UPDATES

ഓഫ് ബീറ്റ്

അവള്‍ റേപ്പ് ചെയ്യപെടട്ടേ, കൊല്ലപ്പെടട്ടേ…എന്നിട്ട് പ്രതികരിക്കാനിരിക്കുന്ന സമൂഹം; ഡല്‍ഹിയില്‍ നിന്നും വീണ്ടുമൊരു ഉദാഹരണം

തന്റെ അടുത്തിരുന്നു മധ്യവയസ്‌കന്‍ മുഷ്ടിമൈഥുനം ചെയ്തിട്ടും, ബസിനുള്ളിലെ ഒരാള്‍ പോലും സഹായത്തിനെത്തിയില്ലെന്നു പെണ്‍കുട്ടിയുടെ പരാതി

സ്ത്രീകള്‍ക്കെതിരേ നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഇന്ത്യയില്‍ ദിനം പ്രതിദിനം വര്‍ദ്ധിച്ചു വരുമ്പോള്‍ എല്ലാവരും ആദ്യം കുറ്റപ്പെടുത്തുന്നത് ഭരണകൂടങ്ങളെയും പൊലീസിനെയുമാണ്. എന്നാല്‍ സമൂഹത്തില്‍ ഒരു സ്ത്രീ ആക്രമിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുമ്പോള്‍, പൊതുജനങ്ങള്‍ എന്നു പറയുന്നവര്‍ അതിനെതിരേ എങ്ങനെയാണ് പ്രതികരിക്കുന്നത്? ഒരു ദുരന്തം സംഭവിച്ചു കഴിഞ്ഞ് പ്രതിഷേധവും ഹാഷ് ടാഗ് വിപ്ലവുമായി വരുന്നതാണോ അതോ, ഒരു സ്ത്രീ അപമാനിക്കപ്പെടുന്നത് കണ്‍മുന്നില്‍ കാണുമ്പോള്‍ അതില്‍ നിന്നും അവളെ രക്ഷിക്കുകയും കുറ്റവാളിയെ പിടികൂടി നിയമത്തിനു മുന്നില്‍ ഏല്‍പ്പിക്കുകയും ചെയ്യുകയാണോ വേണ്ടത്? രണ്ടാമത് പറഞ്ഞ പ്രവര്‍ത്തി ഈ സമൂഹത്തില്‍ എത്രപേരില്‍ നിന്നും ഉണ്ടാകുന്നുണ്ട്? ഡല്‍ഹിയില്‍ നിന്നു തന്നെ ഉണ്ടായിരിക്കുന്ന ഈ വാര്‍ത്ത കേട്ടു കഴിയുമ്പോള്‍ നിങ്ങളൊരിക്കല്‍ കൂടി അതേക്കുറിച്ച് ചിന്തിച്ചു നോക്കുക…ബസില്‍ തന്റെ അടുത്ത് ഇരുന്നുകൊണ്ട് മുഷ്ടിമൈഥുനം നടത്തുകയും ശരീരഭാഗത്ത് തൊടാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍, അതിനെതിരേ പ്രതികരിച്ച തന്റെ കൂടെ ആ ബസില്‍ ഉണ്ടായിരുന്ന ഒരാള്‍ പോലും നിന്നില്ലെന്നും, തന്നെ അപമാനിച്ച ആ മനുഷ്യന്‍ സുഖമായി ബസില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്‌തെന്നും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായ 23 കാരി പറയുകയാണ്. തന്നെ അപമാനിച്ചയാളെ പിടികൂടുമെന്ന പ്രതീക്ഷയില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പക്ഷേ ആളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഇതുവരെ പൊലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

ഫെബ്രുവരി ഏഴിനായിരുന്നു സംഭവം നടന്നത്. സര്‍വകലാശാലയില്‍ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു പെണ്‍കുട്ടി. റൂട്ട് നമ്പര്‍ 774 എന്ന ഒറഞ്ച് കളര്‍ ക്ലസ്റ്റര്‍ ബസില്‍ ആയിരുന്നു പെണ്‍കുട്ടി. സമയപ്പോള്‍ മൂന്നുമണി. വായിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടി സീറ്റ് ഇളകുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് നോക്കിയത്. തന്റെ അടുത്തിരിക്കുന്ന ഒരു മധ്യവയസ്‌കന്‍ മുഷ്ടിമൈഥുനം ചെയ്യുന്നു, ഒപ്പം അയാളുടെ മുട്ടുകാലുകൊണ്ട് തന്റെ ഇടുപ്പില്‍ മുട്ടാനും ശ്രമിക്കുന്നുണ്ട്. പെണ്‍കുട്ടി വേഗം തന്നെ തന്റെ മൊബൈല്‍ ഫോണില്‍ അയാളുടെ പ്രവര്‍ത്തികള്‍ പകര്‍ത്തി. അതിനുശേഷമാണ് ചെയ്യുന്ന വൃത്തികേടിനെതിരേ ശബ്ദം ഉയര്‍ത്തിയത്.

എന്നാല്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചതിനെതിരേ ഒച്ചയെടുത്തിട്ടും മുപ്പതോളം പേരുണ്ടായിരുന്ന ആ ബസില്‍ നിന്നും ഒരാള്‍ പോലും തന്റെ പ്രശ്‌നമെന്തെന്ന് തിരക്കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടി പറയുന്നു. ഒരു സ്ത്രീമാത്രം കാര്യമെന്താണെന്നു തിരിക്കുകയും..ഓഹോ…എന്നു മാത്രം പറഞ്ഞ് പിന്തിരിയുകയും ചെയ്‌തെന്നു പെണ്‍കുട്ടി പറയുന്നു.

ആ മനുഷ്യന്റെ പ്രവര്‍ത്തിയെക്കാള്‍ തന്നെ അമ്പരപ്പിച്ചത് ഇങ്ങനെയൊരു കാര്യം നടന്നിട്ടും തന്നെ സഹായിക്കാനായി ഒരാള്‍ പോലും വന്നില്ല എന്നതാണെന്നും പെണ്‍കുട്ടി പറയുന്നു. പത്തുമിനിട്ടോളം ഞാനാ മനുഷ്യന്റെ പ്രവര്‍ത്തിക്കെതിരേ സംസാരിച്ചു, ഒറ്റയ്ക്ക്. അയാള്‍ പിന്നീട് യാതൊരു പ്രശ്‌നവും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ ബസില്‍ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു.

ബസില്‍ നടന്ന കാര്യങ്ങള്‍ പെണ്‍കുട്ടി വീട്ടില്‍ പറയുകയും താന്‍ പരാതി കൊടുക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയും ചെയ്തപ്പോള്‍ വീട്ടുകാര്‍ തടയുകയാണുണ്ടായതെന്നും പെണ്‍കുട്ടി പറയുന്നു. അതേ തുടര്‍ന്ന് തന്റെ ട്വിറ്റര്‍ അകൗണ്ടില്‍ ഫോണില്‍ എടുത്ത വീഡിയോ അപ്ലോഡ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഡല്‍ഹി പൊലീസ്, മറ്റ് അധികൃതര്‍ എന്നിവരെ ടാഗ് ചെയ്യുകയും ചെയ്തു.

തന്നെ അപമാനിച്ചവനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാതിരിക്കുന്നത് ശരിയല്ലെന്ന ചിന്ത ആ പെണ്‍കുട്ടിയെ മഥിച്ചുകൊണ്ടേയിരുന്നു. അഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ വസന്ത് വിഹാര്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് പരാതി കൊടുക്കുകയും ചെയ്തു. വിദ്യാഭ്യാസമുള്ളൊരാള്‍ ആയിട്ടും ഞാന്‍ ആ കുറ്റം മറന്നു കളയുകയാനാണ് തയ്യാറാവുന്നതെങ്കില്‍ മറ്റ് സ്ത്രീകള്‍ എങ്ങനെയായിരിക്കും തങ്ങള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ പരാതിപ്പെടുക എന്നാണ് താന്‍ ചിന്തിച്ചതെന്നു പെണ്‍കുട്ടി പറയുന്നു. എന്നാല്‍ തന്റെ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് ആറു മണിക്കൂറോളം താമസിച്ചെന്ന കാര്യവും പെണ്‍കുട്ടി പറയുന്നുണ്ട്.

എന്നാല്‍ ആ ആരോപണം നിഷേധിച്ചിട്ടുണ്ട് സൗത്ത്-വെസ്റ്റ് അഡീഷണല്‍ ഡിസിപിയായ മോണിക്ക ഭരദ്വാജ്. ഒരു മണിക്കൂറിനുള്ളില്‍ തന്നെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നും പെണ്‍കുട്ടിയെടുത്ത വീഡിയോയില്‍ പ്രതിയുടെ മുഖം തെളിഞ്ഞിട്ടുണ്ടെന്നും അതുവച്ച് തങ്ങള്‍ അന്വേഷണം നടത്തുകയാണെന്നും ഡിസിപി പറയുന്നു.

ഡല്‍ഹിയിലും മുംബൈയിലും ബസിലും ട്രെയിനിലുമൊക്കെ ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ക്കു മുന്നില്‍ മുഷ്ടിമൈഥുനം നടത്തിയ സംഭവങ്ങള്‍ പലതും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലതിലും ഇരയാകുന്നയാള്‍ മാത്രമെ തന്നെ അപമാനിച്ചവനെതിരേ ശബ്ദിക്കാന്‍ ഉണ്ടാകൂ, ബാക്കിയുളളവര്‍, സ്ത്രീകളടക്കം ഒന്നും കണ്ടില്ലെന്ന മട്ടില്‍ നില്‍ക്കും. അപമാനിക്കപ്പെടുന്നവരില്‍ തന്നെ കുറ്റവാളിയുടെ, ‘ഞാന്‍ നിന്നെ ബലാത്സംഗം ചെയ്യു’മെന്ന ഭീഷണിയില്‍ നിശബ്ദരായി പോകുന്നവരുമുണ്ട്. ഇനി ഇത്തരം ക്രിമിനലുകളെ പിടികൂടെ പൊലീസില്‍ ഏല്‍പ്പിച്ചാല്‍ തന്നെ പലപ്പോഴും താക്കീതു നല്‍കി വിട്ടയക്കുകയാണ് പതിവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍