UPDATES

ട്രെന്‍ഡിങ്ങ്

മഴവില്‍ മനോരമയുടെ സ്റ്റിൽ സ്റ്റാൻഡിങ്ങ്: വീഴുമ്പോൾ നിങ്ങൾക്കിനിയും പൊട്ടിച്ചിരി ബാക്കിയുണ്ടോ?

കറുപ്പിനെ കളിയാക്കുന്ന ഒരു സ്കിറ്റിനിടയിൽ കാണികൾക്കിടയിലിരുന്ന ഇരുണ്ട നിറമുള്ള പെൺകുട്ടിയെ സൂം ചെയ്ത് അവളുടെ തല കുനിക്കലിനെ നോക്കി ധൈര്യമായി ചിരിച്ചു ഏഷ്യാനെറ്റിലെ ഒരു ഹാസ്യ പരിപാടി

അപര്‍ണ്ണ

അപര്‍ണ്ണ

ഒരു ഫേസ്ബുക്ക് ചർച്ചയെ തുടർന്നാണ് മഴവിൽ മനോരമയിൽ സ്റ്റിൽ സ്റ്റാൻഡിങ്ങ് എന്ന പരിപാടി ശ്രദ്ധിച്ചത്. ഒരു മാസ്റ്ററും പത്ത് ചലഞ്ചർമാരും അണിനിരക്കുന്ന ഷോയിൽ പൊതുവിജ്ഞാന ചോദ്യങ്ങൾ പരസ്പരം ചോദിക്കുന്നതും വലിയ തുക സമ്മാനവുമൊക്കെയാണ്. ഒറ്റക്കേൾവിയിൽ അതിസാധാരണവും വിജ്ഞാനപ്രദവുമായ ഈ ഷോയുടെ പുതുമയായി പരസ്യങ്ങളിൽ ഹൈലൈറ്റ് ചെയ്യപ്പെട്ടത് കുറെ വീഴ്ചകളാണ്. ഉത്തരം തെറ്റുമ്പോൾ മത്സരാർത്ഥികൾ നിന്ന നിൽപ്പിൽ താഴേക്കു പോകുന്നു. (ടാപ്പ് ഡോർ എക്സിറ്റ് എന്ന ഓമനപ്പേരിട്ട ഈ വീഴ്ചയാണ് ഈ ക്വിസ് ഷോയുടെ പുതുമയും വിപണി മൂല്യവുമെല്ലാം. താഴേക്കു പതിക്കുമ്പോൾ ഉള്ള മത്സരാർത്ഥികളുടെ ഭയവും ആകാംക്ഷയും ദുഃഖവും നിസഹായതയുമെല്ലാം സ്ലോ മോഷനിൽ പലകുറി ആവർത്തിച്ചാണ് ഈ ഷോ കാണികളിലെത്തുന്നത്.

പലതരം ക്രൂരതകളുടെ പലകുറി ആവർത്തനങ്ങളിലൂടെ സാമാന്യവത്കരണത്തിന്റെ ശീലപ്പെടൽ വന്നതു കൊണ്ടുതന്നെ നമ്മിൽ പലർക്കും ഇതിനോടൊരു നിസംഗത കലർന്ന സാധാരണത്വം തോന്നാം. പാടുമ്പോഴും നൃത്തം ചെയ്യുമ്പോഴും ദേഹത്തു കൂടി പുഴുവരിക്കുന്നതും അഴകളവിൽ കുറഞ്ഞു പോയാൽ മിടുക്കിയല്ലാതാവുന്നതും തല്ലി പഴുപ്പിച്ച അടിമകളെ പോലെ കുട്ടികൾ എന്തൊക്കെയോ ചെയ്യുന്നതുമൊക്കെ ലോക, ഇന്ത്യൻ, മലയാളി പ്രേക്ഷകരുടെ നിത്യ ടെലിവിഷൻ കാഴ്ചകളാണ്. ഇടക്കെപ്പോഴൊക്കെയോ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ നിയമത്തിനു മുന്നിലെത്തി. മനുഷ്യാവകാശ, ബാലാവകാശ കമീഷനുകൾ സ്വമേധയാ കേസുകളെടുത്തു. നമ്മൾ സാധാരണ പ്രേക്ഷകരായി, നിസംഗരായി പരിഹസിച്ചു. വലിയ കോർപ്പറേറ്റ് ആനന്ദങ്ങൾക്കു മുന്നിൽ എന്ത് അവകാശം, എന്ത് പ്രതിഷേധം, എന്ത് പരാതി…

ഒരാൾ വീഴുന്നതിൽ എന്താണിത്ര ക്രൂരത, ബുദ്ധിജീവികളായി കുറ്റം കണ്ടെത്തുകയല്ലേ എന്നൊക്കെ ചോദിച്ചാൽ മറ്റുള്ളവരുടെ വേദന കണ്ടുള്ള ആനന്ദം ലോകത്തിലെ തന്നെ ഏറ്റവും ക്രൂരമായ വിനോദമാണ്. അത് വിറ്റു പോലും പരസ്യങ്ങളുണ്ടാക്കാമെന്ന അവസ്ഥയിലേക്ക് എത്തിയത് നമ്മളിലേക്ക് വളരെ ബോധപൂർവം പമ്പു ചെയ്യുന്ന നിസംഗതയിലൂടെയാണ്. ഇഷ്ടമില്ലെങ്കിൽ ചാനൽ മാറ്റിക്കൂടെ എന്നൊക്കെയുള്ള ലളിത യുക്തിയോളം നിഷ്കളങ്കമൊന്നുമല്ല അത്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾക്കപ്പുറമാണ് നിന്ന നിൽപ്പിൽ താഴേക്കു വീഴുന്നവരുടെ നിസഹായതയും കണ്ടു കയ്യടിക്കുന്നവരുടെ സാഡിസവും.

ഇനിയിതൊരു സ്വയം തെരഞ്ഞെടുപ്പല്ലേ എന്നാണ് ചോദ്യമെങ്കിൽ തീർച്ചയായും അതെ. മത്സരാർത്ഥികളെ ആരും നിർബന്ധിച്ച് പിടിച്ചു വലിച്ചു കൊണ്ടു പോകുന്നൊന്നുമില്ല. ആ സ്വയം തെരഞ്ഞെടുപ്പിനു പിന്നിൽ പക്ഷെ വലിയൊരു സാമ്പത്തിക  ശാസ്ത്രമുണ്ട്. നമ്മുടെയൊക്കെ സാധാരണത്വത്തിനു മനസിലാവുന്ന ഒന്ന്. സ്വന്തമായൊരു വീടിന്, കടം വീട്ടാൻ, ലോൺ കുടിശിക അടയ്ക്കാൻ, ചാനലിന്റെ ഫ്ലോറിൽ കയറി നിൽക്കാൻ ഒക്കെയാണ് പി.എസ്.സി  കോച്ചിങ്ങിന്റെയും കുഞ്ഞു സർക്കാർ ജോലിയുടെയുമെല്ലാം കുഞ്ഞാത്മവിശ്വാസത്തിൽ അവരവിടെ വീഴാൻ നിന്നു കൊടുക്കുന്നത്. കണ്ടിട്ടില്ലേ, സമ്പന്നതയുടെ മിനുത്ത പട്ടു കുപ്പായങ്ങളിട്ട ഫ്ലോറുകളെ ഒന്നുകൂടി നിറം പിടിപ്പിക്കാൻ കൊടിയ ദാരിദ്യത്തിന്റെയും അനാഥത്വത്തിന്റെയുമെല്ലാം കഥയുമായി വന്നു പോകുന്നവരെ?

മുഖത്തെ ചായങ്ങളിളകാതെ അവർക്കു വേണ്ടി കരയുന്ന വിധികർത്താക്കളോടും താരങ്ങളോടും നമ്മളെത്രയോ വട്ടം ഐക്യപ്പെട്ടിരിക്കുന്നു. ആ സ്വയം തെരഞ്ഞെടുപ്പ് നിസഹായരായി നമ്മളെ തിരിഞ്ഞു നോക്കുന്നതവിടെയാണ്‌. ഷോയുടെ ഉള്ളുകളികൾ പൂർണമായും സ്ക്രിപ്റ്റഡ് മേക്ക് ബിലീഫ് ആണെന്ന അവകാശവാദത്തിനപ്പുറവും ആ നിസഹായത ബാക്കി നിൽക്കുന്നു. അവര്‍ക്കൊന്നും പരാതിയില്ലല്ലോ, പിന്നെ നിങ്ങൾക്കെന്താ എന്ന് ചോദിച്ചാലും എഴുതി ഒപ്പിട്ട കരാറുകൾക്കപ്പുറം വീഴുമ്പോഴും കൊണ്ടു നടക്കേണ്ട ചിരിക്കപ്പുറം ആ നിസഹായത വിഴുങ്ങുന്നു

വയനാട്ടിൽ നിന്നൊരു മനുഷ്യൻ വന്നിരുന്നു. അധികമൊന്നും മത്സരിക്കാനുള്ള ആത്മവിശ്വാസം ബാക്കിയില്ലാത്ത വണ്ണം മുന്നെ താഴേക്കു വീണവരെ കണ്ട് പകച്ചു നിന്ന ഒരാൾ. യാതൊരു കളങ്കവും പറ്റാത്ത സാധാരണത്വം കൊണ്ടു നടക്കുന്ന മനുഷ്യൻ. ആദ്യ ചോദ്യത്തിനുത്തരം തെറ്റിയപ്പോൾ അയാൾ ചിരിച്ചു കൊണ്ട് സിനിമാ താരം കൂടിയായ അവതാരകനോട് ആരാധനയോടെ പറഞ്ഞു, നാട്ടുകാരോട് ഒരു ഹായ് പറയാൻ. ആ ഹായ്-യുടെ സന്തോഷത്തിൽ വീഴ്ച്ച മറന്ന് നാടൻ പാട്ടു പാടുന്നതിനിടയിൽ അയാളെ താഴേക്കിട്ടു. പാട്ടിന്റെ ഉച്ചസ്ഥായിയിൽ നിറഞ്ഞ ചിരിക്കപ്പുറം അയാളുടെ മുഖത്തെ പകപ്പും ഞെട്ടലും സ്ലോ മോഷനിൽ, ക്ലോസപ്പിൽ. പോകാതേ എന്നാർദ്രമായി പാടുന്നതിനിടയിൽ താഴെ വീണ മറ്റൊരാളെ നോക്കി പോയി എന്നാക്കെയുള്ള  കോമഡി. മുന്നേയുള്ളവർ വീഴുന്നതു കണ്ട് പേടിച്ച് മത്സരിക്കാൻ പോലും പേടിച്ച പൊലീസുകാരി, അയ്യോ വീണാലെങ്ങനെ എന്ന് പേടിച്ച വീട്ടമ്മ, എന്റെ മോൻ വീഴുകേല എന്ന് വല്ലാത്തൊരഭിമാനത്തോടെ പറഞ്ഞ പ്ലസ് ടുക്കാരന്റെ അച്ഛൻ… വീഴുമ്പോൾ നിങ്ങൾക്കിനിയും പൊട്ടിച്ചിരി ബാക്കിയുണ്ടോ….

മിടുക്കി എന്നൊരു റിയാലിറ്റി ഷോ ഉണ്ടായിരുന്നു ഇതേ ചാനലിൽ. നിങ്ങളൊരു  മിടുക്കിയാണോ എന്നൊക്കെയുള്ള ചോദ്യങ്ങളിൽ ആകൃഷ്ടരായ നിരവധി പെൺകുട്ടികളുണ്ടായിരുന്നു. പക്ഷെ മിടുക്കികൾക്ക് പ്രായപരിധിയുണ്ടായിരുന്നു, കാണാൻ സുന്ദരിയാവണമെന്ന നിബന്ധനയുണ്ടായിരുന്നു, വലിയ ഡിസൈനറുടെയും സ്റ്റൈലിസ്റ്റിന്റെയും രൂപപരിണാമ പരീക്ഷണങ്ങളായിരുന്നു അതിജീവനഘട്ടങ്ങൾ. റാഗിങ്ങ് പോലുള്ള ചോദ്യങ്ങളെ നേരിടുമ്പോള്‍ ചിരി മറ്റൊരു മാനദണ്ഡമായി.

കറുപ്പിനെ കളിയാക്കുന്ന ഒരു സ്കിറ്റിനിടയിൽ കാണികൾക്കിടയിലിരുന്ന ഇരുണ്ട നിറമുള്ള പെൺകുട്ടിയെ സൂം ചെയ്ത് അവളുടെ തല കുനിക്കലിനെ നോക്കി ധൈര്യമായി ചിരിച്ചു ഏഷ്യാനെറ്റിലെ ഒരു ഹാസ്യ പരിപാടി. നമ്മളിലാരായിരുന്നെങ്കിലും ആ ക്യാമറ അതുപോലെ സൂം ചെയ്തേനെ. ജീവിതത്തിലൊരിക്കലും  മറക്കാനിടയില്ലാത്ത ആ അപമാനിക്കലിലേക്ക് ധൈര്യമായി ക്യാമറ തിരിഞ്ഞേനെ. അല്ലെങ്കിലും ഇത്തരം വർഗ, വർണ, ലിംഗ അധിക്ഷേപമില്ലാത്ത എത്ര ഹാസ്യപരിപാടികളുണ്ടിവിടെ? അതിന്റെ അതിക്രൂര തുടർച്ചയാണിതും. ഈ തുടർച്ചകൾ കണ്ടു കണ്ട്, ശീലപ്പെടൽ മൗനങ്ങളിലേക്ക് നമ്മൾ ചുരുങ്ങുന്നതെന്തു വേഗമാണ്.

ഈ പരിപാടി നിരോധിക്കുക, ഇത്തരം പരിപാടികളെല്ലാം നിരോധിക്കുക എന്ന മണ്ടൻ, ഭ്രാന്തൻ സ്വപ്നം ഒന്നുമില്ല. പരിപാടിക്ക് ആസ്വാദകരുടെ എണ്ണം കൂട്ടാനും ബുദ്ധിജീവിയെന്നു വിളിച്ചുള്ള പരിഹാസത്തിനുമല്ലാതെ ഈ കുറിപ്പ് ഉപകരിക്കില്ലെന്നും അറിയാം. നിമിഷ വേഗത്തിൽ പടുകുഴിയിൽ വീഴുന്ന മനുഷ്യരെ കണ്ട് നിസംഗയാവാതിരിക്കാൻ പോന്ന മനുഷ്യത്വം ബാക്കിയുണ്ടെന്ന തിരിച്ചറിവ് പങ്കു വെക്കുന്നുവെന്നു മാത്രം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍