UPDATES

പൊന്നാനിയില്‍ യാചകനെ മര്‍ദ്ദിച്ച മലയാളിയും ‘എന്തെങ്കിലും ചെയ്യാന്‍’ പ്രേരിപ്പിക്കുന്ന വാട്സാപ്പ് ഗ്രൂപ്പുകളും

അപരനെ പേടിക്കുന്ന മനോഭാവം കേരളത്തിൽ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നാണ് യാഥാര്‍ഥ്യം

ഹിറ്റ്ലറിന്റെ കാലത്ത് നാസി ജർമനിയിൽ നാടോടികളെ വ്യാപകമായി ആക്രമിച്ചിരുന്നു. റോഡിനരികിലും പാലത്തിനു മുകളിലും അന്തിയുറങ്ങിയിരുന്ന നൂറുകണക്കിന് നാടോടികൾ അക്കാലത്തു ദാരുണമായി ആക്രമിക്കപ്പെട്ടുവെന്നു ഉറൂഗ്വന്‍ എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എഡ്വാർഡൊ ഹ്യൂഗോസ് ഗലാനിയോ തന്റെ വിഖ്യാത പുസ്തകമായ ‘ദി മിറേർസി’ൽ പറയുന്നുണ്ട്. അവർ രോഗം പരത്തുന്നു എന്ന പ്രചാരണമായിരുന്നു അന്നു പ്രചരിപ്പിച്ചതു. ‘പ്ലേഗ്’ പരത്തുന്നത് ജിപ്സികളാണെന്ന് ഹിറ്റ്ലറിന്റെ ഔദ്യോഗിക സംവിധാനങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചു. ആളുകൾ അത് വാ തൊടാതെ വിഴുങ്ങി. പിന്നീട് രാജ്യത്തുടനീളം നാടോടികൾ ആക്രമിക്കപ്പെട്ടു.

സമാനമായ പ്രവണ കേരളത്തിൽ സംഭവിക്കുന്നുവെന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം പൊന്നാനിയിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആൾ എന്ന് ആരോപിച്ച് ആന്ധ്രാ സ്വദേശിയായ ഒരു യാചകനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചവശനാക്കി. ഇയാളുടെ കൈവശം കുട്ടികളെ മയക്കാനുള്ള ക്ലോറോഫോമും ചോക്‌ളേറ്റും ഉണ്ടെന്നായിരുന്നു പ്രചാരണം. എന്നാൽ സംഭവം അന്വേഷിച്ച പോലീസ് പറയുന്നത് ഇയാളുടെ കയ്യിൽ നിന്നും അത്തരം വസ്തുക്കൾ ഒന്നും ലഭിച്ചിട്ടില്ലെന്നാണ്. ആൾക്കൂട്ടത്തിന്റെ ആക്രമണം തടയാൻ എത്തിയ പോലീസിന് നേരേയും ആക്രമണമുണ്ടായി. രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇത് ആക്രമണത്തിന്റെ തീവ്രത വ്യക്തമാക്കുന്നു. സമാനമായ ഒരു സംഭവം കൂടി പൊന്നാനിയിൽ ഉണ്ടായി. പൊന്നാനി ബീച്ചിൽ നിന്നും ഒരു അച്ഛനെയും മകനെയും ഇതുപോലെ ആൾക്കൂട്ടം ആക്രമിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുവന്നുവെന്നായിരുന്നു ഇവിടേയും ആൾക്കൂട്ടത്തിന്റെ വിധി.

വാട്സ് ആപ് പ്രചാരണം

ഇതര സംസ്ഥാനക്കാർ രോഗം പരത്തുന്നുവെന്ന പ്രചരണം സർക്കാർ തലത്തിൽ ആരോഗ്യവകുപ്പ് തന്നെ നേരിട്ട് വീടുകൾ കയറിയിറങ്ങി നടത്തിയിരുന്നു. എന്നാൽ ഒന്നുരണ്ടു ആഴ്ചകളായി ഭിക്ഷാടന മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും അവർ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്നും വാട്സ് ആപ്പുകളിൽ വ്യാപക പ്രചരണം നടക്കുകയാണ്. ചില വാട്സ് ആപ് ഗ്രൂപ്പുകൾ അവരുടെ നാട് ഭിക്ഷാടനമുക്ത പ്രദേശമായി പ്രഖ്യാപിക്കുക പോലും ചെയ്തു. കോഴിക്കോട് ഭിക്ഷാടന മുക്ത നഗരമെന്ന് ഇതുപോലെ പ്രഖ്യാപിച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന് സംസ്ഥാനത്ത് ഉടനീളം വാട്സ് ആപ് പ്രചരണം ഉണ്ടായി. ക്രമസമാധാനം ചില ഗ്രൂപ്പുകൾ സ്വയം നടത്തുന്ന പ്രവണതയും കണ്ടുവരുന്നു. പ്രചരണത്തില്‍ കഴമ്പില്ല എന്നുപറഞ്ഞുകൊണ്ട് സംസ്ഥാന പോലീസ് മേധാവി തന്നെ പത്രക്കുറിപ്പിറക്കിയിട്ടുണ്ട്. പൊന്നാനി സർക്കിൾ ഇൻസ്‌പെക്ടറും പ്രചാരണത്തിനെതിരെ രംഗത്ത് വന്നു.

മിത്ത് മേക്കിങ്ങും യാഥാർഥ്യവും

കുട്ടികൾ ഭക്ഷണം കഴിച്ചില്ലെങ്കിലും നേരത്തിനു ഉറങ്ങിയില്ലെങ്കിലും ‘അണ്ണാച്ചി പിടിച്ചു കൊണ്ടുപോകും’ എന്ന കഥ എൺപതുകളിൽ തന്നെ കേരളത്തിൽ സജീവമായിരുന്നു. ചോക്ലേറ്റ് തന്നു മയക്കും എന്നായിരുന്നു അന്നും പറയാറുള്ളത്. അക്കാലത്തു കേരളത്തിലേക്ക് തമിഴ്നാട്ടുകാരുടെ വലിയ ഒരു പലായനം ഉണ്ടായിരുന്നു. തമിഴ്നാട്ടിലെ തിരുച്ചിയിലും മറ്റും വലിയ വരൾച്ച ഉണ്ടായിരുന്ന കാലമായിരുന്നു അത്. പ്രത്യകിച്ചും കിണർ കുഴിക്കുകയും അമ്മി കൊത്തുകയും ചെയ്യുന്ന ഒടാർ എന്ന ജാതി വിഭാഗവും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.

അന്ന് അമ്മികൊത്തിയും വല്ലതും പെറുക്കിയും കേരളത്തിൽ അതിജീവനം നടത്തിയ അവർക്കു നേരെ കല്ലെറിയുന്ന സംഭവം പതിവായിരുന്നു. അങ്ങനെ സജീവമായ ‘അണ്ണാച്ചി’ മലയാളിയുടെ ഉപബോധ മനസിൽ ഇന്നുമുണ്ടെന്നാണ് ഇപ്പോഴത്തെ പ്രചാരണം നൽകുന്ന സൂചന. ശക്തമായ ആൾക്കൂട്ട സ്വാഭാവമുള്ള ജനവിഭാഗം എന്ന നിലയിൽ അപരനെ പേടിക്കുന്ന ജന്മവാസന കേരളത്തിൽ നന്നായി പ്രവർത്തിക്കുന്നുണ്ടെന്നാണ് യാഥാര്‍ഥ്യം. അപരനെ പേടിക്കുന്ന മനോഭാവവും പിന്നെ വാട്സ് ആപ് പോലുള്ള അതിവേഗ പ്രചാരണ മാധ്യമവും ഉള്ളതുകൊണ്ട് അബോധമനസിലെ പേടി അല്ലെങ്കിൽ ആർക്കിടൈപ്പായ പേടി അതിവേഗം പ്രചരിക്കുന്നുവെന്നുവേണം കരുതാൻ. മാത്രമല്ല വാട്സ് ആപ് ഗ്രൂപ്പ് നമ്മുടെ മധ്യവർഗത്തെ എന്തെങ്കിലും ചെയ്യാൻ നിരന്തരം പ്രേരിപ്പിക്കുന്നുണ്ട്. ‘എന്തെങ്കിലും എഴുതൂ’ എന്ന് ഫേസ്ബുക് ചോദിക്കുന്നതുപോലെ തന്നെ. അതിന്റെ കൂടെ ഫലമായി ഈ സംഭവങ്ങളെ കാണേണ്ടതുണ്ട്.

അതിവേഗം ആശയ വിനിമയം നടത്താനുള്ള സവിധാനം ഉണ്ടാകുമ്പോഴും വിവരങ്ങളിൽ നിന്നും സത്യം വേർതിരിച്ചറിയാനുള്ള വിവേകം ഇല്ലാതെ പോകുന്നുവെന്നും ഇത്തരം സംഭവങ്ങൾ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍