UPDATES

ട്രെന്‍ഡിങ്ങ്

മാധ്യമങ്ങളേ, ഇത് അതിനുള്ള സമയമല്ല; നിങ്ങളുടെ ബുദ്ധി നിങ്ങളെ നയിക്കട്ടെ

കുട്ടനാട്ടിലെ പ്രളയ ജലം ഒഴുക്കിക്കളയുന്നതിൽ ഉണ്ടാകുന്ന കാലവിളംബം സംബന്ധിച്ച് ജി സുധാകരനും തോമസ് ഐസക്കും തമ്മിൽ വലിയ പോര് എന്ന തലക്കെട്ടിൽ പ്രസദ്ധീകരിച്ച വാർത്തയെക്കുറിച്ചു തന്നെയാണ് പറയുന്നത്

കെ എ ആന്റണി

കെ എ ആന്റണി

ഒരു നൂറ്റാണ്ടിനിടയിൽ കേരളത്തെ വീണ്ടും വിഴുങ്ങിയ പ്രളയവും പേമാരിയും കഴിഞ്ഞുവെന്നുതന്നെ വേണം കരുതാൻ. ഇനിയിപ്പോൾ ന്യൂനമർദ്ദമോ പുതിയ മറ്റെന്തെങ്കിലും പ്രതിഭാസമോ ഉണ്ടായേക്കില്ലെന്നു ഇക്കാര്യങ്ങളിൽ പിടിപ്പുള്ളവർ ഇനിയും തീർത്തു പറഞ്ഞിട്ടില്ല. ഒന്നും കേട്ടുകേഴ്വിയുള്ള ഏതോ ഒരു കാലത്തിന്റെ തിട്ടപ്പെടുത്തലിൽ മാത്രം ഒതുങ്ങുന്നില്ലെന്നു സാരം. എങ്കിലും ചിലർ കേറി മേയും. മഴയുണ്ടാക്കാൻ വേണ്ടി ഓടി നടന്ന് മഴ പെയ്യിച്ചുവെന്നു അഹങ്കരിച്ച ചിലർ. ഒടുവിൽ പേമാരിയെ ശമിപ്പിക്കാൻ ആവാതെ വിരണ്ടു നിന്നുപോയ താന്ത്രികർ മാത്രമല്ല, അല്പജ്ഞാനികളെങ്കിലും സ്വയം പണ്ഡിതപീഠം കയറുന്നവരെയും ഇനിയും ഭയക്കേണ്ടതുണ്ട്. ഇജ്ജാതി ജന്മത്തിൽപെട്ട ചില എം എൽ എമാരും പ്രളയ ശേഷ അടിയന്തര നിയമസഭ സമ്മേളനത്തിൽ ഒട്ടേറെ പ്രബന്ധങ്ങളും അവതരിപ്പിച്ചതായി വായിച്ചു. എന്നാൽ ഇവരാരും മനുഷ്യ ആർത്തിയെക്കുറിച്ചോ അത്തരം കാര്യങ്ങൾക്കെതിരെയുള്ള പ്രകൃതിയുടെ പ്രതിപ്രവർത്തനത്തെക്കുറിച്ചോ പരാമർശിച്ചതായി പോലും കണ്ടില്ല. എങ്കിലും പ്രളയ ദുരിത കാലത്തെ അടിയന്തര നിയമസഭാ സമ്മേളനത്തിന്റെ പേരിൽ അവർ വാങ്ങുന്ന മൂന്ന് ദിവസ സിറ്റിംഗ് ഫീ എന്ന ആക്ഷേപവും വായിച്ചു.

തികച്ചും അപഹാസ്യമായി തോന്നിയത് ഇവരിൽ പലരും ജീവനും പാർപ്പിടങ്ങളും എടുത്തുകൊണ്ടുപോയ പ്രളയം തിരികെ കൊണ്ടുവന്നു നിക്ഷേപിച്ച ചളിയുടേയുടെയും മനുഷ്യ-മൃഗ വിസർജ്യം തൊട്ടു പ്ലാസ്റ്റിക്, ഇ -വെയ്സ്റ്റുകളുടെ വലിയ വലിയ കൂമ്പാരങ്ങൾ വൃത്തിയാക്കുന്ന കർമസേനയിൽ പെട്ടവരല്ല, മറിച്ചു പ്രളയ ദുരിതകാലത്തു രാഷ്ട്രീയം മാത്രം കളിക്കുന്നവരാണെന്നതാണ്. നല്ല കാര്യങ്ങൾ അല്ല അവരുടെ ജീവിത ശൈലി എന്നു വ്യക്തമാക്കുന്നതായിരുന്നു പ്രതിപക്ഷത്തുനിന്നുമുള്ള പല എം എൽ എമാരുടെയും പ്രതികരണങ്ങള്‍. എല്ലാവരിലേക്കും കടക്കുന്നില്ലെങ്കിലും കൊള്ളാവുന്ന ഒരു കെ എസ് യു നേതാവ് എന്നു പല തവണ ഈ കുറിപ്പെഴുത്തുകാരൻ തന്നെ ഏറെ വാഴ്ത്തിപ്പാടിയ മുൻ ചെങ്ങന്നൂർ എം എൽ എ പി സി വിഷ്ണുനാഥിന്റെ പ്രളയം ഒടുങ്ങിത്തുടങ്ങിയ നേരത്തെ ഈ പ്രതികരണമാണ്: ‘എന്റെ വീട് വെള്ളം കയറി മൂടിയിരുന്നു. ഇന്നിപ്പോൾ ഇങ്ങോട്ടേക്കു വന്നിട്ടേയുള്ളു. നിറയെ ചെളിയാണ്. ഏറെക്കാലമായി ഒപ്പം കൂടിയ പുസ്തകങ്ങളും പോയി. വോളണ്ടിയേഴ്‌സ് വന്നിട്ട് വേണം ഇതൊന്നു ക്‌ളീൻ ആക്കാൻ’. വിഷ്ണുനാഥിനോട് നേരിട്ട് പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പരന്ന വായനയെക്കുറിച്ചു എന്നും വാചാലനായിരുന്നു. എന്നാൽ ചാനൽ മൈക്കിനു മുന്നിൽ നിന്ന് വോളണ്ടിയേഴ്‌സ് വന്നാലേ വീട് വൃത്തിയാക്കൂ എന്നു പറഞ്ഞ വിഷ്ണുനാഥിനെ യഥാർത്ഥത്തിൽ എങ്ങനെ വായിക്കണം എന്നൊരു ആശങ്കയിൽ തന്നെയാണ്. സ്വന്തം വീട് വൃത്തിയാക്കി മാതൃക കാണിക്കേണ്ട ഒരാൾ തന്നെയല്ലേ വിഷ്ണുനാഥ്? ഇനിയിപ്പോൾ അതിനുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതുംകൂടി അതേ മൈക്കിലൂടെ പറയാമായിരുന്നു.

വിഷ്ണുനാഥിന്റെ യഥാർത്ഥ പ്രശ്നം ആരോഗ്യ ബന്ധമോ രാഷ്ട്രീയ ബന്ധമോ എന്നത് തല്‍ക്കാലം അവിടെ നിൽക്കട്ടെ. പക്ഷെ ഇക്കാര്യം ഇവിടെ എടുത്തിട്ടത് ഇന്നലെ രാവിലെ മുതൽ പ്രചരിക്കുന്ന മറ്റൊരു വാർത്തയിലേക്കുള്ള പ്രവേശിക്കുക എന്ന നിലയിൽ കൂടിയാണ്. ഇനിയിപ്പോൾ പ്രസ്തുത വാർത്തയിലേക്കും അതിന്‍റെ വിശകലനത്തിലേക്കും.

വിവിധ മാധ്യമങ്ങൾ കുട്ടനാട്ടിലെ പ്രളയ ജലം ഒഴുക്കിക്കളയുന്നതിൽ ഉണ്ടാകുന്ന കാലവിളംബം സംബന്ധിച്ച് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരനും ധനമന്ത്രി തോമസ് ഐസക്കും തമ്മിൽ വലിയ പോര് എന്ന തലക്കെട്ടിൽ പ്രസദ്ധീകരിച്ച വാർത്തയെക്കുറിച്ചു തന്നെയാണ് പറയുന്നത്. വാർത്തക്ക് കുഴപ്പമൊന്നും ഒറ്റനോട്ടത്തിൽ ഇല്ല. ബണ്ടു പൊട്ടിയ കുട്ടനാട്ടിലെ വെള്ളം അടിയന്തിരമായി പമ്പു ചെയ്തു കഴിഞ്ഞാൽ മാത്രമേ അവിടെ ജനജീവിതം സാധ്യമാവുകയുള്ളൂ എന്ന കാര്യത്തിലോ മുരിക്കൻ മാജിക്കിലൂടെ കേരളത്തിന്റെ നെല്ലറയായി മാറിയ ഒരു പ്രദേശമാണ് കുട്ടനാട് എന്നും, കായൽ ബന്ധിതമായ ആലപ്പുഴയിലും ഏതാണ്ട് സമാനമായ പ്രതിഭാസം ഉണ്ടാകുമെന്നും അറിയാത്തവരല്ല ആലപ്പുഴ ജില്ലയിൽ നിന്നും തന്നെയുള്ള രണ്ടു മന്ത്രിമാരും. തന്നെയുമല്ല, ഇരുവരും പ്രളയ ദുരിത പ്രവർത്തനങ്ങളിൽ ഏതാണ്ട് മുഴുവൻ സമയവും സജീവവുമായിരുന്നു താനും. എങ്കിലും ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുക നല്ല കാര്യമായി കാണേണ്ടതുണ്ട്. വകുപ്പുകളുടെ സംയോജനത്തിലെ വീഴ്ചകളെക്കുറിച്ചു അവർ സംസാരിക്കട്ടെ. വീഴ്ചകൾ തിരുത്തട്ടെ. അങ്ങനെയും ചിന്തിക്കാമല്ലോ. അത്തരം ചിന്തക്ക് കേരളത്തിന്റെ പുതുനിർമിതിയിൽ വലിയ പങ്കും അഹങ്കരിക്കാൻ ഏറെ കോപ്പും ഉണ്ടാക്കും.

ഇതു പറയുമ്പോഴും ഇന്നത്തെ ഈ വാർത്തയിൽ ഒളിഞ്ഞു കിടക്കുന്ന ആരുടെയൊക്കെയോ കുശുമ്പ് കലർന്ന ഒരു സങ്കടമുണ്ട്. ഒന്ന്, മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോയ ഉടൻ (അതും പ്രളയ ദുരിതകാലത്തു മാറ്റിവെച്ച ചികിത്സാ എന്നു നിങ്ങൾ തന്നെ പറയുന്നു) എങ്ങിനെ ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിനെ കൈകാര്യം ചെയ്യാം എന്ന ലാഘവ ബുദ്ധിയുടെ പരാജയം. രണ്ട്, രണ്ടാം ഊഴം കിട്ടി മന്ത്രിസഭയിൽ തിരികെ എത്തിയ ഇ പി ജയരാജനെ കിട്ടിയില്ലല്ലോ എന്ന സങ്കടം. അപ്പോഴും നിങ്ങളിൽ ചിലർ എഴുതിപൊലിപ്പിച്ച ആലപ്പുഴ ജില്ലയിലെ സുധാകരൻ – ഐസക് ചക്കളത്തി പോരാട്ടം എന്നതിന് ഒരു പക്ഷെ വീണ്ടും സ്കോപ്പുണ്ടായേക്കാം. പക്ഷെ ഇത് അതിനുള്ള സമയമല്ല. നിങ്ങളുടെ ബുദ്ധി നിങ്ങളെ നയിക്കട്ടെ.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍