UPDATES

ട്രെന്‍ഡിങ്ങ്

പ്രണയം പ്രതികാരമാകുമ്പോള്‍; വെട്ടിയും കുത്തിയും കത്തിച്ചും കൊന്നുകളയുന്ന പെണ്‍കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നത്

ഇന്ത്യയിലൊട്ടാകെ പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ വേട്ടയാടപ്പെടുകയാണ്

‘ദേഹം വെടിഞ്ഞാല്‍ തീരുന്നില്ലീ പ്രണയജടിലം ദേഹിതന്‍ ദേഹബന്ധം’

ശരീരത്തിനേ മരണമുള്ളൂ. സ്‌നേഹത്തിന് മരണമില്ലെന്നാണ് ‘ലീലയില്‍’ കുമാരാനാശാന്‍ പറയുന്നത്. എന്നാല്‍ സ്‌നേഹത്തിന്റെ പേരില്‍ കത്തിച്ചും വെട്ടിയും കുത്തിയും കൊല ചെയ്യുന്നതാണ് കേരളത്തിലിപ്പോള്‍ നിത്യസംഭവമായി മാറിയിരിക്കുന്നത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ തൃശൂരില്‍ ബിടെക് വിദ്യാര്‍ത്ഥിനിയായ നീതുവിനെ യുവാവ് വീട്ടില്‍ കയറി കഴുത്തിലും വയറിലും കുത്തിയശേഷം പെട്രോള്‍ ഒഴിച്ച് കത്തിച്ചു കൊന്ന സംഭവം കൂടിയാകുമ്പോള്‍ അടുത്തകാലത്തായി ഇത്തരത്തില്‍ ദാരുണമായി കൊല്ലപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം ഏഴായി. അതിനും പിന്നോട്ട് പോയാല്‍ കൂടുതല്‍ നടുങ്ങും. ഒന്നിനു പിറകെ ഒന്ന് എന്ന കണക്കിലാണ് പ്രണയത്തിന്റെ പേരില്‍ ഉണ്ടാകുന്ന വൈരാഗ്യം പെണ്‍കുട്ടികളുടെ ജീവനെടുക്കുന്നത്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ തിരുവല്ലയില്‍ നടുറോഡില്‍ വച്ച് കവിത എന്ന പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊന്ന സംഭവം നടന്ന് 13 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് തൃശൂരിലും സമാനമായ കൊല നടന്നതെന്നതാണ് നടുക്കുന്നത്. മാര്‍ച്ച് പതിമൂന്നാം തീയതി രാവിലെയാണ് തിരുവല്ല റെയില്‍വേ സ്‌റ്റേഷനു സമീപത്തുവച്ച് കവിതയെ കുമ്പനാട് സ്വദേശിയായ അജിന്‍ റെജി മാത്യൂസ് എന്നയാള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുന്നത്. തിരുവല്ലയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ റേഡിയോളജി കോഴ്‌സ് പഠിച്ചുകൊണ്ടിരുന്ന കവിത ക്ലാസ്സിലേക്കു പോകും വഴിയാണ് അജിന്‍ ആക്രമിച്ചത്. വഴിയരികില്‍ തടഞ്ഞു നിര്‍ത്തി കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം, ആളുകള്‍ക്ക് കാര്യം മനസ്സിലാകുന്നതിനു മുന്നേ തന്നെ തലവഴി പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ആദ്യം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് എറണാകുളം മെഡിക്കല്‍ സെന്ററിലും എത്തിച്ച പെണ്‍കുട്ടി ഒമ്പതു ദിവസത്തോളമാണ് ഗുരുതരാവസ്ഥയില്‍ മരണത്തോട് മല്ലിട്ടു കഴിഞ്ഞത്. ഒടുവില്‍ മാര്‍ച്ച് 20 ന് വൈകീട്ട് ആറു മണിയോടെ മരണത്തിനു കീഴടങ്ങി.

പ്ലസ് ടു പഠനകാലത്ത് തങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായിരുന്നുവെന്നും പിന്നീട് പെണ്‍കുട്ടി ആ ബന്ധത്തില്‍ നിന്നും പിന്മാറിയതാണ് കൊലയ്ക്കു കാരണമെന്നുമാണ് പ്രതി പറയുന്നത്. സാധാരണ കുടുംബത്തില്‍പ്പെട്ട കവിത പഠനത്തിന് മുന്‍ഗണന കൊടുത്ത് ഒരു ജോലി ലക്ഷ്യം വച്ച് ജീവിക്കുകയായിരുന്നു. മാതാപിതാക്കളെ സംരക്ഷിക്കുകയായിരുന്നു അവള്‍ക്ക് പ്രധാനം. എന്നാല്‍ അതൊന്നും മനസിലാക്കാതെ അവളെ ഏറ്റവും ക്രൂരമായി ഇല്ലാതാക്കുകയാണ് പ്രതി ചെയ്തത്. തിരുവല്ലയിലെ പെണ്‍കുട്ടിയോട് ഏറെ സാമ്യമാണ് തൃശൂരില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്കും. അമ്മ നേരത്തെ മരിച്ചു പോയ, അച്ഛന്‍ ഉപേക്ഷിച്ചു പോയ നീതു അമ്മുമ്മയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. ബിടെക് പൂര്‍ത്തിയാക്കി ഒരു നല്ല ജോലി സമ്പാദിച്ച് ജീവിതത്തില്‍ മുന്നേറാന്‍ ആഗ്രഹിച്ചിരുന്നവള്‍. പ്രതിയായ നിധീഷുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണെന്നും പറയുന്നുണ്ട്. എന്നാല്‍ വിവാഹത്തില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതോടെ നിധീഷ് പെണ്‍കുട്ടിയെ കൊല്ലുകയായിരുന്നു.

തിരുവല്ലയിലെയും തൃശൂരിലെയും പ്രതികളായ അജിനും നിധീഷും പെട്ടെന്നുണ്ടായ വൈകാരികക്ഷോഭത്തില്‍ കൊല നടത്തുകയായിരുന്നില്ല. കൊല്ലണമെന്ന്, അതും ഏറ്റവും ക്രൂരമായി തന്നെ കൊല്ലണമെന്നു തീരുമാനിച്ച് ഉറപ്പിച്ച് അതിനുവേണ്ട ഒരുക്കങ്ങള്‍ നടത്തി തന്നെയാണ് രണ്ടു പെണ്‍കുട്ടികളെയും കൊന്നത്. അജിന്‍ കവിതയെ കാത്തു നിന്നത് പെട്രോള്‍ നിറച്ച കുപ്പിയും കത്തിയും കയറുമൊക്കെയായിട്ടാണ്. രക്ഷപ്പെടരുത് എന്ന് ഉറപ്പിക്കാനാണ് ആദ്യം കത്തികൊണ്ട് കുത്തിയത്. പിന്നീടാണ് തലവഴി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നത്. ഏതുരീതിയിലാണെങ്കിലും മരണം ഉറപ്പുവരുത്തണമെന്ന ലക്ഷ്യത്തോടെ. തൃശൂരിലെ കൊലയാളിയും തീരുമാനിച്ച് ഉറപ്പിച്ചിരുന്നത് നീതുവിന്റെ മരണം തന്നെയായിരുന്നു. കത്തികൊണ്ട് ആദ്യം കഴുത്തിലും പിന്നെ വയറിലും കുത്തിയശേഷമാണ് ദേഹം മുഴുവന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ആസൂത്രിതമായ കൊലപാതകങ്ങള്‍.

മേല്‍പ്പറഞ്ഞ രണ്ടു സംഭവങ്ങളോടും സമാനമായൊരു അരുംകൊല തന്നെയാണ് 2017 ഫെബ്രുവരി ഒന്നിന് കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കഷന്‍ ക്ലാസ് മുറിയില്‍ 21കാരിയെ ചുട്ടുകൊന്നതും. നാലാം വര്‍ഷ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥി ലക്ഷ്മിയായിരുന്നു ആ ദാരുണ സംഭവത്തിലെ ഇര. പ്രണയപരാജയത്തില്‍ ക്ഷുഭിതനായ ആദര്‍ശ് എന്ന 25 കാരന് ചെയ്ത ക്രൂരത. അതേ സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന ആദര്‍ശ് ലക്ഷ്മി തന്റെ പ്രണയം നിരസിച്ചതിന്റെ വാശിയിലാണ് ക്ലാസ് മുറിയിലേക്ക് പെട്രോളുമായി കടന്നെത്തിയത്. പെട്രോള്‍ ലക്ഷ്മിയുടെ ശരീരത്തിലേക്ക് ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു. ആദര്‍ശും പിന്നീട് തന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. മൂന്നു കേസുകളിലും തന്റെ വൈരാഗ്യം തീര്‍ത്തശേഷം സ്വയം ഇല്ലാതാകാന്‍ കൂടി മൂന്നു ആണുങ്ങളും തീരുമാനിച്ചിരുന്നതാണ്. തിരുവല്ലയില്‍ അജിനും പെണ്‍കുട്ടിയെ കൊന്നശേഷം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നു, തൃശൂരില്‍ നിധീഷിനും അതേ ചിന്തയായിരുന്നു. പക്ഷേ, രണ്ടുപേര്‍ക്കും അതിനായില്ല. ഗാന്ധിനഗറിലെ സംഭവത്തില്‍ മാത്രം കൊലയാളിയായ ആദര്‍ശിന് സ്വയം ജീവനൊടുക്കാന്‍ പറ്റി.

2017 ല്‍ പത്തനംതിട്ടയില്‍ നടന്ന കൊലയും ഇതേ കാരണത്താല്‍ തന്നെ, കൊല ചെയ്ത രീതിയും ഒന്നു തന്നെ. പ്രണയം നിരസിച്ചു എന്ന ‘കുറ്റം’ തന്നെയായിരുന്നു കടമനിട്ട സ്വദേശി 17 കാരിയും ചെയ്തത്. അതിന്റെ ശിക്ഷയായിട്ടായിരുന്നു സ്വന്തം വീടിനുള്ളില്‍ വെന്തുരുകി വീഴേണ്ടി വന്നത്. 2017 ജൂലൈ 14 ന് പ്രതി പെണ്‍കുട്ടിയെ വീട്ടില്‍ കയറിയാണ് പ്രതി പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. എട്ടുദിവസങ്ങള്‍ വേദന തിന്ന് മരണത്തോട് മല്ലടിച്ചിട്ട് ജൂലൈ 22 ന് ആ പെണ്‍കുട്ടിയും പോയി.

പ്രണയം നിരസിച്ചതിന്റെ പേരില്‍ അല്ലെങ്കിലും തൃശൂര്‍ ചെങ്ങാലൂരില്‍ ജീതു എന്ന യുവതിയും ആള്‍ക്കൂട്ടത്തിനു നടുവില്‍ വച്ചാണ് തീ കൊളുത്തപ്പെട്ടത്. പ്രതി ഭര്‍ത്താവും. മറ്റൊരാളുമായി സൗഹൃദം ഉണ്ടെന്നാരോപിച്ചായിരുന്നു ഭര്‍ത്താവായ വിരാജ് ജീതുവിനെ പെട്രോള്‍ ഒഴിച്ചു കത്തിച്ചത്. ജീവിക്കാന്‍ അര്‍ഹതിയില്ലെന്നു കുറ്റം വിധിച്ചിട്ടായിരുന്നു പഞ്ചായത്തംഗം ഉള്‍പ്പെടെ നാട്ടുകാര്‍ക്കിടയില്‍ വച്ച് വിരാജ് അങ്ങനെയൊരു ക്രൂരത ചെയ്തത്. കുടുംബശ്രീയുടെ കണക്കുകള്‍ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു ഓട്ടോയില്‍ വന്നിറങ്ങിയ വിരാജ് ജീതുവിനെ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നത്. ചുറ്റും ആളുകള്‍ ഉണ്ടായിട്ടുപോലും ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. എല്ലാവരുടെയും മുന്നില്‍ കിടന്ന് ആ പെണ്‍കുട്ടി വെന്തുമരിച്ചു.

കത്തിച്ചു മാത്രമല്ല, കുത്തിയും കൊന്നു തള്ളിയിട്ടുണ്ട് പെണ്‍കുട്ടികളെ ഇതുപോലെ. പ്രണയം നിരസിച്ചത് തന്നെ മുഖ്യകാരണം. 2018 സെപ്തംബറില്‍ തിരൂരില്‍ 15 വയസ് മാത്രമുള്ള പെണ്‍കുട്ടിയെയാണ് ബംഗാള്‍ സ്വദേശിയായ യുവാവ് വീട്ടില്‍ കടന്നു ചെന്ന് കുത്തി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി തന്റെ പ്രണയം നിരസിച്ചതാണ് കാരണമെന്നു പ്രതിയുടെ കുറ്റസമ്മതം. കാസറഗോഡ് സുള്ളിയില്‍ പ്രണയം നിരസിച്ചെന്ന പേരില്‍ പെണ്‍കുട്ടിക്ക് ജീവന്‍ പോയത് കോളേജില്‍ വച്ചായിരുന്നു. 2018 ഫെബ്രവരിയിലായിരുന്നു ആ സംഭവം. കാമ്പസില്‍ കടന്നു ചെന്നു നടത്തിയ കൊല.

മരണത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു പോന്നവരുമുണ്ട്. അവര്‍ക്കും മരണശിക്ഷ വിധിക്കാന്‍ കാരണം പ്രണയം തന്നെ. തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ അമ്പിളിയെ വെട്ടി വീഴ്ത്തിയത് 2017 മാര്‍ച്ചില്‍ ആയിരുന്നു. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങും വഴിയാണ് അമ്പിളിയെ പ്രതിയായ അമല്‍ വാക്കത്തി കൊണ്ട് വെട്ടുന്നത്. പ്രദേശവാസികളാണ് പ്രതിയും പെണ്‍കുട്ടിയും. വീട്ടിലേക്കുള്ള വഴിയില്‍ കാത്തു നിന്നാണ് അമല്‍ അമ്പിളിയെ വെട്ടി വീഴ്ത്തിയത്. പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിന് പൊലീസില്‍ പരാതി നല്‍കിയതിന്റെ പ്രതികാരമായിരുന്നു അമല്‍ ചെയ്തത്. കൊച്ചി കലൂരില്‍ കോതമംഗലം സ്വദേശിയായ പെണ്‍കുട്ടക്കു നേരെ യുവാവ് പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് കൊലപാതകശ്രമം നടത്തിയത് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലായിരുന്നു. കലൂരിലും ഉദയംപേരൂരിലും വെട്ടി വീഴ്ത്തുകയായിരുന്നെങ്കില്‍ തൃശൂര്‍ മാളയില്‍ നടന്നത് പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ മുഖം ബ്ലേഡുകൊണ്ട് കീറിമുറിക്കുകയായിരുന്നു. അതിലും ക്രൂരവും നടക്കുന്നതുമായ സംഭവമാണ് തൃശൂര്‍ പുന്നയൂര്‍കുളത്ത് നടന്നത്. പ്രണയം നിരസിച്ച പെണ്‍കുട്ടിയെ അടക്കം വീട്ടില്‍ പൂട്ടിയിട്ട് വീടിനു തീവയ്ക്കുകയായിരുന്നു. കുന്നംകുളത്താകട്ടെ പ്രണയം നിരസിച്ച പെണ്‍കുട്ടി നടന്നു പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി കുത്തി വീഴ്ത്തുകയായിരുന്നു. ഈ പെണ്‍കുട്ടികളൊക്കെ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരാണ്. കാരണം, പ്രതികളെല്ലാം തന്നെ നടത്തിയ കുറ്റസമ്മതങ്ങളില്‍ പറയുന്നത് കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെ ചെയ്തതാണെന്നാണ്. ഇനിയുമുണ്ട് പെണ്‍കുട്ടിള്‍ക്കെതിരേയുള്ള അക്രമണത്തിന്റെ വിവരങ്ങള്‍. അതില്‍ കൊല്ലണമെന്ന ഉദ്ദേശമില്ലാതെ ക്രൂരമായി മര്‍ദ്ദിച്ച കേസുകളുമുണ്ട്.

പ്രണയം പ്രതികാരമായി തീര്‍ന്നതിന്റെ ഇരകള്‍ ഇനിയുമുണ്ടെന്നതില്‍ സംശയമില്ല. ജീവന്‍ നഷ്ടപ്പെട്ടവര്‍ മാത്രമല്ല, മരിച്ച് ജീവിക്കുന്നുമുണ്ട് പലരും. 2005 ല്‍ ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റില്‍ പുസ്തകം വാങ്ങാന്‍ പോയ ലക്ഷ്മിയെന്ന പെണ്‍കുട്ടി പ്രണയ പ്രതികാരത്തിന്റെ ഇരയായി ഇന്നും നമ്മുടെ മുന്നിലുണ്ട്. ആസിഡ് വീണ് പൊള്ളിക്കരിഞ്ഞ മുഖവുമായി. ലക്ഷ്മിക്കു പിന്നാലെ എത്രയെത്ര ലക്ഷ്മിമാര്‍ വീണ്ടും. സേലത്ത് വിവാഹാഭ്യര്‍ത്ഥ നിരസിച്ചെന്ന പേരില്‍ റെയില്‍വേ സ്റ്റേഷനില്‍വച്ച് സ്വാതി എന്ന പെണ്‍കുട്ടിയെ വെട്ടിക്കൊലപ്പെടുത്തിയിട്ടും അധികമായിട്ടില്ല. ഇന്ത്യയിലൊട്ടാകെ പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ വേട്ടയാടപ്പെടുകയാണ്. അതും പ്രണയത്തിന്റെ പേരില്‍. ഇപ്പോഴിതാ കേരളത്തിലും ഇരകളുടെ എണ്ണം കൂടി വരുന്നു. സ്വന്തം വീട്ടില്‍ വച്ച്, പൊതുവിടങ്ങളില്‍ വച്ച്, നടു റോഡുകളില്‍ വച്ച്, ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ വച്ച്, കാമ്പസിനുള്ളില്‍വച്ച്, ക്ലാസ് മുറിയില്‍ വച്ച്; ഒരിടവും തങ്ങള്‍ക്ക് സുരക്ഷിതമല്ലെന്ന പോലെ പെണ്‍കുട്ടികള്‍ ചുട്ടെരിക്കപ്പെടുകയും വെട്ടിയറക്കപ്പെടുകയുമാണ്…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍