UPDATES

ട്രെന്‍ഡിങ്ങ്

ഹൊ, സ്കൂള്! നനവിന്റെ ഇടയിലെ ആ ചെറു ചൂട്

തലേന്ന് അന്തിമയങ്ങുന്നത് വരെ കളിച്ചു നടക്കുമ്പോള്‍ പോലും ആകാശത്ത് മഴയുടെ ഒരു ലാഞ്ചന പോലും ഉണ്ടാവില്ല

രേഖ രാജ്

രേഖ രാജ്

ഞങ്ങളെ മലയാളം മീഡിയത്തിലാണ് പഠിപ്പിച്ചത്. എന്തു വിലകൊടുത്തും മാതൃഭാഷയെ സംരക്ഷിക്കുനതിന്റെ ഭാഗമായാണ് ഈ ചതി ചെയ്തത്, ഇംഗ്ലീഷ് പറയാനോ എഴുതാനോ ബുദ്ധിമുട്ട് അനുഭവിക്കുമ്പോള്‍ ഒക്കെ ഈ കാര്യത്തിന് ഡാഡിയെ ഇപ്പോഴും ഞാന്‍ ചീത്ത വിളിക്കാറുണ്ട്. ഞങ്ങള്‍ മൂന്നു പേര്‍ക്കും ട്യുഷന്‍ ഉണ്ടായിരുന്നില്ല; നമ്മടെ മാതാപിതാക്കള്‍ അതിനും എതിരായിരുന്നു.

മമ്മിയാണേല്‍ ഒരുപടി കൂടി കടന്ന് സ്കൂളില്‍ നിന്ന് കിട്ടുന്ന സ്റ്റാമ്പ്‌, പരീഷാ ഫീസ്‌ എന്നിവയ്ക്കും എതിരായിരുന്നു, അതിനൊന്നും കാശ് കൊടുക്കാത്തപ്പോള്‍ ടീച്ചര്‍മാര്‍ എണീപ്പിച്ചു നിര്‍ത്തും, അപ്പോള്‍ മമ്മി പറഞ്ഞുതന്ന വാചകങ്ങള്‍ അവിടെ പറയണം; “പരീക്ഷ ഫീസ്‌, സ്റ്റാമ്പ്‌ എന്നിവ നിയമപരമല്ല, അതുകൊണ്ട് തന്നെ ഞങ്ങള്‍ക്ക് തന്നു വിടില്ല എന്ന് മമ്മി പറഞ്ഞിട്ടുണ്ട്” എന്ന്. നിയമപരമായത് കൊണ്ടോ അല്ലാത്തത് കൊണ്ടോ അറിയില്ല, ടീച്ചര്‍മാര്‍ ഞങ്ങളോട് വീണ്ടും ചോദിച്ചിട്ടില്ല.

പക്ഷേ ഇതൊക്കെ പറയുമ്പോള്‍ നമുക്ക് വരുന്ന നാണക്കേട്‌ ഉണ്ടല്ലോ, അത് ചത്താലും മറക്കില്ല. തലേന്ന് രാത്രി ഇരുന്ന് ബ്രൌണ്‍ പേപ്പര്‍ കൊണ്ട് പുസ്തകങ്ങള്‍ പൊതിയും; അനിയത്തിമാരുടെ പുസ്തകവും ഞാന്‍ തന്നെയാവും പൊതിയുക. പുതിയ ഇന്‍സ്ട്രുമെന്റ് ബോക്സ്‌ പലതവണ തുറന്നടയ്ക്കും. എക്സ്ട്രാ വാങ്ങിയ ബുക്കില്‍ സബ്ജക്റ്റിന്റെ സ്ഥാനത്ത് പലവക എന്ന് എഴുതും. മൂന്നു പലവക ബുക്ക്‌ ഉണ്ടാകുമായിരുന്നു എനിക്ക്; പലവക – കവിത, പലവക – കഥ, പലവക – നോവല്‍ എന്നിങ്ങനെ മൂന്നെണ്ണം! ഓരോന്നിലും മേല്‍പ്പറഞ്ഞവയൊക്കെ എഴുതാന്‍ ശ്രമിച്ച് പരാജയപ്പെട്ടു കൊണ്ടിരുന്നു എന്ന് പ്രത്യേകം പറയണ്ടല്ലോ!

കൃത്യം ജൂണ്‍ ഒന്നിന് മഴ പെയ്യാന്‍ തുടങ്ങും. തലേന്ന് അന്തിമയങ്ങുന്നത് വരെ കളിച്ചു നടക്കുമ്പോള്‍ പോലും ആകാശത്ത് മഴയുടെ ഒരു ലാഞ്ചന പോലും ഉണ്ടാവില്ല. വെളുത്ത നിറത്തില്‍ പലനിറമുള്ള മേഘങ്ങള്‍ ഒഴുകി നീന്തുന്ന ആകാശം മാത്രം. രാവിലെ മഴയുടെ ശബ്ദം കേട്ടിട്ടാവും ഉണരുക. കണ്ണ് തുറന്നു നോക്കുമ്പോള്‍ അമ്മച്ചി തെങ്ങിന്റെ ചോട്ടില്‍ വലിയ ചെരുവം വെച്ച് മഴവെള്ളം പിടിക്കുന്നതാവും കാണുക. മഴ നനയാതെ ഇരിക്കാന്‍ തലയില്‍ തോര്‍ത്തു കൊണ്ട് കെട്ടിയിട്ടുണ്ടാകും. തൊഴുത്തില്‍ പശുക്കള്‍ കരയുന്നുണ്ടാകും. കോഴിക്കൂട്ടില്‍ കോഴികളും. ദൂരെ പറമ്പില്‍ നിന്ന് താറാവിന്റെ കരച്ചിലും ഓര്‍മ്മയില്‍ ഉണ്ട്.

കടലാസ് വള്ളം ഒഴുക്കി കളിക്കുന്നതിനിടയില്‍ ‘സ്കൂളില്‍ പോകണ്ടേടീ നിനക്കൊക്കെ’ എന്ന് അപ്പച്ചന്‍ ഒച്ചയിടും. ഡാഡി അപ്പോഴേയ്ക്കും ബാങ്കിലേക്ക് പുറപ്പെട്ടിട്ടുണ്ടാവും. കൂട്ടുകാരി ജോ വീട്ടിലേക്ക് വരും. മിക്ക ദിവസവും എന്നെ വിളിച്ചുണര്‍ത്തി ഒരുക്കി സ്കൂളില്‍ കൊണ്ടു പോകുന്നത് അവളായിരുന്നു. അവള്‍ വരുമ്പോഴേക്കും മമ്മിയും അമ്മച്ചിയും ഒരേ സ്വരത്തില്‍ ‘ജോയെ കണ്ടു പഠിക്കൂ’ എന്നൊരു ആഹ്വാനം നടത്തും. ഒരു വിധത്തില്‍ സ്വയം നമ്മളെ കുത്തിപ്പൊക്കി എണീപ്പിച്ചത് കൊണ്ടായില്ല, അച്ഛന്‍ വീട്ടിലെ വീടിനു പുറത്തുള്ള കുളിമുറിയിലേക്ക് കുട ചൂടി കുളിക്കാന്‍ പോകണം! (അപ്പോള്‍ തോന്നുന്ന ഒരു തണുപ്പുണ്ടല്ലോ, അത് അന്റാര്‍ട്ടിക്കയില്‍ പോലും ഉണ്ടാവില്ല). അതിലും ചെറുപ്പത്തില്‍ വീടിന്റെ ഇറയത്തു നിന്ന് കുളിച്ചിട്ടുണ്ട്.

സ്കൂള്‍ തുറപ്പായത് കൊണ്ട് മമ്മി താരതമ്യേന നേരത്തെ എണീച്ചിട്ടുണ്ടാവും. ഏറെ പാലൊഴിച്ച ചായയില്‍ റസ്ക് മുക്കി കഴിച്ചു കൊണ്ട് രാവിലെ തുടക്കം. അമ്മച്ചി ഉണ്ടാക്കിയ ഫുട്ബാള്‍ വലിപ്പത്തിലുള്ള ഗോതമ്പുണ്ട –നിറയെ തേങ്ങയും ശര്‍ക്കരയും രുചിക്ക് ഏലയ്ക്കയും ചേര്‍ത്തത്- രണ്ടെണ്ണം അല്ലെങ്കില്‍ ഒന്നര എണ്ണം അകത്താക്കിയാണ് സ്കൂളിലേക്ക് ഓടുക. (എപ്പിയും റെജി ചേട്ടായിയും ഒരു അഞ്ചെണ്ണം വരെ അകത്താക്കും). തൊട്ടുമുമ്പായി മമ്മി പാതി വെന്ത വെണ്ടയ്ക്ക/ അച്ചിങ്ങ/ കോവയ്ക്കാ തോരനും ഒരു മൊട്ട വറുത്തതും ചോറിന്‍ പാത്രത്തില്‍ ആക്കി തന്നിട്ടുണ്ടാവും. സ്കൂളില്‍ എത്തുമ്പോഴേക്കും ചോറിന്റെ ചൂടില്‍ തോരന്‍ വെന്തോളും എന്നാണ് മമ്മി പറയുക. അപ്രകാരം തോരന്‍ വെന്തതായി എന്റെ പത്തു വര്‍ഷത്തെ സ്കൂള്‍ ഓര്‍മയില്‍ ഇല്ല! മമ്മി പക്ഷേ, ആ തിയറി കൈവിട്ടിട്ടില്ല.

വെള്ളയും നീലയും യൂണിഫോം പുതുതായി തയ്ച്ചു കിട്ടിയത് വീടിനു വെളിയില്‍ ഇറങ്ങുമ്പോഴക്കും നനഞ്ഞു കുതിരും. കാലില്‍ ഉള്ള പ്ലാസ്റിക് ചെരുപ്പ് കൈയില്‍ ഊരിപ്പിടിക്കും. എന്നിട്ട് ടാറിട്ട വഴിയിലൂടെ വെറും കാലോടെ നടക്കും. സ്കൂള്‍ എത്തുമ്പോഴേയ്ക്കും ചെളിയൊക്കെ പോയി കാലൊക്കെ വെളുത്തിട്ടുണ്ടാവും. ബെല്ലടിക്കുന്നതിനു തൊട്ടു മുന്‍പ് ക്ലാസിലേക്ക് കയറ്റം. നനഞ്ഞു കുതിര്‍ന്ന പാവാടയും ബ്ലൌസും പുസ്തകവുമായി, വെള്ളം ഊറുന്ന കുട ക്ലാസ് മുറിയുടെ മൂലയില്‍ ചാരി ഫസ്റ്റ് ബെഞ്ചില്‍ തന്നെ ഇരിപ്പുറപ്പിക്കും. ഓടിന്‍ പുറത്ത് വെള്ളം വന്നു വീഴുന്ന ശബ്ദം, കുട്ടികളുടെ കലപില, അതിലും ഉച്ചത്തില്‍ ടീച്ചര്‍മാരുടെ ശബ്ദം, മണിയടിയൊച്ച, ഈശ്വരപ്രാര്‍ത്ഥന, ചൂരല്‍ മേശയില്‍ തലങ്ങും വിലങ്ങും വീഴുന്ന ശബ്ദം. ശബ്ദത്തോട് ശബ്ദം നിറഞ്ഞ സ്കൂള്‍.

നനഞ്ഞു കുതിര്‍ന്ന് തണുത്തു വിറച്ച് പരസ്പരം തൊട്ടു തൊട്ടിരിക്കുമ്പോള്‍ അകമേ ഒരു ചൂടുണ്ടായി വരും. നനവിന്റെ ഇടയിലെ ചെറു ചൂട്! പരസ്പരം തോളുകള്‍ ചേര്‍ത്തു വെച്ച് ആ ചൂടിനെ അന്യോന്യം പകര്‍ത്തും ഞങ്ങള്‍! ഉച്ചയ്ക്ക് നിരന്നിരുന്ന് ചോറ് കഴിക്കല്‍, അരക്കിലോമീറ്റര്‍ നടന്ന് ദൂരെയുള്ള വീട്ടിലെ കിണറ്റില്‍ നിന്ന് വെള്ളം കോരി പാത്രം കഴുകല്‍, റോഡിലൂടെ അതുമിതും പറഞ്ഞു നടക്കല്‍, താപ്പര്‍ പിള്ള ചേട്ടന്റെ കടയില്‍ നിന്നും ബീഡി മിട്ടായി, കടലാസ് മിട്ടായി, തേന്‍ മിട്ടായി എന്നിവയും നെല്ലിക്ക, മാങ്ങാ മുളക്, ലോലോലിക്ക എന്നിവയും വല്ലപ്പോഴും ആര്‍ഭാടത്തിന്റെ പേരില്‍ കുടിക്കുന്ന സോഡയും, കടയുടെ പിന്നിലെ വായനശാലയില്‍ അടുക്കി വെച്ചിരിക്കുന്ന അലമാരയിലെ പുസ്തകത്തിലേയ്ക്ക് കൊതിയോടെ നോക്കുന്നതും ചേര്‍ന്നാല്‍ ഒരു സ്കൂള്‍ തുറപ്പ് ഓര്‍മ മുക്കാല്‍ ഭാഗമായി.

സംഘം ചേര്‍ന്ന് ചാറ്റല്‍ മഴയില്‍ നിറം കളി, പുല്ലേല്‍ ചവിട്ടു കളി എന്നിവയും, പൊട്ടയ്ങ്ങ , പാണല്‍പ്പഴം, പൂച്ചയ്ക്ക എന്നിവ പറിച്ചു തിന്നും ചായക്കടയില്‍ നിന്ന് പിരിവിട്ട പൈസ കൊണ്ട് ബോണ്ടയോ സുഖിയനോ വാങ്ങി അഞ്ചു മുതല്‍ എട്ടു വരെയുള്ള കക്ഷണങ്ങളായി മുറിച്ചു തിന്നുന്നതും വൈകിട്ടോ പിറ്റേ ദിവസമോ ആ വാര്‍ത്ത വീട്ടില്‍ എത്തി അതിന്റെ പേരില്‍ തല്ലലോ വഴക്കോ കിട്ടുന്നതോടു കൂടി ഓര്‍മ പരിപൂര്‍ണമാകുന്നു.

(കവര്‍ ഫോട്ടോ കടപ്പാട്: www.naturemagics.com)

രേഖ രാജ്

രേഖ രാജ്

എഴുത്തുകാരി, ദളിത്‌ ഫെമിനിസ്റ്റ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍