UPDATES

നിര്‍മല സീതാരാമനോ വടക്കാഞ്ചേരിയോ മാത്രമല്ല; പോസ്റ്റ്‌ ട്രൂത്ത്‌ കാലത്ത് മാധ്യമങ്ങള്‍ ചെയ്യുന്നത്

ചരിത്രത്തില്‍ അണ കെട്ടുക എളുപ്പമല്ല; അത് ഒഴുകിക്കൊണ്ട് തന്നെയിരിക്കും.

യാഥാസ്ഥിതിക മൂല്യങ്ങൾക്കെതിരെ കാലാകാലങ്ങളായി നടന്നുവരുന്ന സമരത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ നമുക്ക് കാണാവുന്ന കൗതുകകരമായ ഒരു കാര്യം അതിൽ മാധ്യമങ്ങൾ വഹിച്ച പങ്കിൽ വന്നിട്ടുള്ള മാറ്റമാണ്. യുറോപ്യന്‍ നവോത്ഥാനത്തിന്റെ വാഹനം എന്ന് വിശേഷിപ്പിക്കാവുന്ന അച്ചടിയന്ത്രം ഗുട്ടന്‍ബെര്‍ഗ് കണ്ടുപിടിക്കുന്ന  1440-കളോടെ ലോകം മറ്റൊന്നായി മാറുകയായിരുന്നു. പിന്നെയുള്ള കാലത്തെ മുഴുവനായും ‘മാസ് കമ്യുണിക്കേഷ’ന്റെ എന്ന് നിര്‍വചിക്കാന്‍ പോന്നത്ര വ്യാപ്തിയുണ്ടായിരുന്നു ആ ഒരു യന്ത്രത്തിന്!

അറിവിന്റെ, വിവരങ്ങളുടെ വിതരണ ശേഷിയില്‍ വിപ്ലവകരമായ മാറ്റം വന്നതോടെ ആശയങ്ങളുടെ, അക്ഷരങ്ങളുടെ പ്രഹര ശേഷിയില്‍ വന്ന മാറ്റം ഒരുപക്ഷെ ഇന്നു നമുക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. വാളിനേക്കാള്‍, വെടിമരുന്നിനേക്കാള്‍ അധികാരം അക്ഷരങ്ങളെ ഭയന്ന കാലം. അതിന്റെ അലകള്‍ ഇങ്ങ് പൌരസ്ത്യ ദേശങ്ങളിലേക്ക് എത്തുവാനും വലിയ താമസമുണ്ടായില്ല.

ഈ കൊച്ചുകേരളത്തില്‍ പോലും പത്രങ്ങളും വാരികകളും മാസികകളും ലഘുലേഖകളും  ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾ നമ്മുടെ സാംസ്കാരികനവോത്ഥാനത്തിന്റെ ജിഹ്വകളായി വർത്തിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു. അന്നാവട്ടെ അത്തരം പ്രസിദ്ധീകരണങ്ങളുടെ കോപ്പികളും അച്ചുകൂടവും ഉൾപ്പെടെ ഭരണകൂടം കണ്ടുകെട്ടുന്നതും പത്രാധിപരും പ്രസാധകരും തടവിലാക്കപ്പെടുന്നതും ഒരു പതിവ് കാഴ്ചയും.

ദുരന്തങ്ങൾ ഉണ്ടാവുമ്പോള്‍ മാധ്യമങ്ങള്‍ ഓഫീസിൽ ലഡു വിതരണം നടത്തുന്നുണ്ടാവുമോ?

മലയാളമാധ്യമലോകത്തെ  കണ്ടുകെട്ടൽ ചരിത്രം 

കേരള പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം 1847-ല്‍ തലശ്ശേരിയില്‍ നിന്നും ആരംഭിച്ച ‘രാജ്യസമാചാര’ത്തില്‍ നിന്നാണ് എന്ന് നിരീക്ഷിക്കുന്നവര്‍ ഉണ്ട്. അത് ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് ‘പശ്ചിമോദയ’വും തുടങ്ങി. ആദ്യത്തേത് മതപരമായ വിഷയങ്ങളില്‍ ആയിരുന്നു ഊന്നിയതെങ്കില്‍ രണ്ടാമത്തേതില്‍ ശാസ്ത്ര വിഷയങ്ങളില്‍ ഉള്ള ലേഖനങ്ങള്‍ക്കും ഇടം നല്‍കിയിരുന്നു. അടുത്ത വര്‍ഷം തന്നെ ആര്‍ച്ച് ഡീകണ്‍ കോശി, റെവ. ജോര്‍ജ്ജ് മാത്തന്‍ തുടങ്ങിയവരുടെ കാര്‍മ്മികത്വത്തില്‍ മധ്യതിരുവിതാംകൂറില്‍ നിന്ന് ‘ജ്ഞാനനിക്ഷേപം’ ഇറങ്ങിത്തുടങ്ങി. അതായത് കേരളത്തിലെ അക്ഷരങ്ങളുടെ, ജേര്‍ണലിസത്തിന്റെ ചരിത്രം  മിഷനറി പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തിയല്ലാതെ പറയുക പ്രയാസമാകും. പക്ഷെ അവര്‍ ഒരിക്കലും നിലനില്‍ക്കുന്ന അധികാരവും നാട്ടാചാരങ്ങളുമായി കൊമ്പുകോര്‍ക്കാന്‍ അക്ഷരങ്ങളെയോ, അച്ചടിയന്ത്രത്തെയോ ഉപയോഗിച്ചിരുന്നില്ല.

എന്നാല്‍, വക്കം മൗലവി 1905ൽ തുടങ്ങിയ ‘സ്വദേശാഭിമാനി’ പത്രം തൊട്ട് മലയാള മനോരമ,  മാതൃഭൂമി തുടങ്ങിയ നമ്മുടെ പത്രരംഗത്തെ ഇന്നത്തെ പ്രമുഖർ വരെ മലയാള അച്ചടിമാധ്യമം കടന്നുവന്ന നിരോധനങ്ങളുടെയും കണ്ടുകെട്ടലുകലുടെയും നാടുകടത്തലുകളുടെയും ചരിത്രത്തിന് ഏറിയും കുറഞ്ഞും ഇരകളായിട്ടുള്ളവയാണ്. ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് വിദേശാധിപത്യത്തിനെതിരേ യുദ്ധം ചെയ്ത രാമകൃഷ്ണപിള്ള, സ്വദേശാഭിമാനി പത്രത്തിന്റെ സാരത്ഥ്യം ഏറ്റെടുക്കുന്നത് 1906-ലാണ്. തുടർന്ന് അദ്ദേഹം ‘സ്വദേശാഭിമാനി’ രാമകൃഷ്ണപിള്ളയായി അറിയപ്പെട്ടു എന്നത് ചരിത്രം. എന്നാൽ കേവലം നാല് വർഷങ്ങൾക്കുള്ളിൽ ബ്രിട്ടീഷ് ഭരണകൂടത്താൽ കണ്ടുകെട്ടപ്പെടാനായിരുന്നു സ്വദേശാഭിമാനിയുടെ വിധി. പത്രാധിപരായിരുന്ന രാമകൃഷ്ണപിള്ള നാടുകടത്തപ്പെടുകയും ചെയ്തു.

‘ചാരവനിത അറസ്റ്റില്‍’, ‘കിടപ്പറയിലെ ട്യൂണ’; തന്നെ കുരുക്കിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകരെ കുറിച്ച് നമ്പി നാരായണന്‍

ദിവാന്റെയും ഭരണകൂടത്തിന്റെയും ഏകാധിപത്യപ്രവണതകൾക്കെതിരേ തിരുവിതാംകൂർ കേന്ദ്രമാക്കി നിരന്തരം എഴുതിയിരുന്ന കേസരി ബാലകൃഷ്ണപിള്ള ജീവിച്ചിരുന്നതും എഴുതിയതും അതേ നൂറ്റാണ്ടിൽ തന്നെ. ‘സമദർശിനി’യുടെ പത്രാധിപരായിരുന്ന അദ്ദേഹം പിന്നീട് ‘പ്രബോധകൻ’ എന്ന പേരിൽ സ്വന്തമായി ഒരു പ്രസിദ്ധീകരണം തുടങ്ങി. അത് അധികാരികളാൽ നിരോധിക്കപ്പെട്ടുവെങ്കിലും ബാലകൃഷ്ണപിള്ള പരാജയം സമ്മതിക്കാൻ ഒരുക്കമായിരുന്നില്ല. അദ്ദേഹം ‘കേസരി’ എന്ന പേരിൽ മറ്റൊരു പ്രസിദ്ധീകരണം തുടങ്ങി അതിലൂടെ തന്റെ സമരം തുടർന്നു. ഒടുവിൽ അതും നിരോധിക്കപ്പെട്ടു.

കേരളം സാക്ഷരവത്ക്കരിക്കപ്പെടുന്ന പ്രക്രിയയുടെ തുടക്കത്തിൽ 1890-കളിൽ പ്രസിദ്ധീകരണം ആരംഭിച്ച മലയാള മനോരമ; ജാതി വ്യവസ്ഥ, അന്ധവിശ്വാസങ്ങൾ, സാമൂഹിക അസമത്വങ്ങൾ തുടങ്ങിയവയ്ക്കെതിരേ ദളിതരുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പുരോഗമന ആശയങ്ങളുടെ ഭാഗത്ത് നിലയുറപ്പിച്ചുകൊണ്ടാണ് പ്രവർത്തനം തുടങ്ങിയത് എന്നത് ഇന്നത്തെ അതിന്റെ പുതുതലമുറ വായനക്കാർക്ക് അവിശ്വസനീയമായി തോന്നാം. എന്നാൽ അതിന്റെ ആദ്യ എഡിറ്റോറിയൽ പുലയരുടെ വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള ആഹ്വാനമായിരുന്നു എന്നത് ഒരു ചരിത്രവസ്തുതയാണ്. മനോരമയും 1938-ൽ കണ്ടുകെട്ടപ്പെട്ടു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ കേരളത്തിൽ  പ്രവർത്തനം വ്യാപകമാക്കിയ കമ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ ആശയപ്രചരണത്തിനായി, അച്ചുകൂടം എന്ന അറിവ് മൂലധനമാക്കിയ സാംസ്കാരിക ഉപകരണത്തിന്റെ പ്രയോഗസാധ്യതകളെ വലിയ അളവിൽ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ അത്തരം പ്രസിദ്ധീകരണങ്ങള്‍ അടച്ചു സീൽവയ്ക്കലും കോപ്പികളുടെ കണ്ടുകെട്ടലും പേരെടുത്ത് പരാമർശിക്കാനാവാത്ത വണ്ണം വ്യാപകവും. അറുപതുകളിൽ തുടങ്ങുന്ന നക്സൽ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും അച്ചുകൂടവും അതിന്റെ കണ്ടുകെട്ടലും ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്.

മനോരമയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ദുരന്ത റിപ്പോര്‍ട്ടിംഗ് എന്ന ദുരന്തം

സ്വാതന്ത്ര്യാനന്തര പത്രപ്രവർത്തനം 

സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ അച്ചടി മാധ്യമങ്ങൾ ക്രമേണെ മറ്റൊരു ഭരണകൂട ഉപകരണമായി മാറുന്ന കാഴ്ചയാണ് പിന്നീട് നാം കണ്ടത്. 1938-ൽ കണ്ടുകെട്ടപ്പെട്ട മനോരമ പിന്നെ തിരിച്ചെത്തുന്നത് 1947-ലാണ്.

ഇന്ന് ഏറ്റവും അധികം വരിക്കാർ ഉണ്ടെന്ന് അവകാശപ്പെടുന്ന മനോരമയുടെ പിന്നിടുള്ള പത്രപ്രവർത്തനവും, അടിയന്തിരാവസ്ഥയുൾപ്പെടെയുള്ള ജനാധിപത്യത്തിന്റെ ദുരവസ്ഥകളിൽ അതെടുത്ത നിലപാടുകളും അച്ചടി മാധ്യമങ്ങളുടെ നിലപാട് തറയിൽ വന്ന മാറ്റങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളെ സംബന്ധിച്ചിടത്തോളം സാമാന്യവത്ക്കരിക്കാവുന്നത്ര പ്രകടമായ ഒരു തെളിവാണ്.

ജ്ഞാനോദയ കാലം, ആധുനിക കാലം എന്നിങ്ങനെ അറിയപ്പെടുന്ന ആ ദീര്‍ഘമായ കാലഘട്ടത്തില്‍ അറിവും അക്ഷരങ്ങളും അധികാരത്തിനുമേല്‍ സ്ഥാപിച്ച നിഷേധത്തിന്റെ മേല്‍ക്കോയ്മ ക്രമേണെ വഴങ്ങാന്‍ തുടങ്ങുന്നതാണ് നാം പിന്നീടുകണ്ടത്. ആഗോള വിപണിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് അനുസരിച്ച് ചലിക്കുന്ന ഒരു വിപണിയായി അറിവും അക്ഷരവും മെരുക്കപ്പെടുന്ന കാലം. അതിന്റെ പരിശീലകര്‍ ആയിരുന്നു ഉത്തരാധുനികതയുടെ അക്കാദമിക്ക് ബുദ്ധിജീവികള്‍. അവര്‍ എല്ലാ തുറയിലും എന്നപോലെ പ്രസ്സിലും തങ്ങളുടെ അപ്രമാദിത്വം സ്ഥാപിക്കുന്നതും നമ്മള്‍ കണ്ടു.

‘കേരളത്തെ കണ്ടു പഠിക്കൂ’; കുഴിത്തുറക്കാര്‍ പറയുന്നതെങ്കിലും മനോരമയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാമായിരുന്നു

വിവര സാങ്കേതിക വിദ്യയിലെ കുതിച്ചുകയറ്റങ്ങള്‍ മാധ്യമ രൂപത്തെ, ഘടനയെ അടിമുടി ഉടച്ച് വാര്‍ക്കുന്നതും നമ്മള്‍ പിന്നീട് കണ്ടു. ചായക്കടയില്‍ ഇരുന്ന് പത്രം വായിച്ച് കേള്‍ക്കുന്ന നിരക്ഷരനും, പത്രം വായിക്കാനായി സ്ഥിരമായി വായനശാലകളെ ആശ്രയിക്കുന്ന സാക്ഷരനും ഒന്നും ഇന്നില്ല. ഇന്ന് മിക്കവാറും വീടുകളില്‍ പത്രമല്ല, പത്രങ്ങള്‍ വരുത്തുന്നുണ്ട്. എന്നാല്‍ അത് പല വീടുകളിലും കുടുംബ ബജറ്റില്‍ ‘നെഗ്ലിജിബിള്‍’ എന്ന് അടയാളപ്പെടുത്താവുന്ന ഒരു ചിലവായതുകൊണ്ട് മാത്രം തുടരുന്ന ഒരു ചടങ്ങ് മാത്രമായിരിക്കുന്നു എന്നതും വസ്തുതയാണ്. ഇന്ന് മലയാളി, വാര്‍ത്തകള്‍ അറിയാന്‍ ആശ്രയിക്കുന്നത് പത്രങ്ങളെയല്ല; ടെലിവിഷനെ പോലുമല്ല, വാര്‍ത്താ ചാനലുകളിലെ സ്ക്രോളിനെയാണ്. അതായത് മാധ്യമരംഗം രൂപത്തിലും ഘടനയിലും അടിമുടി മാറി. പക്ഷെ സത്ത മാത്രം മാറ്റമില്ലാതെ തുടര്‍ന്നു എന്ന് മാത്രം.

മാറ്റമെന്ന് വിളിക്കാനാവാത്ത മാറലുകള്‍

പണ്ട്, പത്രമുത്തശ്ശിമാരുടെ യൌവ്വന കാലത്ത് പത്രറിപ്പോര്‍ട്ടര്‍മാര്‍ക്ക് എതിരേ രാഷ്ട്രീയക്കാരില്‍ നിന്നും പലവട്ടം ഉയര്‍ന്നു കേട്ടിട്ടുള്ള ഒരു പ്രതിരോധമാണ് “അവര്‍ എന്റെ വാക്കുകളെ വളച്ച് ഓടിക്കുകയായിരുന്നു” എന്നത്. പിന്നീട് അത് ജീര്‍ണിച്ച രാഷ്ട്രീയ പ്രവര്‍ത്തത്തെ സൂചിപ്പിക്കുന്ന ഒരു സ്റ്റീരിയോ ടൈപ്പ് ആയി മാറി. മേല്‍പ്പറഞ്ഞ വാചകം ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരന്‍ ഉച്ചരിക്കുന്നത് തന്നെ പത്ര റിപ്പോര്‍ട്ട് വാസ്തവമാണ് എന്നതിന്റെ തെളിവായി ജനം കാണുന്ന അവസ്ഥയായി. എന്നാല്‍ അതിനര്‍ത്ഥം പത്രങ്ങള്‍ അങ്ങനെ ഒരു പരിപാടിയേ ചെയ്തിട്ടില്ല എന്നാണോ?

അല്ല എന്ന് വ്യക്തം. അവര്‍ വാര്‍ത്ത ഉണ്ടാക്കിയിട്ടുണ്ട്. ഉള്ളതിനെ തങ്ങളുടെ പക്ഷത്തിനും അജണ്ടയ്ക്കും അനുസരിച്ച് വളച്ചിട്ട്‌ മാത്രമല്ല, ഒടിച്ചിട്ടുവരെയുണ്ട്. വെള്ളം ചേര്‍ത്തിട്ടുണ്ട്. പാടേ താമസ്കരിച്ചിട്ടും ഉണ്ട്. ഇതൊക്കെ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്, തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. ഇതൊക്കെ ഉള്ളപ്പോഴും പക്ഷെ, പൊതുസമൂഹത്തില്‍ ഇവരുടെ ആധികാരികത വലുതായൊന്നും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.

ദുരന്തത്തിന്റെ ആറാം ദിവസം വന്ന പ്രധാനമന്ത്രിയുടെ ആദ്യ ഒഖി ട്വീറ്റ്; പേടിപ്പിക്കുന്നത് തെരഞ്ഞെടുപ്പോ?

പിന്നിട് റേഡിയോ. അതും കഴിഞ്ഞ് ടെലിവിഷന്‍ ഒക്കെ വന്നു. എന്റര്‍ടെയ്മെന്റിനൊപ്പം ഒരു ഐറ്റം എന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് അഭിമുഖമായി ഇരുന്ന് അവതാരകന്‍/ക വാര്‍ത്ത വായിക്കുന്ന കാലം. അതും കഴിഞ്ഞ് ഇപ്പോള്‍ മുഴുവന്‍ സമയ വാര്‍ത്താ ചാനലുകളുടെ കാലമായി.

ലഭ്യമായ ശബ്ദലേഖന ഉപകരണങ്ങളും ഷോര്‍ട്ട് ഹാന്‍ഡും ഓര്‍മ്മയുമൊക്കെ അവലംബിച്ച് റിപ്പോര്‍ട്ടര്‍മാര്‍ വാര്‍ത്ത എഴുതി ഉണ്ടാക്കുന്ന കാലത്തില്‍ നിന്നും ഓ ബി വാനുകളും ക്യാമറയും തത്സമയ സംപ്രേക്ഷണങ്ങളുമായി വലിയൊരു മാറ്റം. അതിനെ പലപ്പോഴും വിശേഷിച്ചു കേട്ടിട്ടുള്ളത് “ആര്‍ക്കും എന്റെ വാക്കുകള്‍ വളച്ചൊടിച്ചു” എന്ന തൊടുന്യായം പറയാനാവാത്ത കാലം എന്നാണ്. അതായത്, ലൈവ് ടെലികാസ്റ്റ് വന്നതോടെ കള്ളന്മാരായ രാഷ്ട്രീയക്കാര്‍ക്ക് സത്യം മാത്രം പറയുന്ന മാധ്യമങ്ങളുടെ സദാ ജാഗ്രത്തായ ക്യാമറാ കണ്ണുകളില്‍നിന്നും മുട്ടാപ്പോക്ക് പറഞ്ഞ് ഒളിച്ചോടാന്‍ പറ്റാതായി എന്ന്.

വാര്‍ത്താ മുറിയിലെ അംബാനി എന്ന അപകടം

ഇതോ സത്യകാലം?

സത്യമാണ്. പറഞ്ഞത് പറഞ്ഞത് തന്നെയാണ്. അത് തത്സമയം ലോകം കാണുകയാണ്. ഫോര്‍ത്ത് എസ്റ്റേറ്റിന്റെ സത്യം ഒടുവില്‍ ചോദ്യം ചെയ്യാന്‍ പഴുതില്ലാത്തവണ്ണം ആധികാരികായി അംഗീകരിക്കപ്പെടുകയാണ്. ഭാഷാ സ്വാധീനമുണ്ട്‌ എങ്കില്‍ വാഴ്ത്തുകള്‍ ഇത്തരം എത്ര വേണമെങ്കിലും ചമയ്ക്കാം. പക്ഷെ സത്യമതാണോ? തുറന്നുപിടിച്ച ക്യാമറ കണ്ണുകളിലൂടെ നാം സത്യം കണ്ടുകൊണ്ടിരിക്കുന്നു അഥവാ സത്യം നമ്മിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്നാണ് വയ്പ്പ്. എന്നാല്‍ സത്യമോ?

ക്യാമറ എന്നത് ലോകത്തിന് നേരെ പിടിച്ച ഒരു മൂന്നാം കണ്ണൊന്നുമല്ല. അത് ഒരു കാഴ്ചയാണ്. നാം കാണുന്നത് കാഴ്ചയുടെ കാഴ്ചയും. അതായത് ക്യാമറ അത് പിടിക്കുന്നവര്‍ക്ക് ആവശ്യമുള്ളതേ കാണൂ. ആവശ്യമുള്ളത്ര നേരമേ കാണൂ. അങ്ങനെ അവര്‍ തിരഞ്ഞെടുത്ത ‘സത്യ’ങ്ങളെയേ ആ ക്യാമറ കണ്ണ് നമ്മളെ കാണിക്കൂ.

അമിത് ഷായുടെ മകനെതിരായ ആരോപണം മുക്കി; മുട്ടിലിഴയുന്ന ഇന്ത്യന്‍ മാധ്യമങ്ങളെക്കുറിച്ച് അല്‍ ജസീറ

ആ തിരഞ്ഞെടുപ്പിന്‍റെ പരിപ്രേക്ഷ്യം നിശ്ചയിക്കുന്നത് പല ഘടകങ്ങള്‍ ആവാം. അതില്‍ വയറ്റിപ്പിഴപ്പ് മുതല്‍ രാഷ്ട്രീയ, സാംസ്കാരിക ബോധ്യം വരെ ഉണ്ടാകാം. എന്തായാലും അത് കാണുന്നതിനെ അതുപോലെ, നിര്‍വികാരവും നിഷ്പക്ഷവുമായി കാഴ്ചക്കാരനില്‍ എത്തിക്കുന്ന പരിപാടിയേ അല്ല. എന്നുവച്ചാല്‍ നമ്മുടെ കാഴ്ച എന്നത് തിരഞ്ഞെടുപ്പുകളിലൂടെ നമുക്ക് ബാഹ്യമായ ഒരു ഏജന്‍സി നിയന്ത്രിക്കുന്നതാണ് എന്ന്. അതിനെ ആധാരമാക്കി രൂപപ്പെടുന്ന ഒന്നാണ് നമ്മുടെ പൊതുബോധം എങ്കില്‍ അത് നമ്മുടെ ബോധമല്ല, നമ്മളില്‍ നമ്മള്‍ അറിയാതെ തിരുകപ്പെട്ട ബോധമാണ്.

സത്യാനന്തരകാല മാധ്യമ പ്രവര്‍ത്തനം

നമ്മളുടെത് ഒരു ‘പോസ്റ്റ്‌ ട്രൂത്ത്’ കാലമാണെന്ന നിരീക്ഷണം വെറും ഒരു റെട്ടറിക്ക് അല്ല. അത് നമുക്കായി മറ്റാരെങ്കിലും നിര്‍മ്മിച്ച് തന്നത് പോലുമല്ല; നമ്മള്‍ അതിലേക്ക് പരുവപ്പെടുത്തപ്പെടുകയായിരുന്നു. സത്യത്തെ നമ്മള്‍ ‘ഹിതകരം’, ‘അഹിതം’ എന്ന് തിരിക്കുകയും അഹിത സത്യങ്ങളുടെ തമസ്കരണത്തിനും ഹിതകരമായ സത്യങ്ങളുടെ പ്രചാരണത്തിനും സന്നദ്ധ സേവനം നടത്തുകയും ചെയ്യുന്നു. വടക്കാഞ്ചേരി, മോഹനന്‍ വൈദ്യര്‍ ആദികള്‍ തൊട്ട് ആള്‍ ദൈവങ്ങള്‍ വരെ പോസ്റ്റ്‌ ട്രൂത്ത് കാലത്തിന്റെ ഐക്കണുകള്‍ ആവുന്നത് അവരിലുടെയല്ല, നമ്മളിലൂടെയാണ്.

ഇക്കണക്കിന് പോയാല്‍ ബെഡ്‌റൂമില്‍ ക്യാമറ വച്ച് ഒരാളുടെ സ്വയംഭോഗം ചിത്രീകരിക്കാനും മടിക്കില്ല: ശശികുമാര്‍

സത്യം വസ്തുതയില്‍ നിന്ന് അടര്‍ത്തി മാറ്റപ്പെടുന്നു. അത് ‘ഹിത’ങ്ങളിലേക്ക് പുന:പ്രതിഷ്ഠിക്കപ്പെടുന്നു. എല്ലാ അറിവും ആഖ്യാനമാണെന്ന് സിദ്ധാന്തിച്ച ഉത്തരാധുനികതയും, സത്യം വസ്തുതയ്ക്കും വിശ്വാസത്തിനും മിത്തിനും യാഥാര്‍ഥ്യത്തിനും ബോധ്യത്തിനും ആഗ്രഹത്തിനും ഇടയില്‍ ദോലനം ചെയ്യുന്ന ഒന്നാണെന്ന് സിദ്ധാന്തിച്ച മെറ്റാ മോഡണിസവും ഇതിന് അക്കാദമിക്ക് സാധൂകരണ യുക്തികളുടെ ഒരു പ്രളയം തന്നെ തീര്‍ക്കുന്നു. ആഖ്യാനത്തിന്റെ യുക്തിക്ക് പുറത്ത് നിന്നുകൊണ്ട് വിമര്‍ശനം സാധ്യമല്ല എന്നാണ് തിയറി. അതായത് കഥയില്‍ ചോദ്യമില്ല എന്ന്. ഇങ്ങനെ നിര്‍മ്മിക്കപ്പെട്ട ഒരു പൊതുബോധത്തിലാണ് മാധ്യമ വ്യവസായം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്.

വാര്‍ത്തകള്‍ പോയിട്ട്, വിവരം (ഇന്‍ഫോര്‍മേഷന്‍) പോലും ഇന്ന് സ്വതന്ത്രമായോ വസ്തുനിഷ്ടമായോ അല്ല നിലനില്‍ക്കുന്നത്. ഇതിന്റെ ഏറ്റവും സമീപകാല ദൃഷ്ടാന്തമായിരുന്നു ഒഖി ദുരന്തത്തിന്റെ സംപ്രേക്ഷണം; അതില്‍ തന്നെ കേന്ദ്രമന്ത്രി നിര്‍മ്മല സേതുരാമന്റെ പ്രസംഗം. അതില്‍ നിന്ന് കണ്ടെടുത്ത തമിഴ് വായ്മൊഴിയുടെ ഹൃദയദ്രവീകരണ ക്ഷമത.

ശരാശരി മലയാളി വാര്‍ത്തയറിയാന്‍ ഇന്ന് വ്യാപകമായി അവലംബിക്കുന്ന മാധ്യമമാണ് വാര്‍ത്താ ചാനലുകള്‍. അതിലെ തന്നെ സ്ക്രോളുകള്‍ ഇതില്‍ ഒരു വലിയ പങ്ക് വഹിക്കുന്നു. വിശദമായ അന്തിച്ചര്‍ച്ചകള്‍ കേട്ട് വിഷയത്തില്‍ അഭിപ്രായം രൂപീകരിക്കുന്ന ആളുകള്‍ കുറവാണ്. അതില്‍ തന്നെ രണ്ടും മുന്നും വാദങ്ങളും അവയില്‍ ഓരോന്നിലും ഉള്ള താല്പര്യം കിഴിച്ച് വസ്തുതയില്‍ എത്തിച്ചേരാന്‍ തക്ക കഴിവും സമയവും ഉള്ളവര്‍ കുറവ്. അതുകൊണ്ടാണ് ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ വൈദഗ്ദ്ധ്യമുള്ള ഡോ. അഭിലാഷ് ദുരന്തം പ്രവചിക്കുന്നതില്‍ ഉണ്ടായിരുന്ന പരിമിതികളെയും പരാധീനതകളെയും കുറിച്ച് സംസാരിക്കുമ്പോള്‍ തന്നെ സ്ക്രീനില്‍ താഴേക്കൂടി സ്ക്രോളുകള്‍ അതിന് കടകവിരുദ്ധമായി ഒഴുകിക്കൊണ്ടിരുന്നത്.

ചരിത്രത്തിന്റെ നിര്‍ദ്ധാരണ ക്ഷമത

സാധാരണ മുതലാളിത്തത്തെ കുറിച്ച് കേട്ടുപോരുന്ന ഒന്നാണ് അതിന്‍റെ സ്വയം നിര്‍ദ്ധാരണക്ഷമത. പക്ഷേ, അത് ഏറ്റവും കുടുതല്‍ പ്രകടമാകുന്നത് ചരിത്രത്തിലാണ്, അതിലെ ഏതെങ്കിലും ഒരു മേല്‍ക്കോയ്മാ ഘട്ടത്തില്‍ അല്ല. ആധുനികതയെ കൊളോണിയലിസത്തിന്റെ, പാശ്ചാത്യ ജ്ഞാനാധിപത്യത്തിന്റെ കാലമായി എണ്ണി വിമര്‍ശിക്കുന്നവര്‍ കാണാതെ പോകുന്നതോ, മന:പൂര്‍വ്വം കണ്ണടയ്ക്കുന്നതോ ആയ ഒരു വസ്തുത ആ കാലഘട്ടത്തില്‍ തന്നെയാണ് മാനവികതാ പ്രസ്ഥാനങ്ങളും അധികാരത്തിന്‍റെ ആത്യന്തികമായ കൊഴിഞ്ഞുപോക്ക് വിഭാവനം ചെയ്ത കമ്യൂണിസവും ഒക്കെ ഉണ്ടായത് എന്നതാണ്.

പ്രശ്നം കാലം പിറകോട്ട് സഞ്ചരിക്കുന്നതല്ല. ആ രാസസഞ്ചാരത്തില്‍ ത്വരകമായി പ്രവര്‍ത്തിക്കേണ്ട മനുഷ്യന്‍ പിന്നോക്കം നടത്തപ്പെടുന്നതാണ്. അതുകൊണ്ടാണ് ശാസ്ത്രം പ്രതിരോധ കുത്തിവയ്പ്പുകള്‍ വഴി ഒരു പരിധിവരെ നിര്‍മ്മാര്‍ജ്ജനം ചെയ്ത വ്യാധികള്‍ വരെ ഇപ്പോള്‍ മനുഷ്യന്റെ തിരസ്കാരത്തിലുടെ തിരികെ വരുന്നത്. ഈ പ്രക്രിയയിലും മാധ്യമങ്ങള്‍ പങ്ക് വഹിച്ചിട്ടുണ്ട്. കാരണം എല്ലാം ആഖ്യാനങ്ങള്‍ ആവുന്ന കാലത്ത് അവര്‍ നിങ്ങളുടെ ഇഷ്ട ആഖ്യാനങ്ങളെ അക്ഷരങ്ങള്‍ കൊണ്ട് ആധികാരികമാക്കി നിങ്ങള്‍ക്ക് തന്നെ വില്‍ക്കുന്നു.

ഹണി ട്രാപ്പും മാധ്യമ വിലക്കും തരുന്ന സൂചനകള്‍; പിണറായിക്കും മാധ്യമങ്ങള്‍ക്കും

സംഗ്രഹം

സത്യങ്ങളെ, വസ്തുതകളെ  ‘ഹിത’വും ‘അഹിത’വുമായി ചുരുക്കി അവയില്‍ നിന്ന് നാം തിരഞ്ഞെടുപ്പ് നടത്തുന്ന കാലത്ത് വിപണി നമുക്ക് വില്‍ക്കുന്നത് വസ്തുതകള്‍ ആവില്ല, നമുക്ക് ഹിതകരമായവ മാത്രമായിരിക്കും. വാര്‍ത്ത ഒരു വിപണിയായി കഴിഞ്ഞ സ്ഥിതിക്ക് അതും അങ്ങനെ ആയിരിക്കും.

ഒഖി ദുരന്തത്തിന്‍റെ ദുരിതാശ്വാസ പാക്കേജുമായി ബന്ധപ്പെട്ട് കേട്ട ഒരു വാദം പറയട്ടെ; ഡ്രെയിനേജ് ഹോളില്‍ വീണുമരിച്ച ആളിന് പോലും പത്തുലക്ഷം കൊടുത്തെങ്കില്‍ ഞങ്ങള്‍ക്ക് ഇരുപത് ലക്ഷം പോര എന്നതാണത്. ആ വിവാദം നമുക്ക് ഓര്‍മ്മയുണ്ടാവുമല്ലോ. അത് ആ ചര്‍ച്ചയില്‍ പങ്കെടുത്ത വ്യക്തിയെ (മത്സ്യ തൊഴിലാളി സമൂഹത്തെ ഒട്ടാകെ അല്ല, അയാളെ പ്രതിനിധി ആക്കുന്ന അതിലെ ആന്തരിക സമൂഹത്തെ), അയാളുടെ രാഷ്ട്രീയത്തെ നിര്‍വചിക്കുന്നില്ലേ?

പോക്കാന്തവളകളായി മാറുന്ന മാധ്യമക്കൂട്ടം

ചുരുക്കിപ്പറഞ്ഞാല്‍ മാധ്യമ തത്സമയ സംപ്രേക്ഷണങ്ങളുടെ, അന്തിച്ചര്‍ച്ചകളുടെ കാലം സത്യത്തെ മുടിവയ്ക്കാനാവാത്തവണ്ണം തുറന്നിടുകയല്ല, ഒരിക്കലും കുഴിച്ചെടുക്കാന്‍ ആവാത്ത വണ്ണം അതിനെ പൊതുബോധത്തില്‍ സംസ്കരിക്കുകയാണ്. ഇതിന് എന്തെങ്കിലും ഒരു വെല്ലുവിളി ഉയരുന്നത് സൈബര്‍ മീഡിയയില്‍ നിന്നാണ്‌. ഇത് മുമ്പ് സൂചിപ്പിച്ച ചരിത്രത്തിന്റെ സ്വയം നിര്‍ദ്ധാരണ ശേഷിയുടെ ഭാഗമാണെന്ന് തോന്നുന്നു.

ഇന്ന് നാം വിവര സാങ്കേതിക വിപ്ലവം എന്ന് വിളിക്കുന്ന സംഗതി പണ്ട് ഒരു കല്ലച്ചില്‍ തുടങ്ങിയതാണ്‌. പക്ഷെ പ്രസ്സില്‍ തുടങ്ങിയ ജേര്‍ണലിസം നിരവധി രാഷ്ട്രീയ, സാംസ്കാരിക പരിണാമങ്ങള്‍ക്ക് വിധേയമായി രൂപവും ഘടനയും സത്തയും മാറി സ്വന്തം വ്യുല്പത്തിക്ക് വിരുദ്ധമായ മറ്റൊരിടത്ത് ചെന്ന് നില്‍ക്കുമ്പോള്‍ ഇതേ വിപ്ലവത്തിന്റെ തുടര്‍ച്ചയായി വികസിച്ച മറ്റൊരു മാധ്യമ സാധ്യത അതിന് പരിചയാകുന്നു. ഇതാണ് കാലത്തിന്റെ ഗതികോര്‍ജ്ജം മുന്നോട്ട് തന്നെ കേന്ദ്രീകരിക്കുന്ന ചരിത്രത്തിന്റെ ആന്തരിക നിര്‍ദ്ധാരണ ക്ഷമത.

ദിലീപ് കേസിലെ മാധ്യമങ്ങളുടെ ധാര്‍മിക വിചാരണയും സമാന്തര കോടതികളും

പതിനഞ്ചാം നൂറ്റാണ്ടില്‍ കണ്ടുപിടിക്കപ്പെട്ട അച്ചടിയന്ത്രം മുതല്‍ ഈ 2017 വരെയുള്ള കാലത്തില്‍ ആ നിര്‍ദ്ധാരണക്ഷമതയുടെ കയ്യൊപ്പുണ്ട്. അതാണ്‌  ചരിത്രത്തിന്റെ സ്വയംനിര്‍ദ്ധാരണ ശേഷിയുടെ ഗതികോര്‍ജം. അത് ചരിത്രപരമായ അറിവുകളുടെ മാധ്യമമായ അക്ഷരവുമായി ബന്ധപ്പെട്ട്, യുക്തിയുമായി ബന്ധപ്പെട്ട് വികസിക്കുന്ന ഒന്നാണ്. അതിനെ ഒരിടത്ത് തടയിട്ടാല്‍ മറു ഇടത്തില്‍ ആ തട പൊട്ടും. പോസ്റ്റ്‌ ട്രൂത്ത് കാലഘട്ടത്തില്‍ ഫിഫ്ത് എസ്റ്റേറ്റ് എന്നൊരു പുതിയ സൈബര്‍ കൂട്ടായ്മ രൂപപ്പെടുകയും അത് അന്നുമുതല്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയും മറ്റൊന്നല്ല.

ചരിത്രത്തില്‍ അണ കെട്ടുക എളുപ്പമല്ല; അത് ഒഴുകിക്കൊണ്ട് തന്നെയിരിക്കും.

എന്തുകൊണ്ട് ഇന്ത്യ അച്ചടി മാധ്യമങ്ങളെ സംരക്ഷിക്കണം? ശിവ് വിശ്വനാഥന്‍ എഴുതുന്നു

ഉത്തരേന്ത്യന്‍ മാധ്യമങ്ങളുടെ ലവ് ജിഹാദ്; ഭീകരതയ്ക്കെതിരെ അമിതാഭ് ബച്ചന്റെ സ്റ്റഡി ക്ലാസ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വിശാഖ് ശങ്കര്‍

വിശാഖ് ശങ്കര്‍

എഴുത്തുകാരന്‍, സാമൂഹിക നിരീക്ഷകന്‍. വിദേശത്ത് താമസം. അഴിമുഖത്തില്‍ വിപരീതപഥങ്ങള്‍ എന്ന കോളം ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍