവസ്ത്രരായും സാമൂഹിക ജീവിതമില്ലാതെയും വനപ്രദേശത്ത് ജീവിച്ചിരുന്നവരാണ് ജറവകള്‍. അതിക്രമിച്ചു കടക്കുന്നരെ യാതൊരു ദയാദാക്ഷിണ്യമില്ലാതെ കൊന്നുതള്ളുന്ന ആദിമവിഭാഗക്കാരാണിവര്‍. അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന സെന്റിനല്‍ ഈസ്റ്റ് ദ്വീപിലെ ഗോത്രവര്‍ഗ്ഗക്കാരുള്ളതും അന്തമാനില്‍ത്തന്നെ. ജറവകള്‍ എല്ലായിടത്തും വിഹരിച്ചിരുന്ന കാലത്ത്, അവരുടെ വനഭൂമികള്‍ കൈവശപ്പെടുത്താനും മറ്റും ബ്രിട്ടീഷുകാര്‍ മാപ്പിളമാരെ ഉപയോഗിച്ചിരുന്നുവെന്നും വാദമുണ്ട്. എത്രയോ പേര്‍ക്ക് അങ്ങിനെയും ജീവന്‍ നഷ്ടപ്പെട്ടു. എണ്ണിയാലൊടുങ്ങാത്ത പ്രതിസന്ധികള്‍ തരണം ചെയ്താണ് മലബാറിലെ മാപ്പിള സമൂഹം അന്തമാനില്‍ കാലുറപ്പിച്ചതെന്ന് സാരം.

മലപ്പുറം, മഞ്ചേരി, കാലിക്കറ്റ് – അന്തമാനിലെ കൊച്ചു മലബാര്‍

അന്തമാനിലുമുണ്ട് ഒരു മലപ്പുറം. മണ്ണാര്‍ക്കാട് പഞ്ചായത്തില്‍പ്പെടുന്ന ഒരു ചെറുഗ്രാമമാണത്. മണ്ണാര്‍ക്കാടും മലപ്പുറവും മാത്രമല്ല, മഞ്ചേരി, നിലമ്പൂര്‍, തിരൂര്‍, കാലിക്കറ്റ് എന്നിങ്ങനെ എവിടെ നിന്നെല്ലാം തടവുകാര്‍ എത്തിയിട്ടുണ്ടോ, അവിടത്തെ സ്ഥലപ്പേരുകളെല്ലാം അന്തമാനിലുമുണ്ട്. തിരികെ നാട്ടിലേക്ക് പോയില്ലെങ്കിലും, ബ്രിട്ടീഷുകാര്‍ തങ്ങള്‍ക്ക് പതിച്ചു നല്‍കിയ പീനല്‍ സെറ്റില്‍മെന്റ് വില്ലേജുകളില്‍ കൂട്ടമായി താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ജനിച്ച മണ്ണിനെ കൈവിടാന്‍ അവര്‍ക്കായില്ല. തീരൂരില്‍ താമസിച്ചിരുന്നവര്‍ ജറവ ഗോത്രക്കാരുടെ ആക്രമണം കാരണം ആദ്യമേ മറ്റിടങ്ങളിലേക്ക് താമസം മാറി. തിരൂരില്‍ ഇപ്പോഴുള്ളത് ബംഗാളികള്‍ മാത്രമാണ്. ‘നയാപുരം, മണ്ണാര്‍ക്കാട്, മുസ്ലിം ബസ്തി എന്നിവിടങ്ങളില്‍ ബ്രിട്ടീഷുകാര്‍ തന്നെ പള്ളിയുണ്ടാക്കിത്തന്നിരുന്നു. പിന്നീട് തിരൂരില്‍ നിന്നുള്ളവര്‍ മിക്കപേരും നയാപുരത്തേക്കു മാറിവന്നു. മലബാറില്‍ നിന്നുള്ളവരെല്ലാം അവിടെ ഒരേ വില്ലേജിലാണ് താമസം. മലപ്പുറം കാലിക്കറ്റ് എന്നൊക്കെ കേള്‍ക്കുമ്പോള്‍ നഗരങ്ങള്‍ സങ്കല്‍പ്പിക്കരുതേ. എല്ലാം ചെറു ഗ്രാമങ്ങളാണ്. മിനി ഇന്ത്യയാണ് യഥാര്‍ത്ഥത്തില്‍ അന്തമാന്‍. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ളവരും അവിടെയുണ്ട്. എല്ലാ ഭാഷ സംസാരിക്കുന്നവരുമുണ്ട്. ഹിന്ദിയാണ് പ്രധാന ഭാഷയെങ്കിലും, ഒട്ടുമിക്ക ഇന്ത്യന്‍ ഭാഷകളും എല്ലാവരും സംസാരിക്കും. ഞങ്ങള്‍ തന്നെ ഇപ്പോള്‍ വീട്ടിലും മദ്രസയിലും മാത്രമാണ് മലയാളം സംസാരിക്കുന്നത്. ഞങ്ങളുടെ തലമുറ കഴിഞ്ഞാല്‍ അതുണ്ടാകുമോ എന്നുപോലും സംശയമാണ്. കുട്ടികള്‍ക്കാര്‍ക്കും മലയാളം അറിയില്ല. കേട്ടാല്‍ മനസ്സിലാകും എന്നല്ലാതെ ആരും തിരിച്ചു പറയില്ല. അതിന് എന്തു ചെയ്യാം എന്നാണ് ആലോചിക്കുന്നത്.’ ഹിന്ദി കലര്‍ന്നതെങ്കിലും വൃത്തിയുള്ള മലയാളത്തില്‍ അലി വിശദീകരിക്കുന്നു.

പൂര്‍വികര്‍ താണ്ടിയ കഷ്ടതകളുടെ കഥകള്‍ മനഃപാഠമാണെങ്കിലും, അന്തമാനില്‍ തങ്ങളിപ്പോള്‍ അനുഭവിക്കുന്നത് മികച്ച ജീവിത സാഹചര്യങ്ങളാണെന്നും ഇവര്‍ പറയുന്നു. അഞ്ഞൂറില്‍പ്പരം ദ്വീപുകളില്‍ 33 എണ്ണത്തില്‍ മാത്രം ജനവാസമുള്ള അന്തമാന്‍ ദ്വീപസമൂഹത്തില്‍, ആകെ ജനസംഖ്യയുടെ 7.22% മലയാളികളാണ്. ഇവരില്‍ തൊണ്ണൂറു ശതമാനം പേരും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ്. തടവുപുള്ളികളുടെ ബന്ധുക്കള്‍ക്ക് സംവരണാനുകൂല്യം ലഭിക്കുന്ന കീഴ്‌വഴക്കം അന്തമാനിലുണ്ട്. മലബാറിലെ മാപ്പിള വിഭാഗവും അവിടെ സംവരണത്തിനര്‍ഹരാണ്. വിദ്യാഭ്യാസ കാര്യത്തിലും മുന്‍പന്തിയില്‍ത്തന്നെയാണുള്ളത്. ആദ്യകാലത്ത് വെല്ലുവിളിയായിരുന്ന ജറവകളും ഇപ്പോള്‍ കൂടുതല്‍ സൗഹൃദപരമായി പെരുമാറിത്തുടങ്ങിയിട്ടുണ്ട്. മലബാറിലെ ഇസ്ലാമിക പാരമ്പര്യവും സംസ്‌കാരവും അതേപടി ഇവര്‍ പിന്‍പറ്റുകയും ചെയ്യുന്നുണ്ട്. ഇത്ര സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുന്ന, തങ്ങള്‍ ജനിച്ചു വളര്‍ന്ന അന്തമാന്‍ വിട്ട് കേരളത്തിലേക്കു തിരികെ വരുന്ന കാര്യം ചിന്തയില്‍പ്പോലുമില്ലെന്ന് ഇവര്‍ ഉറച്ച സ്വരത്തില്‍ പറയുന്നു. പിതാക്കന്മാര്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ തങ്ങള്‍ക്ക് ഒരുക്കിത്തന്നത് മികച്ച ജീവിതമാണെന്നാണ് ഇവരുടെ പക്ഷം. മലബാറിൽനിന്നെത്തിയ മാപ്പിളമാരുടെ നാലാമത്തെയും അഞ്ചാമത്തെയും തലമുറകളാണ് ഇപ്പോള്‍ അന്തമാനിലുള്ളത്. പാരമ്പര്യമായി കിട്ടിയ സ്ഥലത്ത്, തങ്ങളുടേതായ സമൂഹത്തില്‍, മലബാറികളായിത്തന്നെ ഇവര്‍ ജീവിക്കുന്നു. കേരളം ഇവര്‍ക്ക് സന്ദര്‍ശിക്കുമ്പോള്‍ സന്തോഷമുള്ള ബന്ധുവീടാണ്. ഇടയ്ക്കു വന്നാലും, തിരികെ അന്തമാനിലേക്കു തന്നെ ഇവര്‍ക്കു മടങ്ങണം. നാട് എന്ന് ഇവര്‍ വിളിക്കുന്നത് ആ ദ്വീപിനെയാണ്.

കലാപമല്ല, സമരമാണ്; ഭൂപ്രഭുത്വത്തിനെതിരായ ചെറുത്തുനില്‍പ്പാണ്

അന്തമാനിലെ മലയാളി സാന്നിധ്യത്തിന് വഴിയൊരുക്കിയ മലബാര്‍ കലാപത്തിന്റെ നൂറാം വാര്‍ഷികമാണ് വരുംവര്‍ഷങ്ങളില്‍. നൂറ്റാണ്ടു തികയുന്ന സാഹചര്യത്തില്‍ മലബാര്‍ കലാപത്തിന്റെ ചരിത്രപരതയെ ശരിയായി വിശകലനം ചെയ്യേണ്ടതുണ്ടെന്ന് വ്യക്തമാക്കുകയാണ് പി. ശിവദാസന്‍. മലബാര്‍ കലാപത്തെ മലബാര്‍ സമരം എന്നു മാറ്റിവിളിക്കുന്നതാണ് അതിന്റെ ആദ്യപടിയെന്നും അദ്ദേഹം പറയുന്നു. ‘1922 ജനുവരിയ്ക്കു ശേഷമുള്ള രാത്രികളില്‍ ദൂരദിക്കുകളിലേക്ക് പോകുന്ന തീവണ്ടികളില്‍ മിക്കതിലും കലാപത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട മുസ്ലിം യുവാക്കളായിരുന്നു. കോയമ്പത്തൂരിലെയും ബല്ലാരിയിലെയും തുറന്ന ജയിലുകളില്‍ കുറ്റിയടിച്ച് കെട്ടിയിട്ടവരില്‍ ഭൂരിഭാഗവും ചൂടും തണുപ്പും സഹിക്കാതെ മരിച്ചുപോയിട്ടുണ്ട്. അവിടെനിന്നും അതിജീവിച്ചവരെയാണ് അന്തമാനിലെ പീനല്‍ സെറ്റില്‍മെന്റുകളിലേക്ക എത്തിച്ചിരുന്നത്. ആയിരക്കണക്കിനു പേരാണ് കൊല്ലപ്പെട്ട് അജ്ഞതയിലേക്കു മറഞ്ഞുപോയത്. ഇവരില്‍ മാപ്പിളമാര്‍ മാത്രമല്ല, ഹിന്ദുക്കളുമുണ്ട്. ഒരു ശങ്കരന്‍നായരുടെ കഥയെല്ലാം ഫയലുകളിലുണ്ട്. ബ്രിട്ടീഷ് ഭരണത്തിനും ഭൂപ്രഭുത്വത്തിനുമെതിരെയുള്ള സമരമായിട്ടുകൂടി, കോണ്‍ഗ്രസ് ഇതിനെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിച്ചിരുന്നില്ല. കോണ്‍ഗ്രസിന്റെ നേതാവായിരുന്ന എം.പി നാരായണമേനോന്‍ കലാപത്തില്‍ മാപ്പിളമാരെ സഹായിച്ചു എന്ന പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട് 14 വര്‍ഷമാണ് ജയിലില്‍ കിടന്നത്. അദ്ദേഹത്തിനു പോലും വേണ്ടത്ര പരിഗണന ലഭിച്ചില്ല. ജയിലില്‍ കിടന്നിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തെ സന്ദര്‍ശിക്കണമെന്ന് അന്ന് മലബാര്‍ സന്ദര്‍ശിച്ച രാജഗോപാലാചാരിയോട് ചിലര്‍ ആവശ്യമറിയിച്ചപ്പോള്‍ അദ്ദേഹമതിന് കൂട്ടാക്കിയിരുന്നില്ല. മാപ്പിളമാരുമായി ഇടപഴകിയിരുന്നയാളാണ് നാരായണമേനോന്‍ എന്ന പേരിലാണത്.’

‘ഇടതുപക്ഷപ്രസ്ഥാനങ്ങളാണ് പിന്നീട് മുസ്ലിങ്ങളെ തങ്ങളുടെ രാഷ്ട്രീയത്തോട് ചേര്‍ക്കാനായി മലബാര്‍ സമരത്തെ കര്‍ഷകസമരമാക്കി അവതരിപ്പിച്ചതും, ഭൂപ്രഭുത്വത്തിനെതിരായിക്കൂടെയാണ് അതു നടന്നത് എന്ന് വ്യക്തമാക്കുകയും ചെയ്തത്. പിന്നീടൊരു ഘട്ടത്തില്‍ മലബാര്‍ സമരത്തിന് വര്‍ഗ്ഗീയ സ്വഭാവം കൈവന്നതായും ഹൈന്ദവര്‍ക്കെതിരെയാണ് മാപ്പിളമാരുടെ കലാപം എന്ന തരത്തിലുള്ള പ്രചരണങ്ങളുണ്ടായി. കലാപം എന്ന വാക്കല്ല ഉപയോഗിക്കേണ്ടത്. അതിജീവനത്തിനായുള്ള സമരമായിരുന്നു അത്. ബ്രീട്ടീഷുകാര്‍ക്കാണ് അത് കലാപവും തലവേദനയുമായത്. എല്ലാ സമരത്തിനും ഒരു അടിസ്ഥാനാശയം വേണമല്ലോ, ഇവിടെ അത് ഇസ്ലാമായി എന്നുമാത്രം. ബ്രിട്ടീഷ് ശക്തികളും ഭൂപ്രഭുക്കളും ചങ്ങാത്തത്തിലായതിനാല്‍ അതിനെതിരെയുള്ള ചെറുത്തു നില്‍പ്പുകൂടിയായിരുന്നു സമരം. യഥാര്‍ത്ഥത്തില്‍ ഇത് അടിസ്ഥാനവര്‍ഗ്ഗ സമരം തന്നെയാണ്. അന്നത്തെ മുസ്ലിം വരേണ്യവിഭാഗം ബ്രിട്ടീഷുകാര്‍ക്കൊപ്പമായിരുന്നു. മണ്ണാര്‍ക്കാട്ടെ കല്ലടി കുടുംബവും കൊണ്ടോട്ടി തങ്ങളുമെല്ലാം ബ്രിട്ടീഷ് ഭരണകൂടത്തിനൊപ്പം നിലകൊണ്ടവരാണ്. ഭൂമിയില്ലാതെ കഷ്ടപ്പെട്ടതും, ഭക്ഷണമില്ലാതെ പട്ടിണിയിലായതും ഈ കുടുംബങ്ങളുടെ അതേയിടങ്ങളിലുള്ള മറ്റു മുസ്ലിം കുടുംബങ്ങളാണെന്നതാണ് വാസ്തവം. പരമ്പരാഗത പ്രമാണിമാരെല്ലാം ബ്രിട്ടീഷ് ഭരണകൂടത്തെ സഹായിച്ചപ്പോള്‍, നഷ്ടം സംഭവിച്ചത് താഴേത്തട്ടിലുള്ള മുസ്ലിം കുടുംബങ്ങള്‍ക്കാണ്. കലാപകാലത്ത് മുസ്ലിം വേഷമണിഞ്ഞ് ഹിന്ദു ഗ്രാമങ്ങള്‍ കൊള്ളയടിച്ചും ഹിന്ദു വേഷമണിഞ്ഞ് മുസ്ലിം ഗ്രാമങ്ങള്‍ കൊള്ളയടിച്ചും പണക്കാരായവര്‍ പോലുമുണ്ടായിരുന്നു എന്നാണ് കഥകള്‍. അന്നത്തെപ്പോലെ ഇന്നും, ചില കൂട്ടര്‍ മലബാര്‍ സമരത്തെ ദുരുപയോഗം ചെയ്യുന്നുണ്ട്. ഒന്ന് ആര്‍എസ്എസുകാരാണെങ്കില്‍ മറ്റേത് ഇസ്ലാമിക സ്വത്വവാദികളില്‍ ചിലരാണ്. അതാണ് ഇപ്പോഴത്തെ അവസ്ഥ.’ ശിവദാസന്‍ പറഞ്ഞു.

ചരിത്രപരമായും സാമൂഹികപരമായും പലതരത്തിലുള്ള അനുരണനങ്ങള്‍ കേരളത്തിലുണ്ടാക്കിയിട്ടുണ്ട് മലബാര്‍ കലാപം. മലബാര്‍ കലാപം എന്ന അധ്യായത്തെ മാറ്റിനിര്‍ത്തി മലബാറിന്റെ ചരിത്രം തന്നെ പറയാന്‍ സാധിക്കില്ല എന്നതാണ് വസ്തുത. മലബാര്‍ എന്ന ഭൂപ്രദേശവും കടന്ന്, ആയിരക്കണക്കിന് കിലോമീറ്ററുകളകലെ ഒരു ദ്വീപസമൂഹത്തിന്റെ ചരിത്രം മാറ്റിയെഴുതിയതും ഇതേ മലബാര്‍ കലാപം തന്നെ. കടല്‍ കടന്നു പോയ തടവുപുള്ളികള്‍ മലബാറിന്റെ ഒരു പരിച്ഛേദം തന്നെ അന്തമാനില്‍ ഒരുക്കിവച്ചിരിക്കുന്നു എന്ന കൗതുകത്തെക്കൂടി അറിഞ്ഞുകൊണ്ടുവേണം 1921ന്റെ നൂറാണ്ടുകള്‍ ഓര്‍മിക്കാന്‍.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍