UPDATES

സിനിമ

മംഗലശ്ശേരി നീലകണ്ഠന്മാരും അശ്ലീല കോമഡിക്കാരുമല്ല, ആ സ്ത്രീകളാണ് ശരി

മലയാള സിനിമ അമ്മയെന്ന വൃത്തികേടിൽ നിന്നും മോചിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം

മലയാള സിനിമാലോകമെന്നാൽ കാൽക്കാശിനു വിവരമോ പൊതുബോധമോ ഇല്ലാത്ത കുറെ പുരുഷ കേസരികളുടെ ആവാസ കേന്ദ്രമായി ദിനംപ്രതി തകർന്നടിഞ്ഞു കൊണ്ടിരിക്കുന്ന കാഴ്ച ദുസ്സഹമാണ്. ബലാത്സംഗ കേസിൽ, അതും  സഹപ്രവർത്തകയെ ഗുണ്ടകളെ വിട്ടു തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ ദിലീപിനെ യാതൊരു ഉളുപ്പുമില്ലാതെ സംഘടനയിൽ തിരിച്ചെടുത്തു കൊണ്ട് ലോകസിനിമയിലെ തന്നെ സകലമാന ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾക്കും മലയാളത്തിലെ സംഘടനയായ അമ്മ ‘മാതൃക’യായി. ഇത്തരത്തിലൊരു വാർത്ത പുരോഗമനവാദികളെന്നും നവോത്ഥാനത്തെ ഉച്ചിയിൽ കൊണ്ട് നടക്കുന്നവരെന്നും അഹങ്കരിച്ചു നടക്കുന്ന മലയാളി പൊതുബോധത്തെ എങ്ങനെയാണ് സ്വാധീനിക്കുന്നത്?!

‘അമ്മ എന്ന സംഘടന കുറച്ചു നാൾ മുൻപ് നടത്തിയ ‘അമ്മ മഴവില്ല്’ എന്ന സ്റ്റേജ് പ്രോഗ്രാമിൽ, നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പിന്തുടർച്ചയെന്നോണം രൂപീകരിക്കപ്പെട്ട വിമെൻ ഇൻ സിനിമ കളക്ടീവിനെ നിശിതമായി പരിഹസിക്കയുണ്ടായി. അതിൽ ഏറ്റവും ദുസ്സഹമായത് ഈ പരിഹാസ നാടകത്തിൽ നിരവധി തവണ ദേശീയ പുരസ്കാരം ഉൾപ്പെടെ നേടിയിട്ടുള്ള ലോകോത്തര നടൻമാർ എന്ന് മലയാളികൾ അഹങ്കാരം പറയുന്ന മലയാളത്തിന്റെ രണ്ടു സൂപ്പർ താരങ്ങൾ സ്ത്രീയെന്നാൽ അവരുടെ ഊതി വീർപ്പിച്ച പൗരുഷങ്ങൾ കണ്ട് അലിഞ്ഞു പോകുന്നവരാണെന്നുള്ള ധാരണയോടെ പ്രത്യക്ഷപ്പെട്ടു എന്നതാണ്. മമ്മൂട്ടി എന്ന നടൻ മഹാനായ അംബേദ്കറെ ഉൾപ്പെടെ സിനിമയിൽ അവതരിപ്പിച്ചിട്ടുള്ളയാണ്. ആഴത്തിലുള്ള വായന അവകാശപ്പെടുന്നയാളാണ്. ഇടതുപക്ഷ ചിന്താഗതിയുടെ വക്താവായി പലപ്പോഴും കണക്കാക്കപ്പെട്ടിട്ടുള്ളയാളാണ്. അങ്ങനെയൊരു വ്യക്തി തന്റെ സഹപ്രവർത്തകരെ  ആക്ഷേപിച്ചുകൊണ്ടും സ്ത്രീകളെ അധിക്ഷേപിച്ചു കൊണ്ടും സ്കിറ്റിൽ പ്രത്യക്ഷപ്പെട്ടുവെന്നു കാണുമ്പോൾ മലയാള സിനിമയിലെ ഈ ഭൂരിപക്ഷം എന്ന് അവകാശപ്പെടുന്ന, മലയാളത്തിന്റെ പോപ്പുലർ കൾച്ചർ പ്രതിനിധാനം ചെയ്യുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നുയെന്നവകാശപ്പെടുന്ന ജനകീയ സിനിമ പ്രസ്ഥാനത്തിന് എന്ത് സംഭവിച്ചു എന്ന് നമ്മൾ പരിശോധിക്കേണ്ടി ഇരിക്കുന്നു.

സിനിമയ്ക്കകത്തും പുറത്തും പരസ്പര ബന്ധമില്ലാതെ പെരുമാറാൻ എത്രത്തോളം സിനിമാക്കാർക്കാകും? കഥാപാത്രം ആവശ്യപ്പെടുന്നത് അതുപോലെ ചെയ്യുകയും പുറത്ത് മറ്റൊരു രാഷ്ട്രീയ സ്വഭാവം വച്ച് പുലർത്തുകയും ചെയ്യുന്നു എന്ന് പറഞ്ഞ് താരങ്ങൾക്കു കയ്യൊഴിയാവുന്ന മൂല്യച്യുതി അല്ല സിനിമ കൊണ്ടുവരുന്നത്. മദ്യപാനത്തിനിടെ സിനിമയിൽ അത് ആരോഗ്യത്തിനു ഹാനികരമെന്നും പുകവലിക്കെതിരെ വാണിങ്ങും കൊടുക്കുമ്പോൾ, സിനിമയില്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതിന് ഒരു നിയന്ത്രണവുമില്ലാതാകുന്നത് നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയുടെ പ്രതിഫലനമാണ്. സിനിമ ഉൾപ്പെടുന്ന ഈ വ്യവസ്ഥിതി സിനിമയുടെ കൂടി സൃഷ്ടിയുമാണ്.

സിനിമയുടെ രാഷ്ട്രീയം സ്ത്രീയെ എന്നും ഒരു ഉത്പന്നമായി അപരവൽക്കരിച്ചുകൊണ്ടും ലൈംഗികതയിലൂന്നിയുള്ള കര്‍തൃത്വ നിഷേധത്തിലൂടെ സാധ്യമായിട്ടുള്ളതുമാണ്. പക്ഷെ മലയാള സിനിമ ഇപ്പോൾ പ്രകടമാക്കുന്ന ഈ അധഃപതനം ഒരളവുവരെ ഒരു പരിധിയുമില്ലാത്ത ഫ്യൂഡൽ സ്ത്രീവിരുദ്ധ സവർണ്ണ ജാതീയതയുടെ പ്രത്യക്ഷമായ പ്രകടനമാണ്. അതിന്റെ തലപ്പത്തിരിക്കുന്ന പുരുഷ കേസരികൾ നിലവാരത്തകർച്ചയുടെയും ലോകത്തു നടക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഒരു ധാരണയുമില്ലാതെ സിനിമ വ്യവസായം ഒരു മാഫിയയുടെ കൈകളിലെത്തിക്കുകയുമാണ്  ചെയ്യുന്നത്.

മലയാള സിനിമയുടെ 2017 രേഖപ്പെടുത്തുക വിമന്‍ കളക്ടീവ് എന്ന പോരാടുന്ന സ്ത്രീകളുടെ പേരിലാവും

ദിലീപ് എന്ന കുറ്റാരോപിതനായ വ്യക്തിയെ പിന്തുണച്ചു കൊണ്ട് മലയാളത്തിലെ സൂപ്പർ താരങ്ങൾ, മുൻനിര സംവിധായകർ, ഇടതുപക്ഷ എംഎൽഎമാർ, എംപിമാർ എല്ലാരും മുന്നിട്ടിറങ്ങുമ്പോൾ ഈ വ്യക്തിപ്രഭാവത്തിന്റെ സ്രോതസ്സ് ആരും അന്വേഷിക്കാത്തതു കഷ്ടമാണ്. സിനിമ ഒരു കലയാണെന്നും കച്ചവട സാധ്യതകൾ പരിശോധിക്കേണ്ട എന്നുമല്ല ഈ പറയുന്നത്. പക്ഷെ ഗുണ്ടാ സംഘങ്ങളും റിയൽ എസ്റ്റേറ്റ് മാഫിയകളും അടക്കിവാഴുന്ന ഒരു കച്ചവട മേഖല മാത്രമായി അമ്മ പ്രതിനിധാനം ചെയ്യുന്ന വിഭാഗം താണിട്ടുണ്ട്. തൊണ്ണൂറുകൾക്കു ശേഷം മലയാള സിനിമയുടെ ഈ പതനം പ്രകടമാണ്.

പ്രകടമായ സ്ത്രീ വിരുദ്ധതയുടെ മംഗലശ്ശേരി നീലകണ്ഠന്മാർ ആണധികാര കേന്ദ്രങ്ങളായി മാറുന്നതിനൊപ്പം ഹാസ്യമെന്നാൽ സ്ത്രീ വിരുദ്ധമായ ഒരു പ്രകടനമായി മാറുന്നതും നമ്മൾ കണ്ടതാണ്. ദിലീപ് എന്ന നടന് ഈ ‘അശ്‌ളീല ഹാസ്യ’ നിർമ്മിതിയിലുള്ള പങ്കും നമ്മൾ മറക്കാൻ പാടില്ല. സാമൂഹ്യ ബോധം തീരെയില്ലാത്ത സ്ത്രീകൾ ഹോമോസെക്ഷ്വൽസ്, ട്രാന്‍സ്ജെഡെഴ്സ് തുടങ്ങിയ സ്വത്വങ്ങളെ നിസ്സാരവൽക്കരിച്ചും പരിഹസിച്ചും മുന്നേറിയ ഈ രീതി പിന്നീട് മലയാള സിനിമ ഇൻഡസ്ട്രിയുടെ പൊതുരാഷ്ട്രീയം തീരുമാനിക്കുകയും ചെയ്യുന്നത് നമ്മൾ കണ്ടതാണ്. ഈ കുത്തൊഴുക്കിൽ മലയാള സിനിമ സഭ്യത കൈവിട്ടു കൊണ്ട്, ദിലീപിന്റെ ഒപ്പം കൂടുന്നത് തികച്ചും അനിവാര്യം എന്നത് പോലെയാണ് ഈ പുരുഷ കേസരികൾ അവതരിപ്പിക്കുന്നതും.

ലോകം മുഴുവൻ ശ്രദ്ധിച്ച #MeToo മൂവ്മെന്റ്, ഹാർവി  വെയ്ൻസ്റ്റിനെതിരെ ഹോളിവുഡിൽ ഉയർന്നു വന്ന പ്രതിരോധങ്ങൾ ഇതൊന്നും മലയാള സിനിമയിലെ മുടിചൂടാ മന്നന്മാർ അറിഞ്ഞിട്ടേയില്ല എന്നു തോന്നുന്നു. എന്തിന്, Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act, 2013 ഇത്രയും കോലാഹാലത്തിനിടയിൽ ഒന്നു പരാമർശിക്കപ്പെട്ടു പോലും കേട്ടില്ല. മലയാള സിനിമയിലും കാസ്റ്റിംഗ് കൗച് ഉണ്ടെന്നു പരാതി പറഞ്ഞ സ്ത്രീകളെ അടച്ചാക്ഷേപിച്ചു. ഇത്രയൊക്കെ പോരെ വിവരമില്ലായ്ക മാത്രമാണ് ‘അമ്മ’ പ്രതിനിധാനം ചെയ്യുന്നത് എന്ന് തീരുമാനിക്കാൻ? അല്ലെങ്കിൽ തന്നെ, മലയാള സിനിമയ്ക്ക് പുതിയ ഉണർവ് നൽകി പ്രവൃത്തിക്കുന്ന പുതിയ സിനിമക്കാരൊന്നും ഈ സംഘടനയുമായി അടുത്ത സഹവർത്തിത്വം വച്ച്പുലർത്തുന്നവരല്ല. പ്രതീക്ഷ ഉണർത്തുന്ന സംവിധായകരും താരങ്ങളും അമ്മയുടെ ഈ ‘തണലിൽ’ നിന്നും  പ്രവർത്തിക്കുന്നവരുമല്ല. അപ്പോൾ ആർക്കുവേണ്ടിയാണ് ദിലീപും മമ്മൂട്ടിയും മോഹൻ ലാലുമൊക്കെ നടിക്കുന്നത്? അവർ പ്രേക്ഷകരെന്നു വിളിക്കുന്ന, ഫാൻസ്‌ അസോസിയേഷനുകൾ രൂപീകരിച്ചു രൂപപ്പെടുത്തിയെടുക്കുന്ന ഒരു പറ്റം ജനങ്ങളുടെ സാമൂഹ്യ, രാഷ്ട്രീയ ബോധത്തെ നമ്മൾ ഭയപ്പെട്ടേ പറ്റൂ… സ്ത്രീകളോടുള്ള അവരുടെ സമീപനത്തെക്കുറിച്ച് നമ്മൾ ആകുലരായേ പറ്റൂ.

നന്ദി, പാര്‍വതി; നിങ്ങള്‍ പുലര്‍ത്തുന്ന ഔന്നത്യത്തിന്‌

വെയ്‌ൻസ്‌റ്റെയ്‌നിൽ തുടങ്ങി ഇന്ത്യയിൽ തെലുങ്കിൽ ഉൾപ്പെടെ സ്ത്രീകളുടെ ശാക്തീകരണ മുന്നേറ്റങ്ങൾ തുടങ്ങിയിട്ടുണ്ട്. അവർ പൊരുതുന്നത് മാഫിയ സംഘങ്ങൾ ഉൾപ്പെടുന്ന ആണധികാര കേന്ദ്രങ്ങളോടാണ്. അതുകൊണ്ട് തന്നെ അവരെ പിന്തുണയ്‌ക്കേണ്ടതും ഉത്തരവാദപ്പെട്ട, രാഷ്ട്രീയ ബോധമുള്ള വ്യക്തിയുടെ കടമയാണ്. ഇത് പോരായ്മകളില്ലാത്ത ഒരു സ്ത്രീപക്ഷ പ്രസ്ഥാനമാണെന്നൊ അല്ലെങ്കിൽ ഈ സന്ദിഗ്ധ സന്ദർഭത്തിൽ പിടിച്ചു നിൽക്കുമോ എന്നൊന്നും ചിന്തിക്കേണ്ട. പക്ഷെ ഇത് ചരിത്രപരമായ അനിവാര്യതയാണ്. ഘടനാപരമായ വൈവിധ്യമില്ലായ്മയെക്കുറിച്ചും ആന്തരികമായ അധികാര പ്രശ്നങ്ങളെക്കുറിച്ചും പ്രതിനിധാനം ചെയ്യുന്ന ഫെമിനിസത്തെക്കുറിച്ചുമൊക്കെ ഡബ്ല്യു.സി.സിയെക്കുറിച്ച് ആകുലപ്പെടുമ്പോഴും ഈ സംഘടന മുന്നോട്ടു വയ്ക്കുന്ന ചെറുത്തു നില്പിനെ, നേരിടുന്ന വെല്ലുവിളികളെ മറികടന്നു കൊണ്ട് മുന്നോട്ടു വയ്ക്കുന്ന പോരാട്ടങ്ങളെ നമ്മൾ അംഗീകരിച്ചേ മതിയാകൂ.

മലയാള സിനിമയിലെ പൊതുബോധം ബലാത്സംഗത്തിലൂടെ സ്ത്രീയെ കീഴടക്കുന്നതും സംരക്ഷിക്കേണ്ട ‘കുലസ്ത്രീ’യെ മുണ്ടും നേര്യതും ഉടുപ്പിച്ച് വള്ളുവനാടൻ ഭാഷയിൽ സംസാരിച്ചു വീട്ടിലിരുത്തേണ്ടവളും എന്ന നിലയിൽ വരച്ചിടുമ്പോൾ അതിനു പുറത്തു സ്ത്രീകൾക്ക് കര്‍തൃ ത്വമുണ്ടെന്നു വിളിച്ചു പറയുന്ന സ്ത്രീകളുടെ കൂട്ടായ്മയാണിത്.

മലയാള സിനിമ അമ്മയെന്ന വൃത്തികേടിൽ നിന്നും മോചിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം. അതോടൊപ്പം, ഒരു നിമിഷമെടുത്ത് വിമെൻ ഇൻ സിനിമ കലക്ടീവിനോടും പറയാം, ഞങ്ങൾ അവൾക്കൊപ്പമാണ്, നിങ്ങൾക്കൊപ്പമാണ് എന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

നടന്‍ മഹേഷിന്റെ പൊളിറ്റിക്കല്‍ സയന്‍സ് ചോദ്യങ്ങള്‍; അതും വിനുവിനോടും വേണുവിനോടും

പികെ റോസിയുടെ കൂര കത്തിച്ചതില്‍ നിന്നും മോഹന്‍ലാലിന്റെ കോലം കത്തിക്കലിലേക്ക് മലയാള സിനിമ നടന്നു തീര്‍ത്തത് 90 ആണ്ടുകള്‍

Exclusive: ജസ്റ്റിസ് ഹേമ/അഭിമുഖം; സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാനാണ് കമ്മീഷന്‍; ഡബ്ല്യുസിസി പറയുന്നതുപോലെ ചെയ്യാനല്ല

നിങ്ങള്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ച ആ പെണ്ണുങ്ങള്‍ നിങ്ങളെ ജയിക്കുകയാണ്…

ഡോ. ഷെറിന്‍ ബി എസ്

ഡോ. ഷെറിന്‍ ബി എസ്

ഹൈദരബാദ് ദി ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേര്‍സിറ്റിയില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍