UPDATES

ട്രെന്‍ഡിങ്ങ്

കുഞ്ഞുങ്ങളെ ‘കൊല്ലുന്ന’ ലാഫിങ് വില്ലകള്‍

തീർച്ചയായും ഈ ആശയം ആ ചെറിയ കുഞ്ഞുങ്ങളുടെ മനസ്സിൽ തോന്നിയതല്ല എന്ന് ഉറപ്പാണ്. അല്ലെങ്കിലും ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയും വെറുപ്പിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കാൻ അവർക്കു കഴിയില്ല.

ഒരു ക്ലാസ് മുറിയിൽ അഞ്ചു വയസ്സ് പ്രായമുള്ള ഒരു കുട്ടി ഇരിക്കുന്നു. അവളുടെ ശ്രദ്ധ ഒരു പാവക്കുട്ടിയിലാണ്. സാമാന്യം വലുപ്പമുള്ള ഒരു പാവക്കുട്ടിയില്‍ (rollypolly doll). ആ മുറിയിൽ മറ്റൊരു വ്യക്തി കൂടി ഉണ്ട്. തുടക്കത്തില്‍ അയാൾ ആ പാവക്കുട്ടിയെ എടുത്തു കളിച്ചു. കുറച്ചു നിമിഷങ്ങള്‍ക്ക് ശേഷം അയാൾ ആ പാവക്കുട്ടിയെ അധിക്ഷേപിക്കുകയും അടിക്കുകയും ഇടിക്കുകയും തൊഴിക്കുകയും ചെയ്യുന്നു. ഇത് പത്തു മിനുട്ടോളം തുടരുന്നു. പിന്നീട് അയാൾ കുട്ടിയെ മുറിയുടെ വെളിയിൽ കൊണ്ടുപോകുന്നു. കുറച്ചു സമയത്തിനു ശേഷം ഇതേ കുട്ടിക്ക് ആ പാവക്കുട്ടിയെ കളിക്കാൻ കൊടുക്കുന്നു. തുടര്‍ന്ന് പുറത്തു പോയി ഈ കുട്ടിയുടെ ചെയ്തികൾ അയാൾ വീക്ഷിക്കുന്നു. കുട്ടി പാവക്കുട്ടിയുടെ അടുത്ത് ചെല്ലുന്നു. അതിനെ തല്ലുകയും ചീത്ത വിളിക്കുകയും തൊഴിക്കുകയും ചെയ്യുന്നു. താൻ മുൻപ് വീക്ഷിച്ച അതേ കാര്യങ്ങൾ തീർത്തും സാധാരണ മട്ടിൽ, അല്പം പോലും കുറ്റബോധം ഇല്ലാതെ ആ കുട്ടി അനുകരിക്കുന്നു.

മുകളിൽ വിവരിച്ചിരിക്കുന്നത് 1960കളിൽ അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു പരീക്ഷണം ആണ്. ഏകദേശം ഇരുപത്തിനാലു കുട്ടികൾ ഈ പരീക്ഷണത്തിലേർപ്പെട്ടു. പരീക്ഷണത്തിന്റെ ഉദ്യേശം വ്യക്തികളുടെ, പ്രത്യേകിച്ചും കുട്ടികളുടെ സ്വഭാവ രൂപീകരണം, കാഴ്ചപ്പാടുകൾ എത്രത്തോളം നിരീക്ഷണങ്ങളിലൂടെ വളരുന്നു എന്നു കണ്ടെത്തുകയായിരുന്നു. ആ പരീക്ഷണത്തിന് വിധേയരായ തൊണ്ണൂറു ശതമാനം കുട്ടികളും പിന്നീട് വളരെ അധികം ആക്രമസ്വഭാവം ആ പാവക്കുട്ടിയോടു കാണിച്ചു എന്ന് ശാസ്ത്രജ്ഞന്മാർ നിരീക്ഷിച്ചു.

കൊച്ചു കുട്ടികൾ അവർ കാണുന്നതും കേൾക്കുന്നതും അനുകരിക്കുകയും, അതിലൂടെ അവരുടെ ശരി തെറ്റുകൾ തീർച്ചപ്പെടുത്തുകയും ചെയ്യാൻ സാധ്യത ഉണ്ട് എന്ന് ഈ പരീക്ഷണം തെളിയിച്ചു. അതോടൊപ്പം എത്രത്തോളം വ്യക്തികളുടെ കാഴ്ചപ്പാടുകൾ, ശരി തെറ്റുകൾ, മാധ്യമങ്ങളിലൂടെ സ്വാധീനിക്കപ്പെടാം എന്ന് മനസിലാക്കാനും ഈ ഒരു പരീക്ഷണം ശാസ്ത്ര ലോകത്തെ സഹായിച്ചു.

ഇന്ത്യയിൽ 2010ൽ നടന്ന ഒരു സർവ്വേ പ്രകാരം പതിനേഴു വയസിൽ താഴെയുള്ള കുട്ടികൾ ആഴ്ചയിൽ മുപ്പത്തഞ്ചു മണിക്കൂറിൽ കൂടുതൽ ടെലിവിഷൻ കാണുന്നുണ്ട്. എട്ടു വര്‍ഷം പിന്നിടുമ്പോൾ ടെലിവിഷൻ അതിലും എത്രയോ മടങ്ങു വ്യാപകമായ ഈ കാലഘട്ടത്തിൽ കുഞ്ഞുങ്ങൾ എത്രത്തോളം സമയം ടെലിവിഷന്റെ മുൻപിൽ സമയം ചിലവഴിക്കുന്നു എന്നു ചിന്തിക്കാവുന്നതേയുള്ളൂ. കുഞ്ഞുങ്ങളെ ലക്ഷ്യം വച്ച് നിരവധി പ്രോഗ്രാമുകളാണ് ചാനലുകൾ മത്സരിച്ചു സംപ്രേക്ഷണം ചെയ്യുന്നത്.

സ്കൂള്‍ യൂണിഫോമിനുള്ളിലെ വെറും പെണ്‍ ശരീരങ്ങള്‍

ടെലിവിഷൻ, സിനിമ പോലെയുള്ള മാധ്യമങ്ങളുടെ പ്രധാന ദൂഷ്യവശം, വ്യക്തികൾ പ്രത്യേകിച്ചും കുഞ്ഞുങ്ങൾ ഇവയിലൂടെ കാണുന്ന, കേൾക്കുന്ന കാര്യങ്ങൾ അനുകരിക്കുന്നു, അത് അവരുടെ സ്വഭാവ രൂപീകരണത്തെ ബാധിക്കുന്നു എന്നതാണ്. സാമൂഹ്യ ശാസ്ത്രജ്ഞർ വളരെ അധികം ഗവേഷണം നടത്തുന്നതും, ചർച്ച ചെയ്യുന്നതുമായ വിഷയമാണ് ദൃശ്യ മാധ്യമങ്ങൾ കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന സ്വാധീനം. മിക്ക വികസിത രാജ്യങ്ങളിലും കുഞ്ഞുങ്ങളെ തെറ്റായി സ്വാധീനിക്കുന്ന ജങ്ക് ഫുഡ്, മരുന്നുകൾ തുടങ്ങി കളിപ്പാട്ടങ്ങളുടെ വരെ പരസ്യങ്ങൾ നിരോധിച്ചിട്ടുണ്ട്. ബിബിസി പോലെയുള്ള ചാനലുകൾ കുഞ്ഞുങ്ങൾക്ക് തെറ്റായ സന്ദേശം നൽകുകയും അതോടൊപ്പം അവരെ മാനസികമായും, ശാരീരികമായും തെറ്റായി ബാധിക്കുകയും ചെയ്യുന്ന പരിപാടികളിൽ പങ്കെടുക്കുന്നതും അങ്ങനെ ഉള്ള പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.

ഇതിനോട് ചേർത്ത് വായിക്കേണ്ട ഒരു സംഭവം ഇനി പറയാം. ഒരു പ്രമുഖ മലയാളം ചാനലിൽ സിനിമ പ്രൊമോഷന് വേണ്ടിയുള്ള പ്രോഗ്രാം നടക്കുകയാണ്. കൊച്ചുകുട്ടികളെ വെച്ചുള്ള സ്കിറ്റുകളാണ് ആഴ്ച തോറും വരുന്ന ഈ പരിപാടിയുടെ പ്രധാന ആകർഷണം. കരഘോഷങ്ങളോടെ അവതാരിക ചെറിയ കുട്ടികളുടെ ഒരു ടീമിന്നെ സ്റ്റേജിലേക്ക് സ്വാഗതം ചെയുന്നു. കുട്ടികൾ പലവിധ വേഷവിധാനങ്ങളോടെ സ്റ്റേജിൽ വരുന്നു. പണ്ടത്തെ ചില സിനിമകളിൽ നടി സുകുമാരിയുടെ സൊസൈറ്റി ലേഡി മാനറിസം ഓർമ്മിപ്പിക്കുന്ന വേഷവിധാനങ്ങളും അംഗചലനങ്ങളും. സ്കിറ്റിന്റെ ഇതിവൃത്തം വുമൺ ഇൻ സിനിമ കളക്റ്റീവ് (WCC) എന്ന സംഘടനയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളാണ്. ആക്ഷേപഹാസ്യമാണ് ഉദ്ദേശം എങ്കിലും കുഞ്ഞുങ്ങളുടെ സംഭാഷണം മുഴുവൻ കൂര്‍ത്ത പരിഹാസത്തിന്റെ അമ്പുകളാണ്. പുരുഷ വിദ്വേഷ സംഘടന എന്ന് പറഞ്ഞു വെക്കുകയും, സ്ത്രീകളുടെ പ്രായം, ബ്യൂട്ടി പാർലർ പോക്ക് തുടങ്ങി സ്ത്രീകൾ ഒന്നിച്ചാൽ പരദൂഷണം, തെറി വിളിയൊക്കെയാണ് സംഭവിക്കുക എന്നു സ്കിറ്റ് സ്ഥാപിക്കുന്നു. അവസാനം സ്ത്രീകൾക്ക് സംഘടിക്കാൻ ഉള്ള പ്രാപ്തി ഇല്ലെന്നും തല്ലി പിരിയുകയേ ഉള്ളു എന്നും ആ കുഞ്ഞു കലാകാരന്മാർ അഭിനയിച്ചു കാട്ടുന്നു. കൊച്ചു കുട്ടികൾ അടക്കം എല്ലാവരും പരിപാടി ആസ്വദിക്കുന്നു, ചിരിക്കുന്നു, സദസ്സ് ഒന്നടങ്കം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നു.

മൗനം കൊണ്ട് ആഭാസന്മാര്‍ക്കു മറ തീര്‍ക്കരുത്, കുഞ്ഞുങ്ങളെ കൊലയ്ക്ക് കൊടുക്കരുത്

തീർച്ചയായും ഈ ആശയം ആ ചെറിയ കുഞ്ഞുങ്ങളുടെ മനസ്സിൽ തോന്നിയതല്ല എന്ന് ഉറപ്പാണ്. അല്ലെങ്കിലും ഇത്രയും ചെറിയ പ്രായത്തിൽ ഇത്രയും വെറുപ്പിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കാൻ അവർക്കു കഴിയില്ല. അതിലും രസകരം, കുറച്ചു കാലങ്ങൾക്കു മുൻപ്, ഇതേ ചാനലിലെ കുട്ടികൾക്ക് വേണ്ടിയുള്ള മറ്റൊരു പ്രോഗ്രാം കുഞ്ഞുങ്ങളെ ചൂഷണം ചെയുന്ന എന്ന ആരോപണത്തിന്റെ പേരിൽ കേരളം സ്റ്റേറ്റ് കമ്മീഷൻ ഫോർ ചൈൽഡ് റൈറ്സ് (കേരള ബാലാവകാശ കമ്മീഷൻ) നിരോധിച്ചതാണ് എന്നതാണ്. പഴയ വീഞ്ഞ് തന്നെ പുതിയ കുപ്പിയിൽ വിളമ്പുമ്പോൾ വീണ്ടും അതിൽ ബലിയാടാവുന്നത് ഇവർ ആട്ടം ആടിക്കുന്ന കുഞ്ഞുങ്ങൾ മാത്രമല്ല, കുട്ടികളുടെ പരിപാടിയാണ് എന്ന് കരുതി ഇത് കാണുന്ന കുഞ്ഞുങ്ങൾ കൂടിയാണ്.മുകളിൽ പറഞ്ഞ സ്കിറ്റ് കാണുന്ന കുഞ്ഞുങ്ങളുടെ മനസ്സിൽ കയറിപ്പറ്റുന്നത് തികച്ചും മനുഷ്യത്വരഹിതമായ, സ്ത്രീവിരുദ്ധമായ ആശയങ്ങളാണ്. അവ ചെറിയ കുഞ്ഞുങ്ങളിലൂടെ തന്നെ ആക്ഷേപ രൂപേണ വിളമ്പുമ്പോൾ പതിന്‍ മടങ്ങ് ശക്തമാകുന്നു.

ജനപ്രിയന്റെ മടിയന്മാരും മദ്യപാനികളുമായ അമേരിക്കന്‍ ഭര്‍ത്താക്കന്മാരെക്കുറിച്ചു തന്നെ

സിനിമയിലെ സ്ത്രീവിരുദ്ധതയോളം തന്നെ, ചിലപ്പോൾ അതിനപ്പുറം എതിർക്കപ്പെടേണ്ടതാണ് ടെലിവിഷൻ നമുക്ക് മുൻപിൽ അന്തിക്ക് വിളമ്പുന്ന സ്ത്രീവിരുദ്ധത. ഒരു തരത്തിൽ ചൂഷണം എന്ന് വിശേഷിക്കപ്പെടാവുന്ന, കുഞ്ഞുങ്ങൾക്കു വേണ്ടി എന്ന് മേമ്പൊടിയോടെ അവതരിക്കപ്പെടുന്ന ഇത്തരം പ്രോഗ്രാമുകൾ ഒന്നിൽ ഒതുങ്ങുന്നില്ല എന്നതും വളരെ കഷ്ടമാണ്. നമ്മുടെ കുഞ്ഞുങ്ങളെ ‘യാചക’രിൽ നിന്നും സാമൂഹിക വിരുദ്ധരിൽ നിന്നും രക്ഷിക്കാൻ നാം എടുക്കുന്ന കരുതലോടെ അവരുടെ മനസിനെ സ്വഭാവത്തെ, വ്യക്തിത്വ രൂപീകരണത്തെ സ്വാധീനിക്കാൻ, ഹൈജാക്ക് ചെയ്യാൻ മാത്രം ശേഷിയുള്ള ഇത്തരം പ്രോഗ്രാമുകളിൽ നിന്നും അവരെ സംരക്ഷിക്കേണ്ടതും നമ്മുടെ കടമയാണ്.

നമ്മുടെ രാജ്യത്തെ മാധ്യമ സംപ്രേഷണ നിയമപ്രകാരം സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ഉള്ള പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത് നിയമലംഘനമാണ്. മാത്രമല്ല 1994ലെ കേബിൾ നെറ്റ്വർക്ക് റെഗുലേഷൻ (സെക്ഷൻ 6) പ്രകാരം, എന്തെങ്കിലും ദൃശ്യങ്ങൾ, സംഭാഷണങ്ങൾ, അവ, ഏതെങ്കിലും ഒരു വിഭാഗത്തെ ദുഷിക്കുകയോ, അതിഭാവുകത്വത്തോടെ (ഉദാഹരണത്തിന് പൊങ്ങച്ചക്കാരായും, അഹങ്കാരികളായും മറ്റും) ചിത്രീകരിക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

ഫേസ്ബുക്കില്‍ ആത്മഹത്യാ ഭീഷണി മുഴക്കുന്നവരോട്

ഇങ്ങനെയുള്ള നിയമങ്ങൾ നിലവിൽ ഇരിക്കുമ്പോൾ തന്നെ അധികാരികളുടെ കണ്‍മുൻപിൽ, സ്ത്രീകളെ പാർശ്വവത്കരിക്കുന്ന തരത്തിലുള്ള പരിപാടികൾ അരങ്ങേറുന്നു. അധികാരവർഗം ഉറക്കം നടിക്കുന്നു. ബ്രോഡ്കാസ്റ്റിംഗ് നിയമങ്ങൾ സാധാരണ മനുഷ്യരുടെ അവകാശ സംരക്ഷണത്തിന്, മാനസികമായുള്ള ആരോഗ്യത്തിന്, സാമൂഹികമായുള്ള ഉന്നമനത്തെ ലക്ഷ്യം വെച്ച് തന്നെ എഴുതപ്പെട്ടവയാണ്. പക്ഷെ നിയമം പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് അധികാരികളുടെ കടമയാണ്. അത് അവരെ ഓര്‍മ്മപ്പെടുത്തേണ്ടത് കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന, സമത്വത്തിൽ വിശ്വസിക്കുന്ന നാം ഓരോരുത്തരുടെയും ഉത്തരവാദിത്തവും.

ഒടുവില്‍ ‘കുട്ടിപ്പട്ടാളം’ നിര്‍ത്തി

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

റൂബി ക്രിസ്റ്റിന്‍

റൂബി ക്രിസ്റ്റിന്‍

യുകെ യോര്‍ക്ക് സര്‍വ്വകലാശാലയില്‍ ഗവേഷക. ജേര്‍ണലിസം, മാനേജ്മെന്‍റ് എന്നിവയില്‍ ബിരുദം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍