UPDATES

ഇനിയെന്ത്? ഒഖി സമയത്ത് കടലിനെ അതിജീവിച്ചവനോട് കരയിലെ അധികാരികള്‍ ചെയ്യുന്നത്; ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം

ജീവിക്കാനെന്ത് ചെയ്യുമെന്നും മക്കളെ പഠിപ്പിക്കാനെന്തു ചെയ്യുമെന്നും മൂത്തമകളുടെ വിവാഹം എങ്ങനെ നടത്തുമെന്നുമുള്ള ചോദ്യങ്ങള്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ട്; പരമ്പര അവസാനിക്കുന്നു

ഒഖി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോള്‍ കടലിലായിരുന്നു ലോറന്‍സ്. തുടര്‍ന്ന്  അഞ്ച് ദിവസത്തെ കടലിലെ അനിശ്ചിതത്വ ജീവിതവും പിന്നീട് ആശുപത്രികളിലെ ആശ്വാസ ജീവിതവും. ആശ്വാസമെന്നത് നമുക്ക് മാത്രമാണ്, പക്ഷെ ലോറന്‍സിന് അങ്ങനെയല്ല. കാരണം ഒപ്പം വന്നവന്‍ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് അംഗീകരിക്കാന്‍ ആ മനസ് അനുവദിക്കുന്നില്ല. ലോറന്‍സിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, “അന്നത്തെ ദിവസം ദൈവം ഒരു ലോറന്റെ പേര് മാത്രമാണ് തന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. അതാണ് ഞാനിപ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ ഇവിടെയിരിക്കുന്നത്.” 2017 നവംബര്‍ 29-ന് ഉച്ചയ്ക്ക് പതിവുപോലെ വീട്ടുകാരോട് യാത്ര പറഞ്ഞിറങ്ങിയ ലോറന്‍സ് ബര്‍ണാണ്ട് തിരികെ വീട്ടിലെത്തിയത് 2018 ഫെബ്രുവരി മാസത്തിലായിരുന്നു

കടല്‍ പോലെ പ്രക്ഷുബ്ധമാണ് പുന്തുറ പുതിയ കോളനിയിലെ വീട്ടിലിരിക്കുമ്പോഴും ലോറന്‍സ്  മനസ്. ഇനിയെന്നെങ്കിലും കടലില്‍ പോകാനാകുമോയെന്നറിയില്ല, പക്ഷെ കടല്‍ തന്ന അവസാന അഞ്ച് ദിവസങ്ങള്‍ മതി മനസില്‍ എന്നുമൊരു വേലിയേറ്റത്തിന്. അങ്ങനെ ഒഖിയെ അതിജീവിച്ച ലോറന്‍സ് കടലിലെ ആ ദിവസങ്ങള്‍ ഓര്‍ത്തെടുക്കുകയാണ്; ഒരു പക്ഷെ സിനിമകളിലും കഥകളിലും ഒക്കെ കണ്ടും കേട്ടും അറിഞ്ഞ ജീവിതത്തിന്റെ, അനിശ്ചിതത്വത്തിന്റെ നിമിഷങ്ങള്‍.

ആദ്യ നാലു ഭാഗങ്ങള്‍ ഇവിടെ വായിക്കാം 

കര ഒരുപാട് ദൂരെയായിരുന്നു, ഒഖി ആഞ്ഞടിക്കുകയും; അഞ്ചു ദിവസം കടലില്‍ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം 

കരകാണാക്കടലില്‍ ഒഖിയെ അതിജീവിച്ച അഞ്ചു ദിവസങ്ങള്‍; ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം- ഭാഗം 2

ഒരു ലോറന്‍സിനെ കടല്‍ വിഴുങ്ങുന്നു; ഒഖി കാലത്ത് ഒരാള്‍ കടലിനെ അതിജീവിക്കുന്നു; ഭാഗം- 3 

ഒടുവില്‍ ഞാന്‍ ഒറ്റയ്ക്കായി; മരണത്തെ കാത്തിരുന്ന ആ അഞ്ചാം നാള്‍; കടലില്‍ ഒഖിയെ അതിജീവിച്ച ലോറന്‍സിന്റെ ജീവിതം: ഭാഗം -4

അവസാന ഭാഗം

എറണാകുളം നേവല്‍ ബേസിലേക്കാണ് എന്നെ കൊണ്ടുപോയത്. അവിടെനിന്നും ആംബുലന്‍സില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ചാണ് ഞങ്ങള്‍ കന്യാകുമാരി ഭാഗത്തായിരുന്നില്ല, പകരം ആലപ്പുഴ ഭാഗത്തായിരുന്നു ഉണ്ടായിരുന്നതെന്ന് ഞാന്‍ മനസിലാക്കിയത്. അവിടെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി നാലാം ദിവസം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് എന്നെ കൊണ്ടു വന്നു. അതോടെ ഞാന്‍ വീണ്ടും എന്റെ ജില്ലയില്‍ തിരികെയെത്തി. പക്ഷെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എന്നെ ചികിത്സിച്ച ഡോക്ടറെ പോലൊരാളുടെ സേവനം ഇനി ആര്‍ക്കും ലഭിക്കരുതെന്നാണ് എന്റെ ആഗ്രഹം. കാരണം അത്രമാത്രം ക്രൂരമായിരുന്നു പ്രമുഖനായ ആ ഡോക്ടറുടെ പെരുമാറ്റം.

ഡോ. തങ്കരാജ് ആണ് എന്നെ അവിടെ ചികിത്സിച്ചത്. അദ്ദേഹം ഒരു വലിയ രാഷ്ട്രീയ നേതാവിന്റെ ബന്ധു കൂടിയാണ്. ഒരു ദുരന്തത്തില്‍പ്പെട്ട് അഞ്ച് ദിവസം കടലില്‍ കഴിയേണ്ടി വന്ന ഒരു രോഗിയോടാണ് താന്‍ പെരുമാറുന്നതെന്ന ചിന്തയൊന്നും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഒരിക്കല്‍പോലും അദ്ദേഹം എന്നോട് സ്നേഹത്തോടെ സംസാരിച്ചിട്ടില്ല. ഒരു വലിയ ദുരന്തത്തെ അതിജീവിച്ച വ്യക്തിയെന്ന യാതൊരു പരിഗണനയും അദ്ദേഹത്തില്‍ നിന്നും ലഭിച്ചില്ല.

ലഭിക്കേണ്ട ചികിത്സ ലഭിച്ചില്ലെങ്കിലും എനിക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പക്ഷെ എന്നോട് എപ്പോഴും ദേഷ്യപ്പെട്ട് മാത്രം സംസാരിക്കുന്ന ഒരു ഡോക്ടറുടെ ചികിത്സ എങ്ങനെ എനിക്ക് ഫലപ്രദമാകും? കൂടെയുണ്ടായിരുന്നവനെ നഷ്ടപ്പെട്ട് ചങ്ക് പൊട്ടിയാണ് ഞാന്‍ ആ ആശുപത്രി കിടക്കയില്‍ കിടക്കുന്നത്. അപ്പോള്‍ എത്രമാത്രം വേദന എനിക്കുണ്ടാകുമെന്ന് ഊഹിക്കാമല്ലോ? ഇത്രയും ദിവസം കടലില്‍ കിടന്നതിനാലാകും കണ്ണിന്റെ കാഴ്ച കുറഞ്ഞിട്ടുണ്ട്. കൂടാതെ കേള്‍വി ശക്തിയും കുറഞ്ഞു. ഇതെല്ലാം ആ ഡോക്ടറോട് പറഞ്ഞതാണ്. എന്നിട്ടും യാതൊരു വിധത്തിലുള്ള ശ്രദ്ധയും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. കുറച്ചുദിവസം കടലില്‍ കിടന്നതല്ലേ, കാഴ്ചയ്ക്കും കേള്‍വിയ്ക്കുമൊക്കെ പ്രശ്നമുണ്ടാകും എന്നാണ് അദ്ദേഹം ക്രൂരമായി പ്രതികരിച്ചത്.

ചെവിക്കും കണ്ണിനുമുള്ള പ്രശ്നങ്ങളെക്കൂടാതെ വള്ളത്തില്‍ വീണപ്പോള്‍ മുതുക് ഇടിച്ചത് കാരണം നല്ല നട്ടെല്ല് വേദനയുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് തിരുവനന്തപുരം ആയുര്‍വേദ കോളേജിലും ഞാന്‍ ചികിത്സ തേടി. എറണാകുളം ജനറല്‍ ആശുപത്രിയിലെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെയും ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റുകളുമായി എത്തിയാല്‍ എല്ലാ ചികിത്സയും സൗജന്യമായിരിക്കുമെന്നാണ് കൗണ്‍സിലര്‍ അറിയിച്ചത്. എന്നാല്‍ ഓഖി ദുരന്തത്തില്‍പ്പെട്ട് അവിടെ ചികിത്സയിലായിരുന്ന രണ്ട് പേരോട് ചോദിച്ചപ്പോഴും ഒരു സാധനങ്ങളും സൗജന്യമല്ലെന്നും എല്ലാം പുറത്തുനിന്നും വാങ്ങേണ്ടി വന്നുവെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. അഡ്മിറ്റായ ആദ്യ ദിവസം അവിടെ ചികിത്സയൊന്നും ലഭിച്ചില്ല. പിറ്റേന്ന് മാത്രമാണ് ഡോക്ടര്‍ വന്നത്. നടുവില്‍ ഒരു തുണികെട്ടണമെന്നും അതും അതിനുള്ള പഞ്ഞിയും പുറത്തുനിന്നും വാങ്ങണമെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. എന്നാല്‍ തുണി പുറത്തുനിന്നും വാങ്ങാന്‍ സാധിക്കില്ലെന്നും ഞങ്ങളുടെ കയ്യില്‍ പണമില്ലെന്നും അറിയിച്ചു. ഓഖി ദുരിതാശ്വാസത്തിന്റെ ഭാഗമായി എല്ലാം സൗജന്യമാണെന്നാണ് അറിയിച്ചിരിക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ഇവിടെ സാധനമൊന്നുമില്ലെന്നും അതൊന്നും സര്‍ക്കാര്‍ തന്നിട്ടില്ലെന്നുമാണ് അവര്‍ പറഞ്ഞത്. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ പണം കൊടുത്ത് ചികിത്സിക്കുന്നതിനേക്കാള്‍ ഭേദം സ്വകാര്യ ആശുപത്രിയില്‍ പോകുന്നതാണെന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്. സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ടോ മൂന്നോ മാസം കിടക്കുന്ന സ്ഥാനത്ത് ഇത് ഒരുമാസം മതിയെന്നും അറിയാന്‍ സാധിച്ചു. ഓഖി ദുരന്തമെന്ന പ്രത്യേക പരിഗണന കണക്കിലെടുത്ത് അവര്‍ പതിനയ്യായിരം രൂപയോളം കുറച്ചു തരികയും ചെയ്തു.

ഒടുവില്‍ ഞാന്‍ ഒറ്റയ്ക്കായി; മരണത്തെ കാത്തിരുന്ന ആ അഞ്ചാം നാള്‍; കടലില്‍ ഒഖിയെ അതിജീവിച്ച ലോറന്‍സിന്റെ ജീവിതം: ഭാഗം -4

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കേരളത്തില്‍ നിന്നും അവസാനം ലഭിച്ചയാളായിട്ടും സര്‍ക്കാരില്‍ നിന്നും യാതൊരു ആനുകൂല്യവും ലഭിക്കാത്ത അവസ്ഥയാണ് എനിക്കുള്ളത്. ഇനിയെനിക്ക് കടലില്‍ പോകാനാകില്ല. ഇപ്പോഴുള്ള നടുവ് വേദന മൂലം ഒരു സ്റ്റെപ്പ് കയറാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. എനിക്ക് മാത്രമല്ല, ഈ ദുരന്തത്തില്‍പ്പെടാതിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പോലും പൂന്തുറ തീരത്തുനിന്നും ഇനി കടലില്‍ പോകാനാകാത്ത അവസ്ഥയാണ് ഉള്ളത്. ഓഖി ചുഴലിക്കാറ്റ് പൂന്തുറ തീരത്തെ അത്രമാത്രം മാറ്റിമറിച്ചിരിക്കുന്നു. ഓഖിക്ക് മുമ്പ് കല്ലും കടലും അകലെയാണ് ഇരുന്നത്. കടലില്‍ നിന്നും കയറി വരുന്ന വള്ളങ്ങള്‍ കയറ്റിവയ്ക്കാന്‍ ഈ ഭാഗമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഓഖിക്ക് ശേഷം കല്ലും കടലും അടുത്താണ് കിടക്കുന്നത്.

പൂന്തുറയില്‍ ഇപ്പോള്‍ വള്ളങ്ങള്‍ കയറ്റിവയ്ക്കാന്‍ ഇടമില്ലാതായിരിക്കുന്നു. അതുകൊണ്ട് ഇപ്പോള്‍ ഇവിടുത്തെ മുഴുവന്‍ വള്ളങ്ങളും- എഴുന്നൂറിലേറെ വള്ളങ്ങളാണ് പൂന്തുറ തീരത്തുള്ളത്- ഇപ്പോള്‍ കയറ്റിവയ്ക്കുന്നത് ചേരിയമുട്ടം, പലത്തുറൈ എന്നീ സ്ഥലങ്ങളിലാണ്. ഈ പ്രദേശങ്ങളില്‍ നിന്നും മീന്‍ ചുമന്ന് കൊണ്ടുവന്ന് വില്‍ക്കുക അത്ര എളുപ്പമല്ല. ഇപ്പോള്‍ പണിക്ക് പോകുന്നവര്‍ പോലും പറയുന്നത് ഈ സാഹചര്യത്തില്‍ പണിക്ക് പോകാനാകില്ലെന്നാണ്. അതുകൂടാതെ ഇപ്പോള്‍ കടലില്‍ പോകുന്നവര്‍ക്ക് ചെറിയൊരു കാറ്റ് വരുന്നത് പോലും വല്ലാത്ത ഭയമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് പലര്‍ക്കും ഇപ്പോള്‍ പഴയതുപോലെ പണി ചെയ്യാനാകുന്നില്ല. ഇനി അഥവ മൂന്നോ നാലോ വര്‍ഷം കഴിഞ്ഞാല്‍ ഞാനും നേരിടേണ്ടി വരുന്നത് ഇതേ മാനസികാവസ്ഥയാണ്.

ഒരു ദുരന്തത്തിന്റെ ഇര എന്ന നിലയില്‍ രണ്ട് രണ്ടര മാസം ആശുപത്രിയിലും മറ്റുമായി കഴിഞ്ഞ കാലത്ത് എന്റെയും മറ്റ് മത്സ്യത്തൊഴിലാളികളുടെയും വീടുകളിലെ ചെലവുകള്‍ എങ്ങനെ നടന്നുവെന്ന് അറിയാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനില്ലേ എന്നാണ് എന്റെ ചോദ്യം. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ ലഭിച്ച സഹായം 20,000 രൂപ മാത്രമാണ്. ഓഖിയില്‍ നിന്നും രക്ഷപ്പെട്ട് മുപ്പതാം തിയതിയിലും ഒന്നാം തിയതിയിലും രണ്ടാം തിയതിയിലും വന്നവര്‍ക്ക് ആശുപത്രിയിലെത്തി സര്‍ക്കാര്‍ അയ്യായിരം രൂപ നല്‍കിയിരുന്നു. സര്‍ക്കാരിനെ കൂടാതെ വിവിധ സ്ഥാപനങ്ങളും ധനസഹായം നല്‍കി. അഞ്ചാം തീയതി കടലില്‍ നിന്നും രക്ഷപ്പെടുത്തിയെടുക്കുകയും പിന്നീട് ആശുപത്രിയില്‍ കിടക്കുകയും ചെയ്ത ഞാന്‍ തിരികെ വന്നപ്പോള്‍ എനിക്ക് ഇതൊന്നും കിട്ടിയില്ല. സ്ഥാപനങ്ങളുടെ ധനസഹായം നമുക്ക് ആവശ്യപ്പെടാനാകില്ലല്ലോ. അവര്‍ അപ്പോഴത്തെ ചൂടില്‍ കൊടുത്തതായിരിക്കും. സര്‍ക്കാരിന് ഈ ചൂടും തണുപ്പുമുണ്ടോ?

ഒരു ലോറന്‍സിനെ കടല്‍ വിഴുങ്ങുന്നു; ഒഖി കാലത്ത് ഒരാള്‍ കടലിനെ അതിജീവിക്കുന്നു; ഭാഗം- 3

ഈ ദുരന്തത്തില്‍പ്പെട്ട ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ധനസഹായം കൊടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. എന്നാല്‍ പൂന്തുറയിലെ കൗണ്‍സിലര്‍ എനിക്ക് കിട്ടാനുള്ള ധനസഹായത്തെക്കുറിച്ച് ക്ഷേമനിധി പദ്ധതിയില്‍ വിളിച്ചു ചോദിച്ചപ്പോള്‍ അതിന്റെ ചൂട് പോയി എന്നാണ് അവര്‍ മറുപടി പറഞ്ഞത്. ആദ്യ ദിവസങ്ങളില്‍ തന്നെ തിരികെയെത്തിയവര്‍ ക്ഷേമനിധിയില്‍ നിന്നും അയ്യായിരവും താലൂക്കില്‍ നിന്നും അയ്യായിരം രൂപയുമാണ് ലഭിച്ചത്. അതുകൂടാതെ 15000 രൂപ സര്‍ക്കാരില്‍ നിന്നും ചെക്കും ലഭിച്ചു. എന്നാല്‍ രക്ഷപ്പെട്ടു വന്നവരില്‍ ഏറ്റവുമധികം ദുരിതങ്ങള്‍ അനുഭവിക്കുകയും അവര്‍ക്ക് അവസാനം മാത്രം രക്ഷപ്പെടുത്താന്‍ സാധിക്കുകയും ചെയ്ത എനിക്ക് ലഭിച്ചതാകട്ടെ ഇരുപതിനായിരം രൂപ മാത്രവും.

നാല്‍പ്പതോളം പേര്‍ക്ക് ഈ അയ്യായിരം രൂപ ലഭിക്കാനുണ്ടെന്നാണ് അറിയുന്നത്. ഈ പണം ലഭിക്കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും സര്‍ക്കാരില്‍ നിന്നും ഈ ഫണ്ട് അനുവദിച്ചിട്ടില്ലെന്നാണ് താലൂക്ക് അധികൃതര്‍ പറയുന്നത്. ഇതില്‍ താലൂക്ക് അധികൃതരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സര്‍ക്കാരില്‍ നിന്നും ഫയല്‍ നീങ്ങി വരുമ്പോഴുണ്ടാകുന്ന കാലതാമസമാണ് ഇതിന്റെ കാരണം. എന്നാല്‍ ഇത്തരത്തില്‍ കാലതാമസമുണ്ടാകുമ്പോള്‍ നേരത്തെ കൗണ്‍സിലറോട് ക്ഷേമനിധി പദ്ധതിക്കാര്‍ പറഞ്ഞതുപോലെ വിഷയത്തിന്റെ ചൂട് പോകും. അഞ്ച് ദിവസം പോയിട്ട് ഒരു ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട് വന്ന ഒരു വ്യക്തിയോട് വിഷയത്തിന്റെ ചൂട് ആറി പോയി എന്ന് പറയുന്നത് ധാര്‍ഷ്ട്യമാണ്. അത്രമാത്രം കടലില്‍ കിടന്ന് വേദനിച്ചവരാണ് ഞാനും എന്റെ സഹോദരന്മാരും.

കരകാണാക്കടലില്‍ ഒഖിയെ അതിജീവിച്ച അഞ്ചു ദിവസങ്ങള്‍; ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം- ഭാഗം 2

മാഗ്ലിന് പറയാനുള്ളത്

ബുധനാഴ്ച, അന്ന് ഉച്ചയ്ക്ക് ശേഷം വീട്ടില്‍ നിന്നുമിറങ്ങുമ്പോള്‍ അസ്വാഭാവികമായൊന്നും തോന്നിയില്ല. എന്നാല്‍ രാത്രിയായപ്പോഴേക്കും ഭയങ്കരമായി കാറ്റടിക്കാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ മഴയും തുടങ്ങി. ശ്വാസം മുട്ടലും നടുവേദനയുമെല്ലാമുള്ള മനുഷ്യനാണ്. എങ്ങനെ ഈ കാറ്റത്ത് പണിയെടുക്കുമെന്ന് മാത്രമായിരുന്നു എന്റെ ആധി. രാവിലെ എട്ട് മണിക്ക് മുമ്പ് വീട്ടില്‍ തിരികെയെത്തുമെന്ന ആശ്വാസം മാത്രമാണ് അപ്പോഴുമുണ്ടായിരുന്നത്.

എന്നാല്‍ രാവിലെ ഒമ്പതായി, പത്തായി. അദ്ദേഹം വരാതായപ്പോള്‍ ആധിയായി. ഞാന്‍ സാധാരണ കടല്‍ത്തീരത്തേക്കൊന്നും പോകാറില്ലാത്ത ആളാണ്. അപ്പോഴും നന്നായി മഴ പെയ്യുന്നുണ്ട്. ഞാന്‍ കൂടെപ്പോയ ലോറന്‍സിന്റെ വീട്ടില്‍ പോയി അന്വേഷിച്ചു. അവരുടെ ചേച്ചിയുടെ വള്ളത്തിലാണ് ഇവര്‍ പോയിരിക്കുന്നത്. അവര്‍ എന്നെ ആശ്വസിപ്പിച്ച് വിടുകയാണ് ചെയ്തത്. പേടിക്കേണ്ട വള്ളം കുറച്ചു കഴിയുമ്പോ ഇങ്ങെത്തും, മഴയൊക്കെ കാരണം എവിടെയെങ്കിലും കിടക്കുകയായിരിക്കുമെന്ന്. അവരും വരാനിരിക്കുന്ന വലിയ ദുരന്തത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതിരിക്കുകയായിരുന്നല്ലോ. എന്നാല്‍ പതിനൊന്നു മണിയോടെ ഇവിടെ അടുത്തുനിന്നും കടലില്‍ പോയ ഒരാള്‍ വള്ളം കരയ്ക്ക് അടുപ്പിച്ച ശേഷം തിരികെ വരുന്നത് കണ്ടു. ഞാന്‍ അപ്പോള്‍ വള്ളങ്ങളെല്ലാം എത്തിയോ എന്ന് ചോദിച്ചു. ഇന്നലെ വള്ളങ്ങളൊന്നും ഓടിയില്ല, എല്ലാ വള്ളങ്ങളും പുലര്‍ച്ചെ തന്നെ തിരിച്ചെത്തി എന്ന് പറഞ്ഞപ്പോള്‍ എന്റെ ചങ്ക് തകര്‍ന്നു പോയി.

വൈകുന്നേരമായപ്പോഴേക്കും കടല്‍ത്തീരത്തു നിന്നും കൂട്ടനിലവിളി ഉയര്‍ന്നു. എനിക്ക് അതോടെ എഴുന്നേല്‍ക്കാന്‍ പോലുമാകാത്ത അവസ്ഥയായി. എങ്കിലും തമിഴ്നാട്ടിലോ കൊല്ലത്തോ കൊച്ചിയിലോ തീരത്തടുപ്പിച്ചിട്ടുണ്ടാകുമെന്ന വിശ്വാസത്തിലാണ് ദിവസങ്ങള്‍ തള്ളിനീക്കിയത്. ഓരോ മൃതദേഹങ്ങളും കിട്ടിയെന്ന് പറയുമ്പോഴും അത് അദ്ദേഹത്തിന്റേതല്ലെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. പൂന്തുറയിലെ പുണ്യാളന്‍ ഞങ്ങളെ കൈവിടില്ലെന്ന വിശ്വാസമായിരുന്നു അത്.

ഓഖിക്ക് ശേഷവും അന്തരീക്ഷത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ സംഭവിക്കുന്നു. ആ മാറ്റങ്ങള്‍ കാണുമ്പോള്‍ ഇപ്പോഴൊരു ചങ്കിടിപ്പാണ്. എന്റെ മക്കളെ പ്രസവിച്ച് കിടക്കുമ്പോഴും ആശുപത്രിയില്‍ നിന്നും പണിക്ക് പോയിട്ടുള്ള മനുഷ്യനാണ്. അന്നൊന്നുമില്ലാതിരുന്ന ആധിയാണ് ആ അഞ്ച് ദിവസങ്ങളില്‍ ഞാന്‍ അനുഭവിച്ചത്. എന്റെ വീട്ടുകാരും അദ്ദേഹത്തിന്റെ ചേട്ടനുമെല്ലാം ധൈര്യം പകര്‍ന്ന് കൂടെയുണ്ടായിരുന്നെങ്കിലും അദ്ദേഹം തിരിച്ചുവരാതെ എന്റെയുള്ളിലെ തീയണഞ്ഞിട്ടില്ല. എന്തായാലും ഇനിയൊരിക്കലും ഞാന്‍ ഇദ്ദേഹത്തെ കടലിലേക്ക് വിടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാലും ജീവിക്കാനെന്ത് ചെയ്യുമെന്നും മക്കളെ പഠിപ്പിക്കാനെന്തു ചെയ്യുമെന്നും മൂത്തമകളുടെ വിവാഹം എങ്ങനെ നടത്തുമെന്നുമുള്ള ചോദ്യങ്ങള്‍ ഞങ്ങള്‍ക്ക് മുന്നിലുണ്ട്. മാര്‍ച്ച് മാസത്തിലും ഒരു ചുഴലിക്കാറ്റ് സാധ്യത കേട്ടിരുന്നു. സര്‍ക്കാര്‍ അത് മുന്‍കൂട്ടി തന്നെ അറിയിച്ചു. എന്നാല്‍ ഓഖിക്ക് മുമ്പും സര്‍ക്കാര്‍ ഇത്തരത്തിലൊരു ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ ഈ കടപ്പുറത്തെ പലര്‍ക്കും വേണ്ടപ്പെട്ടവരെ നഷ്ടമാകില്ലായിരുന്നു. ഞങ്ങളുടെയൊന്നും ജീവിതം ഇത്രമാത്രം ദുരിതപൂര്‍വമാകില്ലായിരുന്നു.

കര ഒരുപാട് ദൂരെയായിരുന്നു, ഒഖി ആഞ്ഞടിക്കുകയും; അഞ്ചു ദിവസം കടലില്‍ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം

ചിത്രങ്ങള്‍: സുര്‍ജിത് കാട്ടായിക്കോണം

(അവസാനിച്ചു)

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍