UPDATES

ട്രെന്‍ഡിങ്ങ്

മോദി, ഷാമാരെ എങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു? മാധ്യമങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുണ്ട് എന്ന വാര്‍ത്ത എന്തുകൊണ്ട് ഞെട്ടലുണ്ടാക്കുന്നില്ല

മാധ്യമങ്ങളെ നിയന്ത്രിക്കാനും കീഴ്പ്പെടുത്താനുമുള്ള കേന്ദ്രസർക്കാർ നടപടികൾ നാസി ഭരണകൂടത്തിന്റെ നടപടികളെ ഓർമ്മിപ്പിക്കുന്നു

‘എന്റെ ആശങ്കകൾ പങ്കുവെക്കാനോ പരാതിപ്പെടാനോ എനിക്ക് കഴിയില്ല, ശ്വാസം മുട്ടി ചാകാനാണ് എന്റെ വിധി.’ അടിയന്തിരാവസ്ഥയുടെ നാളുകളിൽ, ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ പത്രങ്ങളിലൊന്നായ വീർ പ്രതാപിന്റെ എഡിറ്റോറിയൽ പേജിൽ, റബ്ബർ സീൽ ഉപയോഗിച്ച് പതിപ്പിച്ചിരുന്ന, ഒരു ഉർദ്ദു കവിതാശകലമാണിത്. നരേന്ദ്ര മോദി ഭരണത്തിൻ കീഴിൽ ഇന്ത്യൻ മാധ്യമങ്ങളുടെ അവസ്ഥയും മറ്റൊന്നല്ല. അധികാരിവർഗ്ഗത്തിന്റെ ഏറാൻമൂളികളും വിദ്വേഷപ്രചരണത്തിന്റെ നാവുമായി മാറാൻ ഒരു കൂട്ടം മാധ്യമങ്ങൾ ഒരുമ്പെടുമ്പോൾ, ഭരണകൂടത്തെ വിമർശിക്കുകയോ ഭരണകൂട വ്യാഖ്യാനങ്ങളുടെ പൊള്ളത്തരം തുറന്നുകാണിക്കാനോ ശ്രമിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കു മൂക്കു കയറിടാനും നിലക്ക് നില്‍ക്കാത്തവയുടെ വരിയുടക്കാനും സർക്കാർ സംവിധാനങ്ങളെത്തന്നെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. 2014ൽ അധികാരത്തിൽ വന്ന നാൾ മുതൾ ‘ഒന്നുകിൽ നിങ്ങൾ ഞങ്ങൾക്കൊപ്പമാണ് അല്ലെങ്കിൽ ഞങ്ങൾക്കെതിരാണ്’ എന്ന സമീപനമാണ് സർക്കാർ മാധ്യമങ്ങളോട് സ്വീകരിച്ചിരിക്കുന്നത്. മാധ്യമപ്രവർത്തനമെന്ന പേരിൽ നടത്തുന്ന വിദ്വേഷപ്രചരണത്തിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ്, റിപ്പബ്ലിക്ക് ടിവിയിലെ അർണബ് ഗോസ്വാമിയുടെ നേതൃത്വത്തിൽ കേരളീയരെക്കുറിച്ച് നടത്തുന്ന ഹീനമായ പ്രചരണങ്ങൾ. സംഘപരിവാറിന്റെ ഔദ്യോഗിക മാധ്യമങ്ങളെക്കാളും ശക്തമായ രീതിയിൽ വിദ്വേഷപ്രചരണത്തിന് ചുക്കാൻ പിടിക്കുന്ന ഈ മാധ്യമസ്ഥാപനം, ദുരിതക്കയത്തിൽ നിന്നും അതിജീവിക്കാൻ വേണ്ടി പോരടിയ്ക്കുന്ന ഒരു ജനതയെ അപമാനിക്കാൻ ശ്രമിക്കുകയാണ്.

‘ഭയപ്പെടുത്തി ഭരിക്കുക’ എന്നതായിരുന്നു അടിയന്തിരാവസ്ഥക്കാലത്തെ പ്രഖ്യാപിത നയം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, അടിയന്തിരാവസ്ഥ പ്രഖ്യാപനം മുതൽ 1976 മെയ് മാസം വരെ അറസ്റ്റ് ചെയ്തത് 7000 പത്രപ്രവർത്തകരെയാണ്. ഭയപ്പെടുത്തലിനു വിധേയപ്പെട്ട് ഭരണകൂടത്തിന്റെ നാവായി മാറാൻ നിരവധി മാധ്യമങ്ങൾ തയ്യാറായെങ്കിലും,കീഴ്പ്പെടാൻ തയ്യാറാവാതെ അതിശക്തമായി പ്രതിരോധിക്കാൻ ഒരുകൂട്ടം മാധ്യമങ്ങളെങ്കിലും തയ്യാറായി. അക്കൂട്ടത്തിലെ ഉജ്ജ്വലമായ അധ്യായങ്ങളിലൊന്നായിരുന്നു, ഈയിടെ അന്തരിച്ച കുൽദീപ് നയ്യാറുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരങ്ങൾ. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളിലൂടെ ഇന്ത്യൻ മാധ്യമങ്ങൾ ആർജ്ജിച്ച സ്വാതന്ത്ര്യബോധം നേരിട്ട ആദ്യ പരീക്ഷ കൂടിയായിരുന്നു, അടിയന്തിരാവസ്ഥക്കാലം.

ഉദാരീകരണ സാമ്പത്തിക നയങ്ങളും അതു സൃഷ്ടിച്ച സാമൂഹ്യ മൂല്യങ്ങളും ജീവിതത്തിന്റെ സമസ്ത മേഖലകളെയും നിയന്ത്രിക്കാനാരംഭിച്ച തൊണ്ണൂറുകൾക്കു ശേഷം മാധ്യമങ്ങളുടെ പരിഗണനാ വിഷയങ്ങളും വൻതോതിലുള്ള പരിവർത്തനത്തിനു വിധേയമായി. ഉന്നതമായ മാധ്യമ ധാർമ്മികത ഉയർത്തിപ്പിടിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ കാവലാളായി മാറേണ്ട മാധ്യമങ്ങൾ, കോർപ്പറേറ്റ് – ഭരണകൂട താല്പര്യങ്ങളുടെ കുഴലൂത്തുകാരായി മാറുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ഏതാനും ദശകങ്ങളിലായി ഇന്ത്യ കണ്ടത്. കോർപ്പറേറ്റ് നിയന്ത്രണത്തിനു കീഴിൽ ഭരണകൂടത്തിന്റെ വേട്ടപ്പട്ടികളും ഏറാൻ മൂളികളുമായി വലിയൊരു വിഭാഗം മാധ്യമങ്ങൾ രൂപാന്തരം പ്രാപിച്ചു. ഭരണകൂട നയങ്ങളുടെ സ്തുതിഗീതങ്ങളും മതവും ജാതിയും ദേശീയതയുമെല്ലാം സമാസമം ചേർത്ത് നിർമ്മിക്കപ്പെട്ട ‘വാർത്താനിർമ്മിതികൾ’, ഭരണകൂട നയങ്ങൾക്കെതിരായ ജനരോഷത്തെ അതിവൈകാരികമായ വിഷയങ്ങളിലേയ്ക്ക് വഴിമാറ്റുന്നതിൽ വിജയകരമായ പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് നടത്തിയിരുന്ന ‘പെയ്ഡ് ന്യൂസ്’ പ്രവർത്തനങ്ങളിൽ നിന്നും ഇന്ത്യൻ മാധ്യമങ്ങൾ ഏറെ മുന്നോട്ട് പോയിക്കഴിഞ്ഞു. കോടികൾ പ്രതിഫലം വാങ്ങിച്ചുകൊണ്ട് ആവശ്യപ്പെടുന്ന തരത്തിലുള്ള ഏതുതരം വാർത്തയും സൃഷ്ടിക്കാനും ഏതു വാർത്ത വേണമെങ്കിലും തമസ്ക്കരിക്കാനും തയ്യാറാവുന്ന മാധ്യമ കോർപ്പറേറ്റുകളുടെ വികൃത മുഖം കോബ്രാ പോസ്റ്റ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലുടെ പുറത്തു വന്നിട്ട് നാളുകൾ അധികമായിട്ടില്ല. അധികാര ഇടനാഴികളിലെ സന്ദർശകരുടെ സ്ഥാനത്തു നിന്നും കങ്കാണിയും ആരാച്ചാരുമൊക്കെയായി ഇന്ത്യൻ മാധ്യമങ്ങൾ മാറിയെന്നതിന്റെ സുവ്യക്തമായ തെളിവുകളായി അർണാബ് ഗോസ്വാമിമാരുടെ ആക്രോശങ്ങൾ നമ്മുടെ സ്വീകരണമുറികളെ വിറങ്ങലിപ്പിക്കുന്നു. പ്രളയദുരന്തത്തെ അസാമാന്യമായ മനക്കരുത്തോടെയും ഒരുമയോടെയും അതിജീവിച്ചു കൊണ്ടിരിക്കുന്ന ഒരു ജനതയെയൊന്നാകെ അപഹസിക്കാനും വിദ്വേഷപ്രചരണങ്ങളിലൂടെ ഒറ്റപ്പെടുത്താനും തയ്യാറാവുന്ന മാധ്യമങ്ങൾ, സംഘപരിവാറിന്റെ വിഷം വമിക്കുന്ന ആശയങ്ങളുടെ പ്രചാരകരാവുക മാത്രമല്ല മാധ്യമ ധർമ്മത്തെ കുഴിച്ചുമൂടുകയും ചെയ്യുന്നു.

അധികാരക്കസേരകളിലിരിക്കുന്നവരുടെ കുഴലൂത്തുകാരായി ഒരുവിഭാഗം മാധ്യമങ്ങളും മാധ്യമപ്രവർത്തകരും മാറുന്ന കാലത്ത്, മാധ്യമ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നതിനായി 200 പേർ, 24 മണിക്കൂറും ജോലി ചെയ്യുന്ന സ്ഥാപനം, ന്യൂഡൽഹിയിലെ സിബിഐ ആസ്ഥാനത്തിനു സമീപം സൂചനാ ഭവനിൽ പ്രവർത്തിക്കുന്നുവെന്ന കാര്യം, ഞെട്ടിക്കുന്ന ഒരു വാർത്തയല്ലാതായി മാറുന്നു. ജനപക്ഷത്തു നിന്നുമുള്ള സത്യസന്ധമായ മാധ്യമപ്രവർത്തനമെന്ന ആശയം കൈമോശം വന്നിട്ടില്ലാത്ത, അധികാരക്കസേരകൾക്കു കീഴിൽ ആത്മാവ് പണയം വെച്ചിട്ടില്ലാത്ത, എണ്ണത്തിൽ കുറവെങ്കിലും വിശ്വാസ്യത കൈമോശം വന്നിട്ടില്ലാത്ത, അവശേഷിക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളെയും കൂടി കീഴ്പ്പെടുത്താനും വരുതിക്ക് നിർത്താനുമുള്ള ശ്രമമാണ് ഈ മാധ്യമ നിരീക്ഷണ സംവിധാനം. 2008 ൽ, മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ ആരംഭിച്ച ഈ കേന്ദ്രത്തിന്റെ പ്രധാന ഉദ്ദേശ്യം, ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച സർക്കാർ നീക്കങ്ങളും ഭാരത് നിർമ്മാൺ യോജന അടക്കമുള്ള കേന്ദ്രസർക്കാർ പദ്ധതികളും ഏതു രീതിയിലാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെന്ന് പരിശോധിക്കുകയായിരുന്നു. മോദി ഭരണത്തിൻ കീഴിൽ, 200 അംഗങ്ങൾ ജോലി ചെയ്യുന്ന, സർവ്വ സന്നാഹങ്ങളോടും കൂടി, മാധ്യമ നിരീക്ഷണവും നിയന്ത്രണവും ഭരണകൂട ഇടപെടലും ഉറപ്പു വരുത്തുന്ന അധികാര കേന്ദ്രമായി ഈ സംവിധാനം മാറിക്കഴിഞ്ഞു.

ഇന്ത്യൻ മാധ്യമങ്ങളിൽ, പ്രത്യേകിച്ചും ദൃശ്യ മാധ്യമങ്ങളിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരെ എത്രമാത്രം, ഏതുരീതിയിൽ അവതരിപ്പിക്കപ്പെടുന്നുവെന്നും സർക്കാർ നയങ്ങളോടും പരിപാടികളോടും എന്തുതരം സമീപനമാണ് പുലർത്തുന്നുവെന്നതുമാണ് ഈ നിരീക്ഷണകേന്ദ്രം പ്രധാനമായും ശ്രദ്ധിക്കുന്നത്. മാധ്യമങ്ങളുടെ നിലപാടുകളുടെ അടിസ്ഥാനത്തിൽ അവയെ അനുകൂലിക്കുന്നവരെന്നും പ്രതികൂലികളെന്നും വർഗ്ഗീകരിക്കുന്നു. കേന്ദ്ര സർക്കാരിനെയോ നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയവരേയോ വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങളുമായി ബന്ധപ്പെടുകയും തിരുത്തലുകൾ നടത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നു. തിരുത്താൻ തയ്യാറാവാത്ത മാധ്യമങ്ങളുടെയോ പരിപാടികളുടേയോ പ്രവർത്തനം തടസ്സപ്പെടുത്തുകയും കീഴടങ്ങാനും അനുസരിക്കാനും തയ്യാറാവാത്ത മാധ്യമ പ്രവർത്തകരെ പുറത്താക്കാൻ മാധ്യമ മാനേജ്മെന്റുകളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. അധികാരകേന്ദ്രങ്ങളെ പിണക്കരുതെന്നാഗ്രഹിക്കുന്ന മാധ്യമ മാനേജ്മെന്റുകൾ കേന്ദ്രസർക്കാറിൽ നിന്നുമുള്ള സമ്മർദ്ദങ്ങൾക്കു വഴങ്ങുകയും മാധ്യമ പ്രവർത്തകരെ കുരുതി കൊടുക്കാൻ തയ്യാറാവുകയും ചെയ്യുന്നു.

കേന്ദ്രസർക്കാർ പദ്ധതികളുടെ വിജയം സംബന്ധിച്ച സർക്കാർ അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നു കാട്ടിയ എ ബി പി ന്യൂസിലെ പുണ്യ പ്രസൂൺ ബാജ്പേയിയുടെ കാര്യത്തിൽ സംഭവിച്ചതും ഇത്തരത്തിലുള്ള ഇടപെടലാണ്. മാസ്റ്റർ സ്ട്രോക്ക് എന്ന പേരിൽ പ്രസൂൺ ബാജ്പേയി അവതരിപ്പിയ്ക്കുന്ന പരിപാടിയിൽ പ്രധാനമന്ത്രിയെ പേരെടുത്ത് വിമർശിക്കുന്നത് ഒഴിവാക്കണമെന്നും വിമർശനാത്മക പരാമർശങ്ങൾ വരുമ്പോൾ പ്രധാനമന്ത്രിയുടെ ചിത്രം പ്രദർശിപ്പിക്കുന്നത് ഒഴിവാക്കണമെന്നുമാണ് ചാനലിനോട് ആവശ്യപ്പെട്ടത്. എന്നാൽ മാറ്റങ്ങളൊന്നുമില്ലാതെ പരിപാടിയുമായി മുന്നോട്ട് പോയ ചാനലിനു ഗുരുതരമായ പ്രത്യാഘാതങ്ങളാണ് നേരിടേണ്ടി വന്നത്. പ്രൈം ടൈമിൽ ചാനൽ സിഗ്നലുകൾ തടസ്സപ്പെടുത്തുകയും പരസ്യം നല്കിയിരുന്നവർ ഒന്നൊന്നായി പിൻവാങ്ങുകയും ചെയ്തു. ശക്തമായ സമ്മർദ്ദങ്ങൾക്കൊടുവിൽ പ്രസൂൺ ബാജ്പേയ് രാജിവെയ്ക്കുകയും രാജിവെച്ച അടുത്ത നിമിഷം മുതൽ ചാനൽ സിഗ്നലുകൾ പുനസ്ഥാപിക്കപ്പെടുകയും പതഞ്ജലി അടക്കമുള്ള കമ്പനികളുടെ പരസ്യങ്ങൾ തിരികെയെത്തുകയും ചെയ്തു. എബിപി ന്യൂസിന്റെ അനുഭവം ഒരൊറ്റപ്പെട്ട സംഭവമല്ല, ഇത്തരം നിരവധിയായ ഇടപെടലുകൾ അനുദിനമെന്നോണം സംഭവിക്കുന്നു.

1933 ഒക്ടോബർ 4ന് ജർമ്മനിയിലെ നാസി ഭരണകൂടത്തിന്റെ ഭാഗമായ പ്രൊപ്പഗൻഡ മന്ത്രാലയം പുറത്തിറക്കിയ എഡിറ്റേഴ്സ് ലോ, മാധ്യമ സ്ഥാപനങ്ങൾ പിന്തുടരേണ്ട നിയമങ്ങൾ വ്യക്തമാക്കുന്നതായിരുന്നു. ഈ നിയമമനുസരിച്ച്
‘വംശീയ ശുദ്ധിയുള്ള’ എഡിറ്റർമാരുടെയും മാധ്യമ പ്രവർത്തകരുടെയും പട്ടിക, ‘റെയ്ഹ് അസോസിയേഷൻ ഓഫ് ജർമ്മൻ പ്രസ്സ്’ സൂക്ഷിക്കുകയും ജൂതന്മാരെയും ജൂതരെ വിവാഹം കഴിച്ചവരെയും മാധ്യമപ്രവർത്തകർക്കുള്ള അംഗത്വത്തിൽ നിന്നും ഒഴിവാക്കുകയും വേണം. നിയമത്തിലെ 14ാമത് ഖണ്ഡികയിൽ ഇപ്രകാരം പറയുന്നു: ‘രാജ്യത്തിനകത്തോ പുറത്തോ, റെയ്ഹിന്റെ (ഹിറ്റ്ലർ) ശക്തി ദുർബ്ബലപ്പെടുത്താനുദ്ദേശിച്ചു കൊണ്ടുള്ള എല്ലാ ശ്രമങ്ങളും എഡിറ്റർമാർ ഒഴിവാക്കാൻ ശ്രദ്ധിക്കണം’. ഇതു കൂടാതെ ഏതെല്ലാം തരത്തിലുള്ള വാർത്തകളാണ് റിപ്പോർട്ട് ചെയ്യേണ്ടതെന്നും എങ്ങനെയൊക്കെ റിപ്പോർട്ട് ചെയ്യണമെന്നും ഏതൊക്കെ വാർത്തകൾ ഒഴിവാക്കണമെന്നുമുള്ള വിശദമായ നിർദ്ദേശങ്ങൾ, പ്രൊപ്പഗൻഡ മന്ത്രാലയം മാധ്യമങ്ങൾക്കു നല്കിക്കൊണ്ടിരുന്നു. നിർദ്ദേശങ്ങൾ അനുസരിക്കാത്ത മാധ്യമപ്രവർത്തകരെ പിരിച്ചുവിടുകയോ കോൺസൻട്രേഷൻ ക്യാംപുകളിലേയ്ക്ക് അയക്കുകയോ ചെയ്തു. വാർത്തകളുടെ വിതരണവും പ്രസരണവും പൂർണ്ണമായും തടസ്സപ്പെടുത്തുകയെന്ന സമീപനമാണ് നാസി ഭരണകൂടം സ്വീകരിച്ചത്.

മാധ്യമങ്ങളെ നിയന്ത്രിക്കാനും കീഴ്പ്പെടുത്താനുമുള്ള കേന്ദ്രസർക്കാർ നടപടികൾ നാസി ഭരണകൂടത്തിന്റെ നടപടികളെ ഓർമ്മിപ്പിക്കുന്നു. ഇന്ത്യൻ മാധ്യമ രംഗത്തെ അങ്ങേയറ്റം ഗുരുതരമായ ഈ സാഹചര്യങ്ങൾ നിർഭയവും സത്യസന്ധവുമായ മാധ്യമ പ്രവർത്തനം, കടുത്ത വെല്ലുവിളികളാണ് മോദി ഭരണത്തിൻ കീഴിൽ നേരിടുന്നതെന്ന് വ്യക്തമാക്കുന്നു. അലോസരപ്പെടുത്തുന്ന ചോദ്യങ്ങളൊന്നുമില്ലാത്ത ‘റെഡിമെയ്ഡ് അഭിമുഖങ്ങളിലൂടെ’ പൊതുസമൂഹം ചോദിക്കാനാഗ്രഹിക്കുന്ന ചോദ്യങ്ങളിൽ നിന്നും ഒളിച്ചോടുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. ജനാധിപത്യത്തിന്റെ നാലാംതൂണുകളുടെ അസ്ഥിവാരത്തെ ക്ഷയിപ്പിക്കുന്നവർ, ആത്യന്തികമായി ലക്ഷ്യം വെക്കുന്നത് ജനാധിപത്യത്തെ തന്നെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പരിഭ്രാന്തനായ മോദി പുതിയ ശത്രുക്കള്‍ക്കായുള്ള തിരച്ചിലിലാണ്

അടിയന്തിരാവസ്ഥ കാലത്ത് മുട്ടിലിഴയാന്‍ വിസമ്മതിച്ച കുൽദീപ് നയ്യാർ; ഒരു ഓര്‍മ്മപ്പെടുത്തല്‍

ഏത് മാധ്യമങ്ങള്‍ മോദിയോട് ‘NO’ പറയും? ഇന്ത്യന്‍ ജനാധിപത്യം വിറങ്ങലിച്ചു കാത്തിരിക്കുകയാണ്

ഉണ്ണികൃഷ്ണന്‍ കളമുള്ളതില്‍

ഉണ്ണികൃഷ്ണന്‍ കളമുള്ളതില്‍

വടക്കാഞ്ചേരി ശ്രീവ്യാസ എൻ. എസ്. എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍