UPDATES

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ വീണ്ടും; ഇത്തവണ മിസോറാമിന്റെ പേരില്‍

ദേശാഭിമാനി അടക്കമുള്ള പത്രങ്ങള്‍ മിസോറാം ലോട്ടറി പരസ്യം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു

വിവാദ ലോട്ടറി രാജാവും ഒട്ടനവധി കേസുകളിലെ പ്രതിയുമായ സാന്റിയാഗോ മാര്‍ട്ടിന്‍ കേരള ലോട്ടറി വിപണയിലേക്ക് ശക്തമായി തിരിച്ചെത്തുന്നുവെന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവരുന്ന വാര്‍ത്തകള്‍ നല്‍കുന്നത്. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ മൊത്തക്കച്ചവടക്കാരനായിരുന്ന സാന്റിയാഗോ മാര്‍ട്ടിനെതിരെ നിലവില്‍ ലോട്ടറിത്തട്ടിപ്പിന് 32 കേസുകള്‍ നിലവിലുണ്ട്. ജിഎസ്ടി പ്രകാരം കേരള സംസ്ഥാന ഭാഗ്യക്കുറിക്ക് 12 ശതമാനവും അന്യസംസ്ഥാന ഭാഗ്യക്കുറികള്‍ക്ക് 28 ശതമാനവും നികുതിയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തിലേക്ക് എത്തില്ലെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. എന്നാല്‍ ഈ കണക്കു കൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ടാണ് മിസോറാം ലോട്ടറികള്‍ കേരളത്തിലെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പാലക്കാടിനടുത്ത് കഞ്ചിക്കോട്ടെ ഗോഡൗണില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അഞ്ചു കോടിയിലേറെ ലോട്ടറി ടിക്കറ്റുകള്‍ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലാകുകയും ചെയ്തു. ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോട്ടറികള്‍ വിറ്റതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാലക്കാട് കസബ പോലീസ് റെയ്ഡ് നടത്തിയത്. പാലക്കാട്-കോയമ്പത്തൂര്‍ ദേശീയപാതയില്‍ കുരുടിക്കാട്ട് വാടകയ്‌ക്കെടുത്ത കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ ചാക്കില്‍ക്കെട്ടിവച്ച നിലയിലായിരുന്നു ടിക്കറ്റുകള്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അതീവരഹസ്യമായി രണ്ട് ലോഡായിട്ടാണ് ടിക്കറ്റുകള്‍ ഇവിടെ എത്തിച്ചത്. രാത്രി സമയങ്ങളിലാണ് ടിക്കറ്റുകള്‍ എത്തിച്ചിരുത്. വരുംദിവസങ്ങളിലും കൂടുതല്‍ ടിക്കറ്റുകള്‍ എത്തിക്കുമായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ടീസ്റ്റ എന്ന മൊത്തവിതരണക്കാരാണ് മിസോറാം ലോട്ടറിയുടെ കേരളത്തിലെ വിതരണക്കാര്‍. ഇതിന്റെ ഉടമസ്ഥരെ കണ്ടെത്താനായിട്ടില്ലെങ്കിലും സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട സ്ഥാപനമാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇവരില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ ജിഎസ്ടി അധികൃതരും പോലീസും പരിശോധിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ മിസോറാം ലോട്ടറികള്‍ വില്‍പ്പന നടത്തുന്നത് നിയമവിരുദ്ധമാണെന്ന് ധനമന്ത്രി തോമസ് ഐസക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടാതെയാണ് കേരളത്തില്‍ മിസോറാം ലോട്ടറികള്‍ വില്‍പ്പനയ്‌ക്കൊരുങ്ങുതെന്നാണ് ധനമന്ത്രി പറയുന്നത്. ചട്ടം പാലിക്കാതെ പരസ്യം നല്‍കിയത് ആരാണെന്ന് അന്വേഷിക്കുമെന്നും ധനമന്ത്രി അറിയിച്ചു. ദേശാഭിമാനി ഉള്‍പ്പെടെയുള്ള മുഖ്യധാര പത്രങ്ങളില്‍ മിസോറാം ലോട്ടറിയുടെ പരസ്യം വന്നതോടെയാണ് വിഷയം വീണ്ടും രാഷ്ട്രീയ ശ്രദ്ധനേടുകയും ചെയ്തു. ഓഗസ്റ്റ് ഏഴുമുതല്‍ മിസോറാം ലോട്ടറിയുടെ നറുക്കെടുപ്പ് കേരളത്തില്‍ തുടങ്ങുമെന്നായിരുന്നു പരസ്യം. സിപിഎം മുഖപത്രമായ ദേശാഭിമാനി ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഈ പരസ്യം പ്രസിദ്ധീകരിച്ചത് വിവാദമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാലക്കാട്ടെ റെയ്ഡും മറ്റുമുണ്ടായത്. പരസ്യത്തിന് പിന്നില്‍ സാന്റിയാഗോ മാര്‍ട്ടിനാണെന്ന് ധനമന്ത്രി തോമസ് ഐസക് തന്നെ സമ്മതിച്ചിട്ടുണ്ട്.

ആദ്യഘട്ടമെന്ന നിലയില്‍ ടീസ്റ്റ 35 ഏജന്‍സികളുമായി ലോട്ടറി വില്‍ക്കാന്‍ ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതില്‍ ഭൂരിഭാഗവും സംസ്ഥാന ലോട്ടറിയുടെ അംഗീകൃത വിതരണക്കാരാണ്. കേരള ലോട്ടറി വില്‍ക്കുന്നവര്‍ മിസോറാം ലോട്ടറി വില്‍ക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അപ്രതീക്ഷിതമായി അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ വില്‍പ്പനയ്‌ക്കൊരുങ്ങിയതോടെ ഇത്തരം ലോട്ടറികള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാരിന് വിജ്ഞാപനമിറക്കേണ്ടി വന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലെ രജിസ്‌ട്രേഡ് ഏജന്റുമാര്‍ അന്യസംസ്ഥാന ഭാഗ്യക്കുറി വില്‍പന നടത്താന്‍ പാടില്ല, ഇതിന് വിരുജദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ ഏജന്‍സികള്‍ റദ്ദ് ചെയ്യുന്നതും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ്. ഏജന്റുമാര്‍ നിയമിക്കുന്ന സബ് ഏജന്റുമാര്‍, വില്‍പ്പനക്കാര്‍, റീടെയ്‌ലര്‍മാര്‍ എന്നിവര്‍ ഈ നിബന്ധന പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് രജിസ്‌ട്രേഡ് ഏജന്റിന്റെ ഉത്തരവാദിത്വമാണ്. അല്ലാത്തപക്ഷം ഏജന്റിനെതിരെ നടപടി സ്വീകരിക്കും. 1998ലെ കേന്ദ്ര ലോട്ടറി റെഗുലേഷന്‍ നിയമത്തിലെ സെഷന്‍ 4 പ്രകാരമുള്ള ചട്ടങ്ങള്‍ ലംഘിച്ച് നടത്തുന്ന ലോട്ടറികള്‍ നിയമവിരുദ്ധമാണ്. ഇത്തരം ലംഘനങ്ങള്‍ക്ക് ചട്ടം 7(3) പ്രകാരം നടപടി സ്വീകരിക്കുന്നതാണ്. നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥയ്ക്ക് വിരുദ്ധമായ രീതിയില്‍ ചിട്ടപ്പെടുത്തുകയോ, നടത്തുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്ന ലോട്ടറിയുടെ ഏജന്റോ പ്രമോട്ടറോ വില്‍പ്പനക്കാരനോ ആയി ഏതെങ്കിലും വ്യക്തി പ്രവര്‍ത്തിക്കുകയോ പ്രസ്തുത ലോട്ടറി വില്‍ക്കുകയോ വ്യാപാരം ചെയ്യുകയോ വാങ്ങുകയോ ചെയ്താല്‍ 2 വര്‍ഷം വരെ കഠിനതടവും പിഴയും ശിക്ഷ ലഭിക്കും. ഇത് ജാമ്യമില്ലാത്ത കുറ്റകൃത്യമാണെന്നും വിജ്ഞാപനത്തില്‍ പറയുന്നു. കൂടാതെ വില്‍പ്പനയ്‌ക്കെത്തുന്ന ലോട്ടറികളുടെ എണ്ണവും സീരിയല്‍ നമ്പറും നികുതി വകുപ്പിന് കൈമാറണമെന്നും വിജ്ഞാപനത്തില്‍ ആവശ്യപ്പെടുന്നു. വില്‍ക്കാതെ ബാക്കി വരുന്ന ടിക്കറ്റുകള്‍ 48 മണിക്കൂറിനുള്ളില്‍ പരിശോധനകള്‍ക്ക് ഹാജരാക്കണം. ലോട്ടറി വിറ്റില്ലെന്ന് പറഞ്ഞ് നികുതി വെട്ടിക്കുന്നത് ഒഴിവാക്കാനാണ് ഇത്. ജിഎസ്ടി പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഈ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. അന്യസംസ്ഥാന ലോട്ടറികളില്‍ പലതും സമ്മാനം നല്‍കാതെ ജനങ്ങളെയും വില്‍പ്പന സംബന്ധിച്ച വ്യാജ കണക്കുകള്‍ നല്‍കി സര്‍ക്കാരിനെയും കബളിപ്പിക്കുന്നവയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു.

കൂടാതെ കേരളത്തില്‍ നിന്നും നിയമവിരുദ്ധമായി കോടികള്‍ കൊള്ളയടിച്ചുകൊണ്ട് പോകാന്‍ സാന്റിയാഗോ മാര്‍ട്ടിനെ പോലെയുള്ളവര്‍ ശ്രമിക്കുകയാണ്. അടുത്തമാസം മുതല്‍ നെറുക്കെടുപ്പ് ആരംഭിക്കുമെന്ന് പരസ്യം നല്‍കിയിരിക്കുന്ന മിസോറാം ലോട്ടറി കേന്ദ്ര സര്‍ക്കാരിന്റെ നിയമവും ചട്ടവും പാലിക്കാതെയാണ് വില്‍പ്പനയ്‌ക്കൊരുങ്ങുന്നത്. ഏതെങ്കിലും ഒരു സംസ്ഥാനം മറ്റൊരു സംസ്ഥാനത്ത് തങ്ങളുടെ ലോട്ടറി വില്‍ക്കുകയാണെങ്കില്‍ മുന്‍കൂട്ടി അറിയിച്ച് അനുവാദം വാങ്ങേണ്ടതുണ്ട്. എന്നാല്‍ ഇന്നലത്തെ പത്രങ്ങളില്‍ പരസ്യം പ്രസിദ്ധീകരിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ മിസോറാം ലോട്ടറി ഇവിടെ വില്‍പ്പനയ്‌ക്കൊരുങ്ങുന്നത് അറിയുന്നത് തന്നെ. മിസോറാം സര്‍ക്കാര്‍ ഈ ലോട്ടറിയെക്കുറിച്ച് യാതൊരു വിവരങ്ങളും കേരള സര്‍ക്കാരിന് നല്‍കിയിട്ടില്ല. അതിനാലാണ് ഇവിടെയിറങ്ങുന്നത് മിസോറാം ലോട്ടറിയല്ല പകരം സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറിയാണെന്ന് ധനമന്ത്രി പറയുന്നത്.

28 ശതമാനം ജിഎസ്ടിയുള്ള സാഹചര്യത്തില്‍ ലോട്ടറി വിറ്റുവരവിന്റെ 102 ശതമാനം രൂപ സമ്മാനത്തിനും നികുതിയ്ക്കും ഇളവുകള്‍ക്കും മറ്റ് ചെലവുകള്‍ക്കുമായി വരും. അതായത് നിലവിലെ സാഹചര്യത്തില്‍ 2 ശതമാനം നഷ്ടത്തിലേ കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറികള്‍ വില്‍ക്കാന്‍ സാധിക്കൂ. ഈ സാഹചര്യത്തിലാണ് സമ്മാനങ്ങള്‍ നല്‍കാതിരിക്കലോ നികുതി വെട്ടിക്കലോ ആണ് ഈ ലോട്ടറികളുടെ പിന്നിലെ ലക്ഷ്യമെന്ന് കരുതുന്നത്. ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക ഇതര സംസ്ഥാന ലോട്ടറികള്‍ സംസ്ഥാനങ്ങളുടെ ട്രഷറി അക്കൗണ്ടുകളില്‍ നിക്ഷേപിക്കണമെന്നാണ് 2011ല്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്. ഈ തുകയില്‍ നിന്നുമാണ് കമ്മിഷനും സമ്മാനങ്ങളും നല്‍കേണ്ടത്. സര്‍ക്കാര്‍ പ്രസിലോ റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള പ്രസിലോ ആണ് ടിക്കറ്റ് അച്ചടിക്കേണ്ടത്. കൂടാതെ ലോട്ടറിയുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും സര്‍ക്കാരിനെ അറിയിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. മിസോറാം ലോട്ടറി ഇതൊന്നും പാലിക്കുന്നില്ല. കേരള സര്‍ക്കാര്‍ വിശദീകരണം ചോദിച്ചുകൊണ്ട് മിസോറാം സര്‍ക്കാരിന് അയച്ച കത്തിന് മറുപടി ലഭിച്ചിട്ടുണ്ടെങ്കിലും അത് തൃപ്തികരമല്ലെന്നാണ് ഇന്ന് ധനമന്ത്രി അറിയിച്ചിരിക്കുന്നത്. മിസോറാം ലോട്ടറി നിരോധിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടാനിരിക്കുകയാണ്. നേരത്തെ സിഎജി റിപ്പോര്‍ട്ടില്‍ ഈ ലോട്ടറിയുടെ നടത്തിപ്പിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്.

മുമ്പ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഭരിച്ചപ്പോള്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും വിവാദങ്ങളില്‍പ്പെടുത്തിയ വ്യക്തിയാണ് സാന്റിയാഗോ മാര്‍ട്ടിന്‍. ഇയാളില്‍ നിന്നും ദേശാഭിമാനി രണ്ട് കോടി രൂപ ബോണ്ട് വാങ്ങിയത് വിവാദമാകുകയും പിന്നീട് തിരികെ കൊടുത്ത് തലയൂരിയതുമാണ്. അന്ന് സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ കേരളത്തിലെ മൊത്തവില്‍പ്പനക്കാരനായിരുന്നു മാര്‍ട്ടിന്‍. ഏറെ നാള്‍ നീണ്ടുനിന്ന നിയമയുദ്ധത്തിന് ശേഷമാണ് മാര്‍ട്ടിന്റെ ലോട്ടറികളെ സംസ്ഥാനത്തുനിന്നും കെട്ടുകെട്ടിച്ചതും അയാളെ ലോട്ടറി തട്ടിപ്പ് കേസുകളില്‍ പ്രതിയാക്കിയതും. ഇന്നലെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ നിന്നും വന്‍ കമ്മിഷനാണ് മിസോറാം ലോട്ടറി ഏജന്റുമാര്‍ക്ക് വാഗ്ദാനം ചെയ്യുന്നതെന്ന് മനസിലാക്കാം. കൂടാതെ സമ്മാനത്തുകയുടെ പത്ത് ശതമാനത്തോളവും കമ്മിഷന്‍ നല്‍കുന്നു. ഇതിലൂടെ സംസ്ഥാന ലോട്ടറി വില്‍പ്പനയില്‍ ഇടിവുണ്ടാകുമെന്നും സംസ്ഥാന ലോട്ടറിയേക്കാള്‍ കൂടുതല്‍ വിറ്റ് ലാഭം കൊയ്യാമെന്നും തന്നെയാണ് ലോട്ടറി രാജാവിന്റെ കണക്കുകൂട്ടല്‍. ഇതോടെ കേരള ലോട്ടറിയുടെ നട്ടെല്ല് മാത്രമല്ല, കേരള ജനതയ്ക്ക് വേണ്ടി നടപ്പാക്കുന്ന പല സഹായപദ്ധതികളുടെയും നട്ടെല്ല് കൂടിയാണ് ഒടിയുന്നത്. കേരള സംസ്ഥാന ലോട്ടറിയുടെ ലാഭം പൂര്‍ണമായും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്കായി മാറ്റിവയ്ക്കുമെന്നാണ് ധനമന്ത്രി അറിയിച്ചിട്ടുള്ളത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍