UPDATES

ട്രെന്‍ഡിങ്ങ്

ലിംഗന്യൂനപക്ഷങ്ങളുടെ അവകാശ പ്രഖ്യാപനമായി മാനവീയം ക്വീര്‍ ഫെസ്റ്റ്

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം, കേരളത്തിലെ സര്‍വകലാശാലകളിലും ആര്‍ട്‌സ് കോളേജുകളിലും എല്ലാ കോഴ്‌സുകളിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ സംവരണം തുടങ്ങിയ സര്‍ക്കാര്‍ ഉത്തരവുകള്‍ വന്ന സാഹചര്യത്തിലാണ് ക്വീര്‍ ഫെസ്റ്റ് നടക്കുന്നത്.

ലിംഗന്യൂനപക്ഷങ്ങളായ എല്‍ജിബിടിഐക്യൂ കമ്മ്യൂണിറ്റികളെ അകറ്റി നിര്‍ത്തുന്ന സമൂഹത്തിലേക്ക് ഞങ്ങള്‍ക്കും ഇവിടെ അവകാശങ്ങളും സ്വാതന്ത്ര്യവുമുണ്ടെന്നുമുള്ള ഉറച്ച പ്രഖ്യാപനവുമായി കേരളാ പ്രൈഡ് ഫെസ്റ്റിന്റെ കര്‍ട്ടന്‍ റൈസര്‍ ഇവന്റ് മാനവീയം ക്വീര്‍ ഫെസ്റ്റ്. പൊതുഇടങ്ങളും തെരുവുകളും നമുക്കും കൂടിയുള്ളതാണെന്ന വിളിച്ചുപറയലുകളാണ് ക്വീര്‍ ഫെസ്റ്റിവലിലൂടെ സാധ്യമാകുന്നത്.

കേരളാ പ്രൈഡിന് മുന്നോടിയായിയുള്ള മാനവീയം ക്വീര്‍ ഫെസ്റ്റ് ഒയാസിസ് ക്വീര്‍ സൊസൈറ്റിയാണ് ഇത്തവണ സംഘടിപ്പിച്ച് . മൂന്നാമത് മാനവീയം ക്വീര്‍ ഫെസ്റ്റാണ് ഇന്നലെ വൈകുന്നേരം (ആഗസ്ത് 12) മാനവീയം വീഥിയില്‍ അരങ്ങേറിയത്. മാനവീയം ക്വീര്‍ ഫെസ്റ്റിന്റെ സാംസ്‌കാരിക സമ്മേളനം കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കേരളത്തിലെ എല്‍ജിബിടിഐക്യൂ കമ്മ്യൂണിറ്റികളിലെ നിരവധി ആളുകളും സാമൂഹിക പ്രവകര്‍ത്തകരും ഫെസ്റ്റിവലില്‍ പങ്കെടുത്തു. കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാനവീയത്തിലേക്കുള്ള പ്രീ പ്രൈഡ് മാര്‍ച്ചിന് ശേഷം കലാ സാംസ്‌കാരിക സമ്മേളനം, ഫാഷന്‍ ഷോ എന്നിവ സംഘടിപ്പിച്ചിരുന്നു.

‘ലിംഗന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായും സ്വയംപര്യാപ്തതയ്ക്കുമായും കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നിരവധി പിന്തുണ ലഭിക്കുന്നുണ്ട്. കേരളസര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി പ്രകാരം കുടുംബശ്രീ മിഷന്റെ കീഴില്‍ ഒയാസിസ് സമന്വയ എന്ന കാറ്ററിംഗിന്റെ ഉത്ഘാടനം കുന്നുകുഴി കൗണ്‍സിലര്‍ ഐപി ബിനു ഇന്ന് നിര്‍വഹിച്ചിട്ടുണ്ട്. കുടുംബശ്രീ ജില്ലാ മിഷന്‍ 5 ലക്ഷം രൂപയുടെ വായ്പാസഹായം നല്‍കിയിട്ടുണ്ട്. ഒരു സ്വയംതൊഴില്‍ സംരംഭത്തിലേക്ക് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കൊണ്ടുവരിക അത് വഴി മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതുമാണ് ഇതിന് പിറകിലുള്ള ലക്ഷ്യം. കേരളാ പ്രൈഡ് ഫെസ്റ്റിലും ഒയാസിസ് സമന്വയ സ്റ്റാള്‍ ഉണ്ടായിരിക്കും.’ ക്വീറിതം പ്രിജിത് പറഞ്ഞു.

‘ഞാനൊരു ഗേയാണ് ലെസ്ബിയനാണ് എന്ന് പറയാനുള്ള ഒരു വിമുഖത എല്ലാവര്‍ക്കുമുണ്ട്. പേടിയാണ് ഇതിനൊരു കാരണമായിരുന്നു. മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്ന ആശങ്ക അവര്‍ക്കുണ്ടായിരുന്നു. ഇന്ന് സമൂഹത്തില്‍ സര്‍ക്കാര്‍ തലത്തിലും അക്കാഡമിക് തലത്തിലുമൊക്കെ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്.’ പ്രിജിത് കൂട്ടിച്ചേര്‍ത്തു.

മാനവീയം ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണമായ ഫാഷന്‍ ഷോയില്‍ തിരുവനന്തപുരം സ്വദേശിയും മിസ് കൊല്ലം ട്രാന്‍സ്‌ജെന്‍ഡര്‍ 2018ന്റെ ടൈറ്റില്‍ വിന്നറുമായ നാദിറ വിജയിയായി. ‘മിസ് മാനവീയം ആയതില്‍ വളരെ സന്തോഷമുണ്ട്. നല്ല കോംപറ്റീഷന്‍ ഉണ്ടായിരുന്നു. ഇത് എന്റെ രണ്ടാമത്തെ റാംപ് വാക്കാണ്. മല്‍സരത്തില്‍ അടുത്തൊരു ജന്മമുണ്ടെങ്കില്‍ എനിക്കൊരു ആണായി ജീവിക്കണം എന്നും ആ ജീവിതത്തിലൂടെ ജെന്‍ഡര്‍ റൂള്‍സിനെ ബ്രേക്ക് ചെയ്ത് ജീവിക്കണമെന്നും ഞാന്‍ പറഞ്ഞത് ഒരുപാട് പേരില്‍ സംശയം ഉണ്ടാക്കി. അതുകൊണ്ട് തന്നെ അവസാനത്തെ റൗണ്ട് വരെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അവസാനത്തെ ചോദ്യത്തിനുള്ള ഉത്തരം ആത്മാര്‍ത്ഥമായി എഴുതിയ വാക്കുകളാണ്. ഇതില്‍ വിജയിക്കാനുള്ള കാരണമായി നിങ്ങള്‍ക്ക് തോന്നുന്നതെന്താണെന്നായിരുന്നു അവസാനത്തെ ചോദ്യം. അതില്‍ എന്റെ ആത്മവിശ്വാസത്തെ കുറിച്ചാണ് ഞാന്‍ എഴുതിയിരുന്നത്. ആത്മവിശ്വാസം ഉണ്ടെങ്കില്‍ ഏതൊരു വേദിയും കീഴ്‌പ്പെടുത്താനാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.’ നാദിറ പറഞ്ഞു.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം, കേരളത്തിലെ സര്‍വകലാശാലകളിലും ആര്‍ട്‌സ് കോളേജുകളിലും എല്ലാ കോഴ്‌സുകളിലേക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ സംവരണം തുടങ്ങിയ സര്‍ക്കാര്‍ ഉത്തരവുകള്‍ വന്ന സാഹചര്യത്തിലാണ് ക്വീര്‍ ഫെസ്റ്റ് നടക്കുന്നത്.

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍