UPDATES

എവിടേയും പോകാനില്ലാതെ പൂട്ടിയ റിലീഫ് ക്യാമ്പിന് മുന്നില്‍ നിന്ന സനീറിനും കുടുംബത്തിനും ഇത് മറക്കാനാവാത്ത പെരുന്നാള്‍

എട്ടു കുടുംബങ്ങളുണ്ടായിരുന്നു ക്യാംപിൽ. പെരുന്നാളും ഓണവും അടുപ്പിച്ചു വന്നതോടെ അവരെല്ലാം വീടുകളിലേക്ക് മടങ്ങി

കോഴിക്കോട് ചെറുവണ്ണൂരിലെ പാറയിൽ സനീറിനും കുടുംബത്തിനും ഈ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത പെരുന്നാളായിരുന്നു. ഒപ്പം കൊളത്തറ പറന്നാട്ടിൽ വീട്ടിൽ മീനാക്ഷി അമ്മയ്ക്കും മകൻ പ്രേമനും. പ്രളയം ബാക്കി വെച്ച ദുരിതങ്ങൾക്കിടയിലും അവർ വിശുദ്ധ പെരുന്നാളിനെ വരവേറ്റു. ഒരു മേശയ്ക്കിരുപുറവുമിരുന്ന്, ജാതിമതബേധമന്യേ മനുഷ്യനുണ്ടാക്കിയ ബിരിയാണി കഴിക്കാൻ ഒരുപിടി മനുഷ്യരുമിരുന്നപ്പോൾ കുത്തിയൊലിച്ചു വന്ന ആ പ്രളയമാണ് തോറ്റു പോയത്.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സനീറിന്റെ വീട് നിലം പൊത്താനായ അവസ്ഥയിലായിരുന്നു. അതിനെ തുടർന്നാണ് സനീറും ഉമ്മയും രണ്ടു കുഞ്ഞുങ്ങളും അടങ്ങുന്ന ആറംഗ കുടുംബം ചെറുവണ്ണൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് താമസം മാറിയത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ മഴ ശമിച്ചതോടെ കോഴിക്കോടിന്റെ വിവധ ഭാഗങ്ങളിൽ നിന്നും വെള്ളം ഇറങ്ങി തുടങ്ങി. തുടർന്ന് നഗരത്തിലെ വിവിധ ക്യാംപുകൾ അടയ്ക്കുകയും ജലം ഏൽപിച്ച എല്ലാ മുറിവുകളും ദുരിതങ്ങളും മറന്ന് മിക്ക ആളുകളും വീടുകളിലേക്ക് മടങ്ങുകയുമായിരുന്നു.

ചെറുവണ്ണൂർ സ്കൂളിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാംപും പെരുന്നാളിന്റെ തലേ ദിവസം അടച്ചു. അവിടെ ഉണ്ടായിരുന്ന ഒമ്പത് കുടുംബങ്ങളിൽ എട്ടു കുടുംബങ്ങളും അന്ന് തന്നെ സ്വന്തം വീടുകളിലേക്കും ചിലർ ബന്ധു വീടുകളിലേക്കും താമസം മാറി. എന്നാൽ എല്ലാവരും ക്യാംപ് വിട്ടു പോയി കഴിഞ്ഞിട്ടും സനീറും കുടുംബവും മാത്രം പോവാൻ ഒരിടമില്ലാതെ അവിടെ തന്നെ നിന്നു. അങ്ങനെയാണ് കൊളത്തറ സ്വദേശിയും ലീഗൽ സർവ്വീസ് അതോറിറ്റിയുടെ വോളന്റിയറുമായ പ്രേമൻ പറന്നാട്ടിൽ തന്റെ തറവാട് വീട് സനീറിനും കുടുംബത്തിനുമായി താൽക്കാലികമായി ഒഴിഞ്ഞു കൊടുത്തത്.

അതോടെ സനീറിനും കുടുംബത്തിനും പെരുന്നാൾ ആഘോഷിക്കാൻ മാത്രമല്ല ഒരു വീട് ലഭിച്ചത്. സ്വന്തം വീടിന്റെ അറ്റകുറ്റപണി കഴിയുന്നത് വരെ അവർക്കവിടെ കഴിയാം എന്ന മനുഷത്വപരമായ വാഗ്‌ദാനം കൂടെയാണ് പറന്നാട്ടിൽ വീടിന്റെ ഉടമസ്ഥനായ പ്രേമൻ നൽകിയത്.

“മഴ കനത്ത ദിവസങ്ങളിൽ തന്നെ വില്ലേജ് ഓഫീസർ റഹീം സാറിനോട് തറവാട് വീട് ആവശ്യമുള്ളവർക്ക് വിട്ടു നൽകാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. സനീറിന്റെ അവസ്ഥ അറിഞ്ഞ സാറ് തന്നെയാണ് എന്നോട് ഈ കാര്യം പറയുന്നത്.” പ്രേമൻ പറയുന്നു. കനത്ത മഴയിൽ സനീറിന്റെ ഓട് മേഞ്ഞ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു. ഒപ്പം വീടിന്റെ പല ഭാഗത്തും വിള്ളലുകളും രൂപപ്പെട്ടു. ഇതേതുടർന്ന് കഴിഞ്ഞ ബുധനാഴ്‌ചയാണ് സനീറും കുടുംബവും ദുരിതാശ്വാസ ക്യാംപിലേക്ക് താമസം മാറിയത്.

“എട്ടു കുടുംബങ്ങളുണ്ടായിരുന്നു ക്യാംപിൽ. പെരുന്നാളും ഓണവും അടുപ്പിച്ചു വന്നതോടെ അവരെല്ലാം വീടുകളിലേക്ക് മടങ്ങി. ഞങ്ങളുടെ വീടിന്റെ അവസ്ഥ ഓർത്തപ്പോൾ അങ്ങോട്ട് പോവാൻ തോന്നിയില്ല. പ്രായമായ ഉമ്മയും ചെറിയ മക്കളുമുള്ളതല്ലേ.. എന്ത് ഉറപ്പിലാണ് പോവുക.” സനീർ പറഞ്ഞു.

ദുരിതക്കയത്തിൽ നിന്ന് മനുഷ്യനെ രക്ഷിക്കാനാവുന്നത് ചെയ്യുക എന്നതാണ് ഏറ്റവും വലിയ സേവനം എന്നു അടിവരയിടുന്നു പറന്നാട്ടിൽ പ്രേമൻ എന്ന മനുഷ്യൻ. “ജാതിയും മതവും ഒന്നുമല്ല മനുഷത്വമാണ് വലുത്.. അത് മനസിലാക്കാൻ ഒരു പ്രളയം വേണ്ടി വന്നു നമുക്കൊക്കെ ” പ്രേമൻ പറയുന്നു.

പെരുന്നാളിന് തന്റെ തറവാട്ടിൽ വിരുന്നുകാർ എത്തുന്നത് അറിഞ്ഞ് പ്രേമന്റെ അമ്മ മീനാക്ഷി അമ്മയും വലിയ സന്തോഷത്തിലായിരുന്നു. സനീറും കുടുംബവും എത്തുന്നതിന് മുമ്പ് തന്നെ ചെറുവണ്ണൂർ സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് വീട് വൃത്തിയാക്കി ഒരുക്കി വെച്ചിരുന്നു. “എല്ലാവരോടും നന്ദി ഉണ്ട് .എന്നാലും ഞങ്ങളുടെ വീടിനെ കുറിച്ചാലോചിക്കുമ്പോൾ സങ്കടമാണ്.ആറു ജീവിതങ്ങളുടെ അഭയമാണ് ഇങ്ങനെ ഒരവസ്ഥയിൽ കിടക്കുന്നത്” സനീർ പറഞ്ഞു നിർത്തി.

“റഹീം സാർ ഇവരെ തറവാട്ടിലാക്കിയ ശേഷമാണ് നാട്ടിൽ പോയത്. സാർ വന്നാലുടൻ സനീറിന്റെ വീട് പുനർ നിർമിക്കാൻ വേണ്ടുന്ന എല്ലാ സാഹായങ്ങളും ഞങ്ങൾ ചെയ്യും ” പ്രേമൻ അഭിപ്രായപ്പെട്ടു.

കൊളത്തറയിലെ മാക്സ് കുടുംബസമിതിയിലെ അംഗങ്ങൾക്കൊപ്പം പെരുന്നാളോഘോഷിച്ച സനീറിനും കുടുംബത്തിനും ഇത് തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത പെരുന്നാളാണ്. പോവാൻ ഒരിടമില്ലാതിരുന്ന തങ്ങളെ വീട് നൽകി സംരക്ഷിച്ച എല്ലാവരോടും ഈ കുടുംബത്തിനു പറയാൻ ഒന്നേ ഉള്ളു.. “നന്ദി” അതിൽ എല്ലാമുണ്ട്..സന്തോഷവും സങ്കടവും എല്ലാം…

നിനച്ചിരിക്കാതെ വന്ന ഈ പ്രളയത്തിൽ നമുക്കു ഒരുപാട് നഷ്ടമുണ്ടായി എന്നത് വാസ്തവം. എന്നാൽ നമ്മൾ എന്തൊക്കെയോ നേടിയിട്ടുമുണ്ട്. തകർന്നടിഞ്ഞ സ്വപ്നങ്ങൾക്കിടയിൽ നാം മനുഷ്യ സ്നേഹത്തിന്റെ തടയണകൾ കെട്ടിപ്പൊക്കിയതും ഇതേ പ്രളയത്തിലായിരുന്നു. അതിന്റെ സാക്ഷ്യങ്ങളാണ് സനീറും പ്രേമനുമെല്ലാം.

അഞ്ജലി അമൃത്

അഞ്ജലി അമൃത്

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍