UPDATES

ട്രെന്‍ഡിങ്ങ്

വയനാട്ടിൽ നിന്ന് വരുമ്പോൾ രണ്ട് ആദിവാസികളെ കൊണ്ടു പോരൂ; വംശവെറിയുടെ സാമൂഹിക മന:ശാസ്ത്രം

കാലങ്ങളായി സാമൂഹിക ബഹിഷ്കരണം നടത്തി ഓരങ്ങളിലേക്ക് തള്ളിയകറ്റിയ ഒരു ജനതയെ മുഖ്യധാരയിലേക്ക് കൈ പിടിച്ചു കയറ്റേണ്ടതുണ്ട്

കഴിഞ്ഞ ദിവസം വയനാട്ടിലെ വീട്ടിൽ നിന്നും കോഴിക്കോട്ടെ പഠന സ്ഥലത്തേക്ക് വരുന്ന വഴിയിൽ വാട്സ്ആപ്പിൽ ഒരു സുഹൃത്തുമായി സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് സുഹൃത്ത് വയനാട്ടിൽ നിന്ന് വരുമ്പോൾ എന്താ കൊണ്ടു വരിക എന്ന് ചോദിക്കുന്നത്. എന്താ കൊണ്ടു വരേണ്ടത് എന്ന എന്റെ മറുചോദ്യത്തിന് ഉത്തരം ഇങ്ങനെയായിരുന്നു: “രണ്ട് ആദിവാസികളെ കൊണ്ടു പോരൂ”.

തികച്ചും സ്വാഭാവികമായി അവർ പറഞ്ഞ മറുപടി ഒരു ഒറ്റപ്പെട്ട ചിന്തയല്ല. പ്രത്യക്ഷത്തിൽ നിരുപദ്രകരം എന്ന തോന്നലുണ്ടാക്കുന്ന ഇത്തരം ‘തമാശകൾ’ ഇന്നും പ്രബലമായി മലയാളി ഉപയോഗിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. സംസ്ഥാന സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് സമൂഹ്യ മാധ്യമങ്ങളിൽ ഏറെ പ്രചരിച്ച ‘ചെത്തുകാരന്റെ മകൻ മുഖ്യമന്ത്രിയായാൽ  ഇങ്ങനെയിരിക്കും’ എന്ന വാചകവും ഇതിന് സമാനമാണ്. തികഞ്ഞ സാധാരണത്വത്തോടെ നമ്മൾ ഉപയോഗിക്കുന്ന ഇത്തരം ‘തമാശകൾ’ എത്ര അപകടകരമാണെന്ന് പലരും തിരിച്ചറിയുന്നില്ല. ആദിവാസി എന്നത് പലപ്പോഴും  നമുക്ക് അധിക്ഷേപപദമാകുന്നു. കളിയാക്കാനും ഇകഴ്ത്തിക്കാണിക്കാനും തമാശയ്ക്കുമായി ‘ആദിവാസി’യെ നമ്മൾ നിരന്തരം, നിർലോഭം ഉപയോഗിക്കുന്നു.

എങ്ങനെയാണ് നമ്മുടെ ബോധത്തിൽ ‘ആദിവാസി’ ഒരു പരിഹാസ പദമാകുന്നത്? എന്നു മുതൽക്കാണ് അത് സംഭവിച്ചത്? ഇത് പൂർണ്ണമായും ആധിപത്യ വ്യവസ്ഥിതിയുടെ സംസ്കാരിക നിർമ്മിതിയിൽ സംഭവിച്ചതാണ്. കൊളോണിയന്‍ൽ കാലഘട്ടം മുതൽക്ക് കീഴാള/ അടിമ പദവി പേറുന്ന ആദിവാസി വിഭാഗങ്ങൾ സാമൂഹികമായും സാമ്പത്തികമായും അരികുവത്ക്കരിപ്പെട്ടതിനോടൊപ്പം തന്നെ പൊതു ബോധത്തിലും അരികുവത്ക്കരണത്തിന് വിധേയമായി. പൊതു മന:സാക്ഷിയിലും അവർക്ക് ഇടമില്ലാതായി. അടിമ തൊഴിലാളികളായി ബ്രിട്ടിഷുകാർ ഉപയോഗിച്ചു പോന്നിരുന്ന ആദിവാസി ജനവിഭാഗത്തിന്റെ സാമൂഹ്യ പദവിക്ക് സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം ജനാധിപത്യ ഭരണവ്യവസ്ഥിതിക്കു കീഴിലും വലിയ മാറ്റം ഉണ്ടായില്ല.

വനത്തിനുള്ളിലും വനത്തോടു ചേർന്നും അധിവസിച്ചിരുന്ന ആദിവാസി ജനസമൂഹം മാറി മാറി ഭരിച്ച സർക്കാരുകളുടെ വികസന സ്വപ്നങ്ങൾക്ക് പുറത്തായി. മാത്രമല്ല സർക്കാർ വികസനങ്ങൾ പലതും ഇവരെ കാലങ്ങളായി ജീവിച്ചിരുന്ന ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കുന്നതുമായിരുന്നു. ഇങ്ങനെയൊക്കെയാണ് ആദിവാസികളുടെ ഭൗതിക സാഹചര്യം എങ്കിൽ ഇതിനോട് അനുരൂപമായി നിർമ്മിക്കപ്പെട്ടതാണ് മലയാളിയുടെ പൊതുബോധത്തിലെ ആദിവാസിയുടെ സാമൂഹ്യ പദവി. സമൂഹം ചരിത്രപരമായി തന്നെ കീഴാള സ്വത്വം കൽപ്പിച്ചു നൽകിയ ആദിവാസി ജനവിഭാഗത്തിന് ആധുനിക മലയാളി പൊതുബോധത്തിൽ എവിടെയാണ്  ഇടമെന്നതാണ് മൗലികമായ ചോദ്യം.

ബസിലും ട്രെയിനിലും സിനിമ തിയേറ്ററിലും ചായക്കടകളിലും എന്നുവേണ്ട ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആദിവാസി ‘തൊട്ടുകൂടാത്തവരാ’കുന്നു. നമ്മുടെ കാഴ്ച്ച, കേൾവി, ചിന്ത, ശീലം അവരെ തൊടാൻ പാടില്ലാത്തവരായി കാണാൻ പഠിപ്പിക്കുന്നു. മധ്യവർഗ്ഗ നഗരജീവിതം മഹത്തരമായി കാണുന്ന മലയാളിക്ക് വനത്തിൽ ജീവിക്കുന്ന, മണ്ണിൽ പണിയെടുക്കുന്ന ആദിവാസി അസ്പരശ്യരാകുന്നു.

പല മലയാള സിനിമകളും ആദിവാസി ഭാഷയെയും ശരീരത്തെയും ജീവിതരീതിയെയും ഹാസ്യവത്ക്കരിച്ചു. ശരീരം ,ഭാഷ, ജീവിതരീതി എന്നതിലുള്ള ആദിവാസികളുടെ മൗലികമായ സവിശേഷതകളെ തമാശയായും കേവല കൗതുകത്തോടെയും ഉൾക്കൊണ്ടിരുന്ന ഭൂരിപക്ഷം മലയാളിയുടെയും പൊതുബോധത്തെ പുനരുത്പ്പാദിപ്പിച്ച്  സിനിമയുടെ കച്ചവട ഫോർമുലയിലേക്ക് ഉരുക്കിച്ചേർക്കുകയായിരുന്നു ഇത്തരം സിനിമകള്‍. ഇതിന്റെ മറ്റൊരു രൂപമാണ് ഇന്ന് ടി.വി ചാനലുകളില്‍ നടക്കുന്ന ചില കോമഡി ഷോകൾ.

കാലങ്ങളായി സാമൂഹിക ബഹിഷ്കരണം നടത്തി ഓരങ്ങളിലേക്ക് തള്ളിയകറ്റിയ ഒരു ജനതയെ മുഖ്യധാരയിലേക്ക് കൈ പിടിച്ചു കയറ്റേണ്ടതുണ്ട്. അതിനായി നാം നമ്മുടെ  ബോധങ്ങളെ പൊളിച്ചു പണിയേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഭൂമിയും പാർപ്പിടവും വിദ്യാഭാസവും നൽകിയാലും സർക്കാർ ഓഫീസുകളില്‍ പോലും അടുത്ത കസേരയിൽ ഇരിക്കുന്ന ആദിവാസി നമുക്ക് തൊട്ടു കൂടാത്തവരാകും. ആദിവാസിയെ ‘മറ്റൊരാളാ’യി കാണുന്ന നമ്മുടെ ബോധത്തിലെ വംശവെറിയുടെ വേരറുക്കുകയാണ് ഏറ്റവുമാദ്യം ചെയ്യേണ്ടത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ആദര്‍ശ് ജോസഫ്

ആദര്‍ശ് ജോസഫ്

കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ ജേര്‍ണലിസം വിദ്യാര്‍ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍