UPDATES

ട്രെന്‍ഡിങ്ങ്

ഹോക്കിങ്ങിന്റെ പ്രിയ കുടുംബം; ബംഗ്ലാ കവി സദഫ് സാസിന്റെ ബാല്യകാല ഓര്‍മ്മകള്‍

സ്റ്റീവ് നേടിയെടുത്ത വിജയങ്ങളുടെയും തരണം ചെയ്ത വെല്ലുവിളികളുടേയുമെല്ലാം പിന്നിൽ ജെയിനിന്‍റെ മനസ്സുറപ്പും സ്നേഹം നിറഞ്ഞ അവരുടെ കുടുംബവുമായിരുന്നു

ലോകപ്രശസ്തനായ ശാസ്ത്രകാരനാണ് സ്റ്റീഫൻ ഹോക്കിങ്ങ്. എന്നാൽ അതിലുപരി പരേതനായ എന്‍റെ അച്ഛൻ ജമാൽ നസറുൽ ഇസ്ലാമിന്‍റെയും അമ്മ സുരയ്യയുടെയും പ്രിയങ്കരനായ സുഹൃത്തായിരുന്നു എനിക്കദ്ദേഹം. കേംബ്രിഡ്ജിലെ 12 ബോവെർസ് ക്രോഫ്റ്റിലുള്ള ഞങ്ങളുടെ വീട്ടിൽ ആഹാരം കഴിക്കാൻ വരാറുള്ള, അമ്മയുടെ ബംഗ്ളാദേശി കൈപുണ്യത്തെ സ്നേഹിച്ചിരുന്ന, സ്റ്റീവ് എന്നും ജെയിൻ എന്നും അച്ഛനുമമ്മയും സ്നേഹത്തോടെ വിളിച്ചിരുന്ന ആ ദമ്പതികൾ കുടുംബാംഗങ്ങൾ തന്നെയായിരുന്നു ഞങ്ങൾക്ക്. പ്രോതോം ആലൊ എന്ന വെബ്സൈറ്റില്‍ ധാക്ക സാഹിത്യോത്സവത്തിന്റെ ഡയറക്ടറും കവിയുമായ സദഫ് സാസ് എഴുതുന്നു.

അച്ഛന്റെയും അമ്മയുടെയും സുഹൃത്തുക്കളുമായി ഞാൻ അടുത്തിടപഴകുന്നത് അൽപ്പം മുതിർന്ന ശേഷമാണ്. അവരോടൊപ്പം അത്താഴം കഴിക്കാനും സമയം ചിലവഴിക്കുവാനും തുടങ്ങിയതും ആയിടക്കാണ്. സ്റ്റീവിന്‍റെ കാര്യത്തിൽ അച്ഛൻ അത്യധികം ശ്രദ്ധാലുവായിരുന്നു. വീട്ടിൽ നിന്നും പുറത്തേക്കിറങ്ങുന്ന ഭാഗത്തെ ചരിഞ്ഞ പ്രതലത്തിലൂടെ വീൽചെയറിൽ സഞ്ചരിക്കുമ്പോൾ സ്റ്റീവിന് പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പു വരുത്തുവാനായി അദ്ദേഹം അവിടെ തന്‍റെ കാറോടിച്ചു നോക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്. കാലം പോകെ രോഗത്തിൻറെ ഭാഗമായി അദ്ദേഹത്തിൻറെ ശബ്ദം കൂടുതൽ തിരിച്ചറിയാൻ പറ്റാതായി മാറുന്നുണ്ടായിരുന്നു. പലപ്പോഴും അദ്ദേഹം സംസാരിക്കുന്നത് എനിക്ക് വ്യക്തമായി മനസ്സിലാകുമായിരുന്നില്ല. എങ്കിലും അച്ഛൻ അതിശയിപ്പിക്കുകയായിരുന്നു; സ്വതവേ സംസാരപ്രിയനും ഹാസ്യപ്രിയനുമായ സ്റ്റീവുമായി സംസാരിച്ചിരിക്കുമ്പോൾ ആദ്ദേഹം ഉച്ചത്തിൽ ചിരിക്കാറുണ്ടായിരുന്നു. സ്റ്റീവ്‌ ഡിജിറ്റൽ വോയ്സ് സംവിധാനങ്ങളൊന്നും ഉപയോഗിച്ചു തുടങ്ങാത്ത സമയത്താണത്.

കേംബ്രിഡ്ജിലെ ന്യൂഹാം കോളേജിനടുത്തുള്ള അവരുടെ വീട്ടിൽ ഞാനും സഹോദരിയും ഇടക്കിടെ പോകാറുണ്ടായിരുന്നു. വലിയ പൂന്തോട്ടവും നിറയെ മരങ്ങളുമുള്ള അവിടുത്തെ സുന്ദരമായ മൈതാനം ഞങ്ങൾ കുട്ടികളെ സംബന്ധിച്ചിടത്തോളം കളികളിലേർപ്പെടുവാനും ഓടിനടക്കുവാനും പറ്റിയ സ്ഥലമായിരുന്നു. ആ ദിവസങ്ങൾ ഞാൻ കൃത്യമായി ഓർക്കുന്നു; കളിയും ചിരിയും അതിലുപരി സ്നേഹവും നിറഞ്ഞതായിരുന്നു അവരുടെ വീട്.

മിഡ് വെയിൽസിലെ ഗ്രിഗനോങ്ങിൽ നടന്ന കോൺഫെറൻസിൻറെ ഓർമ്മകൾ ഇപ്പോളും മായാതെയുണ്ട്. എനിക്കും സ്റ്റീവിൻറെ മകൻ റോബെർട്ടിനും ഏറിയാൽ ഒമ്പതോ പത്തോ വയസ്സ് കാണും. ഗ്രിഗനോങ്ങിലെ താമസസ്ഥലത്ത് ഞങ്ങൾ കുറേ കുടുംബങ്ങൾ ഒരുമിച്ചായിരുന്നു കഴിഞ്ഞിരുന്നത്. അതിനിടെ റോബർട്ട് ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ചെറിയൊരു വിനോദയാത്ര സംഘടിപ്പിച്ചിരുന്നു. കുന്നിൻ ചരിവിലെ മരങ്ങളും അരുവിയും ചേർന്നൊരുക്കിയ പച്ചപ്പും പ്രകൃതിഭംഗിയുമെല്ലാം ഞങ്ങൾ കുട്ടികളിൽ വലിയ ഉത്സാഹമുണ്ടാക്കി. റോബർട്ട് എവിടെ നിന്നോ സംഘടിപ്പിച്ച ഒരു റബ്ബർ വള്ളമെടുത്ത് അടുത്തുള്ള തടാകത്തിൽ ഞങ്ങൾ തുഴഞ്ഞ് കളിച്ചതെല്ലാം അന്നത്തെ ഓർമകളുടെ കൂട്ടത്തിലുണ്ട്. അവിടെയുണ്ടായിരുന്ന ഊർജതന്ത്രജ്ഞരുടെ കുട്ടികളെ സംബന്ധിച്ചിടത്തോളം വല്ലപ്പോഴും എന്തെങ്കിലും കോൺഫെറൻസുകളോ ശാസ്ത്രസംവാദങ്ങളോ ഉണ്ടാകുമ്പോളാണ് അവർ ഇത്തരത്തിൽ ഒത്തുകൂടുന്നതും വിനോദങ്ങളിലേർപ്പെടുന്നതും.

സ്റ്റീഫന്‍ ഹോക്കിങ് അര നൂറ്റാണ്ടിലേറെ കാലം അതിജീവിച്ചതിന് പിന്നിലെ ആ രഹസ്യം

പ്രപഞ്ചോല്പത്തി ശാസ്ത്രത്തിൽ ഗവേഷണം നടത്തിയിരുന്ന ഊർജതന്ത്ര വിദഗ്തനായിരുന്നു എന്‍റെ അച്ഛൻ. പ്രപഞ്ചത്തിന്റെ വികാസത്തെയും വിഭജനത്തെയും കുറിക്കുന്ന അടിസ്ഥാന കാര്യങ്ങൾ കുഞ്ഞായിരിക്കുമ്പോൾ അച്ഛനെനിക്ക് വിശദീകരിച്ചു തരാറുണ്ടായിരുന്നു. അന്ന് ആറോ-ഏഴോ വയസ്സു മാത്രമുണ്ടായിരുന്ന ഞാൻ അതേ പ്രതി പലതും ചിന്തിച്ചുകൂട്ടുകയും തലപുകക്കുകയും വരെ ചെയ്തിരുന്നു. കേവലം രണ്ടു വർഷത്തെ ആയുസ്സേ ബാക്കിയുള്ളുവെന്ന് ഡോക്ടർമാർ വിധിയെഴുതിയ സന്ദർഭങ്ങളെ സ്റ്റീവ് നേരിട്ടതിനെ പറ്റിയും അദ്ദേഹത്തിനുണ്ടായ കടുത്ത വെല്ലുവിളികളെ പറ്റിയുമെല്ലാം അച്ഛൻ എന്നോട് സംസാരിക്കുമായിരുന്നു. അറിവും വിവേകവും എത്ര ബുദ്ധിപരമായാണ് അദ്ദേഹം ഉപയോഗിച്ചതെന്ന് ആ കഥകളിൽ നിന്നും വ്യക്തമായിരുന്നു. സ്റ്റീവുമായുള്ള സംസാരങ്ങൾ അച്ഛൻ വളരെയധികം ആസ്വദിച്ചിരുന്നു; ഒന്നിച്ചിരിക്കുമ്പോളെല്ലാം പ്രപഞ്ചശാസ്‌ത്രത്തെ സംബന്ധിക്കുന്ന വലിയ ചർച്ചകൾ അവർക്കിടയിൽ നടക്കാറുണ്ടായിരുന്നു.

പ്രതിസന്ധികളെ കൂസാതെ ജീവിച്ച ലോകം കണ്ട മികച്ച പ്രതിഭകളിലൊരാൾ തന്‍റെ വെല്ലുവിളികളെ നേരിട്ട കഥകൾ കേട്ടും നേരിൽ കണ്ടും വളർന്നതിനാലാവണം; വെല്ലുവിളികളിൽ തളരാത്ത ഇച്ഛാശക്തിയുണ്ടെങ്കിൽ ഏതു വൈകല്യത്തെയും അതിജീവിക്കാമെന്ന ബോധം എന്‍റെ മനസ്സിൽ ഉറച്ചത്.

ജീവിക്കാന്‍ വേറെ ഗ്രഹം നോക്കിക്കോളൂ, 1000 കൊല്ലം കയ്യിലുണ്ട്; മാനവരാശിയോട് സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞു

ജെയിൻ അതിമനോഹരമായി പാടുമായിരുന്നു. അവരുടെ വീട്ടിൽ ഇടയ്ക്കിടെ സംഘടിപ്പിക്കാറുണ്ടായിരുന്ന ഗാനാലാപന സദസ്സുകളിൽ ചിലതിൽ അച്ഛന്റെയും അമ്മയുടേയുടെയുമൊപ്പം പോയിരുന്നത് ഓർമയിലുണ്ട്. സംഗീതം ഇഷ്ടപ്പെട്ടിരുന്ന അച്ഛനും അമ്മയും ജെയിൻ വീട്ടിൽ വരുമ്പോളെല്ലാം അവരെ പാട്ടുപാടാൻ നിർബന്ധിക്കുമായിരുന്നു. വിവാഹത്തിന് മുന്‍പ് സ്റ്റീവുമായി അവർക്കുണ്ടായിരുന്ന സൗഹൃദം വിവാഹശേഷം ജെയിനുമായും വളർന്നു വന്നു. എല്ലാവരോടും സ്നേഹത്തോടെയും മമതയോടെയും ഇടപഴകിയിരുന്ന ജെയിൻ വർഷങ്ങളോളം സ്റ്റീവിന്‍റെ താങ്ങും തണലുമായിരുന്നു. സ്റ്റീവ് നേടിയെടുത്ത വിജയങ്ങളുടെയും തരണം ചെയ്ത വെല്ലുവിളികളുടേയുമെല്ലാം പിന്നിൽ ജെയിനിന്‍റെ മനസ്സുറപ്പും സ്നേഹം നിറഞ്ഞ അവരുടെ കുടുംബവുമായിരുന്നു.

ശബ്ദം അവ്യക്തമായി തുടങ്ങിയ സമയത്ത് തന്‍റെ സംസാരത്തിലെ അമേരിക്കൻ ശൈലിയെ പറ്റി സ്റ്റീവ് തന്നെ തമാശരൂപേണ പറയാറുണ്ടായിരുന്നതായി അച്ഛൻ ഒരിക്കലെന്നോട് പറഞ്ഞിരുന്നു.

അദ്ദേഹത്തിന്‍റെ മകൾ ലൂസിയും ഞാനും ഒരേ സ്കൂളിലായിരുന്നു പഠിച്ചിരുന്നത്. പെർസീ സ്കൂൾ ഓഫ് കേംബ്രിഡ്ജിൽ എന്നേക്കാൾ ഏതാനും വർഷം താഴെയായിരുന്നു അവൾ. വെയിൽസിൽ നടന്ന ഹേയ് ഫെസ്റ്റിവലിൽ വച്ചാണ് വർഷങ്ങൾക്ക് ശേഷം ഞാനവരെ വീണ്ടും കണ്ടുമുട്ടിയത്. തന്‍റെ അച്ഛനോടൊപ്പം ചേർന്ന് കുട്ടികൾക്കായി പ്രപഞ്ചത്തെ സംബന്ധിക്കുന്ന ശാസ്ത്ര പ്രബന്ധങ്ങൾ എഴുതുകയാണ് അവരിപ്പോൾ. തന്‍റെ ബാലസാഹിത്യ രചനകളിലൂടെ പുതിയ തലമുറയിലെ കുട്ടികൾക്ക് ശാസ്ത്രത്തിൻറെ അനന്ത സാധ്യതകളെ തുറന്നുകാട്ടുകയാണ് ലൂസി.

സ്റ്റീഫന്‍ ഹോക്കിംഗ്‌ – ‘കാലത്തിന്റെ സംക്ഷിപ്ത ചരിത്ര’ത്തിന്റെ ലഘു ചരിത്രം

അറിവു നേടുന്നതിലെ ആനന്ദവും, ചുറ്റുമുള്ള ലോകത്തിലേയും അതിനപ്പുറത്തെ പ്രപഞ്ചത്തിലേയും സത്യങ്ങളെ തിരഞ്ഞുപിടിക്കുന്നതിലുള്ള കൗതുകവും ചേരുന്നതാണ് ശാസ്ത്രലോകത്തിലെ അത്ഭുതങ്ങൾ. മനുഷ്യസഹജമായ ഈ കൗതുകവും ശാസ്ത്രത്തിലുള്ള താല്പര്യവുമെല്ലാം നമുക്ക് ലഭിച്ചത് പൂർവികരിൽ നിന്നു തന്നെയാണ്. ബംഗ്ലാദേശിലെ കുട്ടികളിൽ ശാസ്ത്രബോധം വളർത്താനുള്ള സംരംഭത്തിൽ എനിക്ക് ലൂസിയുടെ സഹായം ആവശ്യമായിരുന്നു. അതിനായി ഞാൻ വീണ്ടുമവരെ ബന്ധപ്പെടുകയും ധാക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തു. 2014 നവംബറിലെ ലിറ്ററേച്ചർ ഫെസ്റ്റിൽ അവർ ധാക്കയിലെത്തി. അമ്മ ജെയിൻ സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ലൂസി എൻറെ അമ്മയ്ക്ക് കൈമാറി. ബംഗ്ളാദേശിലെ ജനങ്ങളുടെ പ്രതികരണത്തിലും ആതിഥ്യ മര്യാദയിലും അവർ അങ്ങേയറ്റം ആഹ്ളാദഭരിതയായിരുന്നു. ഒരു ബാലശാസ്ത്ര എഴുത്തുകാരിക്ക് ലഭിച്ച വലിയ സ്വീകരണത്തിലെ ആശ്ചര്യവുമുണ്ടായിരുന്നു ലൂസിയിൽ.

പ്രതിസന്ധികളിലൊന്നും പതറാതെ സ്റ്റീഫൻ ഹോക്കിങ്ങ് എന്ന ശാസ്ത്ര പ്രതിഭ നേടിയെടുത്തത് വലിയ വിജയങ്ങളാണ്. ചിന്തിക്കാൻ ഒരുപാടു തീപ്പൊരികൾ ലോകത്തിനു മുന്നിലേക്ക് എറിഞ്ഞിട്ടിട്ടാണ്‌ അദ്ദേഹം വിടപറഞ്ഞത്. സ്റ്റീവ് തന്‍റെ ജീവിതം കൊണ്ട് ഉണ്ടാക്കിയെടുത്ത ശാസ്ത്ര പൈതൃകം ലോകത്തിനൊട്ടാകെ പ്രചോദനവും തലമുറകളിലൂടെ കൈമാറാവുന്ന സമ്പത്തുമാണ്. ശാസ്ത്രത്തിൽ കൂടുതൽ കണ്ടുപിടുത്തങ്ങൾക്ക് ഈ പാരമ്പര്യം പ്രചോദനമാകും. പ്രതീക്ഷയെന്തെന്നാൽ ഈ ശാസ്ത്ര പാരമ്പര്യമുൾകൊള്ളുന്ന വരാനിരിക്കുന്ന തലമുറ തീർച്ചയായും ശാസ്ത്രകുതുകികളും ശാസ്ത്രത്തിൻറെ മായികലോകത്തെ സ്വയം തിരിച്ചറിയുന്നവരുമായിരിക്കും എന്നതാണ്.

വിയറ്റ്നാം യുദ്ധവിരുദ്ധ പോരാട്ടത്തിലെ സ്റ്റീഫന്‍ ഹോക്കിങ്; ശാസ്ത്രത്തിന്റെ മനുഷ്യപക്ഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍