UPDATES

ഈ വീടിനൊരു കഥയുണ്ട്; അനന്തു എന്ന 22-കാരന്‍ എംബിബിഎസ് വിദ്യാര്‍ഥിയുടെ ജീവിതത്തിനും

“600 ദിവസത്തെയല്ല, അഞ്ച് വര്‍ഷത്തെ നിര്‍ത്താതെയുള്ള ഓട്ടത്തിന്റെ ഫലമാണ് ഈ വീട്”, അനന്തു ഇത് പറയുന്നത് അഭിമാനത്തോടെയും അല്‍പം അഹങ്കാരത്തോടെയുമാണ്.

“600 ദിവസത്തെയല്ല, അഞ്ച് വര്‍ഷത്തെ നിര്‍ത്താതെയുള്ള ഓട്ടത്തിന്റെ ഫലമാണ് ഈ വീട്”, അനന്തു ഇത് പറയുന്നത് അഭിമാനത്തോടെയും അല്‍പം അഹങ്കാരത്തോടെയുമാണ്. അനന്തുവിന് 22 വയസ്സ്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മൂന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥി. ചോര്‍ന്നൊലിക്കുന്ന, ദാരിദ്ര്യം മാത്രം നിറഞ്ഞുനിന്ന വീട്ടില്‍ നിന്ന് ഡോക്ടര്‍ പഠനത്തിന് പോയ അനന്തു ഇന്ന് സ്വന്തമായി ഒരു വീടുവച്ചു. സ്വപ്‌നത്തിലെ രണ്ട് നിലയുള്ള വീട്. “കഷ്ടപ്പെടുന്നവരെ മാത്രമേ ലോകമറിയൂ. കോടികള്‍ എനിക്ക് വേണ്ട. പരമാവധി കഠിനാധ്വാനം ചെയ്യും. അതിനുള്ള പ്രതിഫലം എന്തായാലും കിട്ടും”, ഒരു മണിക്കൂര്‍ പോലും വെറുതെയിരുന്ന് കളയാതെ പഠിച്ചും പഠിപ്പിച്ചും മുന്നോട്ട് പോയ അഞ്ച് വര്‍ഷങ്ങളുടെ കഥയുണ്ട് അനന്തുവിന് പറയാന്‍.

ആലപ്പുഴ കൊറ്റംകുളങ്ങര പായിക്കാട് ശശികുമാറിന് വിദേശത്തായിരുന്നു ജോലി. സൗദിയിലെ സ്വകാര്യ കമ്പനിയില്‍ പാക്കിങ് തൊഴിലാളി. വെരിക്കോസ് വെയിനും സന്ധിവാതവും ചേര്‍ന്ന് ശരീരത്തിന് ബുദ്ധിമുട്ടുകളുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട്ടിലേക്ക് തിരികെ പോന്നു. വഴിച്ചേരിയില്‍ കയര്‍ഫെഡ് ഓഫീസിന് സമീപം ബന്ധുവായ ആശയുടെ ഡിടിപി -ഫോട്ടോസ്റ്റാറ്റ് കടയില്‍ സഹായത്തിന് നില്‍ക്കുന്ന ശശികുമാറിന്റെ ഭാര്യ ലതയുടെ വരുമാനമായി പിന്നീട് ഈ കുടുംബത്തിന്റെ ഏക വരുമാനം. അനന്തുവും അഖിലും സ്‌കൂളില്‍ പഠിക്കുമ്പോഴാണ് അമ്മയെ സഹായിക്കാനും വരുമാനമുണ്ടാക്കാനും ഒരു വഴി തിരയുന്നത്. ഡിടിപി സെന്ററില്‍ തയ്യാറാക്കുന്ന പല രേഖകളിലും ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ ഒപ്പ് വാങ്ങുന്ന ജോലി അനന്തുവും അഖിലും ഏറ്റെടുത്തു. “ഒരു ഒപ്പിന് അമ്പതും നൂറും രൂപ ചേച്ചി തന്നയയ്ക്കും. പക്ഷെ ഞങ്ങള്‍ കുട്ടികളായതിനാല്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആ പണം വാങ്ങാറില്ല. അത് ഞങ്ങള്‍ക്കുള്ളതാവും. അങ്ങനെ ചെറിയ വരുമാനം അതില്‍ നിന്ന് ഉണ്ടാവാന്‍ തുടങ്ങി”.

ഒപ്പിട്ടാല്‍ പണം കിട്ടും, ആ ജോലി അനന്തുവിന് ഇഷ്ടപ്പെട്ടു. പഠിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആവുകയാണ് നല്ലകാര്യം എന്ന് അനന്തു ഉറപ്പിച്ചു. “ദാരിദ്ര്യത്തെ മറികടക്കാന്‍ എന്ത് ചെയ്യാമോ അതെല്ലാം ചെയ്യുക എന്നതായിരുന്നു അന്നത്തെ ആലോചന”. വീടിന് സമീപത്ത് തന്നെയുള്ള ചിറ്റപ്പന്‍ മുരളി പക്ഷേ ആ ആലോചനയെ തടഞ്ഞു. പ്ലസ് ടുവിന് സയന്‍സ് എടുത്ത് പഠിക്കുക, അത് കഴിഞ്ഞാല്‍ ഇഷ്ടമുള്ള വിഷയം തിരഞ്ഞെടുക്കുക എന്നതായിരുന്നു ചിറ്റപ്പന്റെ ഉപദേശം. ഇതിനിടെ അച്ഛനുമായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ കയറിയിറങ്ങുകയും കിടക്കുകയും ചെയ്ത ദിനങ്ങളിലാണ് ആതുരസേവനമാണ് തന്റെ വഴിയെന്ന് അനന്തു ഉറപ്പിക്കുന്നത്.

അങ്ങനെയാണ് ആലപ്പുഴ കോടതിക്ക് സമീപമുള്ള ആല്‍ഫാ അക്കാദമിയില്‍ എന്‍ട്രന്‍സ് കോച്ചിങ്ങിന് ചേരുന്നത്. പഠനത്തിലെ മികവ് കണ്ട സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഒരു രൂപ പോലും ഫീസ് വാങ്ങാതെ അനന്തുവിന് പഠിക്കാന്‍ അനുമതി നല്‍കി. അവിടെ നിന്നാണ് അനന്തുവിന്റെ ജീവിതം വഴിതിരിയുന്നത്. “ഒരേ സമയം അവിടെ പഠിക്കുകയും, ചന്തിരൂരും വടുതലയിലും സ്‌കൂളുകളില്‍ എന്‍ട്രസ് കോച്ചിങ് ക്ലാസ് എടുക്കാന്‍ പോവുകയും ചെയ്തു. ആരിഫ് എംഎല്‍എയുടെ തീരുമാനമനുസരിച്ച് ആ മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും എന്‍ട്രന്‍സ് കോച്ചിങ് ക്ലാസ് നടത്തിയിരുന്നു. ഇവിടെ നിന്ന് പലപ്പോഴും അധ്യാപകര്‍ പോവുന്നതിന് പകരം ഞാനാണ് ക്ലാസെടുക്കാന്‍ എത്തിയിരുന്നത്. എല്ലാവരുടേയും ചിന്ത ഞാന്‍ ബി എസ് സിക്ക് പഠിക്കുന്നയാളാണെന്നായിരുന്നു. പ്ലസ് ടുവിന് മികച്ച വിജയം നേടിയപ്പോഴാണ് ഞാന്‍ ക്ലാസ് എടുക്കാന്‍ പോവുന്ന സ്‌കൂളിലെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഞാനും ഒരു പ്ലസ് ടു വിദ്യാര്‍ഥിയാണെന്ന് അറിവ് കിട്ടുന്നത്. അന്ന് എല്ലാവരും പ്രശംസകള്‍ കൊണ്ട് മൂടി. ചന്തിരൂര്‍ സ്‌കൂളിലെ അധ്യാപിക സമ്മാനവും കരുതിയിരുന്നു. ക്ലാസ് എടുത്താല്‍ പ്രതിഫലം കിട്ടും. അതായിരുന്നു പ്രധാന അട്രാക്ഷ്ന്‍. പ്ലസ് ടു കഴിഞ്ഞ് എന്‍ട്രന്‍സ് റിപ്പീറ്റ് ബാച്ചില്‍ പഠിക്കുമ്പോഴും ഇത് തുടര്‍ന്നു”.

എന്‍ട്രന്‍സ് പരീക്ഷയില്‍ അനന്തുവിന് 91-ാം റാങ്ക് ആയിരുന്നു. ഏത് കോളേജ് ചോദിച്ചാലും ലഭിക്കുമെന്നിരിക്കെ അനന്തു ആലപ്പുഴ മെഡിക്കല്‍ കോളേജ് തന്നെ തിരഞ്ഞെടുത്തു. ആല്‍ഫാ അക്കാദമിയില്‍ അധ്യാപകനായി ജോലി ചെയ്യാം എന്നതായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. പഠിക്കുന്നതിനൊപ്പം പഠിപ്പിക്കുന്നതിനും വീട്ടുകാര്യങ്ങള്‍ക്കുമെല്ലാം പണവും ഉണ്ടാക്കാം എന്നതായിരുന്നു അനന്തുവിനെ ഇതിന് പ്രേരിപ്പിച്ചത്. പഠിക്കുമ്പോള്‍ ചില്ലിക്കാശ് വാങ്ങാത്ത സ്ഥാപനത്തിലെ ഡയറക്ടര്‍, അധ്യാപകനായ അനന്തുവിന് ആവശ്യത്തിലധികം പണം പ്രതിഫലമായി നല്‍കുകയും ചെയ്തു. “അവിടെ നിന്നാണ് പിന്നീട് തുടങ്ങുന്നത്. രാവിലെ മുതലുള്ള ഓട്ടം. ആല്‍ഫയില്‍ പഠിപ്പിക്കുന്നതിനൊപ്പം ബോയ്‌സ് ഹോസ്റ്റല്‍ വാര്‍ഡനുമായി. ആല്‍ഫയില്‍ നിന്ന് രാവിലെ വീട്ടിലേക്ക്. അവിടെ നിന്ന് ഭക്ഷണം കഴിച്ച് കോളേജിലേക്ക്. ക്ലാസ് കഴിഞ്ഞതും വീണ്ടും ആല്‍ഫയിലേക്ക്. ഒരു അധ്യാപകന്‍ തന്ന പഴയ ബൈക്കിലായിരുന്നു ഈ ഓട്ടമെല്ലാം. ചിട്ടികള്‍ കൂടി. അച്ഛനും അമ്മയ്ക്കും ചേട്ടനും സമാധാനമായും സുരക്ഷിതമായും താമസിക്കാന്‍ ഒരു വീടുണ്ടാക്കുക എന്നതായിരുന്നു എന്റെ പ്രധാന ലക്ഷ്യം. ആദ്യം പ്രധാന്‍മന്ത്രി ആവാസ് യോജന വഴി വീട് അനുവദിക്കപ്പെട്ടു. പക്ഷെ അത് ചെറിയ വീടായിരുന്നു. ആദ്യഗഡുവായി 25,000 രൂപ ലഭിച്ചതുകൊണ്ട് ഒരു മുറിക്കും അടുക്കളയ്ക്കുമുള്ള അടിത്തറ കെട്ടി.”

എന്നാല്‍ അനന്തു തന്റെ സ്വപ്‌നം അല്‍പ്പം കൂടി വലുതാക്കി. താന്‍ അധ്വാനിച്ച് ലഭിക്കുന്ന പണം കൊണ്ട് ഒരു വീട് ഉയര്‍ത്താനുള്ള പരിശ്രമമായിരുന്നു പിന്നീട്. അങ്ങനെ രണ്ടായിരം ചതുരശ്ര അടി വരുന്ന ഒരു വീടിന്റെ പ്ലാന്‍ അനന്തു തന്നെ വരച്ചുണ്ടാക്കി. വീട്ടിലേക്ക് നടപ്പാത മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. അനന്തുവും അഖിലും കൂട്ടുകാരും ചേര്‍ന്ന് വീടുണ്ടാക്കാനായുള്ള സാധനങ്ങള്‍ ചുമന്നും ട്രോളിയിലാക്കിയും വീടിരിക്കുന്ന സ്ഥലത്തെത്തിച്ചു. സര്‍ക്കാര്‍ ധനസഹായം പലിശസഹിതം തിരിച്ചടച്ചതിന് ശേഷം കെഎസ്എഫഇയില്‍ വസ്തു പണയപ്പെടുത്തി ആറ് ലക്ഷം രൂപ വായ്പയെടുത്തു. ബന്ധുക്കളും സഹായത്തിനായെത്തി. അങ്ങനെ വീടിന്റെ ഒന്നാംഘട്ട നിര്‍മ്മാണം ആരംഭിച്ചു. പക്ഷെ തിരക്കിനിടയില്‍ വീട് പണി കൂടി നോക്കി നടത്താനുള്ള സമയം അനന്തുവിന് ലഭിക്കാതെ വന്നു. ഷെഡ്ഡ് കെട്ടി താമസിപ്പിച്ചിരിക്കുന്ന അച്ഛനേയും അമ്മയേയും എങ്ങനേയും പുതിയ വീട്ടിലേക്ക് മാറ്റുക എന്നതായി അനന്തുവിന്റെ ആലോചന. അങ്ങനെയാണ് ഒരു കോണ്‍ട്രാക്ടറെ സമീപിക്കുന്നത്. അനന്തു പഠിപ്പിക്കുന്ന വിദ്യാര്‍ഥിയുടെ അച്ഛന്‍ മഹേശ്വരനായിരുന്നു കോണ്‍ട്രാക്ടര്‍. പിന്നീട് അദ്ദേഹത്തിന്റെ നേതൃത്വത്തിലായി വീടുപണി. പ്രതിഫലം പരമാവധി കുറച്ചുകൊണ്ടായിരുന്നു നിര്‍മ്മാണം. ഘട്ടം ഘട്ടമായി വീടിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. സ്വന്തമായി ഒരു ബുള്ളറ്റും വാങ്ങി.

പിന്നീട് എന്റെ അധ്വാനത്തിന്റെ വില അറിയാവുന്ന, ഓട്ടത്തിന്റെ അളവ് അറിയാവുന്ന സഹപാഠികള്‍ക്ക് വേണ്ടി മാത്രമായാണ് ഞാന്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടുന്നത്. പക്ഷെ അത് സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമായെന്ന് പിന്നീടാണ് അറിയുന്നത്. എന്നെ ഇടയ്ക്ക് ക്ലാസ്സില്‍ കാണാതിരുന്ന അധ്യാപകരും അതറിഞ്ഞു. എനിക്കിപ്പോള്‍ സന്തോഷമുണ്ട്. 22 വയസ്സേ എനിക്കുള്ളൂ. ഒരു ദിവസം ഏഴോ എട്ടോ മണിക്കൂര്‍ ഉറങ്ങുമെന്നല്ലാതെ ഒരു മണിക്കൂര്‍ പോലും ഞാന്‍ ഈ കഴിഞ്ഞ വര്‍ഷങ്ങളില്‍ വെറുതെയിരുന്നിട്ടില്ല. അതിനുള്ള പ്രതിഫലം കിട്ടുന്നുമുണ്ട്. പക്ഷെ എനിക്ക് ഓടാന്‍ ഇനിയും ഏറെ ദൂരമുണ്ട്. ഓടി ഓടി പരമാവധി വിജയം സാധ്യമാക്കണം”. അനന്തുവിന്റെ ചേട്ടന്‍ അഖില്‍ എംബിഎ കഴിഞ്ഞ് ചെറിയ ജോലിയില്‍ പ്രവേശിച്ചിരിക്കയാണ്. അഖിലിന്റെ വരുമാനമാണ് വീട് നിലര്‍ത്തുന്നതെന്ന് അനന്തു പറയുന്നു. ഒരു ദിവസം ആറ് മണിക്കൂര്‍ വരെ അനന്തു ക്ലാസ് എടുക്കും. അവധി ദിനങ്ങളില്‍ അത് 12 മണിക്കൂര്‍ വരെ നീളും. സോഷ്യല്‍മീഡിയയിലെ തരംഗത്തില്‍ നിന്നും ബഹളങ്ങളില്‍ നിന്നുമെല്ലാം ഒഴിഞ്ഞ് ഇനി പഠനത്തില്‍ മാത്രം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് അനന്തു- “ഈ ബഹളങ്ങളെല്ലാം ഇപ്പോള്‍ കഴിയും. എനിക്ക് അധ്യാപകനാവാനല്ല, മറിച്ച് ഡോക്ടറായി ഡോക്ടര്‍മാരെ പഠിപ്പിക്കുന്ന അധ്യാപകനാവാനാണ് താത്പര്യം. അതാണ് ഇനി എന്റെ ലക്ഷ്യം. കഷ്ടപ്പെട്ട് പഠിക്കുന്ന കുട്ടികളെയും മുന്നോട്ട് കൊണ്ടുവരാന്‍ സാമ്പത്തിക സഹായം നല്‍കണമെന്നുണ്ട്. തീവ്രമായി ആഗ്രഹിച്ചാല്‍ ഒന്നും നടക്കാതെ വരില്ല” അനന്തു പറഞ്ഞു നിര്‍ത്തുന്നു.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍