UPDATES

ട്രെന്‍ഡിങ്ങ്

ഉമ്മ

യൗവനം മുഴുവനും ഒരു കരിന്തിരിപോലെ കത്തിച്ചു കളഞ്ഞ ഉമ്മാക്ക് ജീവനും ബോധവുമുണ്ടായിരുന്നപ്പോള്‍ ഇതൊന്നും പറഞ്ഞറിയിക്കാന്‍ പറ്റാത്തത് എന്റെ അനാസ്ഥ…

വി.പി ഖദീജ

വി.പി ഖദീജ

(വലിയൊരു കാലഘട്ടത്തെ കുറിച്ച് സ്ത്രീകളുടെതായ ഒരു രേഖപ്പെടുത്തലാണ്‌ ഈ എഴുത്ത്. ഒരേസമയം വ്യക്തിഗതമാകുമ്പോഴും അത് ഒപ്പം കൂട്ടുന്നത് കേരളത്തിന്റെ ചരിത്രത്തെ കൂടിയാണ്. ഫ്യൂഡലിസവും ഒടുവില്‍ ഭൂപരിഷ്കരണവും ഗള്‍ഫ് കുടിയേറ്റവും ഒക്കെ മാറ്റിമറിച്ച മലബാറിലെ മുസ്ലീം സ്ത്രീ ജീവിതത്തിന്റെ ഒരു പകര്‍പ്പെഴുത്ത്. വി.പി ബീബി എന്ന ഉമ്മയെക്കുറിച്ച് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥയായിരുന്ന മകള്‍ വി.പി ഖദീജയുടെ ഓര്‍മക്കുറിപ്പ്‌)

എന്റെ 63-ആം ജന്മദിനത്തോടനുബന്ധിച്ച് മകൻ ആഷ്ലി ഫേസ്ബുക്കിലൊരു പോസ്റ്റിട്ടപ്പോൾ എനിക്കേറെ സന്തോഷം തോന്നി. കുഞ്ഞുന്നാളിലെ കാര്യങ്ങളുടെ ഒരോർമപ്പെടുത്തൽ.

ഉറങ്ങാൻ കിടന്നപ്പോൾ കുട്ടിക്കാലം മനസിലേക്കോടി വന്നു. ഞാനോർത്തു; നാലക്ഷരം പഠിക്കാനും ഇപ്പോഴിത് എഴുതാനും ഇടയാക്കിയത് എന്റെ ഉമ്മയും ഉപ്പാവയുമായിരുന്നല്ലോ. എന്റെ ഉമ്മ മരിച്ചിട്ട് ഇത് നാലാമത്തെ കൊല്ലമാണ്.

ഖിലാഫത്തിന്റെ ആ കാലങ്ങളിലാണ് ഉമ്മാന്റെ ജനനം. അറക്കൽ കുടുംബത്തിൽ നിന്നുള്ള കോയാമുക്കേയിയുടെയും പുതുവാച്ചേരി ബീച്ചുമ്മയുടെയും മൂത്ത മകളായിട്ട്. ഞങ്ങൾ കേയിപ്പാവ എന്നു വിളിച്ചിരുന്ന ഉമ്മയുടെ ഉപ്പയ്ക്ക് മെനലൂറും സൽക്കാരവുമൊക്കെ വളരെ പ്രിയം. മൂപ്പരുടെ ഭാര്യ, ഞങ്ങളുടെ വലിയുമ്മാനോട് ഒരു രക്ഷയുമില്ല. മൂപ്പത്തിയാറെ ഒന്നിനും കിട്ടില്ല. ജോലിക്കാരൊക്കെ ഉണ്ടായിരുന്നെങ്കിലും കേയിപ്പാവാക്ക് തൃപ്തിയാകില്ല. അങ്ങനെയാണ് ബീബി എന്നു വിളിക്കുന്ന എന്റെ ഉമ്മ പന്ത്രണ്ടാം വയസിൽ അടുക്കളയിൽ കയറുന്നത്. പിന്നെ 75 വയസു വരെയെങ്കിലും പാചകം ആർക്കും വിട്ടുകൊടുത്തിട്ടില്ല.

ഇനി കല്യാണത്തിന്റെ കഥ. കേയിത്തറവാട്ടിലെ പെണ്ണുങ്ങൾ വൈകിയാണ് കല്യാണം കഴിക്കുക. ഉമ്മയുടെ ഭാഷയിൽ അത് കേയിപ്പാവിന്റെ സമാൻ (നല്ല കാലം എന്നു പറയാൻ ഉമ്മ ഉപയോഗിച്ചിരുന്ന വാക്കാണത്) ആയിരുന്നു.

കോയിപ്പാവാന്റെ പെങ്ങളാണ് ബീത്ത. മരുമക്കത്തായം നിലവിലിരുന്ന  അക്കാലത്ത് അവർക്കും ധാരാളം പാട്ടവും പീടികക്കൂലിയുമൊക്കെ കിട്ടാനുണ്ട്. പെങ്ങളെ കേയിപ്പാവക്ക് വലിയ കാര്യമാണ്. ഭർത്താവ് ചെറുപ്പത്തിലെ മരിച്ചു പോയി. തലശേരിയിൽ പുതിയാപ്പിളമാരെ അന്വേഷിച്ച് പെണ്ണിന്റെ വീട്ടുകാർ പോവും. അങ്ങനെ ബീത്തയുടെ മകൾ പാത്തൂട്ടിക്ക് ആലോചിച്ചതാണ് മാഹിയിലെ ചൂളയിൽ തറവാട്ടിൽ നിന്നുള്ള അബ്ദുറഹിമാൻ എന്ന ഞങ്ങളുടെ ഉപ്പാവയെ. സ്ക്കൂളിൽ നിന്ന് മട്രിക്കുലേഷൻ പാസായി സർക്കാർ സർവീസിൽ ഗുമസ്തനായിരുന്നു ഉപ്പാവ. ബീത്താന്റെ കാരണവർ എന്തോ ഉടക്കുവെച്ച് ബീത്തായുടെ മകളുടെ കല്യാണം വേറൊരാളുമായി ഉറപ്പിച്ചു. സംഭവം ഇങ്ങനെയായപ്പോൾ കേയിപ്പാവ ഒരു തീരുമാനമെടുത്തു. അബ്ദുറഹ്മാനെ സ്വന്തം മകൾക്ക് തരണമെന്ന് ചൂളയിൽപ്പോയി അപേക്ഷിച്ചു. (ഭർത്താവ് ഭാര്യ വീട്ടിൽ താമസിക്കുന്ന സമ്പ്രദായമായിരുന്നു അന്ന് തലശേരിയിലെ മുസ്ലീം തറവാട്ടുകാർക്കിടയിൽ). അങ്ങനെയാണ് എന്റെ ഉമ്മയും ഉപ്പയും തമ്മിലുള്ള കല്യാണം നടന്നത്.

അന്ന് ഉമ്മാക്ക് സ്ത്രീധനമായി കൊടുത്തത് 6000 രൂപയാണ്. (അന്നത്തെ പൊന്നിന്റെ വിലക്ക് 467  പവൻ). പെണ്ണ് ഉടുത്തത് വെള്ളിക്കസവിന്റെ പൊഞ്ചപ്പം. കിടന്നത് ഒറിജിനൽ വെള്ളിക്കരയുള്ള വലയും മേലാപ്പുമുള്ള കട്ടിലിൽ. ദൂരദേശങ്ങളിൽ നിന്നു പോലും കല്യാണത്തിന് കുടിയാന്മാർ പശുവിൻ നെയ്യും പഴക്കുലയും ബിരിയാണിയരിയും കൊണ്ട് സ്റ്റോർ മുറിയൊക്കെ നിറച്ചു. കാഴ്ച കൊണ്ടുവന്ന ആടുകളെക്കൊണ്ട് പറമ്പ് നിറഞ്ഞിരുന്നുവത്രെ. ഇന്ന് കോഴിക്കോട് ഫറൂഖിലുള്ള പൂതേരി തറവാട്ടുകാർ പോലും കോയിപ്പാവാന്റെ കുടിയാന്മാരായിരുന്നു.

സുന്ദരിയായിരുന്ന ഉമ്മയെ മദ്രസയിൽ പോകുന്ന ചെറുപ്പക്കാർ നോക്കി നിന്നതും ഇളയമ്മ അവരെ കല്ലെടുത്തെറിഞ്ഞതും പറഞ്ഞു കേട്ടിട്ടുണ്ട്.

കല്യാണം കഴിഞ്ഞ് പത്ത് – പതിനഞ്ച് കൊല്ലമായപ്പോഴേക്കും ഭൂപരിഷ്കരണം വന്നു. ഉപ്പാവാന്റെ ഭാഷയിൽ പറഞ്ഞാൽ, ആട്ടുംതല തിന്നുന്നതിൽ മാത്രം ശ്രദ്ധിച്ച തറവാട്ടു കാരണവന്മാർക്ക്  ഒരു സുപ്രഭാതത്തിൽ എല്ലാം കൈവിട്ട അവസ്ഥ. ഭൂമിയിൽ നിന്നുള്ള വരുമാനം നിലച്ചപ്പോൾ കുടുംബത്തിന്റെ സമ്പദ് വ്യവസ്ഥിതി താളം തെറ്റി.

കല്യാണം കഴിഞ്ഞ് കുറച്ചധികം കാലം കൊണ്ടാണ് മൂത്ത ഇത്താത്ത ആയിഷയെ പ്രസവിച്ചത്. കേയിപ്പാവ പല വൈദ്യന്മാരെയും കാണിച്ച് സുകുമാര കഷായം ഇത്യാദി കുടിപ്പിച്ചാണ് ‘സുകുമാരസന്തതികൾ’ എന്ന് ഉപ്പാവ കളിയാക്കി വിളിക്കാറുള്ള  മക്കളുടെ തുടക്കം. പിന്നെ 18 കൊല്ലം കൊണ്ട് ഒൻപത് പ്രസവം. (അതിലൊരാൾ ചെറുപ്പത്തിലെ മരിച്ചു പോയി). കണക്കൊന്നു നോക്കൂ. ചുരുങ്ങിയത് മൂന്നു കൊല്ലമെങ്കിലും ഒരു കുട്ടിയെ ശ്രദ്ധിക്കേണ്ട കാലമാണെങ്കിൽ മൊത്തം കൊല്ലം 24. ഇളയ മകൻ ഹാരിസിന് മൂന്നു വയസാകുമ്പോഴേക്ക് ഉമ്മയ്ക്ക് 45 വയസായിട്ടുണ്ടാവും.

ഉമ്മ ശരിക്കും കഷ്ടപ്പെടാൻ തുടങ്ങിയത് കോയിപ്പാവാന്റെ സഹായം കുറഞ്ഞു വന്നപ്പോഴാണ്. പൊതുവെ കേയിമാരോട് വലിയ മതിപ്പില്ലാത്ത ഉപ്പാവയോട് സാമ്പത്തിക ബുദ്ധിമുട്ടിന്റെ ഉള്ളുകളികളൊന്നും പറയാൻ പറ്റിയില്ല. ഉപ്പാവാന്റെ ചെറിയ ശമ്പളത്തിൽ നിന്നു കിട്ടുന്നതു കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പറ്റാത്ത ഒരവസ്ഥ

ഞങ്ങളുടെ കുട്ടിക്കാലം ഉമ്മ കൈകാര്യം ചെയ്ത രീതി ഓർക്കുമ്പോൾ എകർച്ച വരുന്നു.  എല്ലാവർക്കും വേണ്ട വെള്ളം 200 മീറ്റർ ദൂരെ വളരെ താഴ്ചയുള്ള കിണറ്റിൽ നിന്ന് കൊണ്ടുവരണം. ആഴക്കൂടുതൽ കൊണ്ട് തൊട്ടി ആടിയാടി മുകളിലെത്തുമ്പോൾ അര ബക്കറ്റേ കാണൂ. ഈ കിണറ്റിലെ വെള്ളമാശ്രയിച്ചാണ് വെപ്പും കുട്ടിയും കുളിയും നനയുമെല്ലാം. ഞാനായിരുന്നെങ്കിൽ ആ വെള്ളം മുക്കി കൊണ്ടുവരാൻ തന്നെ ഒരു ദിവസം തികയില്ല. മല്ലിയും മഞ്ഞളും മുളകും തേങ്ങയുമൊക്കെ അരയ്ക്കുക തന്നെ വേണം. പൊടിപ്പിക്കാനുള്ള പണമോ ഉണക്കാനിട്ടാൽ നോക്കിയിരിക്കാൻ സമയമോ കുറവ്.

വല്ലാത്തൊരു കൈക്കടുപ്പമായിരുന്നു ഉമ്മാക്ക്. ഉച്ചക്ക് പന്ത്രണ്ടര ആവുമ്പോഴേക്ക് സ്ക്കൂളിൽ പോവുന്ന കുട്ടികൾ സ്ക്കൂൾ വിട്ടുവരും. ആപ്പീസിൽ നിന്ന് ഉപ്പാവയുമെത്തും. ഈ കുട്ടികളെയൊക്കെ വച്ച് ഉമ്മ എങ്ങനെ റെഡിയാക്കിയിരുന്നു എന്ന് ഇപ്പോഴും അത്ഭുതം വിട്ടു മാറുന്നില്ല. വില്ലൻ ചുമ, അഞ്ചാം പനി, പൊങ്ങൻപനി തുടങ്ങിയ അസുഖങ്ങളെല്ലാം കൃത്യമായി കുട്ടികൾക്കൊക്കെ വന്നുപെട്ടിട്ടുണ്ട്. ആറു പേർക്ക് വരെ ഒരേ സമയത്ത് രോഗമുണ്ടായിരുന്നത് എനിക്ക് ഓർമയുണ്ട്. ആ സമയങ്ങളിലൊക്കെ പഥ്യം തെറ്റാതെ എല്ലാവർക്കും ഉമ്മ ഭക്ഷണവും മരുന്നും തന്നു. ഒരാളെ നിർത്താൻ സാമ്പത്തികമായി പ്രയാസം. പക്ഷെ മക്കളുടെ ആരോഗ്യകാര്യത്തിലൊന്നും ഒരു വീട്ടുവീഴ്ചക്കും ഉമ്മ തയ്യാറായില്ല.

കുട്ടികൾക്ക് പാല് തരാൻ വേണ്ടി ആടിനെ പോറ്റും. യുദ്ധകാലത്ത് കുറച്ചരിയിട്ട് ഉപ്പാവക്ക് മാത്രം ചോറു വെച്ചു കൊടുക്കും. കുട്ടികൾക്ക് ഗോതമ്പം കഞ്ഞി വെച്ചു തരും. റാഗി അരച്ച്, മത്തി തുടങ്ങിയ വില കുറഞ്ഞ മീൻ ധാരാളം വാങ്ങി നെല്ലിക്കയും കുരുമുളകും അരച്ച് വെച്ചുതരും. ചക്കയരിഞ്ഞ് പുഴുക്കു വച്ചു തരും.

സാമ്പത്തികമായി കഷ്ടപ്പെടുമ്പോഴും തടി കൊണ്ടധ്വാനിച്ച് പോഷക സമൃദ്ധമായ എന്തെങ്കിലും മക്കൾക്ക് കൊടുക്കാൻ ഉമ്മ അതീവ ശ്രദ്ധ കാണിച്ചു.

കുട്ടികളൊക്കെ കഴിച്ചു കഴിഞ്ഞാൽ കലത്തിലൊന്നും കാണില്ല. “ഞാനാദ്യമേ കഴിച്ചു” എന്നാണതിന് ഉമ്മയുടെ ഭാഷ്യം. ഞാനതൊന്നും ഇന്നും വിശ്വസിക്കുന്നില്ല. അതുപോലെയാണ്
വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും. വികൃതി കാണിച്ചും പ്രശ്‌നമുണ്ടാക്കിയും തലവേദനയായി മാറിയ ഇക്കാക്ക അബ്ദുള്‍ കാദറിനെ അടുത്തുള്ള സ്‌കൂളില്‍ ചേര്‍ത്താല്‍ മതി എന്ന് ഉപ്പാവ പറഞ്ഞപ്പോള്‍ ‘കാദറ്, പാതിരിയുടെ സ്‌കൂളില്‍ പഠിച്ചാല്‍ മതി’യെന്ന് (തലശ്ശേരിയിലെ സെന്റ് ജോസഫ് സ്‌കൂള്‍) ഉമ്മ ഉറപ്പിച്ചു പറഞ്ഞതു ഞാനോര്‍ക്കുന്നു. എത്ര പൈസ ഇല്ലെങ്കിലും സ്‌കൂളാവശ്യത്തിന് ഉമ്മ എങ്ങിനെയെങ്കിലും പൈസ സംഘടിപ്പിച്ചു തരും. ഇതു മുതലെടുത്ത് ഇക്കാക്ക ടൈംടേബിളിനു വരെ ഉമ്മയില്‍ നിന്ന് പൈസ വാങ്ങിയിട്ടുണ്ട്. പെണ്‍മക്കളെ മൂന്നു പേരേയും അവര്‍ക്ക് താത്പര്യമുള്ളത്ര ഉമ്മ പഠിപ്പിച്ചിട്ടുണ്ട്. 1976ല്‍ എനിക്ക് പത്താംക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി കിട്ടിയപ്പോള്‍ അത് ഒരര്‍ത്ഥത്തില്‍ ഉമ്മയുടെ ആ ശ്രദ്ധയുടെ കൂടി വിജയമാണ്. (ഞങ്ങള്‍ പെണ്‍കുട്ടികള്‍ പഠിച്ചു സര്‍ക്കാര്‍ ജോലി വാങ്ങുക ഉമ്മയെക്കാള്‍ ഉപ്പാവയുടെ താത്പര്യമായിരുന്നു. ആണ്‍കുട്ടികളോട് ഉമ്മാക്ക് നല്ല പക്ഷപാതമാണ്. അവരങ്ങനെ ഉമ്മയെ നോക്കിയിട്ടും ഉണ്ട്. ഉമ്മയുടെ അനിയത്തി അയിച്ചിത്താത്തക്ക് എന്നോട് വലിയ ഇഷ്ടമായിരുന്നതുകൊണ്ടാവാം ഉമ്മാക്ക് എന്നെ വലിയ പിടിയില്ല).

മധ്യവയസ്സുവരെ ഉമ്മ നന്നായി ദേഷ്യപ്പെട്ടിരുന്നു. കഷ്ടപ്പാടിന്റെയും കഠിനാധ്വാനത്തിന്റെയും പാരുഷ്യം ഉമ്മാന്റെ നാണം കെടുത്തലിലുണ്ടാകും. ദുനിയാവിന്റെ പുറത്ത് ആകെ പേടിയുള്ളത് എന്റെ അനിയന്‍ അശ്‌റഫിനെയാണ്.

ഒരു നോമ്പിന് മകളുടെ കല്ല്യാണം നടത്താനുള്ള കഷ്ടപ്പാട് പറഞ്ഞ് കരഞ്ഞ് സഹായം ചോദിച്ചിറങ്ങിയ ഒരു സ്ത്രീയെ ആരോ തിരിച്ചറിഞ്ഞു: ഇവര്‍ കഴിഞ്ഞവര്‍ഷവും ഇതേകാര്യം പറഞ്ഞ് ഇവിടെ വന്നിട്ടുണ്ട്. അവരുടെ കള്ളത്തരം പിടിച്ചതിന്റെ കഥയൊക്കെ ഉമ്മാന്റെ അടുത്തെത്തിയപ്പോള്‍ മൂപ്പരുടെ ചുണ്ടുണങ്ങി: ‘അള്ളാ, എന്റുമ്മാ… കഴിഞ്ഞനോമ്പിന് ഒാളുടെ കഷ്ടപ്പാട് കേട്ട് ഞാനെന്റെ ഒരലിക്കത്ത് (കാതിലെ ചുറ്റുപണ്ടം) അഴിച്ച് കൊടുത്തിന് ആ ബലാലിന്’. ഇതാണ് സ്വഭാവം. ചെലപ്പോള്‍ ഏതറ്റം വരെയും സഹായിക്കും.

ഇതിന്റെയൊക്കെ ഇടയില്‍ ചില തമാശ കണ്ടാലോ കേട്ടാലോ കണ്ണില്‍ തെളിച്ചമുള്ള കുസൃതിയോടെ ചിരിക്കുകയും ചെയ്യും, ഉമ്മ. ആ ചിരിക്കുള്ള ചാന്‍സ് ഉമ്മ ഒഴിവാക്കാറില്ല. ഉള്ള രണ്ടാംക്ലാസ് പഠിപ്പുകൊണ്ട് മാതൃഭൂമി പത്രത്തിലെ എഡിറ്റ് പേജിലെ മഹദ്വജനം ഉമ്മ എപ്പോഴും വായിച്ചു. ആരോഗ്യം സമ്മതിച്ചിടത്തോളം മക്കള്‍ക്കും പേരമക്കള്‍ക്കുമൊപ്പം ഫുട്‌ബോള്‍ കളി കാണാനും ഉണര്‍ന്നിരുന്നു

മക്കളില്‍ ചിലര്‍ക്ക് ഉമ്മയുടെ ഗുണങ്ങള്‍ പകുത്തു കിട്ടിയതാണെന്ന് എനിക്ക് തോന്നാറുണ്ട്; മുഖസൗന്ദര്യം കിട്ടിയത് ഇത്താത്ത ആയിഷക്കാണ്; കൈപ്പുണ്യം ഇത്താത്ത റുഖിയയ്ക്കും. 48-ആം വയസില്‍ മരിച്ചുപോയ അനിയന്‍ ഹാഷിമിന്റെ നന്മയിലും അബ്ദുള്ളയുടെ മുഖച്ഛായയിലും അശ്‌റഫിന്റെ ഒരുക്കത്തിലും ഹാരിസിന്റെ നര്‍മ്മബോധത്തിലും ഉമ്മായെ തോന്നിയിട്ടുണ്ട്.

ഉമ്മ സ്വന്തം കോലവും ഗുണവുമൊന്നും തന്നില്ലെങ്കിലും ഉമ്മയിലൂടെയാണ് ജീവിതം പഠിച്ചത്. നീക്കുപോക്കില്ലാത്ത ഉത്തരവാദിത്വബോധം, അനുകരണീയമായ സ്വാശ്രയബോധം, അനാവശ്യകാര്യങ്ങളില്‍ ഇടപെടാതിരിക്കാനുള്ള വകതിരിവും സൂക്ഷ്മതയും എല്ലാം ഉമ്മയില്‍ കണ്ട് പഠിക്കാന്‍ നോക്കിയതാണ്. പില്‍ക്കാലത്ത് മക്കള്‍ ഗള്‍ഫില്‍ പോയി സാധനങ്ങളൊക്കെ നിര്‍ലോഭം കിട്ടിയപ്പോഴും ഉമ്മ ധാരാളിത്തം ശീലിച്ചിട്ടില്ല. മോട്ടറടിച്ച് ഉപയോഗിക്കാനുള്ള സൗകര്യം വന്നപ്പോഴും വെള്ളത്തിന് വല്ലാത്ത കരുതലായിരുന്നു, ഉമ്മയ്ക്ക്. മക്കളെ സ്വയം പര്യാപ്തരായി എങ്ങനെ വളര്‍ത്തണമെന്നും അവരുടെ ആരോഗ്യവും ഭക്ഷണശീലവും എങ്ങനെ ശ്രദ്ധിക്കണമെന്നും കുട്ടികളെ പഠിപ്പിച്ചത് തന്നെ വലിയ നേട്ടമാണ്.

യൗവനം മുഴുവനും ഒരു കരിന്തിരിപോലെ കത്തിച്ചു കളഞ്ഞ ഉമ്മാക്ക് ജീവനും ബോധവുമുണ്ടായിരുന്നപ്പോള്‍ ഇതൊന്നും പറഞ്ഞറിയിക്കാന്‍ പറ്റാത്തത് എന്റെ അനാസ്ഥ…

 

വി.പി ഖദീജ

വി.പി ഖദീജ

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് വിരമിച്ചു. ഭര്‍ത്താവ് എം.എന്‍ കാരശ്ശേരി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍