UPDATES

വെറുപ്പ് നമുക്കിടയില്‍ കടന്നുവരാന്‍ ഇനിയൊരിക്കലും അനുവദിച്ചുകൂട; വികസനം ജനാധിപത്യത്തിനു പകരമല്ല-ഡോ. മന്‍മോഹന്‍ സിംഗ്

ഡോ. മന്‍മോഹന്‍സിംഗ് നടത്തിയ ഡോ. എസ്. ബി. രംഗനേക്കര്‍ അനുസ്മരണ പ്രഭാഷണത്തിന്‍റെ പൂര്‍ണ്ണരൂപം

2018 ഏപ്രില്‍ 11നു ചണ്ഡീഗഡിലെ പഞ്ചാബ് സര്‍വകലാശാലയില്‍ ‘സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം- നമ്മുടെ ജനാധിപത്യത്തിന്റെ വേരുകള്‍ ശക്തിപ്പെടുത്തല്‍’ എന്ന വിഷയത്തില്‍ ഡോ. മന്‍മോഹന്‍സിംഗ് നടത്തിയ ഡോ. എസ്. ബി. രംഗനേക്കര്‍ അനുസ്മരണ പ്രഭാഷണത്തിന്‍റെ പൂര്‍ണ്ണരൂപം.

1947-ലെ ഇന്ത്യ വിഭജനത്തിന് ശേഷം ഡോ. കെ.കെ ഡെവെറ്റിനൊപ്പം പഞ്ചാബ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ സ്ഥാപകനായ ഡോ. എസ് ബി രംഗനേക്കറുടെ ഓര്‍മ്മക്കായുള്ള ഈ പ്രഭാഷണം നടത്താന്‍ എന്നെ ക്ഷണിച്ചതില്‍ ഞാന്‍ എന്റെ കൃതജ്ഞത അറിയിക്കുന്നു. മറ്റ് പല സര്‍വകലാശാല വകുപ്പുകള്‍ക്കുമൊപ്പം ഹോഷിയാര്‍പൂരിലാണ് അന്ന് സാമ്പത്തികശാസ്ത്ര വകുപ്പും ഉണ്ടായിരുന്നത്. 1952-ലാണ് ഒരു എംഎ വിദ്യാര്‍ത്ഥിയായി ഞാനവിടെ ചേരുന്നത്. ഡോ. രംഗനേക്കര്‍ പ്രധാന പങ്കുവഹിച്ച പുതിയ എംഎ പാഠ്യക്രമത്തിന്റെ ആദ്യവര്‍ഷമായിരുന്നു അത്. എന്റെ എംഎ പരീക്ഷയ്ക്ക് ശേഷം കാംബ്രിജിലെക്കു പോകാന്‍ എന്നെ പ്രോത്സാഹിപ്പിച്ച മഹാനായ അദ്ധ്യാപകനായിരുന്നു അദ്ദേഹം. കാംബ്രിജില്‍ നിന്നും വന്ന ശേഷം ഞാന്‍ സാമ്പത്തികശാസ്ത്ര വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ ആയി ജോലിക്കു ചേര്‍ന്നു.

അധികം വൈകാതെ വകുപ്പ് ചണ്ഡീഗഡിലേക്ക് മാറ്റി. ഡോ. രംഗനേക്കര്‍ തലവനായിരിക്കുമ്പോള്‍ ഒപ്പം ജോലി ചെയ്യാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. അദ്ദേഹവും ഭാര്യയും എന്നെയും ഭാര്യയേയും അവരുടെ കുടുംബാംഗങ്ങളെപ്പോലെയാണ് കരുതിയിരുന്നത്. അതെന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളായിരുന്നു, അതിനു ഞാന്‍ അവരോടു കടപ്പെട്ടിരിക്കുന്നു.

തങ്ങളുടെ വിധിയുമായി ഒരു പുരാതന ജനത നടത്തിയ അവിശ്വസനീയമായ കൂട്ടിമുട്ടല്‍,‘ഏറെക്കാലം അടിച്ചമര്‍ത്തിയത്’, കഴിഞ്ഞ ഏഴു പതിറ്റാണ്ടോളമായി സൃഷ്ടിച്ചത് അസാധ്യമായ ഒരു വിജയമാണ്-
പരിഹരിക്കാനാകാത്ത വൈജാത്യങ്ങളോടും അവസാനിക്കാത്ത സംഘര്‍ഷങ്ങളോടും കൂടിയ, ദാരിദ്ര്യവും പട്ടിണിയും, നിരക്ഷരതയും ഗണിതശേഷിയില്ലായ്മയും ഉള്ള, നാടുവാഴിത്തവും കൂടിയാന്‍മയും, ജാതിയും ഉച്ചനീച്ചത്വങ്ങളും അടിച്ചമര്‍ത്തലും ചൂഷണവും നിറഞ്ഞ ഒരു നാട്ടില്‍ മഹത്തായ ജനാധിപത്യത്തിന്റെ വളര്‍ച്ച.
രാജ്യത്തിന്റെ വിഭജനം ഉണ്ടാക്കിയ ചുഴികള്‍ നിറഞ്ഞ, വെറുപ്പിന്റെയും പ്രക്ഷുബ്ദതയുടെയും രക്തം നിറഞ്ഞ പുഴകളില്‍ ജനിച്ച ജനാധിപത്യം; സ്നേഹം, ദയ, അഹിംസ എന്നിവയുടെ തങ്ങളുടെ മഹത്തായ നാഗരികതയെ ആഴത്തിലുള്ള മറവിയില്‍ക്കളഞ്ഞ ഒരു നാട്.

എഴുപതു കൊല്ലം മുമ്പ് ലോകം ഇന്ത്യന്‍ ജനാധിപത്യത്തിന് നിലനില്‍ക്കാനുള്ള സാധ്യത നല്‍കിയിരുന്നില്ല. നമ്മുടെ സാധാരണ മനുഷ്യര്‍ ലോകം തെറ്റാണെന്നു തെളിയിച്ചു.

ജനാധിപത്യം ഒരു ഭരണ സംവിധാനം എന്നത് മാത്രമല്ല. മനുഷ്യര്‍ പരസ്പരം എങ്ങനെയാണ് പരിഗണിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ഒരു പ്രത്യയശാസ്ത്രമാണത്. ഭരണ നിര്‍വഹണത്തിന്റെ എല്ലാ രൂപവത്ക്കരണത്തിലും നടത്തിപ്പിലും എല്ലാ മനുഷ്യര്‍ക്കും–അവരുടെ മനുഷ്യത്വം എന്നതിന്റെ അടിസ്ഥാനത്തില്‍, അധികാരം, അവകാശം, സാമൂഹ്യസ്ഥിതി, വിദ്യാഭ്യാസം, ലിംഗം, ജാതി, മതം, ഭാഷ, സംസ്കാരം എന്നിവ എന്തുതന്നെയായാലും- തുല്യമായ പങ്കുണ്ടാകണമെന്ന നിര്‍ബന്ധബുദ്ധിയിലാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. അത് ദൈനംദിനജീവിതത്തിന്റെ സാധാരണ ക്രിയകളില്‍ പ്രതിഫലിക്കുന്നു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയാണ് ജനാധിപത്യത്തിന്റെ ജീവശ്വാസമായ മൂന്നു മൂല്യങ്ങള്‍-അതിന്റെ സത്ത.

വാര്‍ഷികങ്ങള്‍ വെറും ആഘോഷങ്ങള്‍ക്കുള്ള അവസരങ്ങളേക്കാള്‍ മറ്റ് പലതുമാണ്. അവ ആത്മപരിശോധനയുടെയും വിലയിരുത്തലുകളുടെയും അടിസ്ഥാനമൂല്യങ്ങളോടും ലക്ഷ്യങ്ങളോടുമുള്ള പ്രതിബദ്ധത പുതുക്കുന്നതിനും പുനസമര്‍പ്പണത്തിനുമുള്ള അവസരങ്ങളാണ്. ഞാനീയവസരത്തില്‍ നമ്മുടെ സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ നേട്ടങ്ങളെക്കാളും – അവ മികച്ചതാണെങ്കില്‍പ്പോലും- ചിലതുകൂടി പറയാന്‍ ആഗ്രഹിക്കുന്നു. സുസ്ഥിരവും തുല്യവുമായ സാമ്പത്തിക വളര്‍ച്ചയും ഉയര്‍ന്ന തൊഴിലവസരങ്ങളും ഏത് ആധുനിക സമ്പദ് വ്യവസ്ഥയുടെയും സുഗമമായ നടത്തിപ്പിന് ആവശ്യമാണ്. പക്ഷേ ഞാനാ വിഷയത്തിലേക്ക് കൂടുതല്‍ കടക്കുന്നില്ല. മറിച്ച്, നമ്മുടെ ജനാധിപത്യത്തെ കൂടുതല്‍ ശക്തമാക്കുന്ന, ഇനിയും ശക്തമാക്കേണ്ട
ജാധിപത്യത്തിന്റെ ഒഴിച്ചുകൂടാനാകാത്ത നെടുംതൂണുകളെക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്: സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, പിന്നെ നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനവും.

‘ഇത് തലയും ഹൃദയവുമില്ലാത്ത സര്‍ക്കാര്‍’: നോട്ട് നിരോധനത്തെ കുറിച്ചുള്ള ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രസംഗം-പൂര്‍ണ്ണരൂപം

സമത്വം

ജനാധിപത്യത്തിന്റെ ആധാരശില സമത്വമാണ്. നമ്മുടെ ജനാധിപത്യ നിര്‍മ്മാണ പ്രക്രിയയില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അതാണ്. കാരണം, നമ്മുടെ സമൂഹത്തില്‍ ജാതി, വര്‍ഗ, ലിംഗ അടിസ്ഥാനത്തിലുള്ള ജന്‍മിത്വ, ഉച്ച നീചത്വ ആശയങ്ങള്‍ നിലനില്‍ക്കുന്നു.

1949 നവംബര്‍ 25നു ഭരണഘടന നിര്‍മ്മാണ സഭയില്‍ സംസാരിക്കവേ, ഇന്ത്യയെ സമത്വത്തില്‍ അധിഷ്ഠിതമായ ഒരു സമൂഹമാക്കി പരിവര്‍ത്തിപ്പിക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് പരാമര്‍ശിക്കവേ ഡോ. ബി.ആര്‍ അംബേദ്കര്‍ പറഞ്ഞു: “(നമ്മുടെ റിപ്പബ്ലിക്കില്‍) രാഷ്ട്രീയത്തില്‍ നമുക്ക് സമത്വവും സാമൂഹ്യ, സാമ്പത്തിക ജീവിതത്തില്‍ അസമത്വവുമായിരിക്കും. രാഷ്ട്രീയത്തില്‍ നാം ഒരാള്‍ക്ക് ഒരു വോട്ട്, ഓരോ വോട്ടിനും ഒരേ മൂല്യം എന്ന തത്ത്വം നാം അംഗീകരിക്കും. എത്രകാലം നമ്മളീ വൈരുദ്ധ്യങ്ങളുടെ ജീവിതം ജീവിക്കും?എത്രകാലം നമ്മള്‍ നമ്മുടെ സാമൂഹ്യ, സാമ്പത്തിക ജീവിതത്തില്‍ തുല്യത നിഷേധിക്കും? നീണ്ട കാലം നാമത് നിഷേധിച്ചാല്‍, അത് നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തിനെ തകര്‍ക്കുകയായിരിക്കും. നാമീ വൈരുദ്ധ്യത്തെ സാധ്യമായത്രയും വേഗത്തില്‍ മാറ്റിയില്ലെങ്കില്‍ അസമത്വത്തിന്റെ ഇരകള്‍ ഈ നിയമനിര്‍മ്മാണ സഭ ശ്രമകരമായി പണിതുയര്‍ത്തിയ രാഷ്ട്രീയ ജനാധിപത്യത്തിന്റെ ഘടനയെ തകര്‍ക്കും.”

1952- ല്‍ മുഖ്യമന്ത്രിമാര്‍ക്കയച്ച ഒരു കത്തില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഇങ്ങനെ മുന്നറിയിപ്പ് നല്കി, “ദാരിദ്യവും താഴ്ന്ന നിലവാരവും തുടരുകയാണെങ്കില്‍ നമ്മുടെ ജനാധിപത്യം അതിന്റെ എല്ലാ മികച്ച സ്ഥാപനങ്ങളും ആശയങ്ങളും ഉണ്ടായാലും, ഒരു വിമോചകശക്തിയല്ലാതാകും.”

രാഷ്ട്രീയ സമത്വത്തോടുള്ള റിപ്പബ്ലിക്കിന്റെ ശക്തമായ പ്രതിബദ്ധത സാമൂഹ്യ, സാമ്പത്തിക അസമത്വത്തിനെ ചോദ്യം ചെയ്യുന്ന അനുബന്ധ സ്വാധീനം കൂടി ഉണ്ടായിരുന്നു. ഒരു വ്യക്തി, ഒരു വോട്ട് എന്ന തത്ത്വം അതുവരെ പ്രാന്തവത്കരിക്കപ്പെട്ട ഇന്ത്യയിലെ 90%-ത്തിന്റെ കൈകളിലേക്ക് അതുവരെയില്ലാത്തവിധത്തിലുള്ള രാഷ്ട്രീയ അധികാരം നല്കി. അവര്‍ നയങ്ങള്‍ ആവശ്യപ്പെടുകയും നേടുകയും ചെയ്തു. അത് വൈജാത്യങ്ങള്‍ കുറച്ചു. കാലങ്ങളായി വിവേചനമനുഭവിച്ചിരുന്ന സമുദായങ്ങള്‍ ഉയര്‍ന്ന സാമൂഹ്യ, സാമ്പത്തിക മുന്നോട്ടുപോക്കിനുള്ള അവസരങ്ങള്‍ സൃഷ്ടിച്ചു.

കബളിപ്പിക്കപ്പെട്ട ഒരു രാജ്യത്തിന് അതിന്റെ ജീവശ്വാസവും ധാര്‍മികതയും വീണ്ടെടുക്കേണ്ടതുണ്ട്

സമ്പദ് വ്യവസ്ഥ വളരുമ്പോള്‍ അസമത്വവും വളരാതിരിക്കാനാണ് വികസന ആസൂത്രണവും ആസൂത്രണ കമ്മീഷനും രൂപപ്പെടുത്തിയത്. ആസൂത്രണ കമ്മീഷന്‍ ഇല്ലാതാക്കിയതോടെ, അസമത്വം നിയന്ത്രിക്കാന്‍ പുതിയ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്.

1991-96ലും 2004-14ലും ഞാന്‍ കൂടി ഭാഗമായിരുന്ന സാമ്പത്തിക ഉദാരവത്കരണം സാമൂഹ്യ, സാമ്പത്തിക പ്രത്യേക ആസ്തികളില്ലാതെ ജനിച്ച മനുഷ്യര്‍ക്ക് പുതിയ അവസരങ്ങള്‍ തുറന്നുകൊടുക്കുന്ന പ്രക്രിയയായിരുന്നു. സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് എനിക്ക് മാര്‍ഗദര്‍ശകമായ കാഴ്ച്ചപ്പാടും അതായിരുന്നു.

സാമ്പത്തിക വളര്‍ച്ച രാജ്യത്തിന്റെ പ്രധാന പരിഗണനയായി തുടരുമ്പോഴും, അസമത്വം വളരുന്നില്ല എന്നുറപ്പാക്കാനുള്ള പ്രതിബദ്ധത ശോഷിച്ചുവരുന്നു. ഇത് നമ്മുടെ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണ്. ഇന്ത്യയടക്കം ലോകത്തെങ്ങുമുള്ള സാമ്പത്തിക വിദഗ്ദ്ധരും വികസന വിദഗ്ദ്ധരും വര്‍ധിക്കുന്ന അസമത്വം സുസ്ഥിര വളര്‍ച്ചക്കുണ്ടാക്കുന്ന വലിയ ആപത്തിനെ ഇപ്പോള്‍ അടിവരയിട്ട് പറയുന്നുണ്ട്. സാമ്പത്തിക അസമത്വവും പുറന്തള്ളലും സാമ്പത്തിക, സാമൂഹ്യ, സാമ്പത്തിക ക്ഷേമത്തിന് മാത്രമല്ല പക്ഷേ സാമൂഹ്യഘടനയുടെ സമഗ്രമായ പ്രവര്‍ത്തനത്തിനും ഭീഷണിയാണ്.

സാമ്പത്തിക അസമത്വത്തിന്റെ വളര്‍ച്ചയെ തടയാനും അത് കുറയ്ക്കാനും മുഖ്യ പരിഗണന നല്കുക എന്നത് ഇന്ത്യയിലുള്ള നമുക്ക് വളരെ പ്രധാനമാണ്. ഒരു വലിയ നിര സാമ്പത്തിക, സാമൂഹ്യ നയപരിപാടികള്‍ നമുക്ക് ലഭ്യമാണ്. സമത്വത്തിന് വേണ്ടിയും ജനാധിപത്യത്തോടുള്ള നമ്മുടെ പ്രതിബദ്ധതയെ കുറിക്കാനും വേണ്ടിയുള്ള സമത്വമെന്ന തത്വത്തിനായുള്ള ശക്തമായ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ ഉണര്‍വാണ് നമുക്ക് വേണ്ടത്. ഹ്രസ്വകാലത്തില്‍ സമത്വത്തിനായുള്ള നയങ്ങള്‍ വളര്‍ച്ച കൂടുതല്‍ ചെലവേറിയതാക്കിയെക്കും. പക്ഷേ വര്‍ധിക്കുന്ന അസമത്വം, ദീര്‍ഘകാലത്തില്‍ സാമ്പത്തിക ക്ഷേമത്തിനും സുസ്ഥിര വളര്‍ച്ചക്കും അതിലേറെ അപകടമാണ്.

സ്വാതന്ത്ര്യം

സമത്വം എന്നതുപോലെ സ്വാതന്ത്ര്യവും ജനാധിപത്യത്തിനു ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം എന്നാല്‍ അതിന്റെ സര്‍ക്കാരിന്റെ സ്വാതന്ത്ര്യമല്ല. അത് ജനങ്ങളുടെ സ്വാതന്ത്ര്യമാണ്. അത് അഭിജാതരുടെയും ശക്തരുടേയും മാത്രം സ്വാതന്ത്ര്യമല്ല, ഓരോ ഇന്ത്യക്കാരന്റെയും സ്വാതന്ത്ര്യമാണ്.

നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ, കേന്ദ്ര ഘടകം ഇന്ത്യയുടെ സ്വാതന്ത്ര്യമാണ്. ഡോ അംബേദ്കര്‍ പറഞ്ഞു, “ഇന്ത്യ ഒരിയ്ക്കലും സ്വതന്ത്ര രാജ്യമായിരുന്നിട്ടില്ല എന്നല്ല. അതിനതിന്റെ സ്വാതന്ത്ര്യം ഒരിക്കല്‍ നഷ്ടപ്പെട്ടു എന്നതാണ് കാര്യം. രണ്ടാമതൊരു തവണ കൂടി അത് നഷ്ടപ്പെടുമോ? ഇന്ത്യക്കാര്‍ രാജ്യത്തെ തങ്ങളുടെ മതധര്‍മ്മങ്ങള്‍ക്ക് മേല്‍ വെക്കുമോ, അതോ മതധര്‍മ്മങ്ങളെ രാജ്യത്തിന്നുപരിയായി കാണുമോ? എനിക്കറിയില്ല. പക്ഷേ ഒന്നുറപ്പാണ്, കക്ഷികള്‍ മതധര്‍മ്മത്തെ രാജ്യത്തിന് മുകളില്‍ വെച്ചാല്‍ നമ്മുടെ സ്വാതന്ത്ര്യം അപകടത്തിലാവുകയും രണ്ടാമതും എന്നെന്നേക്കുമായി നമുക്ക് നഷ്ടപ്പെടുകയും ചെയ്യും. ഈ ആപത്തിനെതിരെ നമ്മളെല്ലാം ഒരുമിച്ച് ജാഗ്രതയോടെ ഇരിക്കണം. നമ്മുടെ അവസാന തുള്ളി രക്തം വരെയും ഈ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കാന്‍ നാം പ്രതിബദ്ധത കാണിക്കണം.”

ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം സ്വാതന്ത്ര്യത്തിന്റെ കൂട്ടായ പ്രകടനവും അതിലെ പൌരന്മാരുടെ സ്വാതന്ത്ര്യവുമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യം നഷ്ടമാവുക എന്നാല്‍ രാജ്യത്തിന്റെ നയങ്ങള്‍ നിശ്ചയിക്കുന്നതിനുള്ള അധികാരം വിദേശത്തേക്ക് മാറുകയും നമ്മുടെ ജനങ്ങളില്‍ നിന്നും എടുത്തുമാറ്റുകയുമാണ്. ദേശീയ സ്വാതന്ത്ര്യമില്ലാതെ ജനാധിപത്യമില്ല. ജനാധിപത്യമില്ലാതെ സ്വാതന്ത്ര്യവുമില്ല. വന്‍ശക്തികളുടെ സാമ്രാജ്യ മോഹങ്ങളുടെ പിന്നാലേ അവരുടെ ഉപകരണങ്ങളായി മാറി ചില നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പ്രലോഭനങ്ങളെ നാം അതിജീവിക്കുകയും തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള നമ്മുടെ തന്ത്രപരമായ അവകാശങ്ങളെ നാം കാത്തുസൂക്ഷിക്കുകയും വേണം. വ്യക്തി സ്വാതന്ത്ര്യത്തിലും ഓരോ ഇന്ത്യന്‍ പൌരന്റെയും സ്വാതന്ത്ര്യത്തിലും അധിഷ്ഠിതമായി ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടുള്ള നമ്മുടെ പ്രതിബദ്ധത നാം പുനസൃഷ്ടിക്കണം.

തകരുന്ന സ്ഥാപനങ്ങള്‍, ദുര്‍ബലപ്പെടുന്ന ജനാധിപത്യം – ഹരീഷ് ഖരെ എഴുതുന്നു

അപകടകരവും തെറ്റായതുമായ ഒരു ദ്വന്ദ്വമിപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയ വ്യവഹാരത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനെ അതിശക്തമായി തള്ളിക്കളയേണ്ടതുമുണ്ട്. സ്വാതന്ത്ര്യം അല്ലെങ്കില്‍ വികസനം എന്നിവയിലൊന്നേ നമുക്ക് തെരഞ്ഞെടുക്കാനാവൂ എന്നാണത്. ഇതൊരു പുതിയ ദ്വന്ദ്വമല്ല. മഹാത്മാഗാന്ധിയോട് ഈ പ്രശ്നം ഉന്നയിച്ചു. മികച്ച ഭരണവും വികസനവും സ്വരാജിനെക്കാള്‍ മെച്ചമാണല്ലോ എന്ന്. ഇന്ത്യ സ്വാതന്ത്ര്യത്തിന് പാകമായിട്ടില്ല എന്നും ബ്രിട്ടീഷ് ഭരണം നമ്മുടെ വികസനത്തിന് നല്ലതാണെന്നുമുള്ള വാദം കൊളോണിയല്‍, കൊളോണിയല്‍ അനുകൂല ശക്തികള്‍ വ്യാപകമായി ഉയര്‍ത്തിയിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ തെരഞ്ഞെടുപ്പ് അന്നും ഇന്നും വ്യക്തവും സംശയത്തിനിടയില്ലാത്തതുമായിരുന്നു. നമുക്ക് സ്വാതന്ത്ര്യം കൂടിയേ തീരൂ. നമ്മളെ സംബന്ധിച്ച് സ്വാതന്ത്ര്യം എന്നാല്‍ വികസനത്തിനുള്ള വെറും ഉപകരണമോ, അല്ലെങ്കില്‍ വികസനത്തിന് കീഴ്പ്പെട്ട് നില്‍ക്കുന്നതോ അല്ല. സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യകാലത്ത് തന്നെ നമ്മുടെ പൂര്‍വസൂരികള്‍ പ്രഖ്യാപിച്ചതുപോലെ, “സ്വാതന്ത്ര്യം നമ്മുടെ ജന്‍മാവകാശമാണ്” അതില്‍ നാമൊരിക്കലും വിട്ടുവീഴ്ച്ച ചെയ്യുകയുമില്ല. വളര്‍ച്ച, സമ്പത്ത്, വികസനം എന്നിവ ജനാധിപത്യത്തിന്റെ ഫലങ്ങളാണ്, പകരംവെപ്പുകളല്ല.

സാഹോദര്യം

സമത്വവും സ്വാതന്ത്ര്യവും പോലെ സാഹോദര്യത്തെയും ജനാധിപത്യത്തില്‍ നിന്നും അടര്‍ത്തി മാറ്റാനാകില്ല. സഹോദര്യമുള്ള ഒരു ജനതയ്ക്ക് മാത്രമേ ജനാധിപത്യത്തെ നിലനിര്‍ത്താനാകൂ. തിരിച്ച്, ഒരു ജനാധിപത്യ രാജ്യത്തു മാത്രമേ സാഹോദര്യം നിലനിര്‍ത്താനാകൂ. സാഹോദര്യം നമ്മുടെ ഭരണഘടനയുടെ ആമുഖത്തില്‍ ശക്തമായും കൃത്യമായും പറഞ്ഞിരിക്കുന്നതുപോലെ വ്യക്തിയുടെ അഭിമാനവും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ജനതയെ മതം, ജാതി, ഭാഷ, സംസ്കാരം എന്നിവയുടെ അടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള ഇപ്പോഴത്തെ ശ്രമങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ആശങ്കയെക്കുറിച്ച് ഞാന്‍ കൂടുതലായി പറയുന്നില്ല. ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും എതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുകയാണ്. തടഞ്ഞില്ലെങ്കില്‍ ഈ പ്രവണതകള്‍ നമ്മുടെ ജനാധിപത്യത്തെ അപായപ്പെടുത്തും. ഒരു ജനത എന്ന നിലയില്‍ വിഭാഗീയ നയങ്ങളെയും രാഷ്ട്രീയത്തെയും നമ്മള്‍ ശക്തമായി നിരസിക്കണം.

സാഹോദര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്ത്യക്ക് ഒരു പാഠത്തിന്റെയും ആവശ്യമില്ല. നമ്മുടെ ചരിത്രത്തിന്റെ ഐതിഹാസികമായ ദുരന്തത്തെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക- നൂറ്റാണ്ടുകളായി സൃഷ്ടിച്ചെടുത്ത ആഴത്തില്‍ വേരുകളുള്ള സാഹോദര്യത്തിന്റെ പുരാതനമായ നെയ്ത്തിനെ 1947 വിഭജനത്തില്‍ മനപൂര്‍വം തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്തില്ലേ? അതിന്റെ വിവരണാതീതമായ പ്രത്യാഘാതങ്ങള്‍ക്ക് ഞാന്‍ നേരിട്ടു സാക്ഷിയാണ്. വെറുപ്പ് നമ്മുടെ ഇടയില്‍ കടന്നുവരാന്‍ ഇനിയൊരിക്കലും അനുവദിച്ചുകൂട.

നെഹ്‌റുവും പട്ടേലും കോണ്‍ഗ്രസും ശ്രമിച്ചിട്ടും തളര്‍ത്താന്‍ കഴിയാതിരുന്ന അംബേദ്‌ക്കര്‍; ഹരീഷ് ഖരെ എഴുതുന്നു

തെരഞ്ഞെടുപ്പ് സംവിധാനം

ഭരണകക്ഷികള്‍ തോല്‍പ്പിക്കപ്പെടുകയും അധികാരം സമാധാനപരമായി കൈമാറുകയും ചെയ്യുന്ന നമ്മുടെ ജനാധിപത്യ തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് നാം ഏതാണ്ട് അഭിമാനത്തോടെത്തന്നെയാണ് കരുതുന്നത്. ഇന്നത്തെ ലോകത്തില്‍ ഇതൊരു അപ്പൂര്‍വമായ വിജയമാണ്. വലിയ വെല്ലുവിളികളെ നേരിട്ടാണ് നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനം വിജയിച്ചത്. അത് സര്‍ക്കാരിന്റെ നാടുവാഴി സമ്പ്രദായങ്ങളെ പരാജയപ്പെടുത്തി. അധികാരത്തിന്റെ ഉയര്‍ന്ന പദവികളിലെത്താന്‍ ജന്‍മാവകാശം പോലെ കിട്ടുന്ന സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ അനുകൂലാവസ്ഥകളൊന്നുമില്ലാത്ത സാധാരണക്കാര്‍ക്ക് അത് അവസരങ്ങള്‍ തുറന്നുകൊടുത്തു. പക്ഷേ ധനശക്തിയും പണവും ബലവും ഉപയോഗിച്ച് നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനത്തെ ദുര്‍ബലമാക്കുന്നു എന്ന വ്യാപകമായ ആശങ്കയുണ്ട്. പൊതുതാത്പര്യം മുന്‍നിര്‍ത്തി ഭരിക്കുന്നതിന് ഒരു സര്‍ക്കാരിനെ തെരഞ്ഞെടുക്കുന്നതിനുള്ള ഏറ്റവും മികച്ച സംവിധാനം എന്ന നിലയില്‍ ജനാധിപത്യ തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞുകൊണ്ടിരിക്കുന്നു- ജനാധിപത്യ സ്ഥാപനങ്ങളെയും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയും ആക്രമിക്കുന്നതുപോലെ വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ അഴിമതിയും രാഷ്ട്രീയ കക്ഷികളെയും തെരഞ്ഞെടുക്കപ്പെടേണ്ട പദവികളെയും നിക്ഷിപ്ത താത്പര്യക്കാര്‍ കയ്യടക്കുന്നതും ഇതിന് കാരണമാണ്. തെരെഞ്ഞെടുപ്പ് പ്രക്രിയയെ ശുദ്ധിയാക്കുന്നതിന് പണവും കായിക ബലവും മാറ്റിനിര്‍ത്തി തെരഞ്ഞെടുക്കപ്പെടേണ്ട പദവികളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതിന് തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങള്‍ നടപ്പാക്കേണ്ടത് നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള ഒരു നിര്‍ണായക വഴിയാണ്.

ജനാധിപത്യ രാഷ്ട്രീയ കക്ഷികളെപ്പോലെ മാധ്യമങ്ങളും നീതിപീഠവും ഈ പൊതുജനചക്രത്തിന്റെ കാവല്‍ക്കാരാകേണ്ടതുണ്ട്.

ആഞ്ഞടിച്ച് വീണ്ടും മന്‍മോഹന്‍ സിംഗ്; യുദ്ധകാലത്ത് മനുഷ്യര്‍ റേഷന്‍ പോലെ കിട്ടുന്ന ഭക്ഷണത്തിന് ക്യൂ നില്‍ക്കുന്നത് കണ്ടിട്ടുണ്ട്; മോദിയുടേത് വന്‍ ദുരന്തം

ജനാധിപത്യത്തോടുള്ള നമ്മുടെ പ്രതിബദ്ധത പുനരുജ്ജീവിപ്പിക്കുക

ജനങ്ങളുടെ ജനങ്ങളാല്‍ ഉള്ള സര്‍ക്കാര്‍ എന്നതിനേക്കാള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ എന്നതിനെ ജനം പരിഗണിക്കുന്ന നാളുകള്‍ വരുമെന്ന് ഡോ. അംബേദ്കര്‍ ഒരിക്കല്‍ ഭയപ്പെട്ടിരുന്നു. അതൊരു വലിയ അപകടമായാണ് അദ്ദേഹം കണ്ടത്. ഈ എഴുപതാം വാര്‍ഷികത്തില്‍ ജനങ്ങളുടെ, ജനങ്ങളാല്‍ ഉള്ള സര്‍ക്കാര്‍ എന്നതിനെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ എന്നത് പകരം വെക്കുന്ന കെണിയില്‍ നാം വീഴുന്നില്ല എന് നമ്മള്‍ ഉറപ്പുവരുത്തണം.

ജനാധിപത്യത്തില്‍ നാം അക്ഷമരാകുന്നോ എന്നും ഹ്രസ്വ കാലത്തേക്ക് കുറച്ചു നേട്ടങ്ങളുണ്ടാക്കുന്ന എന്നാല്‍ ദീര്‍ഘകാലത്തേക്ക് നമ്മുടെ രാജ്യത്തെയും നാം കഴിഞ്ഞ 70 വര്‍ഷമായി നേടിയതുമെല്ലാം തകര്‍ക്കുന്ന സമഗ്രാധിപത്യ ബദലുകളിലേക്ക് നാം തിരിയുന്നോ എന്നും നമ്മള്‍ നമ്മോടുതന്നെ ചോദിക്കണം.

ഭരണം വളരെ സങ്കീര്‍ണമാണ്. അത് കുഴഞ്ഞുമറിഞ്ഞതാണ്. അത് മന്ദഗതിയിലുള്ളതാണ്. അതിന്റെ ഗുണഫലങ്ങള്‍ നീണ്ടകാലത്തുള്ളതാണ്. അതിനു വലിയ ക്ഷമ വേണം. എല്ലാത്തിനും ഉപരിയായി പ്രത്യേക ആനുകൂല്യങ്ങളില്ലാത്ത മനുഷ്യര്‍ക്ക് ഭരണത്തില്‍ നിര്‍ണായകമായ ശബ്ദമുള്ള ഒരു സംവിധാനമാണ് ജനാധിപത്യം. ഇത് നഷ്ടപ്പെട്ടാല്‍ ജനാധിപത്യം അര്‍ത്ഥശൂന്യമാകും.

നാമെല്ലാം പങ്കാളിത്തം വഹിക്കണം എന്നതുമാത്രമല്ല ജനാധിപത്യത്തിന്റെ ആവശ്യം, എല്ലാവര്‍ക്കും തുല്യമായ ശബ്ദമുണ്ടെന്ന് നാം ഉറപ്പുവരുത്തുക കൂടി വേണം. ഭാവിതലമുറകള്‍ക്ക് ഉയര്‍ന്ന പരിഗണന നല്‍കുന്ന താത്പര്യം നാം എപ്പോഴും നില്‍നിര്‍ത്തേണ്ടതുമുണ്ട്. ആ ബുദ്ധിയും യുക്തിയും ദീര്‍ഘകാലവീക്ഷണത്തിനുള്ള ശേഷിയുമാണ് നമ്മുടെ ശരിയായ നാഗരികത പൈതൃകം.

അവസാനമായി, സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഒരു രാജ്യമെന്ന നിലയില്‍ നമ്മുടെ ഭാവിയെ കുറിച്ച് തികഞ്ഞ പ്രത്യാശയുള്ള ഒരാളാണ് ഞാന്‍. ‘ഭാവിയെ ദൃഡചിത്തതയോടെയും ആത്മവിശ്വാസത്തോടെയും നോക്കണം’ എന്ന പണ്ഡിറ്റ് നെഹ്റുവിന്റെ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജനാധിപത്യത്തിലേക്കുള്ള നമ്മുടെ യാത്ര തുടരണം. എല്ലാ വ്യത്യസ്തതകള്‍ക്കുമപ്പുറം നമുക്ക് ഒന്നിക്കാം. നമ്മുടെ പിതാമഹന്‍മാര്‍ക്ക് വേണ്ടിയല്ല വരാന്‍ പോകുന്ന പുതിയ തലമുറയ്ക്ക് വേണ്ടി ഈ രാഷ്ട്രത്തെ നിര്‍മ്മിക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.

“എന്നെ ഉപദേശിച്ചത് മറക്കണ്ട; വല്ലപ്പോഴും ഒന്ന് വാ തുറക്കണം”: മന്‍മോഹന്‍ സിംഗ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍