UPDATES

രവിയും സാംകുട്ടിമാരും തീയിടുന്നത് ഉദ്യോഗസ്ഥ ധാര്‍ഷ്ട്യത്തിനാണ്

കാഞ്ഞിരമറ്റം പാലക്കുന്നുമല ചക്കാലപ്പറമ്പില്‍ രവി ആമ്പല്ലൂര്‍ വില്ലേജ് ഓഫിസില്‍ എത്തി ഫയലുകള്‍ക്കു പെട്രോളൊഴിച്ച് തീയിട്ടത് തന്റെ ഭൂമിക്ക് വേണ്ടി 15 വര്‍ഷം കയറിയിറങ്ങിയതിന് ശേഷം

തനിക്കു കിട്ടേണ്ട നീതിക്കായി കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി അലഞ്ഞ ഒരു മനുഷ്യന്‍, തനിക്കൊരിക്കലും ആ നീതി നടപ്പാക്കി തരില്ലെന്ന ഉദ്യോഗസ്ഥ ധാര്‍ഷ്ട്യത്തിനോട് നടത്തിയ സ്വാഭാവിക പ്രതികരണം; എറണാകുളം ജില്ലയിലെ ആമ്പല്ലൂരില്‍ വില്ലേജ് ഓഫിസിന് തീയിട്ട എഴുപതുകാരന്‍ രവിയുടെ പ്രവര്‍ത്തിയെ ഒരു വാചകത്തില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫിസില്‍ സ്‌ഫോടനം നടത്തിയ സാംകുട്ടിയെ പോലെ, കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസില്‍ തൂങ്ങിമരിച്ച തോമസിനെ പോലെ; ഉദ്യോഗസ്ഥരുടെ നീതിനിഷേധത്തില്‍ സ്വയം മറന്നുപോവുകയായിരുന്നു രവിയും.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു കാഞ്ഞിരമറ്റം പാലക്കുന്നുമല ചക്കാലപ്പറമ്പില്‍ രവി ആമ്പല്ലൂര്‍ വില്ലേജ് ഓഫിസില്‍ എത്തി ഫയലുകള്‍ക്കു മേല്‍ പെട്രോളൊഴിച്ച് തീയിട്ടത്. വില്ലേജ് ഓഫിസ് തുറന്നയുടന്‍ തന്നെ അകത്തു കയറിയ രവി മേശപ്പുറത്തുണ്ടായിരുന്ന ഫയലുകള്‍ക്കു മുകളില്‍ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഈ സമയം ഓഫിസില്‍ ഉണ്ടായിരുന്ന വില്ലേജ് അസിസ്റ്റന്റും സ്വീപ്പറും ഉടന്‍ തന്നെ വെള്ളം ഒഴിച്ച് തീ കെടുത്തി. തീയില്‍ ഏതാനും ഫയലുകളും കടലാസുകളും കത്തിനശിച്ചിരുന്നു. തീയിട്ടശേഷം അവിടെ നിന്നും പോന്ന രവിയെ പിന്നീട് മക്കള്‍ തന്നെയാണ് പൊലീസിനു മുന്നില്‍ ഹാജരാക്കിയത്. പൊതുമുതല്‍ നശിപ്പിച്ചതിന് സെക്ഷന്‍ 436 വകുപ്പ് പ്രകാരവും പിഡിപിപി മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരവും പൊലീസ് രവിക്കെതിരേ കേസ് എടുത്തു. പിന്നീട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ രവിയ്ക്ക് ജാമ്യം അനുവദിച്ചു കിട്ടുകയും ചെയ്തു.

എഴുപത് വയസുള്ള ഒരു വൃദ്ധനായ താന്‍ ഇങ്ങനെയൊരു സഹാസം കാണിക്കേണ്ടി വന്നതിനു കാരണം തനിക്ക് ഒരിക്കലും നീതി നടപ്പാക്കി തരില്ലെന്ന ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യം തന്നെയാണെന്നാണ് രവി പറയുന്നത്. 15 വര്‍ഷത്തോളം നടന്ന് ഒടുവില്‍ തനിക്ക് അനുകൂലമായ കോടതി വിധി സമ്പാദിച്ചിട്ടുപോലും ഉദ്യോഗസ്ഥര്‍ തനിക്ക് അനുകൂലമായി ഒന്നും ചെയ്യില്ലെന്നതും അതിനോടൊപ്പം അവരില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന മാനസികപീഡനവുമാണ് ഒടുവില്‍ ഇങ്ങനെയൊരു കടുംകൈയിലേക്ക് തങ്ങളുടെ പിതാവിനെ കൊണ്ടെത്തിച്ചതെന്നും രവിയുടെ മക്കളും പറയുന്നു.

സ്വന്തം ഉടമസ്ഥതയിലുള്ള നിലം തര്‍ക്കഭൂമിയായി മാറിയതോടെയാണ് 15 വര്‍ഷമായുള്ള നിയമ പോരാട്ടത്തിലേക്ക് രവിയെ എത്തിച്ചത്. ഇപ്പോഴുള്ള ഉദ്യോഗസ്ഥര്‍ ആരും തെറ്റ് ചെയ്‌തെന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ, ഇവര്‍ക്കു മുന്‍പ് ഇരുന്നവര്‍ ചെയ്ത തെറ്റ്, അതല്ലെങ്കില്‍ അഴിമതി തിരുത്താന്‍ ശ്രമിക്കാതെ, ഉദ്യോഗസ്ഥരെ സംരക്ഷിച്ചു നിര്‍ത്താന്‍ വേണ്ടി ഇപ്പോഴുള്ളവര്‍ നടത്തികൊണ്ടിരിക്കുന്ന കള്ളത്തരങ്ങളാണ് എല്ലാത്തിനും കാരണമായത്. അച്ഛന്റെ പേരില്‍ വീടും പുരയിടവും ഇരിക്കുന്ന സ്ഥലവും ഇവിടെ നിന്ന് ഒന്നരകിലോമീറ്ററോളം മാറിയുള്ള മറ്റൊരു ഭൂമിയുമുണ്ട്. ഈ ഭൂമിയാണ് തര്‍ക്കത്തില്‍ പെട്ടത്. ഏതൊക്കെയോ ഗൂഢാലോചന നടന്നതിന്റെ പുറത്ത് ഈ സ്ഥലം അച്ഛന്റെ കൈയില്‍ നിന്നും അന്യാധീനപ്പെടുകയും അങ്ങനെയൊരു സ്ഥലം അച്ഛന്റെ പേരില്‍ ഇല്ലെന്ന സ്ഥിതി വരെ ഉണ്ടാവുകയും ചെയ്തു. റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടന്ന കളിയാണിത്. ഇതിനു പിന്നാലെയാണ് അച്ഛന്‍ നിയമപോരാട്ടത്തിന് ഇറങ്ങിയത്. പതിമൂന്നു വര്‍ഷത്തോളം പല ഓഫിസുകളിലും കയറിയിറങ്ങി, പലയിടത്തും പരാതികള്‍ കൊടുത്തു. ഒരിടത്തു നിന്നും നീതി ലഭിച്ചില്ല. പിന്നീടാണ് ഹൈക്കോടതിയില്‍ പരാതി നല്‍കുന്നത്. രണ്ടുവര്‍ഷത്തോളം അച്ഛന്‍ ഹൈക്കോടതിയില്‍ കേസുമായി നടന്നു. ഒടുവില്‍ 2017 ജൂലൈ മാസത്തില്‍ അച്ഛന് അനുകൂലമായി വിധി വന്നു. ആറ് ആഴ്ച്ചയ്ക്കുള്ളില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി കൊടുക്കാനാണ് ഹൈക്കോടതി ഉത്തരവ് ഇട്ടത്. ഇതോടെ തനിക്ക് നീതി കിട്ടുമെന്നാണ് അച്ഛന്‍ വിശ്വസിച്ചത്. എന്നാല്‍ ഉത്തരവ് വന്ന് ഒമ്പത് മാസത്തോളമായിട്ടും ഹൈക്കോടതി ഉത്തരവ് നടപ്പാക്കപ്പെട്ടില്ല.

അച്ഛന്റെ ഭൂമിയുടെ പുറത്ത് കള്ളത്തരങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഇപ്പോഴത്തെ ഉദ്യോഗസ്ഥര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. പക്ഷേ, അവര്‍ അച്ഛന് അനുകൂലമായി ഒന്നും ചെയ്തില്ല. ചെയ്താല്‍ അവരുടെ മുന്‍പ് ഇരുന്നവര്‍ ചെയ്ത തെറ്റുകള്‍ പുറത്തു വരും. സര്‍വേ സൂപ്രണ്ട് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ പറഞ്ഞത്, ഉപ്പ് തിന്നവന്‍ എപ്പോഴായാലും വെള്ളം കുടിക്കണം, കുടിച്ചേ പറ്റൂ എന്നാണ്. ഞാനും ആ പറഞ്ഞതിന് സാക്ഷിയാണ്. അദ്ദേഹം ഞങ്ങള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് എഴുതുമെന്നാണ് വിശ്വസിച്ചത്. പക്ഷേ, അതുണ്ടായില്ല. സത്യസന്ധമായ റിപ്പോര്‍ട്ട് അല്ല എഴുതിയത്. എനിക്കെന്റെ മേലുദ്യോഗസ്ഥര്‍ പറയുന്നത് അനുസരിച്ചേ പറ്റൂ, ഞാന്‍ അങ്ങനയെ ചെയ്യൂ എന്നാണ് അദ്ദേഹം പറഞ്ഞത്.

റവന്യു ഉദ്യോഗസ്ഥര്‍ പിന്നീട് ചെയ്‌തെന്തെന്നാല്‍, യാതൊരു തര്‍ക്കവുമില്ലാത്ത, നാലുവശവും അളന്ന് അതിരു തിരിച്ചിട്ടിരിക്കുന്ന വീടും പുരയിടവും ഇരിക്കുന്ന ഭൂമി അളന്ന് പോയി! അവിടെ നിന്നും ഒന്നരക്കിലോമീറ്റര്‍ അകലെയുള്ള തര്‍ക്കത്തിലുള്ള ഭൂമിയിലേക്ക് പോയില്ല. ഹൈക്കോടതിയില്‍ നിന്നും വിധിയുണ്ടല്ലോ എന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍ ഹൈക്കോടതി വിധിപ്രകാരമൊന്നും ചെയ്തു തരാന്‍ പറ്റില്ലെന്നായിരുന്നു മറുപടി. പകരമെന്നോണമാണ് ചടങ്ങ് തീര്‍ക്കാനെന്ന പോലെ വീടും പുരയിടവും ഇരിക്കുന്ന ഭൂമി അളന്നത്.

ഹൈക്കോടതി വിധിയെ പോലും ഉദ്യോഗസ്ഥര്‍ തള്ളിക്കളയുകയായിരുന്നു. വിധി വന്ന് ഒമ്പതു മാസത്തോളമായി ഇതിനുവേണ്ടി അച്ഛന്‍ വില്ലേജ് ഓഫിസ് കയറിയിറങ്ങുകയാണ്. എന്നാല്‍ വില്ലേജ് ഓഫിസറും സര്‍വേയറും സര്‍വേ സൂപ്രണ്ടുമെല്ലാം ചേര്‍ന്ന് അച്ഛനെ വിഡ്ഡിയാക്കി കൊണ്ടിരിക്കുകയായിരുന്നു. ഹൈക്കോടതിയിലെ കേസിന് രണ്ടു വര്‍ഷം ഉള്‍പ്പെടെ തന്റെ ഭൂമി തനിക്ക് തിരിച്ചു കിട്ടുന്നതിനായി കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി അലയുന്ന ഒരു മനുഷ്യനാണ്. ഒടുവില്‍ അനുകൂലമായി ഹൈക്കോടതിയില്‍ നിന്നും വിധി വന്നപ്പോള്‍ അത് നടപ്പാക്കി കിട്ടാന്‍ വീണ്ടും ഒമ്പതുമാസത്തോളം വില്ലേജ് ഓഫിസില്‍ കയറി ഇറങ്ങി. എന്നാല്‍ ഏതു കോടതി വിധിയായാലും നടപ്പാക്കി തരില്ലെന്ന് ഉദ്യോഗസ്ഥര്‍ ധാര്‍ഷ്ട്യം പ്രകടിപ്പിച്ചു നിന്നപ്പോള്‍ അച്ഛനില്‍ നിന്നുണ്ടായ സ്വാഭാവിക പ്രകോപനമായിരുന്നു അന്നുണ്ടായത്; രവിയുടെ മകന്‍ കനകദാസ് അഴിമുഖത്തോട് പറയുന്നു.

സാധാരണക്കാര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന സര്‍ക്കാര്‍ വകുപ്പാണ് റവന്യു. വില്ലേജ് ഓഫിസുകളിലും താലുക്ക് ഓഫിസുകളിലുമായി കയറിയറങ്ങി ജീവിതം കളയുന്ന എത്രയോ പേരാണ് കേരളത്തില്‍. തങ്ങള്‍ കിട്ടേണ്ട സ്വഭാവിക നീതിപോലും ഉദ്യോഗസ്ഥന്മാരാല്‍ തടയപ്പെടുമ്പോഴാണ് ഇവര്‍ക്കിടയില്‍ നിന്നും രവിമാരും സാംകുട്ടിമാരുമൊക്കെ വില്ലേജ് ഓഫിസുകള്‍ക്ക് തീയിടാന്‍ എത്തുന്നത്, തോമസിനെ പോലുള്ളവര്‍ എല്ലാവഴിയുമടഞ്ഞെന്ന വിശ്വാസത്തില്‍ വില്ലേജ് ഓഫിസുകളിലെത്തി ജീവനൊടുക്കുന്നത്.

കേരളത്തില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം, അത്രമേല്‍ നിരാശരായ ജനങ്ങള്‍ റവന്യു വകുപ്പുമായി ബന്ധപ്പെട്ട് നില്‍ക്കുന്നുണ്ട്. സാധാരണക്കാരായവരുടെ നിസ്സാരമായ കാര്യങ്ങളില്‍ പോലും നീതി നിഷേധിക്കപ്പെടുന്ന സ്ഥിതിയാണ് തുടരുന്നതെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും. ബഹുമാനപ്പെട്ട റവന്യു മന്ത്രി ചന്ദ്രശേഖരന് തന്റെ ഉദ്യോഗസ്ഥരെ ഇക്കാര്യത്തിലെങ്കിലും നിയന്ത്രിക്കാനോ നന്നാക്കാനോ കഴിയുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍