UPDATES

ഓഫ് ബീറ്റ്

നഷ്ടപ്പെടാന്‍ വിലങ്ങുകള്‍, നേടാന്‍ പുതിയ ജീവിതം: ഒരു ജയില്‍ കല്യാണത്തിന്റെ കഥ

ഫേസ്ബുക്കില്‍ പരിചയപ്പെട്ട് ഇരുവരും പ്രണയത്തിലായെങ്കിലും സുദീപ്തിയെ വിവാഹം കഴിക്കാന്‍ റിതേഷ് വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സുദീപ്തി കേസുകൊടുക്കുകയും റിതേഷ് ജയിലിലാവുകയും ചെയ്തു.

വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നാണ് ചൊല്ല്. എന്നാല്‍ അപൂര്‍വ വിവാഹത്തിന് വരന്‍ എത്തിയത് പോലീസ് വാനില്‍ കൈവിലങ്ങ് അണിഞ്ഞാണ്. വധുവാകട്ടെ മാതാപിതാക്കളോടൊപ്പം കാറിലും. അവരുടെ രേഖകള്‍ പരിശോധിച്ച ശേഷം ഇവര്‍ ഭാര്യയും ഭര്‍ത്താവുമാണെന്ന് വിവാഹ രജിസ്ട്രാര്‍ സാക്ഷ്യപ്പെടുത്തി. ജാര്‍ഖണ്ഡിലെ ധനബാദില്‍ വച്ച് ഇന്നലെയാണ് ഈ അപൂര്‍വ വിവാഹം നടന്നത്. ബിഹാറില്‍ നിന്നുള്ള 28 കാനായ എഞ്ചിനീയര്‍ റിതേഷ് കുമാറും 23 കാരിയായ വധു സുദീപ്തി കുമാരിയുമായിരുന്നു ഈ അപൂര്‍വ വിവാഹത്തിലെ മുഖ്യ കഥാപാത്രങ്ങള്‍. ഇവരുടെ പ്രണയം ഫെയ്‌സ്ബുക്കില്‍ മൊട്ടിടുകയും ജയില്‍ വിടര്‍ന്ന് പുഷ്പമാകുകയും ചെയ്യുകയായിരുന്നു. എന്നാല്‍ റിതേഷ് എങ്ങനെയാണ് ജയിലില്‍ എത്തിയന്നറിയുമ്പോഴാണ് സംഭവത്തിന്റെ തമാശ മനസിലാവുക. ഫേസ്ബുക്കില്‍ പരിചയപ്പെട്ട് ഇരുവരും പ്രണയത്തിലായെങ്കിലും സുദീപ്തിയെ വിവാഹം കഴിക്കാന്‍ റിതേഷ് വിസമ്മതിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സുദീപ്തി കേസുകൊടുക്കുകയും റിതേഷ് ജയിലിലാവുകയും ചെയ്തു.

2012ലാണ് ഇരുവരും ഫേസ്ബുക്ക് സുഹൃത്തുക്കളാകുന്നത്. നേരിട്ട് കാണുന്നതിന് മുമ്പ് ഇവര്‍ മണിക്കൂറുകളോളം ചാറ്റ് ചെയ്യാറുണ്ടായിരുന്നു. അങ്ങനെ പതിയെ ഇരുവരും പ്രണയത്തിലായി. സുദീപ്തിയെ കാണാന്നതിനായി ബിഹാറിലെ കഹല്‍ഗാവിലെ ദേശീയ താപനിലയില്‍ ജോലി ചെയ്യുന്ന റിതേഷ് പലപ്പോഴും ധന്‍ബാദിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു. ഇരുവരും ഇതിനിടയില്‍ രഹസ്യമായി ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ നിയമപരമായി വിവാഹം കഴിക്കാനുള്ള സുദീപ്തിയുടെ ആവശ്യം റിതേഷ് തള്ളി. വിവരമറിഞ്ഞാല്‍ തന്റെ മാതാവ് അനിത ദേവി ആത്മഹത്യ ചെയ്യുമെന്നായിരുന്നു റിതേഷ് പറഞ്ഞ ന്യായം. വഞ്ചിതയായ സുദീപ്തി ലൈംഗീക പീഢനത്തിനും പട്ടികജാതി, പട്ടികവര്‍ഗ്ഗ ചട്ടപ്രകാരമുള്ള പീഢനത്തിനും കേസ് നല്‍കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ പോലീസ് റിതേഷിനെ കഹല്‍ഗാവില്‍ നിന്നും അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തു. റിതേഷിന് ജാമ്യം അനുവദിക്കപ്പെടാതിരുന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ജയില്‍വാസം നീണ്ടു. എന്നാല്‍ ഇതിനിടയില്‍ മനസുമാറിയ സുദീപ്തി ഇടയ്ക്കിടെ റിതേഷിനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. ഇതോടെ പ്രണയം വീണ്ടും മൊട്ടിട്ടു. ഒടുവില്‍ സുദീപ്തിയോട് റിതേഷ് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.

ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹം നടന്നത്. റിതേഷ് കോടതിയോട് നടത്തിയ അഭ്യര്‍ത്ഥന അംഗീകരിക്കപ്പെടുകയായിരുന്നു. തുടര്‍ന്ന് കുടുംബങ്ങള്‍ കണ്ടുമുട്ടുകയും വിവാഹ തീയതി നിശ്ചയിക്കുകയും വ്യാഴാഴ്ച അത് നടത്തുകയുമായിരുന്നു. എന്നാല്‍ ജാമ്യം ലഭിക്കാത്തതിനാല്‍ റിതേഷ് ജയിലിലേക്ക് തന്നെ മടങ്ങി. സുദീപ്തി സ്വന്തം വീട്ടിലേക്കും. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 326, 493 വകുപ്പുകള്‍ പ്രകാരമാണ് റിതേഷിനെതിരെ കേസ്. കൂടാതെ പട്ടികജാതി, പട്ടികവര്‍ഗ്ഗ പീഢന നിരോധന ചട്ടവും അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്. അതിനാല്‍ തന്നെ ജാമ്യം കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് റിതേഷിന്റെ അഭിഭാഷകന്‍ അഭയ് ഭട്ട് പറയുന്നത്. തിങ്കളാഴ്ച സുദീപ്തി തന്റെ മൊഴി നല്‍കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് ശേഷമാവും റിതേഷിന്റെ മോചനത്തെ കുറിച്ച് ജഡ്ജി തീരുമാനമെടുക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍