ഇന്ന് ഹിന്ദുക്കള്‍ക്ക് നരേന്ദ്ര മോദി എന്താണോ അതായിരുന്നു 1990-കളില്‍ അദ്വാനി അവര്‍ക്ക് എന്നു പറഞ്ഞാല്‍ അത് അധികമാവില്ല
2017ല്‍ പ്രണബ് മുഖര്‍ജി രാഷ്ട്രപതി പദവിയില്‍ നിന്നും വിരമിച്ച വേളയില്‍ എല്ലാവരും ഉറ്റുനോക്കിയത് എല്‍ കെ അദ്വാനിയെ ആയിരുന്നു. ബിജെപിയുടെ വളര്‍ച്ചയ്ക്ക് വെള്ളവും വളവും നല്‍കിയ ഈ മനുഷ്യന്‍ പക്ഷേ അധികാര സോപാനമേറാന്‍ കഴിയാതെ പരാജിതനായി. അടുത്തമാസം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ 1998 മുതല്‍ തുടര്‍ച്ചയായി ജയിച്ച ഗാന്ധി നഗര്‍ മണ്ഡലവും നഷ്ടപ്പെട്ടിരിക്കുന്നു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് ഗാന്ധി നഗറില്‍ നിന്നും മത്സരിക്കുന്നത്. 2017 ഏപ്രില്‍ 20നു അഴിമുഖം പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ ഞങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുന്നു.
ഒരു വൈരുദ്ധ്യത്തിന്റെ പൂര്‍ണചക്രം എന്നു നിങ്ങളതിനെ വിളിച്ചേക്കും. ഇന്ത്യന്‍ രാഷ്ട്രീയത്തിലും ജീവിതത്തിലും അതങ്ങനെയാണ്. ബിജെപി നേതാവ് എല്‍കെ അദ്വാനി സ്വയം വിളിക്കുന്നത് തീരാത്ത യാത്രകളുടെ സഞ്ചാരി എന്നാണ്. ദേശീയ വിഷയങ്ങളെന്ന് അദ്ദേഹം കരുതിയവയ്ക്കുള്ള ജനപിന്തുണയും തന്റെയും തന്റെ പാര്‍ട്ടിയുടെയും രാഷ്ട്രീയ ഭാവിയും നിരവധി യാത്രകളിലൂടെ കെട്ടിപ്പടുത്ത 89-കാരനായ ബിജെപി നേതാവിന് ഈ കയ്യൊപ്പ് ചേരും.
കാല്‍നൂറ്റാണ്ട് മുമ്പ് അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കുറ്റകരമായ ഗൂഢാലോചനയ്ക്ക് വിചാരണ നേരിടാന്‍ സുപ്രീം കോടതി ബുധനാഴ്ച്ച അദ്വാനിയോടും കേസില്‍ പ്രതികളായ മറ്റ് ബിജെപി നേതാക്കളോടും ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇനിയൊരങ്കമില്ല.
ബുധനാഴ്ച്ച സംഭവിച്ചതും അദ്ദേഹത്തിന്റെ (കു)പ്രസിദ്ധമായ യാത്രകളുടെ നാള്‍വഴികളില്‍ ഇടം പിടിക്കും.
ഗുജറാത്തിലെ സോമനാഥില്‍ നിന്നും ഉത്തര്‍പ്രദേശിലെ അയോധ്യയിലേക്ക് 1990-ല്‍ നടത്തിയ രാം രഥയാത്ര ഇന്ത്യന്‍ രാഷ്ട്രീയഗതിയെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള മതഭിന്നതകളുടെ ആഴം വീണ്ടും കൂട്ടി.
1992 ഡിസംബര്‍ 6ന് ഹിന്ദുത്വ തീവ്രവാദികളുടെ ഒരാള്‍ക്കൂട്ടം ബാബറി മസ്ജിദ് തകര്‍ക്കുന്നതിനുള്ള കളമൊരുക്കലായിരുന്നു ആ യാത്ര. അത് അദ്വാനിയെയും ബിജെപിയെയും വലിയതോതില്‍ സഹായിച്ചു. അദ്വാനി ബിജെപിയുടെ പകരം വെക്കാനില്ലാത്ത നേതാവായി വളര്‍ന്നു. ബിജെപിയുടെ സ്വാധീനം പലമടങ്ങു വളര്‍ന്നു. 1989-ലെയും 1991-ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ക്കിടയ്ക്ക് ബിജെപിയുടെ വോട്ടുവിഹിതം 11 ശതമാനത്തില്‍ നിന്നും 20 ശതമാനമായി. ലോക്സഭയിലെ സീറ്റുകളുടെ എണ്ണം 85-ല്‍ നിന്നും 120 ആയി.
ബിജെപിയിലും സംഘപരിവാറിലും ദേശീയ രാഷ്ട്രീയത്തിലും അദ്വാനിയുടെ പിടിമുറുക്കാന്‍ ആ യാത്ര കാരണമായി. വലിയതോതില്‍ അനുയായികളുള്ള ഹിന്ദു നേതാവായി അദ്ദേഹം മാറി. ഇന്ന് ഹിന്ദുക്കള്‍ക്ക് നരേന്ദ്ര മോദി എന്താണോ അതായിരുന്നു 1990-കളില്‍ അദ്വാനി അവര്‍ക്ക് എന്നു പറഞ്ഞാല്‍ അത് അധികമാവില്ല.
‘ഇന്ന് രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയാണ് ബിജെപി. അതിന് 1990-ലെ നവരാത്രിയില്‍ സോമനാഥില്‍ നിന്നും തുടങ്ങിയ യാത്രയ്ക്ക് നന്ദി’, ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പറയുന്നു.
‘വിട്ടുവീഴ്ച്ചയില്ലാത്ത ഒരു ദേശീയവാദിയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം ദേശീയവാദികള്‍ തുടങ്ങിയ യാത്ര ഇന്ന് ദേശീയവികാരത്തിന്റെ ഒരു അലറുന്ന പ്രവാഹമാണ്. തന്റെ ജനനത്തിന്റെ വിശുദ്ധ സ്ഥാനത്തുള്ള ഒരു ക്ഷേത്രത്തില്‍ രാം ലല്ല തന്റെ ശരിയായ സ്ഥാനം കണ്ടെത്തുമ്പോഴേ ഈ തീര്‍ത്ഥാടനം അവസാനിക്കൂ,’ അയോധ്യയിലെ തര്‍ക്കപ്രദേശത്ത് രാമക്ഷേത്രം പണിയുമെന്ന ബിജെപിയുടെ വാഗ്ദാനത്തെ ഓര്‍മിപ്പിച്ചുകൊണ്ട് ആ കുറിപ്പില്‍ പറയുന്നു. ‘യാത്ര അഴിച്ചുവിട്ട ദേശീയതയുടെ തിരമാലകള്‍ കപട മതേതരവാദികളെ ചകിതരാക്കി, ‘ജയ് ശ്രീറാം’ ഒരു പരമ്പരാഗത അഭിവാദ്യത്തിനും അപ്പുറത്തായി.’- അതില്‍ പറയുന്നു.
ആ തകര്‍ത്ത പള്ളി, തന്റെ പാര്‍ട്ടിയുടെയും തന്റെയും രാഷ്ട്രീയ ജീവിതത്തെ സൗഭാഗ്യങ്ങളിലേക്കുയര്‍ത്തി. ബുധനാഴ്ച്ച അദ്വാനിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ, ഒരുപക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രപതി പദവി മോഹങ്ങളുടെ മംഗളം പാടാനും തുടങ്ങി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂലൈയില്‍ അവസാനിക്കുകയാണ്. അദ്വാനി ആ പരമോന്നതപദവിയിലേക്ക് കണ്ണുനട്ടിട്ടുള്ള ആളായി കണക്കാക്കപ്പെട്ടിരുന്നു. പ്രധാനമന്ത്രിയാകാന്‍ രണ്ടുവട്ടം കച്ച കെട്ടിയിറങ്ങിയിട്ടും നടക്കാതെ പോയ ഒരു വൃദ്ധന്റെ അവസാന രാഷ്ട്രീയമോഹം.
രാജ്യത്തെ ഏറ്റവും ഭീകരമായ, 3,000-ത്തിലേറെപ്പേര്‍ കൊല്ലപ്പെട്ട വര്‍ഗീയ ലഹളകള്‍ക്കു കാരണമായ ഒരു കുറ്റകൃത്യത്തിന്റെ പേരില്‍ സുപ്രീം കോടതി ഉത്തരവില്‍ വിചാരണ നേരിടുന്ന ഒരാളുടെ സ്ഥാനാര്‍ത്ഥിത്വത്തിന് സമ്മര്‍ദ്ദം ചെലുത്താന്‍ ബിജെപിക്കും ആര്‍എസ്എസിനും ഇനി പ്രയാസമായിരിക്കും. അദ്വാനിയുടെ എതിരാളികള്‍കള്‍ക്ക്, ഇനി ആ സാധ്യത നിഷേധിക്കാനും എളുപ്പമാകും.
തകര്‍ത്തുടച്ച ആ 16-ആം നൂറ്റാണ്ടിലെ പള്ളി അദ്വാനിക്ക് മുന്നില്‍ അടച്ചത് രാഷ്ട്രപതി ഭവന്റെ വാതിലുകളാണ്. നിലയ്ക്കാത്ത യാത്രകളുടെ യാത്രക്കാരാ, വഴി തീര്‍ന്നു പോയിരിക്കുന്നു. ©
“കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ…”