UPDATES

കുറുവടികളും വാക്കത്തിയും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ളവയല്ല, മരംമുറിച്ചത് സദാചാര പോലീസിങ്ങുമല്ല: മഹാരാജാസ് പ്രിന്‍സിപ്പല്‍ എന്‍.എല്‍ ബീന സംസാരിക്കുന്നു

മഹാരാജാസ് കോളേജിന് ഗുണകരമായ കാര്യങ്ങള്‍ നടന്നാല്‍ അതെന്റെ സ്വാര്‍ത്ഥനേട്ടത്തിനാണെന്നൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണ്?

കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക പരിച്ഛേദമായിരുന്ന എറണാകുളം മഹാരാജാസ് കോളേജ് ഇന്നു വിവാദങ്ങളുടെതായി മാറിയിരിക്കുകയാണ്. വിദ്യാര്‍ത്ഥിപ്രശ്‌നങ്ങള്‍ അല്ല, വിദ്യാര്‍ത്ഥികളും കോളേജ് പ്രിന്‍സിപ്പലുമായി നടക്കുന്ന തര്‍ക്കങ്ങളും ആരോപണങ്ങളുമാണ് മഹാരാജാസിനെ ഇന്ന് വാര്‍ത്തകളിലെത്തിക്കുന്നത്.  ഏറ്റവും ഒടുവിലായി വിദ്യാര്‍ത്ഥികളുടെ മുറിയില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഇവിടെയും ഒരു ഭാഗത്ത് പ്രിന്‍സിപ്പലുണ്ട്. തനിക്കെതിരേ ഉയരുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി പറയുകയാണ് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ എന്‍ എല്‍ ബീന.

രാകേഷ്: മഹാരാജാസ് കോളേജിനു തന്നെ അപമാനം വരുത്തിവയ്ക്കുന്ന വാര്‍ത്തയാണ് സ്റ്റാഫ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ച മുറിയില്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെത്തിയെന്നത്. പക്ഷേ വിദ്യാര്‍ത്ഥികള്‍ പറയുന്നത് ഇവ മാരകായുധങ്ങളല്ലെന്നും പണിസാധനങ്ങളാണെന്നുമാണ്. മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അതെന്നും ആരോപണമുണ്ട്. ഈ വിഷയത്തില്‍ പ്രിന്‍സിപ്പലിനു നല്‍കാനുള്ള വിശദീകരണം എന്താണ്?

ബീന: വിദ്യാര്‍ത്ഥികള്‍ എന്തിനാണ് പഠിക്കാനുള്ള മുറിയില്‍ പണിയായുധങ്ങള്‍ സൂക്ഷിക്കുന്നത്? ആ മുറിയില്‍ കണ്ടെത്തിയത് പണിയായുധങ്ങള്‍ ആയിരുന്നുവെന്ന് പറയുന്നതു ശരിയല്ല. പക്ഷേ അതെല്ലാം അതിനകത്ത് എങ്ങനെ വന്നു എന്നും എനിക്കറിയില്ല. മാരകായുധങ്ങള്‍ അല്ലെങ്കില്‍ വിവരം അറിഞ്ഞ ഉടനടി വിദ്യാര്‍ത്ഥികള്‍ ചിലര്‍ അവിടെ എത്തിയതും ചൂടായതും എന്തിനാണ്?

രാ: അവിടെ താമസിച്ചിരുന്ന കുട്ടികള്‍ ഏപ്രില്‍ 30-നു മുറികള്‍ ഒഴിഞ്ഞുപോയിരുന്നുവെന്നും അതിനുശേഷം ആയുധങ്ങള്‍ കണ്ടെത്തിയെന്നു പറയുന്നതിലും ഗൂഢാലോചന ഉണ്ടെന്നാണ് ആക്ഷേപം?

ബീ: ഹോസ്റ്റലുകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ഒരു പൊതുനിയമം ഉണ്ട്. ഏപ്രില്‍ 20 നു ഹോസ്റ്റല്‍ അടയ്ക്കണമെന്നാണ് നിര്‍ദേശം. സെമസ്റ്റര്‍ സംവിധാനം വരുന്നതിനു മുമ്പ് വാര്‍ഷിക പരീക്ഷകള്‍ നടന്നുകൊണ്ടിരിക്കുന്ന സമയത്തേ ഉള്ള നിയമമാണ്. റഗുലര്‍ പരീക്ഷയ്ക്കു മാത്രമെ ഹോസ്റ്റല്‍ അനുവദിക്കാവൂ എന്നുമുണ്ട്. സപ്ലിമെന്ററി പരീക്ഷകള്‍ക്കു കൊടുക്കരുതെന്നാണ്. ഏപ്രില്‍ 20 കഴിഞ്ഞാല്‍ ഹോസ്റ്റലിനുവേണ്ടിയുള്ള പാചകക്കാരൊക്കെ പോകും. അതിനുശേഷം നിന്നാലും അവര്‍ക്കൊന്നും ശമ്പളം കൊടുക്കില്ല. ഇതൊക്കെ ഹോസ്റ്റല്‍ അടയ്ക്കുന്നതിനുള്ള ഓരോ കാരണങ്ങളാണ്.

മഹാരാജാസ് ഇപ്പോള്‍ സ്വയംഭരണാവകശമുള്ള കോളേജാണ്. പരീക്ഷകള്‍ ഏപ്രിലിലും മേയിലും വരുന്നുണ്ട്. ഇവിടെ റെഗുലര്‍ പരീക്ഷകള്‍ അവസാനിക്കുന്നത് മേയ് 2-നാണ്. അതുകൊണ്ട് ഏപ്രില്‍ 28 വെള്ളിയാഴ്ച വരെ കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ തങ്ങാന്‍ അനുവാദം കൊടുത്തു. അന്നുവരെ പരീക്ഷയുമുണ്ടായിരുന്നു. അതിനുശേഷം ഹോസ്റ്റലില്‍ നില്‍ക്കാന്‍ അനുവാദമില്ലാത്തതാണെങ്കിലും മേയ് 2 വരെ പരീക്ഷയുണ്ടെന്ന കാരണത്താല്‍ അന്നുവരെ നില്‍ക്കാനുള്ള സൗകര്യം കൂടി ചെയ്തു കൊടുത്തു.

മഹാരാജാസ് കോളേജിന്റെ മെന്‍സ് ഹോസ്റ്റല്‍ താമസയോഗ്യമല്ലാത്തതിനാല്‍ പൂട്ടിയിട്ടിരിക്കുകയാണ്. അവിടെയുണ്ടായിരുന്ന കുട്ടികള്‍ക്ക് മറ്റു ഹോസ്റ്റലുകളില്‍ സൗകര്യം ചെയ്തുകൊടുത്തെങ്കിലും അവിടെയെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാക്കി പുറത്തുവന്നതാണ്. ചില നിബന്ധനകള്‍ വച്ചുകൊണ്ടാണ് രണ്ടു മാസത്തേക്കായി സ്റ്റാഫ് ഹോസ്റ്റലില്‍ ഇവര്‍ക്കു താമസസൗകര്യം കൊടുത്തത്. അധ്യാപകര്‍ താമസിച്ചിരുന്നു മുറികളാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഒഴിച്ചുകൊടുത്തത്. കുട്ടികള്‍ താമസിക്കട്ടെ എന്നു കരുതി. അങ്ങനെ നേരത്തെ രണ്ട് അധ്യാപകര്‍ താമസിച്ചിരുന്ന മുറികളില്‍ മൂന്ന് പേര്‍ താമസിക്കാന്‍ സമ്മതിച്ചിട്ടാണ് വിദ്യാര്‍ഥികള്‍ക്ക് മുറി നല്‍കിയത്. അധ്യാപകരുടെ നല്ല മനസ് കൊണ്ട് അവരുടെ മുറികള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒഴിച്ചു നല്‍കി. നാലു മുറികള്‍ നല്‍കിയെങ്കിലും മൂന്നെണ്ണത്തില്‍ നില്‍ക്കേണ്ട കുട്ടികളെ വന്നിരുന്നുള്ളൂ. ഒരു മുറി അടച്ചിട്ടു.

                                  സ്റ്റാഫ് ഹോസ്റ്റല്‍

24 കുട്ടികള്‍ക്കായിരുന്നു താമസസൗകര്യം പറഞ്ഞിരുന്നത്. മുറികള്‍ അനുവദിക്കുന്നതിനു മുന്നേ നമ്മള്‍ പറഞ്ഞിരുന്നത് നിബന്ധനകളില്‍ അദ്യത്തേത് ഹോസ്റ്റല്‍ ഡ്യൂസ് അടയ്ക്കണം എന്നായിരുന്നു. രണ്ടാമതായി പറഞ്ഞത്, ആരൊക്കെ നില്‍ക്കുന്നോ അവര്‍ പുതിയ ആപ്ലിക്കേഷന്‍ തരണമെന്നും. ഈ നിബന്ധനങ്ങള്‍ വച്ചതിനുശേഷം വന്നത് പത്തോ പന്ത്രണ്ടോ പേര്‍ മാത്രമാണ്. അവര്‍ ഫീസ് അടയ്‌ക്കേണ്ടതില്ലാത്ത കുട്ടികളായിരുന്നു. മറ്റു കുട്ടികള്‍ക്ക് കുറെ ഡ്യൂസ് ഉള്ളവരായിരുന്നു, അവരത് അടയ്ക്കാനും തയ്യാറായില്ല. അവരാരും വന്നതുമില്ല. അങ്ങനെയാണ് മൂന്നു മുറികളില്‍ കുട്ടികളെ അഡ്മിറ്റ് ചെയ്യുന്നതും ഒരു മുറി പൂട്ടിയിടുന്നതും.
മേയിലെ പരീക്ഷകള്‍ കഴിയുന്നതുവരെ ഇവര്‍ക്കു ഹോസ്റ്റല്‍ സൗകര്യം കൊടുക്കാന്‍ തന്നെയായിരുന്നു തീരുമാനം.

ഇതിനിടയില്‍ ഒരു പ്രശ്‌നമുണ്ടായി. എഗ്രിമെന്റില്‍ പറയുന്ന ഒരു കാര്യം പുറമെ നിന്നുള്ള ആരെയും മുറിയില്‍ കയറ്റരുതെന്നാണ്. കുട്ടികള്‍ മാത്രം താമസിക്കുന്ന ഹോസ്റ്റലല്ല അത്. ഹോസ്റ്റലിന്റെ കീഴ്ഭാഗത്തായി ഞാന്‍ താമസിക്കുന്നുണ്ട്. മറ്റൊരു ഭാഗത്ത് ഹോസ്റ്റല്‍ ഓഫിസാണ്. മേലെ ഡിഡി ഓഫിസിലെ ജീവനക്കാര്‍ താമസിക്കുന്നുണ്ട്. അധ്യാപകര്‍ താമസിക്കുന്നുണ്ട്. അങ്ങനെ പലരും അവിടെ താമസക്കാരാണ്. മെന്‍സ് ഹോസ്റ്റലിലെ പോലെ വിദ്യാര്‍ത്ഥികള്‍ക്കു തോന്നുംപടി ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. പക്ഷേ ആ കുട്ടികള്‍ ഈ നിബന്ധനയെല്ലാം തെറ്റിക്കുകയായിരുന്നു. മുന്‍ വിദ്യാര്‍ത്ഥികള്‍ പോലും മുറികളില്‍ കയറിവരാന്‍ തുടങ്ങി.

ഹോസ്റ്റലിന്റെ റസിഡന്റ് ട്യൂട്ടര്‍ ഒരു ദിവസം രണ്ടു കുട്ടികള്‍ മുകളിലേക്കു കയറിപ്പോകുന്നതു കണ്ടപ്പോള്‍ അവരെ തടഞ്ഞു. ഈ കുട്ടികള്‍ പൂര്‍വവിദ്യാര്‍ത്ഥികളായിരുന്നു. അവര്‍ വളരെ ധിക്കാരപരമായാണ് ആ അധ്യാപകനോടു പെരുമാറിയത്. അദ്ദേഹത്തിനത് വളരെ നാണക്കേടുണ്ടാക്കിയ സംഭവമായി. നിബന്ധനകള്‍ തെറ്റിച്ച് ആരും താമസിക്കേണ്ടതില്ലെന്നു പറഞ്ഞ് അദ്ദേഹം കുട്ടികളോട് മുറികള്‍ ഒഴിയാന്‍ ആവശ്യപ്പെട്ടു. ഈ സമയം അദ്ദേഹം വിദ്യാര്‍ത്ഥികളുടെ മുറിയില്‍ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത മുഹമ്മദ് അമീര്‍ എന്ന വിദ്യാര്‍ത്ഥി ഇരിക്കുന്നതും കണ്ടു. ഈ കാര്യങ്ങളൊക്കെ അദ്ദേഹം എന്നോടു വന്നു പരാതിപ്പെട്ടു. ഈ സമയം വിദ്യാര്‍ത്ഥികളും വന്നു. അവര്‍ പറയുന്നത് മേയ് വരെ അവിടെ താമസിക്കാന്‍ എഗ്രിമെന്റ് ഉണ്ടെന്നാണ്. സപ്ലിമെന്ററി പരീക്ഷക്കാര്‍ക്ക് താമസിക്കാന്‍ ഹോസ്റ്റല്‍ സൗകര്യം കൊടുക്കാന്‍ നിയമമില്ലെന്നാണ് ഹോസ്റ്റല്‍ ഓഫിസുകാര്‍ പറഞ്ഞത്. ഞാനപ്പോഴും കുട്ടികളുടെ ഭാഗത്താണു നിന്നത്. സപ്ലിമെന്ററി ആവേണ്ട പരീക്ഷ റെഗുലറാക്കിയാണ് നമ്മള്‍ ഇവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം കൊടുത്തതെന്നും അതുകൊണ്ട് പരീക്ഷ കഴിയുന്നതുവരെ അവര്‍ അവിടെ നില്‍ക്കട്ടെ എന്നും ഞാന്‍ പറഞ്ഞു.

29-ആം തീയതിയാണ് ഈ സംഭവം നടക്കുന്നത്. ഇനി നിങ്ങള്‍ക്ക് എന്നാണോ പരീക്ഷ, അതിന്റെ തലേദിവസം ഹോസ്റ്റലിലേക്കു വരൂ, അതല്ലാതെ മേയ് 31 വരെ ഹോസ്റ്റലില്‍ നില്‍ക്കേണ്ട ആവശ്യമില്ലല്ലോ എന്നൊരു നിബന്ധനയും ഞാനപ്പോള്‍ കുട്ടികളുടെ മുന്നില്‍ വച്ചു. അതവര്‍ സമ്മതിക്കുകയും ചെയ്തു. വാര്‍ഡനും റസിഡന്റ് ട്യൂട്ടറും ഞാനും കൂടി ഇരുന്ന് കുട്ടികളുടെ പരീക്ഷ ടൈംടേബിള്‍ നോക്കി. അടുത്ത പരീക്ഷ വരുന്നത് മേയ് രണ്ടാം തീയതിയാണ്. പിന്നെ 11 മുതല്‍ 22 വരെ. ഈ പരീക്ഷകള്‍ക്കിടയില്‍ എല്ലാം ഗ്യാപ്പുണ്ട്. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞത്, ഇന്നു നിങ്ങള്‍ വീട്ടില്‍ പോകണം, ഇനി ഒന്നാം തീയതി വൈകുന്നേരം വന്നാല്‍ മതി, പിറ്റേദിവസം പരീക്ഷയുണ്ടല്ലോ. പരീക്ഷ കഴിഞ്ഞാല്‍ അന്നു തന്നെ പോണം, പിന്നെ പത്താം തീയതി വൈകുന്നേരം വന്നാല്‍ മതി. 22 ആം തീയതി പരീക്ഷ കഴിഞ്ഞാല്‍ എല്ലാവരും വീട്ടിലേക്കു പോവുകയും വേണം. ഇതെല്ലാം വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചു.

താമസിക്കുന്നവരില്‍ പരീക്ഷ ബാക്കിയുള്ളവരുടെ കണക്കെടുത്തപ്പോള്‍ ആകെ ഏഴുപേരെ ഉള്ളൂ. പിറ്റേദിവസം രാവിലെ തന്നെ കുട്ടികള്‍ അവരുടെ ബാഗും ഡ്രസും ബുക്‌സും എല്ലാം അവിടെ വച്ചിട്ട് തന്നെ മുറികള്‍ പൂട്ടി തക്കോല്‍ റസിഡന്റ് ട്യൂട്ടറെ ഏല്‍പ്പിച്ചു. അദ്ദേഹം അപ്പോള്‍ തന്നെ താക്കോലുകള്‍ ഹോസ്റ്റല്‍ ഓഫിസിലേക്കു കൊടുക്കുകയും ചെയ്തു. മൂന്നു മുറികളിലായിരുന്നല്ലോ കുട്ടികള്‍ ഉണ്ടായിരുന്നത്, ഇതില്‍ രണ്ടു മുറിയേ പൂട്ടാന്‍ പറ്റുന്നുള്ളൂവെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. ഒരു മുറി പൂട്ടാന്‍ പറ്റുന്നില്ല. അതു കുഴപ്പമില്ലെന്നും ഒന്നാം തീയതി വൈകുന്നേരം കുട്ടികള്‍ തിരിച്ചുവരുന്നതാണല്ലോ എന്നു കരുതി റസിഡന്റ് ട്യൂട്ടറും അതത്ര വലിയ കാര്യമാക്കിയില്ല. 30-നു രാത്രി ഈ മുറി പൂട്ടാതെ തന്നെ കിടന്നു. കുട്ടികളില്‍ പലരും പല സമയത്തും കയറി വരുന്നത് ബാക്കി താമസക്കാരായ ഞങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുകൊണ്ട് മുമ്പില്‍ ഒരു ഗ്രില്‍ പിടിപ്പിച്ചിരുന്നു. രാത്രി പത്തരയാകുമ്പോള്‍ ഇതു പൂട്ടുമെന്നു വിദ്യാര്‍ത്ഥികളോട് പറഞ്ഞിട്ടുള്ളതാണ്. അവരതില്‍ എതിര്‍പ്പൊന്നും പറഞ്ഞിരുന്നില്ല.

രണ്ടാം തീയതി രാവിലെ റസിഡന്റ് ട്യൂട്ടര്‍ ഫോണില്‍ സംസാരിച്ചു വരാന്തയില്‍ കൂടി നടക്കുമ്പോഴാണ് രണ്ട് ഓടുകള്‍ അവിടെ സാറിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഓടുകള്‍ അവിടെ വരാന്‍ ഒരുവഴിയുമില്ലല്ലോ എന്നാലോചിച്ച് സാര്‍ അവിടെയൊക്കെ പരിശോധിച്ചപ്പോഴാണ് ഹോസ്റ്റലിന്റെ പിറകുവശത്തായി ഓടിട്ട ചെറിയൊരു സ്‌ട്രെക്ചര്‍ ഉള്ളതിന്റെ ഓടുമാറ്റിയിട്ട് ഏണി വച്ചിരിക്കുന്നതായി കാണുന്നത്. ഇങ്ങനെയൊരു ഏണി ഇവിടെ വരാന്‍ കാരണം എന്തായിരിക്കുമെന്നത് സാറിന്റെ ഉള്ളില്‍ കൂടുതല്‍ സംശയം ജനിപ്പിച്ചു. ഏണി ഉള്ളിലേക്ക് വലിച്ചിട്ടശേഷം സാര്‍ പൂട്ടാന്‍ കഴിയാത്ത ആ മുറിയില്‍ ചെന്നു നോക്കി. അവിടെ കട്ടിലിനടിയിലായി ബാനറില്‍ ചുരുട്ടിവച്ചപോലെ എന്തോ ഒന്ന്. സാറത് തുറന്നു നോക്കുമ്പോഴാണ് ആയുധങ്ങള്‍ കാണുന്നത്. ഉടന്‍ തന്നെ സാര്‍ ഹോസ്റ്റല്‍ ഓഫിസില്‍ അറിയിച്ചു. പുതിയൊരു പൂട്ടും താക്കോലും കൊണ്ടുവന്ന് മുറി പൂട്ടി താക്കോല്‍ ഹോസ്റ്റല്‍ ഓഫിസില്‍ കൊടുത്തു. പിന്നെ വാര്‍ഡനെ റിപ്പോര്‍ട്ട് ചെയ്തു. വാര്‍ഡന്‍ എന്നെ റിപ്പോര്‍ട്ട് ചെയ്തു, ഞാന്‍ പൊലീസിലും അറിയിച്ചു. ഇതാണ് സംഭവിച്ചത്. കുട്ടികള്‍ പൂര്‍ണമായും ഹോസ്റ്റല്‍ വെക്കേറ്റ് ചെയ്തുവെന്ന് പറയുന്നത് ശരിയല്ല. കാരണം രണ്ടാം തീയതി അവര്‍ക്കു പരീക്ഷയുണ്ട്. അവരുടെ സാധനങ്ങളെല്ലാം മുറികളില്‍ ഇരിപ്പുണ്ട്. ഒന്നാം തീയതി വൈകുന്നേരം തിരിച്ചു വരുമെന്നും പറഞ്ഞിരുന്നതാണ്. ഇതിനിടയില്‍ ഈ ആയുധങ്ങള്‍ എങ്ങനെ വന്നു എന്നതാണ് സംശയം.

രാ: ടീച്ചര്‍ ഇപ്പോഴും അവ മാരകായുധങ്ങളാണെന്നു പറയുന്നു. മുഖ്യമന്ത്രി പറയുന്നു, അവ പണിസാധനങ്ങളാണെന്ന്. ആരാണു കാര്യങ്ങള്‍ തെറ്റായി അവതരിപ്പിക്കുന്നത്?

ബീ: കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് പണിക്കാര്‍ കോളേജില്‍ ഉണ്ട്. കാമ്പസിനകത്ത് എന്തു പണി നടക്കുന്നുണ്ടെങ്കിലും അവരുടെ പണിസാധനങ്ങള്‍ സൂക്ഷിക്കണമെങ്കില്‍ അതെന്നോട് ചോദിച്ച് അനുവാദം വാങ്ങിച്ചിട്ടാണ് വയ്ക്കുന്നത്. പലതരം പണികളും കാമ്പസില്‍ നടക്കുന്നുണ്ട്. ഇവരൊക്കെ ആവശ്യപ്പെടുമ്പോള്‍ അവരുടെ പണിസാധനങ്ങള്‍ സൂക്ഷിക്കാന്‍ ഓരോ മുറി അനുവദിച്ചുകൊടുക്കുകയുമാണ് ചെയ്യുക. അതുകൊണ്ട് തന്നെ പണിക്കാരുടെ സാധനങ്ങള്‍ കുട്ടികളുടെ മുറിയില്‍ സൂക്ഷിക്കേണ്ട യാതൊരു കാര്യവുമില്ല. ഇതിനിടയില്‍ കോണ്‍ട്രാക്ടര്‍ അവരുടെ ഒരു ഏണി നഷ്ടമായെന്നും പറഞ്ഞ് എന്നെ വന്നു കണ്ടിരുന്നു. നഷ്ടപ്പെട്ട ഏണി ഏതാണെന്ന് എനിക്കു മനസിലായി. ഏണി സുരക്ഷിതമായി വച്ചിട്ടുണ്ടെന്നും എടുത്തു തരാമെന്നും ഞാനവരോട് പറഞ്ഞു. നിങ്ങളുടെ എന്തെങ്കിലും പണിസാധനങ്ങള്‍ നഷ്ടപ്പെട്ടുണ്ടോ എന്നും ഇതിനിടയില്‍ ഞാനവരോട് തിരക്കി. ഒന്നും പോയിട്ടില്ലാണ് അവര്‍ പറഞ്ഞത്.

ആ മുറിയില്‍ നിന്നും കണ്ടെത്തിയത് പണിസാധനങ്ങള്‍ ഒന്നുമല്ലെന്ന് മനസിലാക്കാവുന്നതേയുള്ളൂ. കുറുവടിയും വാക്കത്തിയുമൊക്കെ പണിക്കുപയോഗിക്കുന്ന സാധനങ്ങളാണോ?

രാ: വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ഏറ്റവും വലിയ ആക്ഷേപവും അവര്‍ സമരം നടത്തുന്നതുമായ ഒരു വിഷയമാണ് എംസിആര്‍വി (മെന്‍സ് ഹോസ്റ്റല്‍). ആ ഹോസ്റ്റല്‍ ടീച്ചര്‍ നിര്‍ബന്ധപൂര്‍വം പൂട്ടുകയും നൂറുകണക്കിനു വിദ്യാര്‍ത്ഥികളെ (ദളിത്, ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ) വഴിയിലിറക്കി വിട്ടെന്നതും?

ബീ: മഹാരാജാസില്‍ ചാര്‍ജ് ഏറ്റെടുത്ത ആദ്യ ദിവസങ്ങള്‍ തൊട്ട് എനിക്കു കിട്ടുന്ന പരാതിയാണ് മെന്‍സ് ഹോസ്റ്റലിന്റെ ശോചനീയാവസ്ഥ. സീലിംഗ് അടര്‍ന്നു വീഴുന്നു, അതിനകത്ത് നില്‍ക്കുന്നത് ജീവനു ഭീഷണിയാണ് തുടങ്ങി പലതരം പരാതികളാണു കുട്ടികള്‍ തരുന്നത്. ഇതിനൊപ്പം തന്നെയാണ് ഹോസ്റ്റലില്‍ നടക്കുന്ന വേറെ ചില കാര്യങ്ങളെക്കുറിച്ചും പരാതി വരുന്നത്. അവിടെ മയക്കുമരുന്നിന്റെ ഉപയോഗം നടക്കുന്നു, ക്രിമിനലുകള്‍ തമ്പടിക്കുന്നു, പിരിവു നടത്തുന്നു, റാഗിംഗ് നടത്തുന്നു തുടങ്ങി പലതരം പരാതികള്‍ ഇത്തരത്തില്‍ വരുന്നു. ഈ പരാതികളെല്ലാം കോളേജ് വിദ്യാഭാസ ഡയറക്ടര്‍ക്കു പോയി. ഡയറക്ടര്‍ ഈ പാരാതി എനിക്ക് അയച്ച്, ഇത്ര ദിവസത്തിനുള്ളില്‍ ഈ കാര്യത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കോളേജ് കൗണ്‍സില്‍ ചേരുകയും സീനിയറായിട്ടുള്ള മൂന്നുപേരെ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ഇവരുടെ അന്വേഷണത്തില്‍ മയക്കുമരുന്ന് ഉപയോഗവും മറ്റും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികളില്‍ ഒന്നും കണ്ടെത്താനായില്ലെങ്കിലും അവര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി എഴുതിയിരുന്നത് ഹോസ്റ്റലിന്റെ അവസ്ഥയെ കുറിച്ചാണ്. വളരെ പരിതാപകരമായ സ്ഥിതിയാണെന്നും സീലിങ്ങുകള്‍ അടര്‍ന്നു വീഴുന്നുണ്ടെന്നും ഇതു കുട്ടികളുടെ ജീവനു ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ഞാന്‍ സര്‍ക്കാരിന് അയച്ചുകൊടുത്തു. ഞാന്‍ ഇങ്ങനെയൊന്നും ചെയ്തില്ലായെന്നു കരുതുക. ഏതെങ്കിലും കുട്ടിക്ക് ഹോസ്റ്റലില്‍വച്ച് അപകടം സംഭവിച്ചാല്‍ പ്രതിസ്ഥാനത്തു വരിക ഞാനായിരിക്കില്ലേ?

                                   എംസിആര്‍വി(മെന്‍സ് ഹോസ്റ്റല്‍)

ആ വര്‍ഷം തന്നെ കോളേജ് പ്ലാന്‍ ഫണ്ടിന് പ്രൊപ്പോസല്‍ വയ്ക്കാന്‍ നിര്‍ദേശം വന്നു. ഹോസ്റ്റല്‍ നവീകരണത്തിനോ പുതിയ ഹോസ്റ്റല്‍ നിര്‍മാണത്തിനോ ഫണ്ട് ആവശ്യമുണ്ടെങ്കില്‍ ഈ പ്രൊപ്പോസലില്‍ പറയാവുന്നതാണ്. ഇതേ തുടര്‍ന്ന് കോളേജ് കൗണ്‍സില്‍ ചേര്‍ന്നു തീരുമാനമെടുത്തത്, നിലവിലെ ഹോസ്റ്റല്‍ നവീകരിക്കാന്‍ കഴിയുന്നതാണെങ്കില്‍ അതിനുള്ള എസ്‌റ്റിമേറ്റോ അതല്ലെങ്കില്‍ പുതിയ ഹോസ്റ്റല്‍ നിര്‍മിക്കേണ്ടിവന്നാല്‍ അതിനുള്ള എസ്റ്റിമേറ്റോ തയ്യാറാക്കി നല്‍കാന്‍ പിഡബ്ല്യുഡിയോട് ആവശ്യപ്പെടുക എന്നതായിരുന്നു. പിഡബ്ല്യുഡിയുടെ പരിശോധനയില്‍ ഹോസ്റ്റല്‍ താമസസൗകര്യത്തിനും നവീകരണത്തിനും സാധ്യമായതല്ല എന്നു കണ്ടെത്തി റിപ്പോര്‍ട്ട് തന്നു. ഇതേ തുടര്‍ന്ന് പുതിയ ഹോസ്റ്റലിനുള്ള പ്രപ്പോസല്‍ പിഡബ്ല്യുഡിക്കു നല്‍കാന്‍ കോളേജ് കൗണ്‍സില്‍ തീരുമാനിച്ചു. അതിന്‍പ്രകാരം 10 കോടിയുടെ എസ്‌ററിമേറ്റാണു പിഡബ്ല്യുഡി നല്‍കുന്നത്. ഇതങ്ങനെ തന്നെ സര്‍ക്കാരിനു കൊടുക്കുകയും ചെയ്തു. സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് എല്ലാ അന്വേഷണങ്ങളും പരിശോധനകളും നടത്തിയശേഷമാണ് 10 കോടി രൂപ അനുവദിച്ചത്. ഇപ്പോള്‍ വിദ്യാര്‍ത്ഥികളില്‍ ഒരുവിഭാഗം ആരോപിക്കുന്നത് ഞാന്‍ മന:പൂര്‍വം ഹോസ്റ്റലിന് അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയെടുത്തെന്നാണ്. ഞാന്‍ പറയുന്നതുപോലെ കേള്‍ക്കാന്‍ ഇരിക്കുന്നതാണോ പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍? മഹാരാജാസ് കോളേജിന് ഗുണകരമായ കാര്യങ്ങള്‍ നടന്നാല്‍ അതെന്റെ സ്വാര്‍ത്ഥനേട്ടത്തിനാണെന്നൊക്കെ പറയുന്നത് എന്തടിസ്ഥാനത്തിലാണ്?

രാ: ടീച്ചര്‍ പറയുന്നത് അംഗീകരിക്കാം, പക്ഷേ നൂറുകണക്കിനു വിദ്യാര്‍ത്ഥികളുടെ താമസസ്ഥലം ഇല്ലാതാകുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിച്ചിട്ടായിരുന്നോ ഹോസ്റ്റല്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്?

ബീ: പത്തുമുന്നൂറു കുട്ടികള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള കെട്ടിടമാണ് പഴയ ഹോസ്റ്റല്‍. പക്ഷേ അവിടെ കുട്ടികളെല്ലാവരും കൂടി അഞ്ചോ ആറോ മുറികളിലായാണു കഴിഞ്ഞിരുന്നത്. ബാക്കി മുറികളൊന്നും താമസിക്കാന്‍ പറ്റാത്തവയായിരുന്നു. എത്ര കുട്ടികള്‍ അവിടെ താമസിച്ചിരുന്നു എന്നുകൂടി തിരക്കണം. 75-ല്‍ അധികം ഇല്ല മെന്‍സ് ഹോസ്റ്റലില്‍ താമസിക്കാനായി വരുന്നവരുടെ എണ്ണം. ഫൈനല്‍ ഡിഗ്രിക്കാരും പിജിക്കാരും പോയതിനുശേഷം അവശേഷിച്ചവരുടെ എണ്ണം വെറും 34. ഇവരില്‍ എട്ടോളം പേര്‍ ലക്ഷദ്വീപില്‍ നിന്നും വരുന്നവരാണ്. ഈ കുട്ടികള്‍ പുറത്ത് എവിടെ നിന്നാലും പ്രൈവറ്റ് ഹോസ്റ്റലില്‍ നിന്നാലും വീടെടുത്ത് താമസിച്ചാലും ഫ്ലാറ്റില്‍ താമസിച്ചാലുമെല്ലാം അവരുടെ പണം അഡ്മിനിസ്‌ട്രേഷന്‍ നല്‍കും. ഇവരൊഴിച്ചുള്ള കുട്ടികള്‍ക്കാണു ഹോസ്റ്റല്‍ ആവശ്യം വന്നത്. ഇവരുടെ ഹോസ്റ്റലിനായി ഞാനും ഹോസ്റ്റല്‍ വാര്‍ഡനും കൂടി ഒരുമാസത്തോളം പല സ്ഥലങ്ങളിലായി അലഞ്ഞു. മഹാരാജാസിലേയും ലോ കോളേജിലേയും കുട്ടികള്‍ക്ക് താമസിക്കാന്‍ സ്ഥലം തരില്ലെന്ന നിലപാടാണ് എല്ലാവര്‍ക്കും. ഒടുവില്‍ എസ് എന്‍ ട്രസ്റ്റ് എന്ന ഹോസ്റ്റല്‍ ഏജന്‍സി കുട്ടികളെ അക്കോമഡേറ്റ് ചെയ്യാന്‍ തയ്യാറായി. അവര്‍ അംഗീകൃത ഹോസ്റ്റല്‍ ഏജന്‍സിയാണ്. 75-ഓളം കുട്ടികളെ അക്കോമഡേറ്റ് ചെയ്യാനുള്ള സൗകര്യം അവര്‍ക്കുണ്ടെന്നും പറഞ്ഞു. എന്തായാലും ആ ഹോസ്റ്റലിലേക്ക് മാറാന്‍ കുട്ടികളും സമ്മതിച്ചു.

കോളേജ് ചെയര്‍മാനും കസേര കത്തിക്കലില്‍ പ്രതിയായ അശ്വിന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത് കോളേജ് ഹോസ്റ്റലില്‍ താമസിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ പുതിയ ഹോസ്റ്റലിന്റെ വാടകയാണ് ചെറിയ പ്രശ്‌നമെന്നും ആയിരുന്നു. 3500 രൂപയായിരുന്നു ഹോസ്റ്റലുകാര്‍ ആവശ്യപ്പെട്ടത്. ഞങ്ങളത് സംസാരിച്ച് 3250 ആക്കി കുറച്ചു. അങ്ങനെ 26-ഓളം കുട്ടികളും മാറാന്‍ തയ്യാറായി നില്‍ക്കുന്ന സമയത്താണ് ഇവരെ വച്ചു കളിക്കുന്ന മറ്റു ചിലരുടെ ഇടപെടല്‍ കൊണ്ട് കുട്ടികള്‍ പെട്ടെന്നു പ്രശ്‌നമുണ്ടാക്കുകയും ഹോസ്റ്റല്‍ മാറാന്‍ സമ്മതമല്ലെന്നു പറയുകയും ചെയ്യുന്നത്. ഫീസ് അടയ്‌ക്കേണ്ടാത്ത കുട്ടികളും ഈ കൂട്ടത്തിലുണ്ട്. അവരെപോലും ഭീഷണിപ്പെടുത്തി നിലപാട് മാറ്റി. ഇതിനുശേഷം വീണ്ടും കുറെ കഷ്ടപ്പെട്ട് കലൂരില്‍ ഒരു ഉമ്മ നടത്തുന്ന ഹോസ്റ്റല്‍ കണ്ടെത്തി. 4500 രൂപയാണ് ഫീസ്. വിദ്യാര്‍ത്ഥികള്‍ 2500 രൂപയടയ്ക്കാനും ബാക്കി പണം കോളേജ് ഡവലപ്‌മെന്റ് കമ്മിറ്റി നല്‍കാനും തീരുമാനിച്ചു. പക്ഷേ അവിടെ ചെന്നിട്ടും മുഴുവന്‍ പ്രശ്‌നങ്ങളാണ് അവര്‍ ഉണ്ടാക്കിയത്. 2500 രൂപപോലും ആരും അടയ്ക്കാന്‍ തയ്യാറായില്ല. പലതരം പ്രശ്‌നങ്ങളും അവിടെ ഉണ്ടാക്കി. ആ ഉമ്മയെ ഭീഷണിപ്പെടുത്തുക വരെ ഉണ്ടായി. ഒടുവില്‍ ആ സ്ത്രീ ഹോസ്റ്റല്‍ നിര്‍ത്തി സ്ഥലം വിടേണ്ടി വന്ന അവസ്ഥ വരെ ഉണ്ടായി.

രാ: മഹാരാജാസ് പോലൊരു കോളേജില്‍ സദാചാര പൊലീസിംഗ് നടത്തുകയാണ് പ്രിന്‍സിപ്പല്‍ എന്നതാണ് മറ്റൊരു പരാതി. ആണും പെണ്ണും ഒരുമിച്ചിരിക്കാതിരിക്കാന്‍ മരങ്ങള്‍ പോലും വെട്ടിക്കളയുന്നു. എന്താണ് ഈ കാര്യങ്ങളില്‍ പറയാനുള്ളത്?

ബീ: മരം വെട്ടുന്നത് കളക്ടര്‍ ചെയര്‍മാനും സ്ഥലം എംഎല്‍എയും യൂണിയന്‍ ചെയര്‍മാന്‍ സ്റ്റാഫ് പ്രതിനിധിയും പ്രിന്‍സിപ്പലും എല്ലാം അംഗമായ സിഡിഡി (കോളേജ് ഡവലപ്‌മെന്റ് കമ്മിറ്റി) തീരുമാനപ്രകാരമാണ്. ഈ കമ്മിറ്റിയുടെ തീരുമാനമാണ് മരത്തിന്റെ ശാഖകള്‍ വെട്ടിക്കളയുക എന്നത്. അല്ലാതെ പ്രിന്‍സിപ്പിലിന്റെ ഒറ്റയാള്‍ നടപടിയായിരുന്നില്ല. ശാഖകള്‍ വെട്ടാന്‍ കാരണം, ഇവ കെട്ടിടങ്ങളുടെ മുകളിലേക്ക് വീണ് ചോര്‍ച്ചയും വിള്ളലുകളും വരുന്നതായും കെട്ടിടങ്ങള്‍ക്കു നാശം ഉണ്ടാക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ്. പോസ്‌മെട്രിക് ഹോസ്റ്റലിലേക്ക് ഒരു മരം വീണു കിടന്നിരുന്നു. അവര്‍ എനിക്ക് പരാതിയും നല്‍കിയിട്ടുണ്ടായിരുന്നു. പരാതികള്‍ കിട്ടിയിട്ടും നടപടിയെടുക്കാതിരിക്കുകയും നാളെ ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിക്കുകയും ചെയ്താല്‍ ഞാനണല്ലോ ഉത്തരവാദിത്വം പറയേണ്ടത്. മാത്രമല്ല, ജീവനു ഭീഷണിയാകുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവും ഉണ്ട്. ഒരു കെട്ടിടനിര്‍മാണവുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡിയ്ക്ക് സ്ഥലം കൈമാറിയിട്ടുണ്ട്. ആ സ്ഥലത്തെ രണ്ടു മരങ്ങള്‍ ഫോറസ്റ്റില്‍ നിന്നും അനുവാദം വാങ്ങി പിഡബ്ല്യുഡിയാണു മുറിച്ചു മാറ്റിയത്. ഈ ഓര്‍ഡറൊക്കെ നമ്മുടെ കൈയിലുണ്ട്. ഇതൊക്കെയാണ് മരം മുറിച്ചതിനു പിന്നിലെ കഥകള്‍.

മരങ്ങളുടെ ശാഖകള്‍ വെട്ടിയതിനു കാരണം ഇതൊക്കെയാണ്. അല്ലാതെ ആരുടെയും പേക്കൂത്തുകള്‍ തടയാന്‍ വേണ്ടിയല്ല, അതൊക്കെ അവിടെ നടക്കുന്ന കാര്യം തന്നെയാണ്. ഞാന്‍ സദാചാര പോലീസിംഗ് നടത്തുകയാണെന്നു പറയുന്നവരോട് ഒരു കാര്യമേ പറയുന്നുള്ളൂ, മുപ്പതുവര്‍ഷമായി 14 കോളേജുകളിലായി ജോലി ചെയ്തുവരുന്നൊരാളാണു ഞാന്‍. ഇതിലും വലിയ രാഷ്ട്രീയശക്തികളെയൊക്കെ കണ്ടതുമാണ്.

രാ: വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗമോ, യൂണിയന്‍കാരോ മാത്രമല്ല, അധ്യാപകര്‍ക്കിടയില്‍ പോലും ടീച്ചറുടെ പ്രവര്‍ത്തികളെ വിമര്‍ശിക്കുന്നവരുണ്ട്. ചില തീരുമാനങ്ങള്‍ ഏകാധിപതിയെപ്പോലെ കൈക്കൊള്ളൂന്നു എന്നു പറയുന്നു?

ബീ: മഹാരാജാസ് ഇപ്പോള്‍ സ്വയംഭരണാവകാശമുള്ള കോളേജാണ്. നേരത്തെ അവിടെ കോളേജ് കൗണ്‍സില്‍ മാത്രമുണ്ടായിരുന്നത്. ഇപ്പോള്‍ ഗവേണിംഗ് കൗണ്‍സിലും അക്കാദമിക് കൗണ്‍സിലുമുണ്ട്. കോളേജുമായി നടക്കുന്ന എല്ലാകാര്യങ്ങളും കോളേജ് കൗണ്‍സിലിലാണ് ആദ്യം ചര്‍ച്ച ചെയ്യുന്നത്. കോളേജ് കൗണ്‍സില്‍ എന്നാല്‍ എല്ലാ വകുപ്പിലെയും തലവന്മാരും അധ്യാപക സംഘടനാ പ്രതിനിധികളും ഓഫിസ് പ്രതിനിധികളും യൂണിയന്‍ പ്രതിനിധികളുമെല്ലാം അടങ്ങിയതാണ്. കോളേജിന്റെ വികസനത്തിനായി ഈ കൗണ്‍സിലാണ് ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്. ഇപ്പോള്‍ ഈ ആവശ്യങ്ങള്‍ ഗവേണിംഗ് കൗണ്‍സിലില്‍ എത്തും. അവിടെ ചര്‍ച്ച ചെയ്യും. ചെയര്‍മാനുണ്ട്, മെംബര്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍, സര്‍ക്കാര്‍ തെരഞ്ഞെടുക്കുന്നവരായ മുന്ന് അധ്യാപകര്‍ പ്രതിനിധികളായുണ്ട്, ആറു കൊല്ലത്തേക്കായി നിയമിതനായ യുജിസി പ്രതിനിധിയുണ്ട്. മൂന്നു കൊല്ലത്തേക്ക് നിയമിതനായ സര്‍വകലാശാല പ്രതിനിധിയുണ്ട്, സര്‍ക്കാരിന്റെ ഒരു നോമിനിയുണ്ട്; ഇവരെല്ലാം ചേര്‍ന്നതാണ് ഗവേണിംഗ് കൗണ്‍സില്‍. കോളേജ് കൗണ്‍സിലിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് ഗവേണിംഗ് കൗണ്‍സിലാണ്. ഗവേണിംഗ് കൗണ്‍സില്‍ അംഗീകരിച്ച കാര്യങ്ങള്‍ വീണ്ടും കോളേജ് കൗണ്‍സിലിന് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രിന്‍സിപ്പാലാണ്. റിപ്പോര്‍ട്ട് ചെയ്ത കാര്യങ്ങള്‍ നടപ്പിലാക്കുക എന്ന ഉത്തരവാദിത്വവും പ്രിന്‍സിപ്പാലിന്റെതാണ്. ഇവിടെ ആരുടെയെങ്കിലും ഏകപക്ഷീയമായ തീരുമാനത്തിനോ അഭിപ്രായത്തിനോ യാതൊരു ഇടവുമില്ല.

ചിലര്‍ക്ക് അസഹിഷ്ണുത ഉണ്ടാക്കുന്നുണ്ട്. അതിന്റെയൊക്കെ കാരണങ്ങള്‍ അവരായിട്ട് വരുത്തി തീര്‍ക്കുന്നതാണ്. ഒരു സംഭവം പറയാം. എംഎ ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയെ അധ്യാപികമാര്‍ മാനസികപീഡനം നടത്തിയെന്ന പരാതി മനുഷ്യാവകാശ കമ്മിഷനും മന്ത്രിക്കും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കുമെല്ലാം പോയി. ഇങ്ങനെ പരാതികള്‍ പോയാല്‍ ബന്ധപ്പെട്ട ഓഫിസില്‍ നിന്നും പ്രിന്‍സിപ്പലിനെ വിളിച്ച് വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു പറയുക. അതുപോലെ വിദ്യാഭ്യാസ ഡയറക്ടര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ എന്നോട് ആവശ്യപ്പെട്ടു. അതിന്‍പ്രകാരം പരാതിക്കാരനായ കുട്ടിയേയും സെക്ഷന്‍ ഓഫിസറെയും അധ്യാപികമാരെയും ഞാന്‍ വിളിപ്പിച്ചു. പക്ഷേ അധ്യാപകര്‍ വന്നില്ല. അധ്യാപകര്‍ പങ്കെടുത്തില്ലെന്നും പരാതിക്കാരനായ കുട്ടി തന്റെ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ഇതിനു മുമ്പും സമാനമായ പരാതി കുട്ടിയില്‍ നിന്നു കിട്ടിയിരുന്നെന്നും അന്നു നടത്തിയ അന്വേഷണത്തില്‍ അധ്യാപകര്‍ക്ക് പ്രതികൂലമായ കാര്യങ്ങളാണ് അറിയാന്‍ കഴിഞ്ഞതെന്നും ഉള്‍പ്പെടുത്തി ഞാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. എന്റെ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കാതെ അദ്ദേഹം തന്നെ പരാതിക്കാരനെയും പരാതിയില്‍ പറയുന്നവരെയുമെല്ലാം വിളിച്ചുവരുത്തി നടത്തിയ അന്വേഷണത്തില്‍ അധ്യാപകരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെന്നു കണ്ടെത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു. എന്നാല്‍ ഇതിന്റെ വ്യക്തിവിരോധം എന്റെ മേലാണു വന്നത്. ഞാന്‍ നിര്‍ബന്ധപൂര്‍വം വിദ്യാര്‍ത്ഥിയെക്കൊണ്ടു പരാതി നല്‍കിച്ചുവെന്ന് ചിലര്‍ ആരോപിച്ചു. ഇതൊക്കെയാണ് അവിടെ നടക്കുന്നത്.

രാ: ടീച്ചര്‍ നിയമപരമായും നേരായ മാര്‍ഗത്തിലുമാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നു പറയുമ്പോഴും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അവരുടെ പ്രശ്‌നങ്ങളുമായി സമീപിക്കാന്‍ കഴിയാത്തൊരു പ്രിന്‍സിപ്പലാണ് താങ്കളെന്ന പരാതിയുണ്ട്. എല്ലാവരെയും വിശ്വാസത്തിലെടുക്കാന്‍ കഴിയാതെ വരുന്നത് ഒരുതരത്തില്‍ പരാജയമല്ലേ?

ബീ: എന്നെക്കുറിച്ച് തെറ്റായൊരു ചിത്രം ഉണ്ടാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന കളികളാണിതെല്ലാം. ഇതെന്റെ 14-മത്തെ കോളേജാണ്. മുമ്പ് പ്രവര്‍ത്തിച്ചിരുന്ന 13 കോളേജുകളിലും ബീന എന്ന ടീച്ചറെ കുറിച്ച് അന്വേഷിച്ചുനോക്കാം. ഇപ്പോള്‍ ഇവിടെ നിന്നു കേള്‍ക്കുന്ന പരാതികളിലെപ്പോലെ എന്തെങ്കിലും ഒരു കുറ്റപ്പെടുത്തല്‍ എനിക്കെതിരേ ഉണ്ടോയെന്നു തിരക്കുക. മഹാരാജാസിലെ തന്നെ എത്ര കുട്ടികള്‍ എന്നെ വിളിച്ച് അവരുടെ സ്വകാര്യദുഃഖങ്ങള്‍ പോലും പങ്കുവയ്ക്കുന്നു. ഞാനൊരു ആശ്വാസമോ അല്ലെങ്കില്‍ അവരുടെ പ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കുമോയെന്ന വിശ്വാസത്തിലായിരിക്കാം അവര്‍ എന്നെ വിളിക്കുന്നത്. കഴിയുന്ന സഹായങ്ങളൊക്കെ ഞാന്‍ ചെയ്തുകൊടുക്കാറുമുണ്ട്. ഇവിടുത്തെ അധ്യാപകരെല്ലാവരും എന്നെ കുറിച്ച് മോശമാണോ പറയുന്നതെന്ന് അന്വേഷിക്കൂ. മറ്റു ജീവനക്കാരുടെ കാര്യവും തിരക്കൂ. ഏതാനും പേര്‍ പറയുന്നതല്ല സത്യം. അവരുടെ വാക്കുകളല്ല വിശ്വസിക്കേണ്ടതും.

(വിദ്യാര്‍ഥികള്‍, യൂണിയന്‍ പ്രതിനിധികള്‍, അധ്യാപകര്‍ക്ക് പറയാനുള്ളത്- അടുത്ത ദിവസം)

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍