UPDATES

ഡോ. സംഗീത ചേനംപുല്ലി

കാഴ്ചപ്പാട്

Guest Column

ഡോ. സംഗീത ചേനംപുല്ലി

ട്രെന്‍ഡിങ്ങ്

മുതലാളിമാരും മൂലധനവും അവിടെ നില്‍ക്കട്ടെ, മാധ്യമധാര്‍മികത ആരെങ്കിലും പഠിപ്പിച്ചു തരണോ?

ക്രിയാത്മകമായ രീതിയില്‍ ചര്‍ച്ചകളുടെ രീതിശാസ്ത്രത്തെ പുതുക്കിപ്പണിയാതെ വാര്‍ത്താചാനലുകള്‍ക്ക് ഇനി പിടിച്ചു നില്‍ക്കുക എളുപ്പമാവില്ല.

രാഷ്ട്രീയ പൊതുമണ്ഡലത്തെ ധനാത്മകമായി സ്വാധീനിക്കാന്‍ ശേഷിയുള്ള, ജനാധിപത്യത്തിനകത്തെ വിമര്‍ശസ്ഥാനമായി തിരിച്ചറിഞ്ഞുകൊണ്ടാണ് ഫോര്‍ത്ത് എസ്റ്റേറ്റ് ആയി മാധ്യമങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുന്നത്. നിലവിലുള്ള വ്യവസ്ഥിതിയെ വിമര്‍ശനാത്മകമായി സമീപിച്ച് അതിന്‍റെ ദൌര്‍ബല്യങ്ങള്‍ക്കെതിരെ പൊതുജനാഭിപ്രായം രൂപീകരിക്കാന്‍ സഹായിക്കുക എന്ന വലിയ സാമൂഹ്യദൌത്യം മാധ്യമങ്ങള്‍ക്കുമേല്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ആധുനികതയുടെ കാലത്ത് പൊതുമണ്ഡലത്തെ നിര്‍മ്മിച്ചെടുക്കുന്നതില്‍ ശ്രദ്ധ ചെലുത്തിയ മാധ്യമങ്ങള്‍, മൂലധനതാത്പര്യങ്ങള്‍ മാധ്യമരംഗം കൈയടക്കുന്നതോടെ ആ ലക്ഷ്യത്തില്‍ നിന്ന് പിന്മാറുന്നതും, പൊതുമണ്ഡലം തന്നെ ശിഥിലമാക്കപ്പെടുന്നതും ഹേബര്‍മാസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ ഒരുപടികൂടിക്കടന്ന് പ്രേക്ഷകനുമായി നേരിട്ടുള്ള ഇടപെടലുകള്‍ ആവശ്യമില്ലാത്ത, പ്രേക്ഷകനേക്കാള്‍ പരസ്യദാതാവിനോട് കൂറ് പുലര്‍ത്തുന്ന ഒരു മാധ്യമസംസ്കാരമാണ് ദൃശ്യമാധ്യമങ്ങളുടെ വിശേഷിച്ച് സാറ്റലൈറ്റ് ചാനലുകളുടെ കടന്നുവരവോടെ മേല്‍ക്കൈ നേടിയത്. മത്സരാധിഷ്ഠിതമായ മാധ്യമ വിപണി വാര്‍ത്തയെ സെന്‍സേഷണല്‍ ദൃശ്യങ്ങളുടെ കൊളാഷ് ആയും ചര്‍ച്ചകളെ ഏകപക്ഷീയമായ വിചാരണകളുമാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. ദൃശ്യമാധ്യമങ്ങളുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ മൂന്നുസംഭവങ്ങള്‍ സാമൂഹ്യമായ സംവേദനക്ഷമത കൈമോശം വന്നുകഴിഞ്ഞ ദൃശ്യമാധ്യമ സംസ്കാരത്തെയും, മാധ്യമങ്ങളെ സംബന്ധിച്ച് പ്രേക്ഷകന്‍റെ നിലപാടുകളെയും വ്യക്തമാക്കുന്നുണ്ട്.

ലോകത്ത് തന്നെ അപൂര്‍വ്വമായ, മരണനിരക്ക് ഏറെ ഉയര്‍ന്നിരിക്കുന്ന വൈറസ് രോഗമായ നിപ കേരളത്തില്‍ ബാധിച്ച രണ്ടാമത്തെ രോഗിയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും തുടര്‍ന്ന് കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളോടെ രോഗവ്യാപ്തി തടയാന്‍ കഴിയുകയും ചെയ്തിരിക്കുന്നു. പൊതുജനാരോഗ്യ സംവിധാനങ്ങളെല്ലാം സന്ദര്‍ഭത്തിനനുസരിച്ച് ഉയരുകയും ആരോഗ്യപ്രവര്‍ത്തകര്‍ ജീവന്‍ പോലും അവഗണിച്ച് നിപക്കെതിരെ പൊരുതുകയും ചെയ്തു. രാഷ്ട്രീയക്കാരും പൊതുജനങ്ങളും മതസംവിധാനങ്ങളുമടക്കം പ്രതിരോധ പ്രക്രിയയില്‍ ഒറ്റക്കെട്ടായി നിന്നു. ജനങ്ങളെ പരിഭ്രാന്തരാക്കുന്ന കിംവദന്തികള്‍ പ്രചരിക്കാതിരിക്കാന്‍ ഡോക്ടര്‍മാര്‍ തന്നെ സമൂഹമാധ്യമങ്ങളടക്കം എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്ന അവസരത്തിലാണ് മനോരമ ന്യൂസിലെ കൗണ്ടര്‍പോയന്റ് ചര്‍ച്ച നടക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളികളായ രണ്ട് ഡോക്ടര്‍മാര്‍ കൂടി അടങ്ങുന്ന ചര്‍ച്ചയെ അവതാരകയായ നിഷ മുന്‍ നിശ്ചിത അജണ്ടകളിലേക്ക് കൊണ്ടെത്തിക്കാന്‍ ശ്രമിക്കുന്നതാണ് പിന്നെ കാണുന്നത്. ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യത്തെക്കുറിച്ച് പ്രാഥമിക ധാരണകള്‍ പോലും രൂപീകരിക്കാന്‍ മെനക്കെടാതെ വിഷയവിദഗ്ദ്ധരായ ഡോക്ടര്‍മാരെ അപമാനിക്കും വിധമായിരുന്നു അവതാരകയുടെ വിധികല്‍പ്പിക്കല്‍. പ്രതിപക്ഷ എംഎല്‍എയായ കെ എന്‍ എ ഖാദര്‍ പോലും സന്ദര്‍ഭത്തിന്റെ ഗൌരവം തിരിച്ചറിഞ്ഞ് കാര്യമാത്രപ്രസക്തമായി സംസാരിക്കുമ്പോഴാണ് അവതാരകയുടെ ഇത്തരത്തിലുള്ള പെരുമാറ്റം. ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ സാധാരണയായി മാധ്യമങ്ങള്‍ പുലര്‍ത്തുന്ന മാന്യതകളെ തൃണവത്ഗണിച്ചായിരുന്നു നിഷയുടെ പ്രകടനം.

മൂലധനത്തിന്റെയും മാധ്യമമുതലാളിയുടേയും യുക്തികള്‍ വാര്‍ത്തയെ സ്വാധീനിക്കുന്നത് പതിവാണെങ്കിലും സമൂഹം മൊത്തം പരിഭ്രാന്തരായിരിക്കുന്ന അവസരത്തില്‍ പുരകത്തിച്ച് വാഴവെട്ടാനുള്ള ശ്രമം മാധ്യമസ്വാതന്ത്ര്യം എന്ന യുക്തികൊണ്ട് ന്യായീകരിക്കാനാവില്ല. സ്വാതന്ത്ര്യത്തിനൊപ്പം ചേര്‍ത്തുവെക്കേണ്ട മാധ്യമധാര്‍മ്മികത എന്ന അടിസ്ഥാന തത്വത്തെ സൗകര്യപൂര്‍വ്വം മറന്നുകളയുകയാണ് പുതിയ ദൃശ്യമാധ്യമ സംസ്കാരം. മലയാള ദൃശ്യമാധ്യമ രംഗത്തെ വാര്‍ത്താചര്‍ച്ചകളുടെ പൊതുമാതൃകയെ ഒന്നുകൂടി തെളിച്ചുകാണിക്കുകയാണ് ഈ സംഭവം. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ പറയുന്നത് എതിര്‍ക്കുക എന്ന ഒറ്റലക്ഷ്യത്തിലേക്ക് അവതാരകര്‍ വീണുപോവുകയും വിമര്‍ശനാത്മകമായ ഇടപെടല്‍ പാടേ മറന്നുപോവുകയും ചെയ്യുന്നത് സമീപകാലത്ത് പതിവായിരിക്കുന്നു. ജനാധിപത്യപരമായ സംവാദസ്ഥലം ന്യൂസ് റൂമുകളില്‍ നിന്ന് ഏറെക്കുറെ അപ്രത്യക്ഷമായിട്ടുണ്ട്. ഇത് സമൂഹത്തിനുമുന്നില്‍ വെക്കുന്ന മാതൃക ഒരിക്കലും ആശാസ്യമല്ല. സംവാദങ്ങളെന്നാല്‍ ഏകപക്ഷീയമായ പോര്‍വിളികളാണ് എന്ന പൊതുബോധം രൂപീകരിക്കപ്പെടുകയാവും ഫലം. പ്രതിപാദ്യവിഷയങ്ങളുടെ വിവിധ വശങ്ങള്‍ പ്രേക്ഷകനിലെത്തിച്ച് അഭിപ്രായ രൂപീകരണത്തെ സഹായിക്കുകയാണ് മാധ്യമധര്‍മ്മം എന്നും ഏകപക്ഷീയമായ വിധികള്‍ പ്രേക്ഷകനുമേല്‍ അടിച്ചേല്‍പ്പിക്കലല്ല എന്നും തിരിച്ചറിഞ്ഞില്ലെങ്കില്‍ അത് അവരുടെ വിശ്വാസ്യതയ്ക്ക് തന്നെയാവും വെല്ലുവിളിയുയര്‍ത്തുക.

കൃത്യമായ രാഷ്ട്രീയപക്ഷപാതിത്വം പുലര്‍ത്തുന്ന മൂന്നോ നാലോ പതിവുമുഖങ്ങളിലേക്ക് ചര്‍ച്ചകള്‍ ചുരുങ്ങുന്നു. രാഷ്ട്രീയ നിരീക്ഷകരെന്നും സാമൂഹ്യനിരീക്ഷകരെന്നും അറിയപ്പെടുന്ന ഇവര്‍ പ്രത്യേകിച്ച് ഒരു മേഖലയിലും വൈദഗ്ദ്ധ്യം അവകാശപ്പെടാവുന്നവരല്ല. എന്നാല്‍ ഇവര്‍ തന്നെ പെട്രോള്‍ വില മുതല്‍ മംഗള്‍യാന്‍ വരെ ഏത് വിഷയത്തിലെ ചര്‍ച്ചകളിലും സ്ഥിരം സാന്നിധ്യമാകുന്നു. വിഷയവിദഗ്ദ്ധരെ ഉള്‍പ്പെടുത്തി കൃത്യമായ വിശകലനം നടത്തി വ്യക്തമായ നിലപാടുകള്‍ മുന്നോട്ടുവെക്കുന്ന ചര്‍ച്ചകള്‍ ദൃശ്യമാധ്യമ രംഗത്തുനിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ആധുനികതയോട് ചേര്‍ന്നുനിന്ന് രൂപപ്പെട്ടതാണ് കേരളത്തിലെ അച്ചടിമാധ്യമ ലോകം. ജനമനസ്സില്‍ ദേശീയത എന്ന സങ്കല്‍പ്പത്തെ ഊട്ടിയുറപ്പിക്കുന്നതിലും കേരളീയ നവോത്ഥാനത്തിലാകമാനവും അവ ക്രിയാത്മകമായി ഇടപെട്ടു. ഇത്തരമൊരു സാംസ്കാരിക ഇടപെടലിന്‍റെ ചരിത്രം ദൃശ്യമാധ്യമങ്ങള്‍ക്ക് അന്യമാണ്. പോസ്റ്റ്‌ ട്രൂത്ത്‌ കാലത്തെ മാധ്യമസംസ്കാരം പ്രതീതീയാതാര്‍ത്ഥ്യങ്ങളില്‍ മാത്രം അഭിരമിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. മുറിച്ചുമാറ്റിയ ഒരു ദൃശ്യമോ, ശബ്ദശകലമോ സത്യത്തിന്‍റെ നേര്‍ക്കാഴ്ച എന്ന രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് വഴി ഏതുവാര്‍ത്തയും ലഭ്യമാകുന്ന കാലത്ത് ദൃശ്യമാധ്യമങ്ങളുടെ പക്ഷപാതിത്വം മൂടിവെക്കുക എളുപ്പമല്ല.

ജാതിവെറിയുടെ ഇരയായി കൊല്ലപ്പെട്ട കെവിന്‍റെ മരണം റിപ്പോര്‍ട്ട് ചെയ്യുമ്പോഴും മാധ്യമസ്വാതന്ത്ര്യം ഔചിത്യത്തിന്റെ സീമകള്‍ ലംഘിക്കുന്നത് മലയാളി കണ്ടു. ജീവിതപങ്കാളിയെ സ്വന്തം വീട്ടുകാര്‍ തന്നെ കൊലചെയ്തതറിഞ്ഞു തളര്‍ന്നിരിക്കുന്ന പെണ്‍കുട്ടിയോട് പ്രതികരണത്തിനായി നിര്‍ബന്ധം പിടിക്കുകയും, വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ ന്യായീകരണമായി തങ്ങള്‍ വാര്‍ത്ത പുറത്തെത്തിച്ചതിനാല്‍ പ്രതികരണം ചോദിയ്ക്കാന്‍ അവകാശമുണ്ട് എന്ന വിചിത്രന്യായീകരണം ഉയര്‍ത്തുകയും ചെയ്തു. ആരുടെ സ്വകാര്യതയിലേക്കും, ഏത് നേരത്തും, മരണവീടെന്നോ ഇന്റന്‍സീവ് കെയര്‍ യൂണിറ്റെന്നോ പരിഗണിക്കാതെ മൈക്ക് നീട്ടാമെന്ന ധാര്‍ഷ്ട്യം മാധ്യമ ധാര്‍മ്മികത എന്ന ആശയത്തെതന്നെ വെല്ലുവിളിക്കുന്നു. മേല്‍പ്പറഞ്ഞ രണ്ട് സംഭവങ്ങളിലും ജേണലിസ്റ്റുകള്‍ സ്ത്രീകളായത് കൊണ്ടാണ് വിമര്‍ശനമുയര്‍ന്നത് എന്ന ബാലിശമായ ഇരവാദം കൊണ്ടാണ് വിമര്‍ശനങ്ങളെ നേരിടാന്‍ ശ്രമിച്ചത്.

ദുരന്തങ്ങളോടുള്ള മലയാള മാധ്യമങ്ങളുടെ സമീപനമെന്ത്‌? മാധ്യമ ധാർമികതയെ വെല്ലുവിളിക്കുന്ന കൗണ്ടർ പോയിൻ്റുകൾ

കാലഘടനയില്‍ രേഖീയമല്ലെങ്കിലും മൂന്നാമത്തെ സംഭവം ആദ്യത്തെ രണ്ടിന്‍റെയും തുടര്‍ച്ചയെന്നോണം ഇന്നത്തെ സാമൂഹ്യസാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് ജനങ്ങള്‍ക്ക് മേല്‍ എത്രമേല്‍ സ്വാധീനമുണ്ട് എന്ന് തെളിയിക്കുന്നതാണ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാധ്യമങ്ങള്‍ നിരന്തരം സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളിലൂടെ ഭരണവിരുദ്ധ വികാരം ഉണര്‍ത്താന്‍ ശ്രമിക്കുകയും, തിരഞ്ഞെടുപ്പ് സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്തായി മാറുമെന്നുള്ള സൂചനകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഇത്തരം മുന്‍വിധികളെ കാറ്റില്‍ പറത്തിക്കൊണ്ട് ജനങ്ങള്‍ വന്‍ഭൂരിപക്ഷത്തില്‍ ഭരണകക്ഷിയുടെ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുത്തതോടെ തെരഞ്ഞെടുപ്പ് വിശകലന ചര്‍ച്ചകളില്‍ അവതാരകന്റെ അടിപതറുന്നത് കാണാം. ജനങ്ങള്‍ക്കാവശ്യമുള്ളത് സത്യസന്ധമായും മുന്‍വിധികളില്ലാതെയും അവരിലെത്തിക്കുക എന്നല്ലാതെ, ഞങ്ങള്‍ പറയുന്നു രാജിവെക്കൂ എന്നാക്രോശിക്കാന്‍ ജനങ്ങളുടെ ഏജന്‍സി അവര്‍ മാധ്യമങ്ങളെ ഏല്‍പ്പിച്ചിട്ടില്ല എന്നാണ് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് നല്‍കുന്ന സുവ്യക്തമായ സന്ദേശം. അതിനെ തിരിച്ചറിയാതെ മുന്നോട്ട് പോവുക മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധ്യമല്ല. ക്രിയാത്മകമായ രീതിയില്‍ ചര്‍ച്ചകളുടെ രീതിശാസ്ത്രത്തെ പുതുക്കിപ്പണിയാതെ വാര്‍ത്താചാനലുകള്‍ക്ക് ഇനി പിടിച്ചു നില്‍ക്കുക എളുപ്പമാവില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക.

വായനക്കാരുടെ ഭീതി മനോരമയുടെ ആനന്ദം (കച്ചവടം)

അപൂര്‍വ്വ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്ന ആഫ്രിക്ക പോലെയായില്ലേ കേരളം? മനോരമ അവതാരക നിഷയുടെ ചോദ്യം തകര്‍ത്തുകളഞ്ഞെന്നു ഡോക്ടര്‍

ഡോ. സംഗീത ചേനംപുല്ലി

ഡോ. സംഗീത ചേനംപുല്ലി

കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപിക. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍